തമ്പൊഴിഞ്ഞ താരം

‘ദ ഗ്രേറ്റ്‌ ഇന്ത്യൻ സർക്കസ്‌ മാൻ’ ജെമിനി ശങ്കരനെക്കുറിച്ച്​ ഓർമക്കുറിപ്പ്​. ഏപ്രിൽ 24ന്​ അദ്ദേഹം അന്തരിച്ചു.

ലശ്ശേരിയിലെ പ്രസിദ്ധമായ ഒ.വി റോഡിലായിരുന്നു ആ അനാദിക്കട.

നിറമുള്ള ജീവിതസ്വപ്‌നങ്ങളായിരുന്നു ചെറുപ്പക്കാരനായ കടയുടമയുടെ മൂലധനം. പട്ടിണി കൊടുമ്പിരികൊണ്ട അക്കാലത്ത്‌ കച്ചവടം പൊളിഞ്ഞപ്പോൾ അയാൾ കേട്ടത്‌ സൈന്യത്തിന്റെ വിളി. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലം. സർക്കസിന്റെ കുലഗുരു തലശ്ശേരിയിലെ കീനേരി കുഞ്ഞിക്കണ്ണന്റെ കളരിയിൽനിന്ന്‌ അടവുമുറകൾ പഠിച്ചിറങ്ങിയ ആ അഭ്യാസിയെ പട്ടാളജീവിതം മോഹിപ്പിച്ചു. പീടിക താഴിട്ടിറങ്ങിയ ആ യാത്ര അവസാനിച്ചത്‌ പട്ടാളക്യാമ്പിൽ. അലഹബാദിലെ പരിശീലനത്തിനുശേഷം മദ്രാസിൽ നിയമനം. വയർലെസ്‌ ഒബ്​സർവർ കോറിൽ ഓപ്പറേറ്ററാണ്‌ തസ്‌തിക. 55 രൂപ മാസ ശമ്പളം. വിമാനങ്ങൾ വരുന്നത്‌ സൈനികനേതൃത്വത്തെ അറിയിക്കുകയെന്ന കണ്ണുതെറ്റാത്ത ഉത്തരവാദിത്വം. യുദ്ധകാലം കഴിഞ്ഞപ്പോൾ തലശ്ശേരിയിലേക്ക്‌ മടങ്ങിയ ആ ചെറുപ്പക്കാരനെ ചോരയിലോടുന്ന സർക്കസ്‌ കമ്പം കൽക്കത്താ മഹാനഗരത്തിലേക്കാണ്‌ വീണ്ടും വിളിച്ചുകൊണ്ടുപോയത്‌.

വിഭജനത്തിലേക്ക്‌ സഞ്ചരിച്ചിരുന്ന രാജ്യത്തെ ചകിതമായ ജനത കേവലാഹ്ലാദങ്ങൾക്കായി അഭയം തേടിയിരുന്ന തമ്പിലെ ട്രപ്പീസ്‌ ബാറിൽ നിന്ന്‌ആ ചെറുപ്പക്കാരൻ പറന്ന്‌ കയറിയത്‌ ഇന്ത്യൻ സർക്കസിന്റെ നിറുകയിലേക്ക്‌.

ജെമിനി ശങ്കരൻ

കണ്ണൂരിലെ ജെമിനി ശങ്കരന്‌ ഇന്ത്യൻ സർക്കസ്‌ പാരമ്പര്യത്തിന്റെ ചരിത്രപുരുഷനാകാനുള്ള നിയോഗമാണ്‌ കാലം ഒരുക്കിക്കൊടുത്തത്‌. ലോക്‌ ഡൗൺ കാലത്തും 96 പിന്നിട്ട അദ്ദേഹം പുലർകാലത്തുണർന്ന്‌ തമ്പ്‌ പഠിപ്പിച്ച ഫിറ്റ്‌നസ്‌ പാഠങ്ങൾ ആവർത്തിച്ച്‌ തളരാത്ത യൗവ്വനം കാത്തുസൂക്ഷിച്ചിരുന്നു. സാഹസികമായ ചെറുപ്പവും അത്ഭുതങ്ങളുടെ മിന്നൽപ്പിണർ സൃഷ്ടിച്ച ആവേശവും മനസിൽ സൂക്ഷിച്ചിരുന്ന ജെമിനി ശങ്കരന്റെ ജീവിതം ഇന്ത്യൻ സർക്കസിന്റെ ചരിത്രപുസ്‌തകം കൂടിയാണ്‌. അതിന്റെ ഓരോ അധ്യായങ്ങളിലും തുടിച്ചുനിൽക്കുന്നുണ്ട്‌ തമ്പുകളിലെ ജീവിതം. മൃഗങ്ങളും മനുഷ്യരും ഐക്യത്തോടെ പുലർന്ന നഗരവനങ്ങളിലെ വിസ്‌മയകാലം.

കർമമേഖലയോടുള്ള ആത്മാർപ്പണവും കഠിനാധ്വാശേഷിയും കൊണ്ട്‌ ഇന്ത്യൻ സർക്കസിന്റെ തലവര മാറ്റിയെഴുതിയ കാരണവരുമായി സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്​, വെളിച്ചമണയാത്ത ഓർമകളുടെ കൂടാരത്തിലിരുന്ന്‌. ചന്ദ്രനിൽ ആദ്യം കാൽകുത്തിയ നീൽ ആംസ്‌ട്രോങ് മുതൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ വരെ അതിശയപ്പെടുത്തിയ മാന്ത്രികതുല്യമായ പ്രകടനങ്ങളുടെ രാജകീയസ്‌മൃതികൾ. അടുത്തിടെ വിടപറഞ്ഞ ഋഷികപൂറും നർഗീസ്‌ ദത്തും ഉൾപ്പടെയുള്ള ബോളിവുഡ്‌ നക്ഷത്രങ്ങളും മാർട്ടിൻ ലൂഥർകിങ്ങിനെപ്പൊലുള്ള മനുഷ്യവംശ പോരാളിയും വരെ കരഘോഷം മുഴക്കിയിട്ടുണ്ട്‌ ഈ സർക്കസ്‌ മാന്ത്രികന്റെ മുമ്പിൽ. പട്ടാളത്തിൽ ചേർന്നത്‌ 18-ാം വയസിൽ. സർക്കസ്‌ ഉടമയായത്‌ 27-ാം വയസിൽ. 96-ാം വയസിലും മനസ്‌ നിറയെ സർക്കസ്‌ റിങ്ങിന്റെ ആരവം.

അൽപ്പനേരം കാതോർക്കാം. ആനകളുടെ ചിന്നംവിളിയും സിംഹങ്ങളുടെ ഗർജനവും ആരവങ്ങളുടെ പെരുമഴയും മുഴങ്ങുന്ന തമ്പുകളുടെ പ്രതാപഘട്ടം കേൾക്കാം.

തലശ്ശേരി അന്ന്‌ ഇന്ത്യൻ സർക്കസിന്റെ കളിത്തൊട്ടിലായിരുന്നു. കീലേരി കുഞ്ഞിക്കണ്ണൻ എന്ന സർക്കസ്‌ സാർവഭൗമനാണ്‌ ഈ പെരുമയുടെ നേരവകാശി. തലശ്ശേരി കാവുംഭാഗത്തെ കാവുംഭാഗം നാരായണൻ നായരുടെയും കല്യാണിയമ്മയുടെയും അഞ്ചാമത്തെ മകൻ മൂർക്കോത്ത്‌ വേങ്ങക്കണ്ടി ശങ്കരൻ സർക്കസ്‌ ചുവടുകൾ ആദ്യം പഠിച്ചത്‌ കീലേരി കുഞ്ഞിക്കണ്ണന്റെ കളിമുറ്റത്താണ്‌. ഇന്ത്യൻ സർക്കസിന്റെ എക്കാലത്തെയും പ്രതിഭയായ വിഷ്‌ണുപാന്ത്‌ ചാത്രേയിൽനിന്നാണ്‌ കീലേരി സർക്കസ്‌ വിദ്യ പഠിച്ചത്‌. തലശ്ശേരി ബാസൽ മിഷൻ സ്‌കൂളിലെ ജിംനാസ്‌റ്റിക്‌സ്‌ അധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. ഏഴാംതരം പാസായ ശേഷമാണ്‌ ശങ്കരൻ ചിറക്കരയിലെ സർക്കസ്‌ പാഠശാലയിലെത്തുന്നത്‌. അന്ന്‌ സർക്കസ്‌ കലാകാരർക്ക്‌ സമൂഹം വില കൽപ്പിച്ചിരുന്നു. പല കുടുംബങ്ങളിലെയും വരുമാനം തമ്പുകളിൽനിന്നാണ്‌ ഒഴുകിയെത്തിയിരുന്നത്‌. വിദേശരാജ്യങ്ങളിലേക്കുള്ള സഞ്ചാരവും പ്രസിദ്ധിയും പെൺകുട്ടികളെ വരെ അക്കാലത്ത്‌ സർക്കസിലേക്ക്‌ ആകർഷിച്ചിരുന്നു. 1939-ൽ ഗുരു മരിച്ചതോടെ ശങ്കരൻ അദ്ദേഹത്തിന്റെ ശിഷ്യനായ എം.കെ. രാമൻ ടീച്ചറുടെ കളരിയിലേക്ക്‌ മാറി. അവിടെനിന്നാണ്‌ സർക്കസിലെ അന്നത്തെ ഏറ്റവും വലിയ ആകർഷണമായ ഫ്ലയിങ് ട്രിപ്പീസിൽ ശങ്കരൻ അഭ്യാസബലമുറപ്പിക്കുന്നത്‌. സർക്കസ്‌ പഠിച്ചെങ്കിലും അത്‌ തൊഴിലായി തുടരണോ എന്ന ആശങ്കയും മനസിലുണ്ടായിരുന്നു. ചിന്തക്കൊടുവിൽ പലചരക്കുകട. അവിടെനിന്നുള്ള ശങ്കരന്റെ പുറപ്പാടാണ്‌ പകരം വെക്കാനില്ലാത്ത ഉയരങ്ങളിലേക്ക്‌ ആ അഭ്യാസിയെ എത്തിക്കുന്നത്‌. 1946ലാണ്‌ പട്ടാളത്തിൽനിന്ന്‌ മടങ്ങുന്നത്‌. നാട്ടിൽ ചില്ലറ രാഷ്ട്രീയം പ്രവർത്തനങ്ങളും മറ്റും മടങ്ങിവന്ന ശേഷം ആരംഭിച്ചിരുന്നു. അത്‌ വിട്ടാണ്‌ കൊൽക്കൊത്തക്ക്‌ വണ്ടി കയറിയത്‌.

ജെമിനി ശങ്കരനും ഭാര്യ ശോഭനയും

കൊൽക്കൊത്തയിലെ ബൊസ്‌ ലയൺ എന്ന പ്രസിദ്ധമായ കമ്പനി തലശ്ശേരിയിലെ കീലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യനായി വാതിൽ തുറന്നു. മോഹിപ്പിക്കുന്ന ശമ്പളമായിരുന്നു, മാസം 300 ‌രൂപ. അന്നത്തെ കണക്കിൽ അത്‌ വലിയൊരു തുകയാണ്. ട്രപ്പീസിൽ മുടിചൂടാമന്നനായിരുന്നു ശങ്കരൻ. ഹൊറിസോണ്ടൽ ബാറിലും. അതുല്യപ്രകടനം ശങ്കരനെ എത്തിച്ചത്‌ റെയ്‌മണ്ട്‌ ഗോപാലന്റെ നാഷണൽ സർക്കസിൽ. ഇന്ത്യൻ സർക്കസ്‌ അന്ന്‌ തലശ്ശേരിക്കാരുടെ ഉടമസ്ഥതയിലായിരുന്നു. വിദേശ രാജ്യങ്ങളിലെ താരങ്ങൾ പോലും അവർ റിങ്ങിലെത്തിച്ചിരുന്നു. മലയാളികളും ഇക്കൂട്ടത്തിലെ സുപ്രധാന താരങ്ങളായിരുന്നു. പലരും കീലേരിയുടെ ശിഷ്യർ. തമ്പിലെ മിന്നും താരമായി തിളങ്ങിനിൽക്കെ ഒവി റോഡിൽ അനാദിക്കട തുറന്ന സംരംഭകന്റെ സാഹസികത ശങ്കരന്റെ മനസിൽ ഊഞ്ഞാലാടിക്കൊണ്ടിരുന്നു. എന്നെങ്കിലും ഒരു സർക്കസ്‌ കമ്പനി ഉടമയാകണമെന്ന സ്വപ്‌നം എല്ലാ രാത്രികളിലെയും ചേതോഹരമാക്കാൻ തുടങ്ങി.

സ്വാതന്ത്ര്യലബ്‌ധിയുടെ ഘട്ടം ഇന്ത്യൻ സർക്കസിന്റെ വസന്തകാലമായിരുന്നു. പുതിയ ഒരു സ്വപ്‌നത്തിലേക്ക്‌ ഉണർന്ന ജനത കലാപ്രകടനങ്ങളുടെ ആനന്ദങ്ങളിലേക്ക്‌ സഞ്ചരിച്ചു. ബംഗാളിനുപുറമെ മഹാരാഷ്ട്ര, തമിഴ്‌നാട്‌ എന്നിവിടങ്ങളിലും സർക്കസ് കമ്പനികളുണ്ടായിരുന്നു. ജൂബിലി, ഈസ്‌റ്റേൺ, വൈറ്റ്‌ വേ, താരാഭായ്‌, വിജയ, റെയ്‌മണ്ട്‌ തുടങ്ങിയവ പ്രസിദ്ധമായ സർക്കസ്‌ സമ്പനികളായിരുന്നു. റെയ്‌മണ്ട്‌ ഗോപാലന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഒരു സർക്കസ് കമ്പനിയിൽ തൊഴിൽ പ്രശ്‌നമുണ്ടായത്‌ ശങ്കരനെ സംബന്ധിച്ച്​ വഴിത്തിരിവായി. ഇത്‌ പരിഹരിക്കാനുള്ള ചുമതല അദ്ദേഹം ശങ്കരനെ ഏൽപ്പിച്ചു. പകരം സുഹൃത്തായ ടി.കെ. കുഞ്ഞിക്കണ്ണന് റെയ്‌മണ്ടിൽ ജോലി നൽകണമെന്ന ആവശ്യം ഗോപാലൻ സമ്മതിക്കുകയും ചെയ്‌തു. ശങ്കരൻ ആന്ധ്രാപ്രദേശിലെ കടപ്പയിൽ പോയി പ്രശ്‌നം പരിഹരിച്ചുമടങ്ങി. ഗോപാലൻ വാക്കു മാറിയത്‌ വിഷമമുണ്ടാക്കിയതോടെ ശങ്കരൻ റെയ്‌മണ്ടിന്റെ തമ്പിനോട്‌ വിടപറഞ്ഞു. തുടർന്ന്‌ ശങ്കരൻ എത്തിയത്‌ ബോംബെ സർക്കസിൽ.

ഇന്നസെൻറ്​, മോഹൻലാൽ എന്നിവർക്കൊപ്പം ജെമിനി ശങ്കരൻ

മഹാരാഷ്ട്രയിൽ കളിച്ചിരുന്ന വിജയ സർക്കസിൽ സൈക്കിൾ അഭ്യാസിയായി ചേർന്ന കുഞ്ഞിക്കണ്ണൻ പറഞ്ഞ ഒരു കാര്യം ശങ്കരന്റെ സ്വപ്‌നങ്ങളിലേക്കുള്ള വാതിലായി. സാമ്പത്തിക നഷ്ടത്തെ തുടർന്ന്‌ വിജയ സർക്കസ്‌ വിൽക്കുന്നു എന്നതായിരുന്നു ആ വിവരം. 27-ാം വയസിൽ സർക്കസ്‌ ഉടമ എന്ന ചുമതലയിലേക്കും സ്വന്തം നാമധേയത്തിന്‌ അലങ്കാരമായ ജെമിനി എന്ന ജന്മനക്ഷത്തിളക്കത്തിലേക്കും ശങ്കരനെന്ന അഭ്യാസി കൂടുമാറുന്നതിന്‌ നിമിത്തമായിരുന്നു അത്. 6000 രൂപയ്‌ക്കാണ്‌ വിജയ വാങ്ങിയത്‌. ഒരു ടെന്റ്, ഒരു ആന, രണ്ടു കുതിര, രണ്ടു സിംഹം, മൂന്നു കുരങ്ങുകൾ വിജയയുടെ സ്വത്ത്‌. മഹാരാഷ്ട്രക്കാരായ കുറച്ച്‌ കലാകാരൻമാർ. 3000 രൂപ മുൻകൂർ നൽകി. കുഞ്ഞിക്കണ്ണനെയും കമ്പനിയിലേക്ക്‌ കൂട്ടിയിരുന്നു. ഗുജറാത്തിലെ ബിലിമോറയിലെ പ്രദർശനത്തിൽ വിജയയെന്ന പേര്‌ മാറി ജെമിനിയുടെ നാമാക്ഷരങ്ങൾ കവാടത്തിലുയർന്നു. 1951-ലെ സ്വാതന്ത്ര്യദിനത്തിലാണ്‌ ആ ചരിത്രപ്പിറവി.

സർക്കസിൽ അടിമുടി മാറ്റം കൊണ്ടുവരാൻ നിശ്‌ചയിച്ച ദിവസങ്ങളായിരുന്നു പിന്നീട്‌‌. ഗറില്ല, ചിമ്പാൻസി, സീബ്ര, ഹിപ്പൊപൊട്ടാമസ് എന്നീ മൃഗങ്ങളും ക്യാമ്പിലെത്തി. ഇനങ്ങൾ പരിഷ്‌കരിച്ചു. പുതിയവ ഉൾപ്പെടുത്തി. ക്രോസ് ട്രിപ്പീസ്, റോപ് ഡാൻസ്, ജീപ്പ് ജംബ്, കമ്പിക്ക് മുകളിലൂടെയുളള നടത്തം. ജെമിനി സഞ്ചരിച്ചത്‌ പുതിയ അത്ഭുതങ്ങളിലേക്ക്‌. കുറഞ്ഞ വർഷങ്ങൾ കൊണ്ട്‌ ജെമിനി ഇന്ത്യൻ സർക്കസിലെ നക്ഷത്രത്തിളക്കമുള്ള പേരാകുന്നതിന്‌ കാലം സാക്ഷ്യം വഹിച്ചു.

ജെറ്റ്​ വിമാനങ്ങൾ ആകാശവിസ്‌മയമായ കാലത്ത്‌ ജംബോ എന്ന പേരിൽ പുതിയ കമ്പനി തുടങ്ങിയതും പുതുമയുടെ പരീക്ഷണം. ജംബോ പിന്നീട്‌ രണ്ട്‌ കമ്പനികളാക്കി വിഭജിച്ചു. അപ്പോളോ എന്ന കമ്പനി സ്വന്തമാക്കിയെങ്കിലും ജെമിനിയിൽ പാർട്‌ണറായിരുന്ന കണ്ണൂർക്കാരൻ സഹദേവൻ എന്ന സൈക്ലിസ്‌റ്റിന്‌ അത്‌ വിട്ടുകൊടുത്തു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ആത്മവിശ്വാസത്തിന്റെ അകമ്പടി സംഗീതവുമായി ജെമിനിയുടെ ജൈത്രയാത്ര തുടരുകയായിരുന്നു പിന്നീട്‌. പരിഷ്‌കരണങ്ങൾക്കായി ദാഹിക്കുന്ന ശങ്കരന്റെ ഉള്ളിലെ കലാകാരനാണ്‌ മാറ്റങ്ങളുടെ മാസ്‌മരപ്രകടനത്തിലൂടെ ജെമിനിയുടെ അമരം കാത്ത അതിസാഹസികൻ.

ഇന്ത്യൻ രാഷ്ട്രീയത്തിലെയും ചലച്ചിത്രത്തിലെയും അതികായന്മാർ ജെമിനിയുടെ പ്രയാണവും ശങ്കരന്റെ ഉത്സാഹവും ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ ബംഗാളിൽ സർക്കസ്‌ തമ്പിന്‌ മൈതാനം വിട്ടുകിട്ടിയില്ല. ഇ.എം.എസിനെ വിവരം അറിയിച്ചപ്പോൾ അദ്ദേഹം മുഖ്യമന്ത്രി ജ്യോതിബസുവിന്‌ കത്തെഴുതി നൽകി. റൈറ്റേഴ്‌സ്‌ ബിൽഡിങ്ങിലെത്തി ബസുവിന്‌ കത്ത്‌ കൈമാറിയപ്പോൾ ഉടൻ അനുമതി. അങ്ങനെ രണ്ട്‌ പ്രമുഖ നേതാക്കളുടെ ഇടപെടലിൽ ബംഗാളിലെ കളി ഭംഗിയായത്‌ ജെമിനി ശങ്കരന്‌ ഇന്നും അഭിമാനസ്‌മരണ.

ജവഹർലാൽ നെഹ്​റുവിനോടൊപ്പം ജെമിനി ശങ്കരൻ

പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ തന്റെ കമ്പനിയുടെ സർക്കസ്‌ കാണിക്കണം; 1959-ൽ ജമിനി സർക്കസുമായി ഡൽഹിയിലെത്തിയപ്പോൾ ശങ്കരന്റെ മനസിലുദിച്ച ആഗ്രഹം. ഉദ്ഘാടന പ്രദർശനത്തിന് നെഹ്‌റുവിനെ വിളിക്കണമെന്ന മോഹം നടക്കില്ലെന്ന്‌ ഉറപ്പുള്ളതിനാൽ പലരും വിലക്കി. ആത്മവിശ്വാസത്തിന്റെ ആൾരൂപമായ ശങ്കരന്‌ അതൊന്നും തടസമായില്ല. പാർട്ണറായിരുന്ന സഹദേവനൊപ്പം ഔദ്യോഗിക വസതിയിലെത്തി നെഹ്‌റുവിനെ കണ്ട്‌ വിവരം ധരിപ്പിച്ചു. അതുവരെ സർക്കസ്‌ കണ്ടിട്ടില്ലാത്ത അദ്ദേഹം ക്ഷണം സ്വീകരിച്ചു. കൗതുകത്തോടെയും നെഞ്ചിടിപ്പോടെയുമാണ്‌ താൻ അഭ്യാസം കണ്ടതെന്ന്‌നെഹ്‌റു പിന്നീട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. നെഹ്‌റുവിന്റെ വാക്കുകൾ കേട്ട്‌ ലേഡി മൗണ്ട് ബാറ്റൺ പ്രഭുവും സർക്കസ്‌ കാണാനെത്തി. മാർട്ടിൻ ലൂഥർകിങ്, ഭാര്യ കൊറേറ്റ സ്‌കോട് കിങ്, ഇന്ദിരാഗാന്ധി, ഫിറോസ്‌ ഗാന്ധി, എ.കെ.ജി തുടങ്ങി പ്രേമുഖരുടെ വരവായി ജെമിനിയിലേക്ക്‌. അവരിൽ ലോകപ്രശ്‌തരുമുണ്ട്‌. ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻ, ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി വാലന്റീന തെരഷ്‌കോവ, നീൽ ആംസ്‌ട്രോംഗ്, റഷ്യൻപ്രസിഡന്റ് ക്രൂഷ്‌ചെവ്, ഇന്ത്യൻ പ്രസിഡന്റുമാരായിരുന്ന രാജേന്ദ്രപ്രസാദ്, എസ് രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ, പ്രധാനമന്ത്രിമാരായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി, മൊറാർജി ദേശായി, രാജീവ് ഗാന്ധി, പ്രതിരോധ മന്ത്രി വി. കെ. കൃഷ്ണമേനോൻ, ടിബറ്റിന്റെ ആത്മീയ നേതാവ്‌ ദലൈലാമ തുടങ്ങി ജെമിനിയുടെ തമ്പ്‌ വി.വി.ഐ.പികളുടെ വിസ്‌മയപ്രപഞ്ചമായി. മകൻ അജയ്‌ശങ്കരന്‌ ചുമതല കൈമാറി 1992-ൽ വിശ്രമജീവിതത്തിലേക്ക്‌ ജെമിനി ശങ്കരൻ പിൻമാറുമ്പോൾ ജെമിനി, ജംബോ റോയൽ എന്നിങ്ങനെ വിവിധ സർക്കസ്‌ കമ്പനികൾ നാലെണ്ണമുണ്ടായിരുന്നു.

ആളുകളും മൃഗങ്ങളുമായി ശങ്കരന്റെ കമ്പനികൾ ഉലകം ചുറ്റിയ കാലമുണ്ടായിരുന്നു. ആഫ്രിക്കയിൽ ഉൾപ്പടെ ആ യാത്ര തുടർന്നു. ജവഹർലാൽ നെഹ്‌റുവിന്റെ നിർദേശപ്രകാരം സോവിയറ്റ്‌ യൂണിയനിലും പര്യടനം നടത്തി. ഇറ്റലി, ചൈന, ബൽജിയം, ജപ്പാൻ, കുവൈറ്റ്‌ ... സർക്കസ്‌ കമ്പനിയുടെ പ്രയാണം രാജ്യാതിരുകൾ ഭേദിച്ച്‌ നീണ്ടു. നേപ്പാൾ, അസം, മണിപ്പൂർ, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങൾ ജെമിനിയിലുണ്ടായിരുന്നു. ജാതിയും മതവുമില്ലാത്ത വിവാഹങ്ങൾ അക്കാലത്ത്‌ തമ്പിലാണ്‌ കൂടുതലായി നടന്നിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തമ്പിലെ മൃഗങ്ങളെ കുഞ്ഞുങ്ങളെപ്പൊലെയാണ്‌ ശങ്കരൻ സ്‌നേഹിച്ചിരുന്നത്‌. മനേകാഗാന്ധി മൃഗങ്ങളെ പ്രദർശിപ്പിക്കുന്നത്‌ നിയമം മൂലം നിരോധിച്ചപ്പോൾ തമ്പിലെ മൃഗങ്ങളെ ഒഴിവാക്കേണ്ടി വന്നു. ഇതോടെ സർക്കസിന്റെ ആകർഷണങ്ങൾക്കും തിരശീല വീണു. കടുവയും ചീറ്റപ്പുലിയും ഉൾപ്പടെ ഇരപിടിച്ച്‌ ശീലമില്ലാത്ത സർക്കസ്‌ മൃഗങ്ങളെ കാട്ടിലും വിലകൊടുത്തു വാങ്ങിയ ഭൂമിയിലും ഭക്ഷണം നൽകി പാർപ്പിക്കാനും ഈ മൃഗസ്‌നേഹി തയ്യാറായി. ചില മൃഗങ്ങളെ സർക്കാർ ഏറ്റെടുത്തു. ചിലത്‌ ചത്തുപോയി. വേലികെട്ടിത്തിരിച്ച കാട്ടിൽ തന്റെ അരുമകളെ കാണാൻ ശങ്കരൻ എത്തുമ്പോൾ അവ പ്രത്യേക സ്വരം മുഴക്കിയാണ്‌ വരവേറ്റിരുന്നത്‌.

ഓർമകളിൽ തമ്പിന്റെ ആരവങ്ങൾ നിലയ്‌ക്കുന്നില്ലെങ്കിലും സാങ്കേതികവിദ്യയുടെ കാലം സർക്കസിനെ മാറ്റിനിർത്തുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ പരിശീലനത്തിന്‌ ഇക്കാലത്ത്‌ ലഭിക്കില്ല. ഇതിനെ കലയായോ തൊഴിലായോ ഏറ്റെടുക്കുകയും പുതുതലമുറയ്‌ക്ക്‌ സാധ്യമല്ല.

ഉറച്ച കമ്യൂണിസ്‌റ്റായ സഹോദരൻ മൂർക്കോത്ത്‌ കുഞ്ഞിരാമനാണ്‌ തന്നെ മാനവികതയുടെയും സമത്വത്തിന്റെയും മഹത്തായ പാഠങ്ങൾ അഭ്യസിപ്പിച്ചത്‌. വിവാഹത്തിന്‌ ആദ്യവസാനക്കാരനായി എ.കെ.ജി ഉണ്ടായിരുന്നു.

എ.കെ.ജിക്കൊപ്പം ജെമിനി ശങ്കരൻ

കേക്ക്‌, ക്രിക്കറ്റ്‌, സർക്കസ്‌ എന്നിങ്ങനെ മൂന്ന്‌ ‘സി’കളുടെ പേരിൽ പ്രസിദ്ധമായ തലശേരിയുടെ പെരുമ ഉയർത്തിയ ശങ്കരനെ തേടി വന്ന അംഗീകാരങ്ങളും ഏറെ. ചിറക്കുനിയിൽ സംസ്ഥാന സർക്കാർ സർക്കസ്‌ പ്രോത്സാഹനത്തിന്‌ അക്കാദമി ആരംഭിച്ചപ്പോൾ ജെമിനി ശങ്കനെ ആദരിച്ചിരുന്നു.

Comments