നാലു പതിറ്റാണ്ടുകൾക്കുമുമ്പ് ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള സൂസൻ സൊണ്ടാഗിന്റെ ‘ഓൺ ഫോട്ടോഗ്രഫി’ എന്ന പുസ്തകം വായിക്കാനിടയായശേഷം, സിനിമയെപ്പോലെതന്നെ ഗൗരവപൂർവ്വം പിന്തുടരേണ്ട മാദ്ധ്യമമാണ് സ്റ്റിൽ ഫോട്ടോഗ്രഫിയും എന്ന തിരിച്ചറിവുണ്ടായ കാലത്താണ്, തികച്ചും യാദൃച്ഛികമായി ഞാൻ രഘു റായിയെ കണ്ടെത്തുന്നത്. ഭാവിയുള്ള ഒരു അമച്വർ ഫോട്ടോഗ്രാഫറായി എന്നെ തെറ്റിദ്ധരിച്ച പ്രിയപ്പെട്ട മുൻ അദ്ധ്യാപകനിൽനിന്ന് ഉപഹാരമായി ലഭിച്ച ദൽഹിയെക്കുറിച്ചുള്ള ഒരു സചിത്ര പുസ്തകത്തിന്റെ രൂപത്തിൽ രഘു റായ് എന്നെത്തേടിവരികയായിരുന്നു എന്നാണ് ശരിക്കും പറയേണ്ടത്.
ഇന്ത്യയിലെ മുഖ്യധാരാ മാഗസിൻ ജേണലിസത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ഇലസ്ട്രേറ്റഡ് വീക്കിലിയെപ്പോലും പിന്നിലാക്കി, റിപ്പോർട്ടിങ്ങ് രീതിയിലും വിഷയവൈവിദ്ധ്യത്തിലും രൂപസംവിധാനത്തിലും മുദ്രണത്തിലും പുതിയ കാലത്തിന്റെ ഭാവുകത്വം പ്രതിഫലിപ്പിച്ച സൺഡേ വാരികയിലൂടെയും പിന്നീടുവന്ന ഇന്ത്യ ടുഡേയിലൂടെയും, ഫോട്ടോഗ്രാഫറും ഫോട്ടോ എഡിറ്ററുമെന്ന നിലയിൽ അതുവരെ പരിചയിച്ച രഘു റായിയെയായിരുന്നില്ല, ഖുഷ് വന്ത് സിങ്ങിന്റെയും രഘു റായിയുടെയും സംയുക്ത രചനയായി പ്രസിദ്ധീകരിക്കപ്പെട്ട ‘Delhi: A Portrait’ (OUP,1983) എന്ന ആ പുസ്തകത്തിലെ ഫോട്ടോഗ്രാഫുകളിൽ ഞാൻ കണ്ടത്.

അതിനുമുമ്പ്, രഘു റായിയടേതായി പുറത്തുവന്ന, ‘ഇന്ദിരാഗാന്ധിയുടെ ജീവിതത്തിൽനിന്നുള്ള ഒരു ദിവസം’ എന്ന് ശീർഷകമുള്ള പുസ്തകം വർഷങ്ങൾക്കുശേഷമാണ് കാണുന്നത്. മനുഷ്യവ്യക്തികളെ ചിത്രീകരിക്കുമ്പോഴും ദൽഹിയുടെ ദൃശ്യാഖ്യാനത്തിലെന്നപോലെ ബാഹ്യപ്രകൃതിയെയല്ല; ആന്തരികപ്രകൃതിയെയാണ് രഘു റായ് പ്രത്യക്ഷപ്പെടുത്തിയത്. ഇന്ദിര, ദലൈ ലാമ, മദർ തെരേസ, സത്യജിത് റായ് തുടങ്ങി രഘുറായ് ചിത്രീകരിച്ച വിവിധ തരക്കാരായ പ്രമുഖ വ്യക്തിയുടെ സ്വകാര്യനിമിഷങ്ങൾ വെറും പോർട്രേറ്റുകളല്ല, വ്യക്തിത്വപഠനങ്ങളുമാണല്ലോ.
പുരാതനനഗരമായ ദൽഹിയുടെ കൊളോണിയൽ കാലം വരെയുള്ള ഭൂതകാല ചരിത്രത്തെക്കുറിച്ച് ഖുഷ് വന്ത് സിംഗ് എഴുതിയ ദീർഘമായ വാങ്മയചിത്രവും രഘു റായിയുടെ കളറിലും ബ്ലാക്ക് ആൻ്റ് വൈറ്റിലുമുള്ള നൂറോളം ഫോട്ടോഗ്രാഫുകളുമാണ് ആ പുസ്തകത്തിലുണ്ടായിരുന്നത്. ദൽഹി ടൂറിസം ഡിപ്പാർട്ട്മെൻ്റിനുവേണ്ടി തയ്യാറാക്കിയ പുസ്തകമായിരുന്നുവെങ്കിലും അതിലെ രഘു റായിയുടെ ഫോട്ടോകൾ, റൊളാങ് ബാർഥിന്റെ ഒരു സംജ്ഞ കടമെടുത്തുപറഞ്ഞാൽ, ടൂറിസ്റ്റ് ഫോട്ടോഗ്രാഫുകളായിരുന്നില്ലെന്നതാണ് ശ്രദ്ധേയം.
വർത്തമാനകാലത്തിൽത്തന്നെ പല നൂറ്റാണ്ടുകളുടെ സാംസ്കാരികമുദ്രകൾ പേറുന്ന ദൽഹിയിൽ, സംരക്ഷിക്കപ്പെുന്നവയും അനാഥമാക്കപ്പെട്ടവയുമായ നൂറുകണക്കിന് സ്മാരകമന്ദിരങ്ങളും ശവകൂടീരങ്ങളുമുണ്ടെങ്കിലും സഞ്ചാരികൾക്ക് ആകർഷണീയമായേക്കാവുന്ന ഭൂതകാലപ്രൗഢിയുടെ ആ അടയാളങ്ങളെ അവയുടെ വാസ്തുവൈഭവത്തിന്റെ ഗരിമയോടെ ചിത്രീകരിക്കുവാനല്ല രഘു റായി മുതിരുന്നത്. അവയുടെ പാർശ്വങ്ങളിൽ ജീവിക്കുന്ന പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതസന്ദർഭങ്ങളുടെ സ്വാഭാവിക പശ്ചാത്തലത്തിൽ ഭൂതകാലസൂചനയെന്ന നിലയിൽമാത്രം അവയെ പരിചരിക്കാൻ ഈ ഫോട്ടോഗ്രാഫർ പുലർത്തിയ സൂക്ഷ്മതയിലാണ് എന്റെ ശ്രദ്ധ ആദ്യം പതിഞ്ഞത്. ടൂറിസം വകുപ്പിന്റെ ഒരു പ്രസിദ്ധീകരണത്തിലാണ് അതെന്നതും കൗതുകകരമായിരുന്നു.

വർത്തമാനകാലത്തിലും നിലനിൽക്കുന്ന ഭൂതകാലത്തെയാണ് രഘു റായ് ഈ പുസ്തകത്തിലെ മുഴുവൻ ചിത്രങ്ങളിലും പ്രത്യക്ഷവൽക്കരിക്കുന്നത്. നെഹ്റു യുഗത്തിന്റെ ഫോട്ടോഗ്രാഫിക് ചരിത്രകാരനായി വിശേഷിപ്പിക്കപ്പെടാറുള്ള സുനിൽ ജാനയുടെ ഫോട്ടോഗ്രാഫിക് ഡോക്യുമെൻ്ററി ശൈലിയുടെ തനിയാവർത്തനമല്ലെങ്കിലും, നെഹ്റു യുഗത്തിനുശേഷമുള്ള ഇന്ത്യൻ ജീവിതത്തെ ജാനയെപ്പോലെതന്നെ അഗാധമായ വായ്പ്പോടെ നിശ്ചലചിത്രങ്ങളിൽ രേഖപ്പെടുത്തിയ ഇന്ത്യൻ ഫോട്ടോഗ്രാഫിക് ക്രോണിക്കിളറാണ് രഘുറായ്. ദൽഹിയെക്കുറിച്ചുള്ള ആദ്യകാല പുസ്തകം തന്നെയാണ് അതിന്റെ മികച്ച ദൃഷ്ടാന്തം.
നിവർത്തിവെച്ച ഭൂപടംപോലെ തോന്നിപ്പിക്കുന്ന ദൽഹിയുടെ രണ്ട് ആകാശദൃശ്യങ്ങൾക്കുശേഷം ചേർത്തിരിക്കുന്ന പാലം എയർപോർട്ടിനെ രഘു റായ് കാണുന്ന വിധം ശ്രദ്ധേയമാണ്. ഇന്നത്തെ ഇന്ദിരാഗാന്ധി ഇൻ്റർനാഷനൽ എയർപോർട്ടായി വികസിക്കുന്നതിനുമുമ്പുള്ള പണ്ടത്തെ പാലം എയർപോർട്ടിനെയും പറന്നുതാഴുന്ന ജെറ്റ് വിമാനത്തെയും നമ്മൾ കാണുന്നത്, അതിന്റെ പാർശ്വത്തിലുള്ള ഒരു ഗ്രാമീണദൃശ്യത്തിന്റെ വെറും പശ്ചാത്തലമായാണ്. വൈയ്ക്കോൽ മേഞ്ഞ കർഷകഭവനത്തിനുമുന്നിലെ ചാർപ്പോയിയിലിരിക്കുന്ന രണ്ട് ഗ്രാമീണർ, അവർക്കരികിൽ താഴെ മണ്ണിൽ കിടക്കുന്ന ഒരാട്ടിൻകുട്ടി, മുറ്റമവസാനിക്കുന്നിടത്ത് തുടങ്ങുന്ന പാടത്ത് ഒറ്റക്കാളയെക്കെട്ടി നിലമുഴുതുനീങ്ങുന്ന വൃദ്ധകർഷകൻ, അയാളുടെ തലയ്ക്കു മുകളിലൂടെ താഴ്ന്നുപറക്കുന്ന ഇന്ത്യൻ എയർലൈൻസ് മുദ്രയുള്ള ഒരു ജെറ്റ് വിമാനം, വയൽവരമ്പിനോട് ചേർന്ന് ഉയരത്തിൽ വേലിപോലുമില്ലാത്ത എയർസ്ട്രിപ്പിൽ കാത്തുകിടക്കുന്ന വേറൊരു ജെറ്റ്..... ഇതാണ് ആ ഫ്രെയിം.
നൂറ്റാണ്ടുകളോളം നീണ്ട അടിമത്വത്തിൽനിന്ന് മോചിതമായതിനുശേഷമുള്ള ഒരു രാജ്യത്തിന്റെ ആദ്യ പതിറ്റാണ്ടുകളിലെ പരിണാമദശയെയും അപ്പോഴും പഴയപടിയിൽത്തുടരുന്ന പാവപ്പെട്ടവരെയുംകുറിച്ചുള്ള വാചാലമായൊരു ചിത്രമാണ് ഈ ഒറ്റ ഫ്രെയിമിൽ നമ്മൾ കാണുന്നത്.
പിൽക്കാലത്ത് സംരക്ഷിത സ്മാരകമായി മാറിയ ആദ്യകാല മുഗൾ ഭരണാധികാരി ഹുമയൂണിന്റെ ഉപേക്ഷിക്കപ്പെട്ട ശവകുടീരത്തെ (ഗുംബസ്) രഘുറായ് കാണുന്നതും സമാനമായൊരു കാഴ്ച്ചപ്പാടിലാണ്.

തൊട്ടുകിടക്കുന്ന ഗോതമ്പുപാടത്ത് കാളകളെ പൂട്ടി കറ്റ മെതിക്കുന്ന ഒരു ദരിദ്ര കർഷകകുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ആ ജീർണ്ണസ്മാരകം. അധികാരത്തിന്റെയും അനശ്വരതയുടെയും അടയാളമായ ഭൂതകാലത്തിന്റെ ഉപേക്ഷിക്കപ്പെട്ടിട്ടും അവശേഷിക്കുന്ന ഒരു നിർമ്മിതിയുടെ അതേ ഫ്രെയിമിൽ, അധ്വാനിക്കുന്ന മനുഷ്യരെ കേന്ദ്ര സ്ഥാനത്തുനിർത്തിയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. പുരാസ്മൃതിയിലൂടെ ദൃശ്യാഹ്ലാദം നൽകാനിടയുള്ള ഒരു ഫ്രെയിം വേണ്ടെന്നുവെക്കുകയും, പകരം സാധാരണ മനുഷ്യരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് വേണ്ടതെന്ന ഈ തീരുമാനമാണ് രഘു റായ് എന്ന ഫോട്ടോഗ്രാഫറുടെ രാഷ്ട്രീയം.
പാലം വിമാനത്താവളത്തിന്റെ ദൃശ്യത്തിൽ ദൽഹിയുടെ, അഥവാ ഇന്ത്യയുടെ മുന്നോട്ടുള്ള ആദ്യ ചുവടുവെപ്പിനെയാണ് ആവിഷ്കരിക്കുന്നതെങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ രാജാക്കന്മാർക്കുവേണ്ടി അദ്ധ്വാനിച്ച മനുഷ്യരുടെ പിന്മുറക്കാർ അതേ രാജാക്കന്മാരുടെ മൃതസ്മാരകങ്ങൾക്കിടയിൽ അന്നത്തെ ജീവിതാവസ്ഥയിൽത്തന്നെ തുടരേണ്ടിവരുന്നുവെന്ന വൈപരീത്യദർശനമാണ് ദൃശ്യവൽക്കരിക്കുന്നത്.
ഭൂതകാലത്തോടുള്ള നൊസ്റ്റാൾജിയയിൽ ആ കാലത്തിന്റെ മനുഷ്യവിരുദ്ധതകളെ വിസ്മരിക്കുന്ന നമ്മുടെ മുഖ്യധാരാ ചരിത്രകാരരുടെ ചരിത്രാഖ്യാനങ്ങളെ ഇത്തരം ഒറ്റപ്പെട്ട ഏതാനും നിശ്ചലചിത്രങ്ങളിലൂടെ നിരാകരിക്കാനോ തിരുത്തിയെഴുതാനോ തന്റെ ഫോട്ടോഗ്രാഫിക് ജീവിതത്തിന്റെ പ്രാരംഭകാലത്തുതന്നെ രഘു റായ് ജാഗരൂകനായിരുന്നു. ഇതിന്റെ രണ്ട് മാതൃകകൾ മാത്രമാണ് ദൽഹിയുടെ ഭൂതവർത്തമാനങ്ങളെ പ്രത്യക്ഷപ്പെടുത്തുന്ന അപൂർവ്വങ്ങളായ അറുപതോളം ബ്ലാക് ആൻ്റ് വൈറ്റ് ചിത്രങ്ങളുള്ള ഈ പുസ്തകത്തിൽനിന്ന് എടുത്തുകാട്ടിയത്.
അതിൽപ്പിന്നീട് അഞ്ചു പതിറ്റാണ്ടിനിടയിൽ രഘു റായിയുടേതായി ലോകം കാണുകയും പ്രശംസിക്കുകയും ചെയ്ത പ്രഖ്യാത ഫോട്ടോഗ്രാഫിക് ഡോക്യുമെൻ്റുകളും ഇതേ നിലപാടിന്റെ സർഗാത്മക വ്യാഖ്യാനങ്ങളാണ്.
അതിജീവനത്തിനായി ഉഴറുന്ന മനുഷ്യരുടെ സാന്നിദ്ധ്യത്തിൽമാത്രം ഭൂതകാലസ്മാരകങ്ങളെയും പുരോഗതിയുടെ അടയാളങ്ങളായ വിമാനവും പാലങ്ങളും പോലുള്ള പുതിയ നിർമ്മിതികളെയും കാണാൻ കഴിയുന്ന ഈ ഫോട്ടോഗ്രാഫറുടെ കാഴ്ച (അഥവാ, ഫ്രെയിം കമ്പോസിഷനിലെ കാഴ്ച്ചപ്പാട്– Perspective) ജീവിതത്തെയും ചരിത്രത്തെയും കുറിച്ചുള്ള വലിയ ഉൾക്കാഴ്ച്ചയുടെ സൃഷ്ടിയാണ്. ബാഹ്യലോകത്തിന്റെ ആകർഷകമായ വെറും പകർപ്പെടുക്കലല്ല ഡോക്യുമെൻ്ററി ഫോട്ടോഗ്രഫിയുടെ ആകർഷണീയതയും ദൗത്യവുമെന്ന് തിരിച്ചറിഞ്ഞ രഘു റായിയുടെ എല്ലാ പിൽക്കാല ഫോട്ടോഗ്രാഫിക് രചനകളിലും തെളിയുന്നത് ഇതേ ഉൾക്കാഴ്ച്ചയാണ്.
മനുഷ്യരെയും വസ്തുക്കളെയും ഡീ ഗ്ലാമറൈസ് ചെയ്യുന്നതിലൂടെ അവയുടെ ആന്തരികഭാവം അനാവരണം ചെയ്ത നമ്മുടെ കാലത്തെ മഹാനായ ഡോക്യുമെൻ്ററി ഫോട്ടോഗ്രാഫറായിരുന്നു രഘു റായി. ബ്ലാക്ക് ആൻ്റ് വൈറ്റ് ഫോട്ടോഗ്രഫിക്കുള്ള ശേഷി തെളിയിച്ച മാർഗരറ്റ് ബോർക് വൈറ്റിനെയും കാർട്ടിയർ ബ്രെസ്സണെയും പോലുള്ള ലോകത്തിലെ എല്ലാ വലിയ ഫോട്ടോഗ്രാഫർമാരെയും പോലെ, ഓരോ ഫ്രെയിമിനെയും ഓരോ മനുഷ്യകഥാഖ്യാനമാക്കി മാറ്റാൻ അദ്ദേഹത്തിനായി. ഈ യാഥാർത്ഥ്യപക്ഷപാതിത്വമാണ് ദൽഹിയെ അവലംബിച്ചുള്ള രഘു റായിയുടെ ഫോട്ടോഗ്രാഫുകളോട് എനിക്കുണ്ടായ വൈകാരിക അടുപ്പത്തിന് കാരണമായത്.
ഒരുപക്ഷെ, ലോകസിനിമയിലെ എക്കാലത്തെയും മികച്ച രചനകളായി വാഴ്ത്തപ്പെടുന്ന നിയോറിയലിസ്റ്റ് ഫിലിം ക്ലാസിക്കുകളുമായി അക്കാലത്തുണ്ടായിരുന്ന ഭാവുകത്വപരമായ ഐക്യമായിരിക്കാം ഒരു പുരാതന നഗരത്തിന്റെ പശ്ചാത്തലത്തിൽ ഛായാഗ്രഹണം ചെയ്യപ്പെട്ട കറുപ്പിലും വെളുപ്പിലുമുള്ള രഘു റായിയുടെ ആ നിശ്ചലചിത്രങ്ങളെ ഒരു രാജ്യത്തിന്റെ തന്നെ ഭൂതവർത്തമാനങ്ങൾക്കിടയിൽ ജീവിക്കുന്ന മനുഷ്യരുടെ ബൃഹദ്കഥയായി വായിക്കാൻ ആദ്യ കാഴ്ച്ചയിൽത്തന്നെ എന്നെ സഹായിച്ചത്.
ഖുഷ് വന്ത് സിങ്ങ് വാക്കുകളിലൂടെ വിവരിച്ച ചരിത്രത്തേക്കാൾ വാചാലവും നാനാർത്ഥനിർഭരവും അഗാധവുമായ ദൃശ്യചരിത്രാഖ്യാനമായാണ് ആ നിശ്ചലചിത്രങ്ങൾ മനസ്സിൽ പതിഞ്ഞത്. കൺമുന്നിലുള്ള ദൃശ്യത്തെ കാമറയിൽ പകർത്തുന്നയാളുടെ ഉൾക്കാഴ്ച്ചയാണ് ന്യൂസ് ഫോട്ടോഗ്രഫിയിൽനിന്ന് ഡോക്യുമെൻ്ററി ഫോട്ടോഗ്രഫിയെ വ്യത്യസ്തമാക്കുന്നതും അറിവിനെ അനുഭൂതിയുടെ തലത്തിലേക്കുയർത്തുന്ന ഒരു സർഗ്ഗാത്മക മാദ്ധ്യമമാക്കുകയും ചെയ്യുന്നത് എന്നതിന്റെ സാക്ഷ്യങ്ങളായിട്ടാണ് ആ ചിത്രങ്ങളെ ഞാൻ അന്ന് തിരിച്ചറിഞ്ഞത്. പിൽക്കാലത്ത് രഘു റായിയുടെ പ്രശസ്തവും അപ്രശസ്തവുമായ രചനകളെ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ആ ബോദ്ധ്യം കൂടുതൽ ഉറയ്ക്കുകയായിരുന്നു.

ഫോട്ടോഗ്രാഫിക് റിയലിസത്തെ അതിന്റെ ഏകമാനതയിൽനിന്ന് മോചിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് രഘു റായിയുടെ അരനൂറ്റാണ്ടുകാലത്തെ ഛായാഗ്രഹണസപര്യയുടെ സാർത്ഥകത. ഡോക്യുമെൻ്ററി ഫോട്ടോഗ്രഫിയുടെ ഈ സർഗ്ഗാത്മകസാദ്ധ്യത തിരിച്ചറിയാത്തതുകൊണ്ടാണ് പഴയ ന്യൂസ് റീലുകളുടെയും പുതിയ ടെലിവിഷൻ ഫീച്ചറുകളുടെയും മാതൃകയിലുള്ള വൃത്താന്തകഥകളെ ഡോക്യുമെൻ്ററി സിനിമകളായി നമ്മൾ കൊണ്ടാടുന്നതെന്നും സാന്ദർഭികമായി ഓർമ്മിക്കാം.
ചില നിർണ്ണായക സന്ദർഭങ്ങളുടെ കേവലമായ വാർത്താചിത്രങ്ങളും ചരിത്രരേഖകളെന്ന നിലയിൽ പിൽക്കാലത്ത് ചരിത്രത്തിലേക്ക് വീണ്ടെടുക്കപ്പെടാറുണ്ടെങ്കിലും യാദൃച്ഛികമോ സാന്ദർഭികമോ ആയ സംഭവങ്ങളുടെയും ജീവിതസന്ദർഭങ്ങളുടെയും തത്സമയ ദൃശ്യരേഖകളെന്ന് വിശേഷിപ്പിക്കാവുന്ന ന്യൂസ് ഫോട്ടോഗ്രഫിയിൽനിന്ന് ഡോക്യുമെൻ്ററി ഫോട്ടോഗ്രഫിയിലേക്കുള്ള അകലം വളരെ വലുതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു രഘു റായ് ചിത്രങ്ങൾ. കേവലസാധാരണമായിത്തോന്നുന്ന ദൃശ്യങ്ങളിലൂടെ പോലും അവയുടെ അദൃശ്യതലങ്ങളെ പ്രത്യക്ഷവൽക്കരിക്കുനാവുമെന്നതിന്റെ സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ പഴയ ദൽഹിച്ചിത്രങ്ങൾ. ഛായാഗ്രഹണം ചെയ്യപ്പെട്ട ഓരോ നിശ്ചലദൃശ്യവും അതിലെ മനുഷ്യരുടെയും വസ്തുക്കളുടെയും പശ്ചാത്തലപ്രകൃതിയുടെമെല്ലാം ചരിത്രാഖ്യാനമാണ് സാധിക്കുന്നത്. അറിവിന്റെയും അനുഭൂതിയുടെയും തലങ്ങൾ ഒന്നായിത്തീരുന്ന സർഗ്ഗാത്മകാനുഭവമാണ് അവ ദർശകർക്ക് നൽകുന്നത്.
ഭൂതകാല ചരിത്രത്തെയും വർത്തമാനകാല മനുഷ്യാവസ്ഥയെയും കുറിച്ചുള്ള തന്റെ സവിശേഷ ദർശനത്തിൽനിന്ന് രൂപപ്പെട്ടതാണ് ഡോക്യുമെൻ്ററി ഫോട്ടോഗ്രഫിയെ സംബന്ധിച്ച രഘു റായിയുടെ സൗന്ദര്യശാസ്ത്രസങ്കൽപമെന്ന് സൂചിപ്പിക്കുക മാത്രമേ ഈ സാന്ദർഭികക്കുറിപ്പിലൂടെ ചെയ്യാനാകൂ. സവിശേഷമായ ഈ ഫോട്ടോഗ്രാഫിക് കലാസങ്കൽപ്പത്തിന്റെ മൗലികതയാണ് ആ നിശ്ചലചിത്രങ്ങളെ, അനുകരണീയമെങ്കിലും അനനുകരണീയമാക്കുന്നത്. അതുകൊണ്ടുകൂടിയാവണം, താനൊരു സ്ട്രീറ്റ് ഫോട്ടോഗ്രാഫറാണെന്ന് മരണംവരെയും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നതും. ചിത്രീകരിക്കുന്ന വിഷയത്തെയും മാദ്ധ്യമത്തെയും കുറിച്ചുള്ള ഈ സവിശേഷ ദർശനമാണ് രഘു റായിയുടെ അരനൂറ്റാണ്ടുകാലത്തെ ഛായാഗ്രഹണസപര്യയുടെ സാർത്ഥകത.
ഭൂതകാലത്തിലേക്ക് പിന്തിരിയുന്ന ഗൃഹാതുരതയല്ല; വർത്തമാനത്തിലേക്ക് കൺതുറക്കുന്ന യാഥാർത്ഥ്യപക്ഷപാതിത്വമാണ് ഈ ചിത്രങ്ങളുടെ സാർവ്വലൗകികതയ്ക്ക് നിദാനം. ദൽഹിയെക്കുറിച്ചുള്ള ഖുഷ് വന്ത് സിംഗിന്റെ ചരിത്രവിവരണത്തിലില്ലാത്ത വർത്തമാനകാലത്തിന്റെ കൂടി ചരിത്രമാണ് റഘു റായിയുടെ നിശ്ചലചിത്രപംക്തിയിലൂടെ ഞാൻ വായിച്ചത്. നിശ്ചലവും നിശ്ശബ്ദവുമായ ആ ബ്ലാക് ആൻ്റ് വൈറ്റ് ചിത്രങ്ങൾ സമീപഭൂതകാല ഇന്ത്യയുടെ എഴുതപ്പെടാത്ത ഒരു സമാന്തര ഫോട്ടോഗ്രാഫിക് ചരിത്രമാണ്. മഹാനായ സുനിൽ ജാനയ്ക്കുശേഷം ഫോട്ടോഗ്രഫി എന്ന സാങ്കേതികവിദ്യയെ നമ്മുടെ കാലത്തിന്റെ ചലനങ്ങളും ആന്തരികഭാവങ്ങളും സർഗ്ഗാത്മകമായി ആവിഷ്കരിക്കുന്ന ദൃശ്യകലാമാദ്ധ്യമാക്കിയ രഘു റായിപ്പോലെ പ്രതിഭാശാലിയായ മറ്റൊരിന്ത്യൻ ഡോക്യുമെൻ്ററി ഫോട്ടോഗ്രാഫറെ ചൂണ്ടിക്കാണിക്കാനില്ല. രഘു റായിയുടെ തിരോധാനത്തോടെ നഷ്ടമായത് ഇന്ത്യയുടെ വിശ്വസ്തനായൊരു ദൃശ്യചരിത്രാഖ്യാതാവിനെയാണ്.
