ഉമ്മൻചാണ്ടി:
ചുവപ്പുനാടയറുത്ത
ഭരണാധികാരി

രോഗത്തിന്റെയും ചികിത്സയുടെയും അവസാന ദിനങ്ങളില്‍ പലപ്പോഴായി നേരില്‍ കാണാനും കൂടെ സമയം ചെലവഴിക്കാനും സാധിച്ചിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തിരിച്ചുവരവ് എങ്ങനെ സാധ്യമാക്കാമെന്ന നിര്‍ദേശങ്ങള്‍ നല്‍കാന്‍ പോലും ആ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ശ്രമിച്ചത് ഓര്‍ക്കുമ്പോള്‍, ഉള്ളില്‍ ജ്വലിക്കുന്ന രാഷ്ട്രീയ ഊര്‍ജ്ജത്തിന് ഒരു അനാരോഗ്യവും ബാധിച്ചില്ലെന്ന സന്തോഷം ഉണ്ടാക്കിയിരുന്നു. ആ സന്തോഷമാണ് എന്നത്തെയും വേദനയായി കെട്ടടങ്ങിയത്.

വേഗതയുടെയും ഹൃദയവായ്പിന്റെയും പ്രതീകമായിരുന്നു ഞങ്ങള്‍ക്കെന്നും ഉമ്മന്‍ചാണ്ടി. വിദ്യാര്‍ത്ഥി പ്രസ്ഥാനകാലത്ത് തുടങ്ങിയ ആ ആത്മബന്ധം അവസാനം വരെ തുടര്‍ന്നു; ഉമ്മന്‍ചാണ്ടിയില്‍ ഞങ്ങള്‍ ദര്‍ശിച്ച ഗുണങ്ങള്‍ 'അതിവേഗം ബഹുദൂര'മായും കാരുണ്യസ്പര്‍ശമായും ജനസമ്പര്‍ക്കമായും കേരളവും പിൽക്കാലത്ത് അനുഭവിച്ചറിഞ്ഞു.

ഞാനെന്ന ജനപ്രതിനിധിക്ക് ഒരേ സമയം വികസന രാഷ്ട്രീയ കാഴ്ചപ്പാടുകളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും ജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളിലും മാതൃകയായ ഗുരു കൂടിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പറയാം. മെഗാ പ്രൊജക്ടുകള്‍ നിശ്ചയദാര്‍ഢ്യത്തോടെ, സാങ്കേതിക കുരുക്കഴിച്ച് അതിവേഗം നടപ്പിലാക്കിയ ഇച്ഛാശക്തി എക്കാലവും കേരളം സ്മരിക്കും. 'അതിവേഗം ബഹുദൂരം', 'വികസനവും കരുതലും' തുടങ്ങി അദ്ദേഹം നയിച്ച സര്‍ക്കാരിന്റെ മുഖമുദ്രകള്‍ കേരളത്തിന് സമ്മാനിച്ച നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്.

കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചിന്‍ വിമാനത്താവള വികസനം, വിഴിഞ്ഞം സീ പോര്‍ട്ട്, സ്മാര്‍ട്ട് സിറ്റി, മലയോര ഹൈവേ, തീരദേശ ഹൈവേ, ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട വികസനം, ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനം, കോഴിക്കോട് സൈബര്‍ പാർക്ക്, കോഴിക്കോട് ബൈപാസ്, കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ്, കളിയാക്കാവിള ബൈപാസ്, കഴക്കൂട്ടം ബൈപാസ്, ഗെയില്‍ പൈപ്പ് ലൈന്‍, കാരുണ്യ പദ്ധതി, ഐ.ഐ.ടി പാലക്കാട്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, എ.പി.ജെ ടെക് സര്‍വകലാശാല, കെ. ആര്‍. നാരായണന്‍ ദേശീയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര പദ്ധതികളില്‍ ഉമ്മന്‍ചാണ്ടി എന്ന വികസന ശില്പിയുടെ കയ്യൊപ്പ് പതിഞ്ഞുകിടക്കുന്നു.

ഇന്ത്യയില്‍ 39 മെഡിക്കല്‍ കോളേജുകളില്‍ ഒന്നായി, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 150 കോടിയുടെ പി.എം.എസ്.എസ്.വൈ ബ്ലോക്ക് കൊണ്ടുവരാന്‍ കാരണക്കാരനായത് ഉമ്മന്‍ചാണ്ടിയാണ്. 2014-ല്‍ 75 ശതമാനം കേന്ദ്രം വഹിക്കാമെന്ന് പറഞ്ഞപ്പോള്‍ പദ്ധതിയുടെ 25 ശതമാനമായ 30 കോടി വഹിക്കാമെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചതിനാല്‍ മാത്രമാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. മെഡിക്കല്‍ കോളേജ് ടേർഷറി കാന്‍സര്‍ കെയര്‍ സെന്റര്‍ അനുവദിക്കാന്‍ 44.5 കോടിയില്‍ 25 ശതമാനമായ 11.5 കോടി വഹിക്കാമെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചത് നിര്‍ണായകമായി. ഭിന്നശേഷിക്കാര്‍ക്ക് സി.ആര്‍.സിക്കായി സ്ഥലം വേണമെന്ന് പറഞ്ഞപ്പോള്‍ അതിന്​ ലെപ്രസി ഹോസ്പിറ്റലില്‍ മൂന്ന് ഏക്കര്‍ സ്ഥലം അനുവദിച്ചതും ഉമ്മന്‍ചാണ്ടിയായിരുന്നു.

വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിന് 39 കോടിയില്‍ ഒന്‍പത് കോടി അനുവദിക്കാന്‍ ഇടപെട്ടതും അദ്ദേഹമായിരുന്നു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നും നാലും പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാര്‍ മഴ നനയുന്ന സാഹചര്യത്തില്‍ എം.പി എന്ന നിലയില്‍ എന്റെ അഭ്യര്‍ത്ഥന പ്രകാരം, ഉമ്മൻ ചാണ്ടി 1.98 കോടി രൂപ അനുവദിച്ചാണ് റൂഫിങ് പൂര്‍ത്തിയാക്കിയത്. 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അത്തരത്തില്‍ വികസന പ്രവൃത്തി നടപ്പായത്. എലത്തൂരിലെ അണ്ടര്‍പാസ്, പാവങ്ങാട് ആർ.ഒ.ബി, കടലുണ്ടി വടക്കുമ്പാട് അണ്ടര്‍പാസ് ഈ പ്രവൃത്തികളിലെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ഫണ്ട് അനുവദിച്ചതിനാലാണ് റെയില്‍വേ പണി നടന്നത്.

പൂളാടിക്കുന്ന് മുതല്‍ വെങ്ങളം നാഷണല്‍ ഹൈവേ 5.1 കിലോമീറ്റര്‍ 152 കോടിക്ക് പൂര്‍ത്തികരിക്കാന്‍ ഫണ്ട് അനുവദിച്ചതും ഉമ്മന്‍ചാണ്ടിയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ ഹൈവേ പൂര്‍ത്തീകരിച്ചതെന്നത് എടുത്തുപറയണം. ഇങ്ങനെ കോഴിക്കോടിന്റെ വികസന ചരിത്രത്തില്‍ സമാനതകളില്ലാത്ത കയ്യൊപ്പാണ് അദ്ദേഹം പതിപ്പിച്ചത്.

കെ. കരുണാകരനുശേഷം കേരളത്തിന്റെ വികസനത്തില്‍ അങ്ങോളമിങ്ങോളം ദീര്‍ഘവീക്ഷണത്തോടെ ഇടപെടാനും പദ്ധതി നിര്‍വഹണത്തിന് ചുവപ്പുനാടകള്‍ അറുക്കാനും സാധിച്ച ഉമ്മന്‍ചാണ്ടി, അതേ ജാഗ്രത പാവപ്പെട്ടവരുടെ ജീവല്‍പ്രശ്‌നങ്ങളിലും കാണിച്ചു.

കാന്‍സര്‍ രോഗികള്‍, വൃക്ക രോഗികള്‍, ഹൃദ് രോഗികള്‍ തുടങ്ങിയവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനായി കാരുണ്യ ബെനവലന്റ് പദ്ധതി ആരംഭിച്ച അദ്ദേഹം പതിനായിരങ്ങള്‍ക്ക് പുതു ജീവിതം സമ്മാനിച്ച മനുഷ്യത്വത്തിന്റെ പ്രതിരൂപമാണ്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി സംസ്ഥാനത്ത് ആദ്യമായി എയര്‍ ആംബുലന്‍സ് ആരംഭിച്ചതിനുപിന്നിലും ദയാവായ്പ്പില്‍ അധിഷ്ഠിതമായ നിശ്ചയദാര്‍ഢ്യമായിരുന്നു.

ഭക്ഷണം പോലും കഴിക്കാതെ രാപകല്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രശ്‌നപരിഹാരം നടത്തി അതില്‍ നിന്ന്​ ഊര്‍ജം സംഭരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ലോകത്തിന് തന്നെ മാതൃകയായി, ഐക്യരാഷ്ട്ര സഭയില്‍ നിന്ന് പുരസ്‌കാരം കരസ്ഥമാക്കിയ നിമിഷം ഇന്നും ഓരോ മലയാളിയും അഭിമാനത്തോടെ ഓര്‍ക്കുന്നു. പൊതുസേവനത്തിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ഏക മുഖ്യമന്ത്രി എന്ന ബഹുമതി ഇന്നും ആ പേരിൽ മാത്രമാണ്.

ജനസമ്പർക്ക പരിപാടിക്കുള്ള യു.എൻ പുരസ്​കാരം ഉമ്മൻചാണ്ടി ഏറ്റുവാങ്ങുന്നു
ജനസമ്പർക്ക പരിപാടിക്കുള്ള യു.എൻ പുരസ്​കാരം ഉമ്മൻചാണ്ടി ഏറ്റുവാങ്ങുന്നു

2006- ൽ സ്വിറ്റ്‌സർലന്റിലെ ഡാവോസിൽ നടന്ന 35-ാമത്​ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ചരിത്രം രചിച്ച ആദ്യ കേരള മുഖ്യമന്ത്രിയുമാണ് ഉമ്മൻ ചാണ്ടി.

രോഗത്തിന്റെയും ചികിത്സയുടെയും അവസാന ദിനങ്ങളില്‍ പലപ്പോഴായി നേരില്‍ കാണാനും കൂടെ സമയം ചെലവഴിക്കാനും സാധിച്ചിരുന്നു. ശബ്ദ പ്രയാസത്തിലും പക്ഷെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ ശബ്ദത്തിന് ഒരു ഇടര്‍ച്ചയും ഉണ്ടായിരുന്നില്ല. എപ്പോള്‍ കാണുമ്പോഴും അവസാനം ചര്‍ച്ച ചെയ്ത വികസന ക്ഷേമ വിഷയങ്ങളുടെ പുരോഗതിയെയോ, ആരുടെയെങ്കിലും പ്രശ്‌നപരിഹാരമോ ഒക്കെ കൃത്യമായി ഓര്‍ത്തെടുത്ത് ആരായുന്നത് അദ്ദേഹത്തിലെ വേറിട്ട നേതാവിന്റെ പ്രതിബദ്ധതയാണ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തിരിച്ചുവരവ് എങ്ങനെ സാധ്യമാക്കാമെന്ന നിര്‍ദേശങ്ങള്‍ നല്‍കാന്‍ പോലും ആ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ശ്രമിച്ചത് ഓര്‍ക്കുമ്പോള്‍, ഉള്ളില്‍ ജ്വലിക്കുന്ന രാഷ്ട്രീയ ഊര്‍ജ്ജത്തിന് ഒരു അനാരോഗ്യവും ബാധിച്ചില്ലെന്ന സന്തോഷം ഉണ്ടാക്കിയിരുന്നു. ആ സന്തോഷമാണ് എന്നത്തെയും വേദനയായ് ഇന്ന് പുലർച്ചെ കെട്ടടങ്ങിയത്.

ഉമ്മന്‍ചാണ്ടി എന്ന മനുഷ്യന്റെ, നേതാവിന്റെ, സഹപ്രവര്‍ത്തകന്റെ, ഭരണകര്‍ത്താവിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത എത്രയുണ്ടെന്ന് കേരളം അനുഭവിച്ചറിയാനിരിക്കുന്നതേയുള്ളൂ.

Comments