പാതി കരുണാകരനും
പാതി ആൻറണിയുമായിരുന്ന ഉമ്മൻചാണ്ടി

എക്കാലവും കോണ്‍ഗ്രസിലെ ആഭ്യന്തര ചേരിതിരിവില്‍ കെ. കരുണാകരനെ എതിര്‍ത്ത ഉമ്മന്‍ചാണ്ടി പലപ്പോഴും തെരഞ്ഞടുപ്പ് സമവാക്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കരുണാകരന്റെ പഴയ തന്ത്രങ്ങള്‍ തന്നെ പയറ്റി. അതേസമയം മുഖ്യമന്ത്രിസ്ഥാനം തേടിയെത്തിയ നിമിഷത്തിലും പിന്നീട് ആരെയും തളര്‍ത്തുന്ന ആരോപണങ്ങള്‍ നേരിട്ടപ്പോഴും ആന്റണിയേക്കാള്‍ നിര്‍മ്മമനായി. പ്രായോഗിക സമീപനത്തില്‍ ആന്റണിയുടെ രീതിയായിരുന്നില്ല ഉമ്മന്‍ചാണ്ടിക്ക്, കരുണാകരന്റെ ചടുലതയായിരുന്നു.

മ്മന്‍ചാണ്ടി വിടവാങ്ങുമ്പോള്‍ കേരളരാഷ്ട്രീയചരിത്രത്തിലെ എക്കാലത്തേയും ജനകീയ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇല്ലാതാവുന്നത്.

53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചത്, റെക്കോഡാണത്. കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി കേരളത്തിന്റെ എല്ലാ രാഷ്ട്രീയ ചിത്രത്തിലും ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ടിട്ടുണ്ട്. കെ എസ് യുവിലും യൂത്ത് കോണ്‍ഗ്രസിലും കേരള രാഷ്ട്രീയത്തിലും എ. കെ. ആന്റണിയുടെ അനുയായിയും പിന്‍ഗാമിയുമായി വന്ന നേതാവ് എന്ന വിലയിരുത്തല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട രാഷ്ട്രീയ സംഭവങ്ങളേയും നിലപാടുകളേയും നിരീക്ഷിക്കുമ്പോള്‍ പ്രസക്തമാണെങ്കിലും ആന്റണിയില്‍ ഒതുങ്ങുന്നതല്ല ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ അനുഭവങ്ങള്‍.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ സംഘര്‍ഷകാലത്ത്, തൊഴിലാളി മുന്നേറ്റത്തിന്റെ സമരകാലത്ത് ഒരു തൊഴിലാളി നേതാവായി പ്രവര്‍ത്തിച്ച പരിചയസമ്പത്താവാം ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ ഉലയാത്ത നിശ്ചയദാര്‍ഢ്യത്തെ പരുവപ്പെടുത്തിയത്. മലയാള മനോരമയുടെ കെ. സി. മാമ്മന്‍മാപ്പിള സ്ഥാപിച്ച അഖില കേരള ബാലജനസഖ്യം കേരളരാഷ്ട്രീയത്തിന്, വിശിഷ്യാ കോണ്‍ഗ്രസിന്, ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്തിട്ടുണ്ട്. അവരില്‍ പ്രമുഖനായിരുന്നു ബാലജനസഖ്യം സംസ്ഥാനപ്രസിഡന്റായിരുന്ന ഉമ്മന്‍ചാണ്ടി. പിന്നീട് കെ എസ് യു സംസ്ഥാന പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിയെ അരനൂറ്റാണ്ടിനപ്പുറം നീണ്ട വിശാലമായ പാര്‍ലമെന്ററി രാഷ്ട്രീയജീവിതത്തിലേയ്ക്ക് മാത്രം ഒതുക്കി കാണാനാവില്ല.

കെ കരുണാകരനുശേഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ സമുന്നതനേതാവായി വളര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവാണ് ഉമ്മന്‍ചാണ്ടി എന്ന് നിസ്സംശയം പറയാം.

കെ എസ് യു പ്രവര്‍ത്തകനായിരിക്കെത്തന്നെ തൊഴിലാളി സംഘടനാരംഗത്തും ഉമ്മന്‍ചാണ്ടി സജീവമായിരുന്നു. ഇന്നത്തെ ഇടുക്കിയും കോട്ടയവും പത്തനംതിട്ടയും ഉള്‍പ്പെടുന്ന വിശലപ്രദേശത്തെ ഉശിരന്‍ തോട്ടം തൊഴിലാളിനേതാവായിരുന്ന ഉമ്മന്‍ചാണ്ടി വിവിധ തൊഴിലാളി സംഘടനകളുടെ പ്രസിഡന്റായിരുന്നു.

ഐ എന്‍ ടി യു സി കോട്ടയം ജില്ലാ പ്രസിഡന്റ് എന്ന നിലയ്ക്ക് ഔദ്യോഗിക നേതൃസ്ഥാനത്തും പ്രവര്‍ത്തിച്ചിരുന്നു. 34-ാം വയസ്സില്‍ കെ. കരുണാകരൻ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പിന്റെ ചുമതലയിലേയ്ക്ക് ഉമ്മന്‍ചാണ്ടി എത്തുന്നതും ആ തുടര്‍ച്ചയിലാണ്. ഐ എന്‍ ടി യു സി നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയെ ഐ എന്‍ ടി യു സി നേതാവായിരുന്ന കെ. കരുണാകരന്‍ പരിഗണിച്ചു എന്ന് വേണമെങ്കില്‍ കരുതാം.

1970- ല്‍ മുന്നണിയുടെ ഭാഗമായിരുന്ന ആര്‍ എസ്​ പി ഉപേക്ഷിച്ച പുതുപ്പള്ളിയില്‍ സീറ്റ് ഉറപ്പായത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ക്വാട്ടയിലാണെങ്കിലും 1977-ല്‍ മന്ത്രിയായപ്പോള്‍ തൊഴിലാളി നേതാവ് എന്ന പരിഗണനയും നിര്‍ണായകമായി. കെ കരുണാകരനുശേഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ സമുന്നതനേതാവായി വളര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവാണ് ഉമ്മന്‍ചാണ്ടി എന്ന് നിസ്സംശയം പറയാം.

ഉമ്മൻ ചാണ്ടി ഇടയ്ക്കൊന്ന് ഇടതുമുന്നണിക്കൊപ്പം പോയതും സ്വന്തം താല്‍പര്യത്തിനപ്പുറം എ. കെ. ആന്റണിയുടെ ആവശ്യത്തിനൊപ്പം നിന്നതുകൊണ്ടാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് ആദ്യം ഇന്ദിരയ്ക്കൊപ്പവും പിന്നീട് കോണ്‍ഗ്രസ്- യുവിലേയ്ക്കും കോണ്‍ഗ്രസ്- എസിലേയ്ക്കും കോണ്‍ഗ്രസ്- എയിലേയ്ക്കും പോയി കോണ്‍ഗ്രസ്- ഐയിലേയ്ക്കെത്തിയത് എ. കെ. ആന്റണിയുടെ ആദര്‍ശരാഷ്ട്രീയത്തേയും അതിന്റെ പ്രായോഗിക സങ്കല്‍പ്പത്തേയും പിന്‍പറ്റിയാണ്. ഇടയ്ക്കൊന്ന് ഇടതുമുന്നണിക്കൊപ്പം പോയതും സ്വന്തം താല്‍പര്യത്തിനപ്പുറം എ. കെ. ആന്റണിയുടെ ആവശ്യത്തിനൊപ്പം നിന്നതുകൊണ്ടാണ്.

തിരികെ യു ഡി എഫിലേയ്ക്ക് മടങ്ങാന്‍ മുമ്പേ ഇറങ്ങിയ വയലാര്‍ രവിയുടെ മനസ്സാണ് അണികള്‍ക്കുമെന്ന് ആന്റണിയെ ബോധ്യപ്പെടുത്താനും വലിയ പരുക്കില്ലാതെ കോണ്‍ഗ്രസ്- എ എന്ന രാഷ്ട്രീയരൂപത്തെ യു ഡി എഫിലെത്തിക്കാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. പി. സി. ചാക്കോ അടക്കമുള്ളവരെ ഇടതുമുന്നണിയിലുപേക്ഷിച്ച് ഇറങ്ങാനുള്ള ധൈര്യം ഉമ്മന്‍ചാണ്ടിയുടേതുകൂടിയായിരുന്നു.

ഉമ്മൻ ചാണ്ടിയും എ.കെ. ആൻറണിയും- പഴയ ചിത്രം.

ഇടതുപക്ഷത്തായിരിക്കുമ്പോഴും ഉമ്മന്‍ചാണ്ടി ഉറച്ച കോണ്‍ഗ്രസുകാരനായിരുന്നു. ഇന്ദിരാഗാന്ധിയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ആന്റണിപക്ഷ കോണ്‍ഗ്രസിനെ കോണ്‍ഗ്രസ്- ഐയില്‍ ലയിക്കാന്‍ പ്രേരിപ്പിച്ചതും സഹായിച്ചതും ഉമ്മന്‍ചാണ്ടിക്കൊപ്പം എന്നും നിന്ന മലയാള മനോരമയും ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി. സി. അലക്സാണ്ടറുമാണ്. പാര്‍ട്ടിയിലും മുന്നണിയിലും മാറ്റങ്ങള്‍ സംഭവിച്ചപ്പോഴും 'ഉമ്മന്‍ചാണ്ടി (എം എല്‍ എ), പുതുപ്പള്ളി' എന്ന ടൈറ്റില്‍ കൈവിട്ടില്ല. വിവിധ മന്ത്രിസഭകളില്‍ തൊഴില്‍, ആഭ്യന്തരം, ധനകാര്യം തുടങ്ങിയ സുപ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്യാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു.

ആന്റണി, ഗ്രൂപ്പുപേക്ഷിച്ച് ദേശീയനേതാവായപ്പോഴും ആന്റണി ഗ്രൂപ്പും അതിന്റെ നേതാവ് ഉമ്മന്‍ചാണ്ടിയും ഐ ഗ്രൂപ്പിനേക്കാള്‍ കെട്ടുറപ്പുള്ള സംഘടനാ സംവിധാനമായി വളര്‍ന്നു.

അടിയന്തരാവസ്ഥക്കാലത്ത് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ പോലീസ് ഉരുട്ടിക്കൊന്ന കേസില്‍ വിചാരണ നേരിടണമെന്ന ഉത്തരവിനെ തുടര്‍ന്ന് കെ. കരുണാകരന്‍ രാജിവച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് എ. കെ. ആന്റണിയെ അവതരിപ്പിക്കാനുള്ള നിലമൊരുക്കിയവരില്‍ പ്രധാനി ഉമ്മന്‍ ചാണ്ടിയായിരുന്നു. ആന്റണിയുടെ ആദര്‍ശധീരതയുടെ ഔദ്യോഗിക പ്രചാരകരായി ഉമ്മന്‍ചാണ്ടിയും ചെറിയാന്‍ ഫിലിപ്പുമടക്കമുള്ളവര്‍ അണിനിരന്നു. 'മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ എ. കെ. ആന്റണി ദേഷ്യപ്പെട്ടു' എന്ന വാര്‍ത്തയ്ക്ക് അണികളില്‍ ചെറുതല്ലാത്ത ആവേശവും വിശ്വാസവും ഉണ്ടാക്കാന്‍ കഴിഞ്ഞു. 1992-ലെ സംഘടനാ തെരഞ്ഞെടുപ്പോടെയാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ 'എ' ഗ്രൂപ്പിന്റെ എക്കാലത്തേയും വലിയ നേതാവായി വളര്‍ന്നത്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ എ. കെ. ആന്റണി കെ പി സി സി പ്രസിഡന്റാകും എന്ന ധാരണ അട്ടിമറിച്ച്, എ ഗ്രൂപ്പില്‍നിന്ന് പിരിഞ്ഞ വയലാര്‍ രവിയെ കെ. കരുണാകരന്‍ കെ പി സി സി അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചു. വയലാര്‍ രവി ജയിച്ചു, എ. കെ. ആന്റണി തോറ്റു. വയലാര്‍ രവി കെ പി സി സി പ്രസിഡന്റിന്റെ വെളുത്ത ടാറ്റാ സിയറയില്‍ കയറി കേരളത്തിലേയ്ക്കിറങ്ങിയതിനു പിന്നാലെ എ. കെ. ആന്റണി കേന്ദ്ര പൊതുവിതരണവകുപ്പ് മന്ത്രിയായി ദല്‍ഹിക്ക് വിമാനം കയറി.

Photo: Screengrab / manorama news

അതോടെ കോണ്‍ഗ്രസിലെ ആന്റണി ഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക സംവിധാനമായി മാറി. ഉമ്മന്‍ചാണ്ടി മുന്നില്‍നിന്ന് നയിച്ചു. ആന്റണി, ഗ്രൂപ്പുപേക്ഷിച്ച് ദേശീയനേതാവായപ്പോഴും ആന്റണി ഗ്രൂപ്പും അതിന്റെ നേതാവ് ഉമ്മന്‍ചാണ്ടിയും ഐ ഗ്രൂപ്പിനേക്കാള്‍ കെട്ടുറപ്പുള്ള സംഘടനാ സംവിധാനമായി വളര്‍ന്നു.

വര്‍ഗ്ഗീയം എന്ന് വിമര്‍ശിക്കാവുന്ന നിലപാടുകളും പരാമര്‍ശങ്ങളും സാക്ഷാല്‍ എ. കെ. ആന്റണിയടക്കം പലകുറി നടത്തിയപ്പോഴും ഒരിക്കല്‍ പോലും ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒരാരോപണം നേരിടേണ്ടിവന്നിട്ടില്ല.

വയലാര്‍ രവി കെ പി സി സി പ്രസിഡന്റായതിനുപിന്നാലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലാണ് എ ഗ്രൂപ്പിനെ കെ. കരുണാകരന്‍ അക്ഷരാര്‍ത്ഥത്തില്‍ മൂലയ്ക്കിരുത്തിയത്. എ ഗ്രൂപ്പില്‍നിന്ന് ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ച ഡോ. എം. എ. കുട്ടപ്പനെ തഴഞ്ഞ് രാജ്യസഭാസീറ്റ് കരുണാകരന്‍ മുസ്​ലിം ലീഗിന് കൊടുത്തു. അബ്ദുസമദ് സമദാനി ലീഗിന്റെ രാജ്യസഭാ അംഗമായി. ധനമന്ത്രിസ്ഥാനം രാജിവച്ചുകൊണ്ടാണ് ഉമ്മൻ ചാണ്ടി കെ. കരുണാകരന്റെ നടപടിയോട് പ്രതിഷേധിച്ചത്. അന്നുമുതല്‍ ഉമ്മന്‍ചാണ്ടി കരുണാകരന്‍ സര്‍ക്കാരിന്റെ നേതൃമാറ്റവും ആവശ്യപ്പെട്ടുതുടങ്ങി.

ഐ എസ്​.ആർ.ഒ ചാരക്കേസ് വന്നതോടെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് ഒറ്റക്കെട്ടായി കരുണാകരനെതിരെ തിരിഞ്ഞു. 14 ജില്ലകളിലും ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പ് യോഗം വിളിച്ചു. ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനം കോണ്‍ഗ്രസില്‍ സജീവമായിരുന്ന കാലത്ത് പലപ്പോഴും ഗ്രൂപ്പ് തിരിഞ്ഞുള്ള യോഗങ്ങളും റാലികളും നടന്നിരുന്നു. ആലപ്പുഴയില്‍ നടന്ന എ ഗ്രൂപ്പ് റാലിയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തു. 'ചാരക്കേസിലൂടെ നാടിനും കോണ്‍ഗ്രസിനും കെ. കരുണാകരന്‍ അവമതിപ്പുണ്ടാക്കിയെന്ന് ' ഉമ്മന്‍ചാണ്ടി ആരോപിച്ചു. 'ചാരക്കേസ് കരുണാകരന്റെ മാത്രം പാപമാണ്, ആ പാപത്തിന്റെ വിഴുപ്പ് ചുമക്കാന്‍ കോണ്‍ഗ്രസില്‍ ആരെയും കിട്ടില്ല. മുഖ്യമന്ത്രി രാജിവയ്ക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് നല്ലത്​’ എന്നും ഉമ്മന്‍ചാണ്ടി ഉറപ്പിച്ചു പറഞ്ഞു. പതറിയ കെ. കരുണാകരന്‍ 1995 മാര്‍ച്ചില്‍ രാജിവച്ചു.

Photo: Photo: PRD file

രാഷ്ട്രീയനീക്കങ്ങളുടെ സ്വഭാവം വിലയിരുത്തിയാല്‍ പകുതി കരുണാകരനും പകുതി എ. കെ. ആന്റണിയുമായിരുന്നു ഉമ്മന്‍ചാണ്ടി.

എക്കാലവും കോണ്‍ഗ്രസിലെ ആഭ്യന്തര ചേരിതിരിവില്‍ കെ. കരുണാകരനെ എതിര്‍ത്ത ഉമ്മന്‍ചാണ്ടി പലപ്പോഴും തെരഞ്ഞടുപ്പ് സമവാക്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കരുണാകരന്റെ പഴയ തന്ത്രങ്ങള്‍ തന്നെ പയറ്റി. അതേസമയം മുഖ്യമന്ത്രിസ്ഥാനം തേടിയെത്തിയ നിമിഷത്തിലും പിന്നീട് ആരെയും തളര്‍ത്തുന്ന ആരോപണങ്ങള്‍ നേരിട്ടപ്പോഴും ആന്റണിയേക്കാള്‍ നിര്‍മ്മമനായി. പ്രായോഗിക സമീപനത്തില്‍ ആന്റണിയുടെ രീതിയായിരുന്നില്ല ഉമ്മന്‍ചാണ്ടിക്ക്, കരുണാകരന്റെ ചടുലതയായിരുന്നു. ആരോപണങ്ങളെ എതിരിടാന്‍ കരുണാകരന്റെ ആക്രമണോത്സുകതയേക്കാള്‍ ആന്റണിയുടെ സാത്വികഭാവമാണ് ഉമ്മന്‍ചാണ്ടി അണിഞ്ഞത്. വര്‍ഗ്ഗീയം എന്ന് വിമര്‍ശിക്കാവുന്ന നിലപാടുകളും പരാമര്‍ശങ്ങളും സാക്ഷാല്‍ എ. കെ. ആന്റണിയടക്കം പലകുറി നടത്തിയപ്പോഴും ഒരിക്കല്‍ പോലും ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒരാരോപണം നേരിടേണ്ടിവന്നിട്ടില്ല. എന്നാല്‍ ആദ്യം 'എ' ഗ്രൂപ്പും പിന്നെ കോണ്‍ഗ്രസും എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ സമീപനം എന്ന ആരോപണം എക്കാലവും നേരിടേണ്ടിവന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ പോലീസ് നടപടികളില്‍ കരുണാകരനോളം പോന്നതല്ലെങ്കിലും കണിശമായ രാഷ്ട്രീയ ബുദ്ധിയോടെയുള്ള തീരുമാനങ്ങള്‍ക്കൊപ്പമായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍ സ്വന്തം ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുപിന്നാലെ പ്രതിപക്ഷം നടത്തിയ സമരവേലിയേറ്റങ്ങളെ ചോരയില്‍ മുക്കാതിരിക്കാനുള്ള രാഷ്ട്രീയകുശലതയും ഉമ്മന്‍ചാണ്ടി കാട്ടി. മുത്തങ്ങയിലും വിദ്യാര്‍ത്ഥി സമരകാലത്തും ശിവഗിരിയിലും കണ്ട എ. കെ. ആന്റിണിയേക്കാള്‍ നന്നായി സമരങ്ങളെ സമീപിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു.

പുതിയ കാലത്ത് കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു കരുണാകരന്റെ പാര്‍ട്ടിയായ ഡി.ഐ.സി- കെ. ആ പരീക്ഷണത്തെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിജയകരമായി അതിജീവിച്ചു.

കെ. കരുണാകരനെപ്പോലെ മുസ്​ലിം ലീഗിനേയും കേരളാ കോണ്‍ഗ്രസിനേയും ഒപ്പം നിര്‍ത്തി രാഷ്ട്രീയ തീരുമാനങ്ങള്‍ ഉറപ്പിക്കാന്‍ പലപ്പോഴും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു.

2001-ല്‍ ഐ ഗ്രൂപ്പിലെ മൂന്ന് ഡസന്‍ എം എല്‍ എമാരുമായി കെ. കരുണാകരന്‍ ആദ്യം 'അറാഫത്' എന്ന വീട്ടിലിരുന്നും പിന്നീട് 'കൊട്ടാരത്തില്‍ ശാസ്താ ' എന്ന വീട്ടിലിരുന്നും മുഖ്യമന്ത്രി എ. കെ. ആന്റണിയെ മുള്ളില്‍ നിര്‍ത്തിയപ്പോഴും യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയാണ് ചടുലമായ നീക്കങ്ങളിലൂടെ ഭരണം സുഗമമാക്കിയത്.

Photo: Screengrab / asianet news

തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററില്‍ കെ. കരുണാകരന്‍ വിളിച്ചുചേര്‍ത്ത ഐ ഗ്രൂപ്പ് സമ്മേളനത്തിന്റെ വേദിയില്‍ സിംഹാസനസമാനമായ രണ്ട് കസേരകളുണ്ടായിരുന്നു. ഒന്ന് കെ. കരുണാകരനിരിക്കാനും ഒന്ന് കെ. മുരളീധരനിരിക്കാനുമാണെന്ന് എല്ലാവരും അനുമാനിച്ചു. കരുണാകരനെത്തുന്നതിന് തൊട്ടുമുന്‍പ് അതിലൊരു കസേര വേദിക്ക് പുറത്തേയ്ക്ക് ചുമന്ന് മാറ്റുന്നതുകണ്ട് എല്ലാവരും അങ്കലാപ്പിലായി. പക്ഷേ വൈകാതെ വാര്‍ത്തയെത്തി, കെ. മുരളീധരനെ വൈദ്യുതി മന്ത്രിയാക്കിക്കൊണ്ട് ഉമ്മന്‍ചാണ്ടി ഐ ഗ്രൂപ്പിന്റെ കലാപനീക്കത്തെ തകര്‍ത്തു.

ഭരണനിര്‍വ്വഹണത്തില്‍ പ്രായോഗികതയേക്കാള്‍ ജനകീയതയ്ക്കാണ് ഉമ്മന്‍ചാണ്ടി ഊന്നല്‍ നല്‍കിയത് എന്നതുകൊണ്ടുതന്നെ കേരളത്തില്‍ ജനപ്രിയ പദ്ധതികള്‍അവതരിപ്പിക്കുന്നതില്‍ തുടക്കക്കാരന്‍ ഉമ്മന്‍ചാണ്ടിയായിരുന്നു.

2004-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തോടടുത്തപ്പോഴും കേരളത്തില്‍ തിരിച്ചടിയാണ് നേരിട്ടത്. ശിവഗിരിയിലെത്തിയ സോണിയാഗാന്ധിയെ യാത്രയാക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എ. കെ. ആന്റണി വിമാനത്താവളത്തില്‍വച്ച് രാജി പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നെങ്കിലും അടുത്ത മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. വക്കം പുരുഷോത്തമന്റെ പേര് ഉയര്‍ന്നെങ്കിലും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ പുതുപ്പള്ളിയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഉമ്മന്‍ചാണ്ടിയേയുംകൊണ്ട് എത്തിയ ടാറ്റാ സുമോയില്‍ ഞെരിഞ്ഞൊതുങ്ങി വന്നിറങ്ങിയ പത്തില്‍ ഒമ്പതുപേരും ചിരിച്ചു, ഉമ്മന്‍ചാണ്ടി ചിരിച്ചില്ല.

'കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് നീക്കണേ' എന്ന ഭാവമായിരുന്നു ഉമ്മന്‍ചാണ്ടിക്കെങ്കിലും 'അങ്ങ് ഇച്ഛിക്കുന്നപോലെ നടക്കട്ടെ' എന്ന പ്രായോഗിക കുശലതയോടെ പിന്നീട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും കേരളം കണ്ടു.

കെ. മുരളീധരന്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം വടക്കാഞ്ചേരിയില്‍നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച കെ. മുരളീധരനെ സി പി ഐ- എമ്മിന്റെ എ. സി. മൊയ്തീന്‍ തോല്‍പ്പിച്ചതോടെ കെ. കരുണാകരപക്ഷം വീണ്ടും കോണ്‍ഗ്രസില്‍ കലാപക്കൊടിയുയര്‍ത്തി. പിന്നെ പുകഞ്ഞ് കത്തി പറത്തേയ്ക്ക് പോയി. പുതിയ കാലത്ത് കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു കരുണാകരന്റെ പാര്‍ട്ടിയായ ഡി.ഐ.സി- കെ. ആ പരീക്ഷണത്തെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിജയകരമായി അതിജീവിച്ചു. ഐ ഗ്രൂപ്പിന്റേതായി മുപ്പതിലേറെ എം എല്‍ എമാര്‍ ഒപ്പമുണ്ടായിരുന്ന കെ. കരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോയത് ഒമ്പത് എം എല്‍ എമാര്‍ മാത്രമാണ്. ബാക്കിയുള്ളവരെ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസില്‍ പിടിച്ചുനിര്‍ത്തി. വി. എസ്. അച്യുതാനന്ദനും സി പി ഐയും ഇടഞ്ഞതോടെ ഡി.ഐ.സി- കെയുടെ ഇടതുമുന്നണി പ്രവേശം അസാധ്യമായി. 2005-ല്‍ കോണ്‍ഗ്രസ് വിട്ട കരുണാകരപക്ഷം 2006-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജൂനിയര്‍ പാര്‍ട്ണറായി യു ഡി എഫിനൊപ്പം ചേരുന്നതാണ് പിന്നീട് കേരളം കണ്ടത്. ഡി.ഐ.സി- കെയുടെ 17 സ്ഥാനാര്‍ത്ഥികളും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടെങ്കിലും പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മദ്ധ്യസ്ഥതയില്‍ കരുണാകരവിഭാഗത്തെ ഡി.ഐ.സി- കെ ആയി ഉള്‍ക്കൊള്ളാന്‍ ഒടുവില്‍ തയ്യാറായി. പിന്നീട് കെ. കരുണാകരനും കെ. മുരളീധരനുമടക്കം കൊഴിഞ്ഞുപോയവര്‍ ഘട്ടംഘട്ടമായി ഉമ്മന്‍ചാണ്ടി തെളിച്ച വഴിയേ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുവന്നു.

'വികസനം' ഇടതുപക്ഷത്തെ അടക്കം രാഷ്ട്രീയകക്ഷികളുടെ മുഖ്യ മുദ്രാവാക്യമാവുന്നതിനുമുമ്പ് അതവതരിപ്പിച്ചതും അതിലൂടെ അതിവേഗം രാഷ്ട്രീയനേട്ടം കൈവരിച്ചതും ഉമ്മന്‍ചാണ്ടിയാണ്.

യൂത്ത് കോണ്‍ഗ്രസും കെ എസ് യൂവും പോലീസിനെതിരെ സമരം ചെയ്യുന്ന ഘട്ടത്തില്‍ മുമ്പൊക്കെ വിളിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്, 'ഞങ്ങളെ തല്ലാന്‍ ഉശിരുകാട്ടും നായനാരുടെ പോലീസേ, ഞങ്ങള്‍ വേണ്ടിവന്നില്ലേ നിങ്ങടെ നിക്കര്‍ മാറ്റി പാന്റാക്കാന്‍'.
ആ മുദ്രാവാക്യത്തില്‍ പറയുന്ന ഭരണപരിഷ്‌കാരം നടത്തിയത് ഉമ്മന്‍ചാണ്ടിയാണ്.
തൊഴിലില്ലായ്മ വേതനമടക്കമുള്ള നടപടികളുടേയും തുടക്കക്കാരന്‍ ഉമ്മന്‍ചാണ്ടിയാണ്. ഭരണനിര്‍വ്വഹണത്തില്‍ പ്രായോഗികതയേക്കാള്‍ ജനകീയതയ്ക്കാണ് ഉമ്മന്‍ചാണ്ടി ഊന്നല്‍ നല്‍കിയത് എന്നതുകൊണ്ടുതന്നെ കേരളത്തില്‍ ജനപ്രിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതില്‍ തുടക്കക്കാരന്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. 'വികസനം' ഇടതുപക്ഷത്തെ അടക്കം രാഷ്ട്രീയകക്ഷികളുടെ മുഖ്യ മുദ്രാവാക്യമാവുന്നതിനുമുമ്പ് അതവതരിപ്പിച്ചതും അതിലൂടെ അതിവേഗം രാഷ്ട്രീയനേട്ടം കൈവരിച്ചതും ഉമ്മന്‍ചാണ്ടിയാണ്. കേരളം അഭിമാനത്തോടെ കാണുന്ന പല പദ്ധതികളുടേയും ആദ്യത്തെ ആലോചനയില്‍ത്തന്നെ ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ടിട്ടുണ്ട്.

ജനസമ്പര്‍ക്കപരിപാടി ഒരു മികച്ച ഭരണനിര്‍വ്വഹണ രീതി ആണെന്ന് വിലയിരുത്താനാവില്ല. പക്ഷേ സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഒന്നാണ് ഭരണകൂടം എന്ന ബോധം സൃഷ്ടിക്കുന്നതില്‍ അത് വലിയ പങ്ക് വഹിച്ചു. ഉമ്മന്‍ചാണ്ടിക്ക് മാത്രം പറ്റുന്ന ഭരണനിര്‍വഹണപരിപാടിയായിരുന്നു ജനസമ്പര്‍ക്കപരിപാടി. ഒരുപക്ഷേ ഒരു ട്രേഡ് യൂണിയന്‍ നേതാവ് എന്ന നിലയില്‍ ആര്‍ജ്ജിച്ച കരുത്താവാം പത്തൊന്‍പതാമത്തെ മണിക്കൂറും ആള്‍ക്കൂട്ടത്തിന്റെ ഓളത്തില്‍ നിലതെറ്റാതെ നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയെ പ്രാപ്തനാക്കിയത്. പക്ഷേ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം സമ്മാനിക്കാന്‍ പോന്നതായില്ല ജനസമ്പര്‍ക്കം എന്നതും പറയാതെ പോവാനാവില്ല.

ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തില്‍ അസ്വസ്ഥരായ കോണ്‍ഗ്രസ് അണികള്‍ തന്നെ നവമാധ്യമങ്ങളില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളെ പരിധിവിട്ട് ആക്രമിക്കുന്നതും കേരളം കണ്ടു.

അതിവേഗം ബഹുദൂരം സഞ്ചരിക്കാനുള്ള തിടുക്കത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിട്ടത് സമാനതകളില്ലാത്ത ആരോപണങ്ങളാണ്. നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന നിലപാടില്‍ ഉറച്ച് ആദര്‍ശ രാഷ്ട്രീയം കടുപ്പിച്ച കെ പി സി സി പ്രസിഡന്റ് വി. എം. സുധീരനെ മറികടക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ കടുംവെട്ട് തീരുമാനം സര്‍ക്കാരിനെ കൂട്ടക്കുഴപ്പത്തില്‍ കൊണ്ടുചെന്ന് ചാടിച്ചു. 418 നു പകരം സംസ്ഥാനത്തെ 752 ബാറുകളും അടച്ചുപൂട്ടാനും ഘട്ടംഘട്ടമായി ബിവറേജസ് ഔട്ടലെറ്റുകളുടേയും പ്രവര്‍ത്തനം അവസാനിപ്പിച്ച് പത്തുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനുമുള്ള തീരുമാനമാണ് മന്ത്രിസഭായോഗത്തിനുമുമ്പ് ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയോടും കെ. ബാബുവിനോടും മാത്രമാലോചിച്ച് തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വലംകയ്യായിരുന്ന എക്സൈസ് മന്ത്രി കെ. ബാബുവിന്റേയും ധനമന്ത്രി കെ. എം. മാണിയുടേയും രാജിയില്‍പ്പോലും അവസാനിക്കാത്ത വിവാദമായി ബാര്‍ കോഴക്കേസ് എരിഞ്ഞു.

പ്രതിപക്ഷം ഉമ്മന്‍ചാണ്ടിയെ വഴിയില്‍ തടയുന്നതിലേയ്ക്കും സെക്രട്ടറിയേറ്റ് വളയുന്നതിലേയ്ക്കും വളര്‍ന്ന വിവാദമായിരുന്നു സോളാര്‍ കേസ്. മല്ലേലി ശ്രീധരന്‍ നായര്‍ എന്ന ക്വാറി ഉടമ ഉന്നയിച്ച അഴിമതി ആരോപണം അവിടെങ്ങും നില്‍ക്കാതെ വളര്‍ന്നു. അവധാനതയോടെ പെരുമാറാന്‍ മാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും പഠിക്കണമെന്ന പൊതുവിമര്‍ശനമുയരുന്നിടത്തോളം ആ ആരോപണങ്ങളും അത് കൈകാര്യം ചെയ്ത രീതിയും എത്തി. വ്യക്തിജീവിതത്തിലേയ്ക്കും കുടുംബജീവിതത്തിലേയ്ക്കും കടന്നുകയറിയുള്ള ചോദ്യങ്ങളേയും ആരോപണങ്ങളേയും നിറഞ്ഞ പുഞ്ചിരികൊണ്ട് ഉമ്മന്‍ചാണ്ടി എതിരിട്ടു.

എന്നെങ്കിലും ഉമ്മന്‍ചാണ്ടിയോ അദ്ദേഹത്തിന്റെ കുടുംബമോ സ്വകാര്യത എന്താണ്​ എന്നറിഞ്ഞിട്ടുണ്ടെന്ന് കരുതാനാവില്ല.

ചിലര്‍ക്കെങ്കിലും ഓര്‍മ്മ കാണും, 'ഭരണ സുതാര്യത' ഉമ്മന്‍ചാണ്ടിതന്നെ സദുദ്ദേശ്യത്തോടെ ജനങ്ങള്‍ക്കുമുന്നില്‍വച്ച വാഗ്ദാനമായിരുന്നു. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടത്തക്കവണ്ണം മുഖ്യമന്ത്രിയുടെ ഓഫീസിസിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് ലൈവായി കാണാവുന്ന വിധത്തില്‍ ലൈവ് ക്യാമറയും സജ്ജമാക്കി. ഒരുദിവസം നാട്ടുകാര്‍ ലൈവ് ക്യാമറയിലൂടെ കണ്ടത് മുഖ്യമന്ത്രിയുടെ കസ്സേരയില്‍ മറ്റാരോ കയറി ഇരിക്കുന്നതാണ്. സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന ആളെ താഴെയിറക്കി. മാനസികമായി വെല്ലുവിളി നേരിടുന്ന ഒരാളായിരുന്നു അത്. സുരക്ഷാ വീഴ്ചയെക്കുറിച്ചൊക്കെ ചര്‍ച്ച ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആ സംഭവത്തിന്റെ തമാശ ആസ്വദിച്ച് ചിരിച്ചതേയുള്ളൂ. പക്ഷേ അത്ര സുതാര്യമായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒപ്പമുണ്ടായിരുന്നവര്‍ തന്നെ പിന്നീട് ആരോപണങ്ങളുടെ ചുഴിയിലേയ്ക്ക് നയിച്ചു.

ഏറ്റവുമൊടുവില്‍ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തില്‍ അസ്വസ്ഥരായ കോണ്‍ഗ്രസ് അണികള്‍ തന്നെ നവമാധ്യമങ്ങളില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളെ പരിധിവിട്ട് ആക്രമിക്കുന്നതും കേരളം കണ്ടു. അരനൂറ്റാണ്ടുകാലം പുതുപ്പള്ളി മണ്ഡലത്തിന്റെ അവകാശം കൈവശം വച്ചതിനെതിനെ ആദ്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. 53 വര്‍ഷം ഒരാള്‍ ഒരേ സ്ഥലത്തുനിന്ന് ജനപ്രതിനിധിയാകുന്നത് ജനാധിപത്യത്തില്‍ മാതൃകയാക്കേണ്ട ഒന്നാണോ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിതന്നെ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എന്നെങ്കിലും ഉമ്മന്‍ചാണ്ടിയോ അദ്ദേഹത്തിന്റെ കുടുംബമോ സ്വകാര്യത എന്താണ്​ എന്നറിഞ്ഞിട്ടുണ്ടെന്ന് കരുതാനാവില്ല. ആര്‍ക്കും പ്രാപ്യനായിരുന്നു ഉമ്മന്‍ചാണ്ടി, അതത്ര എളുപ്പമുള്ള കാര്യമല്ല.

Comments