ഉമ്മന്‍ ചാണ്ടിയുടെ മരണത്തോട് ജനങ്ങള്‍ പ്രതികരിച്ച രീതി നമ്മളെയെല്ലാം ചിന്തിപ്പിച്ചിട്ടുണ്ട്. ജനങ്ങളും ജനപ്രതിനിധികളും തമ്മിലെന്ത് എന്ന ചോദ്യത്തെയാണ് അത് ഒന്നാമതായി ആനയിക്കുന്നത്.
ജനങ്ങള്‍ക്കും ജനായത്തത്തിനുമിടയില്‍ കടന്നു നില്‍ക്കാറുള്ള ബ്യൂറോക്രസിയെയാണ് അദ്ദേഹം മിക്കപ്പോഴും നിര്‍വീര്യമാക്കാറുണ്ടായിരുന്നത്. ഉദ്യോഗസ്ഥ ഭരണത്തെ ജനകീയ ഭരണം കൊണ്ട് പകരംവയ്ക്കാനായി സാധാരണയായി ചെയ്തു വരുന്നത് അതിനുള്ള നിയമങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുക എന്നതാണ്. ഒരാളുടെ ന്യായമായ ആവശ്യം അറിയുമ്പോള്‍ അതിനെ പൊതുവിഷയമായി മനസ്സിലാക്കി പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരിക എന്ന രാഷ്ട്രീയ, ഭരണ പരിഹാരങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും പൊതുവെ ചെയ്യുക. ചിലപ്പോള്‍പാര്‍ട്ടിക്ക് അങ്ങനെയൊരു നയമില്ല, അതുകൊണ്ട് അത് ആദ്യം പാര്‍ട്ടി നയമാക്കാനുള്ള നയം സ്വീകരിക്കണം എന്നയിടത്ത് പോലും തുടങ്ങുന്നവരുണ്ടാകാം.
ഒരാള്‍ക്ക് മാത്രമായി പരിഹാരമുണ്ടാക്കുക എന്നത് 'നല്ലതും ചീത്തയുമായ' കാരണങ്ങളാല്‍ പലപ്പോഴും ഒഴിവാക്കപ്പെടുന്നു. ഉദ്യോഗസ്ഥരാണെങ്കില്‍ അവരുടെ ദുഷ്പ്രഭുത്വം കൊണ്ട് മാത്രമാവണമെന്നില്ല അതിന് തുനിയാത്തത്. കീഴ് വഴക്കമില്ലാത്തപ്പോള്‍ എന്തിന് താനായി റിസ്‌ക് എടുക്കണം? ചിലപ്പോള്‍ നിയമം വ്യക്തമാവില്ല. ചിലപ്പോള്‍ നിയമം ഉണ്ടാവില്ല. അവിടെയൊക്കെ നല്ല ഉദ്യോഗസ്ഥരും ചട്ടം ചട്ടമായി ചെയ്യുന്ന ഉദ്യോഗസ്ഥരും നിഷ്‌ക്രിയരാവും.
ഉമ്മന്‍ ചാണ്ടിയാകട്ടെ, ഒരാളുടെ വിഷമം അറിഞ്ഞാല്‍ അതാദ്യം പരിഹരിക്കാന്‍ തന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകളയും. ആരോട് എന്ത് പറഞ്ഞാല്‍ അത് പരിഹരിക്കപ്പെടും എന്ന് ഒരു നിമിഷത്തെ ഏകാഗ്രതകൊണ്ടറിയുന്ന വിദ്യയില്‍ അദ്ദേഹം പോലുമറിയാതെ അദ്ദേഹം നിപുണനായിക്കൊണ്ടിരുന്നു. ഒന്നും രണ്ടും പേരില്‍ നിന്ന് അത് പുതുപ്പള്ളി കടന്ന്, കേരളവും കടന്നു പോയി. പ്രശ്‌നമുണ്ടാവുമ്പോള്‍ അദ്ദേഹത്തെ ഓര്‍മ്മ വരുന്നവരുടെയും അദ്ദേഹത്തിന്റെയും നിത്യശീലമായി അത് മാറി. പൊതുപരിഹാരമെന്ന പ്രശ്‌നപരിഹാരത്തിലേക്ക് പലപ്പോഴും പോകാനോ ചിന്തിക്കാനോ പോലും തൊട്ടടുത്ത് വരുന്ന വിഷയം അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല.
സഹമനുഷ്യരുടെ ജീവിതപ്രശ്‌നങ്ങള്‍ കണ്ട് അതിലനുതാപം തോന്നിയാണ് മിക്കവാറും പേര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുന്നത്. ഒട്ടു വളരെ പേര്‍ അതുതന്നെ തുടരും. കുറെ പേര്‍ക്ക് പിന്നീട് അധികാരം, സംഘബലം, അവ മൂലം അനുഭവമാകുന്ന പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയവയുടെ പ്രലോഭനമുണ്ടാകും. എങ്കിലും അവരവരുടെയും അവരവരുടെ വീട്ടിലുള്ളവരുടെയും കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ച് ഒരു ഘട്ടത്തിലും ജീവിക്കാന്‍ ജനായത്തം രാഷ്ട്രീയക്കാരെ അനുവദിക്കില്ല. അത് ജനായത്തത്തിന് സഹജമാണ്.
ഉദ്യോഗസ്ഥര്‍, രാജഭരണകാലത്തും കൊളോണിയല്‍ഭരണകാലത്തും ഉണ്ടായിരുന്നതിന്റെ തുടരല്‍ സംവിധാനമാണ്. കേരളദേശം രണ്ടായും ഒന്നായും അനുഭവിച്ച രാജഭരണ, കൊളോണിയല്‍ ഭരണ കാലങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടേതായിരുന്നില്ല. എന്നാല്‍ ജനായത്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്ന ഖജനാവ് ജനങ്ങളുടേതാണ്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ ജനങ്ങള്‍ക്കുവേണ്ടിയുണ്ടാക്കുന്ന നിയമങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി നടപ്പിലാക്കാന്‍ ജനങ്ങള്‍ താല്‍ക്കാലികമായി നിയമിച്ചവര്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍. ഇത് സ്വയം ഇടയ്ക്കിടെ ഓര്‍ത്തു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുണ്ട്. പക്ഷേ അതറിഞ്ഞിട്ടില്ലാത്തവരോ മറന്നുപോകുന്നവരോ ആണേറെയും. അതവരെ നോവിക്കാതെ അറിയിക്കുക, അല്ലെങ്കില്‍ ഓര്‍മ്മിപ്പിക്കുക, അവരെ പ്രവര്‍ത്തിപ്പിച്ച് അതിവേഗം പ്രശ്‌നം പരിഹരിക്കുക എന്ന ശില്പചാതുരിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രധാന ആത്മാവിഷ്‌കാരം. ഇതിത്രയും നിത്യാര്‍ദ്രതയോടെ ചെയ്തവര്‍ കേരളത്തില്‍ അപൂര്‍വ്വമായതുകൊണ്ടല്ലേ, ജനങ്ങളെ ജനങ്ങള്‍ തന്നെ അദ്ഭുതപ്പെടുത്തിയ ആ മരണാനന്തര സ്‌നേഹമണിക്കൂറുകള്‍ ഉണ്ടായത്?
കെ. കെ. ശൈലജയെ പോലെ മറ്റു ചില രാഷ്ട്രീയക്കാരും താനറിയുന്ന ആരുടെ വേദനയും തീര്‍ക്കാന്‍ അടുത്ത നിമിഷം ചുവട് വയ്ക്കുന്നവരാണ്, അതില്‍ ഫലമുണ്ടാവണം എന്ന് വാശിയുള്ളവരാണ്. പ്രാദേശിക തലങ്ങളില്‍ ഒട്ടുമിക്ക രാഷ്ട്രീയ പ്രവര്‍ത്തകരും ഇത് ചെയ്യുന്നവരാണ്. എന്നാല്‍ സംസ്ഥാന തലത്തിലേക്ക് പ്രവര്‍ത്തനം മാറുന്ന രാഷ്ട്രീയക്കാരുടെ പൊതുരീതി ഇതല്ല. അവര്‍ പൊതുവെ പൊതു പരിഹാരത്തെക്കുറിച്ച് ചിന്തിക്കുകയോ ഒന്നും ചിന്തിക്കാതിരിക്കുകയോ ചെയ്യുന്നു. ചിന്തിക്കുന്നവര്‍ മാറ്റുന്ന നയങ്ങളും നിയമങ്ങളും കീഴ്വഴക്കങ്ങളുമാണ് കാലം കഴിയുന്തോറും സാധാരണക്കാര്‍ക്ക് ജീവിതം ഭേദപ്പെടുന്നതായി അനുഭവപ്പെടുത്തുന്നത്.
ജനങ്ങള്‍ക്കും ജനായത്തത്തിനുമിടയില്‍ ഉദ്യോഗസ്ഥര്‍ വഴിമുടക്കിനില്‍ക്കുന്ന രംഗങ്ങളില്‍ കഥാപാത്രങ്ങളാവാത്ത ജനപ്രതിനിധികളുണ്ടാവില്ല. മറുവശത്തെ കഥാപാത്രങ്ങളായി ഒറ്റയ്‌ക്കോ കൂട്ടായോ ജനവും എന്നുമുണ്ടായിരുന്നു. ഭാഷാസംസ്ഥാനം ഉണ്ടായതുമുതലോ നാല്‍പ്പത്തിയേഴ് മുതലോ ഉള്ള ചരിത്രം ചെറിയ കാലമാണ്. ഓരോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിതരാകുന്ന ജീവനക്കാര്‍ അതത് വിഷയങ്ങളില്‍ വിദഗ്ധരാവാം. പക്ഷേ സന്ദര്‍ഭമനുസരിച്ച്, സര്‍ക്കാര്‍ സംവിധാനത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച്, വൈദഗ്ദ്ധ്യമുപയോഗിച്ച്, ജനങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യാനാണ് ജനങ്ങള്‍ തങ്ങളെ നിയമിച്ചതെന്ന് അവരോട് ആരും ഈ ചെറിയ കാലത്തില്‍ പറഞ്ഞിട്ടില്ല. സ്വയം അതറിഞ്ഞ ചിലരേയുള്ളു. പല തവണ തങ്ങള്‍ 'മൂഢരായി' രംഗം അവസാനിക്കുന്നത് കാണ്‍കെ അവരില്‍ ചിലര്‍ തന്നെ അടുത്ത രംഗത്തില്‍ സ്വന്തം കഥാപാത്രത്തെ മാറ്റിയെടുക്കുന്നു.
നമ്മുടേത് പഴയ ഭരണത്തില്‍ നിന്ന് ജനായത്തത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇടക്കാലമായി തിരിച്ചറിയണം. ഒരാളുടെ സങ്കടത്തിന് അയാള്‍ക്കായി അപ്പോള്‍ കണ്ടെത്തേണ്ട പരിഹാരം പ്രധാനമാണ്. അത് ആദ്യം ചെയ്യുക എന്നത് രാഷ്ട്രീയക്കാരുടെ ഒന്നാം ധര്‍മ്മമാണ്. അത് ജനങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയക്കാര്‍ ഈ ഇടക്കാലത്ത് ജീവനക്കാര്‍ക്ക് നല്‍കേണ്ട പരിശീലനമാണ്. ഒരാളുടെ വിഷമം അറിയുന്നത് ഒരു പൊതുപ്രശ്‌നത്തെ മനസ്സിലാക്കലാവുന്നതും അനുസൃതമായ പാര്‍ട്ടി നയങ്ങളും ക്രമങ്ങളും നിയമങ്ങളുമുണ്ടാക്കുന്നതും അതിന് പകരമാവില്ല, മറിച്ചും.
അതല്ലേ, ഈ മരണസന്ദര്‍ഭം കേരള ജനായത്തത്തോട് പറയുന്നത്?