ഒരേയൊരു
ഉമ്മൻചാണ്ടി

‘‘എന്റെ പൊതുജീവിതത്തിൽ കൈപിടിച്ച, തണലേകിയ മഹാവൃക്ഷം വീണു. അക്ഷരാർത്ഥത്തിൽ നികത്താനാവാത്ത ശൂന്യതയാണ് രാഷ്ട്രീയ കേരളത്തിൽ ഉമ്മൻചാണ്ടി ബാക്കിയാക്കി മടങ്ങുന്നത്; വ്യക്തിപരമായി താങ്ങാനാവാത്ത വിയോഗവാർത്തയാണ് പുലർച്ചെ തേടിയെത്തിയത്’’- പി.സി. വിഷ്ണു​നാഥ്​ എഴുതുന്നു.

‘ഉമ്മൻ ചാണ്ടി സാർ ...’, അങ്ങനെ വിളിച്ചപ്പോഴും ഒരു ജ്യേഷ്ഠസഹോദരന്റെ സ്നേഹം പകർന്നാണ് ചേർത്തുനിർത്തിയത്.

എന്റെ പൊതുജീവിതത്തിൽ കൈപിടിച്ച, തണലേകിയ മഹാവൃക്ഷം വീണു. അക്ഷരാർത്ഥത്തിൽ നികത്താനാവാത്ത ശൂന്യതയാണ് രാഷ്ട്രീയ കേരളത്തിൽ ഉമ്മൻചാണ്ടി ബാക്കിയാക്കി മടങ്ങുന്നത്; വ്യക്തിപരമായി താങ്ങാനാവാത്ത വിയോഗവാർത്തയാണ് പുലർച്ചെ തേടിയെത്തിയത്.

സാധാരണ കെ.എസ്.യു പ്രവർത്തകനായ എന്നെ സംസ്ഥാന പ്രസിഡന്റും യൂത്ത് കോൺഗ്രസ് അമരക്കാരനും നിയമസഭാംഗവുമെല്ലാമാക്കി മാറ്റിയതിൽ ഉമ്മൻചാണ്ടി എന്ന നേതാവ് വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്; അവസാനം വരെ അദ്ദേഹത്തോട് ചേർന്ന് നിൽക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.

ഉമ്മൻ ചാണ്ടിയും പി.സി. വിഷ്ണുനാഥും
ഉമ്മൻ ചാണ്ടിയും പി.സി. വിഷ്ണുനാഥും

വ്യക്തിപരമായ അനുഭവം മാറ്റിവെച്ച്, കേരള രാഷ്ട്രീയത്തിന് ഉമ്മൻചാണ്ടി എന്ന മനുഷ്യൻ എന്തെല്ലാമായിരുന്നു എന്ന് വാക്കുകളിൽ വിവരിക്കാൻ വയ്യ.

‘വിശ്രമിച്ചാല്‍ ക്ഷീണിക്കുന്ന ഒരേയൊരാള്‍’-കോവിഡ് മഹാമാരിയുടെ ദംശനമേറ്റ് ആശുപത്രിയുടെ ഏകാന്തതയില്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ചില മാധ്യമ സുഹൃത്തുക്കള്‍ നല്‍കിയ വിശേഷണം ഇങ്ങനെയായിരുന്നു. തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടി, എല്ലാ ജില്ലകളിലും ഓടിയെത്തി, ആള്‍ക്കൂട്ടത്തിലൂടെ മാത്രം ഒഴുകിനീങ്ങിയ ഒരു മനുഷ്യന്‍ പെട്ടന്ന് ആളും ബഹളവുമില്ലാത്ത ഒരു മുറിയിലേക്ക് എടുത്തെറിയപ്പെട്ടതുപോലെ. ഓടിത്തളര്‍ന്ന സഹപ്രവര്‍ത്തകരെല്ലാം വിശ്രമം കൊതിച്ചപ്പോള്‍, വിശ്രമിച്ചാല്‍ ക്ഷീണിച്ചുപോകുന്ന അപൂര്‍വതയാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ വേറിട്ടുനിര്‍ത്തുന്ന പ്രത്യേകതകളില്‍ ഒന്നെന്ന് എക്കാലവും തോന്നിയിട്ടുണ്ട്.

ബഹുജന സമ്പര്‍ക്ക പരിപാടി എന്നു പറഞ്ഞാൽ ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നിന്ന്​ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന എന്തോ ആണെന്നാണ് പലരും കരുതിയത്. എന്നാല്‍ അങ്ങനെയല്ല. ഗവൺമെന്റും ജനങ്ങളും തമ്മിലുള്ള തടസ്സങ്ങള്‍ എന്താണെന്ന് ജനങ്ങളില്‍നിന്ന് നേരിട്ട് മനസ്സിലാക്കാനാണ് അദ്ദേഹം ഈ പരിപാടി നടത്തിയത്.

അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ച അവസരങ്ങളില്‍ നിരവധി തവണ നേരിട്ട് അനുഭവിച്ച യാഥാര്‍ത്ഥ്യമാണത്. പക്ഷികള്‍ക്ക് ആകാശച്ചാലുപോലെയാണ് ഉമ്മന്‍ചാണ്ടിക്ക് ജനക്കൂട്ടമെന്ന് ആലങ്കാരികമായി പറയുകയല്ല. ആള്‍ക്കൂട്ടത്തിലൂടെ ഒരൊഴുക്കാണ്. കേവലം സഞ്ചാരമല്ല, ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞുള്ള യാത്ര. അതിന്റെ അനുപമമായ രൂപഭാവമായിരുന്നല്ലോ ജനസമ്പര്‍ക്ക പരിപാടികള്‍; അതല്ലാതെയും, ഏതു നേരവും ഏതു വഴിയിലും അദ്ദേഹത്തെ സ്‌നേഹാശ്ലേഷംകൊണ്ട് പൊതിയാന്‍ കാത്തുനില്‍ക്കുന്ന ഒത്തിരി മനുഷ്യര്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്നു.

അദ്ദേഹത്തോടൊപ്പമുള്ള ഓരോ സന്ദര്‍ഭവും ഓരോ പുതിയ പാഠങ്ങളാണ് പകർന്ന് തന്നത്; ചിലത് നിത്യവിസ്മയങ്ങളുമാണ്. എപ്പോഴും ഓര്‍ക്കാറുള്ള ഒരനുഭവം ആലപ്പുഴ ജില്ലയിലെ ബഹുജന സമ്പര്‍ക്ക പരിപാടിയാണ്. രാവിലെ 9.30ന് തുടങ്ങേണ്ട പരിപാടിക്ക് 8.30-നുതന്നെ അദ്ദേഹം ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തി ഉദ്യോഗസ്ഥന്മാരുമായും ജനപ്രതിനിധികളുമായും ചെറിയൊരു കൂടിക്കാഴ്ച നടത്തി; പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തില്‍ ക്രമീകരണങ്ങളെല്ലാം നടന്നുവോ എന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് പരിപാടിയിലേക്ക് തിരിച്ചത്.
കൃത്യം ഒമ്പതിന് ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദയിലെത്തി പരാതികളും നിവേദനങ്ങളും സ്വീകരിക്കാന്‍ തുടങ്ങി. അന്ന് ആലപ്പുഴയില്‍ നിന്നുള്ള യു.ഡി.എഫിന്റെ നിയമസഭാ സാമാജികരായ രമേശ് ചെന്നിത്തലയും ഞാനും അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്നു. എല്‍. ഡി.എഫിന്റെ എംഎല്‍എമാര്‍ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞും അദ്ദേഹം ഒരേ നില്‍പ്പില്‍ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുകയായിരുന്നു. വൈകിയിട്ടും അതങ്ങനെ തുടരുകയായിരുന്നു. മുഖ്യമന്ത്രി പരാതികള്‍ സ്വീകരിക്കുന്നതിന് സാക്ഷിയായി ഞങ്ങള്‍ നിന്നു. രാത്രി 12 മണിയായപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു: ഇനിയുള്ള ആളുകളില്‍ നിന്ന് ഒരുമിച്ച് പരാതികള്‍ സ്വീകരിച്ച്, പരിശോധിച്ച് അതിന്റെ വിവരം അവരെ അറിയിച്ചാല്‍ പോരേ? കാണാനെത്തിയവരെ നിരാശരാക്കരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അര്‍ധരാത്രിയായി, ഉച്ചഭക്ഷണം പോലും കഴിച്ചിട്ടില്ല, ഇടയ്ക്ക് കുടിക്കുന്ന വെള്ളം മാത്രം. നിന്നുകൊണ്ടു തന്നെയാണ് മിക്ക സമയവും പരാതി സ്വീകരിക്കുന്നത്. ഇടക്കെപ്പോഴെങ്കിലും ഒന്ന് ഇരുന്നാലായി. അതിനാലാണ് അത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, തന്നെ കാണാനെത്തിയ അവസാനത്തെ ആളെയും കണ്ടിട്ടേ മടങ്ങൂ എന്ന ദൃഢനിശ്ചയമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. കൂടെ നിന്ന എല്ലാവരും ക്ഷീണിച്ചിരുന്നു. ആ പന്തലില്‍ തന്നെ രണ്ട് ബെഞ്ച് അടുപ്പിച്ചിട്ട് അരമണിക്കൂറോളം ഞാന്‍ അവിടെ കിടന്നുറങ്ങി. ഉണര്‍ന്ന് എഴുന്നേറ്റപ്പോഴും അദ്ദേഹം പരാതി കേള്‍ക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്കാണ് ജനസമ്പര്‍ക്ക പരിപാടി അവസാനിച്ചത്.

സഹപ്രവര്‍ത്തകരോടുള്ള കരുതലും അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതയാണ്; പിതൃനിര്‍വിശേഷമായ സ്‌നേഹത്തോടെ വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ അന്വേഷിച്ചറിയാനും ഇടപെടാനും എന്നും ശ്രദ്ധിച്ചു. ഇത് എന്റെ മാത്രം അനുഭവമല്ല.

പുലര്‍ച്ചെ അദ്ദേഹത്തോടൊപ്പം ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തി. രണ്ടാം ദിവസമെത്തിയപ്പോഴാണ് ആദ്യമായി ഭക്ഷണം കഴിക്കാന്‍ ഇരുന്നത് എന്നോര്‍ക്കണം. കുറച്ച് കഞ്ഞിയും പയറും കഴിച്ചു. ഇനി സാറ് ഒരല്പം വിശ്രമിച്ചോളൂ. ഞങ്ങള്‍ കാത്തുനില്‍ക്കാം എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. അപ്പോള്‍ തന്നെ ബാത്ത് റൂമിലേക്ക് കയറി ഒന്ന് ഫ്രഷായി വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങുകയാണ്. എറണാകുളത്ത് രാവിലെ എട്ടുമണിക്ക് പരിപാടിയുണ്ട്. കിടന്നാല്‍ വൈകും. നേരെ തൃപ്പൂണിത്തുറയിലേക്ക് തിരിച്ചു.

ബഹുജന സമ്പര്‍ക്ക പരിപാടി എന്നു പറഞ്ഞാൽ ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നിന്ന്​ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന എന്തോ ആണെന്നാണ് പലരും കരുതിയത്. എന്നാല്‍ അങ്ങനെയല്ല. സര്‍ക്കാറിന്റെ ഭരണസംവിധാനത്തില്‍ നിന്ന്​ നീതി ലഭിക്കുന്നതിന് ജനങ്ങള്‍ക്ക് ഒരുപാട് തടസ്സങ്ങളുണ്ട്. ചിലപ്പോള്‍ സര്‍ക്കാര്‍ ശ്രമിച്ചാലും നടക്കാതെ വരുന്ന കാര്യങ്ങളുണ്ട്. ഗവൺമെന്റും ജനങ്ങളും തമ്മിലുള്ള ഈ തടസ്സങ്ങള്‍ എന്താണെന്ന് ജനങ്ങളില്‍നിന്ന് നേരിട്ട് മനസ്സിലാക്കാനാണ് അദ്ദേഹം 14 ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. 14 ജില്ലയിലെയും ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയായ ശേഷം, ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിലെ ചുവപ്പുനാട പരിഹരിക്കാനുള്ള 44 ഉത്തരവുകളാണ് അദ്ദേഹം പുറത്തിറക്കിയത്. അതായിരുന്നു യഥാര്‍ത്ഥത്തില്‍ ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഉദ്ദേശ്യവും ലക്ഷ്യവും.

രാഹുൽ ഗാന്ധിയും ഉമ്മൻചാണ്ടിയും ഭാരത്​ ജോഡോ യാത്രയിൽ
രാഹുൽ ഗാന്ധിയും ഉമ്മൻചാണ്ടിയും ഭാരത്​ ജോഡോ യാത്രയിൽ

ഒരാള്‍ക്കെങ്കിലും സാന്ത്വനത്തിന്റെ കരതലം നീട്ടിയാല്‍ നമുക്ക് ലഭിക്കുന്ന ആശ്വാസമുണ്ടല്ലോ; അത്തരം അനേകായിരങ്ങളുടെ ആശ്വാസം ചലനോര്‍ജ്ജമായി ഒരു മനുഷ്യന് ആത്മവിശ്വാസം പകരുന്ന കാഴ്ചയാണ് കേരളം കണ്ടത്.

ജനങ്ങളോടുള്ള കാരുണ്യം പോലെതന്നെ, സഹപ്രവര്‍ത്തകരോടുള്ള കരുതലും അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതയാണ്; പിതൃനിര്‍വിശേഷമായ സ്‌നേഹത്തോടെ വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ അന്വേഷിച്ചറിയാനും ഇടപെടാനും എന്നും ശ്രദ്ധിച്ചു. ഇത് എന്റെ മാത്രം അനുഭവമല്ല.

തന്നെ അനുകരിച്ച കൊച്ചുകുഞ്ഞിന്റെ കലാപ്രകടനം ആസ്വദിച്ച് ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വീഡിയോ വൈറലായിരുന്നു. ശരിക്കും തോന്നാറുണ്ട്, അദ്ദേഹം കുഞ്ഞുങ്ങളുടെയും കുഞ്ഞൂഞ്ഞാണെന്ന്. കേള്‍വിത്തകരാറുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയാപദ്ധതിയുള്‍പ്പെടെ, വീടില്ലാത്ത സ്‌കൂള്‍ കുട്ടിക്ക് വീടുള്‍പ്പെടെ ആ മനസ്സിന്റെ നന്മകള്‍ ഇളംതലമുറയും ആവോളം അനുഭവിച്ചതാണല്ലോ.

ശത്രുവായി സ്വയം കരുതി മാറിനില്‍ക്കുന്ന വ്യക്തികളോടുവരെ സ്‌നേഹത്തോടെ, വിദ്വേഷമില്ലാതെ ഇടപെടാന്‍ സാധിക്കുന്ന എത്ര മനുഷ്യര്‍ നമുക്കിടയില്‍ കാണും, ഇത്രയേറെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഒന്ന് ദേഷ്യപ്പെടാത്ത എത്രപേര്‍ നമുക്കിടയില്‍ കാണും? ഉമ്മന്‍ചാണ്ടിയെ അടുത്തറിയും തോറും അത്ഭുതമാകാറുണ്ടെന്ന് ചിലര്‍ പറയുന്നത് വെറുതെയല്ല.

വിശ്രമിക്കാന്‍ ഇഷ്ടപ്പെടാത്തെ മനുഷ്യൻ; തളരാത്ത, തകരാത്ത ആത്മധൈര്യത്തിന്റെ ഊര്‍ജ്ജ പ്രവാഹമായി, മലയാളിയുടെ മനസ്സിലെ ജനനായക സങ്കല്പങ്ങള്‍ മാറ്റിയെഴുതിയ അസാധാരണ രാഷ്ട്രീയ പ്രതിഭ, പറഞ്ഞറിയിക്കാനാവാത്ത ശൂന്യത ബാക്കി വെച്ചാണ് വിട വാങ്ങുന്നത്. ആ നഷ്ടം എന്നെ സംബന്ധിച്ച് വാക്കുകളിൽ വിവരിക്കാനാവില്ല.

ഉമ്മൻചാണ്ടി എന്ന പേരിൽ മാത്രമല്ല, അനുഭവത്തിലും ഒരാളേ ഉള്ളൂ. ഉമ്മൻചാണ്ടിക്ക് പകരം മറ്റൊരു ഉമ്മൻചാണ്ടി ഇനി ഉണ്ടാവുകയുമില്ല.

Comments