കൊയോങ്കരയിലെ കളിപ്പന്തൽ നേരങ്കത്തിനായി ആഞ്ഞുനില്ക്കുന്ന ചേകോന്മാർ.
എന്തും സംഭവിക്കാം...
കാണികൾ ശ്വാസമടക്കി.
കെട്ടിയുടുപ്പിലെ ആകാരസൗഷ്ഠവത്തിൽ പൊയ്ത്തുകാരുടെ മേനി തിളങ്ങി. അങ്കക്കലിയിലേക്ക് ചെമ്പകപ്പൂക്കൾ ഉതിർന്നുവീണു കൊണ്ടിരുന്നു...
ചെമ്പകച്ചില്ലയിൽ പൂവമ്പൻ കാറ്റിലുലഞ്ഞു...
പുരക്കളിപ്പണിക്കന്മാരുടെ കടുത്ത ശരീരത്തിൽ മീനം പൊള്ളിത്തിളങ്ങി.
കടപ്പുറത്തെ പൊക്കനു കുണിയനിലെ ദാമോദരനുമാണ് അംഗത്തട്ടിൽ നേർക്കുനേർ.
കഠിനാധ്വാനത്തിൻ്റെ മുരത്ത ശരീരത്തിൽ തട്ടി സംസ്കൃതം ചിന്നിച്ചിതറി..
ചെമ്പകപ്പൂക്കളുലർന്ന നട്ടുച്ചയിൽ പൊക്കൻ പണിക്കർ ദാമോദരൻ പണിക്കർക്ക് താംബൂലം നല്കി.
മർത്ത് കളിയുടെ കദനയ്ക്ക് തീ കൊടുത്തു.
പൊക്കൻ പണിക്കർ നാഗവല്ലിയുടെ സർവ്വൈശ്വര്യത്തെയും കുറിക്കുന്ന പദ്യം ചൊല്ലി.
കടുകട്ടി.
സംസ്കൃതത്തിൻ്റെ ഗാഭീര്യങ്ങൾ കൊയോങ്കര പൂമാലക്കാവിലെ കളിപ്പന്തലിൽ പപ്പടം പൊടിയുന്നത് പോലെ പൊടിഞ്ഞു. പദവും അന്വയവും പരിഭാഷയും പൊക്കൻ പണിക്കർ തെളിഞ്ഞ അക്ഷരസ്ഫുടതയോടെ കർണ്ണാനന്ദ കരമായ ഈണത്തിൽ സമർത്ഥിച്ചു.
എതിരാളി നിസ്സാരക്കാരനല്ല.
കളിപ്പന്തലിലെ വ്യാഘ്രപാദൻ കുണിയൻ ദാമോദരൻ പണിക്കർ. പന്തലിൽ ഫണമുലർത്തിയ ദാമോദരൻ പണിക്കരുടെ വീര്യത്തെ പ്രതിരോധിക്കുക അസാധ്യം.
പൊക്കൻ കടുപ്പപ്പെട്ടു.
കണിശതയുടെ രാകിത്തെളിഞ്ഞ മൂർച്ച.
കാവ്യശാസ്ത്രങ്ങളും വ്യാകരണങ്ങളും അലങ്കാര ശാസ്ത്രങ്ങളും മാലപ്പടക്കങ്ങൾ പോലെ പൊട്ടിത്തകർത്തു.
സംസ്കൃത സാഹിത്യത്തിൻ്റെ പാണ്ഡിത്യ പ്രകടനങ്ങളിൽ ഒരു ഗ്രാമം കോരിത്തരിച്ചു.
എല്ലാം എല്ലാവർക്കും തിരിയില്ല.
അതാണ് പൂരക്കളിയിലെ തർക്കമായ മറത്തുകളിക്കമ്പം. കൊയോങ്കരയിലെ തീയ്യന്മാർ ഉഷ്ണിച്ചു. ആര് ജയിക്കും ആര് തോല്ക്കുമെന്നത് ഒരു നിലയ്ക്കും പ്രവചിക്കാനായില്ല. പണ്ഡിത സാർവ്വഭൗമനായ ഒ. കെ. മുൻഷിയെന്ന കളി നിയന്ത്രിക്കുന്ന അദ്ധ്യക്ഷൻ തർക്കത്തിൻ്റെ എല്ലാ സ്വാതന്ത്ര്യവും അനുവദിച്ച് പൂർണ്ണചന്ദ്രനെ പോലെ വിളങ്ങി. തർക്കം താംബൂലത്തിലേക്കും രാശിയിലേക്കും ദീപത്തിലേക്കും ശക്തിയിലേക്കും പ്രവേശിച്ചു. വാഗ്മിതയുടെ കരിമരുന്നറകൾ ഇടിമുഴക്കത്തോടെ ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു. കുണിയനിലെയും കടപ്പുറത്തെയും കറുത്തു മെലിഞ്ഞ വാല്യക്കാർ സംസ്കൃതമെന്ന ദേവഭാഷയുടെ ഉത്തുംഗ ശൃംഗങ്ങൾ ചവുട്ടിത്തകർത്തു കൊണ്ടിരുന്നു. വാല്യക്കാരായ തീയ്യന്മാരുടെ തീയ്യാളുന്ന മുഞ്ചിനു മുന്നിൽ തോറ്റുപോകുന്ന സംസ്കൃതത്തിൻ്റെ പാണ്ഡിത്യ ഗരിമകൾ.
പൊക്കൻ പണിക്കർ പിൻവാങ്ങുമ്പോൾ ഉത്തര കേരളത്തിൻ്റെ അഭിമാന്യമായ മറത്തുകളിയുടെ ജീവിച്ചിരിക്കുന്ന ഒരു ചരിത്രം കൂടിയാണ് ഇരുളിലാണ്ടു പോകുന്നത്. 96 വയസ്സിലാണ് പൊക്കൻ പണിക്കരെന്ന ജ്ഞാനവൃദ്ധൻ മിഴിയടക്കുന്നത്. 96 വയസ്സ്, അത് നമ്മുടെ മറത്ത് കളിയുടെ ആയുസ്സ് തന്നെയാണ്. കേവലം നൂറോ നൂറ്റമ്പതോ വർഷത്തെ ആയുസ്സ് മാത്രമേ മറ്റൊരു രംഗാവിഷ്കാരത്തിനും പകരമല്ലാത്ത നമ്മുടെ സ്വന്തം മറത്ത് കളിക്കുള്ളൂ.
രാമന്തളി കൃഷ്ണൻ പണിക്കരും പൊക്കൻ പണിക്കരും കുണിയൻ ദാമോദരൻ പണിക്കരും പിലിക്കോട് മാധവൻ പണിക്കരും വെങ്ങര കൃഷ്ണൻ പണിക്കരും അവരുടെ സമകാലികരായ മറ്റ് പണിക്കന്മാരുമാണ് ആധുനിക മറത്തു കളിയുടെ പ്രയോക്താക്കൾ. പൂരക്കളിയെന്ന ആയോധനത്തിലധിഷ്ഠിതമായ അനുഷ്ഠാന കലാവിഷ്കാരത്തെ മർത്ത് കളിയെന്ന സംസ്കൃത സംവാദം കൂടി ഉൾപ്പെടുത്തി അനന്യമായ ഒരനുഷ്ഠാനാവിഷ്കാരമാക്കി പരിഷ്കരിച്ചു. പൂരക്കളി പണിക്കന്മാർ വടക്കൻ കേരള ഗ്രാമങ്ങളിൽ ആടിപ്പാടി അവതരിപ്പിച്ചു. ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത കലയും കളിയും സകലശാസ്ത്രങ്ങളും ആട്ടവും പാട്ടുമുള്ള ഒരു സമ്പൂർണ്ണ കലാസൃഷ്ടി നമ്മുടെ നാടിന് മാത്രം സ്വന്തമായുണ്ടായിരുന്നു.
ചുഴലി മാധവൻ കുരിക്കൾ, ശിരോമണികുഞ്ഞിക്കോരൻ പണിക്കർ, തെക്കേത്തലക്കൽ രാമൻ പണിക്കർ, കീനേരി ചിരുകണ്ടൻ പണിക്കർ, വയലിൽ കുഞ്ഞിരാമൻ പണിക്കർ തുടങ്ങിയ ഗുരുക്കന്മാർ ബീജാവാപം നടത്തിയ ഒരു മഹാസംസ്കാരം അവരുടെ ശിഷ്യന്മാരായ പുരക്കളി പണിക്കന്മാരിലൂടെ ഉത്തര മലബാറിലെ പൂമാലക്കാവുകളിൽ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു. ഒരു രാവിലെ തുടങ്ങി പിറ്റെന്നാൾ ഉച്ചയോടെ അവസാനിക്കുന്ന കളിക്കാലം. കളിക്കമ്പം.
ഇത് ഉത്തരമലബാറിന് മാത്രം സ്വന്തം.
പൊക്കൻ പണിക്കർ ഉറുമാലഴിക്കുമ്പോൾ ഒരുകാലവും ചരിത്രവും പിൻമടങ്ങുന്നുവെന്ന് വെറുതെ പറയുന്നതല്ല.
ഉച്ചയ്ക്ക് തുടങ്ങി രാത്രിയിൽ അവസാനിക്കുന്ന പുതുകാല കളിക്കാർക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണ് പഴയ കാലത്തെ രാപകൽ നീണ്ടു നില്ക്കുന്ന കളികൾ. പണിക്കന്മാരുടെ അതി കഠിനമായ പരിശീലനവും പഠനവും.
പൊക്കൻ പണിക്കർ പഴയകാല ആചാര്യ പരമ്പരയിലെ അവസാന കണ്ണിയാണ്. ചന്തനാണ് പൊക്കൻ്റെ അച്ഛൻ. അമ്മ കുഞ്ഞാതി. ചന്തേരയിൽ ജനിച്ചു. പൊക്കൻ പണിക്കർ പിന്നീട് വലിയപറമ്പ് കടപ്പുറത്ത് സ്ഥിരതാമസമാക്കി. ചന്തേര എലിമെൻററി സ്കൂളിലും കരിവെള്ളൂർ മാന്യഗുരു സ്കൂളിലുമായി ആറാംതരം വരെ പഠിച്ചു. ചെറുപ്രായത്തിൽ തന്നെ പൊക്കനെന്ന തീയ്യ ച്ചെക്കൻ പതിനെട്ട് പൂരമാലകൾ ഹൃദിസ്ഥമാക്കി പുറപ്പന്തലിലും അകപ്പന്തലിലും പാടിക്കളിച്ചു. സംസ്കൃത കാവ്യങ്ങളും വ്യാകരണവും പഠിക്കുന്നതിനായി ഗുരുക്കന്മാരെ തേടി.
അപ്പു പണിക്കരുടെ അടുത്ത് നിന്ന് പ്രാഥമിക പാഠങ്ങൾ പഠിച്ചു. അക്കാലത്തെ സംസ്കൃത സാഹിത്യത്തിൻ്റെയും വേദാന്ത വ്യാകരണാദി വിഷയങ്ങളുടെ ഹിമാലയ സാനുക്കളായ കല്ലുവളപ്പിൽ ശിരോമണി കുഞ്ഞിക്കോരൻ പണിക്കരുടെയും മമ്പലം തെക്കേത്തലക്കൽ രാമൻ പണിക്കരുടെയും ശിഷ്യത്വം സ്വികരിച്ചു. ഗുരുകുല സമ്പ്രദായത്തിൽ സംസ്കൃതത്തിലെ വിവിധ വിഷയങ്ങൾ പഠിച്ചു. പതിനഞ്ച് വയസ്സു മുതൽ 96 വയസ്സുവരെ കാവ്യങ്ങളുടെയും അലങ്കാരങ്ങളുടെയും വേദാന്ത ചിന്തയുടെയും ലോകത്ത് ജീവിച്ചു. 18 നിറങ്ങൾ പാടിയാടി. എണ്ണമറ്റ തർക്ക സഭകളെ വാദപ്രതിവാദം കൊണ്ട് പ്രകമ്പനം കൊള്ളിച്ചു. യോഗസൂത്രവും ഭരത ശാസ്ത്രവും നാട്യോല്പത്തിയും ചിദംബരവും നാടകയോഗിയും ആണ്ടും പള്ളും പാടിയാടി. 96-ാമത്തെ വയസ്സിൽ പഞ്ചഭൂതസ്ഥിതമായ സ്വശരീര പഞ്ജരം പൊളിച്ച് അനശ്വരമായ ശക്തിയിൽ വിലയം പ്രാപിച്ചു.
പൊക്കൻ പണിക്കരുടെ തലമുറയിൽ പെട്ട പഴയതലമുറയിൽ വിരലിലെണ്ണാവുന്ന മറത്ത് കളി ആചാര്യന്മാർ മാത്രമാണിന്ന് ശേഷിക്കുന്നത്. പാണ്ഡിത്യത്തിൻ്റെ മഹാമേരുക്കൾ കീഴടക്കിയ, സംസ്കൃതത്തിലും മണിപ്രവാളത്തിലും മലയാളത്തിലുമായി അനേകമനേകം കാവ്യങ്ങൾ കെട്ടിയുണ്ടാക്കിയ മഹാമനീഷിയും കാവ്യ കാരനുമായ പൊക്കൻ പണിക്കരെന്ന തീയ്യനെ ചരിത്രം എങ്ങനെയാണടയാളപ്പെടുത്തുക.
ഇന്ന് 75 പിന്നിട്ട മനുഷ്യരുടെ പൂർവ്വകാല സ്മൃതികളിൽ അതേ ചെമ്പകച്ചില്ലകൾ പൂക്കുകയാണ്. പൂക്കുരിയയേന്തിയ പൂക്കുഞ്ഞുങ്ങളെ കണ്ട അനംഗൻ്റെ സുസ്മേര വദനം.
കീറ്റോല കെട്ടിപ്പടുത്തലങ്ങരിച്ച കളിപ്പന്തൽ. മധ്യത്തിൽ കൊത്തുപണികൾ കൊണ്ട് പ്രശോഭിക്കുന്ന ചിത്രസ്തംഭം.
നിലവിളക്കിലാളുന്ന ചൈതന്യജ്വാല.
ചെമ്പപ്പൂ ഗന്ധം.
മീന വെയിൽച്ചന്തം.
ചുവന്ന ചല്ലനും ചൊറയുമുടുത്ത് കറുത്ത ഉറുമാൽ കെട്ടിയ നാട്യാചാര്യൻ പൊക്കൻ പണിക്കരുടെ നേരംഗം.
"അഷ്ടവർണ്ണേ സുമാളിംചാ -
നുഷ്ഠാപ്രാസേരുണാംബുജം
ഖണ്ഡിതാ സാകരോദ്രംഗാൽ
പുണ്ഡരികേഷുകുർദ്ദനം"
അലങ്കരിച്ച നടയരങ്ങിൽ ആട്ടക്കാരൻ പൊക്കൻ പണിക്കരല്ല ചുവട് വെച്ച് വെളക്കിനാഞ്ഞാടുന്നത്. പതിനെട്ട് പൂരമാലകളിലെ ഒന്നാം നിറത്തിൻ്റെ ലാസ്യ സൗഭഗത്വം.
കരങ്ങളിൽ ചെന്താമരപ്പുഷ്പമേന്തി അപ്സര കന്യയായ രംഭ നടിക്കുകയാണ്. കൊയോങ്കരപ്പൂമാലക്കാവണ് നാട്യമണ്ഡപം. രംഭ വടക്കൻ കേരളത്തിലെ പാറ്റയൊ പാറു വോ ചിരിയോ കുംഭയോ കുഞ്ഞാതിയോ ആരുമാകാം.
ചെന്താരപ്പൂക്കളമായി നാട്ടുപെണ്ണ് പാടിയാടുകയാണ്.
"നാരായണ നാരായണ
വാസുദേവ കൈ തൊഴുന്നേൻ
കണ്ണനുണ്ണി ഗോപാലകൻ
കന്നിമാരേ ചേലവാരി ... "
പൂവാളി രാഗത്തിൽ അനുഷ്ഠുപ്പ് പ്രാസത്തിൽ നോംഗ നടനത്തിൽ തീസ്ര താളത്തിൽ കാമൻ നഷ്ടപ്പെട്ട നാട്ടു പെണ്ണാടുകയാണ്.
വലത് കാൽ മുമ്പിൽ വെച്ച് കൈ കൊട്ടി ഇടത് കാൽ പിന്നോട്ട് മടക്കി ഉയർത്തിവെച്ച് വലതുകാൽ പിന്നോട്ട് വെച്ച്. ഇടതുകാൽ അരികിൽ വെച്ച് ആട്ടം ആവർത്തിക്കുന്നു.
18 നിറങ്ങളുള്ള പൂരക്കളിയിലെ പൂരമാലയിലെ ഒന്നാം നിറം. പന്തലിൽ 18 നിറങ്ങളിൽ 18 പൂക്കൾ ചൂടി പൊക്കനെന്ന തീയ്യച്ചെക്കൻ പെണ്ണുങ്ങൾക്ക് വേണ്ടി നടിച്ച് കാണിച്ചു. കാമനെ ചുട്ടു കൊന്നപ്പോൾ കാമനെ കാമത്തെ തിരികെത്തരാൻ വേണ്ടി പതിനെട്ട് പൂക്കളുെടെ മാല കോർത്ത് 18 പെണ്ണുങ്ങൾ പാടിയാടിയാണ് 18 നിറങ്ങളുള്ള പൂരക്കളി ഉണ്ടായത്.
പതിനെട്ട് പെണ്ണുങ്ങൾ
പതിനെട്ട് പൂക്കൾ
പതിനെട്ട് നിറങ്ങൾ
പതിനെട്ട് പാട്ടുകൾ
പതിനെട്ട് ആട്ടങ്ങൾ…
തൃക്കരിപ്പൂരിലെയും പിലിക്കോട്ടെയും കുണിയനിലെയും പയ്യന്നൂരിലെയും പെണ്ണുങ്ങൾ കാമത്തിലേക്ക് നടന്നുകയറിയ സ്വാതന്ത്ര്യത്തിൻ്റെ പടവുകൾ കൂടിയാണ് ഒന്നാം തരം മുതൽ 18-ാം തരം വരെയുള്ള പുരമാല പാട്ടുകൾ. മുട്ടിറങ്ങിയ തെരുവൻ മുണ്ടുടുത്ത് ഉറുമാൽ കെട്ടിയ മറ്റൊരു കളിപ്പന്തലിൽ പൊക്കൻ പണിക്കർ ആണ്ടും പള്ളും പാടിക്കളിക്കുകയാണ്. വിത്തും കൈക്കോട്ടുമായി ആണ്ടനും ആണ്ടിച്ചിയും പള്ളനും പള്ളത്തിയുമുണ്ട്.
ഉഴുത് മറിച്ച ചളിക്കണ്ടം.
ആണ്ടാനും ആണ്ടിച്ചിയുമായി വിത്ത് വിതക്കുകയാണ്.
മുറം നിറയെ നെൽവിത്തുകൾ.
മുട്ടോളം ചളിയിയിലിറങ്ങിയ തെരുവൻ മുണ്ടുടുത്ത സംസ്കൃതം.
പൊക്കനെന്ന തീയ്യൻ തീവെയിലിൽ പടുകയാണ്.
കൊടുത്ത വിത്തിനെ
തരത്തിലെന്നതും
പടുത്വമോടെ ഞാനുരൈത്തിടാം.
കറ്റവാർ കുഴവൻ രാജധാനി
കാരണൻ ഇല്ലിയൻ ചൊല്ലെഴും
അല്ലിവേടൻ ആനക്കോടനഴകൻ
ചൊല്ലാമാദിത്യൻ അപാലപ്പൂവൻ
ശോഭയേറും
തടൽകളനെന്നും പൊന്നരിയിൽ
കനൽ പിന്നകൻ പൊയ്യഴകൻ
പരിക്കപ്പനെല്ലും നല്ല
നീർവിളയാളിയും ആര്യൻ
നാഗവാസവ വിത്തിവയെല്ലാം
ബാല സോമൻ വളപ്പൊട്ടകനും
മണ്ണലാടനും കുറുവല്ലിയനും
പേരാടോൻ പെരിയൊരു
നീർമുഖൻ വിത്ത് കണ്ണൻ.
കയമവിത്ത്
ചെങ്കയമയല്ലിക്കണ്ണനും
കറുത്തല്ലിനയനും
തവളക്കണ്ണനും കരിയടക്കനും
-പെരുത്ത വാച്ചൻ
കോയിവാലനും
വളർന്ന കുട്ടനാടോടു - സോമനും
കരിഞ്ചൻ ബംഗാളത്തലവനും
വെളുത്തരിയനും കുറുവേലി
വങ്ക നിറങ്കനോ ടങ്കൺ വരകനും
കുതിരവാലനും പുതിയ തയ്യനും
വെളു വെളുത്ത പള്ളിയാരനും
നവതി കൊണാരൻ
കുളക്കയാന -കോടങ്ങു ചെന്താരിൽ മണിയനും ...
പാട്ടുകാരൻ ചളിയിലൂടെ ഞേങ്ങോലു പിടിച്ചു നടക്കുകയാണ്. കണ്ടത്തിൽ പണിയെടുത്താണ് പൂരക്കളി പണിക്കന്മാർ പതഞ്ജലിയെയും പാണിനിയെയും ചിദംബരനാഥനെയും പഠിച്ചത്. പട്ടിണിയും കഷ്ടപ്പാടുമാണ്. ജീവിക്കുക എന്നത് അന്ന് അത്രയും ദുഷ്കരമാണ്. ജാതിയുടെ എല്ലാ വിവേചനത്തെയും തരണം ചെയ്താണ് സംസ്കൃത പഠനം. പാട്ടും ചിന്തും പൊലിയുന്ന കഠിന ജീവിതപ്പാടമാണ് മുന്നിൽ.
മണി വിത്ത് വരി നെൽവിത്ത്
പുഞ്ചവിത്തഴകൻ വിത്ത്
കീരിപ്പല്ലകനും പൊന്നരീയനും
പഞ്ചമൂർക്കൻ മുണ്ടമുരിക്കൻ
നല്ല ജീരകശാല വിത്ത്
പള്ളക്കൻ സൂര്യവിത്ത്
ഇപ്പടി വിത്തെല്ലാമെ - അളന്നിതു വെവ്വേറായി
ആയ വിത്തുകളൊക്കവേ വാങ്ങി
മായമറ്റ വിലയും കുറിത്തു
പോന്നു പള്ളന്മാർ പള്ളിമാരോടും
ചെന്നുടൻ പരമപ്പള്ളൻ കയ്യിൽ ഒന്നൊഴിയാതെ വിത്തെല്ലാം നൽകി
പിന്നെ കാളകൾ കൊണ്ടു പോന്നിടാൻ ചേർന്നു കള്ളന്മാർ പട്ടണം പുക്കാർ..