കത്തോലിക്കാസഭയിലെ നവീകരണ ആശയങ്ങളുടെ വക്താവായിരുന്ന, എക്കാലത്തും ലോകസമാധാനത്തിന് വേണ്ടി നിലപാടുകളെടുത്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട. 2013-ൽ ബെനഡിക്ട് 16ാമൻെറ പിൻഗാമിയായാണ് അർജൻറീനക്കാരനായ ജോർജ് മാരിയോ ബർഗോളിയോ കത്തോലിക്കാ സഭയുടെ 266ാമത് മാർപ്പാപ്പയായി അവരോധിതനാവുന്നത്. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയും ഈശോസഭയിൽ (ജെസ്യൂട്ട്) നിന്നുള്ള ആദ്യ മാർപ്പാപ്പയുമായി അദ്ദേഹം ചരിത്രത്തിൽ അടയാളപ്പെടുത്തുന്നു. സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമന് ശേഷം യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യത്തെ മാർപ്പാപ്പ കൂടിയാണ്. ആഗോളവിഷയങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ നിലപാടുകൾക്ക് വേണ്ടി ലോകം കാതോർത്തിരുന്നിട്ടുണ്ട്. പലസ്തീനിലും യുക്രെയ്നിലും നടക്കുന്ന ക്രൂരതകൾക്കെതിരെയും യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കുമെതിരെയും അദ്ദേഹം ശബ്ദമുയർത്തി. മതത്തിൻെറ പേരിൽ പോലും മനുഷ്യർ തമ്മിൽ സംഘർഷങ്ങൾ നടക്കുന്ന കാലത്ത്, അക്രമങ്ങളില്ലാത്ത ഒരു ലോകം പുലരണമെന്ന് അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു.
1936 ഡിസംബർ 17-ന് അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ റെയിൽവേ ജീവനക്കാരനായ മാരിയോ ഗ്യൂസപ്പെ ബർഗോളിയോയുടെയും റെജീന മരിയ സിവോറി ഗോഗ്നയുടെയും മകനായാണ് ജനനം. മുസോളിനി ഇറ്റലി ഭരിച്ചിരുന്ന കാലത്ത് അവിടെ നിന്നും അർജൻറീനയിലേക്ക് കുടിയേറിയതാണ് കുടുംബം. ഏതൊരു അർജൻറീനക്കാരനെയും പോലെ വലിയ ഫുട്ബോൾ പ്രേമിയായിരുന്ന അദ്ദേഹം പഠനത്തിലും മിടുക്കനായിരുന്നു. യുവാവായിരുന്ന കാലത്ത് ഗുരുതരമായ ശ്വാസകോശരോഗം ബാധിച്ച് വലിയ ദുരിതകാലത്തെയാണ് അതിജീവിച്ചത്. 21ാം വയസ്സിൽ അസുഖം കാരണം ശ്വാസകോശത്തിൻെറ ഒരുഭാഗം മുറിച്ച് മാറ്റേണ്ടിവന്നു. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ ജോർജ് മാരിയോ 1969-ലാണ് ജെസ്യൂട്ട് വൈദികനാവുന്നത്. അൽപകാലം അധ്യാപകനായി ജോലി ചെയ്തതിന് ശേഷമാണ് വൈദികപഠനത്തിലേക്ക് തിരിയുന്നത്. 1992-ൽ ബിഷപ്പായ അദ്ദേഹം 1998-ൽ ബ്യൂണസ് ഐറിസിൻെറ ആർച്ച് ബിഷപ്പായി.
അർജൻറീനയിലെ സഭകളെ നയിച്ചിരുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിൻെറ നിലപാടുകൾക്ക് രാജ്യത്ത് വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിരുന്നു. പല വിഷയങ്ങളിലും സർക്കാരിനെ പരോക്ഷമായി വിമർശിച്ച ജോർജ് മാരിയോ സമൂഹത്തിൽ അവഗണന നേരിടുന്നവരുടെ വിഷയങ്ങൾ തൻെറ ഓരോ പ്രസംഗത്തിലും സംസാരിച്ച് കൊണ്ടേയിരുന്നു. മാർപ്പാപ്പയായതിന് ശേഷവും അദ്ദേഹം ഇത് തുടർന്നിരുന്നു. ബെനഡിക്ട് 16ാമൻെറ പിൻഗാമിയായി വളരെ അപ്രതീക്ഷിതമായാണ് ജോർജ് മാരിയോ മാർപ്പാപ്പയാവുന്നത്. സഭയിലെ പാരമ്പര്യവാദികളുടേയും നവീകരണവാദികളുടെയും പിന്തുണ ഒരുപോലെ തന്നെ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ലഭിച്ചിരുന്നു. കത്തോലിക്കാസഭയുടെ തലവനായി അവരോധിതനായപ്പോൾ അസ്സീസിയിലെ ഫ്രാൻസിസിൻെറ പേര് സ്വീകരിച്ചതോടെയാണ് ഫ്രാൻസിസ് മാർപ്പാപ്പയാവുന്നത്.

പാരിസ്ഥിതിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുണ്ടായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്ത വ്യവസ്ഥതയുടെ വിമർശകൻ കൂടിയായിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മരണത്തിന് തൊട്ടുമുൻപ് ഈസ്റ്റർ ദിനത്തിൽ പോലും അദ്ദേഹത്തിൻെറ പ്രാർത്ഥനകളിൽ ഉൾപ്പെട്ടിരുന്നത് ഗാസയിലെയും യുക്രെയ്നിലെയും അതിജീവിത ജനതയായിരുന്നു. അസുഖബാധിതനായി ആശുപത്രികിടക്കയിൽ ആയപ്പോൾ പോലും ഫ്രാൻസിസ് മാർപ്പാപ്പ ഗാസയിലെ ഹോളി ഫാമിലി പള്ളിയിലേക്കുള്ള തൻെറ ഫോൺ കോൾ മുടക്കിയിരുന്നില്ല. 2023 ഒക്ടോബർ 9-ന് ശേഷമാണ് അദ്ദേഹം ഇങ്ങനെയൊരു ശീലം തുടങ്ങിയിരുന്നത്. പലസ്തീനിലെെയും ഇസ്രായേലിലെയും ദുരിതം അനുഭവിക്കുന്ന ജനതയ്ക്കായി താൻ പ്രാർത്ഥിക്കുന്നുവെന്നും എത്രയും പെട്ടെന്ന് ഇവിടെ സമാധാനം പുലരണമെന്നും മാർപ്പാപ്പ തൻെറ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞിരുന്നു.
സഭയിലെ വൈദികർ തന്നെ കുറ്റകൃത്യങ്ങളുടെ ഭാഗമായി മാറുന്നതിനെതിരെ ശക്തമായ നിലപാടുകളാണ് ഫ്രാൻസിസ് മാർപാപ്പ എടുത്തിരുന്നത്. ബാലപീഡനത്തിനും ലൈംഗിക കുറ്റകൃത്യങ്ങൾക്കുമെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ ശബ്ദിച്ച് കൊണ്ടേയിരുന്നു. സഭയ്ക്കുള്ളിൽ നടന്ന അഴിമതികൾക്കെതിരെയും കൃത്യമായ നിലപാടുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇത്തരം വിഷയങ്ങളിൽ വൈദികരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. വിവാഹം, ഗർഭനിരോധനം, ഗർഭഛിദ്രം തുടങ്ങിയ വിഷയങ്ങളിൽ പരമ്പരാഗത കത്തോലിക്കാ ചിന്താഗതി തന്നെ വെച്ചുപുലർത്തിയിരുന്നുവെങ്കിലും സഭയുടെ ചരിത്രത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി വിപ്ലവകരമായ പല തീരുമാനങ്ങളും എടുത്തിട്ടുണ്ട് അദ്ദേഹം. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മാമോദീസ മുക്കാൻ അനുമതി നൽകിയത് ഫ്രാൻസിസ് മാർപ്പാപ്പയാണ്. സഭയിൽ ഗേ വൈദികരുണ്ടാവുന്നതിനോടും അദ്ദേഹം സാമ്പ്രദായിക നിലപാടുകളിൽ നിന്ന് വിരുദ്ധമായ നിലപാടാണ് എടുത്തിരുന്നത്. സ്വവർഗാനുരാഗികളായ പുരോഹിതരുടെ കാര്യത്തിൽ വിധി പറയാൻ താൻ ആരാണെന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട്. സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ലെന്ന പ്രഖ്യാപിച്ച മാർപാപ്പ ലൈംഗിക ന്യൂനപക്ഷങ്ങളെ സഭയിലേക്ക് സ്വാഗതം ചെയ്യണമെന്നും വൈദികരോട് ആവശ്യപ്പെട്ടു.
പുതിയ കാലത്തോടും യുവാക്കളോടും സംവദിക്കുന്നതിൽ മാർപ്പാപ്പയ്ക്ക് പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിൻെറ സാന്നിധ്യം ഉള്ളിടത്തേക്ക് എപ്പോഴും ആളുകൾ ഒഴുകിയെത്തി. അമിതമായ ഉപഭോഗ സംസ്കാരവും സാങ്കേതിക വിദ്യയുടെ അതിപ്രസരവും ഒഴിവാക്കാൻ മാർപ്പാപ്പ യുവാക്കളോട് ആവശ്യപ്പെട്ടിരുന്നു. "സന്തോഷം നിങ്ങളുടെ മൊബൈൽഫോണിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ഒരു ആപ്പല്ല," ഏകദേശം 19 മില്യൺ ഫോളോവേഴ്സുള്ള തൻെറ എക്സ് അക്കൗണ്ടിൽ മാർപാപ്പ കുറിച്ചു.
