എഴുത്തിനപ്പുറം വര,
വരയ്ക്കപ്പുറം കാലം

തന്റെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ വരയുടെ ആദ്യ പകുതിയില്‍ ആധുനികതയുടേയും മദ്രാസ് സ്‌കൂളിന്റെയുമൊക്കെ ശക്തമായ സ്വാധീനം പ്രകടിപ്പിച്ച നമ്പൂതിരി പിന്നീട് തന്റെ സാര്‍വത്രികമായ സ്വീകാര്യതയുടെ വരകളില്‍ നിന്നുപോയി എന്നതൊരു വാസ്തവമാണ്. അതൊരു അപരാധമല്ല, എല്ലാ ആഴ്ചയും വില്‍ക്കാന്‍ വേണ്ടി ഇറക്കുന്ന ഒരു ഉത്പ്പന്നത്തിനുവേണ്ടി വരയ്ക്കുമ്പോള്‍ വന്നുചേരുന്ന ഒഴിവാക്കാനാകാത്ത പ്രതിസന്ധിയാണ്.

രു ചിത്രകാരന്‍ കേരളത്തില്‍ ജനപ്രിയത എന്ന വലിയ മണ്ഡലത്തിലേക്ക് കയറിയിരിക്കുക എന്നത് അത്ര സാധാരണമായ ഒരു കാര്യമല്ല. ആര്‍ട്ടിസ്റ്റ് നമ്പൂതിരി അത് സാധ്യമാക്കിയ ചിത്രകാരനായിരുന്നു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വാക്കുകള്‍ക്കും എഴുത്തിനും സ്വാഭാവികമായുമുണ്ടായ സവിശേഷമായ ഇടത്തിലേക്ക് ഒപ്പം ചേര്‍ന്നിരുന്നുകൊണ്ടാണ് നമ്പൂതിരി തന്റെ വരയെ അത്തരത്തിലൊരു നിലയിലേക്കെത്തിച്ചത്. അതിന്​ ആനുകാലികങ്ങളിലെ ചിത്രംവര എന്നത് ഒരു ചിത്രകാരനെ സംബന്ധിച്ചിടത്തോളം അയാളുടെ വരജീവിതത്തിന്റെ മഹായാത്രകളില്‍ നിന്നുമുള്ള വഴിമാറിപ്പോകലായി ഭവിക്കാനുള്ള സാധ്യതകളാണേറെയും നല്‍കുക.

വാക്ക് കുലാധിപതിയായി വാഴുന്നോരിടത്ത് വര അതിന്റെ പകര്‍ത്തുകാരന്‍ മാത്രമായി ഒതുങ്ങാനാണ് സ്ഥലമുള്ളൂ. എഴുത്ത് കൈനീട്ടം കൊടുക്കുന്ന സ്ഥലത്തുവേണം ആനുകാലികങ്ങളിലെ വരക്കാരന് എഴുത്തിനെ വരച്ചിടാന്‍. എന്നാല്‍ എഴുത്തിനെ വരച്ചിടുക എന്നതിനപ്പുറത്തേക്ക് ആനുകാലികങ്ങളില് എഴുത്തുകള്‍ക്കൊപ്പമുള്ള ചിത്രസൃഷ്ടികളെ മാറ്റുന്നതിന് അതിന്റെ അനിവാര്യമായ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് തന്റെ വരജീവിതത്തിന്റെ പല കാലങ്ങളിലും ശ്രമിക്കുകയും ചിലപ്പോഴൊക്കെ സമര്‍ത്ഥമായി വിജയിക്കുകയും ചെയ്ത ചിത്രകാരനായിരുന്നു നമ്പൂതിരി.

എ.എസ്, എം.വി.ദേവന്‍ Photo / harikumar.com

ആനുകാലികങ്ങളിലെ വരക്കാര്‍ എഴുത്തുകാരെപ്പോലെ തങ്ങളുടേതായ ഒരു ലോകമുണ്ടാക്കി. ഇന്ത്യന്‍ ചിത്രകലയിലെ ആധുനികതയുടെ പരിശീലനക്കളരികളില്‍ നിന്നും ഇറങ്ങിവന്നതുകൊണ്ട് അതിന്റേതായ സാമ്പ്രദായികതാലംഘനത്തിനുള്ള ഔത്സുക്യവും അവരിലുണ്ടായിരുന്നു. ഒപ്പം തന്നെ ആനുകാലികങ്ങളില്‍ വന്നിരുന്ന സാഹിത്യസൃഷ്ടികളും ഈ പുതിയ ലോകബോധത്തെയും ആധുനികതയെയും ജനാധിപത്യബോധത്തെയും പ്രതിഫലിപ്പിക്കുകയും ചെയ്തു. പുരാണങ്ങളുടേയും അതിലെ ദൈവബിംബങ്ങളുടെയും സ്ഥാനത്ത് സാധാരണക്കാരായ മനുഷ്യരും അവരുടെ ജീവിതസംഘര്‍ഷങ്ങളും നിറഞ്ഞു. സ്വാഭാവികമായും അതിനൊപ്പമുള്ള വരകളിലേക്ക് ആ പുതിയ ലോകത്തിന്റെ ഊര്‍ജ്ജവും പുത്തന്‍ ഭാവുകത്വവും സന്നിവേശിക്കപ്പെട്ടു. കേരളത്തിലെ ആനുകാലികങ്ങളില്‍ എം.വി.ദേവന്‍, എ.എസ്​ (എ. ശിവരാമന്‍), നമ്പൂതിരി (വാസുദേവന്‍ നമ്പൂതിരി) എന്നിവര്‍ ഈ ഭാവുകത്വപരിണാമത്തിന്റെ ഏറ്റവും ഉന്മത്തമായ കാലത്ത് തുടങ്ങിയവരും അതിനെ മുന്നോട്ട് കൊണ്ടുപോയവരുമാണ്.

തകഴി, ഉറൂബ് , എം.ടി, വി.കെ.എന്‍, കോവിലന്‍, മുകുന്ദന്‍, മാധവിക്കുട്ടി എന്നിങ്ങനെ മലയാള സാഹിത്യം അതിന്റെ പുതുലോകയാത്ര അതിവേഗം നടത്തിക്കൊണ്ടിരുന്ന കാലത്ത് അതിന്റെ എല്ലാ ജൈവികപ്രസരിപ്പും നമ്പൂതിരിയുടെ വരകള്‍ ഉള്‍ക്കൊണ്ടിരുന്നു.

എഴുത്തിനൊപ്പമുള്ള വരയുടെ പരിമിതി അത് എഴുത്തിനപ്പുറത്തേക്കുള്ള സാധ്യതകളെ അതിന്റെ സ്വഭാവത്തില്‍ത്തന്നെ പരിമിതപ്പെടുത്തുന്നു എന്നാണ്. അതിനെ ഉല്ലംഘിക്കുക എന്നത് ദുഷ്‌കരമാണ്. അത് വരക്കാരുടെ കഴിവു കുറവല്ല. ബഷീറിന്റെ കഥകള്‍ക്ക് ദേവന്‍വരച്ച ചിത്രങ്ങളില്‍ നമുക്ക് ആ കഥാപാത്രങ്ങളുടെയും കഥാപരിസരത്തിന്റെയും മാത്രമല്ല ബഷീര്‍ സൃഷ്ടിക്കുന്ന അനുഭവങ്ങളുടെ പുതിയ ഭൂഖണ്ഡങ്ങളുടെയും ഒടിവുവളവുകളുള്ളൊരു ലോകം അനുഭവവേദ്യമാകുന്നത് ചിത്രകാരന് എഴുത്തുണ്ടാക്കുന്ന അനുഭൂതിയുടെ ലോകത്തെക്കൂടി പകര്‍ത്താനാവുന്നതുകൊണ്ടാണ്. ഇത് കഥയ്ക്ക് ചിത്രം വരയ്ക്കുക എന്നൊരു പണി മാത്രമായി ചെയ്താല്‍ കിട്ടുന്നതാണ്. എ.എസും നമ്പൂതിരിയും സമാനമായി ഇത്തരത്തില്‍ അനുഭൂതിയുടെ പുതുലോകങ്ങളെ ഉണ്ടാക്കാന്‍ കഴിഞ്ഞവരാണ്. എന്‍. എസ് മാധവന്റെ ഹിഗ്വിറ്റക്ക് മദനന്‍ വരച്ച ചിത്രത്തില്‍ആള്‍രൂപങ്ങള്‍ അടിച്ചുകറങ്ങുന്ന ഒരു പന്തുപോലെയുള്ള വളഞ്ഞ വരകളിലൂടെയാകുന്നത് വരക്കാരന്‍ എഴുത്തിന്റെ അനുഭൂതിയെ പകര്‍ത്തുന്നതുകൊണ്ടാണ്.

എം.ടി വാസുദേവന്‍ നായര്‍

കോവിലന്റെ എഴുത്തിന് വരയ്ക്കുന്ന പോലെയല്ല ദേവന്‍ ബഷീറിന് വരച്ചത്. ഒന്നില്‍ കറുപ്പും വെളുപ്പും ഇരുണ്ട ഛായകളും കനത്ത അന്തരീക്ഷവുമുണ്ടെങ്കില്‍ മറ്റേതില്‍ ബഷീറിന്റെ എഴുത്തപോലുള്ള ലളിതമായ വരകളിലൂടെ അതിഭാവുകത്വമില്ലാത്ത, എന്നാല്‍ അസാധാരണമായ സാധാരണത്വം കൊണ്ട് നമ്മെ വിഭ്രമിപ്പിക്കുന്ന കഥാപാത്രങ്ങളും പരിസരവുമാണ്. ഒരുപക്ഷെ ആനുകാലികങ്ങളിലെ വരകളില്‍ ഏറ്റവും ശക്തമായ സാന്നിധ്യം സൃഷ്ടിച്ച എ. എസ് കറുപ്പും വെളുപ്പും ഇരുട്ടുമൊക്കെ മറ്റുള്ളവരെക്കാള്‍സമൃദ്ധമായി ഉപയോഗിച്ചൊരാളാണ്. ഭ്രഷ്ട്, പെരുവഴിയമ്പലം, അഗ്‌നിസാക്ഷി എന്നിങ്ങനെയുള്ള നിരവധി സാഹിത്യസൃഷ്ടികള്‍ക്ക് എ. എസ്​ വരച്ച ചിത്രങ്ങള്‍ ഇതിന്റെ പലഭേദങ്ങളിലുള്ളവയാണ്. ഖസാക്കിന്റെ ഇതിഹാസത്തിന് വരച്ച ചിത്രങ്ങള്‍ ആ കഥ സൃഷ്ടിക്കുന്ന യാഥാര്‍ത്ഥത്തെപ്പോലും അയഥാര്‍ത്ഥവും മായികവുമെന്ന് തോന്നിപ്പിക്കുന്ന ഭാഷയേയും ലോകത്തേയും തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അതില്‍ ചായപ്പടര്‍ച്ചകള്‍ കുറവും രേഖകള്‍ കൂടുതലുമായുള്ള വരെയാണ്. വി.എസ്. ഖാണ്ഡേക്കറുടെ യയാതിക്ക് വേണ്ടി എ.എസ് വരച്ച ചിത്രങ്ങള്‍ പൗരാണികതയുടെ കാലവും കഥാപാത്രങ്ങളുടെയും കഥയുടെയും നാടകീയതയും കൂടുതല്‍ ധ്വനിപ്പിക്കും വിധത്തില്‍ തോല്‍പ്പാവക്കൂത്തിലെ രൂപങ്ങള്‍ക്ക് സമാനമായാണ് ഉണ്ടാക്കിയത്. ഒരു കലണ്ടര്‍ ചിത്രം പോലെ യയാതിയെ വരച്ചിടാനുള്ള സ്വാഭാവികമായ ജനപ്രിയത്വരയെ ഒരു നിഴല്‍ക്കൂത്തിന്റെ നാടകീയമായ പ്രതിനിധാന സ്വഭാവത്തിലേക്ക് മാറ്റാനുള്ള കലാപരമായ ധൈര്യമാണ് മലയാളത്തിലെ ആനുകാലികങ്ങളില്‍ ചിത്രമെഴുത്തുകാരെ വ്യത്യസ്തമാക്കിയത്.

കഥകളില്‍ നിന്നുള്ള കഥാപാത്രങ്ങളെ വരയ്ക്കുമ്പോള്‍ ഒന്നുകില്‍ എഴുത്തുകാരുടെ കഥാപാത്രവിശേഷത്തെ അതുപോലെ പകര്‍ത്താം, അല്ലെങ്കില്‍ അതുണ്ടാക്കുന്ന സവിശേഷമായ അനുഭൂതി കൂടി ചേര്‍ത്തുവെച്ചുകൊണ്ട് വരയ്ക്കാം. രണ്ടാമത്തേതാണ് തന്റെ വരയുടെ ഔന്നത്യകാലത്ത് നമ്പൂതിരി ചെയ്തത്.

നമ്പൂതിരിയും ഇതേ സ്ഥൈര്യം പ്രകടിപ്പിച്ചയാളായിരുന്നു. തകഴി, ഉറൂബ് , എം.ടി, വി.കെ.എന്‍, കോവിലന്‍, മുകുന്ദന്‍, മാധവിക്കുട്ടി എന്നിങ്ങനെ മലയാള സാഹിത്യം അതിന്റെ പുതുലോകയാത്ര അതിവേഗം നടത്തിക്കൊണ്ടിരുന്ന കാലത്ത് അതിന്റെ എല്ലാ ജൈവികപ്രസരിപ്പും നമ്പൂതിരിയുടെ വരകള്‍ ഉള്‍ക്കൊണ്ടിരുന്നു. കഥകളില്‍ നിന്നുള്ള കഥാപാത്രങ്ങളെ വരയ്ക്കുമ്പോള്‍ ഒന്നുകില്‍ എഴുത്തുകാരുടെ കഥാപാത്രവിശേഷത്തെ അതുപോലെ പകര്‍ത്താം, അല്ലെങ്കില്‍ അതുണ്ടാക്കുന്ന സവിശേഷമായ അനുഭൂതി കൂടി ചേര്‍ത്തുവെച്ചുകൊണ്ട് വരയ്ക്കാം. രണ്ടാമത്തേതാണ് തന്റെ വരയുടെ ഔന്നത്യകാലത്ത് നമ്പൂതിരി ചെയ്തത്. അതുകൊണ്ടുതന്നെ ഓരോ ചിത്രത്തിലും എഴുത്തുകാർ ഉണ്ടാക്കുന്ന ചിത്രത്തിനപ്പുറമുള്ള ഒരാളെക്കൂടി നമുക്ക് കാണാന്‍ കഴിയും. അയാളിലെ / അവളിലെ നമ്പൂതിരി കാണുന്നതും ചിത്രപുരുഷനും സ്ത്രീയും നമ്മെ കാണുന്നതും വായനക്കാരും കാഴ്ചക്കാരും അവരെ കാണുന്നതുമായ കാഴ്ചകളുടെ ബഹുസാധ്യതകളുടെ ഒരു ലോകം അത്തരം ചിത്രങ്ങളിലുണ്ട്.

വി.കെ.എന്‍, ഒ.വി.വിജയന്‍

നമ്പൂതിരി 'വരയുടെ പരമശിവനായി' വളര്‍ന്ന കാലം ഒരു പക്ഷെ അദ്ദേഹത്തിന്റെ ജനപ്രിയതയുടെ കാലമാണ്. അത് മലയാളത്തിലെ ആനുകാലികങ്ങളില്‍ മലയാളത്തിന്റെ സാഹിത്യവായന ഏറ്റവും പുഷ്‌ക്കലമായ കാലവുമാണ്. എം.ടിയുടെ രണ്ടാമൂഴം നമ്പൂതിരിയുടെ ഈ ജനപ്രിയതയുടെ ലോകത്ത് നിത്യനായി നിലനിര്‍ത്തി. എം.ടിയെപ്പോലെ എഴുത്തിന്റെ കൈവിരുതില്‍ അസൂയാർഹമായ വഴക്കമുള്ള ഒരു എഴുത്തിനുപോലും രണ്ടാമൂഴത്തില്‍തന്റെ കഥാപാത്രങ്ങളെ നമ്പൂതിരിയുടെ ചിത്രങ്ങളുമായി അതിന്റെ ചരിത്രത്തിലും ജീവിതത്തിലും പങ്കുവെക്കേണ്ടിവന്നു എന്നത് ചെറിയ കാര്യമല്ല.

'തനത്' എന്നതിനെ 'പകര്‍പ്പ്' എന്ന സാങ്കേതികത വലിയ അളവോളം ചെറുതാക്കിക്കളഞ്ഞ കാലത്തിലാണ് ആനുകാലികങ്ങളും അതിലെ വരക്കാരും വരുന്നത് പോലും. അവിടെ സൃഷ്ടിക്ക് വേണ്ടിയുള്ള കാലവും ആസ്വാദനത്തിന്റെ കാലദൈര്‍ഘ്യവും വളരെയേറെ കുറവാണ്.

തന്റെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ വരയുടെ ആദ്യ പകുതിയില്‍ ആധുനികതയുടേയും മദ്രാസ് സ്‌കൂളിന്റെയുമൊക്കെ ശക്തമായ സ്വാധീനം പ്രകടിപ്പിച്ച നമ്പൂതിരി പിന്നീട് തന്റെ സാര്‍വത്രികമായ സ്വീകാര്യതയുടെ വരകളില്‍ നിന്നുപോയി എന്നതൊരു വാസ്തവമാണ്. അതൊരു അപരാധമല്ല, എല്ലാ ആഴ്ചയും വില്‍ക്കാന്‍ വേണ്ടി ഇറക്കുന്ന ഒരു ഉത്പ്പന്നത്തിനുവേണ്ടി വരയ്ക്കുമ്പോള്‍ വന്നുചേരുന്ന ഒഴിവാക്കാനാകാത്ത പ്രതിസന്ധിയാണ്. ആ നിലയ്ക്ക് 'തനത്' എന്നതിനെ 'പകര്‍പ്പ്' എന്ന സാങ്കേതികത വലിയ അളവോളം ചെറുതാക്കിക്കളഞ്ഞ കാലത്തിലാണ് ആനുകാലികങ്ങളും അതിലെ വരക്കാരും വരുന്നത് പോലും. അവിടെ സൃഷ്ടിക്ക് വേണ്ടിയുള്ള കാലവും ആസ്വാദനത്തിന്റെ കാലദൈര്‍ഘ്യവും വളരെയേറെ കുറവാണ്. കാലം അവിടെ ഒരു താളില്‍ നിന്നും മറ്റൊരു താളിലേക്ക് ക്ഷണവേഗത്തില്‍ മറിഞ്ഞുപോകും.

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വര / Current Books, Thrissur

നമ്പൂതിരിയുടെ വരകള്‍ അതിലെ കേരളീയമായ സൂചനകള്‍ കൊണ്ട് സമൃദ്ധമായിരുന്നു. അതിലെ മനുഷ്യചിത്രങ്ങള്‍ നിറയെ മലയാളികളായിരുന്നു. അവരുടെ ഉടലഴകുകളും ഉടല്‍നാട്യങ്ങളും ഉള്ളുടലുകളും മുഴവനും മലയാളമെന്ന ഭാഷാദേശം നിറഞ്ഞുനിന്നു. ഭീമനിലും ദ്രൗപദിയിലും നമുക്ക് വളരെയെളുപ്പത്തില്‍ വള്ളുവനാടിന്റെ പരിസരങ്ങളിലോ തെക്കേ മലബാറിലോ പരിചിതരായ മനുഷ്യരുടെ ശരീരഭാഷയും കാണാന്‍ കഴിയും. ഒന്ന് കുളിച്ചുതോര്‍ത്തി വന്നാല്‍, എന്താ ഭീമാ ഇന്ന് നേരത്തെ വന്നോ എന്നും ദ്രൗപദി കുട്ട്യോളെവിടെ എന്നുമുള്ള ചോദ്യം കേള്‍ക്കാവുന്നത്ര പരിചിതര്‍. അതുകൊണ്ടാണ് വി.കെ.എന്റെ കഥകള്‍ക്കും പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കും എം.ടി-ക്കുമൊക്കെ വരയ്ക്കുമ്പോള്‍ നമ്പൂതിരി ഉന്മത്തനായ വരക്കാരനാവുന്നത്.

നവോത്ഥാന കേരളത്തിന്റെ എഴുത്ത് സാഹിത്യത്തിന് ഒരു ചിത്രരൂപമുണ്ടെങ്കില്‍ അത് പ്രധാനമായും ദേവനും, എ.എസും നമ്പൂതിരിയും വരച്ചിട്ടതാണ്. നമ്പൂതിരിയുടെ മരണത്തോടെ കേരളത്തിലെ ഒരു വരക്കാലം അവസാനിക്കുന്നു.

നമ്പൂതിരിയുടെ സ്ത്രീചിത്രങ്ങള്‍ മിക്കതും ശരീരസമൃദ്ധിയുടേതാകുന്നതും ഈ സാമൂഹ്യജീവിതത്തിന്റെ ചരിത്രശീലത്തില്‍ നിന്നാണ്. ഇടക്കാലത്ത് വെച്ച് തന്റെ അതുവരെയുള്ള അനുഭവലോകങ്ങളിലും സാമൂഹ്യജീവിതത്തിലും ഇനിയങ്ങോട്ട് തുടരാം എന്ന് നമ്പൂതിരി തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ വരകളില്‍ നമുക്ക് കാണാം. ആള്‍ച്ചിത്രങ്ങളുടെ ചുണ്ടിലോ മൂക്കിലോ അതിന്റെ തുമ്പില്‍കൊടുക്കുന്ന കുനിപ്പോ നോട്ടത്തിന്റെ സൂക്ഷ്മതകള്‍സൃഷ്ടിക്കുന്ന കൃഷ്ണമണികളുടെ മാറ്റമോ ഒക്കെ അപ്പോഴും അതിവിദഗ്ധമായി ഒരു വരപ്പാടായി നമ്പൂതിരി മാറ്റിക്കൊണ്ടിരുന്നു. നമ്പൂതിരിയുടെ സ്ത്രീകളുടെ നിലകളെല്ലാം മിക്കപ്പോഴും യക്ഷികളുടെയും ദേവതമാരുടെയും ഇന്ത്യന്‍ ശില്പങ്ങളുടെ അളവുകളിലായിരുന്നു. ആധുനികമായൊരു പ്രസിദ്ധീകരണ ലോകത്തിനെ ഒരു തരത്തില്‍ അതിനെത്രയോ പിന്നിലുള്ള (പിന്നില്‍ എന്നത് മോശം എന്ന അര്‍ത്ഥത്തിലല്ല) ഒരു ഭാവുകത്വത്തിലേക്ക് നമ്പൂതിരി ചേര്‍ത്തുനിര്‍ത്തുന്നുണ്ട്. ഇതിന്റെ ഗുണദോഷവിചാരങ്ങള്‍ മറ്റൊരു വിഷയമാണ്.

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വര / Current Books, Thrissur

സങ്കീര്‍ണ്ണമായ വരകള്‍ നമ്പൂതിരി ഒരു ശാഠ്യം പോലെ ഒഴിവാക്കിക്കൊണ്ടിരുന്നു. രേഖകളുടെ പലതരവിന്യാസങ്ങളിലൂടെയുള്ള മനുഷ്യരൂപങ്ങളിലൂടെ അദ്ദേഹം വരച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഒരുതരത്തില്‍ അതിന്റെ ജനപ്രയതയും ഉടവുകൂടാതെ നിലനിന്നു. മാത്രവുമല്ല, മലയാളദേശത്തിന്റെ ഗൃഹാതുരതയെ മുഴുവന്‍ വരയ്ക്കാന്‍ ആ കാലത്തുനിന്നുമുള്ള അവസാന വരക്കാരന്‍ കൂടിയാണ് നമ്പൂതിരി എന്നത് കേരളത്തെ നമ്പൂതിരിയോട് അടുപ്പിച്ചുനിര്‍ത്തി.

ഭാവങ്ങളിലൂടെയും മുദ്രകളിലൂടെയും ദ്യോതിപ്പിക്കുക എന്നത് കേരളത്തിലെ കഥകളി, കൂടിയാട്ടം എന്നീ അരങ്ങുനാടകങ്ങളില്‍ ഉപയോഗിക്കുന്ന സങ്കേതമാണ്. നമ്പൂതിരിയുടെ വരികളിലെ മനുഷ്യരില്‍ ഇത് ധാരാളമായി കാണാം. കഥകളിയുടെ സങ്കേതസാധ്യതകള്‍ നമ്പൂതിരി നേരിട്ടും അല്ലാതെയും തന്റെ വരകളില്‍ സമൃദ്ധമായി ഉപയോഗിച്ചിട്ടുമുണ്ട്.

അവസാനകാല നമ്പൂതിരി അദ്ദേഹത്തെ ആവര്‍ത്തിക്കുന്നുണ്ട്. അത് സ്വാഭാവികമാണ്. അതൊഴിവാക്കാനാകാത്തതുമാണ്. നവോത്ഥാന കേരളത്തിന്റെ എഴുത്ത് സാഹിത്യത്തിന് ഒരു ചിത്രരൂപമുണ്ടെങ്കില്‍ അത് പ്രധാനമായും ദേവനും, എ.എസും നമ്പൂതിരിയും വരച്ചിട്ടതാണ്. നമ്പൂതിരിയുടെ മരണത്തോടെ കേരളത്തിലെ ഒരു വരക്കാലം അവസാനിക്കുന്നു.

Comments