കേരളത്തിലെ ജനാധിപത്യ, ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റവും സജീവമായ ഇടപെടലുകൾ നടത്തിയൊരാളായിരുന്നു എം.പി. പരമേശ്വരൻ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിലൂടെ നടത്തിയ പ്രവർത്തനങ്ങളുടെ വലിയൊരു ഭാഗവും അദ്ദേഹത്തിന്റെ ഇടതുപക്ഷ, ജനാധിപത്യ രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായിരുന്നു.
മോസ്‌കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് PhD -യും Bhabha Atomic Research Centre (BARC) -ൽ ജോലിയുമൊക്കെയുണ്ടായിരുന്ന എം.പി., മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനും ശാസ്ത്ര പ്രചാരകനുമൊക്കെയായി മാറിയ അര നൂറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ ഇടതുപക്ഷ, ജനാധിപത്യ രാഷ്ട്രീയത്തിലെ നിറഞ്ഞ ഇടപെടലുകളുടെയും സംവാദങ്ങളുടെയും അടയാളപ്പെടുത്തലുകൾ കൂടിയാണ്.
എം.പി. പരമേശ്വരൻ റഷ്യയിൽ ഗവേഷണ പഠനത്തിന് പോയിവന്ന കാലം (1962-65) സോവിയറ്റ് യൂണിയനിലെ De-Stalinization കാലം കൂടിയായിരുന്നു. മാത്രവുമല്ല, ആ കാലഘട്ടത്തിനു നേതൃത്വം നൽകിയ ക്രൂഷ്ചേവ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ബ്രെഷ്നേവ് അധികാരത്തിൽ വരികയും ചെയ്തു.
എന്നാൽ സോവിയറ്റ് യൂണിയനിൽനിന്ന് തിരിച്ചുവന്ന എം.പി., ഇന്ത്യയിൽ സി പി എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമ്പോൾ, ഇത്തരത്തിൽ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വലിയ അന്തഃസംഘർഷങ്ങളിൽ പാർട്ടിസംഘടനയുടെ ഉള്ളിലും പുറത്തും അതിന്റെ ചലനങ്ങളെ പ്രതിഫലിപ്പിച്ചിരുന്നില്ല. സോവിയറ്റ് യൂണിയനും മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളും മുതലാളിത്തത്തിന് ബദൽ രാഷ്ട്രീയ- സാമൂഹ്യ വ്യവസ്ഥ എന്ന നിലയിൽ പ്രതീക്ഷ നൽകുന്നു എന്നതിനെ, അതിന്റെ മറ്റ് അതിഗുരുതരമായ ആന്തരിക ജീർണ്ണതകളുടെ പേരിൽ ദുർബ്ബലമാക്കാൻ അവർ ആഗ്രഹിച്ചില്ല എന്നതാകും കൂടുതൽ ശരി. എന്നാൽ അതുകൊണ്ടൊന്നും താങ്ങിനിർത്താൻ കഴിയാത്തവിധത്തിൽ 1990 ആയപ്പോഴേക്കും സോവിയറ്റ് യൂണിയനടക്കം മഹാഭൂരിപക്ഷം സോഷ്യലിസ്റ്റ് ഭരണസംവിധാനങ്ങളും തകരുകയും അവിടങ്ങളിലെല്ലാം മുതലാളിത്ത പുനഃസ്ഥാപനം നടക്കുകയും ചെയ്തു.
അവിടെനിന്നാണ് എം.പി., മാർക്സിസത്തെയും സോഷ്യലിസ്റ്റ് പരീക്ഷണങ്ങളേയും അതുവരെ സുരക്ഷിതവും വ്യവസ്ഥാപിതവുമായിരുന്ന ധാരണകളിൽനിന്ന് വ്യത്യസ്തമായി പൊതുമണ്ഡലത്തിലേക്ക് തുറന്ന സംവാദങ്ങളുമായി എത്തിക്കാൻ ശ്രമം തുടങ്ങിയത്. സോവിയറ്റ് യൂണിയന്റെ തകർച്ചയെ പാർട്ടിസംഘടന നേരിടുന്ന ഒരു ഭീഷണിയായി പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു സി പി എം ചെയ്തത്.
Democratic centralism, ഭരണകൂടാധികാരം എങ്ങനെയാണ് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പാർട്ടി ജനാധിപത്യത്തെയും ജനങ്ങളുടെയും തൊഴിലാളിവർഗത്തിന്റെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനായി ഉപയോഗിച്ചത്, എങ്ങനെയാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളിലും ഭരണസംവിധാനത്തിലും ഒരു ‘പുത്തൻ വർഗം’ (New Class) രൂപപ്പെട്ടത്, എങ്ങനെയാണ് വ്യക്തികേന്ദ്രീകൃതവും പരമോന്നത അധികാരിയും അവർക്കുചുറ്റുമുള്ള ദുരധികാരവൃന്ദവുമായി സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ അധികാര പരിണതി സംഭവിച്ചത് തുടങ്ങിയ വിഷയങ്ങളിൽനിന്ന് പ്രത്യേകിച്ചൊന്നും പഠിക്കാനോ അത്തരം അന്വേഷണങ്ങളെ ജൈവമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയബോധമാക്കി മാറ്റാനോ അവയെ സംഘടനാശരീരത്തിലേക്ക് പരിവർത്തിപ്പിക്കാനോ സി പി എം അടക്കം ഇന്ത്യയിലെ ചെറുതും വലുതുമായ ഒരു കമ്മ്യൂണിസ്റ്റ് കക്ഷിക്കും കഴിഞ്ഞില്ല. അത്തരം അന്വേഷണങ്ങളെ പാർട്ടിവിരുദ്ധമെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നുമുള്ള പതിവ് ആക്ഷേപ- ശകാര പദങ്ങളുപയോഗിച്ച് പുറന്തള്ളുകയായിരുന്നു അവർ ചെയ്തത്. എം.പിയെയും സി പി എം പുറത്താക്കി.

മാർക്സിസ്റ്റ് സംവാദങ്ങളും സോഷ്യലിസ്റ്റ് സമൂഹങ്ങൾക്കായുള്ള അന്വേഷണങ്ങളും അടഞ്ഞ പാർട്ടിഅധികാരഘടനയിൽ മാത്രമേ നടക്കാവൂ എന്ന ദുരന്തശാഠ്യങ്ങളെ അതിജീവിക്കാനുള്ള എം.പിയുടെ ശേഷിയിലാണ് ആ വഴിക്കുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങൾ പിന്നീട് നടന്നത്. അദ്ദേഹം ഏതാണ്ട് പൂർണ്ണമായും ഉഴിഞ്ഞുവെച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആ അന്വേഷണങ്ങൾക്കും സംവാദങ്ങൾക്കും ഒരു പരിധിവരെ സൗകര്യമൊരുക്കിയെങ്കിലും അത്തരം സംവാദങ്ങളുടെ രാഷ്ട്രീയസാധ്യതയെ ഉപയോഗിക്കാനുള്ള ആന്തരിക രാഷ്ട്രീയബലമില്ലാത്ത, സാമ്പ്രദായിക സി പി എം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ജയപരാജയസാധ്യതകളെ മാത്രം അതിനിർണ്ണായകമായി കാണുകയും കേരളത്തിലെ രാഷ്ട്രീയാധികാരത്തിൽ പലപ്പോഴായി ലഭിക്കുന്ന പങ്കു പറ്റുന്ന നേതൃത്വവുമായി തുടർന്നുപോരികയും ചെയ്തു. എങ്കിലും പരിഷത്തു കൂടി ഒപ്പമില്ലായിരുന്നെങ്കിൽ എം.പിക്ക് തന്റെ ഇടതുപക്ഷ അന്വേഷണങ്ങളെ ഇത്രയും സജീവചർച്ചയാക്കാൻ കഴിയില്ലായിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്.
സോവിയറ്റ് തകർച്ചയെ ഒരു പ്രത്യയശാസ്ത്ര അന്വേഷണമായും കടുത്ത പിഴവുകളുടെയും അടിസ്ഥാനപരമായ ദൗർബ്ബല്യങ്ങളുടേയും പരിണതിയുമായാണ് എം.പി കണ്ടത്. അത് ക്രമേണ മാർക്സിസ്റ്റ് പ്രത്യശാസ്ത്രത്തെയും സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ പ്രശ്നങ്ങളേയും അടിസ്ഥാനപരമായിത്തന്നെ സമീപിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. കേവലമായ രാഷ്ട്രീയാധികാരത്തിനപ്പുറം നിലവിലെ ബൂർഷ്വാ വ്യവസ്ഥക്കുള്ളിൽ വലിയ ജനകീയ മുന്നേറ്റങ്ങൾക്കുള്ള രാഷ്ട്രീയസാധ്യതയെ ഉപയോഗിക്കാമെന്ന് എം.പി. നേരത്തെ ചിന്തിച്ചുതുടങ്ങിയിരുന്നു. ഇത്തരം ജനകീയ മുന്നേറ്റങ്ങൾ ക്രിയാത്മകവും ഉത്പാദനക്ഷമവും ആകുന്നതോടെ അത് മുതലാളിത്തത്തിന്റെ ഉത്പാദന, ജീവിതയുക്തികൾക്ക് ബദലായുള്ള രാഷ്ട്രീയബോധത്തെ കൂടുതൽ സമരോത്സുകമാക്കുമെന്ന് എം.പി കരുതിയിരുന്നു.
സാക്ഷരതാ പ്രസ്ഥാനവും പുകയില്ലാത്ത അടുപ്പും മുതൽ അവസാനകാലത്തുപോലും കേര സൗഭാഗ്യ, ക്ഷീര സൗഭാഗ്യ, മത്സ്യ സൗഭാഗ്യ, കല്പവൃക്ഷ സമുച്ചയം എന്നീ പദ്ധതികളൊക്കെ അദ്ദേഹം വിഭാവനം ചെയ്തത് ഇത്തരത്തിലൊരു രാഷ്ട്രീയ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ എം.പിയുടെ രാഷ്ട്രീയത്തിൽ ഇത്തരം പരിപാടികളുടെയും ഗ്രാമകേന്ദ്രീകൃത ജനകീയ സാധ്യതകളുടെയും അമിതപ്രതീക്ഷയും മുതലാളിത്തത്തിന്റെ ബൃഹദാഖ്യാനങ്ങൾക്കുനേരെയുള്ള സമരങ്ങളെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി രൂപപ്പെടുത്താനുള്ള ശ്രമങ്ങളുടെ അസാന്നിധ്യവും പ്രകടമായിരുന്നു. തന്റെ തലമുറയുടെ അനുഭവബാക്കിയിൽ പുതിയ ലോകത്തെ കാണുകയെന്ന ഒഴിവാക്കാനാകാത്ത പ്രതിസന്ധി കൂടിയാണത്.
സോവിയറ്റ് തകർച്ചയെത്തുടർന്നുള്ള എം.പിയുടെ അന്വേഷണം കൂടുതൽ ജനാധിപത്യസ്വഭാവമുള്ള രാഷ്ട്രീയ സാധ്യതകളിലേക്കായിരുന്നു. അതിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ സാമ്പ്രദായികമായ സംഘടനാ “ഉൾപ്പാർട്ടി ജനാധിപത്യത്തിൽ”നിന്ന് പുറത്തുകടക്കാനുള്ള കടുത്ത ത്വരയും എം.പി പ്രകടിപ്പിച്ചു. എന്നാൽ സി പി എമ്മിനെ സംബന്ധിച്ച് സോവിയറ്റാനന്തരജീവിതം ആത്മാർത്ഥവും ജൈവികവുമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ സംവാദങ്ങളെന്നനായിരുന്നില്ല, മറിച്ച് സംഘടനാപരമായ പിടിച്ചുനിൽക്കൽ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഏതുതരം തുറന്ന സംവാദവും പാർട്ടിയെ പൊളിക്കാനുള്ള ഗൂഡാലോചനകളും ആക്രമണവുമായിക്കാണുന്ന പതിവുരക്ഷാമാർഗം മാത്രമേ അവരുടെ കൈവശമുണ്ടായിരുന്നുള്ളൂ.

ഇത്തരം അന്വേഷണങ്ങളിൽ എം.പിയുമായി വിയോജിക്കാവുന്ന ധാരാളം മേഖലകളുണ്ട്. എന്നാൽ അത്തരം അന്വേഷണങ്ങളെ സാധ്യമാക്കുന്ന രാഷ്ട്രീയജൈവികതയെ ഉൾക്കൊള്ളുക എന്ന സ്വയംപുതുക്കലിന് പരമ്പരാഗത കമ്മ്യൂണിസ്റ്റ് കക്ഷികൾ സന്നദ്ധമായില്ല എന്നത് അവയുടെ ജീർണ്ണിക്കലിന് ആക്കം കൂട്ടുകയാണുണ്ടായത്.
സോവിയയ്റ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം എം.പി, കേന്ദ്രീകൃത അധികാരഘടന എങ്ങനെയാണ് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിൽ ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള യാത്രയെ തടസപ്പെടുത്തിയത് എന്ന ആന്തരിക വൈരുദ്ധ്യത്തെ ശരിയായി മനസിലാക്കി. സോഷ്യലിസ്റ്റ് സമൂഹമെന്നത് വിഭവ വിനിയോഗത്തിന്റെ പൊതു ഉടമസ്ഥതയും വിതരണത്തിലെ കേന്ദ്രീകൃത തീരുമാനങ്ങളും മാത്രമായി ചുരുങ്ങരുതെന്നും അത് ഒരു സോഷ്യലിസ്റ്റ് മനുഷ്യനെയും മാനവികതയേയും ഉണ്ടയാക്കിയെടുക്കണമെന്നുമുള്ള രാഷ്ട്രീയപ്രയോഗസാധ്യതകളെയായിരുന്നു എം.പി അന്വേഷിച്ചത്.
സോവിയറ്റ് മാതൃകയിലുള്ള സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെ വിലയിരുത്തുമ്പോൾ എം.പി., അതിന്റെ നേട്ടങ്ങളെ ഒട്ടും കുറച്ചുകണ്ടില്ല: ‘‘ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കാനും എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും വസ്ത്രവും നൽകാനും, എല്ലാവർക്കും ഉപജീവനത്തിനുള്ള അവകാശം ഉറപ്പാക്കാനും ശാസ്ത്രത്തിൽ കുതിച്ചുചാട്ടം നടത്താനും കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ അതിനു കഴിഞ്ഞു. ചുരുക്കത്തിൽ, ഈ ലോകത്തുതന്നെ ഒരു പറുദീസ നിർമ്മിക്കാൻ കഴിയുമെന്നും അത് തെളിയിച്ചു,” എന്നാണ് എം.പി ഇതിനെക്കുറിച്ച് പറയുന്നത്. എന്നാൽ ഈ പറുദീസാനഷ്ടത്തിന്റെ കാരണങ്ങൾ കേവലമായ ഗൃഹാതുരുതയിൽ ഒതുക്കിവെക്കാതെ അതിന്റെ കാരണങ്ങളെ ക്രിയാത്‌മകമായി പരിശോധിക്കാൻ അദ്ദേഹം തയ്യാറായിരുന്നു.
വിപണിയധിഷ്ഠിതമായ സാമ്പത്തിക വ്യതിയാനങ്ങളില്ലാത്ത ഒരു സമൂഹമായിരുന്നുവെങ്കിലും അതിഗുരുതരമായ ഉൽപ്പാദന, വിതരണ പ്രതിസന്ധികൾ ഒരു സോവിയറ്റ് യൂണിയനടക്കമുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ നേരിട്ടുകൊണ്ടിരുന്നു. ഒപ്പം, രാഷ്ട്രീയാധികാരത്തിന് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയസ്വഭാവം നഷ്ടപ്പെടുകയും കേവലമായ സമഗ്രാധിപത്യ ഭരണകൂടസ്വഭാവം മാത്രമായി ചുരുങ്ങുകയും ചെയ്തു. ഇത് പിന്നീട് എം.പി ശരിയായി മനസിലാക്കി:
“ഭരണകൂടം കൂടുതൽ ജനാധിപത്യമാകുന്നതിനു പകരം കൂടുതൽ കൂടുതൽ കേന്ദ്രീകൃതവും സ്വേച്ഛാധിപത്യപരവുമായി മാറി. സമ്പദ്‌വ്യവസ്ഥ മുഴുവനും കേന്ദ്രീകൃതവും ഉദ്യോഗസ്ഥവൃന്ദത്താൽ ആസൂത്രിതവുമായിരുന്നു. ഒറ്റപ്പെട്ട സംരംഭങ്ങളുടെ നടത്തിപ്പിലോ സമ്പദ്‌വ്യവസ്ഥയിലോ തൊഴിലാളിവർഗത്തിന് യാതൊരു നിയന്ത്രണവുമില്ല. ഭരണകൂടം അങ്ങനെ ഒരു വിധത്തിലുള്ള സൂപ്പർ മുതലാളിത്തമായി മാറി. പാർട്ടിനേതൃത്വത്തിനും ഉദ്യോഗസ്ഥവൃന്ദത്തിനും ഇടയിൽനിന്ന് ഒരു വരേണ്യ വർഗം ഉയർന്നുവന്നു- പുതിയ മുതലാളിമാർ. അധികാരത്തിലിരുന്നവരുടെ അഴിമതി തിരുത്താൻ ഒരു ജനാധിപത്യശക്തിയും ഉണ്ടായിരുന്നില്ല. പാർട്ടി നേതാക്കളുടെ ജീവിതവും ഭൂരിഭാഗം പൗരന്മാരുടെ ജീവിതവും തമ്മിലുള്ള അന്തരം തുടർച്ചയായി വർധിച്ചുവന്നു. ഇത് പൗരന്മാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്നുപോലും അകറ്റി. സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ അടിസ്ഥാനപരമായ സാംസ്ക്കാരികമാറ്റം സംഭവിച്ചില്ല’’ എന്നിങ്ങനെ സോവിയറ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകർച്ചയ്ക്ക് കാരണമായ ആന്തരികപ്രശ്നങ്ങളെ എം.പി അക്കമിട്ട് പറയുന്നുണ്ട്.

‘സോഷ്യലിസ്റ്റ് സമൂഹം’ എന്നാൽ ഒരു പുതിയ രാഷ്ട്രീയ- ജീവിത സംസ്കാരം കൂടിയാണ് സൃഷ്ടിക്കേണ്ടത് എന്നതിന്റെ ആവശ്യകത മാവോ മനസിലാക്കിയെന്ന് എം.പി നിരീക്ഷിക്കുന്നുണ്ട്. സാംസ്ക്കാരികവിപ്ലവം ആ വഴിക്കുള്ള നീക്കമായിരുന്നെങ്കിലും അഴിമതി നിറഞ്ഞ നേതൃത്വത്തിനുകീഴിൽ അതും കേവലം പ്രതികാരത്തിനുള്ള ഉപകരണമായി മാറി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ പരാജയത്തിന്റെ കാരണങ്ങളെ എം.പി ഇങ്ങനെയാണ് സംഗ്രഹിക്കുന്നത്; “അമിത കേന്ദ്രീകരണവും ജനാധിപത്യത്തിന്റെ അഭാവവും, ആവശ്യങ്ങളുടെയും അത്യാഗ്രഹങ്ങളുടെയും വേർതിരിവില്ലായ്മയും.”
വാസ്തവത്തിൽ ഇത്തരത്തിലൊരു പ്രതിസന്ധിയെ കേവലം രാഷ്ട്രീയാധികാരത്തിന്റെ കൈകാര്യപ്രശ്നം മാത്രമായി എം.പി ചുരുക്കിക്കണ്ടില്ല. അതിനെ സോഷ്യലിസ്റ്റ് സാമൂഹനിർമ്മാണ പ്രക്രിയയയിലെ സൈദ്ധാന്തിക പ്രശനം കൂടിയായി അദ്ദേഹം സമീപിച്ചു. ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും സാമൂഹ്യവും വ്യക്തിപരവുമായ ആവശ്യങ്ങളുടെ പുഃനർനിർണ്ണയം മുതലാളിത്തത്തിന്റെ സ്വകാര്യ മൂലധന ഉടമസ്ഥതയിൽനിന്ന് സോഷ്യലിസത്തിലെ പൊതു ഉടമസ്ഥതയിലേക്കുള്ള മാറ്റം കൊണ്ടുമാത്രം പൂർണ്ണമായും സംഭവിച്ചില്ല എന്നതൊരു വസ്തുതയായിരുന്നു. വമ്പൻ ഉത്പ്പാദനം, നിർമ്മാണം എന്നതിനെ സാർവ്വത്രികയുക്തിയും മാതൃകയുമാക്കുന്നതിലെ യുക്തിയെത്തന്നെ എം.പി ചോദ്യം ചെയ്യുന്നത് അങ്ങനെയാണ്. ആ വഴിയിലാണ് അദ്ദേഹം ഗാന്ധിയുടെ സർവോദയ ജനാധിപത്യവും ഗ്രാമങ്ങളുടെ ചെറുകിട ഉത്പാദകകേന്ദ്രങ്ങളെന്ന നിലയിലുള്ള പ്രാധാന്യവുമൊക്കെ അന്വേഷിക്കുന്നത്.
മുതലാളിത്തത്തിന്റെ ഉത്പാദന- ഉപഭോഗ യുക്തിയെ പൊതുഉടമസ്ഥത എന്ന ഒരൊറ്റ അധികാരപ്രക്രിയകൊണ്ടല്ല മാറ്റേണ്ടതെന്നും അത് ഉൽപ്പാദന, ഉപഭോഗ യുക്തിയെത്തന്നെ പുതുതായി നിർമ്മിക്കലാണെന്നുമുള്ള പ്രത്യയശാസ്ത്ര തെളിച്ചം വാസ്തവത്തിൽ മാർക്സ് നൽകുന്നുണ്ട്. പ്രകൃതിവിഭവങ്ങളുടെ അന്തമില്ലാത്ത ചൂഷണത്തിലൂന്നിയ കാർഷികോൽപ്പന്ന രീതികളെ നിശിതമായി വിമർശിച്ച ജർമ്മൻ കാർഷിക രസതന്ത്രജ്ഞൻ Justus von Liebig-നെ മാർക്സ് ഇക്കാര്യത്തിൽ വലിയ തോതിൽ ഉൾക്കൊള്ളുന്നുണ്ട്. പ്രകൃതിയുമായുള്ള മനുഷ്യവ്യവഹാരത്തിലെ ‘metabolic rift’ (ഉപാപചയ ഭംഗം) മുതലാളിത്ത ഉൽപ്പാദന പ്രക്രിയയിൽ ആവാസവ്യവസ്ഥയെത്തന്നെ നശിപ്പിക്കുന്ന ചൂഷണസംവിധാനമായി മാറുന്നു എന്ന തിരിച്ചറിവ് മാർക്സിനുണ്ടായിരുന്നു. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ നിർണ്ണയിക്കുന്ന സംവിധാനങ്ങളെയെല്ലാം ഉത്പാദക ശക്തികൾ നിയന്ത്രിക്കുന്ന social metabolism- ത്തേയും അതിലെ metabolic rift- നെയും മാർക്സ് കാണുന്നു. പ്രകൃതിയിലെ വിഭവസ്രോതസുകളിൽ നിന്ന് മനുഷ്യാധ്വാനം അന്യവത്ക്കരിക്കപ്പെടുന്നതിലേക്കെത്തുന്ന ഒന്നായാണ് മാർക്സ് ഈ metabolic rift- നെ തിരിച്ചറിയുന്നത്.
മുതലാളിത്തത്തിന്റെ നഗരകേന്ദ്രീകൃതസംവിധാനം ഈ metabolic rift വർദ്ധിപ്പിക്കുമെന്ന് മാർക്‌സ് പറയുന്നു. മുതലാളിത്തത്തിനെതിരായ ഏതു വിപ്ലവത്തിന്റെയും ആദ്യ കടമകളിലൊന്ന് നഗരവും ഗ്രാമവും തമ്മിലുള്ള വൈരുദ്ധ്യാത്മക വിഭജനം നിർത്തലാക്കണമെന്നാണെന്ന മാർക്സിന്റേയും ഏംഗൽസിന്റെയും നിരീക്ഷണം എം.പി ആവർത്തിച്ചു ചൂണ്ടിക്കാണിക്കുന്നു. ഇവിടെയാണ് ഗാന്ധിയും മാർക്‌സും തമ്മിൽ ഒരു സമന്വയമുണ്ട് എന്ന് എം.പിക്ക് തോന്നിയത്. തന്റെ ഗ്രാമകേന്ദ്രീകൃത മുതലാളിത്ത ബദൽ പരീക്ഷണങ്ങളിലെല്ലാം അതുകൊണ്ടുതന്നെ ഗാന്ധിയൻ സ്വാധീനം പിൽക്കാലത്ത് തെളിഞ്ഞുകാണാം.
എന്നാൽ അതിനിശിതമായ ചിന്താധീരതയോടെ എം. പി പറഞ്ഞത്, “സോവിയറ്റ് മാതൃകയും ഗാന്ധിയൻ മാതൃകയും കാലഹരണപ്പെട്ടവയാണ്. നമുക്ക് മുന്നോട്ട് മാത്രമേ പോകാൻ കഴിയൂ. പുത്തൻ കർമ്മപരിപാടിയുടെ ദിശയും വേഗവും നിർണ്ണയിക്കുന്നത് സംസ്‌കാരമാണ്. അതായത് സംസ്ക്കാരത്തിൽ വരുത്തുന്ന ക്രിയാത്മകമായ മാറ്റങ്ങളിലൂടെയാണ്” എന്നാണ്. ചരിത്രത്തിലും കാലത്തിലും ഉറഞ്ഞുപോകുന്ന പ്രതിമകളാവുക എന്ന ചിന്താബന്ധനത്തെ മറികടക്കാനുള്ള ധീരമായ രാഷ്ട്രീയശ്രമമായിരുന്നു എം.പി നടത്തിയിരുന്നത്; സോവിയറ്റ് തകർച്ചയ്ക്കുശേഷം പ്രത്യേകിച്ചും.
ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള സങ്കല്പനത്തിൽ കുടുംബത്തെക്കുറിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള എം.പിയുടെ സമീപനം അത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പോലും ഒഴിവാക്കുന്ന ഇന്ത്യയിലെ സാമ്പ്രദായിക ഇടതുകക്ഷികളുടെ സമീപനത്തെയൊക്കെ ബഹുദൂരം മറികടക്കുന്നതാണ്. കുടുംബം എന്നത് സ്ത്രീകളുടെ അടിമത്തത്തിലുണ്ടാക്കിയ സ്ഥാപനമാണെന്നത് ലെനിനും മാവോയുമെല്ലാം ആവർത്തിച്ച സംഗതിയാണ്. ഒരു സോഷ്യലിസ്റ്റ് സമൂഹത്തിൽ സ്ത്രീകളുടെ കുടുംബബാധ്യതകൾ വളരെയേറെ ലഘൂകരിക്കപ്പെട്ടിരുന്നു. എന്നാൽ സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ വിമോചനത്തെ ഒരു രാഷ്ട്രീയപദ്ധതിയായി ഏറ്റെടുക്കാനുള്ള പൂർണ്ണസന്നദ്ധത അവിടെയൊന്നും ഉണ്ടായില്ല. എം.പി പുതിയ ലോകത്തെക്കുറിച്ചുള്ള തന്റെ ആശയങ്ങൾ പങ്കുവെക്കുമ്പോൾ സംശയരഹിതമായി പറയുന്നത്, കുടുംബമെന്നതിനെ ലൈംഗികതയിൽനിന്ന് ബാഹ്യമായ ഒന്നായി കാണണമെന്നാണ്. സ്ത്രീകളെ സ്വാതന്ത്രരാക്കാനുള്ള ഏറ്റവും നല്ല വഴികളായി എം.പി പറയുന്നത്, പിതൃത്വത്തിലധിഷ്ഠിതമായ സ്വകാര്യസ്വത്തിന്റെ “അനന്തരവാവകാശ സമ്പ്രദായം നിർത്തലാക്കൽ, സദാചാരത്തിൽനിന്ന് കുടുംബത്തെ വേർപ്പെടുത്തൽ” എന്നിവയാണ്. ബഹുലൈംഗികത സ്ത്രീക്കും പുരുഷനുമുള്ള സ്വാഭാവിക സഹജാവബോധമായി അംഗീകരിക്കണം.

മനുഷ്യരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ അതിധീരസ്വപ്നങ്ങളെ ജീർണ്ണമായ അച്ചടക്കങ്ങൾക്കപ്പുറത്തേക്ക് കടന്നുകൊണ്ട് പങ്കുവെക്കാനുള്ള വിപ്ലവകരമായ ധൈഷണിക സംവാദസാധ്യതകളെയാണ് എം.പി ഉപയോഗിച്ചുകൊണ്ടിരുന്നത്.
മുതലാളിത്തം ഒരുതരത്തിലും സ്വീകാര്യമല്ലാത്തൊരു വ്യവസ്ഥയാണെന്ന കാര്യത്തിൽ എം.പിക്ക് സംശയമൊന്നുമില്ല. സോവിയറ്റ് തകർച്ചയെ മുതലാളിത്തത്തിന്റെ ഉൽപ്പാദന യുക്തിയുമായി പൊരുത്തപ്പെടാനും കുത്തക മൂലധനവുമായി ചങ്ങാത്തം കൂടാനുമുള്ള സുവർണാവസരമായി മാറ്റുകയും രാഷ്ട്രീയ സമരങ്ങളെ പൊറാട്ടുനാടകമായി പരിവർത്തിപ്പിക്കുകയും ചെയ്ത സാമ്പ്രദായിക മുഖ്യധാരാ ഇടതുകക്ഷികളുടെ തട്ടിപ്പിലേക്ക് എം.പി തലവെച്ചുകൊടുത്തതേയില്ല എന്നത് ചെറിയ കാര്യമല്ല.
സാമ്രാജ്യത്വ, മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങളെ പ്രസക്തമാക്കുന്ന ആഗോള സാഹചര്യത്തെ തള്ളിക്കളയാൻ എം.പി തയ്യാറായിരുന്നില്ല. മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം, വികസിത- സാമ്രാജ്യത്വ- വടക്കൻ രാഷ്ട്രങ്ങളും വികസ്വര- തെക്കൻ നവകോളനിവത്കൃത രാജ്യങ്ങളും തമ്മിലുള്ള വൈരുധ്യം, അദ്ധ്വാനവും മൂലധനവും തമ്മിലുള്ള വൈരുധ്യം, മൂലധനവും ഉത്പാദന പ്രക്രിയയാണ് തമ്മിലുള്ള വൈരുധ്യം, ഫൈനാൻസ് മൂലധനത്തിന്റെ അപ്രവചനീയ പ്രവാഹമുണ്ടാക്കുന്ന പ്രതിസന്ധികൾ, പ്രകൃതിയും മനുഷ്യരും തമ്മിലുള്ള വൈരുധ്യം എന്നിവയെല്ലാം അതിതീവ്രമായിക്കൊണ്ടിരിക്കുകയാണ് എന്ന് എം.പി പറയുന്നു. മുതലാളിത്തത്തെ ഒരു സ്വാഭാവിക യാഥാർത്ഥ്യമായി അംഗീകരിക്കുകയും അതിന്റെ ഘടനക്കെതിരായ സമരങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുന്ന തട്ടിപ്പിന് അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാൽ അതിനെതിരായ സൂക്ഷ്മമായ രാഷ്ട്രീയപ്രയോഗത്തിൽ ഈ ബൃഹദ്‌ഘടനയെ സൂക്ഷ്മപ്രയോഗങ്ങളിലൂടെ മാത്രം ചെറുക്കാമെന്ന ഒരു പ്രയോഗച്ചുരുക്കൽ അദ്ദേഹത്തിന്റെ പ്രതിരോധസമീപനങ്ങളിൽ കാണാം. വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികളുണ്ടാക്കിയ കടുത്ത മോഹഭംഗത്തിന്റെയും അവയുടെ മാറാൻ തയ്യാറാകാത്ത ജീർണ്ണഘടനയുടെ അപ്രായോഗികതയുടേയും ഫലമാണ് അതെന്നുകൂടി വേണമെങ്കിൽ പറയാം.
പുതിയ കാലത്തിന്റെ വർഗസമരമാണ് പാരിസ്ഥിതിക രാഷ്ട്രീയമെന്ന തിരിച്ചറിവ് ലോകത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിലുണ്ട്. മുതലാളിത്തത്തിന്റെ ചൂഷണസംവിധാനത്തിന്റെയും അതിന്റെ നിയന്ത്രണവും അതിരുകളുമില്ലാത്ത ഉത്പ്പാദനത്തിനുവേണ്ടിയുള്ള ഉത്പ്പാദനമെന്ന ഭ്രാന്തിന്റെയും പരിണതിയാണ് കാലാവസ്ഥാ മാറ്റമടക്കമുള്ള ഭൗമ പാരിസ്ഥിതിക പ്രശ്നങ്ങൾ. ഇതിനെ അവഗണിച്ച് മുന്നോട്ടുപോകാനാകില്ല എന്ന തിരിച്ചറിവുകൂടിയാണ് മാർക്സിയൻ രാഷ്ട്രീയത്തിലുള്ളത്. ഇത് ഏറ്റവും സൂക്ഷ്മമായി ഉൾക്കൊണ്ട ചിന്തകനായിരുന്നു എം.പി. തന്റെ പുതിയ രാഷ്ട്രീയ ചിന്തകളിലെല്ലാം കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും പാരിസ്ഥിതിക തകർച്ചയെക്കുറിച്ചും അതിനെതിരെയുണ്ടാകേണ്ട പ്രായോഗികവും ക്രിയാത്മകവുമായ ചെറുത്തുനിൽപ്പുകളെക്കുറിച്ചും എം.പി നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
ഉപഭോഗത്തെക്കുറിച്ചുള്ള മുതലാളിത്ത സങ്കല്പനങ്ങളെ എല്ലാവർക്കും സാധ്യമാക്കുന്നതല്ല സോഷ്യലിസത്തിന്റെ പണി. ഉൽപ്പാദനവും ഉപഭോഗവും സംബന്ധിച്ചുള്ള മുതലാളിത്ത സങ്കൽപ്പനങ്ങളെ അട്ടിമറിക്കുകയാണ് ആദ്യം വേണ്ടത്. വളർച്ചയെക്കുറിച്ചുള്ള (Growth) മുതലാളിത്ത ധാരണകളിലല്ല, മുതലാളിത്ത ബദൽ രാഷ്ട്രീയം തങ്ങളുടെ വികസനരാഷ്ട്രീയം കെട്ടിപ്പൊക്കേണ്ടത്. ഒരു ബദൽ രാഷ്ട്രീയമില്ലെങ്കിൽ മുതലാളിത്തത്തിന്റെ നല്ല നടത്തിപ്പുകാരെന്ന പണി മാത്രമാണ് ചെയ്യാനാവുക. ഈ ബദലിനെക്കുറിച്ചുള്ള നിർണത്ര ചിന്തയും സമരവുമായിരുന്നു എം.പി മുന്നോട്ടുവെച്ചുകൊണ്ടിരുന്നത്.

സി പി എമ്മിന് എം.പിയെ പാർട്ടിക്കുള്ളിൽ നിലനിർത്താനുള്ള സന്നദ്ധതയുണ്ടായിരുന്നില്ല. അത് കേവലം സംഘടനാ പ്രശ്നമായിരുന്നില്ല. അത് ജനാധിപത്യത്തോടും മുതലാളിത്ത ബദൽ രാഷ്ട്രീയാന്വേഷണങ്ങളോടും ആ പാർട്ടി പുലർത്തുന്ന അടഞ്ഞ സമീപനത്തിന്റെ ഭാഗമായിരുന്നു. ഒരുതരത്തിൽ നമ്മുടെ സമൂഹവും അതേ ചിന്താവൈമുഖ്യം അനുഭവിക്കുന്നുണ്ട്. ഒരു സി പി എം വിമതൻ എന്ന നിലയിൽ എം.പിയെ ആഘോഷിക്കുന്നവർ മുതലാളിത്ത വിരുദ്ധ സമരത്തിന്റെ ജൈവചിന്തകൻ എന്ന എം.പിയുടെ രാഷ്ട്രീയനിലയെ കൗശലത്തോടെ തമസ്കരിക്കും.
ജീവിക്കുന്ന കാലവുമായി നിരന്തരമായി ഇടപെടുകയും അതിലൂടെ തന്നെത്തന്നെ പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യുക എന്നതിലൂടെയാണ് ഒരു ജൈവരാഷ്ട്രീയമനുഷ്യൻ തന്നെയും താൻ ജീവിക്കുന്ന ലോകത്തേയും ലോകത്തെ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നത്. എല്ലാ അർത്ഥത്തിലും ഈ ജൈവരാഷ്ട്രീയപ്രക്രിയയിലൂടെ കടന്നുപോയിരുന്ന ഒരാളായിരുന്നു എം.പി, പ്രത്യേകിച്ച് 1990-കൾ തുടങ്ങി. ഇതേ പ്രക്രിയയിലൂടെ കടന്നുപോകേണ്ട രാഷ്ട്രീയപ്രസ്ഥാനം കാലത്തിന്റെ ഏതോ ഒരു വളവിൽ ഇടിച്ചുവീഴുകയും അവിടെക്കിടന്നുകൊണ്ട് ജീർണ്ണിക്കുകയും ചെയ്തതുകൊണ്ടാണ് എം.പിയുടെ രാഷ്ട്രീയചിന്തകൾ വിമർശനത്തിനും സംവാദസംഘാതങ്ങൾക്കും ഇടവരുത്താതെ ചില ഉത്സാഹ ഗ്രാമസംരംഭങ്ങളുടെ മാതൃക മാത്രമായി ഒതുക്കപ്പെട്ടത്.
എം.പിക്കു ചുറ്റും, ‘എന്തൊരുത്സാഹം ഈ പ്രായത്തിലും’ എന്ന കൗതുകപ്രശംസയുമായി മാത്രമാണ് അദ്ദേഹത്തിന്റെ ആരാധകരെ അവസാന രണ്ടു പതിറ്റാണ്ടായി കാണാൻ കഴിഞ്ഞിരുന്നത്. രാഷ്ട്രീയസമരത്തിന്റെ ദുർഘടസംവാദങ്ങളെ അവർ ബോധപൂർവ്വം ഒഴിവാക്കി. രാഷ്ട്രീയ സമരങ്ങളെ സ്വപ്നങ്ങളായി വ്യാഖ്യാനിച്ചു. എം.പിയുടെ ചിന്താധീരത അദ്ദേഹത്തിനുചുറ്റും കൂടിയവർക്ക് അന്യമായിരുന്നു. ചെറുകിട ഗ്രാമീണ ഉത്പ്പാദക കൂട്ടായ്മകളേയും സംരഭങ്ങളേയും കുറിച്ച് സ്വപ്നം കണ്ടൊരു ഉത്സാഹിയായ ജ്ഞാനവൃദ്ധനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. മുതലാളിത്ത വ്യവസ്ഥക്കെതിരായ ജൈവരാഷ്ട്രീയചിന്തയുടെ നിരന്തര സംഘർഷത്തിന്റെ ചിന്താധീരതയാണ് എം.പിയെന്നത് ഒഴിച്ചുകളഞ്ഞുകൊണ്ടുള്ള ഒരോർമ്മയും ആ ചിന്താജീവിതത്തോട് നീതി പുലർത്തില്ല.
