ബാല്യത്തിന്റെ നിറം പിടിച്ച ഓർമകളിൽ മഞ്ഞയും ഓറഞ്ചും കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഒരു തകരപ്പെട്ടിയുണ്ടാകും, ഓരോ കുട്ടിയുടെയും ഉള്ളിൽ. ‘ക്യാമൽ’ എന്നെഴുതിയ ആ ബോക്സ് സ്‌കൂൾ ഓർമകളിലെ തുരുമ്പിക്കാത്ത, നിറം മങ്ങാത്ത ഒരേടാണ്. കണക്കു ക്ലാസിൽ ക്യാംലിൻ ബോക്‌സുകൾക്കുവേണ്ടി വാശിപിടിച്ച് കരഞ്ഞ കുരുന്നുകാലങ്ങൾക്ക് മരണമില്ല. നിരവധി തലമുറകൾക്ക് നിറം പകർന്ന ക്യാമൽ ബ്രാൻഡ് സ്ഥാപകൻ സുഭാഷ് ദന്ദേക്കർ 86-ാം വയസിൽ അന്തരിച്ചു, മുംബൈയിൽ വച്ച്.
ക്യാംലിൻ സ്ഥാപകനും കൊകുയോ ക്യാംലിന്റെ ചെയർമാൻ എമിററ്റ്സുമായിരുന്ന സുഭാഷ് ദന്ദേക്കർ. ജപ്പാൻ ആസ്ഥാനമായ കൊകുയോ എന്ന കമ്പനിക്ക് ക്യാമൽ ബ്രാൻഡ് ഓഹരികൾ നേരത്തെ സുഭാഷ് ദന്ദേക്കർ വിറ്റിരുന്നു. പിന്നീട് കൊകുയോ ക്യാമലിന്റെ ചെയർമാൻ എമിററ്റ്‌സ് പദവിയിൽ തുടുകയായിരുന്നു.
1931-ലാണ് സുഭാഷ് ദണ്ഡേക്കറിന്റെ പിതാവ് ഡി.പി. ദന്ദേക്കർ, ദന്ദേക്കർ ആൻഡ് കമ്പനി ആരംഭിച്ചത്. തുടക്കത്തിൽ മഷി വിൽക്കുന്ന കമ്പനിയായിരുന്നു ഇത്. ദന്ദേക്കർ ആൻഡ് കമ്പനിയെ ചിത്രകലയിലേക്കും വിദ്യാഭ്യാസ മേഖലയിലേക്കും വികസിപ്പിച്ച്, വിപ്ലവകരമായ കുതിപ്പിലേക്ക് നയിച്ചത് സുഭാഷ് ദണ്ഡേക്കറായിരുന്നു. അങ്ങനെ, ക്യാംലിൻ ഇന്ത്യയിലെ മികച്ച സ്റ്റേഷനറി ഉൽപന്ന ബ്രാൻഡായി മാറി.
കുട്ടികളും അവരുടെ നിറം പിടിപ്പിച്ച ഭാവനകളുമായിരുന്നു ഇന്ത്യൻ വിപണിയിൽ ക്യാംലിന്റെ പ്രചാരകർ. പെൻസിലും ബുക്കും ജോമെട്രി ബോക്‌സുമെല്ലാം ക്യാമൽ തന്നെ മതിയെന്ന് വാശിപിടിച്ച ബാല്യങ്ങളുടെ നിരവധി തലമുറകളാണ് വിപണിയിൽ സുഭാഷ് ദന്ദേക്കറിന് ഊർജം നൽകിയത്. ഉൽപന്നത്തിന്റെ ഗുണമേന്മ ബ്രാൻഡിന്റെ ജനപ്രീതിയുടെ മറ്റൊരു കാരണമായിരുന്നു. ഒരു കുട്ടി വാങ്ങിയ ഇൻസ്ട്രുമെന്റ് ബോക്സ്, പുറകെ വരുന്ന തന്റെ കൂടപ്പിറപ്പിന് അതേ പകിട്ടിൽ കൈമാറാം. അങ്ങനെ വർഷങ്ങളോളം കേടുപാടുവരാതെ ഉപയോഗിക്കാമെന്നത് ക്യാംലിനെ രക്ഷിതാക്കളുടെയും പ്രിയപ്പെട്ട ബ്രാൻഡാക്കി.
1964-ലാണ് ക്യാംലിൻ നിറങ്ങളുടെ നിർമാണ രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. തുടക്കകാലത്ത് അവർ ഉൽപാദിപ്പിക്കുന്ന നിറങ്ങൾ ഉപയോഗിക്കാൻ ഇന്ത്യയിലെ കലാകാരന്മാർ തയ്യാറായില്ല. എന്നാൽ സുഭാഷ് ദന്ദേക്കർ എന്ന ബിസിനസുകാരന്റെ സാമർഥ്യം ക്യാമലിന്റെ നിറങ്ങളെ ഇന്ത്യൻ ചിത്രകാരരുടെ പ്രിയപ്പെട്ട ബ്രാൻഡാക്കി മാറ്റി. തന്റെ ഉൽപ്പന്നത്തിന്റെ ഗുണമേന്മയെ കുറിച്ച് കലാകാരരെ ധരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അത് ക്യാലിൻ നിറങ്ങൾക്ക് വിപണിയിൽ കൂടുതൽ സാധ്യതകൾ നൽകിയെന്നും സഹോദരൻ ദിലീപ് ദന്ദേക്കർ ഓർത്തെടുക്കുന്നു.
പിന്നീട് ഓഫീസ് ഉൽപന്നങ്ങളുടെ ഉൽപാദന- വിതരണ രംഗത്തേക്കും പ്രൊഫഷണൽ കലാ ഉൽപന്ന വിതരണ വിപണിയിലേക്കും സുഭാഷ് ദന്ദേക്കറുടെ കൈ പിടിച്ച് ക്യംലിൻ നടന്നുകയറി. തൊട്ടതെല്ലാം പൊന്നാക്കിയപോലെ വിപണി കീഴടക്കി കമ്പനി കുതിച്ചു. കേരളമടക്കമുള്ള ഇന്ത്യയിലെ സകല വിപണിയും അദ്ദേഹത്തിന്റെ ബ്രാൻഡിന് മുൻതൂക്കം നൽകി. കഴിഞ്ഞ ചൊവ്വാഴ്ച, ജൂലൈ 16-ന്, കോകുയും ക്യാലിന്റെ മാർക്കറ്റ് കാപ്പിറ്റലൈസഷേൻ 1555.31 കോടി രൂപയായിരുന്നു. ക്യാംലിൻ ഫൈൻ സയൻസിന്റേത് 2,058.52 കോടി രൂപയും.
മഹാരാഷ്ട്രയിൽ സ്വകാര്യ മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ആളാണ് ദന്ദേക്കറെന്നാണ് ബിസിനസ് ലോകം അഭിപ്രായപ്പെടുന്നു. 1990-1992 കാലത്ത് മഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ഇന്ത്യൻ വിദ്യാഭ്യാസ ഉൽപന്ന വിപണിയെ കൈക്കുമ്പിളിലാക്കിയ ‘ക്യാംലിൻ കാല’ത്തിന്റെ ഓർമകൾ കൂടിയാണ് സുഭാഷ് ദന്ദേക്കറിന്റെ മരണത്തോടെ അമരമാകുന്നത്.