ദേശത്തോടൊപ്പം ഒരു കാലവും
അപ്പാടെ മറഞ്ഞുപോകുന്നു…

എൻ.കെ. ദേശം മടങ്ങുമ്പോൾ മലയാള കവിതാസാഹിത്യത്തിൽ നിന്ന് ഒരു കാലവും ദേശവും അപ്പാടെയാണ് പൊലിഞ്ഞുപോകുന്നത്.

Think

മുങ്ങണമോ ഞാൻ കൊതിയാൽ?
എന്നാലെങ്ങനെ തിരികെപ്പോകും?
എൻ.കെ. ദേശത്തിന്റെ മുത്തുകൾ എന്ന കവിതയിലെ വരികളാണിത്.
ദേശം കവിതകൾ ഒരിക്കലെങ്കിലും മനസിരുത്തി വായിച്ചവർ ഈ വിഷമസന്ധിയിൽ പെട്ടുപോയിട്ടുണ്ടാകാനാണ് സാധ്യത. മുങ്ങും, മുങ്ങിയാൽ പിന്നെ തിരികെപ്പോക്ക് അസാധ്യവുമാകും. കൊതി കൊണ്ട് മുങ്ങിപ്പോയവർ അങ്ങനെ എത്ര കുടുങ്ങിപ്പോയിരിക്കുന്നു ആ കവിതകളിൽ. സ്വന്തം പേരിൽ അദ്ദേഹം കൊണ്ട് നടന്നിരുന്ന 'ദേശ'വും പ്രകൃതിയും പച്ചപ്പുമൊക്കെയായിരുന്നു ആ കവിതകളിൽ നിറഞ്ഞുനിന്നിരുന്നത്.

എറണാകുളം ജില്ലയിലെ ആലുവക്കടുത്ത് ദേശം ഗ്രാമത്തിൽ 1936ൽ ആയിരുന്നു എൻ.കെ. ദേശം എന്ന എൻ. കുട്ടിക്കൃഷ്ണ പിള്ളയുടെ ജനനം. ചെറുപ്രായത്തിൽ തന്നെ കവിതയോട് ആഭിമുഖ്യമുണ്ടായിരുന്ന അദ്ദേഹം തന്റെ സാഹിത്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് സംസ്‌കൃത ഭാഷയിലൂടെയും അക്ഷരശ്ലോകങ്ങളിലൂടെയുമാണ്. പിൽക്കാല കവിതകളിൽ അക്ഷരശ്ലോകങ്ങളുടെയും സംസ്‌കൃത പദ്യങ്ങളുടെയും സ്വാധീനവും തെളിഞ്ഞുകാണുകയും ചെയ്യാം. എന്നാൽ ആ കവിതകൾ ഒരിക്കലും ശ്ലോകങ്ങളുടെയോ സംസ്‌കൃത പദ്യങ്ങളുടെയോ അനുകരണങ്ങളുമായിരുന്നില്ല. എന്നാൽ ഭാഷാ ശുദ്ധിയും താളനിബദ്ധതസയും നിർബന്ധമായിരുന്നു അദ്ദേഹത്തിന്.

കവി എൻ.കെ. ദേശം

ഉച്ചത്തിൽ രാഷ്ട്രീയം പറയുന്ന കവിതകളാണെങ്കിലും രാഷ്ട്രീയം പറയാനായി അദ്ദേഹം കവിതകളെഴുതിയില്ല. ഒരു പ്രത്യയശാസ്ത്രത്തിനുവേണ്ടിയും അദ്ദേഹം നിലകൊണ്ടില്ല. പക്ഷേ അദ്ദേഹം ചുറ്റും നോക്കിയിരുന്നു. തന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവുമെല്ലാം അദ്ദേഹം കണ്ടെടുത്തത് പ്രകൃതിയിൽ നിന്നായിരുന്നു. കാടിന്റെ പച്ചപ്പും കടലിന്റെ നീലിമയും ആ കവിതകളിൽ ഉണ്ടായിരുന്നു. സൗന്ദര്യവും തത്വശാസ്ത്രവും നിറഞ്ഞിരുന്നു. താളവും ബോധവും ഉൾച്ചേർന്നിരുന്നു. ആ വരികളിൽ എവിടെയൊക്കെയോ നിങ്ങൾക്ക് അകം നിറയെ പ്രണയമുള്ളൊരു സൂഫിയെയും നെഞ്ചുലയുന്നൊരു മനുഷ്യനെയും കണ്ടെടുക്കാം. നിശബ്ദതയുടെ സംഗീതവും ശബ്ദത്തിന്റെ ദൃഢതയും കണ്ടെടുക്കാം.

മലയാള കവിതാസാഹിത്യത്തിൽ, കാൽപനിക സാഹിത്യത്തിന്റെ അന്ത്യത്തിലും ആധുനികതയുടെ തുടക്കത്തിലുമായി 1960- കളിലാണ് എൻ.കെ. ദേശം എഴുതിത്തുടങ്ങുന്നത്. അന്ന് എൽ.ഐ.സിയിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ആറ്റൂർ രവി വർമയും എൻ.എൻ കക്കാടുമെല്ലാം മലയാള സാഹിത്യത്തിൽ നിറഞ്ഞുനിന്നിരുന്ന കാലം. കാവ്യത്തിലും രചനാശൈലിയിലും കാർക്കശ്യം പുലർത്തിയ ആ കവികൾക്കിടയിൽ എൻ.കെ. ദേശവും കവിതയിൽ പുതുഭാവുകത്വങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

പിന്നീട് മലയാളത്തിൽ കവിതകൾ ഗദ്യത്തിലായപ്പോഴും ദേശം കവിതകൾ താളം ചോരാതെ പദ്യങ്ങളിൽ ഉറച്ചു നിന്നു. ഗദ്യകവിത ഒരു തവണ മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളൂ. ദേശം ഗുരുവെന്ന് സ്വയം കരുതിയിരുന്ന എൻ.വി. കൃഷ്ണവാരിയരുടെ വിയോഗവേളയിലായിരുന്നു. സൂര്യന്റെ മരണം എന്ന പേരിൽ. എൻ.വി. കൃഷ്ണവാരിയർ കഴിഞ്ഞാൽ എൻ.കെ. ദേശത്തിന്റെ കാവ്യജീവിതത്തിൽ വലിയ പ്രചോദനമായി കൂടെ നിന്നിരുന്നത് വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു. ദേശത്തിന്റെ ശ്ലോക ചാതുരി വൈലോപ്പിള്ളിയെപ്പോലും അതിശയിപ്പിച്ചിരുന്നു. കാവ്യം അദ്ദേഹത്തിന് സമർപ്പണമായിരുന്നു. എൻ.കെ. ദേശം മടങ്ങുമ്പോൾ മലയാള കവിതാസാഹിത്യത്തിൽ നിന്ന് ഒരു കാലവും ദേശവും അപ്പാടെയാണ് പൊലിഞ്ഞുപോകുന്നത്.

മുദ്ര, കാവ്യകേളി, അപ്പൂപ്പൻതാടി, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലി വിവർത്തനം എന്നിവയാണ് പ്രധാനകൃതികൾ. കേരള - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ്, ആശാൻ പ്രൈസ് എന്നിവ നേടിയിട്ടുണ്ട്.

Comments