മാപ്പിളപ്പാട്ടിന്റെ പണ്ടത്തെ കാലമായിരുന്ന റംലാ ബീഗം പാട്ടില്‍ നിന്നും പാട്ടരങ്ങുകളില്‍ നിന്നും ഗാര്‍ഹികജീവിതപ്പാടുകളിലേക്ക് അപ്രത്യക്ഷയായ ശേഷം അവരുടെ പാട്ടുകളുടെയും കഥകളുടെയും കേള്‍വി പരന്ന മലബാര്‍ ജനതയുടെ ഓര്‍മ്മകളിലേക്ക് ഒരു വീണ്ടുവരവാഗ്രഹിച്ചു. 2005- ല്‍ അവരും മകളും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പരിസരത്തുവന്നു താമസമാക്കിയ ശേഷമായിരുന്നു അത്. ചന്ദ്രികയുടെ അന്നത്തെ പിരിയോഡിക്കല്‍സ് എഡിറ്റര്‍ നവാസ് പൂനൂരിനെയാണവര്‍ അതിനു സമീപിച്ചത്. നവാസ്‌ക്ക അവരെപ്പറ്റി അറിയാമോന്ന് എന്നോട് ചോദിച്ചു. എനിക്കവരെ അറിയില്ലെങ്കിലും അവരുടെ പാട്ടുകള്‍ നന്നായി അറിയാമായിരുന്നു, അവരെ വീട്ടില്‍ ചെന്നു കാണാനാണ് നവാസ്‌ക പറഞ്ഞത്. അത് വേണ്ടിവന്നില്ല, അവര്‍ ചന്ദ്രികയിലേക്ക് വന്നു. ഗായികയും കാഥികയുമായ റംലാ ബീഗം കോഴിക്കോട് ചന്ദ്രിക ഓഫീസിലിരുന്ന് സ്വന്തം കഥ പറയുന്നതും കേട്ട് ഞാനിരുന്നു. ചന്ദ്രികയുടെ അക്കൊല്ലത്തെ പെരുന്നാള്‍പ്പതിപ്പില്‍ ഞങ്ങളത് ആഘോഷമാക്കി. അക്കഥ വായിച്ച് ആ സമയം മാപ്പിളപ്പാട്ടിന്റെ ചരിത്രപുസ്തകനിര്‍മിതിലായിരുന്ന ഉമര്‍ തറമേല്‍ മാഷ് എന്നെ വിളിച്ചു. മാഷാണ് പറഞ്ഞത്, അദ്ദേഹവും ബാലകൃഷ്ണന്‍ വള്ളിക്കുന്നും അന്വേഷിക്കുന്ന ഒരാളെയാണ് ഞാന്‍ മുന്നില്‍ക്കൊണ്ട് നിര്‍ത്തിക്കൊടുത്തതെന്ന്. ഉമര്‍ മാഷും പിന്നാലെ വി.എം. കുട്ടിയും അവരുടെ ജീവിതം കേട്ടെഴുതുകയുണ്ടായി. നവാസ്‌ക്ക അവരെ പാട്ടാളുകളുമായി ബന്ധപ്പെടുത്തുന്നതില്‍ ഉല്‍സാഹിച്ചു. അവര്‍ വീണ്ടും പാടാനും പറയാനും തുടങ്ങി. മലബാറിലെ പാട്ടുപ്രേമികള്‍ റംലയെന്ന പാട്ടിന്റെ ബീഗത്തെ വീണ്ടും ഏറ്റെടുത്തു, വീണ്ടും കണ്ടപ്പോഴെല്ലാം അവരെന്നോട് ആ സന്തോഷം പറഞ്ഞു. റംലാ ബീഗം കുറേനാളുകളായി പ്രായപരവശയും രോഗാതുരയുമായിരുന്നു. അവരും കാലത്തിന്റെ ഗാനയവനികക്കുള്ളില്‍ മറയുന്നു. അവരുടെ ജീവിതകഥ മാപ്പിളപ്പാട്ടിന്റെ ജീവചരിത്രം കൂടിയാണ്.
2006- ലാണ് റംലാബീഗത്തിന്റെ അല്‍പം ജീവിതം കേട്ടെഴുതിയത്. പാട്ടിന്റെയും കഥയുടെയും മോഹനകാലം കഴിഞ്ഞെങ്കിലും, പാട്ടുപൂതികള്‍ വേര്‍പിരിഞ്ഞിട്ടില്ലാത്ത പരിശ്രമത്തിലും വിശ്രമത്തിലുമായിരുന്നു പിന്നെയുമവര്‍. ഒരു കാലം മലബാറിന്റെ നഗരഗ്രാമങ്ങളെ ഇളക്കിമറിച്ചിരുന്നു ഈ പാട്ടുകാരിയും അവര്‍ പറഞ്ഞുഫലിപ്പിച്ച കഥകളും. റംലാ ബീഗമെന്ന ഈണമുള്ള ഓര്‍മ്മ മാപ്പിളപ്പാട്ടിന്റെ സ്വന്തം ജീവിതകഥയുടെ ഭാഗമാണ്. എഴുത്ത് നിഷിദ്ധമായിരുന്ന കാലത്ത് പാട്ടുകളെഴുതുന്ന സി.എച്ച്. കുഞ്ഞായിഷയും പി.കെ. ഹലീമയും കെ. ആമിനക്കുട്ടിയുമുണ്ടായതും പാട്ടുകള്‍ പാടുന്ന അയിഷാ ബീഗവും റംലാ ബീഗവുമുണ്ടായതും മാപ്പിളപ്പാട്ടിന്റെ ജീവചരിത്രത്തിലെ മാത്രമല്ല, മലയാളിപ്പെണ്ണുങ്ങളുടെ ചരിത്രത്തിലെയും പാട്ടുകെട്ടിയ സ്വതന്ത്രസഞ്ചാര പഥങ്ങളാണ്. അല്‍ഹംദുടയോനമറാലെ വീശിയ ശീതക്കാറ്റുപോലെ അത് ശ്രോതാക്കളുടെ മനംകുളിര്‍പ്പിച്ചു. പ്രണയമകരന്ദമായ ബൂദ്റുല്‍ മുനീറിന്റെയും ഹുസ്നുല്‍ ജമാലിന്റെയും കഥപറഞ്ഞ അവര്‍ മുഹബ്ബത്തിന്റെ കോട്ടകള്‍ക്കു മുകളിലൂടെ ജിന്നുകള്‍ക്കും ഇഫ്രീത്തുകള്‍ക്കുമൊപ്പം പാവം മാനവഹൃദയങ്ങളെ പറത്തി. മലയാളികളുടെ രാത്രികളെ പാട്ടിലാക്കിയ ഒരു സ്ത്രീ കൂടി കഥാവശേഷയാകുന്നു.
പാടുന്ന ബീഗം പറഞ്ഞ കഥ:
എന്റെ ഉമ്മ കോഴിക്കോട് ഫറൂഖുകാരിയായിരുന്നു, മറിയം ബീവി. ഉപ്പ, ഹുസൈന്‍ യൂസുഫ് യമാനി. ആലപ്പുഴയായിരുന്നു സ്വദേശം. ഉപ്പ ഫറൂഖില്‍ വന്ന് ഉമ്മയെ കെട്ടിക്കൊണ്ടുപോയതാണ്. ദേശാടനം ചെയ്യുന്ന കച്ചവടക്കാരനായിരുന്നു ഉപ്പ. 1946-ല്‍ ആലപ്പുഴ വെച്ചായിരുന്നു എന്റെ ജനനം. വളര്‍ന്നതും ആലപ്പുഴയിലെ വീട്ടിലായിരുന്നു. എന്റെ കുട്ടിക്കാലത്ത് ആലപ്പുഴക്ക് പാട്ടിന്റെ ഒരു കാലമുണ്ടായിരുന്നു. എട്ടാമത്തെ വയസ്സില്‍തന്നെ പാടിത്തുടങ്ങി. പാടിത്തുടങ്ങി എന്നുപറഞ്ഞാല്‍ സ്റ്റേജില്‍ പാട്ടുപാടാന്‍ തുടങ്ങി. പാടുന്ന ശീലം കണ്ടിട്ട് അമ്മാവനാണ് അതിനു വേണ്ടതൊക്കെ ചെയ്തതു തന്നത്. അമ്മാവന്‍ പാട്ടില്‍ നല്ല കമ്പമുള്ള ആളായിരുന്നു. ഞാന്‍ പാടുമെന്ന് കണ്ടപ്പോള്‍ അമ്മാവന്‍ ഒരു ക്ലബ്ബ് തുടങ്ങി- ആസാദ് മ്യൂസിക് ക്ലബ്ബ്. ക്ലബ്ബിലെ പ്രധാന പാട്ടുകാരി ഞാന്‍. വീട്ടില്‍ പാട്ടുമായി ബന്ധപ്പെട്ട ജീവിതമായിരുന്നതുകൊണ്ട് പാട്ടും ക്ലബ്ബും മുന്നോട്ടുപോയി. അമ്മാവന്‍ സത്താര്‍ഖാന്‍ തുടങ്ങിയ ആ ക്ലബ്ബില്‍ നിന്നാണ് പാട്ടിന്റെ ഒരു ചെറിയ ലോകം എനിക്കു കിട്ടുന്നത്. ആസാദ് മ്യൂസിക് ക്ലബ്ബില്‍ തബല വായിക്കുന്ന ഒരാളുണ്ടായിരുന്നു- അബ്ദുസ്സലാം. എല്ലാവരും മാസ്റ്റര്‍ എന്നു വിളിച്ചു. ക്ലബ്ബിനു ധാരാളം പരിപാടികള്‍ കിട്ടിക്കൊണ്ടിരുന്നു. പല സ്ഥലങ്ങളിലേക്കും പാട്ടുപാടുവാന്‍ യാത്രകള്‍ ചെയ്തുതുടങ്ങി. അമ്മാവനും കൂടെ വരും. മാപ്പിളപ്പാട്ടു മാത്രമല്ല, ഹിന്ദി ഗാനങ്ങളും പാടും. കൊച്ചിയായിരുന്നു പ്രധാന കേന്ദ്രം. കല്യാണ പരിപാടികള്‍ അന്ന് ധാരാളമുണ്ടായിരുന്നു. അന്നത്തെ കല്യാണങ്ങളിലൊക്കെ പാട്ടുപരിപാടിയുണ്ടാകും. മൈലാഞ്ചിരാവ് എന്നൊക്കെ ചിലയിടങ്ങളില്‍ പറയും. പാട്ടുകേള്‍ക്കാനും വീണ്ടും വീണ്ടും പാടിക്കാനും ധാരാളമാളുകളുണ്ടാവും.
തട്ടേക്കേറി പാട്ടുപാടുന്ന പെണ്ണ്
സ്‌കൂളില്‍ പോയിരുന്നു. പത്താം തരം പഠിച്ചു. മദ്രസയില്‍ പോയിരുന്നില്ല. വീട്ടില്‍ ആളുവന്ന് പഠിപ്പിക്കുമായിരുന്നു. പിന്നെ ഉപ്പാന്റെ പെങ്ങള്‍ വളരെ അറിവുള്ള സ്ത്രീയായിരുന്നു. അവരായിരുന്നു ഗുരുനാഥ. ആലപ്പുഴയില്‍ അക്കാലത്ത് മദ്രസ ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെയൊന്നുമല്ല. ഒരു ചെറിയ ഓത്തുപള്ളി. പാട്ടും പരിപാടിയുമൊന്നും മദ്രസയില്‍ ഇന്നത്തെപോലെ ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിലും പെണ്‍കുട്ടികള്‍ക്ക് പറ്റില്ലല്ലോ. നബിദിനയോഗം ഉണ്ടായിരുന്ന ഓര്‍മ്മയില്ല. നബിദിനജാഥയും പാട്ടും ഉണ്ടാകും. അതിലും പെണ്‍കുട്ടികള്‍ വരില്ല. പെണ്ണൊരുത്തി തട്ടേക്കയറി പാട്ടു പാടുന്നതിലും കഥപറയുന്നതിലും എതിര്‍പ്പുകള്‍ ധാരാളമുണ്ടായിരുന്നു. മുസ്‍ലിം പെണ്ണ് ഈ പണി ചെയ്യരുത് എന്ന എതിര്‍പ്പ്.
മാസ്റ്ററായിരുന്നു എല്ലാം, കഥ തിരഞ്ഞെടുത്തതും പാട്ടും കഥയും ചേര്‍ന്നതും എന്നു പറഞ്ഞില്ലേ. എതിര്‍പ്പുകള്‍ നേരിട്ടതും മാസ്റ്ററായിരുന്നു.
സ്ഥലം കണ്ണൂര്‍; ഞങ്ങളുടെ പരിപാടി നിശ്ചയിച്ച ദിവസം, കേള്‍വിക്കാരല്ല, കലഹക്കാരാണ് മുമ്പില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരൊറ്റ ആവശ്യമേ അവര്‍ക്കുള്ളൂ. പരിപാടി നടക്കാന്‍ പാടില്ല. ആലപ്പുഴക്കാരിയെ ഇന്നാട്ടില്‍ ഇങ്ങനെ ആടാന്‍ വിടില്ല. കഥ കര്‍ബലയിലെ രകതക്കളം. കര്‍ബലയിലെ രക്തക്കളമല്ല, റംലാ ബീഗത്തിന്റെ രക്തക്കളമായിരിക്കും ഇവിടെ നടക്കുക എന്നായിരുന്നു ആക്രോശം. വീട്ടില്‍ ഒരു കുഞ്ഞിക്കലത്തില്‍ വെള്ളം തിളക്കാന്‍ വെച്ചിട്ടാണ് ഞങ്ങള്‍ വന്നത്. തിരിച്ചെത്തിയാല്‍ ഒന്നുകില്‍ ചോറുവെച്ചു കഴിക്കും, അല്ലെങ്കില്‍ അതെടുത്ത് നാട്ടുകാര്‍ ഞങ്ങളുടെ മയ്യിത്ത് കുളിപ്പിക്കും എന്നായിരുന്നു അന്നേരം മാസ്റ്ററുടെ വാക്ക്. എനിക്കതു ധൈര്യം തന്നു. പോലീസ് അകമ്പടിയോടെ കഥ തുടങ്ങി. കര്‍ബലയില്‍ ചിന്തിയ നബി കുടുംബത്തിന്റെ ചരിത്രഗാഥ. ബഹളം ഒന്നടങ്ങി. ഹാളിലേക്ക് ജനം കടന്നുവന്നു. കലഹിക്കാന്‍ വന്നവരും കഥകേട്ടു. അവരെങ്ങനെ തിരിച്ചുപോകാനാണ്. മിക്കപ്പോഴും അങ്ങനെയാണ്. എതിര്‍പ്പുമായി വരുന്നവരും എതിര്‍പ്പ് വിലപ്പോകില്ലെന്ന് കണ്ടാല്‍ പാത്തും പതുങ്ങിയും കഥ കേള്‍ക്കും. ഏതായാലും വന്നതല്ലേ, കേട്ടിട്ടു പോകാം എന്നങ്ങു തീരുമാനിക്കും.
കൊന്നുകളയും എന്ന ഭീഷണി
കൊന്നുകളയും എന്നായിരുന്നു ചിലയിടങ്ങളില്‍ ഭീഷണി. മുസ്‍ലിം സ്ത്രീയാണ്, എതിര്‍പ്പുകള്‍ ഉണ്ടാവുമെന്ന് ഞങ്ങള്‍ക്കും അറിയാമായിരുന്നു. മതപ്രസംഗങ്ങളില്‍ വളരെ മോശമായാണ് മൗലവിമാര്‍ എന്നെക്കുറിച്ച് പറഞ്ഞിരുന്നത്. അവരും ഞാനും പറയുന്നത് ഒരേ കഥയാണെന്ന കാര്യം പോലും അവരോര്‍ത്തില്ല. പെണ്ണൊരുത്തി തട്ടേല്‍ കേറി, കളിക്കുന്നുണ്ട്, ആടുന്നുണ്ട്, പാടുന്നുണ്ട്, ആളുകളെ ഇളക്കുന്നുണ്ട് എന്നായിരുന്നു പ്രചാരണം. ആളുകള്‍ അതുകേട്ട് തെറ്റിദ്ധരിക്കും. വന്ന് കഥ കേള്‍ക്കുന്നതോടെ അവരുടെ കലിയടങ്ങും. ഞങ്ങള്‍ പറയുന്നതും നല്ല കഥയാണെന്ന് ബോധ്യപ്പെടും. പിന്നെ മാസ്റ്റര്‍ ധൈര്യമായി കൂടെയുണ്ട്. അതുകൊണ്ട് ഒന്നും എഫക്ട് ചെയ്തില്ല. പിന്നെപ്പിന്നെ മൗലവിമാര്‍ എതിര്‍പ്പ് നിര്‍ത്തി.
കോഴിക്കോട്ടെ കൊടുവള്ളിയില്‍ പഞ്ചായത്ത് റോഡിന്റെ നിര്‍മ്മാണത്തിന് ഞങ്ങളുടെ കഥാപ്രസംഗം നടത്തിയിരുന്നു. പരിപാടിയുടെ അറിയിപ്പ് വന്നപ്പോള്‍ താക്കീതു കിട്ടി. രക്തപ്പുഴ ഒഴുക്കും എന്നായിരുന്നു. താക്കീത്. ‘ഇസ്‍ലാമിനെ താറടിക്കാനോ, റോഡിന് താറിടാനോ’ എന്നൊരു ലഘുലേഖയുമിറങ്ങി. ഞങ്ങള്‍ ഭയന്നുപോയി. പക്ഷേ, തോറ്റു കൊടുത്തിട്ടില്ല. കാരണം അന്നത് ജീവിതമായിരുന്നു. അക്കാര്യം തന്നെയാണാദ്യം പറഞ്ഞത്. ഞങ്ങള്‍ക്കിതു ജീവിതമാര്‍ഗമാണ്. കേട്ടുനോക്കുക എന്നു പറഞ്ഞാണ് പരിപാടി തുടങ്ങിയത്. നല്ലതല്ലെങ്കില്‍ പ്രോഗ്രാം നിര്‍ത്തിയേക്കാം എന്നും പറഞ്ഞു. രക്തപ്പുഴയൊന്നും ഒഴുകിയില്ല. പരിപാടി കഴിഞ്ഞപ്പോള്‍ അവരുമുണ്ടായിരുന്നു അഭിനന്ദിക്കാന്‍. സ്ത്രീയല്ലേ, വിശേഷിച്ചും മുസ്‍ലിം സ്ത്രീയല്ലേ എന്നു കരുതിയും കുറേ തെറ്റിദ്ധാരണകളോടെയുമാണവര്‍ എതിര്‍പ്പു തുടങ്ങിയത്. പാട്ടും കഥയും കേള്‍ക്കുമ്പോള്‍ മനസ്സുമാറും. നല്ല കഥകള്‍ ആളുകളെ കേള്‍പ്പിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യവും ആഗ്രഹവും.
മുസ്‍ലിം ലീഗ് നൽകിയ വേദികൾ
എതിര്‍പ്പുകള്‍ ശക്തമായിരുന്ന കാലത്തും മുസ്‍ലിം ലീഗുകാര്‍ എനിക്കു വേദികള്‍ തന്നു. ലീഗിന്റെ സമ്മേളനവേദികളില്‍ സമ്മേളനം കഴിഞ്ഞാല്‍ എന്റെ കഥാപ്രസംഗമായിരിക്കും അടുത്തത്. ബാഫഖി തങ്ങളെ കാണുകയും സി.എച്ചിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും അവരുമായി ബന്ധം വെക്കുകയും ചെയ്യുന്നത് അങ്ങനെയാണ്. പറഞ്ഞ സമയത്ത് സമ്മേളനം തീരില്ല. നമ്മള്‍ പരിപാടിക്ക് സ്ഥലത്തെത്തിയിട്ടുണ്ടാവും. അങ്ങനെ അവരെ കാണും. സമ്മേളനത്തിനിടെ കഥാപ്രസംഗത്തിന്റെ അറിയിപ്പ് വിളിച്ചുപറയപ്പെടും. സി.എച്ചും തങ്ങളുമൊക്കെ അതു കേള്‍ക്കുന്നുണ്ടല്ലോ എന്ന ആഹ്ലാദമാകും അപ്പോള്‍ മനസ്സിലുണ്ടാവുക. സി.എച്ചിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ക്കുശേഷം എന്റെ പാട്ടും കഥയും ആളുകളെ തണുപ്പിക്കും. ചില യോഗങ്ങളില്‍, അടുത്തതായി ഞങ്ങളുടെ കഥാപ്രസംഗം ഉണ്ടാകുമെന്ന് അദ്ദേഹം തന്നെ പറയും. അപ്പോള്‍ വലിയ അഭിമാനം തോന്നും. അവരൊന്നും എന്റെ കഥയും പാട്ടും വേണ്ട എന്ന് വയ്ക്കുന്നില്ലല്ലോ? അതുകൊണ്ട് ഞാന്‍ ചെയ്യുന്നത് ഒരിക്കലും തെറ്റല്ല എന്ന് മനസ്സ് പറയും.
സി.എച്ച് മരിച്ചപ്പോള്‍ ഒ.എം. കരുവാരക്കുണ്ട് രചിച്ച ഒരു കഥാപ്രസംഗം ഞാന്‍ അവതരിപ്പിച്ചു. കഥ: സി.എച്ച്. മുഹമ്മദ്കോയ, കാഥിക: റംലാ ബീഗം. അതിന്റെ കാസറ്റ് ഇറങ്ങിയിരുന്നു. നബിചരിത്രം അഞ്ചു വാള്യങ്ങളാണ് മറ്റൊരു പ്രിയപ്പെട്ട കഥാപ്രസംഗം. ആലപ്പുഴ എം.എ. റസാഖ് രചന നിര്‍വ്വഹിച്ച ഈ കഥ അഞ്ചു വാള്യങ്ങളില്‍ നിന്നുപോയി. റസാഖ് മാസ്റ്റര്‍ മരണപ്പെട്ടതോടെ ബാക്കി ഭാഗങ്ങള്‍ തീര്‍ക്കാനായില്ല. റസൂലുല്ലാന്റെ സമ്പൂര്‍ണ ജീവിത കഥ പറയാനായിരുന്നു ഉദ്ദേശിച്ചത്. മറ്റൊരു കഥ സുല്‍ത്താന റസിയ ആയിരുന്നു. കഥ പറയുമ്പോള്‍ കുറേ ഉപകഥകള്‍ വേണം. ആളുകളെ പിടിച്ചിരുത്താനുള്ള പൊടിക്കൈകള്‍ അങ്ങനെയൊക്കെയാണ്. ചങ്ങമ്പുഴയുടെ ചില കൃതികള്‍, ആശാന്റെ നളിനി, ചണ്ഡാലഭിക്ഷുകി, കാളിദാസകഥകള്‍ ഒക്കെ അങ്ങനെ കൂട്ടിച്ചേര്‍ക്കും.
എനിക്ക് പാട്ടുപാടിത്തന്നെ
മരിക്കണം
പത്തു മക്കളായിരുന്നു ഞങ്ങള്‍. ഞാന്‍ പത്താമത്തെ മകള്‍. ഒരാങ്ങള മാത്രമേ ബാക്കിയുള്ളൂ. കഥകള്‍ ഒരുപാട് പറഞ്ഞെങ്കിലും വലിയ സമ്പാദ്യങ്ങള്‍ ഒന്നുമുണ്ടായില്ല. കിട്ടിയതെല്ലാം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കി. കയ്യിലൊന്നുമില്ലാ എന്ന് ഇപ്പോഴാണ് അറിയുന്നത്. ആലപ്പുഴയിലെ വീടു വിട്ട് ഞങ്ങള്‍ തേഞ്ഞിപ്പാലത്തെത്തിയത് അങ്ങനെയാണ്. കൂട്ടിന് മകള്‍ റസിയാ ബീഗവും ചെറുമക്കളായ സുബിനും സുമയ്യയും. ഏകദേശം ഇരുപത് വര്‍ഷം മുമ്പാണ് സ്റ്റേജ് വിട്ടത്. മാസ്റ്ററുടെ മരണത്തോടെ ജീവിതതാളം നഷ്ടമായി. മാസ്റ്ററില്ലാതെ കുറച്ചുകാലം വേദികളിലെത്തിയെങ്കിലും തുടരാനായില്ല. പന്ത്രണ്ടു വര്‍ഷം മുമ്പ് പൂര്‍ണ്ണമായും അങ്ങനെ സ്റ്റേജിനോട് വിടപറഞ്ഞു. കഥാപ്രസംഗത്തിനു കേള്‍വിക്കാരില്ലാതായി. മിമിക്രിയായിരുന്നു ജനങ്ങള്‍ക്കു വേണ്ടത്. എന്റെ പ്രായവും ഒരു പ്രശ്നമായിരുന്നു...
ആസാദ് മ്യൂസിക് ക്ലബ്ബില്‍ തബല വായിച്ചിരുന്ന അബ്ദുസ്സലാം മാസ്റ്റര്‍ സാംബശിവന്റെ കഥാപ്രസംഗ ഗ്രൂപ്പിലെയും ആര്‍ട്ടിസ്റ്റായിരുന്നു. ഞങ്ങളുടെ ക്ലബ്ബിന് പരിപാടിയുള്ളപ്പോള്‍ അദ്ദേഹം തബലയില്‍ താളമിടും. ഞാന്‍ പാടും. അങ്ങനെ പാട്ട് ഞങ്ങള്‍ക്കിടയില്‍ ഒരിഷ്ടമുണ്ടാക്കി. ഖല്‍ബുകള്‍ ഒരുമിച്ചപ്പോള്‍ പതിനേഴാമത്തെ വയസ്സില്‍ ഞാന്‍ മാസ്റ്ററുടെ ഭാര്യയായി. മാസ്റ്ററായിരുന്നു എനിക്കെല്ലാം. എന്നെ പാട്ടിലേക്ക് നയിച്ചത് അമ്മാവന്റെ ശ്രമങ്ങളായിരുന്നെങ്കിലും കേരളം മുഴുക്കെ റംലാ ബീഗം എന്ന കാഥികയേയും ഗായികയേയും പരിചയപ്പെടുത്തിയത് മാസ്റ്ററായിരുന്നു. മാസ്റ്ററുടെ ശിക്ഷണവും ധീരതയുമാണ് ഞങ്ങളുടെ സംഘത്തെ വിജയത്തിലെത്തിച്ചത്. അബ്ദുസ്സലാം നാട്ടുകാര്‍ക്കും മാസ്റ്ററായിരുന്നു. അദ്ദേഹത്തിന് സാംബശിവനുമായുള്ള അടുപ്പം കാരണം കഥാപ്രസംഗം എങ്ങനെ വേണമെന്നതെക്കുറിച്ച് അറിവും ഒരു സങ്കല്പവുണ്ടായിരുന്നു. എന്റെ പാട്ടില്‍ കഥ കൂടിച്ചേര്‍ത്താല്‍ അത് വിജയിക്കുമെന്ന് അദ്ദേഹത്തിനു തോന്നി. അന്ന് ഐഷാബീഗം മാത്രമേ കഥാപ്രസംഗത്തിന്റെ രംഗത്തുണ്ടായിരുന്നുള്ളൂ. നൂറനാട് ശരീഫ ആയിരിക്കും വേദിയില്‍ കഥാപ്രസംവുമായി വന്ന ആദ്യത്തെ മുസ്‍ലിം സ്ത്രീ. ഒരു ഹലീമാബീവിയും ഉണ്ടായിരുന്നു. എന്റെ പാട്ടും കഥയും ചേര്‍ന്നാല്‍ കയ്യടി ഉറപ്പിച്ച മാസ്റ്റര്‍ കഥാപ്രസംഗത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ തുടങ്ങി. സാംബശിവന്റെ കഥകേട്ട അറിവേ അക്കാര്യത്തില്‍ എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹം തന്നെ ഗുരുവായി. കഥാപ്രസംഗം പഠിക്കാന്‍ തുടങ്ങി. പാടിയേ ശീലമുള്ളൂ. പ്രസംഗിച്ചുള്ള പരിചയം ഉണ്ടായിരുന്നില്ല. പക്ഷേ, അന്നത്തെ പ്രായം എന്തും പെട്ടെന്ന് പിടിച്ചെടുക്കാനുള്ള ശക്തി നല്‍കി. അങ്ങനെ കാഥികയായി, കഥാപ്രസംഗം പിടിച്ചടക്കുകയായിരുന്നു ഞങ്ങള്‍. ആദ്യത്തെ കഥ ജമീല. ആലപ്പി അഷ്റഫിന്റെ രചന. സാമൂഹ്യ പ്രാധാന്യമുള്ള ഒരു കുടുംബകഥ. രണ്ടു മാസമെടുത്തു റിഹേഴ്സല്‍. പിന്നെ കഥകള്‍ മാറിക്കൊണ്ടിരുന്നു, കേള്‍വിക്കാര്‍ കൂടിക്കൊണ്ടിരുന്നു.
ജമീല കേരളത്തിലങ്ങിങ്ങ് അവതരിപ്പിച്ചു വരുമ്പോള്‍ മാസ്റ്റര്‍ പുതിയ കഥ തെരഞ്ഞെടുത്തു. കേരള മുസ്‍ലിംകൾക്കിടയിലും അല്ലാത്തവര്‍ക്കിടയിലും പ്രചാരമുള്ള കഥ. ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ രചനയിലുണ്ടായ അനുരാഗകഥ. ഈ പ്രണയകഥയാണ് ശരിക്കും ഞങ്ങളെ കേരളത്തിനു പ്രിയപ്പെട്ടവരാക്കിയത്. ദിവസവും രണ്ടു വേദികളില്‍ വരെ കഥ പറയേണ്ടിവന്നു. കഥകള്‍ പുതിയത് പലതും തുടങ്ങി. കഥക്കൊപ്പം എന്റെ പാട്ടും ആളുകള്‍ക്ക് പ്രിയപ്പെട്ടതായി. വേദികളില്‍ കഥാപ്രസംഗവും ഗാനമേളയും പതിവായി. മൂന്നര മണിക്കൂര്‍ പരിപാടി കഴിഞ്ഞാല്‍ ആളുകള്‍ ചോദിക്കും. എന്തേ ഇത്രപെട്ടെന്ന് നിര്‍ത്തിയത്. മലബാറായിരുന്നു ഞങ്ങളുടെ ശക്തികേന്ദ്രം. ഓരോ മുക്കിലും മൂലയിലും ഗാനമേളകള്‍, കഥാപ്രസംഗങ്ങള്‍, ആളുകള്‍ക്ക് മതിവരാത്ത അവസ്ഥ. ആലപ്പുഴ വിട്ടുപോന്നാല്‍ മാസങ്ങള്‍ കഴിഞ്ഞേ മടക്കമുള്ളൂ. തുടര്‍ച്ചയായ പരിപാടികള്‍. റോഡ് നിര്‍മ്മാണത്തിനു മുതല്‍ പെണ്‍കുട്ടികളെ കെട്ടിക്കുന്നതിനു വരെ എന്റെ കഥാപ്രസംഗങ്ങള്‍ നടത്തിയിരുന്നു. ആശുപത്രികള്‍ കെട്ടുന്നതു തുടങ്ങി ഒരുപാട് നല്ല കാര്യങ്ങള്‍ക്ക് ധനശേഖരണം നടത്താന്‍ ഞാനും എന്റെ പാട്ടും കാരണമായിത്തീര്‍ന്നു. അല്ലാഹുവിന്റെ വലിയ അനുഗ്രഹമായിരുന്നു ആ ജീവിതം.
മുപ്പത്തിയഞ്ചിലേറെ എച്ച്.എം.വി. റിക്കാര്‍ഡുകള്‍ ചെയ്തു. കഥയും പാട്ടുമായി ഏഴായിരം വേദികളില്‍ ഞങ്ങള്‍ പരിപാടികള്‍ അവതരിപ്പിച്ചു. 500 കാസറ്റുകള്‍ ഇറക്കിയിട്ടുണ്ട്. ഇരുപത്തിമൂന്ന് കഥകള്‍ പറഞ്ഞിട്ടുണ്ട് ഞാന്‍. പരപ്പില്‍ സ്‌കൂളിന്റെ മുറ്റമായിരുന്നു കോഴിക്കോട്ടെ ഞങ്ങളുടെ ആദ്യത്തെ കഥാപ്രസംഗം വേദി. കഥ ബദ്റുല്‍ മുനീര്‍ഹുസ്നുല്‍ ജമാല്‍. അത്രയധികം ആളുകള്‍ ഇല്ലായിരുന്നു. ചെറിയ സദസ്, സ്ത്രീകള്‍ തീരെ വന്നിരുന്നില്ല. ഞങ്ങളുടെ മലബാറിലേക്കുള്ള വരവ് അങ്ങനെ എളിയ രീതിയിലായായിരുന്നു. കഥ പറയുന്നതും പാടുന്നതും ഒരു പെണ്ണാണ്, അതൊന്നും അംഗീകരിക്കാന്‍ ആദ്യകാലത്ത് ജനം ഒുക്കമല്ലായിരുന്നു. പതുക്കെ കഥ മാറി. ഓരോ ഇഞ്ച് സ്ഥലത്തും മലബാറില്‍ ഞങ്ങള്‍ക്ക് സ്റ്റേജുകള്‍ കിട്ടി. ആളുകള്‍ തിക്കിത്തിരക്കിവന്ന് മൈതാനങ്ങള്‍ നിറഞ്ഞു. ജനങ്ങളുടെ ഈ ആവേശം ഞങ്ങളേയും ആവേശംകൊള്ളിച്ചു.
ജമീല, ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍, മൂസാനബിയും ഫിര്‍ഔനും, കര്‍ബലയിലെ രക്തക്കളം, കേശവദേവിന്റെ ഓടയില്‍ നിന്ന്, ശാകുന്തളം ഒക്കെ ഞങ്ങള്‍ അവതരിപ്പിച്ച കഥാപ്രസംഗങ്ങളായിരുന്നു. ഭര്‍ത്താവ് അബ്ദുസ്സലാം മാസ്റ്റര്‍ കൂടെത്തന്നെ ഉണ്ടായിരുന്നു. വേദികളില്‍ നിന്ന് വേദികളിലേക്ക് ഞങ്ങള്‍ യാത്ര ചെയ്തു. സാംബശിവന്റെ പുള്ളിമാന്‍ എന്ന കഥാപ്രസംഗത്തിനൊക്കെ അദ്ദേഹമായിരുന്നു തബല. അതൊക്കെ വിട്ട്, ഞങ്ങള്‍ ഒന്നിച്ചായതോടെ എന്റെ പാട്ടുകള്‍ക്കു മാത്രമായി അദ്ദേഹത്തിന്റെ സംഗീതം. എം.എ. റസാഖ്, ഒ.എം. കരുവാരക്കുണ്ട്, പിന്നെ എന്റെ മാസ്റ്ററും, ഇവരാണ് കഥകള്‍ക്ക് പാട്ടുകള്‍ ചിട്ടപ്പെടുത്തുക. കഥാരചന ചിലപ്പോള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കും. അല്ലെങ്കില്‍ നേരത്തെയുള്ള ഒരു കഥാരൂപം ഞങ്ങള്‍ ചിട്ടപ്പെടുത്തിയെടുക്കും. എട്ട് അംഗങ്ങളായിരുന്നു ഞങ്ങളുടെ ഗ്രൂപ്പില്‍. അവര്‍ പിന്നണി പാടും. മൂന്നു മാസത്തില്‍ ഒരിക്കലാണ് ഞങ്ങള്‍ വീട്ടിലെത്തുക. മഴക്കാലത്തു മാത്രമാണ് പരിപാടികള്‍ക്ക് കുറവുണ്ടാവുക. മകളുണ്ടായപ്പോള്‍ അവളെ നോക്കി വളര്‍ത്തിയത് ഉമ്മയാണ്. ഞാനും മാസ്റ്ററുമെപ്പോഴും കഥയും പാട്ടുമായി നീണ്ട യാത്രകളിലായിരുന്നു.
1971-ല്‍ സിംഗപ്പൂരിലേക്കായിരുന്നു ഞങ്ങളുടെ ആദ്യത്തെ വിദേശ യാത്ര. അവിടെ ധാരാളം മലയാളികളുണ്ട്. അവര്‍ വിളിച്ചിട്ട് പോയതാണ്. ഗംഭീര പരിപാടിയായിരുന്നു. ഓടയില്‍ നിന്ന്, കാളിദാസന്റെ ശാകുന്തളം പോലുള്ളവയും അവിടെ ഹിറ്റായി. മലേഷ്യയിലേക്കും പോയി. അവിടെയൊക്കെ മലയാളി സമാജങ്ങളുണ്ടാകും. അവര്‍ക്ക് കഥാപ്രസംഗത്തില്‍ വലിയ ഹരമായിരുന്നു. നാട്ടിലേതുപോലെയല്ല, നമ്മെ സ്വീകരിച്ചാനയിച്ച്, അവര്‍ പരിപാടി ഒരാഘോഷമാക്കി മാറ്റും. പിന്നെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നത്. ഗള്‍ഫിലെ കാര്യം പറയണ്ട. അവിടെ ആഘോഷമാണ്, ഉല്‍സവം പോലെയാണ് പരിപാടി. വിദേശ പരിപാടികളില്‍ നിന്നാണ് വലിയ പണം ലഭിക്കുക. ഒരുപാട് പാരിതോഷികങ്ങളും തരുമവര്‍. ഐഷാ ബീഗവും ഞാനുംകൂടി ഒരുമിച്ച് ഗള്‍ഫില്‍ പോയിരുന്നു. ചെറുപ്പക്കാര്‍ ഞങ്ങളെ വിട്ടില്ല. പഴയ പാട്ടുകള്‍ ഓരോന്നും വീണ്ടും വീണ്ടും പാടിക്കും. പഴയ പാട്ടുകളാണവര്‍ക്ക് പ്രിയം. ഏത് പുതിയ പാട്ടുകള്‍ വന്നാലും ഗള്‍ഫുകാര്‍ക്ക് പഴയ പാട്ടുകള്‍ കേള്‍ക്കണം.
ഇരുലോകം ജയമണി നബിയുള്ളയാണ് എനിക്കെന്റെ പ്രിയപ്പെട്ട പാട്ട്. ഞാനും ഭര്‍ത്താവുമാണ് അത് പാടുക. അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. സബീനപ്പാട്ടാണ് അത്. എവിടെ നിന്ന് കിട്ടി എന്ന് ഓര്‍മ്മയില്ല. ബാബുരാജിന്റെ ഈണം. എന്റെ ഒട്ടേറെ പാട്ടുകള്‍ക്ക് ഈണിമിട്ടിട്ടുണ്ട് ബാബുരാജ്. സംഗീതം അദ്ദേഹമാകുമ്പോള്‍ പാട്ട് നമ്മുടെ പിടുത്തംവിടും. ബാബുരാജിന്റെ സ്നേഹം കൊണ്ടാണ് ഞങ്ങളുടെ ഒട്ടേറെ പാട്ടുകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയത്. റിക്കാര്‍ഡുകള്‍ ചെയ്യുന്നതിന് അക്കാലത്ത് മദ്രാസ് വരെ പോകണം. മദ്രാസിലെത്തിയാലും ബാബുരാജായിരുന്നു സഹായം. യാത്രകളിലും പലപ്പോഴും ബാബുരാജ് കൂടെയുണ്ടായിരുന്നു. എന്റെ മറ്റു പ്രിയപ്പെട്ട പാട്ടുകള്‍ വമ്പുറ്റ ഹംസ റദിയല്ലാഹ്, ബിസ്മില്ലായിയെന്ന, അലിഫെന്ന മാണിക്യം തുടങ്ങിയവയാണ്. 35 എച്ച്.എം.വി. റിക്കാര്‍ഡുകള്‍ ചെയ്തിട്ടുണ്ട് ഞങ്ങള്‍.
പാട്ടുപാടി ജീവിച്ച ഒരാളാണ് ഞാന്‍. എത്ര പാട്ടുകള്‍ എത്രവട്ടം പാടിയെന്ന് പറയാനാവില്ല. ഇരുലോകം ഒരുപക്ഷേ, പതിനായിരക്കണക്കിനു പ്രാവശ്യം പാടിയിട്ടുണ്ടാവും. ഒന്നൊന്നര മണിക്കൂര്‍ കഥപാറയാനൊക്കെ എനിക്കിപ്പോഴും കഴിയും. സ്വന്തമായി ഒരു വീടും ട്രൂപ്പും ഞാനിപ്പോഴും സ്വപ്നം കാണുന്നു. എനിക്ക് കഥാപ്രസംഗത്തിന്റെ അരങ്ങായതും എന്നെ റംലാ ബീഗമാക്കിയതും കോഴിക്കോടാണ്. മലബാറാണ്. പാട്ടിന്റെ കാര്യം കഷ്ടമാണിപ്പോള്‍. ഞാന്‍ പാടിയ പല പാട്ടുകളും ഇപ്പോള്‍ പാശ്ചാത്യസംഗീതത്തിന്റെ മുഴക്കത്തിലാണ് ചിലര്‍ പാടുന്നത്. വെസ്റ്റേണ്‍ മ്യൂസിക്കിന്റെ ബഹളത്തില്‍ ആലപിക്കുന്ന ഒരു മോയിന്‍കുട്ടി വൈദ്യരുടെ പാട്ട് ശ്വാസംമുട്ടി പിടയുന്നത് കാണാം. എനിക്കതു കണ്ടാല്‍ വല്ലാതെ വേദനിക്കും. പഴയ കാലമല്ല, പുതിയ കാലത്തിനും പറ്റിയ രീതിയില്‍ പാടണം. അതിനുള്ള ശ്രമത്തിലാണ് ഞാനും. പാരമ്പര്യമുള്ള പാട്ടുകളെ പുതിയ സൗകര്യങ്ങളോടെ അവതരിപ്പിക്കണം. മലബാറേലേക്ക് മടങ്ങിവന്ന ഞാന്‍ എന്റെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ്.
പാട്ടിന്റെ നാട് കാസര്‍ക്കോടാണ്. എട്ടും പത്തും പ്രാവശ്യം ഒരേ പാട്ടുകള്‍ ആവര്‍ത്തിച്ചു പാടേണ്ടിവരും. ആ നാട്ടുകാര്‍ക്ക് എന്തിനും ഏതിനും പാട്ടാണ്. തൊട്ടതിനെല്ലാം പാട്ട്. അവര്‍ക്കു വേണ്ടി താരാട്ടുപാട്ടുകള്‍ വരെ ഞാന്‍ പാടിയിട്ടുണ്ട്. പാട്ടുപാടിയ എന്റെ മനസ്സില്‍ നിന്നും പോകാത്ത ഒരനുഭവം ഉണ്ടായത് അവിടെവെച്ചാണ്. പാട്ടിന്റെ ഗ്രാമമായ ഉദുമയില്‍. ഒരു കല്യാണപരിപാടിക്ക് നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെയെത്തി. അന്നു മറ്റൊരു ടീമിന്റെ ഗാനമേളയാണ്. പിറ്റേന്നാണ് ഞങ്ങളുടെ പരിപാടി. അന്നത്തെ ഗാനമേളക്ക് ഞാനും സദസ്സിലേക്ക് ചെന്നു. അവിടെ ഒരാള്‍വന്ന് എന്നെ വല്ലാതെ നിര്‍ബന്ധിച്ചു; ഒരുപാട്ട് പാടണം. യാത്ര കഴിഞ്ഞതിന്റെ ക്ഷീണം കാരണം ഓരോന്നു പറഞ്ഞ് ഞാന്‍ ഒഴിയാന്‍ നോക്കി. അയാള്‍ വല്ലാതെ നിര്‍ബന്ധിച്ചു.
'നാളെയാണ് നിങ്ങളുടെ പാട്ട് എന്നെനിക്കറിയാം. നാളെ എനിക്കതു കേള്‍ക്കാന്‍ പറ്റില്ലെങ്കിലോ. നിങ്ങള്‍ ഇന്ന് ഒരു പാട്ട് പാടണം. ഇന്നുതന്നെ പാടണം' എന്നായി അയാള്‍.
ഞാന്‍ ബുദ്ധിമുട്ടാണ് എന്നു പറഞ്ഞു.
അയാള്‍ വിടുന്ന മട്ടില്ല.
ഇരുലോകം എന്ന പാട്ടാണ് അയാള്‍ക്ക് വേണ്ടത്. ഒടുവില്‍ ഗാനമേള കഴിഞ്ഞപ്പോള്‍ ഞാന്‍ അവരോട് കാര്യം പറഞ്ഞു. ആ ട്രൂപ്പിനു സന്തോഷമേയുള്ളൂ. അവരുടെ സെറ്റിംഗ്സ് ഉപയോഗിച്ച് ഒരുവട്ടം പാടി. അയാള്‍ വീണ്ടും കേള്‍ക്കണമെന്നു പറഞ്ഞു. അങ്ങനെ മൂന്നുവട്ടം പാടി. പാട്ട് കഴിഞ്ഞപ്പോള്‍ അയാളെ കാണാനില്ല. ഞാന്‍ താമസത്തിന് ഏര്‍പ്പാടാക്കിയ സ്ഥലത്തേക്ക് പോന്നു. പിറ്റേന്ന് എന്റെ പരിപാടിയുണ്ടല്ലോ. കല്യാണവീട്ടിലേക്ക് ഞങ്ങളെ കൊണ്ടുപോകാന്‍ ആരും വരുന്നില്ല. കുറേ കഴിഞ്ഞ് ചിലര്‍ വന്ന് പരിപാടി മാറ്റിയ കാര്യം പറഞ്ഞു. ഞാന്‍ കാരണമന്വേഷിച്ചു. കല്യാണവീടിനടുത്ത് ഒരു മരണം, അവര്‍ പറഞ്ഞു. ഇന്നലെ നിങ്ങളെക്കൊണ്ട് പാട്ടുപാടിച്ച ആളില്ലേ, അയാള്‍ ഇന്നലെരാത്രി മരിച്ചു. എന്റെ കാലിനടിയില്‍ നിന്ന് ഭൂമി ഇളകിപ്പോകുന്നതായി തോന്നി എനിക്കപ്പോള്‍. പാട്ടിനുവേണ്ടി മരിച്ചുകളയുന്നവരുടെ നാട് എനിക്കുതന്നെ അനുഭവമാണിത്.
ഇപ്പോള്‍ അമ്പത്തിയെട്ടു വയസ്സായി എനിക്ക്. ആഗ്രഹങ്ങളിപ്പോള്‍ കുറച്ചേയുള്ളൂ. ഉംറയോ, ഹജ്ജോ ചെയ്യണം. അല്ലാഹുവേ എനിക്കത് എത്തിച്ചുതണേ എന്നാണ് ഇപ്പോഴെന്റെ പ്രാര്‍ത്ഥന. റൗളാശരീഫ് കാണണം. റൗളാ ശരീഫിനെപ്പറ്റിയും റസൂലുല്ലാനെപ്പറ്റിയും എത്രയോ പാടിയതാണ് ഞാന്‍. ആ മണ്ണില്‍ പോകണം. മലബാറിന്റെ മണ്ണില്‍ത്തന്നെ മരിക്കുവോളം കഴിയണം. എനിക്ക് പാട്ടുപാടിത്തന്നെ മരിക്കണം.