ടാറ്റ ഗ്രൂപ്പ് ഇമെരിറ്റസ് ചെയർമാൻ രത്തൻ നവൽ ടാറ്റ, 86ാം വയസ്സിൽ വിടവാങ്ങുമ്പോൾ ഇന്ത്യൻ വ്യവസായലോകത്ത് ഒരു യുഗം ശൂന്യമാകുകയാണ്. ടാറ്റ ഗ്രൂപ്പിന്റെ അമരത്തിരുന്ന രണ്ട് പതിറ്റാണ്ടു കാലം ഇന്ത്യൻ വ്യവസായ മേഖലയെ തന്റെ പുത്തൻ ദർശനങ്ങൾ കൊണ്ട് മാറ്റിമറിച്ച വ്യവസായിയാണ് രത്തൻ ടാറ്റ. തന്റെ വ്യാവസായിക സങ്കൽപ്പങ്ങളിൽ ഇന്ത്യ എന്ന ദേശത്തെ ചേർത്തുപിടിച്ച വ്യവസായിയായി.
ജെ.ആർ.ഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി, 1937 ഡിസംബർ 28ന് ആയിരുന്നു രത്തന്റെ ജനനം. ന്യൂയോർക്കിലെ കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചറൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ രത്തൻ ചെറുപ്രായത്തിൽ ടാറ്റ ഗ്രൂപ്പിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. കമ്പനിയുടെ എറ്റവും എറ്റവും താഴെയുള്ള മാനേജർ ഉദ്യോഗസ്ഥനായിട്ടാണ് താൻ ടാറ്റയിലെ തന്റെ ജീവിതം തുടങ്ങിയത് എന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. പാഠങ്ങൾ പഠിക്കേണ്ടത് താഴെത്തട്ടിൽനിന്നാണ് എന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എപ്പോഴും. 1991ൽ ആണ് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് എത്തുന്നത്. 21 വർഷം ആ സ്ഥാനത്ത് തുടർന്നു. ടാറ്റയ്ക്ക് മറ്റ് ബിസിനസുകൾ ഉണ്ടായിരുന്നെങ്കിലും രത്തന്റെ കമ്പം ഓട്ടോമൊബൈൽസിലായിരുന്നു. ടാറ്റ മോട്ടോർസിനെ പുനരുജ്ജീവിപ്പിക്കാനും ലോക നിലവാരത്തിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വാഹന പ്രേമികൾക്ക്, മറ്റ് വാഹനങ്ങളോടുള്ളതിനേക്കാൾ ഒരൽപ്പം വിശ്വസ്യത കൂടുതൽ ടാറ്റയുടെ വാഹനങ്ങളോടുള്ളതിന്റെ കാരണവും അത് തന്നെ.
ഇന്ത്യക്കാർക്കുവേണ്ടി ടാറ്റ ഇൻഡിക്ക എന്ന പുതിയ കാർ ഇറക്കി. ഇന്ത്യൻ മിഡിൽ ക്ലാസിനായി ബജറ്റ് ഫ്രണ്ടലി കാർ, ഒരുലക്ഷം രൂപ മാത്രം വിലവരുന്ന ടാറ്റ നാനോ അവതരിപ്പിച്ചു. ലോകത്തെ ഏറ്റവും വിലകുറഞ്ഞ, കുഞ്ഞൻ കാർ; അന്ന് അതായിരുന്നു നാനോയുടെ വിശേഷണം. സാധാരണക്കാരെ മനസ്സിലോർത്ത് കുറഞ്ഞവിലയിൽ 'സ്വച്ഛ്' വാട്ടർ പ്യൂരിഫയറും അദ്ദേഹം കൊണ്ടുവന്നു.
തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന നിലയിൽ ആഗോള കമ്പനിയാക്കി പടുത്തുയർത്തിയതിൽ അദ്ദേഹത്തിൻ്റെ പങ്ക് വളരെ വലുതായിരുന്നു. അക്കാലത്ത് ടാറ്റ ഗ്രൂപ്പിന്റെ വരുമാനം നാല്പതിരട്ടിവരെയും ലാഭം അൻപതിരട്ടിവരെയും വളർന്നു.
വിദേശകമ്പനികൾ ഏറ്റെടുത്ത് ടാറ്റയെ ആഗോളതലത്തിൽ വളർത്തി. ബ്രിട്ടനിലെ ടെറ്റ്ലി ടീയെ 2000-ത്തിൽ ഏറ്റെടുത്ത് 'ടാറ്റ ഗ്ലോബൽ ബെവ്റജസ്' ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനിയായി. ദക്ഷിണ കൊറിയയിലെ ദെയ്വു മോട്ടോഴ്‌സ്, ബ്രിട്ടീഷ് ബ്രാൻഡായിരുന്ന ജഗ്വാർ ആൻഡ് ലാൻഡ് റോവർ, ബ്രിട്ടനിലെ കോറസ് ഉരുക്കുകമ്പനി അങ്ങനെ രത്തന്റെ കാലത്ത് ടാറ്റയിൽ ലയിച്ച കമ്പനികൾ നിരവധിയാണ്.
സ്വതന്ത്രസമര കാലത്ത് ദേശീയ പ്രസ്ഥാനവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ചരിത്രവുമുണ്ട് ടാറ്റ കുടുംബത്തിന്. നെഹറുവുമായും പട്ടേലുമായും ടാഗോറുമായുമെല്ലാം മികച്ച ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു ടാറ്റ കുടുംബം. സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷവും 1978 വരെ എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി സേവനമനുഷ്ടിച്ചത് ജെ ആര്‍ ഡി ടാറ്റയായിരുന്നു.
കച്ചവടത്തിലെ മാനവികതയും സത്യസന്ധതയും അദ്ദേഹത്തിന് എന്നും പ്രധാനപ്പെട്ടതായിരുന്നു. യു ട്യൂബില്‍ പ്രചരിക്കുന്ന അദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂവില്‍, അവതാരിക അദ്ദേഹത്തോട് ചോദിക്കുന്നണ്ട്. I don't believe in taking right decisions, I take decisions and I make them rigth, How did you build that philosophy ?
ഉടനെ വന്നു അദ്ദേഹത്തിന്റെ മറുപടി. സോറി, എന്ന് ക്ഷമ ചോദിച്ചുകൊണ്ട്, 'ഇതെന്റെ ഫിലോസഫിയല്ല, ഞാന്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടുമില്ല, ഫെയ്‌സ്ബുക്കോ ട്വിറ്ററോ മറ്റോ നിങ്ങളെ കബളിപ്പിച്ചിരിക്കുന്നു' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സോഷ്യല്‍ മീഡിയ നിറയെ അദ്ദേഹത്തിന്റെതെന്ന് കൊണ്ടാടിയ വാക്കുകയളായിരുന്നു അവതാരികയും ചോദിച്ചത്. എന്നാല്‍, താന്‍ ചെയ്തിട്ടില്ലാത്ത, പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ തുറന്ന സ്റ്റേജിലും സമ്മതിക്കാന്‍ രത്തൻ ടാറ്റയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.