മുതലാളിത്ത ആഗോളവൽക്കരണത്തിന്റെ കാലത്ത് ഇടതുപക്ഷ രാഷ്ട്രീയ ചിന്തയ്ക്കും പ്രയോഗത്തിനും പുതിയൊരു ദിശാബോധം നൽകുന്ന ഉജ്ജ്വലമായ ഒരു രാഷ്ട്രീയ സൈദ്ധാന്തിക ഗ്രന്ഥമാണ് പ്രസിദ്ധ ഇറ്റാലിയൻ മാർക്സിസ്റ്റ് ചിന്തകനായ അന്തോണിയോ നെഗ്രിയും അമേരിക്കൻ തത്വചിന്തകനായ മൈക്കൾ ഹാർഡ്ട്ടും ചേർന്ന് രചിച്ച എംപയർ (സാമ്രാജ്യം). അതുകൊണ്ടുതന്നെ ഭൂമിയെ ഒന്നാകെ വിഴുങ്ങുന്ന ആഗോള മുതലാളിത്ത മൂലധനത്തിന്റെയും അതിൻറെ രാഷ്ട്രീയ രൂപങ്ങളുടെയും പിടിയിൽ നിന്ന് മനുഷ്യരെയും പ്രകൃതിയെയും രക്ഷിക്കുന്നതിനുള്ള ലോക കീഴാള ജനകോടികളുടെ വിമോചന സ്വപ്നങ്ങളെ സംബന്ധിച്ചിടത്തോളം ഈ കൃതിയുടെ പ്രാധാന്യം യുഗനിർണായകമാണ് എന്ന് തന്നെ പറയാം.
സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്കും സോവിയറ്റ് സോഷ്യലിസ്റ്റ് മാതൃകയുടെ പരാജയത്തിനും ശേഷം മാറി വന്ന ലോകരാഷ്ട്രീയ സാഹചര്യത്തെ ഉൾക്കൊള്ളാൻ ആവാത്ത വിധം ലോക ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിലവിൽ വന്ന ആശയക്കുഴപ്പങ്ങൾക്കും അവ്യക്തതകൾക്കും നൈരാശ്യങ്ങൾക്കും കാരണമായ സൈദ്ധാന്തിക ശൂന്യതയുടെ വിടവിനെ സമഗ്രമായി നികത്താൻ പോന്ന ഒരു കൃതി എന്ന നിലയിലാണ് 20 വർഷങ്ങൾക്കു മുമ്പ് എംപയർ പുറത്തുവന്നത്.
മാർക്സ് പറഞ്ഞതുപോലെ, ചെറുത്തുനിൽപ്പുകളെ മറികടക്കാൻ വേണ്ടി നിരന്തരം സ്വയം നവീകരിക്കുന്ന ഒരു പ്രതിഭാസം എന്ന നിലയിൽ, മുതലാളിത്ത വ്യവസ്ഥയ്ക്ക് ഇരുപതാം നൂറ്റാണ്ടിലെ വിവിധതരം വിമോചന സമരങ്ങളുടെയും ജനമുന്നേറ്റങ്ങളുടെയും രാഷ്ട്രീയ ശക്തിയെ മറികടക്കാൻ പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു പുതുരൂപം കൈവരിക്കേണ്ടതായി വന്നു. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ വിഭിന്ന ദേശരാഷ്ട്രങ്ങൾക്കുള്ളിൽ കേന്ദ്രീകരിച്ചിരുന്ന മുതലാളിത്ത ചൂഷണ സംവിധാനങ്ങൾ ഭൂമിയെ ഒന്നാകെ ഗ്രസിക്കുന്ന ഒരു ആഗോള ഘടനയായി രൂപാന്തരപ്പെട്ടു. അധികാര ബന്ധങ്ങളുടെയും സാമ്പത്തിക ഉൽപാദനത്തിന്റെയും തലങ്ങളിൽ സംഭവിച്ച ഈ പരിവർത്തനത്തെ ‘സാമ്രാജ്യത്വം’ എന്ന പഴയ രാഷ്ട്രീയ സങ്കൽപ്പനത്തിൽ ഒതുക്കി നിർത്താൻ കഴിയുന്ന ഒന്നല്ല.
യൂറോപ്പിലെ വിവിധ മുതലാളിത്ത ദേശരാഷ്ട്രങ്ങൾ ലോകത്തെ പങ്കിട്ടെടുത്ത് കീഴടക്കപ്പെട്ട ജനതകൾക്കുമേൽ പ്രയോഗിച്ചിരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യം ആയിരുന്നു സാമ്രാജ്യത്വം. പഴയ ഈ സാമ്രാജ്യത്വ വ്യവസ്ഥ ഇന്ന് പൂർണമായും തകർന്നു കഴിഞ്ഞിരിക്കുന്നു. അതിനാൽ യൂറോപ്പിനെ കേന്ദ്രമാക്കിയിരുന്ന സാമ്രാജ്യത്വ വ്യവസ്ഥയുടെ തകർച്ചയോടെ അത് അമേരിക്ക ഏറ്റെടുക്കുകയും അങ്ങനെ അമേരിക്ക ഇന്ന് ലോകസാമ്രാജ്യത്വത്തിന്റെ കേന്ദ്രമായി തീരുകയും ചെയ്തു എന്ന ധാരണയും നമ്മുടെ കാലത്തിൻറെ മാറിവന്ന യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്ന ഒന്നല്ല. ദേശരാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിരുകളെ വിട്ട് കോർപ്പറേറ്റുകളിലൂടെ ലോകത്തെ നിയന്ത്രിക്കുന്ന കേന്ദ്ര രഹിതവും സമ്മിശ്രാകാര വുമായ ഒരു നൂതന പരമാധികാര ശക്തിയായാണ് ഇന്ന് ആഗോള മുതലാളിത്തം മനുഷ്യ ജീവിതത്തിലും പ്രകൃതിയിലും പ്രവർത്തിക്കുന്നത്.
ഈ പുതിയ ആഗോള പരമാധികാര ( Sovereignty) ത്തെയും അതിൻറെ നൂതന പ്രവർത്തനരൂപങ്ങളെയും നിർവചിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ സൈദ്ധാന്തിക സങ്കല്പനോപാധി എന്ന നിലയിലാണ് ‘എംപയറി’നെ (സാമ്രാജ്യത്തെ) നെഗ്രിയും ഹാർഡ്ട്ടും വിഭാവനം ചെയ്തിരിക്കുന്നത്. അങ്ങനെ നാം ജീവിക്കുന്ന വർത്തമാന ചരിത്രത്തിൻറെ യാഥാർഥ്യം എന്തെന്ന് കാട്ടിത്തരാൻ ആണ് അവർ ഈ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നത്.
എന്നാൽ അതിലൂടെ നെഗ്രിയും ഹാർഡ്ട്ടും ഈ ഗ്രന്ഥത്തിൽ ലക്ഷ്യം വയ്ക്കുന്നത് അതിരുകളില്ലാത്ത ഒരു ആഗോള പരമാധികാര ശക്തിയായി രൂപാന്തരപ്പെട്ടു കഴിഞ്ഞ ‘സാമ്രാജ്യ’ത്തിന്റെ ഒരു വിശദപരിശോധന മാത്രമല്ല. പഴയ വ്യവസായ മുതലാളിത്തത്തിന്റെ കാലത്ത് അതിൻറെ ജീവശക്തിയായി പ്രവർത്തിക്കുകയും അതേസമയം അതിൻറെ ചൂഷണങ്ങളെ ചെറുക്കുന്ന ഒരു രാഷ്ട്രീയ ശക്തിയായി ഉയർന്നു വരികയും ചെയ്ത ലോക തൊഴിലാളി വർഗ്ഗത്തെ പോലെ പുതിയ ആഗോള ഡിജിറ്റൽ മുതലാളിത്ത സാമ്രാജ്യത്തിന്റെ കാലത്തെ അതിൻറെ വിവിധ ചൂഷണ തന്ത്രങ്ങൾക്കെതിരെ ചൂഷിത ജനവിഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നുകൊണ്ടിരിക്കുന്ന വിമോചകമായ ഒരു നൂതന രാഷ്ട്രീയ ശക്തിയെ അവതരിപ്പിക്കുകയും നിർവചിക്കുകയും കൂടിയാണ് ഈ ഗ്രന്ഥത്തിൽ അവർ ലക്ഷ്യം വെക്കുന്നത്
ആഗോള മൂലധന സാമ്രാജ്യത്തിന്റെ പരമാധികാരത്തിനും അതിൻറെ സാമന്തന്മാർക്കും എതിരെ കൊള്ളയടിക്കപ്പെടുന്ന ലോകജനതയിൽ നിന്നും ജനകീയ ബദൽ അധികാരത്തിന്റെ മൂർത്തികളായി ഉയർന്നുവരുന്ന സമ്പൂർണ്ണ ജനാധിപത്യത്തിൻറെ ഈ ശക്തികൾക്ക് നെഗ്രിയും ഹാർഡ്ട്ടും നൽകുന്ന പേരാണ് ‘ജനസഞ്ചയം’ ( Multitude ) എന്നത്.
പ്രകൃതിക്കെതിരെ നിലകൊള്ളുന്നു എന്ന് പണ്ട് കരുതപ്പെട്ട മനുഷ്യ സമൂഹ ജീവിതത്തിൻറെ ഭദ്രതയ്ക്ക് വേണ്ടി ഭരണകൂട പരമാധികാരം എക്കാലത്തും അനിവാര്യമാണെന്ന് കരുതിയ ഹോബ് സിയൻ ലിബറൽ ജനാധിപത്യത്തിന് ബദലായി ജനങ്ങളുടെ ശക്തിയുടെയും സ്വാതന്ത്ര്യത്തിന്റേയും വികാസത്തിൽ അധിഷ്ഠിതമായ സമ്പൂർണ്ണ ജനാധിപത്യം ( Absolute Democracy )എന്ന ആശയം അവതരിപ്പിച്ച സ്പിനോസ ( Spinoza )യുടെ രാഷ്ട്രീയ ചിന്തയിൽ നിന്നാണ് നെഗ്രിയും ഹാർഡ്ട്ടും ‘ജനസഞ്ചയം ’ എന്ന രാഷ്ട്രീയ സങ്കല്പനം കണ്ടെടുത്തത്. ജനങ്ങൾക്ക്, സമത്വമില്ലാത്ത സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന ലിബറൽ ജനാധിപത്യവും സ്വാതന്ത്ര്യമില്ലാത്ത സമത്വം വാഗ്ദാനം ചെയ്യുന്ന സോവിയറ്റ് മാർക്സിസവും നമ്മുടെ കാലത്ത് ജനാധിപത്യ രാഷ്ട്രീയത്തിൽ സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ പോന്ന ഒരു ബദൽ അധികാരശക്തിയായി ജനസഞ്ചയത്തെ ഉയർത്തിയെടുക്കുകയാണ് അവർ ‘എംപയറി’ലും തുടർന്നുള്ള ഗ്രന്ഥങ്ങളിലും ചെയ്യുന്നത്
പരമാധികാര സങ്കല്പത്തിൽ അടിയുറച്ച ഭരണകൂടാത്മക (Statist )മായ ലിബറൽ ജനാധിപത്യ സങ്കൽപ്പത്തിന് ബദലായി മൂന്നു നൂറ്റാണ്ട് മുമ്പ് പാശ്ചാത്യ മുഖ്യധാര ആധുനികതയുടെ ബദൽ ധാരയിൽ നിന്ന് രൂപപ്പെട്ട ജനസഞ്ചയ ജനാധിപത്യം എന്ന ആശയം, മുതലാളിത്തം ഒരാഗോള പ്രതിഭാസമായി ലോകത്തെ ഗ്രസിച്ചു തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിൻറെ അന്ത്യത്തോടെ ആണ് ഒരു മൂർത്ത രാഷ്ട്രീയ യാഥാർഥ്യമായി രംഗപ്രവേശം ചെയ്യുന്നത്. അധ്വാന ചൂഷണം ഫാക്ടറി ഉൽപാദനത്തിൽ കേന്ദ്രീകരിച്ച വ്യവസായ മുതാലാളിത്തത്തെ പിന്നിലാക്കിക്കൊണ്ട് പുതിയ ആഗോള മുതലാളിത്ത സാമ്രാജ്യം ലോകത്തെ ഒന്നാകെ ഒരു ഫാക്ടറി ആക്കിയാൽ എന്നപോലെ മനുഷ്യ-പ്രകൃതി ജീവിതങ്ങളെ ഊറ്റികുടിക്കാൻ തുടങ്ങിയ മാറി വന്ന ലോക സാഹചര്യമാണ് അതിനെ ചെറുക്കുന്ന ഒരു ബദൽ ജനാധിപത്യ മൂർത്ത ശക്തിയായി ജനസഞ്ചയം ഉയർന്നുവന്നതിന്റെ പശ്ചാത്തലം.
ഫാക്ടറി മതിലുകൾക്ക് പുറത്തേക്കുവന്നു മുതലാളിത്തം ഉത്പാദനത്തെ സാമൂഹ്യവത്കരിക്കുകയും അങ്ങനെ കാർഷികവൃത്തിയും അടുക്കളപ്പണിയും മുതൽ രോഗ ശുശ്രൂഷയും സോഫ്റ്റ്‌വെയർ നിർമ്മാണവും വരെ ഉള്ള എല്ലാ അധ്വാന രൂപങ്ങളെയും അതിൻറെ നേരിട്ടുള്ള ചൂഷണ പരിധിയിലേക്ക് കൊണ്ടുവന്നു. ഇതിനെതിരെയാണ് പഴയ തൊഴിലാളിവർഗ്ഗ മുന്നണിപ്പടയുടെ സ്ഥാനത്ത് മുന്നണി- പിന്നണി ഭേദമില്ലാതെ ചൂഷിതരും പീഡിതരുമായ എല്ലാ ജനവിഭാഗങ്ങളും രാഷ്ട്രീയ ഇടനിലക്കാരില്ലാതെ സ്വയം സംഘടിച്ച് സ്വാധികാരത്തെ സ്വയം പ്രതിധാനം ചെയ്യുന്ന ഒരു ബദൽ ജനാധിപത്യ രാഷ്ട്രീയ ശക്തിയായി, ജനസഞ്ചയമായി ലോകത്ത് ഉയർന്നു വരാൻ തുടങ്ങിയത്.
ഇങ്ങനെ, മാർക്സിസം കാലഹരണപ്പെട്ടുവെന്നും മുതലാളിത്തത്തിനും ലിബറൽ ജനാധിപത്യത്തിനും അപ്പുറത്തേക്ക് ഇനി ചരിത്രമില്ലെന്നും വിധിച്ചവരുടെയെല്ലാം ധാരണകളെ തിരുത്തിക്കൊണ്ട് മാറി വന്ന ചരിത്ര യാഥാർഥ്യങ്ങൾക്ക് അനുസൃതമായി നമ്മുടെ നൂറ്റാണ്ടിലെ മാർക്സിസത്തെ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിൽ നെഗ്രിയും ഹാർഡ്‍ട്ടും ചെയ്യുന്നത്. അതുകൊണ്ടാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം 21)൦ നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോ രചിക്കുകയാണെന്ന് പ്രസിദ്ധ തത്വചിന്തകനായ സാൽവോജ് സിസേക് പറഞ്ഞത്. അതുപോലെ ‘എംപയർ’ പുറത്തുവന്ന കാലം മുതൽക്ക് തന്നെ മുതലാളിത്ത ആഗോളവൽക്കരണ വിരുദ്ധ രാഷ്ട്രീയത്തിന്റെ ബൈബിൾ എന്നാണ് പലരും അതിനെ വിശേഷിപ്പിച്ചത്. എന്നാൽ രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഈ കൃതി ഒരു തുടക്കം മാത്രമായിരുന്നു എന്ന് കാണാൻ കഴിയും. അതിനു ശേഷം ഇക്കാലമത്രയും ‘എമ്പയറി’ൽ നെഗ്രിയും ഹാർഡ്‍ട്ടും തുറന്നിട്ട ആശയ ലോകത്തെ വിവിധ ഗ്രന്ഥങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും സമകാലികമായി അവർ വികസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
‘എംപയറി’നു ശേഷം 2004ൽ പുറത്തുവന്ന ‘Multitude : War and Democracy in the Age of Empire’ എന്ന ഗ്രന്ഥം ആധുനിക ദേശീയ പരമാധികാര ഭരണകൂടത്തിന് കീഴിൽ ജനങ്ങൾ അതുമായി ഉടമ്പടിയിൽ ഏർപ്പെടുന്നതിലൂടെ രൂപപ്പെട്ടുവന്ന ‘ജനത’ (people ) എന്ന സങ്കല്പനത്തെ പിന്തള്ളിക്കൊണ്ട് ഭരണകൂട പരമാധികാരവുമായുള്ള ഉടമ്പടിയെ ലംഘിച്ച് അവർ ജനസഞ്ചയം (Multitude ) എന്ന ഒരു പുതിയ രാഷ്ട്രീയ പ്രതിഭാസമായി എങ്ങനെ പുനഃസംഘടിക്കുന്നു എന്നാണ് ഈ ഗ്രന്ഥം പരിശോധിക്കുന്നത്.
ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെയും അതിരുകളെയും അപ്രസക്തമാക്കിക്കൊണ്ട് നിലവിൽ വരുന്ന ആഗോള സാമ്രാജ്യ പരമാധികാരം അതിൻറെ സാമന്തന്മാരായി തീർന്ന ദേശരാഷ്ട്രങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടും തമ്മിലടിപ്പിച്ചു കൊണ്ടും എങ്ങനെ ഒരു കേന്ദ്രരഹിത ശക്തിയായി പ്രവർത്തിക്കുന്നു എന്ന് ഈ കൃതി വിശദമാക്കുന്നുണ്ട്. ജനങ്ങളുടെ മേൽ പ്രതിഷ്ഠിക്കപ്പെട്ട ഭരണകൂട പരമാധികാരത്തിന്റെ ലംബമാനമായ ( Vertical )അധികാര ബന്ധത്തിൽ നിന്നും മനുഷ്യർ തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെ ശക്തിപ്പെടുന്ന തിരശ്ചിനമായ ( Horizontal ) ബദൽ അധികാര ബന്ധത്തിൽ അധിഷ്ഠിതമായ ജനസഞ്ചയ ജനാധിപത്യത്തിലേക്കുള്ള ജനാധിപത്യത്തിൻറെ വികാസ ചരിത്രം ഈ ഗ്രന്ഥത്തിൽ നമുക്ക് വായിക്കാം. അങ്ങനെ ലിബറൽ ജനാധിപത്യത്തിൻറെ യും പാർട്ടി കേന്ദ്രീകൃത ജനാധിപത്യത്തിന്റെയും കൊടിയ പരിമിതികളിൽ നിന്നും സ്വാതന്ത്ര്യവും സമത്വവും ഉള്ള സമ്പൂർണ്ണ ജനാധിപത്യത്തിലേക്ക് മനുഷ്യവംശം ചുവടുവെക്കുന്നതിന്റെ ചിത്രമാണ് ഈ കൃതി അവതരിപ്പിക്കുന്നത്.
2009ൽ പുറത്തുവന്ന Commonwealth എന്ന ഗ്രന്ഥം എംപയറിലും Multitude ലും അവതരിപ്പിച്ച രാഷ്ട്രീയ ചിന്തയ്ക്ക് സ്പിനോസിസത്തിന്റെ സമകാലിക വികാസങ്ങളെ ഉൾച്ചേർത്തുകൊണ്ട് തത്വ ശാസ്ത്രപരമായ അടിസ്ഥാനം നൽകാൻ ശ്രമിക്കുന്ന രചനയാണ്. സമ്പത്തിനെ സ്വകാര്യ സ്വത്തെന്നും പൊതുസ്വത്തെന്നും വിഭജിച്ചുകൊണ്ട് സ്വകാര്യസ്വത്തിന് വിപരീതമായി പൊതുസ്വത്തിനെ പ്രതിഷ്ഠിക്കുന്ന പഴയ സമീപനം തള്ളിക്കളഞ്ഞുകൊണ്ട്, അതിനപ്പുറം കാറ്റും മഴയും വെളിച്ചവും അടക്കമുള്ള പ്രകൃതി പ്രതിഭാസങ്ങളെല്ലാം എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരേപോലെ അവകാശപ്പെട്ടതായിരിക്കുന്നതുപോലെ, മനുഷ്യർ പ്രകൃതിയിൽ ഉത്പാദിപ്പിക്കുന്ന സമ്പത്തും അടിസ്ഥാനപരമായി എല്ലാവരുടെതുമായ, സർവ്വസ്വമായ സ്വത്താ ( Commonwealth )ണെന്ന വാദത്തെ അടിസ്ഥാനമാക്കിയാണ് ലിബറൽ ജനാധിപത്യത്തിന്റെയും സോവിയറ്റ് മാർക്സിസത്തിന്റെയും പരിമിതികളിൽ നിന്നും ഈ കൃതി മുന്നോട്ടുപോകുന്നത്.
സ്നേഹത്തെ ജീവിതത്തിൻറെ സ്വകാര്യതയിൽ നിന്നും വ്യക്തിപരതയിൽ നിന്നും ഒരു രാഷ്ട്രീയ ഗണ ( Political Category) മായി പരിവർത്തിപ്പിക്കുകയും മോചിപ്പിക്കുകയും ചെയ്യുന്നതിലൂടെ, പാർട്ടി സ്വേച്ഛാധിപത്യവും വ്യക്തികേന്ദ്രിതസിദ്ധാന്തവുമായി അധ:പതിച്ചു പോയ ‘കമ്മ്യൂണിസം’ എന്ന മഹത്തായ രാഷ്ട്രീയ സങ്കല്പത്തെ ശക്തിയായി വീണ്ടെടുക്കുക കൂടിയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്.
ചിന്താ ലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ച മേൽപ്പറഞ്ഞ മൂന്നു ഗ്രന്ഥങ്ങൾക്ക് ശേഷം 2017ൽ നെഗ്രിയും ഹാർഡ്‍ട്ടും ചേർന്ന് രചിച്ച ഗ്രന്ഥമാണ് ‘Assembly’ .ഇത് രചിക്കുന്ന കാലമാവുമ്പോഴേക്കും എമ്പയറിൽ അവതരിപ്പിച്ചരാഷ്ട്രീയ സങ്കൽപ്പനങ്ങൾ പ്രത്യക്ഷ രാഷ്ട്രീയ പ്രതിഭാസങ്ങളായി രംഗത്തുവരികയും ലോകരാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള പുതിയൊരു വാതിൽ തുറക്കുകയും ചെയ്തിരുന്നു.
ഈ കാലത്ത് പഴയ വിപ്ലവ പാർട്ടികളെ കാഴ്ചക്കാരാക്കി മാറ്റി നിർത്തിക്കൊണ്ട് ജനങ്ങൾ സ്വയം സംഘടിക്കുന്നതിലൂടെ ലോകമെങ്ങും ഉയർന്നുവന്ന ജനസഞ്ചയ ജനാധിപത്യ സമരങ്ങളിലൂടെയാണ് ഇത് സംഭവിച്ചത്. ഈ സമര മുന്നേറ്റങ്ങളുടെയും അവ നേരിട്ട പിന്നോട്ട് അടികളുടെയും അനുഭവങ്ങളെ മുൻനിർത്തി, കേവലം താൽക്കാലിക ആൾക്കൂട്ട കലാപങ്ങൾ എന്നതിൽ നിന്ന് വ്യത്യസ്തമായി ‘ജനസഞ്ചയം’ നൂതന സംഘടനാ രൂപങ്ങളും തന്ത്രങ്ങളും ഉള്ള ബദൽ രാഷ്ട്രീയ പ്രസ്ഥാനമായി എങ്ങനെ രൂപപ്പെടാൻ പോകുന്നു എന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്ന ഗ്രന്ഥമാണ് Assembly. ഇന്ന് ലോകത്ത് ആധിപത്യം പുലർത്തുന്ന ഭരണകൂടവും സാമൂഹ്യസ്ഥാപനങ്ങളും രാഷ്ട്രീയ സംഘടനാ രൂപങ്ങളും അടക്കം എല്ലാറ്റിലും പ്രവർത്തിക്കുന്ന പരമാധികാര കേന്ദ്രിതമായ അധികാരഘടനയെ അട്ടിമറിച്ച് താഴെ നിന്നുള്ള ജനങ്ങളുടെ ജീവിത സ്വാധികാരത്തെ തുറന്നു വിടുന്ന ഒരു പുതിയ ജീവിത വ്യവസ്ഥയിലേക്ക് ലോകത്തെ പരിവർത്തിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ പരീക്ഷണത്തിന്റെ തുടക്കമാണ് ജനസഞ്ചയ സമരങ്ങൾ.
ആ നിലയ്ക്ക് നേതൃരഹിത സമരങ്ങൾ എന്ന് ഇന്നറിയപ്പെടുന്ന പ്രക്ഷോഭങ്ങളുടെ ആന്തരിക ഘടനയിൽ സംഭവിക്കുന്ന മാറ്റം എന്താണെന്ന് ഈ കൃതി അനാവരണം ചെയ്യുന്നു. ജനസഞ്ചയ പ്രക്ഷോഭങ്ങൾ യഥാർത്ഥത്തിൽ നേതൃരഹിത സമരങ്ങൾ ( Leaderless struggles) അല്ല. നേതൃത്വവും അണികളും തമ്മിൽ നിലനിന്നു പോരുന്ന പഴയ ബന്ധം പാടെ തലകീഴ് മറിക്കപ്പെടുകയാണ് അവയിൽ സംഭവിക്കുന്നത്. പഴയ വിപ്ലവ രാഷ്ട്രീയ സംഘടനാരൂപങ്ങളിൽ വിപ്ലവത്തിൻറെ അടിസ്ഥാന തന്ത്രങ്ങൾ ( Strategies) മുന്നണിയിലുള്ള ഒരു ന്യൂനപക്ഷനേതൃത്വം കയ്യടക്കി വയ്ക്കുകയും അവർ പിന്നണിയിൽ ഉള്ള ജനങ്ങളെ മാറിവരുന്ന അടവുകൾ ( Tactics )ക്ക് അനുസൃതമായി നയിക്കുകയും ആണ് ചെയ്തിരുന്നത്. ഇതാണ് ജനസഞ്ചയ പ്രക്ഷോഭങ്ങളിൽ തലകീഴ് മറിക്കപ്പെടുന്നത്. അവിടെ സമരതന്ത്രങ്ങൾ ജനകീയ കൂട്ടായ്മകൾ ആവിഷ്കരിക്കുകയും അടവുപരമായ നീക്കങ്ങൾക്കാവശ്യമായ നേതാക്കളെ ജനങ്ങൾ നിയോഗിക്കുകയും ആണ് ചെയ്യുന്നത്. അതിനാൽ താഴെ നിന്നുള്ള ജനങ്ങളുടെ ബദൽ അധികാരം ഭാവി ലോകത്തിൻറെ പുനസംഘടനയിലേക്ക് വാതിൽ തുറക്കുന്ന പരീക്ഷണങ്ങളാണ്, പല ഏകാധിപതികളെയും ഇതിനകം തന്നെ താഴെ ഇറക്കുകയും പല ഭരണകൂടങ്ങളുടെയും ജനവിരുദ്ധ നയങ്ങളെ തിരുത്തിക്കുകയും ചെയ്ത, ജനസഞ്ചയ ജനാധിപത്യ പ്രക്ഷോഭങ്ങൾ എന്ന് സ്ഥാപിക്കുകയാണ് ‘Assembly’ എന്ന ഈ ഗ്രന്ഥത്തിൽ നെഗ്രിയും ഹാർഡ്‍ട്ടും ചെയ്യുന്നത്.
‘എംപയർ’ നു ശേഷം പുറത്തുവന്ന ഈ മൂന്ന് ഗ്രന്ഥങ്ങളെയും ഇങ്ങനെ ഇവിടെ എടുത്തു പറഞ്ഞത് ഇവയിലൂടെ വികസ്വരമായി കൊണ്ടിരിക്കുന്ന നമ്മുടെ കാലത്തെ മാറിവന്ന ഇടതുപക്ഷ രാഷ്ട്രീയ ചിന്തയ്ക്കുള്ള ഒരു ഗംഭീര മുഖവുരയായി Empire (സാമ്രാജ്യം) എന്ന ഈ ഗ്രന്ഥം രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷവും നിലകൊള്ളുന്നു എന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്. 2019 ൽ നെഗ്രിയും ഹാർഡ്‍ട്ടും ചേർന്ന് New Left review ൽ എഴുതിയ Empire , Twenty years on എന്ന ലേഖനം ഈ പ്രസ്താവത്തിന് അടിവര ഇടുന്നു.
ഇനി പറയാനുള്ളത് നെഗ്രിയും ഹാർഡ്‍ട്ടും അവരുടെ വിദ്ധ്വംസകമായ ( Subversive )രാഷ്ട്രീയ രചനകളിലൂടെ പങ്കുചേരുന്ന നമ്മുടെ കാലത്തെ തത്വശാസ്ത്ര വ്യവഹാര മണ്ഡലത്തെ കുറിച്ചാണ്. കഴിഞ്ഞ നൂറ്റാണ്ടിൻറെ 60കളിലും 70കളിലും ആയി ലിബറൽ ജനാധിപത്യത്തിൻറെ കാപട്യത്തിനും സോവിയറ്റു മാർക്സിസത്തിന്റെ ജനാധിപത്യവിരുദ്ധതയ്ക്കുമെതിരെ ലോകമെമ്പാടും വിവിധ രൂപങ്ങളിൽ ഉയർന്നുവന്ന, യുവാക്കളും സ്ത്രീകളും കറുത്തവരും യാചകരും തത്വചിന്തകരുമെല്ലാം പങ്കെടുത്ത നവീന ഇടതുപക്ഷ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് തത്വശാസ്ത്ര രംഗത്ത് ചില പുതിയ കുതിപ്പുകൾ ഉണ്ടാവുന്നത്. ഇത് പ്രധാനമായും സോവിയറ്റ് മാർക്സിസം അകപ്പെട്ട തത്വശാസ്ത്രപരമായ സങ്കോചങ്ങളിൽ നിന്നും മാർക്സിസത്തെ സമകാലികമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഈ ശ്രമങ്ങളിൽ ഒരു വഴിത്തിരിവായി തീർന്നത് മൂന്നു നൂറ്റാണ്ടുകൾക്ക് ശേഷമുള്ള സ്‌പിനോസയുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു. രാഷ്ട്രീയത്തിലും മതത്തിലും പരമാധികാര സങ്കല്പങ്ങളെ നിലനിർത്തുന്ന കേവലമായ അതീതത്വം( transcendence) എന്ന സങ്കൽപ്പന ത്തിന്റെ സ്ഥാനത്ത് ഏതു പ്രതിഭാസത്തിന്റെയും സവിശേഷമായ നിലനിൽപ്പിനാസ്പദമായ അന്ത:സ്ഥിതത്വം ( immanence ) എന്ന ഭൗതികവാദ സങ്കല്പനത്തെ പകരം പ്രതിഷ്ഠിച്ച തത്വചിന്തകനാണ് സ്പിനോസ.
അതുപോലെതന്നെ പഴയ രാഷ്ട്രീയപരമാധികാരത്തിന്റെ അതീതത്വത്തിൽ അടിയുറച്ച ലിബറൽ ജനാധിപത്യത്തിൻറെ സ്ഥാനത്ത് ജനങ്ങളുടെ അന്ത:സ്ഥിതമായ സ്വാധികാരത്തെ ആശ്രയിക്കുന്ന ജനസഞ്ചയത്തെ സ്ഥാപിച്ച രാഷ്ട്രീയ ചിന്തകനും ആണ് സ്പിനോസ. സ്പിനോസയിലൂടെ മാർക്സിസത്തെ സമകാലികമാക്കുന്നതിൽ ലൂയി അൽത്തൂസറേയും എത്തിൻ ബാലിബറേയും പിയറെ മാഷെറി യെയും ഴീൽ ദെലൂസിനേയും ഫെലിക്സ് ഗത്താരിയെയും മിഷേൽ ഫൂക്കോയേയും പോലെ ഒരു പ്രധാന പങ്കു വഹിച്ച ചിന്തകൻ അന്റോണിയോ നെഗ്രിയാണ്. നെഗ്രി ജയിലിൽ വച്ച് രചിച്ച Savage Anomaly എന്ന ഗ്രന്ഥം നമ്മുടെ നൂറ്റാണ്ടിലേക്കുള്ള സ്പിനോസയുടെ തത്വചിന്താപരവും രാഷ്ട്രീയവുമായ ഉയർത്തെഴുന്നേൽപ്പിന് നൽകിയ സംഭാവന എടുത്തുപറയേണ്ടതാണ്. സ്പിനോസയെ കുറിച്ച് അദ്ദേഹം സമീപകാലത്ത് എഴുതിയ കൃതികളാണ് Subversive Spinoza, Spinoza for Our Time തുടങ്ങിയവ. ഇത് പറയാൻ കാരണം, നെഗ്രിയും ഹാർഡ്‍ട്ടും ചേർന്ന് രചിച്ച എംപയർ മുതൽക്കുള്ള രാഷ്ട്രീയ സൈദ്ധാന്തിക കൃതികളെ സ്പിനോസിസത്തിന്റെ വർത്തമാനകാലവികാസങ്ങളിൽ നിന്നും മാറ്റിനിർത്തി കാണാൻ ആവില്ല എന്നതാണ്.
വിവര-വിനിമയ സാങ്കേതിക ശാസ്ത്ര ( I.C.T)വിപ്ലവത്തിന്റെ ഫലമായി സ്വകാര്യമെന്നും പൊതുക്കാര്യം എന്നും ഭേദമില്ലാതെ ജീവിതത്തെ ഒന്നാകെ ഉൾക്കൊള്ളുന്ന ജൈവ രാഷ്ട്രീയ ഉത്പാദനത്തിന്റെയും ( Bio-Political Production )അറിവും അനുഭൂതികളും വിവരങ്ങളും ഭാവശക്തികളും ബിംബങ്ങളും കോഡുകളും അടങ്ങുന്ന പദാർത്ഥനിഷ്ഠമല്ലാത്ത ഉൽപ്പന്നങ്ങ ( Immaterial goods ) ളുടെയും ഒരു ലോകത്തിൻറെ രാഷ്ട്രീയ ബന്ധങ്ങളെ ചിത്രീകരിക്കാൻ ഈ സ്പിനോസിസ്റ്റുകളെല്ലാം സംഭാവന ചെയ്ത നൂതന താത്വികസങ്കൽപനങ്ങളുടെ സഹായം കൂടിയേ കഴിയൂ.
അതുകൊണ്ടാണ് പഴയ മേലാള- കീഴാള അധികാര ബന്ധത്തെ കീഴ്മേൽ മറിച്ച്, കീഴാളരുടെ ചെറുത്തുനിൽപ്പിന്റെ ബദൽ അധികാരത്തിന്റെ പ്രാഥമ്യം ( Primacy of Resistance )വീണ്ടെടുത്ത മിഷേൽ ഫൂക്കോയുടെയും ഭരണകൂടാ ധികാരത്തിനു ബദലായ ഒരു ജീവിത പ്രപഞ്ചത്തിന്റെ ഉണ്മയെ ഉയർത്തിയെടുത്ത ഴീൽ ദെലൂസിന്റെയും ഫെലിക്സ് ഗത്താരിയുടെയും നിരവധി താത്വിക സങ്കല്പനങ്ങൾ നെഗ്രിയുടെയും ഹാർഡ്‍ട്ടിന്റെയും ‘എംപയർ’ അടക്കമുള്ള കൃതികളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം വിരൽചൂണ്ടുന്നത് ‘എംപയർ’ എന്ന ഈ ഗ്രന്ഥത്തിൻറെ സമകാലിക രാഷ്ട്രീയ പ്രസക്തിയിലേക്കാണ്.
പഴയ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം ഇല്ലാതെ ജനങ്ങൾ സ്വയം നേതൃത്വം ഏറ്റെടുത്തുകൊണ്ട് സ്ത്രീകളും വൃദ്ധരും അടക്കം വീടുവിട്ടിറങ്ങി കൂട്ടമായി പൊതുസ്ഥലങ്ങളിൽ നിരായുധരായി തമ്പടിച്ചു പാർക്കുന്ന കുടിപാർപ്പ് സമരങ്ങ ( Occupy Struggles ) ളുടെ രൂപത്തിൽ 2010 -11 കാലത്ത് ഈജിപ്തിലും ടുണീഷ്യയിലും തുടങ്ങി അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഒക്കെ വ്യാപിച്ച പ്രക്ഷോഭങ്ങളിലൂടെയാണ് ജനസഞ്ചയ സമരങ്ങൾ ലോക ശ്രദ്ധയിലേക്ക് വരുന്നത്. സമീപകാലത്ത് ഇന്ത്യൻ കർഷകർ രാഷ്ട്രീയപാർട്ടികളെ മാറ്റി നിർത്തിക്കൊണ്ട് തലസ്ഥാന നഗരിയിൽ ആയിരങ്ങളായി തമ്പടിച്ച് നടത്തിയ ദീർഘ സമരവും സ്വേച്ഛാധിപത്യത്തിനെതിരെ ശ്രീലങ്കയിൽ ഉണ്ടായ ജനമുന്നേറ്റവും വരെയുള്ള ഈ ജനസഞ്ചയ ജനാധിപത്യ പ്രക്ഷോഭങ്ങൾ, പഴയ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും അവരുടെ സിദ്ധാന്തങ്ങൾ കൊണ്ടൊന്നും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങളായി നമ്മുടെ മുന്നിലുണ്ട്. ജനങ്ങളുടെ നൈരാശ്യത്തിൽ നിന്ന് ഉയരുന്ന നൈസർഗികവും വൈകാരികവുമായ പ്രതികരണങ്ങളല്ല ജനസഞ്ചയ പ്രക്ഷോഭങ്ങൾ.
അതിനുപരി സമൂഹത്തിലെ ഓരോ വ്യക്തിയും ബോധപൂർവ്വം പ്രവർത്തിക്കുന്ന രാഷ്ട്രീയ ശക്തിയായി ഉയരുകയും , അങ്ങനെ പരമാധികാര രൂപങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് പരസ്പര ബന്ധത്തിലൂടെ ജനങ്ങൾ അവരുടെ അന്ത:സ്ഥിത ജീവിതാധികാരത്തെ വീണ്ടെടുക്കുകയും ചെയ്യുന്ന, ഭാവിയുടെ രാഷ്ട്രീയത്തിലേക്ക് വാതിൽ തുറക്കുന്നതിൻറെ സൂചനകളാണ് ഇന്ന് ഉയർന്നുവരുന്ന ഈ ജനസഞ്ചയ പ്രക്ഷോഭങ്ങൾ. ഭാവിയിലേക്ക് തുറക്കുന്ന വിദ്ധ്വംസകവും വിമോചകവുമായ ഈ സമ്പൂർണ്ണ ജനാധിപത്യ ബദൽ രാഷ്ട്രീയത്തിന്റെ താത്വികാടിസ്ഥാനത്തിനുള്ള മുഖവുരയാണ് ‘എംപയർ ‘എന്ന ഈ ഗ്രന്ഥം. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇടതുപക്ഷത്തിന്റെ മാനിഫെസ്റ്റോ കൂടിയാണ്.
(ഡെമോസ് കോഴിക്കോട് പ്രസിദ്ധീകരിച്ച 'എംപയർ (സാമ്രാജ്യം) ജനസഞ്ചയ രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ എന്ന പുസ്തകത്തിന്റെ അവതാരിക)