കടലിരമ്പം പോലെ തലശ്ശേരി ജവഹർഘട്ടിൽ രണ്ടായിരത്തിലേറെ വരുന്ന ജനക്കൂട്ടം ത്രിവർണപതാകകളും ചെങ്കൊടികളും കയ്യിലേന്തി നിരോധനാജ്ഞ ലംഘിച്ച് സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കി മുന്നോട്ട് കുതിക്കുന്നു. ആ പ്രതിഷേധറാലിയുടെ മുമ്പിൽ മുഷ്ടി ചുരുട്ടി സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി മുന്നേറുന്ന ജനങ്ങൾക്കുനേരെ തുരുതുരാ പോലീസ് വെടിയുതിർക്കുന്നു. വെടിയേറ്റ് രണ്ടുപേർ തലശ്ശേരി കടപ്പുറത്തെ പൊടിമണലിൽ പിടഞ്ഞുവീഴുന്നു. ചോരയൊഴുകി ജീവസ്പന്ദനം നിലയ്ക്കുമ്പോഴും അവർ ഉച്ചത്തിൽ വിളിച്ചുപറയുന്നത്, ‘സാമ്രാജ്യത്വം നശിക്കട്ടെ’, ‘ജന്മിത്വം തുലയട്ടെ’, ‘കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്’ എന്നാണ്.
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളാണ് അബു മാസ്റ്ററും ചാത്തുക്കുട്ടിയും. അവരുടെ രക്തസാക്ഷിതത്വത്തിന്റെ 86–ാം വാർഷിക ദിനമാണ് സെപ്റ്റംബർ 15.
അതെ, 1940 സെപ്തംബർ 15–ന് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടത്തിന്റെ പുതിയ ചരിത്രം സൃഷ്ടിച്ച് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ നടന്ന, ചോരയിൽ കുതിർന്ന സാമ്രാജ്യത്വവിരുദ്ധദിനാചരണത്തിൽ രണ്ടുപേർ രകതസാക്ഷികളായി; അബുവും ചാത്തുക്കുട്ടിയും. ഈ രണ്ട് സഖാക്കളും സാമ്രാജ്യത്വത്തിനെതിരെ കത്തിജ്ജ്വലിച്ചുനിന്ന കമ്യൂണിസ്റ്റ് വിപ്ലവപാരമ്പര്യത്തിന്റെ ഉജ്ജ്വല പ്രതീകങ്ങളാണ്.
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളാണ് അബു മാസ്റ്ററും ചാത്തുക്കുട്ടിയും. അവരുടെ രക്തസാക്ഷിതത്വത്തിന്റെ 86–ാം വാർഷിക ദിനമാണ് സെപ്റ്റംബർ 15. സാമൂഹ്യമാധ്യമങ്ങളിൽ, കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ലെന്നും അവർ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവരാണെന്നുമുള്ള അരുൺഷൂരിയൻ നുണക്കഥകൾ തള്ളുന്ന RSS പ്രചാരവേലയുടെ കാലത്താണ് ചരിത്രപ്രസിദ്ധമായ 1940` ലെ സാമ്രാജ്യത്വ ദിനാചരണ വാർഷികദിനം കടന്നുപോകുന്നത്. സ്വന്തം രാജ്യദ്രോഹത്തിന്റെയും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തതിന്റെയും അപമാനകരമായ ചരിത്രം മറച്ചുപിടിക്കാനാണ് ഹിന്ദുത്വവാദികൾ സ്വാതന്ത്ര്യത്തിനുവേണ്ടി ചോരയും ജീവനുംവേണ്ടി പോരാടിയ കമ്യൂണിസ്റ്റ് ചരിത്രത്തെ സംബന്ധിച്ച് അജ്ഞത സൃഷ്ടിക്കുന്നതും അപവാദക്കഥകൾ പ്രചരിപ്പിക്കുന്നതും.

കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ചാണ് 1940 സപ്തംബർ 15 ന് സാമ്രാജ്യത്വവിരുദ്ധദിനമായി ആചരിച്ചത്. യുദ്ധസാഹചര്യത്തിൽ ബ്രിട്ടനുമായി സഹകരിക്കാൻ കോൺഗ്രസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ (പരിപൂർണ സ്വാതന്ത്ര്യ പ്രഖ്യാപനം, കേന്ദ്രത്തിൽ ഒരു താൽകാലിക ഗവൺമെൻ്റ്) അംഗീകരിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ ഉറപ്പ് (‘ആഗസ്റ്റ് ഓഫർ’) നിരസിച്ചതിലുള്ള അമർഷം പ്രകടിപ്പിക്കാനും ദേശീയനേതാക്കളുടെ അറസ്റ്റുകളിൽ പ്രതിഷേധിക്കാനും AICC ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് കേരളത്തിൽ സാമ്രാജ്യത്വ വിരുദ്ധദിനം ആചരിക്കാൻ തീരുമാനമുണ്ടാവുന്നത്.
1940 സപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട്ടെ മഞ്ജുനാഥ് റാവുവിന്റെ വീട്ടിൽ ചേർന്ന KPCC പ്രവർത്തകയോഗമാണ് 15 ന് മർദ്ദകവിരുദ്ധദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. അതാണ് പിന്നീട് സാമ്രാജ്യത്വവിരുദ്ധദിനമായി മാറുന്നത്. കേരളത്തിലെ ഇടതുപക്ഷ കെ പി സി സിയ്ക്ക് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഒത്തുതീർപ്പ് സമീപനത്തോടുള്ള ശകതമായ പ്രതിഷേധവും ഈയൊരു തീരുമാനത്തിന് പ്രേരണയായി.
കെ പി സി പി തീരുമാനത്തിന് പിന്തുണയേകി കർഷകസംഘവും വിലവർധനവിനെതിരെ അന്നേ ദിവസം വിലനിയന്ത്രണദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു. ഈ തീരുമാനങ്ങൾ പുറത്തു വന്നതോടെ മലബാർ ഡിസ്ട്രിക്റ്റ് കലക്ടർ പ്രതിഷേധദിനം നിരോധിക്കുകയും അടിച്ചമർത്തൽ ആരംഭിക്കുകയും ചെയ്തു. ഇടതുപക്ഷ കെ പി സി സി ഭരണകൂട ഭീകരതയെയും നിരോധനങ്ങളെയും തൃണവൽക്കരിച്ച് ശക്തമായ പ്രതിഷേധ പരിപാടികളുമയി മുന്നോട്ട് പോയി.
നിരോധനങ്ങളെയും മർദ്ദനങ്ങളെയും നേരിട്ട് കമ്യൂണിസ്റ്റു രാഷ്ട്രീയം സ്വതന്ത്രമായി വളർന്നു വന്നതിന്റെ ചരിത്രം കൂടിയാണ് 1940 സപ്തംബർ 15-ലെ സംഭവങ്ങളോടെ കേരളത്തിലാരംഭിച്ചത്.
മൊറാഴയിലും തലശ്ശേരിയിലും മട്ടന്നൂരിലും നിരോധനങ്ങളെ വെല്ലുവിളിച്ച് സ്വാതന്ത്ര്യദാഹികളായ ജനം സംഘടിച്ച് സാമ്രാജ്യത്വവിരുദ്ധ പ്രതിഷേധറാലികൾ നടത്തി. കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തകരും കർഷകസംഘം പ്രവർത്തകരും ബ്രിട്ടീഷ് പോലീസുകാരുടെ മർദ്ദകവാഴ്ച കൊണ്ടൊന്നും ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യദാഹത്തെ ഇല്ലാതാക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് സാമ്രാജ്യത്വവും ജന്മിത്വവും തുലയട്ടെയെന്ന് മുദ്രാവാക്യമുയർത്തി. മലബാറിന്റെ സാമ്രാജ്യത്വ വിരുദ്ധമുന്നേറ്റങ്ങൾക്ക് ചുവപ്പ് പകർന്ന കരുത്താർന്ന പോരാട്ടചരിത്രം; തലശ്ശേരി, മൊറാഴ, മട്ടന്നൂർ ... നിരോധനങ്ങളും പോലീസ് ബാരിക്കേഡുകളും തട്ടിമാറ്റിയാണ് തലശ്ശേരി ജവഹർഘട്ടിൽ 2000- ഓളം ജനങ്ങൾ സമ്മേളിച്ചത്. ത്രിവർണ്ണ പതാകയും ചെങ്കൊടിയുമേന്തി അവർ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ ഉശിരൻ മുദ്രാവാക്യങ്ങൾ മുഴക്കി. സ്വാതന്ത്യസമര സേനാനികളും പോലീസും ഏറ്റുമുട്ടി. പോലീസ് 17 റൗണ്ട് വെടിയുതിർത്തു. സഖാക്കൾ അബുവും ചാത്തുക്കുട്ടിയും വെടിയേറ്റുവീണ് ധീര രകതസാക്ഷിത്വം വരിച്ചു.
മൊറാഴയിലും മട്ടന്നൂരിലും പോലീസുമായി ജനങ്ങൾ ഏറ്റമുട്ടി. മൊറാഴയിൽ മർദ്ദകവീരനായ സബ്ബ് ഇൻസ്പെക്ടർ കുട്ടികൃഷ്ണമേനോനും ഒരു പോലീസുകാരനും ഏറ്റുമുട്ടലിൽ മരിച്ചു. കെ പി ആർ ഉൾപ്പെടെ 34 പേരെ പ്രതിചേർത്ത് കേസ്സെടുത്തു. കെ പി ആറിന് വധശിക്ഷ വിധിച്ചതുൾപ്പെടെ ദേശീയ അന്തർദേശീയ തലങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ചർച്ചയായി. കോൺഗ്രസിന്റെ മിതവാദ സമീപനങ്ങളിൽനിന്ന് കമ്യൂണിസ്റ്റ് ഇടതുപക്ഷം സ്വാതന്ത്ര്യസമരത്തിൽ നേടുന്ന സ്വാധീനത്തെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുകളെഴുതി. കെ പി ആറിന്റെ വധശിക്ഷ റദ്ദാക്കണമെന്നത് ദേശീയ തലത്തിൽ വലിയ കാമ്പയിനായി ഏറ്റെടുക്കപ്പെട്ടു. മട്ടന്നൂരിലെ ഏറ്റുമുട്ടലിലും ഒരു പോലീസുകാരൻ വധിക്കപ്പെട്ടു.
സാമ്രാജ്യത്വവിരുദ്ധദിനവും തുടർന്നുള്ള പ്രക്ഷുബ്ധ സംഭവവികാസങ്ങളും ബ്രിട്ടിഷുകാരെ ഞെട്ടിച്ചതു പോലെ കോൺഗ്രസ് നേതൃത്വത്തെയും ഞെട്ടിച്ചു. തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ ദേശീയ നേതൃത്വം ഇടപെട്ട് കെ പി സി സി പിരിച്ചുവിട്ടു. കോൺഗ്രസ് നേതൃത്വം വലതുപക്ഷത്തിന്റെ കൈകളിൽ ഒതുക്കാനുള്ള നീക്കങ്ങളാരംഭിച്ചു. ഇതോടെ കോൺഗ്രസ്സിനകത്തു നിന്ന് പഴയതുപോലെ കമ്യൂണിസ്റ്റുകാർക്ക് പ്രവർത്തിക്കാനാകാത്ത അവസ്ഥയായി. നിരോധനങ്ങളെയും മർദ്ദനങ്ങളെയും നേരിട്ട് കമ്യൂണിസ്റ്റു രാഷ്ട്രീയം സ്വതന്ത്രമായി വളർന്നു വന്നതിന്റെ ചരിത്രം കൂടിയാണ് 1940 സപ്തംബർ 15-ലെ സംഭവങ്ങളോടെ കേരളത്തിലാരംഭിച്ചത്.
സപ്തംബർ 15- ലെ സാമ്രാജ്യത്വ വിരുദ്ധദിനത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് കയ്യൂർ, കരിവെള്ളൂർ, മുനയൻകുന്ന്, പുന്നപ്ര വയലാർ സമരങ്ങൾ തുടങ്ങി സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ സമരങ്ങൾ വളർന്നു വന്നത്. സ്വാതന്ത്ര്യത്തിനും ഭൂമിക്കും വേണ്ടിയുള്ള കമ്യൂണിസ്റ്റു പോരാട്ടങ്ങൾ.

