മലയാള സിനിമയുടെ മുഖ്യധാരയിലുണ്ട്,
ഒരു ഹരികുമാർ ധാര

മലയാള സിനിമയിൽ സാഹിത്യം ഇടപെട്ടിരുന്ന കാലത്തിന്റെ ക്രിയാത്മകതയെ പുതിയ കാല സിനിമകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു. എം. ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെയെല്ലാം കഥകളും തിരക്കഥകളും ഹരികുമാർ സിനിമയാക്കി.

Read read read, if you don't read you will never be a film maker - എന്ന് സിനിമയും വായനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത് ജർമ്മൻ സംവിധായകൻ വെർണർ ഹെർസോഗ് ആണ്. ഹെർസോഗിന്റെ വഴി പിന്തുടർന്ന് വായനയിലൂടെ തന്റെ സിനിമകൾക്ക് അടിസ്ഥാനമിട്ട സംവിധായകനായിരുന്നു ഹരികുമാർ. തന്റെ കാലത്തെ മുഖ്യധാരാ സിനിമ സഞ്ചരിച്ച വഴികളിൽനിന്ന് ഒട്ടൊക്കെ വേറിട്ടു സഞ്ചരിക്കാൻ ശ്രമം നടത്തിയ സംവിധായകൻ. മലയാള സിനിമയിൽ സാഹിത്യം ഇടപെട്ടിരുന്ന കാലത്തിന്റെ ക്രിയാത്മകതയെ പുതിയ കാല സിനിമകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു. എം. ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെയെല്ലാം കഥകളും തിരക്കഥകളും ഹരികുമാർ സിനിമയാക്കി. ‘എഴുത്തുകാരുടെ സംവിധായകൻ’ എന്ന് ഹരികുമാർ അറിയപ്പെട്ടു തുടങ്ങുന്നതും അങ്ങനെയാണ്. ‘ജാലക’ത്തി​ന്റെ തിരക്കഥ ബാലചന്ദ്രൻ ചുള്ളിക്കാടായിരുന്നു. എൻ.​ മോഹനന്റെ മിന്നാമിനുങ്ങ് പുലർവെട്ടം എന്ന പേരിൽ സിനിമയാക്കി. പെരുമ്പടവം ശ്രീധരന്റെ തിരക്കഥയിലാണ് ആമ്പൽപ്പൂവ് ഒരുക്കിയത്. കെ.വി. മോഹൻകുമാറിന്റെ തിരക്കഥയിൽ 2017-ൽ ക്ലിന്റ് എന്ന സിനിമ സംവിധാനം ചെയ്തു.

തിരുവനന്തപുരത്തെ പാലോടിനു സമീപമുള്ള കാഞ്ചിനട എന്ന ഗ്രാമത്തിൽ ജനിച്ച ഹരികുമാറിന് വായന ചെറുപ്പം മുതലേ ഉള്ള ശീലമായിരുന്നു. എട്ട് കിലോമീറ്റർ നടന്നു പോയി ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്തായിരുന്നു വായന. തിരുവനന്തപുരം ഭരതന്നൂർ സ്കൂളിൽ നിന്നും പത്താം ക്ലാസ് കഴിഞ്ഞ പുറത്തിറങ്ങുമ്പോഴേക്കും മിക്ക ലോക ക്ലാസിക്കുകളുടെയും മലയാള വിവർത്തനങ്ങൾ വായിച്ചുതീർത്തിരുന്നു ഹരികുമാർ.

എം. ടി. വാസുദേവൻ നായർ തിരക്കഥ എഴുതി, 1994-ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ സുകൃതമാണ് സംവിധായകൻ എന്ന നിലയിൽ ഹരികുമാറിന്റെ ഏറ്റവും ശ്രദ്ധേയ ചിത്രം.

എം. ടി. വാസുദേവൻ നായർ തിരക്കഥ എഴുതി, 1994-ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ സുകൃതമാണ് സംവിധായകൻ എന്ന നിലയിൽ ഹരികുമാറിന്റെ ഏറ്റവും ശ്രദ്ധേയ ചിത്രം. പിന്നീട് ‘സുകൃതം ഹരികുമാർ’ എന്നു പോലും അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തി​ന്റെ വീടിനും സുകൃതം എന്നായിരുന്നു പേര്. ഹരികുമാറിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സുകൃതം. സിനിമ ആ വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്കാരവും നേടി. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡുമുണ്ടായിരുന്നു.
മാധ്യമപ്രവർത്തകനായ രവിശങ്കർ രക്താർബുദ രോഗബാധിതനാകുന്നതും ചികിത്സയിലൂടെ രക്ഷപ്പെടുന്നതും പിന്നീട് മരണം സ്വയം തെരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. എം.ടി. വാസുദേവൻ നായർ തിരക്കഥയായി കടലാസിൽ പകർത്തിയതെല്ലാം ഹരികുമാർ സ്ക്രീനിൽ ജീവസ്സുറ്റതാക്കി. വാണിജ്യ വിജയത്തിനപ്പുറം സിനിമ എന്ന കലാരൂപത്തിന്റെ, സിനിമ എന്ന മാധ്യമത്തിന്റെ കലാമൂല്യത്തെയാണ് ഹരികുമാർ ഉയർത്തിപ്പിടിച്ചത്.

കണ്ടും കേട്ടും ആണ് ഹരികുമാർ സിനിമ പഠിച്ചത്. സ്കൂൾ പഠനം കഴിഞ്ഞ് എൻജിനീയറിങ് പഠനത്തിന് തിരുവനന്തപുരത്ത് എത്തിയത് മുതൽ സിനിമ കാണൽ എന്ന തന്റെ ശീലം കുറേക്കൂടെ ഗൗരവമായി ചെയ്യേണ്ടുന്ന ഒരു പ്രവർത്തിയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു. അസിസ്റ്റന്റ് എൻജിനീയറായി ജോലി ലഭിച്ച് കൊല്ലത്ത് എത്തിയപ്പോൾ അന്നത്തെ സംവേദന ഫിലിം ഫോറത്തിന്റെ ഭാഗമായി നിരവധി അന്താരാഷ്ട്ര ചിത്രങ്ങൾ കാണാനും പഠിക്കാനും മനസ്സിലാക്കാനും അവസരം ലഭിച്ചതും ഹരികുമാറിലെ സംവിധായകനെ ഏറെ സ്വാധീനിച്ചു.

ലോക സിനിമകളും ഏറെ ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം സിനിമയിലെ ഓരോ ചെറിയ മാറ്റങ്ങളും സശ്രദ്ധം വീക്ഷിക്കാനും ശ്രദ്ധിച്ചിരുന്നു. ഓരോ സമയത്തെയും സിനിമയുടെയും സാങ്കേതികവിദ്യയുടെയും നിർമ്മാണ രീതിയിലെയും വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കിയായിരുന്നു അദ്ദേഹം തന്റെ സിനിമകളും ഒരുക്കിയിരുന്നത്.

എം. മുകുന്ദന്റെ കഥയിലും തിരക്കഥയിലും സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ് ഹരികുമാറിന്റെ അവസാന ചിത്രം

പതിനെട്ട് സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ആദ്യചിത്രം 1981-ൽ പുറത്തിറങ്ങിയ ആമ്പൽപൂവ് ആണ്. സ്നേഹപൂർവ്വം ആര്യ, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത്, ഊഴം, ജ്വാലാമുഖി, കാറ്റും മഴയും, ക്ലിന്റ്, പുലി വരുന്നേ പുലി, ജാലകം, പുലർ വെട്ടം, സദ്ഗമയ, പറഞ്ഞു തീരാത്ത വിശേഷങ്ങൾ എന്നിവയാണ് ഹരികുമാറിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ. എം. മുകുന്ദൻ സ്വന്തം കഥക്ക് തിരക്കഥയെഴുതി ഹരികുമാർ സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ് അവസാന ചിത്രം.

ദേശീയ അന്തർദേശീയ അവാർഡുകളും 6 സംസ്ഥാന അവാർഡുകളും നേടിയ ഹരികുമാർ 8 ഡോക്യുമെന്ററികളും 6 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഉറൂബിന്റെ രാച്ചിയമ്മയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത അതേ പേരിലുള്ള ടെലിഫിലിം ആ വർഷത്തെ സംസ്ഥാന അവാർഡും നേടി. എം.ടിയുടെ ജീവിതവും എഴുത്തും പ്രമേയമാക്കി ‘എം.ടി: കഥയും കാലവും’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു.

നിരവധി ഫിലിം ഫെസ്റ്റിവലുകളിലും 2005, 2008 കാലഘട്ടങ്ങളിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയായും പ്രവർത്തിച്ചു. കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ചെയർമാനായും പ്രവർത്തിച്ചിരുന്നു.

Comments