കെ. ജി. ജയൻ: അടരുവാൻ വയ്യ, ഈ ശബ്ദത്തിൽ നിന്ന്

മലയാളികളെ സംബന്ധിച്ച് കെ.ജി. ജയൻ, കെ.ജി വിജയൻ എന്നീ പേരുകൾഭക്തിസാന്ദ്രമായ ഒരോർമയാണ്. അയ്യപ്പഭക്തിഗാനങ്ങൾ കൊണ്ട് മലയാളഗാനലോകത്ത് കടന്നുവന്ന് തങ്ങളുടെതായ ഒരിടം ഉണ്ടാക്കിയെടുത്തവരായിരുന്നു ഗായകരായ ഈ ഇരട്ട സഹോദരങ്ങൾ. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ സംഗീതലോകത്ത് നിന്ന് ആദ്യം വിടവാങ്ങിയത് കെ.ജി വിജയനായിരുന്നു. ആകസ്മികമായ ആ വിയോഗത്തിൽ തളർന്നുപോയി ജയൻ. ഇനിയും പാടിത്തീരാത്ത ഒരുപിടി ഗാനങ്ങൾ ബാക്കിയാക്കി ഇപ്പോഴിതാ കെ.ജി ജയനും മടങ്ങിയിരിക്കുന്നു.

Think

ജയവിജയൻ അതായിരുന്നു മലയാളികൾക്ക് കെ.ജി ജയൻ എന്ന കർണാടക സംഗീതജ്ഞൻ. ജയവിജയൻ എന്ന ആ ഒറ്റ പേരിന് പക്ഷേ ഉടമ ഒരാളായിരുന്നില്ല. ഏകത്വം തോന്നുന്ന ആ പേരിനുള്ളിൽ രണ്ട് വ്യക്തികളുണ്ടായിരുന്നു. പിറവിയിൽ തന്നെ ഒന്നായിരുന്ന, ഒരേ മുഖച്ഛായയുണ്ടായിരുന്ന രണ്ടുപേർ. കെ.ജി ജയനും കെ.ജി വിജയനും.

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാമായി ഈ ഇരട്ട സഹോദരങ്ങൾ ഉണ്ടാക്കിയത് നിരവധി ഗാനങ്ങളാണ്. 1988ൽ വിജയൻ ആകസ്മികമായി വിടവാങ്ങിയതിൽപ്പിന്നെ ഒറ്റയ്ക്കായിരുന്നു കെ.ജി ജയൻ. പാടിയ പാട്ടുകളിലത്രയും ആ ഇരട്ടശബ്ദങ്ങൾ വേറിട്ടു നിന്നിരുന്നു. പക്ഷേ വിജയൻ്റെ വിയോഗത്തോടെ കെ.ജി ജയൻ്റെ പാട്ടും ശബ്ദവും ഒറ്റയ്ക്കാവുകയായിരുന്നു. ഇപ്പോഴിതാ, വിജയൻ്റെ മരണം 36 വർഷങ്ങൾ പിന്നിടുമ്പോൾ കെ.ജി ജയനും ഓർമ്മയാവുകയാണ്. ഓർക്കാൻ ഒരുപാടുണ്ട് മലയാളികൾക്ക്.

വർഷങ്ങൾ നീണ്ട പരിശീലനം കൊണ്ട് സ്വയം സ്ഫുടം ചെയ്‌തെടുത്ത ഒരാൾ, കെ.ജി ജയൻ. ഭക്തിയായിരുന്നു ആ സംഗീതത്തിന്റെ സ്ഥായീഭാവം. ഭക്തരല്ലാത്ത കേൾവിക്കാരെയും ഡിവൈൻ തലത്തിലേക്ക് ഉയർത്തുന്ന ഭക്തി. പക്ഷേ ക്ഷേത്രങ്ങളിലെ ഭക്തിഗാനസദസുകളിലോ സംഗീത കച്ചേരികളിലോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല കെ.ജി ജയന്റെ പ്രതിഭ.

ജയവിജയൻ എന്ന ആ ഒറ്റ പേരിന് പക്ഷേ ഉടമ ഒരാളായിരുന്നില്ല. ഏകത്വം തോന്നുന്ന ആ പേരിനുള്ളിൽ രണ്ട് വ്യക്തികളുണ്ടായിരുന്നു. പിറവിയിൽ തന്നെ ഒന്നായിരുന്ന, ഒരേ മുഖച്ഛായയുണ്ടായിരുന്ന രണ്ടുപേർ. കെ.ജി ജയനും കെ.ജി വിജയനും. Photo : Wikipedia

കർണാടക സംഗീതത്തിൽ തുടങ്ങി സ്റ്റേജുകളിലേക്കും സിനിമകളിലേക്കും റെക്കോർഡിംഗ് സ്റ്റുഡിയോകളിലേക്കും പടർന്നതായിരുന്നു കെ.ജി ജയന്റെ സംഗീതം. താണ്ടിയ സംഗീത വഴികളിൽ ഒറ്റയ്ക്കുമായിരുന്നില്ല ജയൻ. ഇരട്ട സഹോദരനായിരുന്ന കെ.ജി വിജയനായിരുന്നു സംഗീതത്തിൽ അദ്ദേഹത്തിന്റെ പാർട്ടണർ.

ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടയം കടമ്പൂത്തറ മഠത്തിൽ ഗോപാലൻ തന്ത്രിയുടെയും പി.കെ നാരായണിയമ്മയുടെയും മക്കളായി 1934ൽ ആണ് ജയവിജയൻമാർ ജനിച്ചത്. ഇരട്ടക്കുട്ടികൾ ആദ്യം കഴിവ് തെളിയിച്ചത് കർണാടകസംഗീതത്തിലും. 6-ാം വയസ്സിൽ കർണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ ജയൻ പത്താംവയസ്സിൽ തന്നെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. കുമാരനെല്ലൂർ ദേവീക്ഷേത്രത്തിൽ. രാമൻ ഭാഗവതരും മാവേലിക്കര രാധാകൃഷ്ണ അയ്യരുമായിരുന്നു ആദ്യകാല ഗുരുക്കന്മാർ. ഒരിക്കൽ, മന്നത്ത് പത്മനാഭനും ആർ. ശങ്കറും സംഘടിപ്പിച്ച ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനത്തിൽ ഈശ്വരപ്രാർത്ഥന അവതരിപ്പിച്ചത് ജയവിജയൻമാരായിരുന്നു.

കെ.ജി ജയൻ Photo : Screenshot

ഇരട്ടക്കുട്ടികളുടെ പാട്ട് കേട്ട മന്നത്ത് പത്മനാഭനാണ് പിന്നീട് കുട്ടികളെ പാട്ട് പഠിക്കാനയക്കണമെന്ന് രക്ഷിതാക്കളോട് പറയുന്നത്. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ സംഗീതം പഠിക്കാൻ ചേർന്നു. ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സ് ഒന്നാം ക്ലാസോടെ വിജയിച്ചു ഇരുവരും. ചിത്തിരതിരുനാൾ ബാലരാമവർമയുടെ സ്‌കോളർഷിപ്പോടുകൂടെയായിരുന്നു പിന്നീട് ഉപരിപഠനം. അപ്പോഴേക്കും സംഗീതം തന്നെ ജീവിതം എന്ന് ജയൻ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. സംഗീതം അത്രമാത്രം സിരകളിൽ പടർന്നു കഴിഞ്ഞിരുന്നു.

അങ്ങനെയാണ് കാരപ്പുഴ എൽ.പി സ്‌കൂളിൽ അധ്യാപകനായിരുന്ന കെ.ജി ജയൻ അധ്യാപകജോലി രാജിവെച്ച് പൂർണമായും സംഗീതത്തിലക്ക് തിരിഞ്ഞത്. അന്നു മുതൽ ജയന്റെ സംഗീതജീവിതത്തിൽ എന്നും അനുജൻ കെ.ജി വിജയനും ഒപ്പമുണ്ടായിരുന്നു. എഴുതിയതും പാടിയതും പാടിച്ചതുമെല്ലാം അവർ ഒന്നിച്ചായിരുന്നു. ജയനും വിജയനും പിന്നീട് പേരായ് തെളിഞ്ഞത് ജയവിജയ എന്നും. 1950കളിൽപ്രിയപുത്രൻ എന്ന നാടകത്തിന്റെ ഗാനസൃഷ്ടിക്കിടെ സംഗീത സഹോദരങ്ങൾക്ക് ആ പേരിട്ടത് നടൻ ജോസ് പ്രകാശ്.

പിന്നീട്, 1964 മുതൽ 10 വർഷത്തോളം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലാണ് കർണ്ണാടക സംഗീതം സഹോദരങ്ങൾ സംഗീതം അഭ്യസിച്ചത്. മൃദംഗവിദ്വാൻ ടി.വി ഗോപാലകൃഷ്ണൻ വഴിയാണ് ജയവിജയൻമാർ ചെമ്പൈ വൈദ്യനാഥഭഗവതരുടെ അടുത്തെത്തുന്നത്. പിന്നീട് പ്രിയപ്പെട്ട ശിഷ്യരായി ദീർഘകാലം ചെമ്പൈക്ക് അകമ്പടി സേവിച്ചതും ജയവിജയൻമാർ തന്നെ. ‘‘നിർവചിക്കാനാകാത്ത സ്‌നേഹവും വാത്സല്യവുമായിരുന്നു സ്വാമിക്ക് ഞങ്ങളോട്, ഒരുമിച്ചു പാടിയ ആദ്യ കച്ചേരി ഓർമ്മയുണ്ട്. മാമ്പലത്തെ കൃഷ്ണഗാനസഭയിൽ ആയിരുന്നു അത്. ഒന്നുരണ്ടു കൃതി പാടിക്കഴിഞ്ഞപ്പോൾ സ്വമി മൈക്ക് ഓപ്പറേറ്ററെ വിളിച്ചുപറഞ്ഞു : ഈ രണ്ടുകുട്ടികൾക്കും ഓരോ മൈക്ക് കൊടുക്കൂ, അവരുടെ പാട്ടും ആളുകൾ കേൾക്കട്ടെ.’’ ജയൻ പിന്നീട് ആ കാലത്തെക്കുറിച്ച് ഓർക്കുന്നുണ്ട്.

ഏകദേശം മുപ്പതോളം സിനിമകൾക്ക് സംഗീതം നൽകിയ സഹോദരങ്ങൾ 1968 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. സിനിമയിൽ അധികം പാട്ടുകളൊന്നും ചെയ്തിട്ടില്ല ജയനും വിജയനും. എന്നാൽ സിനിമയ്ക്ക് വേണ്ടി ജയവിജയ ഒരുക്കിയ പാട്ടുകൾ മലയാളികൾക്ക് ഇന്നും മറക്കാൻ കഴിയാത്തതാണ്. നക്ഷത്രദീപങ്ങൾ തിളങ്ങി, ഈണംപാടി തളർന്നല്ലോ ഞങ്ങളും കാറ്റും, ഭ്രമണപഥം വഴി ദ്രുതചലനങ്ങളാൽ, പല്ലനയാറ്റിൽ നിന്ന്...എല്ലാം കേൾവിക്കാർക്ക് ഇന്നും മറക്കാൻ കഴിയാത്ത പാട്ടുകൾ. പക്ഷേ സഹോദരങ്ങളുടെ പാട്ടുകൾ ഉൾപ്പെടുത്തിയൊരുക്കിയ സിനിമകൾ പലതും പുറത്തെത്തിയില്ല എന്നത് ജയവിജയയുടെ ദുര്യോഗമായിരുന്നു. എങ്കിലും പാട്ടുകൾ ഹിറ്റാവുകയും ചെയ്തു.

കർണാടക സംഗീതത്തിൽ തുടങ്ങി സ്റ്റേജുകളിലേക്കും സിനിമകളിലേക്കും റെക്കോർഡിംഗ് സ്റ്റുഡിയോകളിലേക്കും പടർന്നതായിരുന്നു കെ.ജി ജയന്റെ സംഗീതം. താണ്ടിയ സംഗീത വഴികളിൽ ഒറ്റയ്ക്കുമായിരുന്നില്ല ജയൻ. ഇരട്ട സഹോദരനായിരുന്ന കെ.ജി വിജയനായിരുന്നു സംഗീതത്തിൽ അദ്ദേഹത്തിന്റെ പാർട്ടണർ.

പിന്നീട് പാട്ടിൽ ജയവിജയ എന്നത് ഒരു ബ്രാൻഡ് ആയി മാറുകയായിരുന്നു. അങ്ങനെ ജയവിജയ ബ്രാൻഡ് സംഗീതത്തിന്റെ സർവമേഖലകളിലേക്കും പടർന്നുകൊണ്ടിരിക്കുമ്പോഴാണ് സഹോദരൻ കെ.ജി വിജയന്റെ അകാലത്തിലുള്ള മരണം. അത് ജയനെ വല്ലാതെ തളർത്തിക്കളഞ്ഞിരുന്നു. ഒരു സംഗീത കച്ചേരിക്ക് തൃശിനാപ്പളിയിലേക്ക് ട്രെയിനിൽ പോകവേ 1988ൽ ആയിരുന്നു വിജയന്റെ ആകസ്മിക മരണം. അത് വലിയ ആഘാതമായിരുന്നു ജയന്. വിജയൻ ഇല്ലാത്ത സംഗീതവേദിയിൽ പലപ്പോഴും തളർന്നിരുന്ന് പോയിട്ടുണ്ട് ജയൻ. വിജയന്റെ വിയോഗത്തോടെ സംഗീതപരിപാടികളിൽ നിന്ന് അൽപ്പം പുറകോട്ട് പോവുകയും ചെയ്തിരുന്നു. പിന്നീട് യേശുദാസിന്റെ ശബ്ദത്തിൽ ഹൃദയം ദേവാലയം പുറത്തിറങ്ങിയപ്പോഴും കെ.ജി ജയൻ ടൈറ്റിലിൽ ക്രെഡിറ്റ് വെച്ചത് ജയവിജയ എന്നുതന്നെയായിരുന്നു. ‘നിങ്ങളുടെ സ്‌നേഹത്തിന്റെ പങ്ക് വിജയനു കൂടെ അവകാശപ്പെട്ടതാണ്’ എന്നാണ് ജയൻ അന്നു പറഞ്ഞത്.

വിജയന്റെ മരണ ശേഷം എസ്. രമേശൻ നായർ എഴുതി ജയൻ സംഗീതം നൽകിയ മയിൽപ്പീലി എന്ന ആൽബത്തിലെ ഒമ്പത് ഭക്തിഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. രാധതൻ പ്രേമത്തോടാണോ, ഒരുപിടി അവിലുമായി, ചന്ദനച്ചർച്ചിത, തുടങ്ങിയ മയിൽപ്പീലിയിലെ ഗാനങ്ങൾ മലയാളികൾക്കിടയിൽ ഇന്നും പ്രശസ്തമാണ്.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ

ബാലമുരളീകൃഷ്ണയുടെ ശിഷ്യരായി മദ്രാസിൽ താമസിക്കുന്ന കാലത്താണ് എച്ച്.എം.വിയിലെ മാനേജരുടെ നിർദേശപ്രകാരം രണ്ട് അയ്യപ്പഭക്തിഗാനങ്ങൾക്ക് സഹോദരങ്ങൾ സംഗീതം പകർന്നത്. പാട്ടുകൾ എഴുതിയത് എ.പി ശിവം. ഗായിക പി, ലീലയെ വീട്ടിൽ ചെന്ന് പാട്ടുപഠിപ്പിച്ച് പാടിക്കുകയും ചെയ്തു. ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ, ഹരിഹരസുതനേ, എന്നീ രണ്ടുപാട്ടുകളാണ് അന്ന് സഹോദരങ്ങൾ ചിട്ടപ്പെടുത്തിയത്. ഇതിനു ശേഷം ഇരുവരും ചേർന്നു പാടിയ ‘ശ്രീകോവിൽ നട തുറന്നൂ’ എന്ന ഗാനവും ഏറെ പ്രശസ്തമായി. പിന്നീട് തുടരെ തുടരെ അയ്യപ്പഭക്തിഗാനങ്ങളുമായി ജയവിജയന്മാർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യമായി ഭക്തിഗാനങ്ങൾ പാടിച്ചതും ജയവിജയൻമാർ തന്നെ. ശബരിമല നട തുറക്കുമ്പോൾ ഇപ്പോഴും കേൾപ്പിക്കുന്ന ഗാനം ‘ശ്രീകോവിൽ നട തുറന്നൂ’ ആണ്.

സിനിമയിൽ കെ.ജി ജയൻ പിന്നീട് പേരുണ്ടാക്കുന്നത് അഭിനേതാവായ മകനിലൂടെയായിരുന്നു. സംഗീതജ്ഞൻ കെ.ജി ജയൻ്റെ മകൻ എന്ന മേൽവിലാസത്തിൽ നിന്ന് അഭിനേതാവ് എന്ന് സ്വന്തം മേൽവിലാസമുണ്ടാക്കിയെടുത്ത മനോജ് കെ. ജയൻ എന്ന മകനിലൂടെ. ബിജു കെ. ജയൻ ആണ് മറ്റൊരു മകൻ.

പത്മശ്രീ പുരസ്കാരം, സംഗീത നാടക അക്കാഡമി അവാർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാരത്നം ഭക്തിസംഗീത സമ്രാട്ട്, തത്ത്വമസി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചെമ്പൈ, സംഗീതവും ജീവിതവും എന്ന പേരിൽ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ജീവിതം അടിസ്ഥാനമാക്കി ഒരു ജീവചരിത്ര ഗ്രന്ഥവും പുറത്തിറക്കിയിട്ടുണ്ട് ജയവിജയൻമാർ. ആത്മകഥാംശം എന്നപേരിൽ ആത്മകഥ ഒരുക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു അദ്ധേഹം.

കലയും ഭക്തിയും രണ്ടാല്ലത്ത ആ ഇരട്ട ജിവിതത്തിൽ നിന്ന് വിജയന് ശേഷം ഇതാ കെ.ജി ജയനും പടിയിറങ്ങുന്നു. കെ.ജി ജയന്റെ വിയോഗത്തോടെ മലയാള സംഗീതത്തിൽ നിന്ന് മറഞ്ഞുപോകുന്നത് ഒരു കാലം അപ്പാടെയാണ്.

കെ.ജി ജയൻ്റെ ഗാനങ്ങൾ

Comments