എന്നും മിടിച്ചുകൊണ്ടിരിക്കും പങ്കജ് ഉധാസ്

തലമുറകളിലേക്ക് പല തരംഗങ്ങളില്‍ പടര്‍ന്നുകയറിയ, മൂന്നര പതിറ്റാണ്ടിന്റെ പ്രണയലഹരി മുറ്റിയ ശബ്ദം. ഹൃദയാവര്‍ജ്ജകമായ ഭാവങ്ങളും വികാരങ്ങളും ഒരു തുള്ളി പോലും തുളുമ്പിപ്പോകാതെ ആഴത്തില്‍ മിടിച്ചുകൊണ്ടിരുന്ന ‘വെല്‍വെറ്റ് സ്മൂത്ത് വോയ്‌സ്' ആയിരുന്നു ഈ ഗായകൻ.

Think

വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് 72ാം വയസ്സില്‍ മരിക്കുമ്പോള്‍, നിത്യഹരിതങ്ങളായ നിരവധി പാട്ടുകളുടെ ഒരു കാലം ബാക്കിയാകുന്നു. തലമുറകളിലേക്ക് പല തരംഗങ്ങളില്‍ പടര്‍ന്നുകയറിയ, മൂന്നര പതിറ്റാണ്ടിന്റെ പ്രണയലഹരി മുറ്റിയ ശബ്ദം.

‘വെല്‍വെറ്റ് വോയ്‌സിന് എല്ലാ കാലത്തേക്കും അന്ത്യമായി’ എന്നാണ് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഹൃദയാവര്‍ജ്ജകമായ ഭാവങ്ങളും വികാരങ്ങളും ഒരു തുള്ളി പോലും തുളുമ്പിപ്പോകാതെ ആഴത്തില്‍ മിടിച്ചുകൊണ്ടിരുന്ന ‘വെല്‍വെറ്റ് സ്മൂത്ത് വോയ്‌സ്’.

പങ്കജ് ഉദാസ്, പങ്കാളി ഫരീദ, മക്കളായ നയ്യബ്, രേവ
പങ്കജ് ഉദാസ്, പങ്കാളി ഫരീദ, മക്കളായ നയ്യബ്, രേവ

ഗുജറാത്തിലെ ജേത്പുരി ഗ്രാമത്തില്‍ 1951 മെയ് 17നായിരുന്നു ജനനം. മന്‍ഹര്‍ ഉധാസ്, നിര്‍മല്‍ ഉധാസ് എന്നീ സഹോദരന്മാരുടെ ഇളയവനായിരുന്നു പങ്കജ്. മൂന്നുപേരും ചെറുപ്പത്തിലേ സ്വന്തം ശബ്ദങ്ങളാല്‍ വേറിട്ടുനിന്നു. സഹോദരന്മാര്‍ക്കൊപ്പം വളരെ ചെറുപ്പത്തിലേ പങ്കജ് ഉദാസ് പാടിത്തുടങ്ങി. അഞ്ചാം വയസ്സില്‍ സ്‌റ്റേജില്‍ ആദ്യമായി പാടി. ലതാ മങ്കേഷ്‌കറുടെ പ്രശസ്തമായ ആയേ മേരേ വതന്‍ കേ ലോഗ് എന്ന പാട്ടാണ്, ഇന്ത്യ- ചൈന യുദ്ധകാലത്തെ ഒരു പരിപാടിയില്‍ ആ അഞ്ചു വയസ്സുകാരന്‍ പാടിയത്. പാട്ടുകേട്ട് സദസ്സില്‍നിന്നൊരാള്‍ ആ അഞ്ചു വയസ്സുകാരന് 51 രൂപ സമ്മാനം നല്‍കി.

പങ്കജിന്റെ ആദ്യ കാല ഭ്രമം തബലയായിരുന്നു, പിന്നീടാണ് പാട്ടിലേക്കുതിരിഞ്ഞത്. ബോംബെയിലെത്തിയ അദ്ദേഹം സെന്റ് സേവിയേഴ്‌സ് കോളേജില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കി.

1986-ല്‍ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ 'നാം' എന്ന ബോളിവുഡ് ത്രില്ലറിലെ ഗസലാണ് പിന്നണി ഗായകനെന്ന നിലയ്ക്ക് പങ്കജിന്റെ ആദ്യമായി അടയാളപ്പെടുത്തിയത്. 'നാം' ശരാശരിപ്പടമായിരുന്നുവെങ്കിലും അതിനെ ബോക്‌സ് ഓഫീസ് ഹിറ്റാക്കിയതില്‍ പ്രമുഖ പങ്ക് പങ്കജ് ഉദാസിന്റെ 'ചിട്ടി ആയീ ഹൈ' എന്ന പാട്ടിനാണ്. 'ചിട്ടി ആയീ ഹേ' എന്ന ഗസല്‍ ലോകത്തെങ്ങുമുള്ള ഗസല്‍ ആരാധകരുടെ ഹൃദയങ്ങളേറ്റുവാങ്ങി. ആനന്ദ് ബക്ഷി രചിച്ച് ലക്ഷ്മി കാന്ത്- പ്യാരേലാല്‍ സംഗീതം പകര്‍ന്ന ചിട്ടി ആയീ ഹേ പങ്കജിന്റെ പര്യായമായി മാറി. വിദേശ ഇന്ത്യക്കാരായിരുന്നു ഈ പാട്ടിന്റെ ആരാധികരിലേറെയും. കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തിലെ 100 മികച്ച പാട്ടുകളിലൊന്നായി ബി.ബി.സി റേഡിയോ ഈ പാട്ടിനെ തെരഞ്ഞെടുത്തിരുന്നു. 'ഘയാലി'ല്‍ ലതാ മങ്കേഷ്‌കറിനൊപ്പം പാടിയ 'മാഹിയ തേരി കസം', മോറയില്‍ സാധന സര്‍ഗത്തിനൊപ്പം പാടിയ 'നാ കാജ്‌രെ കി ധര്‍' എന്നിവ പങ്കജ് ഉധാസിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. ഈ രണ്ടു പാട്ടുകളും മാന്ത്രികമായ ആ ശബ്ദത്തെ സീമാതീതമാക്കി. സാജൻ, യെ ദില്ലഗി, മൊഹ്റ, ബാഗിസർ തുടങ്ങിയ സിനിമകളിൽ അദ്ദേഹം ഗായകനായി പാടി അഭിനയിക്കുകയും ചെയ്തു.

ആനന്ദ് ബക്ഷി രചിച്ച് ലക്ഷ്മി കാന്ത്- പ്യാരേലാല്‍ സംഗീതം പകര്‍ന്ന ‘ചിട്ടി ആയീ ഹേ’ പങ്കജിന്റെ പര്യായമായി മാറി.
ആനന്ദ് ബക്ഷി രചിച്ച് ലക്ഷ്മി കാന്ത്- പ്യാരേലാല്‍ സംഗീതം പകര്‍ന്ന ‘ചിട്ടി ആയീ ഹേ’ പങ്കജിന്റെ പര്യായമായി മാറി.

പ്രതിഭയുള്ള ഏതു കലാകാരരുടെയും താഴ്ചയും ഉയര്‍ച്ചയും തിരസ്‌കാരങ്ങളും സ്വീകാര്യതയുമെല്ലാമുള്ള പാട്ടുജീവിതമായിരുന്നു പങ്കജിന്റേതും. ആ പാട്ടുജീവിതത്തിന്റെ തുടക്കം നിരാശകളില്‍നിന്നായിരുന്നു.
കല്യാണ്‍ജി ആനന്ദ്ജിമാരുടെ സഹായിയായിരുന്നു പങ്കജ് ഉദാസ്. മുകേഷിനുവേണ്ടി ട്രാക്ക് പാടിയിരുന്ന ഒരു കാലവും അദ്ദേഹത്തിനുണ്ടായിരുന്നു. ഗുജറാത്തിയിലും ഹിന്ദിയിലും ബംഗാളിയിലും നിരവധി പാട്ടുകള്‍ പാടിയെങ്കിലും കേള്‍ക്കപ്പെടാത്ത ശബ്ദമായി പങ്കജ് മറഞ്ഞുനിന്നു. ഏത് ബോളിവുഡ് കലാകാരരുടെയും ഉയര്‍ച്ചതാഴ്ചകളുടെ മണ്ണു കൂടിയായ ബോംബെയാണ് പങ്കജിന്റെ ശബ്ദം വീണ്ടെടുത്തത്. ബോംബെയിലെ രാജ്‌കോട്ട് സംഗീത നാടക അക്കാദമിയില്‍നിന്ന് തബല പഠിച്ചു, ഒപ്പം ശാസ്ത്രീയസംഗീതവും. ഗുലാം ഖാദിർ ഖാൻ, ഗ്വാളിയാർ ഘരാനയിലെ നവരംഗ് നാഗ്പുർകർ എന്നിവരുടെ കീഴിൽനിന്ന് ഹിന്ദു സ്ഥാനിയും പഠിച്ചു.

'ഓര്‍ ആഹിസ്ത കീ ജീ ബതേ ഹേം', 'ചാന്ദി ജൈസാ രംഗ് ഹേ തേരാ’, ‘സോനാ ജൈസാ ബാല്‍' തുടങ്ങിയ ഗസലുകള്‍ എത്രയോ തലമുറകളുടെ പ്രിയ ഗാനങ്ങളായി തുടരുന്നു.
'ഓര്‍ ആഹിസ്ത കീ ജീ ബതേ ഹേം', 'ചാന്ദി ജൈസാ രംഗ് ഹേ തേരാ’, ‘സോനാ ജൈസാ ബാല്‍' തുടങ്ങിയ ഗസലുകള്‍ എത്രയോ തലമുറകളുടെ പ്രിയ ഗാനങ്ങളായി തുടരുന്നു.

1970- കളുടെ തുടക്കത്തില്‍ ഇറങ്ങിയ, ഉഷ ഖന്ന സംഗീത സംവിധാനം നിര്‍വഹിച്ച 'കാംന'യിലാണ് ആദ്യമായി പിന്നണി പാടിയത്. സിനിമ വിജയമായിരുന്നില്ല. അതോടെയാണ് പങ്കജ് ഗസലുകളുടെ വഴിയിലേക്കു തിരിഞ്ഞത്.

പിന്നീട് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 'നാം' ഇറങ്ങുന്നത്. ഈ പാട്ടിലേക്കുള്ള കാത്തിരിപ്പുകൂടിയായിരുന്നു അദ്ദേഹത്തിന്റെ അതുവരെയുള്ള ജീവിതം എന്നും പറയാം. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മെലഡികള്‍ കൊണ്ട് അത്യപൂര്‍വമായൊരു പാട്ടുപ്രപഞ്ചം സൃഷ്ടിച്ചു. 1980-ല്‍ പുറത്തിറങ്ങിയ ‘ആഹത്’ ആണ് ആദ്യ ഗസല്‍ ആല്‍ബം. പിന്നീട് മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയ വൻ ഹിറ്റുകൾ അദ്ദേഹത്തിൽനിന്നുണ്ടായി. അതിനുശേഷമാണ് ‘നാം’ എന്ന സിനിമ വരുന്നത്.

1990-ല്‍ പുറത്തിറങ്ങിയ ‘റൂബായി’ ഗസലില്‍ പങ്കജ് ഉദാസിന്റെ പേര് അവിസ്മരണീയമാക്കി. ചാന്ദ്‌നി രാത് മേം, നാ കജ്‌റേ കി ധാര്‍, ഏക് തരഫ് ഉസ്‌ക ഘര്‍, തോഡി തോഡി കരോ തുടങ്ങിയവ പങ്കജ് ഉദാസിന്റെ മരണമില്ലാത്ത സ്മാരകങ്ങളാണ്. 'ഓര്‍ ആഹിസ്ത കീ ജീ ബതേ ഹേം', 'ചാന്ദി ജൈസാ രംഗ് ഹേ തേരാ’, ‘സോനാ ജൈസാ ബാല്‍' തുടങ്ങിയ ഗസലുകള്‍ എത്രയോ തലമുറകളുടെ പ്രിയ ഗാനങ്ങളായി തുടരുന്നു. അനൂപ് ജലോട്ടക്കൊപ്പം എന്നുമീ സ്വരം എന്ന മലയാള ആല്‍ബത്തില്‍ പാടിയിട്ടുണ്ട്. ആഫ്രീൻ, മെഹക്, അമൻ, കൈഫ്, ഖയാൽ, ഗൂൻഖട്ട്, ഇൻസെർച്ച് ഓഫ് മീർ, ഹസ്റത്ത്, ലമ്ഹ, ജാനേമൻ, യാദ്, യാര, ഖാബോൻ കി കഹാനി തുടങ്ങിയവ പങ്കജിന്റെ നിത്യഹരിത ആൽബങ്ങളാണ്.

ലിറിക്‌സിന്റെയും അവയുടെ ഏറ്റവും തീവ്രമായ ഭാവങ്ങളുടെയും മിശ്രണം പങ്കജ് ഉധാസിനെപ്പോലെ സാധ്യമാക്കിയ ഗസല്‍ ഗായകര്‍ വിരളം. ഉറുദു കവിതകൾ സ്വന്തമായൊരു ഭാവപ്രപഞ്ചത്തിലേക്ക് പരാവർത്തനം ചെയ്താണ് അദ്ദേഹം പാടിയിരുന്നത്. ഹിന്ദി സിനിമ ഗസലുകളുടെ പാരമ്പര്യം വിട്ട് പുതിയതരം പാട്ടുകളുടെ ലോകത്തേക്ക് സഞ്ചരിച്ചപ്പോഴും പങ്കജിന്റെ ഗസലുകൾ, അവയുടെ മൗലികമായ ഭാവദീപ്തിയാൽ ജ്വലിച്ചുനിന്നു.

പങ്കാളിയായ ഫരീദയാണ് പങ്കജിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ പ്രണയഗാനം. 70 കളില്‍ തുടങ്ങിയ പ്രണയബന്ധമാണത്.
പങ്കാളിയായ ഫരീദയാണ് പങ്കജിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ പ്രണയഗാനം. 70 കളില്‍ തുടങ്ങിയ പ്രണയബന്ധമാണത്.

പങ്കാളിയായ ഫരീദയാണ് പങ്കജിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ പ്രണയഗാനം. 70 കളില്‍ തുടങ്ങിയ പ്രണയബന്ധമാണത്. ഒരു അയല്‍ക്കാരന്റെ വീട്ടില്‍വച്ച് ആദ്യമായി കണ്ട നിമിഷം തുടങ്ങി ആ പ്രണയം. അന്ന് പങ്കജ് ബിരുദ വിദ്യാര്‍ഥിയും ഫരീദ എയര്‍ ഹോസ്റ്റസുമായിരുന്നു. ആദ്യ കാഴ്ചയില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആ ബന്ധം തീവ്രമായ പ്രണയമായി വളർന്നു. ഫരീദയുടെ പാഴ്‌സി കുടുംബം വിവാഹത്തെ എതിര്‍ത്തു. കുടുംബത്തിന്റെ സമ്മതമില്ലാതെ ഫരീദ പങ്കജിന്റെ ജീവിതത്തിലേക്കുവരാന്‍ തീരുമാനിച്ചു. ഒരു വ്യവസ്ഥയില്‍: ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതശേഷമേ വിവാഹം കഴിക്കൂ. ഈ തീരുമാനമറിയിക്കാന്‍ പങ്കജ്, റിട്ടയേഡ് പൊലീസ് ഓഫീസറായ ഫരീദയുടെ പിതാവിനെ കണ്ടു. ഇരുവര്‍ക്കുമിടയിലെ പ്രണയം കണ്ടറിഞ്ഞ ആ മാതാപിതാക്കള്‍ക്ക്, മറിച്ചൊരു തീരുമാനമെടുക്കാനായില്ല. അങ്ങനെ, 1982 ഫെബ്രുവരി 11ന് ആ വിവാഹം നടന്നു.
നയ്യബ്, രേവ എന്നിവരാണ് മക്കൾ.

2001-ൽ തുടങ്ങിയ ഖസാന എന്ന ഗസൽ ഫെസ്റ്റിവലിലൂടെ പങ്കജ് ഉധാസ്, രോഗബാധിതരായ മനുഷ്യരുടെ ആശ്രയമായി മാറി. കാൻസറും തലസീമിയയും ബാധിച്ചവർക്ക് ഈ ഫെസ്റ്റിവലിലൂടെ അദ്ദേഹം ധനസമാഹരണം നടത്തി. കോടിക്കണക്കിനുരൂപ നിർധന കുട്ടികളുടെ ചികിത്സാ സഹായത്തിന് അദ്ദേഹം സമാഹരിച്ചു. പിതാവ് കേശുഭായി മരിച്ചത് കാൻസർ വന്നാണ്. ആ വേദനയുടെ ഓർമയിലാണ് അദ്ദേഹം കാൻസർ രോഗികളെ സഹായിക്കാനിറങ്ങിയത്.

നാലു മാസം മുമ്പാണ് അദ്ദേഹത്തിന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ചതായി അറിഞ്ഞത്. അന്നുമുതല്‍ ചികിത്സയിലായിരുന്നു. മരണവിവരം മകള്‍ നയ്യബാണ് അറിയിച്ചത്. 2006-ൽ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

''എന്റെ ബാല്യത്തിന്റെ ഒരു അവിഭാജ്യ ഘടകം ഇന്നെനിക്ക് നഷ്ടമായി. നിങ്ങള്‍ ഇല്ലാതായി എന്ന സത്യം എന്റെ ഹൃദയത്തെ കരയിക്കുന്നു''- ഗായകന്‍ സോനു നിഗം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ഷോക്കിംഗ്, സംഗീതലോകത്തിന് ഭീകരനഷ്ടം' എന്നാണ് ശങ്കര്‍ മഹാദേവന്‍ കുറിച്ചത്.

Comments