കലയെ പ്രതിരോധമാക്കി പോരാടാനാണ് വിവാൻ ആഗ്രഹിച്ചത്

ന്നലെ ദൽഹിയിൽ മഴ പെയ്യുന്നുണ്ടായിരുന്നു. വിവാന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആ മുറിയിലേക്കും മഴയുടെ തണുപ്പ് ഇരച്ചു കയറുന്നുണ്ട്. ഇന്ത്യൻ കലാലോകത്തിന് ഒരിക്കലും വിസ്മരിക്കാനാകാത്ത ആ മഹാപ്രതിഭക്ക് അന്തിമോപാചാരം അർപ്പിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രിയപ്പെട്ടവരുമെല്ലാം വരുന്നത് കണ്ടുകൊണ്ട് ഞാൻ അവിടെ നിന്നു. വിവാൻ ഇല്ലാത്ത ഇന്ത്യൻകലയെന്ന ആശയത്തെ പതിയെ മാത്രമേ നമ്മുക്ക് ഉൾക്കൊള്ളാനാവൂ.

കഴിഞ്ഞ ഞായറാഴ്ചയും ഞാൻ വിവാനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. മുറിയിലേക്ക് നടക്കുമ്പോൾ ഗീത എന്നോട് പറഞ്ഞു, "വിവാൻ, നമ്മളെ വിട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ് '

കുറച്ചുനേരം ഗീതയോടൊപ്പം ഐ.സി.യുവിൽ ഞാൻ ഇരുന്നു. ആ നിമിഷങ്ങളെത്രയും പങ്കാളിയായ വിവാനുമൊത്തുള്ള ദീർഘകാല സഖ്യത്തെക്കുറിച്ച് അവർ ഓർക്കുകയായിരുന്നു. ആ കഥകളെല്ലാം അവരുടെ യുവത്വത്തിന്റെ സ്വപ്‌നങ്ങളും ധൈര്യവും ഊർജ്ജവും വെളിപ്പെടുത്തി. വിവാനൊപ്പം ജീവിതം പങ്കിടാൻ കഴിഞ്ഞതിലെ ധന്യതയെക്കുറിച്ച് അവർ പറഞ്ഞു. ഇന്ത്യയിലും വിദേശത്തും കലാപഠനം നടത്തിയ, പ്രിവിലേജുകൾക്കുള്ളിൽ ജനിച്ചിട്ടും അതിലഭിരമിക്കാതെ ജീവിതത്തിലുടനീളം റിബലായി നിന്ന, അനീതിക്കെതിരെ കലയിലൂടെ പോരാടാൻ അനേകരെ പഠിപ്പിച്ച അസാമാന്യ ആർടിസ്റ്റായിരുന്നു വിവാൻ. ചെയ്യുന്ന കാര്യങ്ങളിൽ പാഷനേറ്റ് ആയിരിക്കാനും സ്വന്തം രീതിയിൽ സാമൂഹിക വ്യവഹാരങ്ങളിൽ ഇടപെടാനും ആയിരകണക്കിന് ആർടിസ്റ്റുകളെ പ്രചോദിപ്പിച്ച പ്രതിഭാധനൻ.

Vivan Sundaram / Photo : Asia art archive

ഗീതയെ ആശുപത്രിയിൽ കണ്ട ശേഷം രാജ്ഘട്ടിലൂടെയും തിരക്കേറിയ വീർഭൂമിയിലൂടെയും ശക്തിസ്ഥലിലൂടെയും നടക്കണമെന്ന് എനിക്ക് തോന്നി. നെഹ്‌റുവിന്റെ സമാധിസ്ഥലമായ ശാന്തിവനത്തിൽ സന്ദർശകർ തീരെയില്ലായിരുന്നു. ആളുകളില്ലാത്ത ആ അന്തരീക്ഷം എന്നെ അസ്വസ്ഥനാക്കി. അതിന് കാരണമുണ്ട്. ഈ ഇടത്തിലിരുന്ന് ഞാൻ ലിബറലായ, ആഴമേറിയ രാഷ്ട്രീയബോധ്യങ്ങളുള്ള, സെക്കുലറും കലാകാരനുമായ എന്റെ കോമ്രേഡിന്റെ ജീവിതത്തെ ഓർക്കാൻ ശ്രമിക്കുകയായിരുന്നു. വിവാനെ അടുത്തറിയാനും ഇടപഴകാനും കഴിഞ്ഞതിൽ എനിക്ക് ആ നിമിഷം അഭിമാനം തോന്നി.

ഇന്ത്യൻ രാഷ്ട്രീയകലാ രംഗത്തെ സജീവ സാന്നിധ്യവും ആകിടിവിസ്റ്റുമായ ഒരാളുടെ വിയോഗം നമ്മിൽ വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുക, പ്രത്യേകിച്ച് നമ്മൾ കടന്നുപോയ് കൊണ്ടിരിക്കുന്ന അനിശ്ചിതത്വങ്ങളുടെ വർത്തമാന കാലത്ത്.

ഇന്ന് നമ്മളെല്ലാവരും ഒരുപോലെ വിവാന്റെ നഷ്ടപ്പെടലിനെക്കുറിച്ചുള്ള സങ്കടങ്ങളും അദ്ദേഹം അഭിനിവേശത്തോടെ ജീവിച്ച ജീവിതവും പലവിധത്തിൽ ഓർമ്മകളിലൂടെ പങ്കിടുകയാണ്. ഈ വർഷം അദ്ദേഹം വിശ്രമമില്ലാതെ വർക്ക് ചെയ്യുകയായിരുന്നു. വിവാൻ നിരവധി പ്രൊജക്റ്റുകളുടെ ഭാഗമായിരുന്നു, ഷാർജ ബിനാലെ ഉൾപ്പടെ. 2022 ലെ കൊച്ചി മുസിരിസ് ബിനാലെയിലും അദ്ദേഹത്തിന്റെ വർക്കുകളുണ്ട്. ഒരു ഇന്റർനാഷ്ണൽ മ്യൂസിയം പ്രൊജക്റ്റിന്റെ ആലോചനകളിലായിരുന്നു അദ്ദേഹം.

വിവാന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അദ്ദേഹം തന്റെ ഹൃദയത്തോട് ചേർത്ത് വെച്ച മൂല്യങ്ങളെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ പിന്തുടർന്നിരുന്നെന്ന് എനിക്ക് പറയാൻ കഴിയുന്നുണ്ട്. ചാഞ്ചാട്ടങ്ങളില്ലാത്ത, കലാവിദ്യാഭ്യാസത്തെയും പരിശീലനത്തെയും സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന കലാകാരനായിരുന്നു വിവാൻ.

Vivan Sundaram / Photo: Facebook Chemould Prescott Road

1992 ൽ ടെകസ്‌റ്റൈൽ ഡിസൈൻ പഠിക്കാൻ ബോംബെയിലെ സർ.ജെ.ജെ സകൂൾ ഓഫ് ആർട്സിൽ എത്തിയപ്പോഴാണ് വിവാനെക്കുറിച്ച് ആദ്യമായി ഞാൻ കേൾക്കുന്നത്. ഒരു കലാകാരനെന്ന നിലയിൽ തന്റെ ചുറ്റുപാടുമുള്ള പ്രശ്‌നങ്ങളോട് ഉറക്കെത്തന്നെ പ്രതികരിക്കുന്ന കലാകാരനായിരുന്നു വിവാൻ. ബാബറി മസ്ജിദ് ധ്വംസനത്തിനും 1993ലെ ബോംബെ കലാപത്തിനും ശേഷം നടന്ന കലാപ്രതിരോധ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ വിവാനുണ്ടായിരുന്നു.
വിയോജിപ്പുകളുടെ പ്രതിഫലനമായിരുന്നു വിവാന്റെ കല. അത് പേഴ്‌സണലും പൊളിറ്റിക്കലും ഇഴ ചേർന്നതായിരുന്നു.

ബോംബെ കലാപത്തിന് ശേഷം വിവാൻ, 'മെമ്മോറിയൽ' എന്ന പേരിൽ ഒരു ഇൻസ്റ്റലേഷൻ ചെയ്തു. കലാപങ്ങളുടെയും സ്ഫോടനപരമ്പരകളുടെയും ക്രൂരതകൾ അടയാളപ്പെടുത്തുന്ന നിർമിതികളും ഫോട്ടോഗ്രാഫുകളും മെറ്റൽ ട്രങ്ക്സുമെല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വാണിജ്യതലസ്ഥാനത്തെ തെരുവുകളിൽ മനസ്സാക്ഷിക്ക് നിരക്കാതെ നടന്ന കലാപത്തിന്റെ വേദനകൾ ഈ കലാസൃഷ്ടിയിലൂടെ അദ്ദേഹം തുറന്നുകാണിച്ചു.. ഇന്ത്യയിൽ ഇൻസ്റ്റാലേഷൻ ആർട്ടുകൾക്ക് തുടക്കം കുറിച്ച സമകാലിക കലാകാരൻമാരിൽ ഒരാളാണ് വിവാനെന്നത് വിസ്മരിക്കാനാവില്ല. 1992 ന് ശേഷമുള്ള ഇന്ത്യൻ കല മൾട്ടിമീഡിയ ആവിഷ്‌കാരങ്ങളെ പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ അതിന്റെ മുൻനിരയിൽ കൃത്യമായ രാഷ്ടീയ പ്രഖ്യാപനങ്ങളോടെ വിവാൻ ഉണ്ടായിരുന്നു. കലയിലേക്കുള്ള എന്റെ യാത്രയെ- പ്രത്യേകിച്ചും ഇൻസ്റ്റാലേഷൻ ആർട്ടിലേക്കും ആക്ടിവിസത്തിലേക്കുമുള്ള എന്റെ കടന്നുവരവിൽ വിവാന്റെ ഇത്തരം ഇടപെടലുകളെല്ലാം വല്ലാതെ സ്വാധീനിച്ചിരുന്നു.

'ബറോഡ ഗ്രൂപ്പിന്റെ' പിന്തുണക്കാരനായ അദ്ദേഹം, സമകാലിക ആഖ്യാനങ്ങൾക്കും ഫിഗറേറ്റീവ് ആർട്ടുകൾക്കും ഊന്നൽ നൽകിയുള്ള അധ്യാപനത്തിന്റെ ശക്തമായ വക്താവായിരുന്നു. ഇതിനുവേണ്ടിയാണ് 1976ൽ കസൗലി ആർട്ട് സെന്റർ സ്ഥാപിക്കുന്നതിന് അദ്ദേഹം മുൻകൈയ്യെടുത്തത്. അദ്ദേഹത്തിന്റെ വ്യവഹാരങ്ങളുൾപ്പെട്ടിരുന്ന ഈ ഇടത്ത് അവസാന കാലം വരെയും അദ്ദേഹമുണ്ടായിരുന്നു. ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും റെസിഡൻസ് പരിപാടികളിലുമെല്ലാം ആരോഗ്യം മോശമാകുന്നത് വരെയും വിവാൻ സജീവമായി ഇടപെട്ടു. റാഡിക്കൽ പെയിന്റേഴ്സും സ്‌കൾപ്റ്റേഴ്സും ഉൾപ്പെട്ട ഗ്രൂപ്പുകളോട് വിവാൻ സുന്ദരത്തിന് ദീർഘകാല ബന്ധമുണ്ടായിരുന്നു. റാഡിക്കൽ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രമുഖ കലാകാരൻമാരോടൊപ്പം ചേർന്ന് സെവൻ യംഗ് സ്‌കൾപ്പ്ച്ചേഴ്സ് എക്സിബിഷനും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. വിവാനുമായി ഇടപഴകാൻ ആഗ്രഹിക്കുന്നവർക്കെല്ലാം അദ്ദേഹം എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കുന്ന ഒരു കലാകാരനായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയകലാ രംഗത്ത് കലയിലൂടെ ഇടപെടാനും സംവാദങ്ങൾ നടത്താനും യുവകലാകാരൻമാരെ നിരന്തരം പോത്സാഹിപ്പിക്കുന്നതിലൂടെ,
വിവാൻ ഹൃദയത്തിൽ എന്നും ചെറുപ്പമായി തുടർന്നു.

സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റിന്റെ (SAHMAT) സഹസ്ഥാപകനായിരുന്നു അദ്ദേഹം. കലാസൃഷ്ടികളിലൂടെ രാഷ്ട്രീയമായി പ്രതികരിക്കാനും വിവിധ പരിപാടികളുടെ ഭാഗമാകാനും യുവതലമുറയിലെ എത്രയേ കലാകാരൻമാർ സഹ്മതിലേക്ക് ക്ഷണിക്കപ്പെട്ടു.

കൊച്ചി ബിനാലെയുടെ ആദ്യപതിപ്പ് സംഘടിപ്പിച്ചപ്പോൾ
തടസ്സങ്ങൾ മറികടക്കുന്നതിന് വിവാൻ നൽകിയ പിന്തുണയും വഹിച്ച പങ്കും വളരെ വലുതാണ്. കേവലം ഇടതുപക്ഷത്തോടുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല ഈ പിന്തുണകളെല്ലാം അദ്ദേഹം ചെയ്തത്. പകരം കലയുമായി, ആളുകൾക്ക് ഇടപഴകാനുള്ള അവസരമൊരുക്കുക എന്ന അദ്ദേഹത്തിന്റെ വാഞ്ഛയുടെ പ്രഖ്യാപനമായിരുന്നു അത്. കലാകാരമാർ ഒത്തുചേരുകയും സംഭാഷണങ്ങളിലും സംവാദങ്ങളിലും ഏർപ്പെടുകയും ചെയ്യുന്ന മികച്ച ഫോറങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹം എപ്പോഴും പരിശ്രമിച്ചിരുന്നു. 2005ൽ ഡൽഹിയിൽ ബിനാലെ നടത്താനായി അദ്ദേഹം നടത്തിയ ശ്രമങ്ങളെ എനിക്കിന്നും ഓർമ്മയുണ്ട്. ആ പദ്ധതി നടന്നില്ലെങ്കിലും കൊച്ചി ബിനാലെയിലൂടെ അദ്ദേഹം തന്റെ സ്വപ്നം പൂർത്തീകരിക്കുകയായിരുന്നു.

വിവാന്റെ സൈറ്റ് സ്‌പെസിഫിക്കായ പ്രോജക്റ്റായിരുന്നു 'ബ്ലാക്ക് ഗോൾഡ്. മെയ്ഡ് ഇൻ കൊച്ചി പ്രൊജക്റ്റിലെ ആദ്യ വർക്കുകളിലൊന്ന്. ഈ വർക്ക് കലയെയും കലാനിർമ്മാണത്തെയും സംബന്ധിച്ച ആളുകളുടെ ധാരണകളെത്തന്നെ അട്ടിമറിച്ചു. വീഡിയോ ഡിസ്‌പ്ലേയും ഉടഞ്ഞ മൺപാത്രങ്ങളുടെ വലിയ ശേഖരവും ഒരുമിച്ച് ചേർത്താണ് അദ്ദേഹം ഇൻസ്റ്റലേഷൻ ചെയ്തത്. കെ.സി.എച്ച്. ആറിൽ നിന്നായിരുന്നു മൺപാത്രങ്ങൾ. ഒരു റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ബിനാലെ ചെയ്ത ആ വർക്ക് അവിസ്മരണീയമായിരുന്നു. ഉത്ഖനനങ്ങളെ രൂപകമായി അടയാളപ്പെടുത്തിയ ഈ സൃഷ്ടി ഇന്നും ആദ്യ ബിനാലെ ഓർമ്മകളിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നു. ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യവും ആഘോഷിക്കുന്ന കലകളെ സൃഷ്ടിക്കുന്നതിനും അതുവഴി കലയുടെ ജൈവ പരിസരങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിനും ധാർമ്മികവും രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ നൽകി ഫൗണ്ടേഷനെ സഹായിച്ച പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റായിരുന്നു വിവാൻ. ഇന്ത്യയുടെ കലാമേഖലയിൽ നിരന്തരം മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. കൊച്ചി ബിനാലെയോടൊപ്പം സ്റ്റുഡന്റ് ബിനാലെയും സംഘടിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്റ്റുഡന്റ് ബിനാലെ പ്രൊജക്റ്റിനെ സഹായിക്കുന്നതിനായി അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന സംഘടനകളൊക്കെ മുന്നോട്ടു വന്നു. ഇന്ത്യൻ കലാ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതുവേഗം നൽകാൻ കൂടിയായിരുന്നു അത്.

ആഴത്തിൽത്തന്നെ സഖാവായിരുന്ന വിവാൻ, നെഹ്രുവിയൻ ആദർശങ്ങളുമായും ജനാധിപത്യ വ്യവസ്ഥകളുമായും ഇഷ്ടത്തിലായിരുന്നു. ഇടതുപക്ഷവുമായി വിവാനുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം, അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ധാരാളം സൃഹൃത്തുക്കളെ നൽകി. ഇ. എം.എസ് നമ്പൂതിരിപ്പാടിനെ പോലുള്ളവരുമായി ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന് ഈ കാലത്തെ അനവധി ഇടതുപക്ഷ നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. അതേസമയം, സ്വതന്ത്ര കലാകാരനെന്ന സത്യത്തോട് ചേർന്നുളള പൊളിറ്റിക്കൽ ഓട്ടോണമി കലയിൽ പിന്തുടരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Photo : Prashantpanjiar

ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു കാലഘട്ടത്തിലാണ് വിവാൻ നമ്മെ വിട്ടുപോയിരിക്കുന്നത്. വിവാൻ തുടർന്നുപോന്നിരുന്ന ആദർശങ്ങളെല്ലാം ഈ ഇരുണ്ട കാലത്ത് ആക്രമിക്കപ്പെടുകയാണ്. ജ്ഞാനാന്വേഷകരെ അപകീർത്തിപ്പെടുത്താനും വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തകർക്കാനും ശ്രമിക്കുന്ന ഇരുണ്ടയുഗത്തിലാണ് ഇന്ത്യയുള്ളത്.

വിദ്വേഷത്തെയും വെറുപ്പിനേയുമൊക്കെ പ്രതിരോധിക്കാൻ വിവാൻ സുന്ദരം ഉപയോഗിച്ച മാധ്യമത്തെത്തന്നെ അത്തരം പ്രതിലോമ ആശയങ്ങളുടെ പ്രചരണത്തിന് ആയുധമാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കാൻ കഴിയുക എന്നതാണ് നമുക്ക് അദ്ദേഹത്തിന് അർപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ ആദരവ്. വിവാൻ സുന്ദരത്തിന്റെ ജീവിതം തന്നെ കലയിലൂടെയുള്ള പ്രതിരോധമായിരുന്നു.

വിവാൻ സുന്ദരത്തെ നമ്മൾ മിസ്സ് ചെയ്യും, പക്ഷേ അദ്ദേഹം നടത്തിയ തുടർ പോരാട്ടങ്ങളുടെ ഓർമ നമുക്ക് കരുത്താവുക തന്നെ ചെയ്യും.


റിയാസ് കോമു

സർ ജെ. ജെ. സ്കൂൾ ഓഫ് ആർട്ടിൽനിന്നും പെയിന്റിങ്ങിൽ മാസ്റ്റർ ഡിഗ്രി. ഉരു ആർട്ട്‌ ഹാർബറിൻറെ സ്ഥാപകൻ. കൊച്ചി മുസിരിസ് ബിനാലെയ്ക്ക് രൂപം നൽകിയ സ്ഥാപകാംഗങ്ങളിലൊരാൾ. ലോകത്തിലെ പ്രധാന കലാകേന്ദ്രങ്ങളിലും പ്രദർശനങ്ങളിലും ചിത്രങ്ങളും ശില്പങ്ങളും ഇൻസ്റ്റലേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയ - സാംസ്‌കാരിക യാഥാർഥ്യങ്ങളിൽ ഇടപെട്ടുകൊണ്ടു പ്രവർത്തിക്കുന്ന മൾടിമീഡിയ ആർട്ടിസ്റ്റും ക്യൂറേറ്ററും കലാചിന്തകനും. ഇപ്പോൾ മുംബെയിൽ താമസിക്കുന്നു.

Comments