കുഞ്ഞാമൻ സാർ വലിച്ചെറിഞ്ഞ
ആ ബി ഗ്രേഡ് എം.ഫിൽ തീസിസാണ്
എന്റെ അധ്യാപക ജീവിതത്തിന്റെ മൂലധനം

‘ടിസ് കാമ്പസിൽ എന്നെ, സഹപ്രവർത്തകൻ എന്ന് എം. കുഞ്ഞാമൻ മറ്റൊരാൾക്ക് പരിചയപ്പെടുത്തിയപ്പോൾ, I am his student എന്ന് തിരുത്തിപ്പറയാൻ എനിക്കു കഴിഞ്ഞത് ആ ബി- ഗ്രേഡ് എം ഫിൽ തീസിസിന്റെ ബലത്തിലാണ്’- എം. കുഞ്ഞാമന്റെ വിദ്യാർഥി കൂടിയായിരുന്ന എസ്. മുഹമ്മദ് ഇർഷാദ് എഴുതുന്നു.

പ്രൊഫ. എം. കുഞ്ഞാമനെ ഇത്തരത്തിൽ അനുസ്മരിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സാറിന്റെ മരണമുണ്ടാക്കിയ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല. അനുസ്‌മരണങ്ങൾ വേദനയാണ്.

യൂണിവേഴ്സിറ്റിയിൽ നിന്ന് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക കോട്ടയിലാണ് 1999-ൽ കാര്യവട്ടം കാമ്പസിൽ എം.എക്ക് അഡ്മിഷൻ കിട്ടുന്നത്. അതിനുമുൻപ് ദൂരദർശനിൽ ഏഴുമണി വാർത്തകൾക്കുശേഷം നടക്കുന്ന ചർച്ചകളിൽ കുഞ്ഞാമൻ സാറിനെ കണ്ട പരിചയമുണ്ടായിരുന്നു. കാര്യവട്ടം കാമ്പസിൽ ഞാൻ ആദ്യം കാണുന്ന അധ്യാപകനും കുഞ്ഞാമൻ സാറായിരുന്നു.

ബിരുദത്തിന് 53 ശതമാനം മാത്രം മാർക്കുള്ള എനിക്ക് അന്ന് ബിരുദത്തിന് പഠിച്ച കൊല്ലം ഫാത്തിമ മാതാ കോളേജിൽ പോലും എം.എക്ക് അഡ്മിഷൻ കിട്ടിയില്ല, അതുകൊണ്ടുതന്നെ കാര്യവട്ടം കാമ്പസ് വലിയ നേട്ടങ്ങളിൽ ഒന്നായിരുന്നു. അഡ്മിഷനെടുക്കാൻ വന്ന ആദ്യ ദിവസം സാറിനെ കണ്ടത് ഇപ്പോഴും ഓർമയുണ്ട്. എന്റെ മാർക്ക് ലിസ്റ്റിലേക്കും എന്റെ മുഖത്തേക്കും സാർ ഒന്നുനോക്കി. ആ നോട്ടത്തിന്റെ കാരണം എനിക്ക് മനസിലായത് വർഷങ്ങൾക്കുശേഷമാണ്. പഠനത്തിൽ ഒന്നാമത്തെത്തുക എന്നത് പ്രധാനപ്പെട്ട ഒന്നാണ് എന്ന് സാർ തന്നെ പറഞ്ഞിട്ടുണ്ട്. ഒന്നാം റാങ്കുകാരി രണ്ടാം റാങ്കുകാരിക്ക് മുന്നിലാണ് എന്ന് സാർ പറഞ്ഞിട്ടുണ്ട്. ഇതിനെ വേണമെങ്കിൽ മെറിറ്റ് വാദികളുടെ വരണ്ട വാദമാണ് എന്നൊക്കെ വേണമെങ്കിൽ പറയാം. പക്ഷെ, പഠനത്തിൽ എഴുപ്പവഴികളില്ല എന്ന് ഞാനടക്കമുള്ള വിദ്യാർത്ഥികളെ നിരന്തരം ഓർമിപ്പിച്ച ഒരധ്യാപകനായിരുന്നു പ്രൊഫ. കുഞ്ഞാമൻ.

എം. കുഞ്ഞാമൻ

സാർ പ്രതീക്ഷിച്ചപോലെ നിലവാരമുള്ളതല്ല എന്ന കാരണം കൊണ്ട് എന്റെ എം.ഫിൽ തീസിസ് സാർ വലിച്ചെറിഞ്ഞിട്ടുണ്ട്. പിന്നീട് രാത്രി കൂട്ടുകാരൻ രാമസ്വാമിയാണ് സാറിന്റെ വീട്ടിൽ പോയി തീസിസ് ഒപ്പിട്ടുവാങ്ങിയത്. എനിക്ക് ആ തീസിസിന് ബി ഗ്രേഡാണ് കിട്ടിയത്. സാറിനോട് അന്നെനിക്ക് വലിയ ദേഷ്യം തോന്നിയിരുന്നു. പിന്നീട് അധ്യാപകനായപ്പോഴാണ് അന്ന് സാർ വലിച്ചെറിഞ്ഞ എം.ഫിൽ തീസിസാണ് എന്റെ അധ്യാപക ജീവിതത്തിന്റെ മൂലധനം എന്നുഞാൻ തിരിച്ചറിഞ്ഞത്.

സാർ പലപ്പോഴും പറയാറുള്ള ഒരു കാര്യം ask right questions എന്നാണ്. ഉത്തരമല്ല, പകരം ശരിയായ ചോദ്യം ചോദിക്കുക. പിന്നീടൊരിക്കൽ ടിസ് കാമ്പസിൽ എന്നെ, സഹപ്രവർത്തകൻ എന്ന് മറ്റൊരാൾക്ക് പരിചയപ്പെടുത്തിയപ്പോൾ, I am his student എന്ന് തിരുത്തിപ്പറയാൻ എനിക്കു കഴിഞ്ഞത് ആ ബി- ഗ്രേഡ് തീസിസിന്റെ ബലമാണ്.

നമ്മുടെ അധ്യാപകരുടെയും ചിന്തകരുടെയും ഒരു പൊതുസ്വാഭാവം എന്നത്, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ്. ആരും ചോദ്യം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നില്ല, താനാണ് ശരി എന്നതാണ് അവരുടെ പൊതുനിലപാട്. എന്നാൽ കുഞ്ഞാമൻ സാറിൽ ഞാൻ കണ്ട ഏറ്റവും വലിയ മേന്മ തന്നെ വിമർശിക്കുന്നവരോടുള്ള ബഹുമാനമാണ്. ക്ലാസ് മുറിയാലായാലും പൊതു വേദിയിലായാലും സാറിന്റെ നിലപാടിൽ മാറ്റമുണ്ടായിരുന്നില്ല. ഒരിക്കൽ കെ.കെ. കൊച്ച്, സാറിനെ വരട്ടുവാദിയായ മാർക്സിസ്റ്റ് എന്നും ദലിതന്റെ ദാരിദ്ര്യത്തെ അപഹസിക്കുന്നു എന്നും എഴുതി. ഈ ലേഖനം ഞാൻ സാറിന് അയച്ചുകൊടുത്തിരുന്നു. അതിന് സാർ പറഞ്ഞ മറുപടി, he is a scholar എന്നാണ്.

കെ.കെ. കൊച്ച്

പിന്നീടൊരിക്കൽ വരുൺ ഗാന്ധിയുടെ പുസ്തകം വായിച്ച് അതൊരു പാണ്ഡിത്യമുള്ള പുസ്തകമാണ് എന്ന സാറിന്റെ അഭിപ്രായത്തോട് എനിക്കുള്ള വിയോജിപ്പിനെ അംഗീകരിക്കുകയാണ് സാർ ചെയ്ത്. മാർക്സിനപ്പുറം എന്നെ വായിക്കാൻ പ്രേരിപ്പിച്ചത് തന്നെക്കാൾ പ്രായം കുറഞ്ഞ സുരേഷ് മാധവൻ എന്ന തന്റെ ടിസ്സിലെ സഹപ്രവർത്തകനാണ് എന്ന് തുറന്നു പറയുന്ന സാറിനെ ഞാൻ കേട്ടിട്ടുണ്ട്. I am thankful to Suresh എന്ന് എന്നോടുതന്നെ പറഞ്ഞിട്ടുമുണ്ട്. ഫുക്കോയെ വായിച്ചിട്ട് I could not complete it എന്ന് തുറന്നുപറയുന്ന കുഞ്ഞാമൻ സാറിൽ ഞാൻ കണ്ട സത്യസന്ധത നിർവചിക്കാനാകുന്നതിനും അപ്പുറമാണ്. കുഞ്ഞാമൻ സാറിനെ അങ്ങനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. എങ്ങനെ വായിക്കണം എന്നാണ് സാർ പഠിപ്പിച്ചത്. വായിക്കുന്ന പുസ്തകമായാലും ലേഖനമായാലും അതിനെ ചോദ്യം ചെയ്യുന്ന വായനയാണ് സാർ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ ഒന്നിനോടും വിധേയപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

മാർക്സിസ്റ്റ് വായനകൾ

മാർക്സിനെ ഇത്രയടുത്ത് വായിച്ച ഒരു ചിന്തകൻ കേരളത്തിലുണ്ടാകില്ല. അതുതന്നെയാണ് കുഞ്ഞാമനെ കേരളത്തിലെ സാമ്പ്രദായിക പാർട്ടി ബുദ്ധജീവികളുടെ ശത്രുവാക്കിയത്. കേവലം കമ്യൂണിസ്റ്റ് പാർട്ടികളുടെ നിത്യജീവിത നിലനിൽപ്പിൽ മാർക്സിസ്റ്റ് വായന ഇല്ലാത്തതു കൊണ്ടാണ് മാർക്സിന്റെ രചനകളുടെ പദാനുപദ തർജമക്കപ്പുറം ഇ.എം.എസ് അടക്കമുള്ളവർ കേരളത്തിൽ ഗൗരവമായ ഒരു മാർക്സിയൻ ചർച്ചക്കോ ചിന്തകൾക്കോ ഇടം നൽകിയില്ല എന്ന് കുഞ്ഞാമൻ അഭിപ്രായപ്പെട്ടത്. ഹെഗലിന്റെ തുടർച്ചയായാണ് കുഞ്ഞാമൻ സാറിന്റെ മാർക്സ് വായന. വർഗസമരത്തെക്കുറിച്ച് കേരളീയ സാഹചര്യത്തിൽ അദ്ദേഹത്തോളം വായിച്ച ഒരു ചിന്തകനുണ്ടാകില്ല. അതുകൊണ്ടാണ് ക്ലാവ് പിടിച്ച പാത്രത്തിൽ ദലിതന് കിട്ടിയ പാൽപ്പായസമാണ് മാർക്സിസം എന്നും, എന്നാൽ പത്രത്തിലെ അഴുക്കുകാരണം അവർക്കത് കുടിക്കാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞത്.

ഇ.എം.എസ്

സാ​മ്പ്രദായിക വർഗസമരത്തിനു പുറത്തുള്ള വിമോചന സമരങ്ങൾ വിശദീകരിക്കാനോ അത്തരം സമരങ്ങളെ ഉൾക്കൊള്ളാനോ മാർക്സിസത്തിന് കഴിയുന്നില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കറുത്തവരും, വെളുത്തവരും, ബ്രാഹ്മണരും, ദലിതരും ഒരു പോലെ വിമോചിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ ചിന്ത. കാരണം, വെളുത്തരും സവർണരും അനുഭവിക്കുന്ന സാമൂഹികാധികാരം ബൂർഷ്വാ മുതലാളിത്തം സംരക്ഷിക്കുന്നതിനാൽ, അവരുടെ പ്രശ്നം സാമ്പത്തിക സുരക്ഷ എന്നതുമാത്രമാണ് എന്ന് മനസിലാക്കിയ ചിന്തകനായിരുന്നു കുഞ്ഞാമൻ. സെഡ്രിക് റോബിൻസൺ എഴുതിയ ബ്ലാക്ക് മാർക്സിസം എന്നോട് വായിക്കണം എന്ന് പറഞ്ഞത് കുഞ്ഞാമൻ സാറാണ്. മാർക്സിനെ വായിച്ചുകൊണ്ടല്ല മാർക്സിസ്റ്റ് ആകേണ്ടത് എന്നദ്ദേഹം പറഞ്ഞു, പകരം മാർക്സിയൻ ചിന്തകൾ അടിച്ചമർത്തപ്പെട്ട ജനതയുടെ ചരിത്രബോധത്തിൽനിന്ന് രൂപപ്പെടേണ്ട വിമോചനാശയം കൂടിയാണ് എന്ന് അദ്ദേഹം കരുതി.

അജിത് എന്ന പേരിൽ കണ്ണമ്പള്ളി മുരളി എഴുതിയ ഭൂമി ജാതി ബന്ധനം എന്ന പുസ്തകം, അന്ന് മുരളി ഒളിവുജീവിതത്തിലായിരുന്നിട്ടും, പ്രകാശനം ചെയ്യാൻ കുഞ്ഞാമൻ സാർ തയാറായത്, ആ പുസ്തകം, ജാതി ഒരു ജനതയെ വികസനത്തിൽ നിന്ന് എങ്ങനെ പുറന്തള്ളി എന്ന് വിശദീകരിക്കുന്നതാണ് എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ്. അന്ന് കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ ബുദ്ധിജീവികളാരും ആ പുസ്തകം പ്രകാശനം ചെയ്യാൻ തയാറായില്ല. ഈ വിഷയം കേരളത്തിന്റെ വികസന പ്രതിസന്ധി എന്ന പുസ്തകത്തിൽ കുഞ്ഞാമൻ സാർ വ്യക്തമായി ചർച്ച ചെയ്യുന്നുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രധാന പ്രശ്നം കേരള മോഡൽ വികസനത്തിന്റെ വർഗ്ഗസ്വഭാവത്തെ കുറിച്ചാണ്. അതോടൊപ്പം, കേരള വികസന മാതൃകയുടെ ഗുണഭോക്താക്കൾ ആരൊക്കെയാണ് എന്നും. കേരള മോഡൽ വികസനത്തെ ആഘോഷിക്കുന്നവരാരും ഈ ചോദ്യം ചോദിച്ചിട്ടില്ല, അതുകൊണ്ടുതന്നെയാണ്, കുഞ്ഞാമൻ സാറിലെ മാർക്സിസ്റ്റ് ചിന്തയുടെ സ്വാധീനം കേരളത്തിലെ ഇടതുബുദ്ധിജീവികക്ക് മനസിലാക്കാൻ കഴിയാതെ പോയതും. മാർക്സിസ്റ്റ് വായന പോലെ തന്നെയാണ് ജാതിവ്യവസ്ഥയെയും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളെയും അദ്ദേഹം സമീപിച്ചത്.

ജാതിവിരുദ്ധ ചിന്തകൾ

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ അയ്യങ്കാളി മെമ്മോറിയൽ ലക്ചറിന് തുടക്കം കുറിച്ചത് കുഞ്ഞാമൻ സാറിന്റെ പ്രഭാഷണത്തോടെയാണ്. അന്ന് അദ്ദേഹം പറഞ്ഞത് ഇതാണ്: ചരിത്രരചനയുടെ ഉദ്ദേശ്യം അനുസരിച്ചാണ് ചരിത്രം നിർണയിക്കുന്നത്. ചരിത്രം എഴുതുന്നതിൽ വ്യത്യസ്ത രീതികളുണ്ട്. സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സമീപനമാകാം. ജഗ് ജീവൻ റാം ദലിതരുടെ ചരിത്രമെഴുതി, എന്നാൽ അംബേദ്കറെ അദ്ദേഹം പരാമർശിക്കുന്നില്ല. അയ്യങ്കാളിയുടെ ചരിത്രമെഴുതാൻ കേരളത്തിലെ പാർട്ടി ചരിത്രകാരർക്കും കരിയർ ചരിത്രകാരർക്കും കഴിഞ്ഞില്ല. കാരണം, കേരളത്തിലെ ചരിത്ര രചനാ രീതിയിൽ അവർക്ക് സവർണ ബോധത്തെ മറികടക്കാൻ കഴിഞ്ഞില്ല.

അയ്യൻകാളി

കൂടാതെ, അയ്യൻകാളിയുടെ ഓർമകളെ സജീവമാക്കി നിർത്തിയ എൻ.കെ. ജോസ് അടക്കമുള്ള ചരിത്രകാരർക്ക് അദ്ദേഹം നന്ദി പറഞ്ഞിരുന്നു. ജാതി എന്നാൽ ഉപരിഘടന മാത്രമാണ് എന്ന ഇടതുവീക്ഷണത്തെ അദ്ദേഹം ആ പ്രഭാഷണത്തിൽ വിമർശിച്ചു. ഉപരിഘടനയല്ല, പകരം ഘടന തന്നെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഇത്തരമൊരു വീക്ഷണം മുന്നോട്ടുവക്കാൻ അദ്ദേഹത്തിനുമാത്രമേ കഴിയൂ. ഇന്ത്യയിൽ ജാതിവിരുദ്ധ സമരങ്ങളോ മുന്നേറ്റങ്ങളോ ഇല്ല എന്നും പകരം ബ്രാഹ്മണ വിരുദ്ധ സമരങ്ങളേയുള്ളൂ എന്ന വീക്ഷണം ആ പരിപാടിയുടെ അദ്ധ്യക്ഷനായിരുന്നു, അബേദ്കറിസ്റ്റ് എന്നവകാശപ്പെടുന്ന വ്യക്തിക്കുപോലും ഉൾക്കൊള്ളാനായില്ല. ജാതിനിർമാർജനം എന്ന അബേദ്കർ സിദ്ധാന്തം ആഴത്തിൽ പഠിക്കാൻ കഴിഞ്ഞതുകൊണ്ടാണ് കുഞ്ഞാമൻ സാറിന് അങ്ങനെ അഭിപ്രായപ്പെടാനായതുതന്നെ.

ബി.ആർ. അംബേദ്കർ

ഓർമക്കുറിപ്പുകൾ ഒഴികെ സാറിന്റെ പുസ്തകങ്ങൾ കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടോ എന്നത് സംശയമാണ്. അദ്ദേഹത്തിന്റെ പ്രധാന രണ്ടു പുസ്തകങ്ങൾ കേരളത്തിന്റെ വികസനാസൂത്രണത്തെ കുറിച്ചും ആദിവാസി സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുമായിരുന്നു. ഇന്നും കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ സാമ്പത്തിക സംവിധത്തെ കുറിച്ചുള്ള പഠനങ്ങൾ കുറവാണ്. 1980-ൽ കേരള സർക്കാർ നടത്തിയ ഒരു സർവേയെ അടിസ്ഥാനപ്പെടുത്തിയാണ് ആ പുസ്തകം തയ്യാറാക്കിയത്. സാറിന്റെ ഇംഗ്ലീഷ് ലേഖനങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കാൻ ശ്രമിച്ചെങ്കിലും, ലേഖനങ്ങൾ തിരുത്തിയെഴുതണം എന്ന പ്രസാധകരുടെ ആവശ്യത്തോട് സാർ പ്രതികരിക്കാത്തതുകൊണ്ട്, അത് ഉപേക്ഷിക്കേണ്ടിവന്നു.

എന്റെ അക്കാദമി ജീവിതത്തിൽ കടപ്പാടുള്ള ചുരുക്കം ചില അധ്യാപകരിൽ ഒരാളാണ് എം. കുഞ്ഞാമൻ. എന്റെ കാഴ്ചപ്പാടുകളെയും വായനയെയും ചിന്തയെയും എഴുത്തിനെയും ഇത്ര സ്വാധീനിച്ച മറ്റൊരാളില്ല. സാറിനെ മറക്കാതിരിക്കാനും നിരന്തരം ഓർമിക്കാനും ഒരുപാട് അനുഭവങ്ങളുണ്ട് എന്നതുമാത്രമാണ് ഇനി ബാക്കിയുള്ളത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Comments