‘നാദിറ ആത്മഹത്യ ചെയ്യേണ്ടത് പള്ളിക്കുളത്തിൽ ചാടിയാകണമെന്ന് എനിക്ക് നിർബന്ധമുണ്ട്’, സാറാ അബൂബക്കർ എന്ന സമരകഥ

കാസർകോട്ടുകാരിയായിരുന്നിട്ടും കാസർകോടിന് തന്നെ വേണ്ടല്ലോ എന്ന സങ്കടം സാറ പലപ്പോഴും പലരോടും പങ്കു വെച്ചിരുന്നു. പ്രിയ എഴുത്തുകാരി നിങ്ങൾ ഉഴുതുമറിച്ച ഭൂമിയിലാണ് ഇപ്പോൾ പ്രതീക്ഷയുടെ പച്ചപ്പ് കാണുന്നത്. നിങ്ങൾ വെട്ടിത്തെളിച്ച വഴിയിലൂടെ എത്രയെത്ര കുഞ്ഞുസാറമാർ പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു. നിങ്ങളെ ഓർത്തില്ലെങ്കിൽ പിന്നെയാരെയാണ് കാലം ഓർത്തുവെക്കുക.

നാദിറക്ക് തൂങ്ങിമരിക്കാമായിരുന്നു. കൈഞരമ്പു മുറിച്ച് രക്തം വാർന്ന് മരിക്കാമായിരുന്നു. വിഷം കഴിച്ചോ, തീ കൊളുത്തിയോ, ഉറക്കഗുളികകൾ കഴിച്ചോ മരിക്കാമായിരുന്നു. പക്ഷേ എന്റെ നാദിറ ആത്മഹത്യ ചെയ്യേണ്ടത് പള്ളിക്കുളത്തിൽ ചാടിയാകണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് ഒരു സമരമാണ്. കേവലം മരണം മാത്രമല്ല.

സാറാ അബൂബക്കറിന്റെ ചന്ദ്രഗിരിയ തീരദല്ലി എന്ന കന്നട നോവലിന്റെ മലയാള പരിഭാഷ ഒരു വാരികയിൽ ഖണ്ഡശ്ശഃയായി പ്രസിദ്ധീകരിക്കുന്ന കാലം. 1980 നും 85നും ഇടയിലുള്ള കാലമായിരിക്കാം. മൊഴിമാറ്റ കലയുടെ പെരുന്തച്ചൻ സി. രാഘവനാണ് മലയാളത്തിലേക്ക് ചന്ദ്രഗിരിയ തീരദല്ലിയെ കൂട്ടിവന്നത്.

സാറാ അബൂബക്കർ

ഒരിക്കൽ മൊഴി ചൊല്ലിയ ഭാര്യയെ മാനസാന്തരപ്പെട്ട് ഭർത്താവ് വീണ്ടും കല്ല്യാണം കഴിക്കാൻ തയാറാവുമ്പോൾ അത് പാടില്ലെന്നും രണ്ടാമതൊരാൾ നിക്കാഹ് ചെയ്ത് ഒരു രാത്രി അയാളുടെ കൂടെ കിടന്നാൽ മാത്രമേ അനുവദനീയമാകൂ എന്നും മതമേധാവികൾ തീർപ്പുകല്പിക്കുമ്പോൾ തളർന്നുപോകുന്ന സ്ത്രീത്വത്തെ നോവലിൽ വരച്ചുകാട്ടുന്നു. നോവലിൽ നായിക നാദിറ പളളിക്കുളത്തിൽ ചാടി മരിക്കുന്നു. പക്ഷേ കാസർകോട്ടുനിന്ന്​ അന്നു പ്രസിദ്ധീകരിച്ച വാരികയിൽ വന്നത് നാദിറ ചന്ദ്രഗിരിപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തു എന്നായിരുന്നു.

നോവൽ വായിച്ച സാറാ അബൂബക്കർ പത്രാധിപരെ വിളിച്ചറിയിച്ചു. ഇനി നോവൽ തുടരേണ്ടതില്ല. നിർത്തിവെയ്ക്കുക.

അന്ന് സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ മൗനം സി. രാഘവനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി. സാറയുടെയും രാഘവന്റെയും സൗഹൃദം മുറിഞ്ഞില്ല. കാരണം, സാറയ്ക്ക് അറിയാമായിരുന്നു, രാഘവൻ മാഷായിരുന്നില്ല നാദിറയെ പുഴയിൽ മുക്കി കൊന്നതെന്ന്. അച്ചടി മഷി പുരളുംമുമ്പ് മറ്റാരോ അതിൽ കൈകടത്തിയിരിക്കുന്നു.
നോവൽ പാതിയിൽ നിർത്തിയതിനെക്കുറിച്ച് വിളിച്ചുചോദിച്ചവരോട് സാറ പറഞ്ഞു: നാദിറയുടേത് മരണമല്ല, സമരമാണ്. സി. രാഘവൻ ആ നോവൽ തർജ്ജമ പൂർത്തിയാക്കിയിരുന്നെങ്കിലും ആരും പുസ്തക രൂപത്തിലാക്കിയില്ല.

കർണാടക, കാസർകോട് ഗഡിനാട്ടിലെ മുസ്‍ലിം സ്ത്രീകളുടെ ജീവിതമായിരുന്നു സാറാ അബൂബക്കറിന്റെ മിക്ക രചനകളിലും കഥാപാത്രങ്ങളായി വന്നത്. സമുദായത്തിലെ അനീതിക്കും അസമത്വത്തിനുമെതിരേ സാറയുടെ കഥാപാത്രങ്ങൾ കലഹിച്ചു.

എഴുത്തിനേക്കാൾ ശക്തമായ ആയുധം വേറെയില്ലെന്ന് തിരിച്ചറിയുകയും അതുവഴി അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ആയിരം നാവായി ഒരു സമൂഹത്തെയാകെ മാറ്റിമറിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയപുത്രിയും കന്നടയുടെ മരുമകളുമാണ് സാറാ അബൂബക്കർ. പുണ്യമായി കാണുന്ന മതഗ്രന്ഥങ്ങളെ അന്ധമായ മനസ്സുമായി അപഗ്രഥനം ചെയ്ത് അതിലെ നന്മയെ മൂടിവെച്ചും ആൺമേൽക്കോയ്മക്കും ആണധികാരത്തിനും വേണ്ടി മാറ്റിമറിച്ചും സമുദായം അടക്കിവാണ പ്രമാണിമാർക്കുനേരെയാണ് സാറാ അബൂബക്കറിന്റെ ഓരോ സ്ത്രീകഥാപാത്രങ്ങളും വിരൽ ചൂണ്ടിയത്. പക്ഷേ എന്തുകൊണ്ടോ സാറാ അബൂബക്കറെന്ന മകളെ മലയാളം ചേർത്തുപിടിച്ചില്ല. മകളെപ്പോലെ കന്നട ഒപ്പം നിർത്തി.

ആടും ആട്ടിൻകൂടും കുച്ചിൽപുറമെന്ന അടുക്കളയുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന മുസ്‍ലിം പെൺകുട്ടികളെ വീടിന്റെ പൂമുഖം വഴി തന്നെ ഇറക്കിക്കൊണ്ടുവന്ന് പാഠശാലയിലെത്തിക്കുകയും അതുവഴി വിപ്ലവത്തിന് തിരികൊളുത്തുകയും ചെയ്ത മഹാരഥന്മാരുടെ നാടാണ് കാസർകോട്. പക്ഷേ ചുരുക്കം ചിലർ മാത്രമേ അക്കാലങ്ങളെ സ്വർണശോഭയോടെ ഓർത്തെടുക്കുന്നുള്ളു. എന്തുകൊണ്ടോ ബഹുഭൂരിഭാഗം അത്തരം മഹാന്മാരെ ഇപ്പോഴും ഇരുട്ടത്തു നിർത്തുകയാണ്. മഹാകവി ടി. ഉബൈദിന്റെ 50-ാം ചരമവർഷം വലിയതോതിൽ കൊണ്ടാടാതെ പോകുന്നതിന്റെ സങ്കടം നേർക്കാഴ്ചയായി മുന്നിലുള്ളപ്പോൾ അങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് പറയുക.

സാറ അബൂബക്കർ റാണി അബ്ബാക്ക അവാർഡ് സ്വീകരിക്കുന്നു /Photo: UT Khader, Twitter

കാസർകോട് ഫോർട്ട് റോഡ് തെരുവത്ത് കുന്നിൽ പുതിയ പുരയിൽ പി. അഹമ്മദിന്റെയും സൈനബിയുടെയും ആറുമക്കളിൽ ഏക പെൺതരിയായിരുന്നു സാറ. ഉമ്മ സൈനബിയോട് അയൽക്കാരികൾ വന്നുപറയുന്ന സങ്കടങ്ങളൊക്കെ മടിയിലിരുന്ന് കുഞ്ഞ് സാറ കേൾക്കുമായിരുന്നു. തന്റെ എഴുത്തിൽ കഥാപാത്രമായവരിൽ ഭൂരിഭാഗവും അങ്ങനെയുള്ള പാവം സ്ത്രീകളായിരുന്നുവെന്ന് സാറ പിന്നീട് പറഞ്ഞിട്ടുണ്ട്.

അഭിഭാഷകനായ പിതാവ് പി. അഹമ്മദിന് സാറയെ പഠിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. സാറക്ക് പഠിക്കണമെന്ന മോഹവും. മുസ്‍ലിം പെൺകുട്ടികൾക്ക് നാലാംക്ലാസ് വരെ പഠിപ്പും അതുകഴിഞ്ഞാൽ കെട്ടിച്ചുവിടലുമാണ് സമുദായ രീതി. ചെമനാട് സ്‌കൂളിലാണ് നാലാം ക്ലാസ് വരെ പഠിച്ചത്. മലയാളത്തിലായിരുന്നു പഠനം. തുടർപഠനം കാസർകോട് ബി.ഇ.എം.(ബേസൽ ഇവാഞ്ചലിക് മിഷൻ) സ്‌കൂളിൽ. അത് കന്നടയിൽ. അഞ്ചാംക്ലാസിന് ശേഷം പഠിക്കുന്ന ഏക മുസ്‍ലിം പെൺകുട്ടിയായി സാറ. 1953 ൽ അന്നത്തെ 11-ാം ക്ലാസായ മെട്രിക്കുലേഷൻ പാസായി. മെട്രിക്കുലേഷൻ പാസാകുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുസ്‍ലിം പെൺകുട്ടി. മലയാളവും കന്നടയും കൊങ്കിണിയും പഠിച്ചു. ലൈബ്രറിയിലെ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടി. തുടർപഠനം ആഗ്രഹിച്ചെങ്കിലും നടന്നില്ല. മംഗലാപുരം സെന്റ് ആഗ്നസ് കോളേജിൽ മാത്രമാണ് അന്ന് തുടർ പഠനത്തിനുള്ള സൗകര്യമുണ്ടായിരുന്നത്. യാത്രാ സൗകര്യം ഇന്നത്തെപ്പോലെ അന്നില്ലല്ലോ. പഠനം നിന്നു.

കർണാടകയിലെ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന മംഗലാപുരം ലാൽബാഗിലെ അബൂബക്കറിന്റെ ജീവിത സഖിയായതോടെ അങ്ങോട്ട് പറിച്ചുനടപ്പെട്ടു. വിവാഹശേഷം അബൂബക്കറിന് ബംഗളൂരുവിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ സാറയും കൂടെ പോയി. ബംഗളൂരിലെത്തിയ ആദ്യനാളിൽ സാറയെയും കൂട്ടി അബൂബക്കർ മാർക്കറ്റിൽ പോയി. പ്രിയപ്പെട്ടതെന്തും വാങ്ങിക്കോളൂ എന്ന് പറഞ്ഞ അബൂബക്കറിനോട് ലൈബ്രറിയിലേക്കുള്ള വഴിയേതെന്നായിരുന്നു സാറ ചോദിച്ചത്. തരാതരം പുത്തൻ വസ്ത്രങ്ങളോ, ആഭരണങ്ങളോ സാറ ആഗ്രഹിച്ചിരുന്നില്ല. കുറച്ചു പുസ്തകങ്ങളെടുത്തു. അന്ന് വഴിയോരത്തെ ബുക്ക്സ്റ്റാളിൽ തൂക്കിയിട്ടിരുന്ന ലങ്കേഷ് പത്രികെ കൗതുകം തോന്നി വാങ്ങി. ആ ലങ്കേഷ് പത്രികെയാണ് തന്റെ എഴുത്ത് ജീവിതം മാറ്റി മറിച്ചതെന്ന് പലഘട്ടങ്ങളിലും സാറ പറഞ്ഞിട്ടുണ്ട്. ലങ്കേഷ് പത്രികെ വായിച്ച ശേഷമാണ് എഴുതണമെന്ന് തോന്നിയത്. 1981 ൽ അതേ വാരികയിൽ മതസൗഹാർദ്ദത്തെക്കുറിച്ച് കുറിപ്പെഴുതി സാറ എഴുത്തുജീവിതം തുടങ്ങി. കവിയും എഴുത്തുകാരനുമായ പി. ലങ്കേഷ് തുടങ്ങിയ വാരികയാണ്. ഒരു പരസ്യം പോലും വാങ്ങാതെ, ആരുടെയും ചൊൽപ്പടിക്കു നിൽക്കാതെ സത്യം തുറന്നുപറയാൻ ധൈര്യം കാട്ടിയ പത്രാധിപർ. അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെയും ദളിതന്റെയും ഉന്നമനമായിരുന്നു ലക്ഷ്യം. നാലും അഞ്ചും ലക്ഷം കോപ്പികളായിരുന്നു അക്കാലത്ത് വിറ്റു തീർന്നത്. ലങ്കേഷ് എഴുതാൻ പ്രചോദനം നൽകിയിരുന്നുവെന്ന് സാറ തന്നെ പറഞ്ഞിട്ടുണ്ട്. ചന്ദ്രഗിരിയ തീരദല്ലി എന്ന നോവൽ ആദ്യം പ്രസിദ്ധീകരിച്ചത് ലങ്കേഷ് പത്രികെയിലായിരുന്നു. ഓരോ അധ്യായവും അച്ചടിച്ചുവരുമ്പോൾ സാറയ്ക്കും ലങ്കേഷിനും മതമൗലികവാദികളിൽ നിന്നും ഭീഷണി ഉയർന്നുകൊണ്ടേയിരുന്നു. മതമൗലികവാദികളുടെ പ്രസിദ്ധീകരണങ്ങളിൽ സാറയെ തേജവധം ചെയ്ത് എഴുതി. അതിനെതിരെ നൽകിയ മാനനഷ്ട കേസിൽ അനുകൂലമായി വിധി നേടി. 1985 -ൽ കർണാടക പുത്തൂരിൽ നടന്ന സാഹിത്യ സമ്മേളനത്തിൽ വെച്ച് സാറയെ മതതീവ്രവാദികൾ അക്രമിച്ചു.

ഗൗരി ലങ്കേഷ്‌

പക്ഷേ സാറ കുലുങ്ങിയില്ല. സാറയും പത്രാധിപർ ലങ്കേഷും മകൾ ഗൗരി ലങ്കേഷും കാണിച്ച ധീരമായ നിലപാടുകൾ വിജയം കണ്ടു. സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലം ഒട്ടൊക്കെ ഉഴുതുമറിക്കപ്പെട്ടു. ഹിന്ദുഭീകരർ 2017 ൽ വെടിവെച്ചു കൊല്ലുംവരെ ഗൗരി ലങ്കേഷും സാറയും ആത്മബന്ധം തുടർന്നു. വെടിയുണ്ടയെപ്പോലും ഭയക്കാത്ത അച്ഛനും മകളുമായുളള സൗഹൃദം. സാറയ്ക്ക് എങ്ങനെ എഴുതാതിരിക്കാനാവും അല്ലേ.

ഗൗരി ലങ്കേഷിനെ കൊന്നതറിഞ്ഞ ഉടൻ സാറ എഴുതി: ശബ്ദിക്കുന്നവരെ ആർക്കാണ് പേടിയെന്ന്. സാറയുടെ എഴുത്ത് വെടിയുണ്ടയെക്കാൾ ശക്തമായിരുന്നു. സ്വന്തം സമുദായത്തിന്റെ അനീതികൾക്കെതിരെ പൊരുതി വളർന്ന സാറ ഹിന്ദു വർഗീതക്കെതിരെയും നിലകൊണ്ടു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് മുൻ ഡി.ജി.പി. ആർ.ബി. ശ്രീകുമാർ എഴുതിയ ഗുജറാത്ത്: ബിഹൈൻഡ് ദി കർട്ടൺ എന്ന പുസ്തകം കന്നടയിലേക്ക് മൊഴിമാറ്റിയത് സാറയായിരുന്നു.

മുസ്​ലിം യുവതി കേന്ദ്രകഥാപാത്രമായുള്ള വ്രജഗലു എന്ന നോവൽ സാര വജ്ര എന്ന പേരിൽ സിനിമയായിട്ടുണ്ട്. ചന്ദ്രഗിരിയ തീരദല്ലി എന്ന നോവൽ സിനിമയാക്കണമെന്ന ആഗ്രഹവുമായി കോഴിക്കോട്ടെ സിനിമാപ്രവർത്തകർ സാറയെ സമീപിച്ചിരുന്നു. ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് അതേ നോവൽ മോഷ്ടിച്ച് ബ്യാരി എന്ന സിനിമ ബഹുഭാഷയിൽ ഇറങ്ങുന്നത്. 2011 ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ബ്യാരിക്ക് പുരസ്‌കാരം ലഭിച്ചു. തമിഴിലും അവാർഡ് കിട്ടി. പകർപ്പവകാശ നിയമപ്രകാരം സാറ കേസ് ഫയൽ ചെയ്തു. വിധി അനുകൂലമായി. എന്നാൽ പിന്നീടും താൻ വഞ്ചിക്കപ്പെട്ടുവെന്ന് കാസർകോട്ടെ ചില സുഹൃത്തുക്കളോട് സാറ പറഞ്ഞിരുന്നുവത്രെ.

ചന്ദ്രഗിരിയ തീരദല്ലി (1981), സഹന (1985), വജ്രഗളു (1988), കദന വിറാമ (1991), സുളിയല്ല സിക്കവരു (1994), തല ഒഡേഡ ധോനിയല്ലി (1997), പഞ്ചറ (2004) എന്നിവയാണ് അവരുടെ നോവലുകൾ. ചപ്പാലിഗളു, പായന, അർധരാത്രിയല്ല ഹുട്ടിട കൂസു, കെദ്ദാ-സമയ, ഗണസാക്ഷി എന്നിവ ചെറുകഥകൾ.
ഹോട്ടു കാന്തുവ മുന്ന ആത്മകഥയാണ്. ഖദീജ മുംതാസിന്റെ ബർസ, ബി.എം. സുഹ്‌റയുടെ ബലി, കമലദാസിന്റെ മനോമി, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ എന്നീ കൃതികൾ കന്നഡയിലേക്ക് മൊഴി മാറ്റി. കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരം, അനുപമ നിരഞ്ജന അവാർഡ്, ഭാഷാ ഭാരതി സമ്മാൻ എന്നവി നേടി. മംഗ്ലൂരു യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

കർണ്ണാടകയിലാണ് താമസമെങ്കിലും കാസർകോട് വിളിച്ചപ്പോഴോക്കെ അവർ ഇവിടേക്ക് ഓടിയെത്തിയിരുന്നു. സഫിയ സമര കാലത്ത് കെ.എസ്.ആർ.ടി.സി. ബസിലാണ് സമരപ്പന്തലിലെത്തിയത്. എൻഡോസൾഫാൻ സമരമുഖത്തെത്തിയതും അങ്ങനെത്തന്നെ.
കാസർകോട്ടുകാരിയായിരുന്നിട്ടും കാസർകോടിന് തന്നെ വേണ്ടല്ലോ എന്ന സങ്കടം സാറ പലപ്പോഴും പലരോടും പങ്കു വെച്ചിരുന്നു. പ്രിയ എഴുത്തുകാരി നിങ്ങൾ ഉഴുതുമറിച്ച ഭൂമിയിലാണ് ഇപ്പോൾ പ്രതീക്ഷയുടെ പച്ചപ്പ് കാണുന്നത്. നിങ്ങൾ വെട്ടിത്തെളിച്ച വഴിയിലൂടെ എത്രയെത്ര കുഞ്ഞുസാറമാർ പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു. നിങ്ങളെ ഓർത്തില്ലെങ്കിൽ പിന്നെയാരെയാണ് കാലം ഓർത്തുവെക്കുക.

Comments