ഷെഹനായിക്ക് ബിസ്മില്ലാഖാനെ പോലെയും സന്തൂറിന് പണ്ഡിറ്റ് ശിവകുമാർ ശർമ്മയെയും പോലെയുമാണ് സാരംഗിക്ക് പണ്ഡിറ്റ് രാം നാരായൺ. ഹാർമോണിയത്തിന്റെ വരവോടെ സാരംഗി സംഗീത രംഗത്ത് നിന്ന് അപ്രത്യക്ഷമാവും എന്ന് തോന്നിച്ച ഘട്ടത്തിൽ പണ്ഡിറ്റ് രാം നാരായണൻ ആണ് സാരംഗിയുടെ പ്രതാപം വീണ്ടെടുക്കാൻ സഹായിച്ചത്. ദേശീയമായും അന്തർദേശീയമായും ഈ ഉപകരണത്തെ നിലനിർത്താൻ തുണയായത് അദ്ദേഹം നടത്തിയ ശ്രമങ്ങളാണ്.
1927ൽ രാജസ്ഥാനിലെ ഉദയ്‌പൂരിനടുത്തുള്ള അംബർ ഗ്രാമത്തിൽ ഒരു സംഗീത കുടുംബത്തിലാണ് രാംനാരായൺ ജനിച്ചത്. റാണ പ്രതാപിന്റെയും മീരാഭായിയുടെയും നാട്. രാം നാരായണിന് അഞ്ചു വയസ്സുള്ളയപ്പോൾ പൊട്ടി കിടന്ന ഒരു സാരംഗി ഒരു മരക്കമ്പ് ഉപയോഗിച്ച് വായിക്കാൻ ശ്രമിക്കുന്നത് അച്ഛന്റെ ശ്രദ്ധയിൽ പെട്ടു. ദിൽരുബ, എസ്രാജ് എന്നിവ വായിച്ചിരുന്ന അച്ഛൻ അവനെ സാരംഗി പഠിപ്പിക്കാൻ തുടങ്ങി. അവിടെ, ഭാവിയിലേക്കുള്ള ഒരു സാരംഗി വടവൃക്ഷത്തിന്റെ വിത്തുകൾ പാകുകയായിരുന്നു താൻ എന്ന് അദ്ദേഹം അന്ന് അറിഞ്ഞിരുന്നില്ല. അവൻ സാരംഗി അതിവേഗം പഠിച്ചെടുത്തു. കൂടുതൽ പഠിക്കാൻ ഉദയ്പൂരിൽ നല്ല സാരംഗി വാദകരെ അന്വേഷിച്ചു. സാരംഗി വാദകർ കുറെ ഉണ്ടായിരുന്നെകിലും യോജിച്ച ഒരു ഗുരുവിനെ കണ്ടെത്താനായില്ല. അങ്ങനെയാണ് മൈഹാറിലെ മാധവ് പ്രസാദിന്റെ അടുത്തെത്തുന്നത്. അദ്ദേഹത്തിന്റെ കീഴിലാണ് രാം നാരായണന്റെ കഴിവുകൾ വികസിച്ചത്.
ഉസ്താദ് വഹീദ് ഖാന്റെ അടുത്തെത്തുമ്പോഴേക്കും രാം നാരായണിന്റെ സാരംഗി കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. സാരംഗിയുടെ കടൽ താണ്ടാൻ രാം നാരായണനെ പ്രാപ്തനാക്കിയത് കിരാന ഖരാനയിലെ ഈ ഇതിഹാസ സംഗീതകാരനാണ്. അറിയപ്പെടാത്ത സാരംഗിയുടെ വൻകരകൾ അദ്ദേഹം രാം നാരായണന് കാട്ടിക്കൊടുത്തു. ഒരു അകമ്പടി ഉപകരണം എന്ന നിലയിൽ നിന്ന് ഏകവാദ്യം എന്ന നിലയിലേക്ക് സാരംഗിയെ അവതരിപ്പിക്കാനുള്ള ഊർജവും ആത്മവിശ്വാസവും അത് രാം നാരായണന് നേടിക്കൊടുക്കുകയും ചെയ്തു.
പന്ത്രണ്ടാം വയസ്സിൽ തന്നെ ഉദയ്പൂരിലെ കുട്ടികളെ സംഗീതം പഠിപ്പിക്കാൻ അവസരം കൈവന്നിരുന്നു രാം നാരായണന്. സ്കൂൾ പഠനം അവസാനിപ്പിച്ച അദ്ദേഹം അതൊരു അംഗീകാരമായിട്ടാണ് കണ്ടത്. പക്ഷെ ഗുരുവിന് അതിനോട് യോജിപ്പില്ലായിരുന്നു. അത്, ശിഷ്യന്റെ തുടർന്നുള്ള വളർച്ചക്ക് തടസ്സമാവും എന്ന് ഗുരു മനസിലാക്കി. ഗുരുവിന്റെ ഉപദേശത്തെ തുടർന്ന് രാം നാരായൺ ഉടൻ തന്നെ തീരുമാനം പിൻവലിക്കുകയും ചെയ്തു.
പതിനേഴാം വയസ്സിൽ ലാഹോറിലെ ആകാശവാണി നിലയത്തിൽ അദ്ദേഹത്തിന് ജോലി കിട്ടി. അക്കാലത്ത് വലിയ കലാകാരന്മാരുടെ ഒരു സംഘം അവിടെ ഉണ്ടായിരുന്നു. അവരിൽ നിന്നു കുറെ കാര്യങ്ങൾ കൈമാറാനും പലപല ഘരാന ശൈലികൾ മനസ്സിലാക്കാനും കഴിഞ്ഞു. ഈ കാലയളവിൽ അദ്ദേഹം കിരാന ഘരാനയിലെ പ്രമുഖൻ അബ്ദുൽ വഹീദ് ഖാന്റെ അടുത്ത് നിന്ന് പഠിച്ചിരുന്നു. ഓംകാർനാഥ് താക്കൂർ, പണ്ഡിറ്റ് കൃഷ്ണ റാവു, ശങ്കർ പണ്ഡിറ്റ് തുടങ്ങി മികച്ച സംഗീതജ്ഞരോടൊപ്പം ഒരു സാരംഗി വാദകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇവിടെ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു സമ്പന്ന അനുഭവമായിരുന്നു. ഈ കാലയളവിലുടനീളം അദ്ദേഹം കൂടുതൽ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തു. ഒരു സംഗീതജ്ഞനെന്ന നിലയിൽ തന്റെ പങ്ക് പരിമിതമാണെന്ന് അദ്ദേഹത്തിന് തോന്നി. വളരണമെങ്കിൽ പുതിയ സാധ്യതകൾ ആരായേണ്ടത് അത്യാവശ്യമാണ് എന്ന് തിരിച്ചറിഞ്ഞു. സോളോ കച്ചേരി പദവിക്ക് സാരംഗി തികച്ചും അർഹമാണെന്ന് രാം നാരായണിന് തോന്നി.
വിഭജനം മറ്റ് പലരെയും പോലെ രാം നാരായണന്റെ ജീവിതത്തെയും തകിടം മറിച്ചു. രാം നാരായൺ അവിടം വിടാൻ നിർബന്ധിതനായി. ലാഹോർ മധുരമായ ഒരോർമ്മ മാത്രമായി. വിഭജനത്തിനു ശേഷം ഇന്ത്യയിലെത്തിയ അദ്ദേഹം ഓംകാർനാഥ് താക്കൂർ, ബഡെ ഗുലാം അലി ഖാൻ, ഹിരാബായ് ബാദോദേക്കർ തുടങ്ങിയ സംഗീതജ്ഞരോടൊപ്പം സാരംഗി വായിക്കാൻ തുടങ്ങി. ലാഹോറിൽ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് അവസരങ്ങളുടെ നഗരമായ മുംബയിലേക്കും. രാം ചാന്ദ് ബോറൽ, നൗഷാദ് അലി, സലിൽ ചൌധുരി, മദൻ മോഹൻ, .ഒ.പി നയ്യാർ, ശങ്കർ ജയ്കിഷൻ റോഷൻ എന്നിങ്ങനെ നിരവധി സംഗീത സംവിധായകർക്ക് വേണ്ടി വായിച്ചു. രാം നാരായൺ എന്ന സാരംഗി വാദകനെ മുംബൈ തിരിച്ചറിയാൻ തുടങ്ങിയ ദിവസങ്ങളായിരുന്നു അത്. സിനിമാ സംഗീതം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. അതിനുമപ്പുറം പോകണമെന്നായിരുന്നു.
വലിയ സംഗീതജ്ഞരുടെ പാട്ടുകളെ രാം നാരായണന്റെ വായന ധന്യമാക്കി. മുംബൈയിൽ തിരക്കേറിയ റെക്കോർഡിങിനിടയിലും ഗൗരവതരമായി സാധകം തുടർന്നു. വേദിയിൽ ഒരു അകമ്പടി ഉപകരണം മാത്രമായി അവഗണിക്കപ്പെട്ട സാരംഗിയെ ഏകവാദ്യമായി വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനു വേണ്ടിയുള്ള ചിട്ടയായ സാധകത്തിന്റെ ദിനങ്ങളായി പിന്നീട്.
സംഗീത പരിപാടികളിൽ സാരംഗിക്ക് കിട്ടുന്ന വിലകുറഞ്ഞ പരിഗണനയിൽ നിരാശനായി അദ്ദേഹം സാരംഗി എന്ന ഉപകരണത്തിലും വാദന രീതിയിലും ചില മാറ്റങ്ങൾ വരുത്തി.
പിന്നീട് സോളോ കച്ചേരികൾ ചെയ്യാൻ തീരുമാനിച്ചു. സോളോ വായനക്ക് ആദ്യം വലിയ സ്വീകാര്യത കിട്ടിയില്ലെങ്കിലും ക്രമണേ ജനങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി. രാഗ വിസ്താരം നടത്താൻ പറ്റിയ ഒരു ഉപകരണമാണ് സാരംഗി എന്ന് അദ്ദേഹം തെളിയിച്ചു. ധാരാളം സംഗീത വൈവിധ്യവും മെലഡിയും ഉള്ള ഉപകരണമാണ് സാരംഗി എന്ന് ബോധ്യപ്പെടുത്താൻ സഹായിച്ചു.
ജീവിതം ധന്യമെന്നു തോന്നിയ നിമിഷങ്ങൾ. എച്ച്.എം.വി റെക്കോർഡു ചെയ്‌ത ആദ്യ വ്യക്തികളിൽ രാം നാരായണും ഉണ്ടായിരുന്നു. രാം നാരാണന്റെ വായന ഇന്ത്യ മുഴുവനുമുള്ള സംഗീതാസ്വാദകർ ഇഷ്ടപെട്ടു. കർണാടക സംഗീതത്തിലെ കുലപതികൾ അദ്ദേഹത്തിന്റെ കൂടെ ജുഗൽബന്ദി ചെയ്യുന്നത് അംഗീകാരമായി കരുതി. ആദ്യം റേഡിയോയും പിന്നീട് ടെലിവിഷനും രാം നാരായയണന്റെ സോളോ പരിപാടികൾ ചെയ്തു തുടങ്ങി.
പശ്ചാത്യ രാജ്യങ്ങളിലും അദ്ദേഹത്തിന് സ്വീകാര്യത കിട്ടി. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ അദ്ദേഹം ഏവർക്കും പ്രിയപ്പെട്ട സംഗീതജ്ഞനായി. മൊസാർട്ട്സ് ഹാളിൽ, വിയന്ന മ്യൂസിക് ഫെസ്റ്റിവലിൽ നാല് പരിപാടികൾ അവതരിപ്പിച്ചു.
ചുവന്ന ദേവദാരു മരത്തിൽ നിന്ന് കൊത്തിയെടുത്ത ലളിതമായ ഒരു ഉപകരണം ഒരാൾ വായിക്കുന്നു. അതിന് മനുഷ്യ ശബ്ദത്തെ ഒരു വിധത്തിൽ അനുകരിക്കാനുള്ള കഴിവ്. ഇത് കണ്ടപ്പോൾ ലോകപ്രശസ്ത വയലിനിസ്റ്റ് ആവേശഭരിതനായി. പ്രശസ്ത സംഗീതജ്ഞരായ യെഹുദി മെനുഹിൻ, പാബ്ലോ കാസൽസ്, റോസ്ട്രോപോവിച്ച് എന്നിവരുമായി സംവദിക്കാനുള്ള അവസരവും ലഭിച്ചു. യെഹുദി മെനുഹിൻ രാം നാരായണിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു, “സാരംഗി രാം നാരായണന്റെ കൈകളിൽ ഇന്ത്യൻ വികാരങ്ങളുടെയും ചിന്തയുടെയും ആത്മാവിനെ പ്രകടിപ്പിക്കുന്നു. രാം നാരായണനിൽ നിന്ന് എനിക്ക് സാരംഗിയെ വേർതിരിക്കാനാവില്ല. അത്രയും അഭേദ്യമാണ് അവ രണ്ടും. അതിനാൽ അവ എന്റെ ഓർമ്മയിൽ മാത്രമല്ല, സംഗീതത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട മഹാനായ സംഗീതജ്ഞരുടെ ഓർമ്മയിൽ പോലും ഈ ഉപകരണം പഴയതാവില്ല. കാരണം അതുല്യമായരീതിയിൽ അതിനെ അദ്ദേഹം സംസാരിപ്പിച്ചിരിക്കുന്നു.”
ഭാര്യ ഷീല നേരത്തെ തന്നെ അദ്ദേഹത്തെ വിട്ടുപോയിരുന്നു. തബല വാദകനായ സഹോദരൻ ചതുർലാൽ നേരെത്തെ യാത്രയായി. മകൻ ബ്രിജ് നാരായൺ സാരംഗിക്ക് പകരം സരോദാണ് തിരഞ്ഞെടുത്തത്. മകൾ അരുണ നാരായൺ കാലേ, പേരക്കുട്ടി ഹർഷ് നാരായൺ എന്നിവരും മികച്ച സാരംഗി വാദകരാണ്.
താങ്കളുടെ ഏറ്റവും വലിയ നേട്ടമെന്ന് ഏതിനെ വിളിക്കും? ഒരു പത്രപ്രവർത്തകൻ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു. “കോത്തകളിൽ ഉപയോഗിക്കുന്ന ഒരു ഉപകരണമായി എല്ലാവരും തള്ളിക്കളഞ്ഞ സാരംഗിക്ക് സാമൂഹിക സ്വീകാര്യതയും മാന്യതയും കൊണ്ടുവരുന്നതിൽ ഞാൻ വിജയിച്ചു. വളരെ അവഗണിക്കപ്പെട്ട ഒരു സംഗീത ഉപകരണത്തിന് പുനർജന്മം ലഭിച്ചത് ഞാൻ കാരണമാണെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട്.”
നിരവധി വർഷങ്ങളായി ശവസംസ്കാര ചടങ്ങുകളിൽ നിലവിളിയാണ് സാരംഗി. വിശിഷ്ട വ്യക്തികൾ മരിക്കുമ്പോൾ റേഡിയോവിലും ദൂരദർശനിലും സാരംഗി മുഴങ്ങും. അപ്പോൾതന്നെ കേൾവിക്കാർ ഇവ ഓഫാക്കും. രാജകീയ ദർബാറുകളുകളിലും താവായിഫ് ഭവനങ്ങളിലും നൃത്തത്തിന് വായിച്ചിരുന്ന സന്തോഷത്തിന്റെ ഒരു ഭൂതകാലം കൂടി ഉണ്ടായിരുന്നു ഈ ഉപകരണത്തിന്. ആ കാലം കഴിഞ്ഞപ്പോൾ സാരംഗി വാദകർ ദാരിദ്ര്യത്തിലായി
“അവാർഡുകൾ വരുന്നു, പോകുന്നു, പക്ഷേ ഇത് വായിക്കാൻ എനിക്ക് കഴിയുന്നു എന്നത് വലിയ സംതൃപ്തി നൽകുന്നു,”
“ഞാൻ ഇനിയും ഈ ഭൂമിയിൽ ജനിക്കും നിങ്ങളുടെ മുമ്പിൽ സാരംഗിയുമായി വരും” തന്നെ അഭിമുഖം ചെയ്ത ഒരാളോട് പറഞ്ഞു.