സ്വതന്ത്ര ഇന്ത്യയിലെ, നെഹ്റു യുഗത്തിനുശേഷമുള്ള ഏറ്റവും സംഘർഷഭരിതമായ അധികാര രാഷ്ട്രീയത്തിലും പാർലമെന്ററി രാഷ്ട്രീയത്തിലും നിലപാടു കൊണ്ട് ശ്രദ്ധേയരായ മലയാളികളിൽ പ്രധാനിയാണ് ഇന്ന് കോഴിക്കോട്ടുവെച്ച് മരിച്ച കെ.പി. ഉണ്ണികൃഷ്ണൻ. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് യുഗത്തിലും കോൺഗ്രസ് ഇതര യുഗത്തിലും നിറഞ്ഞുനിന്ന നേതൃത്വം. ദൽഹിയിൽ അധികാരത്തിന്റെ ഇടനാഴികളിലെ സംഭവവികാസങ്ങളുടെ സാക്ഷി എന്ന നിലയ്ക്കുമാത്രമല്ല, അതിനെ പുരോഗമന രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടിലൂടെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു, കെ.പി. ഉണ്ണികൃഷ്ണൻ.
പാർലമെന്റേറിയൻ എന്ന നിലയിൽ കേരളം സംഭാവന ചെയ്ത ഏറ്റവും മികച്ച ലോക്സഭാംഗങ്ങളിൽ ഒരാൾ കൂടിയാണ് കെ.പി. ഉണ്ണികൃഷ്ണൻ. ഏറ്റവുമധികം രഹസ്യരേഖകൾ ലോക്സഭയിൽ മേശപ്പുറത്തുവച്ച് ചർച്ച ചെയ്ത എം.പിയായിരുന്നു ഉണ്ണികൃഷ്ണൻ. സർക്കാറുകളെ പിടിച്ചുകുലുക്കിയ അഴിമതികളുടെ പിന്നാമ്പുറങ്ങൾ പുറത്തുകൊണ്ടുവന്ന ഇടപെടലുകളായിരുന്നു അവ. കോൺഗ്രസ് പാരമ്പര്യമുണ്ടായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ, ആ പാർട്ടിക്കെതിരെ തന്നെയാണ് ഏറ്റവും തീവ്രമായ പോരാട്ടം നടത്തിയത് എന്നതും ചരിത്രം. 1984- 89 കാലത്തെ ഇന്ത്യൻ പാർലമെന്ററി കാലഘട്ടം, കെ.പി. ഉണ്ണികൃഷ്ണൻ എന്ന എം.പിയുടെ ഇടപെടലുകൾ കൊണ്ട് ലോകശ്രദ്ധയാകർഷിച്ചു.
വി.കെ. കൃഷ്ണമേനോൻ, ഇന്ദിരാഗാന്ധി, കാമരാജ്, വി.പി. സിങ്, ഐ.കെ. ഗുജ്‌റാൾ, പി.വി. നരസിംഹറാവു, പ്രണബ് കുമാർ മുഖർജി തുടങ്ങിയവരുടെ കാലത്ത്, അത്യന്തം സംഭവബഹുലമായ രാഷ്ട്രീയകാലഘട്ടങ്ങളിൽ, വ്യക്തമായ നിലപാടുകളുയർത്തിപ്പിടിച്ച്, സജീവ ഇടപെടലുകൾ നടത്തിയ നേതാവ്. കോൺഗ്രസിലായിരുന്നപ്പോഴും സോഷ്യലിസ്റ്റ് ആദർശങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മുഴുവൻ പേരെയും നോമിനേറ്റ് ചെയ്യുന്നതിനുപകരം പകുതി പോരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് പുനെ എ.ഐ.സി.സി സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തെ ജവഹർലാൽ നെഹ്റു നേരിട്ട് അഭിനന്ദിച്ചിട്ടുണ്ട്.
ദേശീയസമരത്തിന്റെ തിളച്ചുമറിഞ്ഞിരുന്ന രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്റെ ബാല്യം. നെഹ്റു കാലഘട്ടത്തിലെ പ്രധാനിയായിരുന്ന വി.കെ. കൃഷ്ണമേനോനുമായി പല നിലയ്ക്കും സാദൃശ്യമുള്ള രാഷ്ട്രീയജീവിതമായിരുന്നു ഉണ്ണികൃഷ്ണന്റേത്. കോഴിക്കോട് പന്നിയങ്കരയിലായിരുന്നു കൃഷ്ണമേനോന്റെ അമ്മവീട്. ഇതിന് തൊട്ടടുത്താണ് കെ.പി. ഉണ്ണികൃഷ്ണന്റെയും വീട്. ഉണ്ണികൃഷ്ണന്റെ അമ്മയുടെ സഹോദരിയാണ് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന എ.വി. കുട്ടിമാളു അമ്മ.
ഇന്ദിരാഗാന്ധിയെ കോൺഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുത്ത 1959-ലാണ് കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസിലെത്തിയത്. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുടെ ഫോറത്തിലാണ് അദ്ദേഹം ചെന്നെത്തിയത്.
കോൺഗ്രസുകാരനും സഹകരണപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന പ്രമുഖ അഭിഭാഷകൻ ഇ. കുഞ്ഞിക്കണ്ണൻ നായരുടെയും കെ.പി. അമ്മുക്കുട്ടിയമ്മയുടെയും മൂത്ത മകനാണ് കെ.പി. ഉണ്ണികൃഷ്ണൻ. ഉണ്ണികൃഷ്ണന്റെ സഹോദരി കെ.പി. ലക്ഷ്മിയുടെ ജീവിതപങ്കാളി കെ. ഭാസ്കരമേനോൻ വാർധയിലെ സേവാഗ്രാമിൽ ഗാന്ധിയുടെ കാലത്ത് വളന്റിയറായിരുന്നു. നോവലിസ്റ്റ് ഒ. ചന്തുമേനോന്റെ കൊച്ചുമകനാണ് ഭാസ്കരമേനോൻ.
എന്നാൽ, മദിരാശിയിലെ ക്രിസ്ത്യൻ കോളേജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ കോൺഗ്രസിനേക്കാൾ സോഷ്യലിസ്റ്റ് പ്രസ്ഥാനമാണ് ഉണ്ണികൃഷ്ണനെ ആകർഷിച്ചത്. അക്കാലത്ത് മദിരാശിയിൽ പതിവായി വന്നിരുന്ന ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ, ആചാര്യ നരേന്ദ്രഭൂഷൺ, അശോക് മേത്ത എന്നിവരുമായി ബന്ധപ്പെടാനായി. ഈ കാലത്ത്, പിന്നീട് മുഖ്യ തെരഞ്ഞെടുപ്പുകമീഷണറായ ടി.എൻ. ശേഷൻ ക്രിസ്ത്യൻ കോളേജിൽ ട്യൂട്ടറായിരുന്നു.
പിന്നീട് ജവഹർലാൽ നെഹ്റുവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസിനെ കൂടുതലായി മനസ്സിലാക്കാൻ തുടങ്ങി. രാം മനോഹർ ലോഹ്യയുടെ കടുത്ത നെഹ്റു വിരുദ്ധ ശൈലിയോട് എതിർപ്പുണ്ടായിരുന്നു ഉണ്ണികൃഷ്ണന്. അങ്ങനെ ലോഹ്യയിൽനിന്ന് അകലുകയും കോൺഗ്രസിലെത്തുകയും ചെയ്തു.

ഇന്ദിരാഗാന്ധിയെ കോൺഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുത്ത 1959-ലാണ് കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസിലെത്തിയത്. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുടെ ഫോറത്തിലാണ് അദ്ദേഹം ചെന്നെത്തിയത്. ശ്യാം നന്ദൻമിശ്ര, ചന്ദ്രജിത് യാദവ്, ചന്ദ്രശേഖർ, മോഹൻധാരിയ, കൃഷ്ണകാന്ത് തുടങ്ങിയവരും ഈ ഗ്രൂപ്പിലുണ്ടായിരുന്നു. കോൺഗ്രസിനകത്ത് ജനാധിപത്യ സോഷ്യലിസം എന്ന ലക്ഷ്യം പ്രഖ്യാപിച്ച് പ്രവർത്തിച്ചത് ഈ ഗ്രൂപ്പാണ്. ക്രമേണ ഇന്ദിരാഗാന്ധിയുടെ അടുത്ത ഉപദേശകവൃന്ദത്തിൽ ഉണ്ണികൃഷ്ണൻ ഇടം പിടിച്ചു. 1969-ലെ കോൺഗ്രസ് പിളർപ്പിനുശേഷം ഇന്ദിരാഗാന്ധിയിൽനിന്ന് അകന്ന കാമരാജ് പാർലമെന്റ് ഹൗസിൽ വച്ച് കെ.പി. ഉണ്ണികൃഷ്ണനോട് ചോദിക്കും, ‘എന്താ ഉണ്ണികൃഷ്ണൻ, സോഷ്യലിസം വന്താച്ചാ?’.
1962-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, രാജ്യരക്ഷാമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോൻ മത്സരിച്ച ബോംബെയിൽ കാമ്പയിന് സഹായിക്കാൻ ഇന്ദിര കെ.പി. ഉണ്ണികൃഷ്ണനെയാണ് നിയോഗിച്ചത്. ആചാര്യ കൃപലാനിയെ തോൽപ്പിച്ചാണ് അന്ന് കൃഷ്ണമേനോൻ ലോക്സഭാംഗമായത്. ഇതേ സമയത്ത് ആർ.കെ. കരഞ്ചിയയുടെ ബ്ലിറ്റ്സിൽ പ്രത്യേക ലേഖകനായും പ്രവർത്തിച്ചു.
1962-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, രാജ്യരക്ഷാമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോൻ മത്സരിച്ച ബോംബെയിൽ കാമ്പയിന് സഹായിക്കാൻ ഇന്ദിര കെ.പി. ഉണ്ണികൃഷ്ണനെയാണ് നിയോഗിച്ചത്.
1962-ലെ ചൈനീസ് യുദ്ധത്തെതുടർന്ന് വി.കെ. കൃഷ്ണമേനോന് രാജിവെക്കാനിടയായ സാഹചര്യം അടക്കം അന്നത്തെ ദേശീയരാഷ്ട്രീയത്തിലെ കലുഷിത സന്ദർഭങ്ങളെല്ലാം ഉണ്ണികൃഷ്ണന്റെ മുന്നിലൂടെയാണ് കടന്നുപോയത്. ബ്ലിറ്റ്സിൽ എഴുതിക്കൊണ്ടിരുന്ന രാഷ്ട്രീയലേഖനങ്ങൾ കേരളത്തിൽ ഉണ്ണികൃഷ്ണനെ ശ്രദ്ധേയനാക്കുകയും പിന്നീട് മാതൃഭൂമിയുടെ ദൽഹി ലേഖകനാകുകയും ചെയ്തു.
ബോംബെയിലുള്ളപ്പോഴാണ് ഉണ്ണികൃഷ്ണൻ എ.ഐ.സി.സി അംഗമായത്. അന്നത്തെ എ.ഐ.സി.സി സബ് കമ്മിറ്റികളിലെല്ലാം ഇന്ദിരാഗാന്ധി കെ.പി. ഉണ്ണികൃഷ്ണന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു.
നെഹ്റുവിന്റെ കാലഘട്ടത്തിനുശേഷം അധികാരരാഷ്ട്രീയം ഇന്ദിരാഗാന്ധിയ്ക്കുചുറ്റും കറങ്ങിത്തുടങ്ങിയ കാലത്ത്, അവയുടെ നിതാന്ത സാക്ഷിയായിരുന്നു കെ.പി. ഉണ്ണികൃഷ്ണൻ. ബാങ്ക് ദേശസാൽക്കരണം, ദാരിദ്ര്യനിർമ്മാർജനം തുടങ്ങിയ സോഷ്യലിസ്റ്റ്- ഇടത് പാതയിലൂടെയുള്ള ഇന്ദിരാഗാന്ധിയുടെ ആദ്യകാല നീക്കങ്ങൾ ഉണ്ണികൃഷ്ണനെ സംബന്ധിച്ചും രാഷ്ട്രീയമായി ഏറെ പ്രധാന്യമുള്ളതായിരുന്നു. ഇന്ത്യയ്ക്ക് പുതിയൊരു നേതാവ് എന്ന നിലയ്ക്ക് സ്വയം അടയാളപ്പെടുത്താൻ ഈ നടപടികളിലൂടെ ഇന്ദിരാഗാന്ധിയ്ക്ക് കഴിഞ്ഞതായി ഉണ്ണികൃഷ്ണൻ പറയുന്നുണ്ട്.

1967-ലെ പൊതുതെരഞ്ഞെടുപ്പ് ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയജീവിതത്തിൽ നിർണായകമായിരുന്നു. ഇന്ദിരാഗാന്ധിയുമായി ഏറെ അടുപ്പമുള്ള ലീലാ ദാമോദരന്റെ പേരാണ് വടകര മണ്ഡലത്തിലേക്ക് കെ.പി.സി.സി ഏകകണ്ഠമായി അംഗീകരിച്ചത്. എന്നാൽ, കോഴിക്കോട് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഡി.സി.സി അംഗം പുത്തൂർ രാമകൃഷ്ണൻ നായർ കെ.പി. ഉണ്ണികൃഷ്ണന്റെ പേര് നിർദ്ദേശിച്ചു. സ്ഥാനാർഥി ലിസ്റ്റ് ഡൽഹിയിലെത്തിയപ്പോൾ, ഹൈക്കമാന്റ് വടകര ഒഴിച്ചുള്ള സ്ഥാനാർഥി ലിസ്റ്റ് അതേപടി അംഗീകരിച്ചു. ഇന്ദിരാഗാന്ധിയും അന്നത്തെ കോൺഗ്രസ് അധ്യക്ഷനായിരുന്ന ജഗ്ജീവൻ റാമും ചേർന്ന് വടകരയിൽ ലീല ദാമോദരമേനോന്റെ പേര് വെട്ടി കെ.പി. ഉണ്ണികൃഷ്ണൻ എന്ന് ചേർത്തു. അത്തരമൊരു നടപടി കോൺഗ്രസിന്റെ ഇലക്ഷൻ പൊളിറ്റിക്സിൽ ആദ്യത്തേതായിരുന്നു. കെ.പി.സി.സി നേതൃത്വത്തിന് കടുത്ത അമർഷമുണ്ടായെങ്കിലും ഉണ്ണികൃഷ്ണനെ അംഗീകരിക്കേണ്ടിവന്നു. അങ്ങനെ വടകരയിൽ ലീലാ ദാമോദരനുവേണ്ടി അതിനകം തുടങ്ങിക്കഴിഞ്ഞിരുന്ന ചുമരെഴുത്തുകൾ കെ.പി. ഉണ്ണികൃഷ്ണനുവേണ്ടി മായ്ച്ചുകളഞ്ഞു. ആദ്യ മത്സരത്തിൽ തന്നെ സി.പി.എമ്മിലെ എ.വി. രാഘവനെ 57,804 വോട്ടിനാണ് ഉണ്ണികൃഷ്ണൻ പരാജയപ്പെടുത്തിയത്.
യുവ എം.പി എന്ന നിലയ്ക്ക് ഉണ്ണികൃഷ്ണൻ പാർലമെന്റിന്റെ ശ്രദ്ധ നേടിയെടുത്തു. വിദേശകാര്യം അടക്കമുള്ള പ്രധാന വകുപ്പുകളുടെ കമ്മിറ്റികളിൽ അംഗമായി. വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തി. യു.എൻ പ്രതിനിധി സംഘത്തിൽ അംഗമായി. അക്കാലത്തും പാർട്ടിയിലെ സോഷ്യലിസ്റ്റ് ഫോറത്തിൽ സജീവ അംഗമായി തുടരുകയും ചെയ്തു.
പതുക്കെ, കോൺഗ്രസ് രാഷ്ട്രീയം വഴിമാറി ഒഴുകാൻ തുടങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസ് അധികാരകേന്ദ്രമായി മാറാൻ തുടങ്ങി. അത് പാർട്ടിയിൽ അടക്കിപ്പിടിച്ച കലാപങ്ങളായി വളർന്നുവന്നു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധി പാർട്ടിയിൽ സ്വാധീനശക്തിയാകാൻ തുടങ്ങി. സഞ്ജയ് ഗാന്ധിയുടെ സംഘം ഉണ്ണികൃഷ്ണനെ സംശയദൃഷ്ടിയോടെയാണ് കണ്ടിരുന്നത്.
അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുമ്പുള്ള, അത്യന്തം കലുഷിതമായ പാർട്ടി ചർച്ചകളിലും അന്തർനാടകങ്ങളിലുമെല്ലാം ഉണ്ണികൃഷ്ണൻ സാക്ഷിയായിരുന്നു.
ബംഗ്ലാദേശ് യുദ്ധത്തിനുശേഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങി. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും അഴിമതിക്കും എതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഉയർന്നുവന്നുതുടങ്ങി. ഇന്ദിരാഗാന്ധിയ്ക്ക് സോഷ്യലിസ്റ്റ് പ്രതിച്ഛായ നഷ്ടമാകുകയും അവർ സങ്കുചിത അധികാരകേന്ദ്രത്തിന്റെ നായിക എന്ന നിലയിലേക്ക് അധഃപ്പതിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ പോക്ക് അപകടത്തിലേക്കാണ് എന്ന മുന്നറിയിപ്പ് ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ അന്ന് നൽകിക്കൊണ്ടിരുന്നു.
1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ കോൺഗ്രസിലെ സോഷ്യലിസ്റ്റ് ബ്ലോക്ക് രണ്ടായി. ചന്ദ്രശേഖർ, കൃഷ്ണകാന്ത്, മോഹൻധാരിയ, തുടങ്ങിയവർ ഒരു ഭാഗത്തും രഘുനാഥ് റെഡ്ഢി, ചന്ദ്രജിത് യാദവ്, കെ.പി. ഉണ്ണികൃഷ്ണൻ മറുഭാഗത്തുമായി. പാർട്ടിയിൽ നിന്നുകൊണ്ട് ഇന്ദിരയെ തിരുത്തുക എന്നതായിരുന്നു ഉണ്ണികൃഷ്ണൻ അടക്കമുള്ളവരുടെ ശ്രമം. എന്നാൽ, ചന്ദ്രശേഖറിന്റെ പക്ഷം ഇന്ദിരയെ അതിരൂക്ഷമായി ആക്രമിച്ചുകൊണ്ടിരുന്നു. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുമ്പുള്ള, അത്യന്തം കലുഷിതമായ പാർട്ടി ചർച്ചകളിലും അന്തർനാടകങ്ങളിലുമെല്ലാം ഉണ്ണികൃഷ്ണൻ സാക്ഷിയായിരുന്നു.

അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറം യോഗം ചേർന്ന് ആവശ്യപ്പെട്ടു. ഇത് തനിക്കെതിരായ സമ്മർദ്ദനീക്കമായാണ് ഇന്ദിരാഗാന്ധി വിലയിരുത്തിയത്. അക്കാലത്തെ എ.ഐ.സി.സി യോഗങ്ങളിൽ ഉണ്ണികൃഷ്ണൻ ഇന്ദിരാഗാന്ധിക്കെതിരെ വിമർശനമുന്നയിച്ചുകൊണ്ടിരുന്നു. 1977 നവംബർ 15ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉണ്ണികൃഷ്ണന്റെ വിവാഹസൽക്കാരത്തിന് ഇന്ദിരാഗാന്ധി എത്തിയില്ല. അമൃതാ കാശ്യപായിരുന്നു വധു. ദൽഹിയിലെ അശോക ഹോട്ടലിലെ പബ്ലിക് റിലേഷൻസ് മാനേജരായിരുന്നു അമൃത.
1977-ലെ പൊതുതെരഞ്ഞെടുപ്പിൽ ഉണ്ണികൃഷ്ണൻ വീണ്ടും വടകരയിൽ നിന്ന് ജയിച്ചു. അരങ്ങിൽ ശ്രീധരനെ 8070 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് പ്രതിപക്ഷത്തായി.
ഇന്ദിരാഗാന്ധിയോടുള്ള നിലപാടുകളുടെ പേരിൽ പല ഗ്രൂപ്പുകളായി തിരിഞ്ഞ കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. അവരിൽ ഒരു വിഭാഗം ശരത്പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എസ് രൂപീകരിച്ചു. 1980-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വടകരയിൽ കെ.പി. ഉണ്ണികൃഷ്ണൻ എൽ.ഡി.എഫ് പിന്തുണയോടെ, കോൺഗ്രസ് സ്ഥാനാർഥി മുല്ലപ്പിള്ളി രാമചന്ദ്രനെ 41,682 വോട്ടിന് തോൽപ്പിച്ചു. അക്കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷഐക്യത്തിനായാണ് ഉണ്ണികൃഷ്ണൻ ഊർജ്ജം ചെലവാക്കിയത്. ആന്ധ്ര മുഖ്യമന്ത്രി എൻ.ടി. രാമറാവു അടക്കമുള്ള നേതാക്കളെ ഒരു വേദിയിൽ കൊണ്ടുവരാൻ അദ്ദേഹം നീക്കം നടത്തി. കോൺഗ്രസ് എസ്സിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ഉണ്ണികൃഷ്ണൻ അക്കാലത്ത് ദേശീയ പ്രതിപക്ഷത്തിലെ പ്രധാന ശബ്ദമായിരുന്നു.
1989-ൽ വി.പി. സിങിന്റെ നേതൃത്വത്തിൽ ദേശീയമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ കെ.പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങൾക്ക് പ്രധാന പങ്കുണ്ട്.
1984-ൽ ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം കോൺഗ്രസിൽ രാജീവ് കാലഘട്ടം തുടങ്ങിയപ്പോൾ, പാർട്ടി വിട്ടവർ തിരിച്ചുവരണമെന്ന ആഹ്വാനമുണ്ടായി. നിലപാട് മാറ്റി ശരത്പവാർ കോൺഗ്രസിലേക്ക് പോയത് ഉണ്ണികൃഷ്ണന് വൻ തിരിച്ചടിയായി. ഉണ്ണികൃഷ്ണൻ കോൺഗ്രസ് എസ്സിൽ തുടർന്നു.
ഈ സമയത്താണ് രാജീവ്ഗാന്ധി സർക്കാറിലെ ധനകാര്യമന്ത്രിയായിരുന്ന വി.പി. സിങ് അഴിമതിക്കെതിരെ കടുത്ത നിലപാടുമായി രംഗത്തുവരുന്നത്. കേന്ദ്ര പ്രതിരോധവകുപ്പിന്റെ പല ഇടപാടുകളിലും വൻ അഴിമതി നടക്കുന്നതായി ആരോപണമുയർന്നു. മുങ്ങിക്കപ്പൽ ഇടപാടിലെ കമീഷൻ ഇടപാടിൽ വി.പി. സിങ് അന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ ഉണ്ണികൃഷ്ണൻ പാർലമെന്റിൽ അഴിമതിക്കെതിരായ നാവായി മാറി.
ഇതിനിടെ സ്വീഡിഷ് റേഡിയോ പുറത്തുവിട്ട ബോഫോഴ്സ് തോക്കിടപാടിലെ അഴിമതിയും വൻ വിവാദമായി. ഈ സമയത്ത് സ്വീഡൻ സന്ദർശിച്ച കെ.പി. ഉണ്ണികൃഷ്ണന് ഇടപാടുമായി ബന്ധപ്പെട്ട ചില തെളിവുകൾ ലഭിച്ചു. നേരത്തെ ദൽഹിയിൽ സ്വീഡന്റെ നയതന്ത്രപ്രതിനിധിയായി ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിൽനിന്നാണ് ഉണ്ണികൃഷ്ണന് തെളിവുകൾ ലഭിച്ചത്. ഇത് പാർലമെന്റിൽ ഉന്നയിച്ചതോടെ രാജീവ് സർക്കാർ ആടിയുലയാൻ തുടങ്ങി. രാജീവ് മന്ത്രിസഭക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി. അന്ന് ഉണ്ണികൃഷ്ണൻ മണിക്കൂറുകളോളം നടത്തിയ, അഴിമതിക്കെതിരായ പ്രസംഗം പാർലമെന്റിന്റെ ചരിത്രത്തിലെ മായാത്ത ഏടുകളാണ്.
1989-ൽ വി.പി. സിങിന്റെ നേതൃത്വത്തിൽ ദേശീയമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ കെ.പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങൾക്ക് പ്രധാന പങ്കുണ്ട്. കോൺഗ്രസ് എസ്സിന് കെ.പി. ഉണ്ണികൃഷ്ണൻ എന്ന ഒരൊറ്റ എം.പിയേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, അദ്ദേഹത്തെ വി.പി. സിങ് വാർത്താവിനിമയ- ഉപരിതല ഗതാഗത വകുപ്പുമന്ത്രിയാക്കി. വാർത്താവിനിമയരംഗത്ത് കേരളത്തിന് ഏറ്റവും വലിയ നേട്ടമുണ്ടായ കാലം കൂടിയായിരുന്നു ഇത്. കേരളത്തിലെ മുഴുവൻ ടെലഫോൺ എക്സ്ചേഞ്ചുകളും വികസിപ്പിക്കാൻ അദ്ദേഹം നടപടിയെടുത്തു. അതുവരെ 100 കണക്ഷൻ മാത്രം കൊടുക്കാൻ ശേഷിയുള്ള എക്സ്ചേഞ്ചുകളുടെ ശേഷി 500 മുതൽ 1000 വരെയാക്കി. ദേശീയപാത വികസനം, റോഡ് വികസനപദ്ധതികൾ തുടങ്ങിയവ നടപ്പാക്കി.

മൂന്നു പതിറ്റാണ്ടു മുമ്പ്, ഗൾഫിൽനിന്ന് ഇന്ത്യ നടത്തിയ ഏറ്റവും വലിയ ഒഴിപ്പിക്കലിന് നേതൃത്വം നൽകിയത് കെ.പി. ഉണ്ണികൃഷ്ണനാണ്. 1990 ഓഗസ്റ്റിൽ സദ്ദാം ഹുസൈന്റെ ഇറാഖി പട്ടാളം കുവൈറ്റ് ആക്രമിച്ചപ്പോൾ മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ രക്ഷപ്പെടാനാകാതെ അവിടെ കുടുങ്ങി. എന്തു വന്നാലും അവരെ തിരിച്ചെത്തിക്കാൻ വി പി സിംഗ് സർക്കാർ തീരുമാനിച്ചു. വിദേശകാര്യ മന്ത്രിയായിരുന്ന ഐ.കെ.ഗുജ്റാൾ കുവൈറ്റിലെത്തി സ്ഥിഗതികൾ പഠിച്ചു. ഗുജ്‌റാൾ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനുമായി ചർച്ച നടത്തി. ഒഴിപ്പിക്കലിന് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സദ്ദാം. പിന്നീട്, ഒരു ശ്രമം കൂടി നടത്താൻ അന്ന് ടെലികോം മന്ത്രിയായിരുന്ന ഉണ്ണികൃഷ്ണനെയാണ് അയച്ചത്. മുമ്പ്, വിദേശകാര്യവകുപ്പിന്റെ പാർലമെന്ററി സമിതിയുമായും മറ്റും ബന്ധപ്പെട്ട് അദ്ദേഹത്തിനുള്ള വിപുലമായ അന്താരാഷ്ട്ര ബന്ധങ്ങൾ ഈ ഘട്ടത്തിൽ ഗുണകരമായി. ജോർദാനിൽ ക്യാമ്പ് ചെയ്ത് അദ്ദേഹം സദ്ദാം ഹുസൈനുമായി വീണ്ടുമൊരു കൂടിക്കാഴ്ച നടത്തി. അങ്ങനെ, സദ്ദാമിനെ അനുനയിപ്പിച്ചാണ് മലയാളികളടക്കം 1.7 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്.
കേരളത്തിൽനിന്ന് തുടർച്ചയായി 25 വർഷം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.പിയാണ് കെ.പി. ഉണ്ണികൃഷ്ണൻ.
1990-ൽ വി.പി. സിങ് രാജിവച്ച്, കോൺഗ്രസ് പിന്തുണയിൽ ചന്ദ്രശേഖർ പ്രധാനമന്ത്രിയായപ്പോൾ, പഴയ സോഷ്യലിസ്റ്റ് സഹയാത്രകനായിരുന്ന ഉണ്ണികൃഷ്ണനെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചു, എന്നാൽ, ഉണ്ണികൃഷ്ണൻ അത് നിരസിച്ചു.
1991-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഉണ്ണികൃഷ്ണനെ തോൽപ്പിക്കാൻ രൂപപ്പെട്ട കോ- ലീ- ബി സഖ്യം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കളങ്കപൂരിതയായ പരീക്ഷണമായിരുന്നു. ലോക്സഭയിലേക്ക് വടകരയിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ടു ചെയ്യും, ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിക്ക് യു.ഡി.എഫും വോട്ടു ചെയ്യും. കോ- ലീ- ബി സ്ഥാനാർഥി എം. രത്നസിംഗിനെ 17,489 വോട്ടിനാണ് ഉണ്ണികൃഷ്ണൻ തോൽപ്പിച്ചത്. ഈ വിജയത്തോടെ കേരളത്തിൽനിന്ന് തുടർച്ചയായി 25 വർഷം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.പിയായി അദ്ദേഹം. 1971 മുതൽ തുടർച്ചയായുള്ള വിജയം.
അതിനിടെ, കോൺഗ്രസ് എസ് രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ ശുഷ്കമായിക്കൊണ്ടിരുന്നു. 1991-ൽ പാർട്ടിക്ക് എം.പിയായി ഉണ്ണികൃഷ്ണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പി.വി. നരസിംഹറാവു ഉണ്ണികൃഷ്ണനെ കോൺഗ്രസിലേക്ക് ക്ഷണിച്ചു. ഒടുവിൽ 1994-ൽ അദ്ദേഹം കോൺഗ്രസിൽ തിരിച്ചെത്തി. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി ശക്തമായി വരുന്നതിനെ ചെറുക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന ബോധ്യവും ഈ തിരിച്ചുപോക്കിനുപിന്നിലുണ്ടായിരുന്നു. മതേതര ശക്തികളെ ഏകോപിപ്പിക്കാൻ കോൺഗ്രസ്സിനേ കഴിയൂ എന്ന നിലപാടായിരുന്നു ഉണ്ണികൃഷ്ണന്.

കോൺഗ്രസിൽ തിരിച്ചെത്തിയ ഉണ്ണികൃഷ്ണനെ കേരളത്തിൽ കാത്തിരുന്നത്, പരസ്പരം ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കുന്ന സംഘടനാശരീരമാണ്. എ.കെ. ആൻറണിയുമായും വയലാർ രവിയുമായും അടുപ്പം പുലർത്തിയിരുന്ന ഉണ്ണികൃഷ്ണനെ കെ. കരുണാകരൻ ഐ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നുണ്ട്. എന്നാൽ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
കോൺഗ്രസിൽ മടങ്ങിയെത്തിയ ഉണ്ണികൃഷ്ണന്റെ ദീർഘകാല രാഷ്ട്രീയജീവിതം, പാർട്ടി വേണ്ടവിധം പരിഗണിച്ചില്ല. ഒറ്റപ്പെട്ട വ്യക്തിയായാണ് അദ്ദേഹം പാർട്ടിയിൽ തുടർന്നത്. അങ്ങനെ 25 വർഷം തുടർച്ചയായി വിജയിച്ച വടകരയിൽ നിന്ന് കെ.പി. ഉണ്ണികൃഷ്ണൻ ആദ്യമായി തോറ്റു. കോൺഗ്രസ്സിലെ ഗ്രൂപ്പുകളിയിൽ തോൽപ്പിക്കപ്പെട്ടു എന്നു പറയുന്നതാകും ശരി. സി.പി.എമ്മിലെ ഒ. ഭരതനാണ് 1996-ൽ ജയിച്ചത്. 1998-ലെ തെരഞ്ഞെടുപ്പിൽ വീണ്ടും വടകരയിൽ മത്സരിക്കാൻ ഉണ്ണികൃഷ്ണനുമേൽ സമ്മർദ്ദമുണ്ടായെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പകരം സീറ്റ് മതിയെന്ന അദ്ദേഹത്തിന്റെ ആവശ്യം പാർട്ടി പരിഗണിച്ചതുമില്ല. അങ്ങനെ, ഇലക്ഷൻ രാഷ്ട്രീയത്തിൽനിന്നുള്ള വിട പറയലായി അത് മാറി.
കോൺഗ്രസ് രാഷ്ട്രീയം മാത്രമല്ല, ദേശീയ- സംസ്ഥാന രാഷ്ട്രീയം തന്നെ, കെ.പി. ഉണ്ണികൃഷ്ണൻ ജീവിച്ചുതീർത്ത സുദീർഘമായ രാഷ്ട്രീയാനുഭവങ്ങളിൽനിന്ന് ഏറെ മാറിക്കഴിഞ്ഞിരുന്നു. അത് അദ്ദേഹത്തെ ഒരുതരത്തിൽ രാഷ്ട്രീയമായി ഏകാകിയാക്കുകയും ചെയ്തു. എങ്കിലും, 2025- ൽ നവതിയുടെ സന്ദഭത്തിലും, ആരോഗ്യം അനുവദിക്കുകയാണെങ്കിൽ ഇനിയും രാഷ്ട്രീയത്തിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയം അത്രമേൽ ജീവിതത്തെ ആവേശിച്ച ഒരു മനുഷ്യന്റെ കെടാത്ത പ്രതീക്ഷ കൂടിയായിരുന്നു അത്.


(കടപ്പാട്: എം.പി. സൂര്യദാസ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’).
