എൻ. ആർ. എസ്. ബാബു.

എൻ. ആർ. എസ്‌. ബാബു:
സ്വയം അദൃശ്യനാക്കിയ പത്രാധിപർ

‘‘ജീവിതത്തിലുടനീളം തന്നെ തിരശീലക്കുപിന്നിൽ മാത്രം നിർത്തി പത്രപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു എൻ. ആർ. എസ്. ബാബു. പത്രപ്രവർത്തന രംഗത്തെ അസാമാന്യമായ കഴിവ് മാത്രമായിരുന്നില്ല അദ്ദേഹത്തെ വേറിട്ടുനിർത്തിയത്. അഗാധമായി പല കാര്യങ്ങളിലും അറിവും കാഴ്ചപ്പാടുമുള്ള ധീഷണശാലിയായിരുന്നു’’- കഴിഞ്ഞ ദിവസം അന്തരിച്ച പത്രപ്രവർത്തകൻ എൻ.ആർ.എസ്. ബാബുവിനെ ഓർക്കുന്നു, അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഷാജഹാൻ മാടമ്പാട്ട്.

ലയാളം കണ്ട ഏറ്റവും പ്രതിഭാധനരായ പത്രാധിപന്മാരിൽ ഒരാളായിരുന്നു എൻ. ആർ. എസ്. ബാബു. ഇത് പറയുമ്പോൾ പലരും അത്ഭുതം കൂറാൻ സാധ്യതയുണ്ട്. കാരണം അ​ദ്ദേഹത്തെ അറിയുന്നവർ വളരെ കുറവാണ്. അങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്ന് പത്രപ്രവർത്തനരംഗത്തോ സാഹിത്യരംഗത്തോ സജീവ സാന്നിധ്യമുള്ള ചിലർക്കൊഴികെ ആർക്കും അറിയാൻ സാധ്യതയില്ല.

കഴിഞ്ഞ എട്ടു വർഷമായി മറവിരോഗത്തിന്റെ പിടിയിലായിരുന്നു അദ്ദേഹം. Self-invisibilisation (സ്വയം അദൃശ്യനാക്കൽ) എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം ഒരു വ്യക്തിയിൽ പൂർണമായും വെളിപ്പെട്ടിട്ടുണ്ടെങ്കിൽ അത് എന്റെ അറിവിൽ എൻ.ആർ.എസ്. ബാബുവിന്റെ കാര്യത്തിൽ മാത്രമാണ്.

ജീവിതത്തിലുടനീളം തന്നെ തിരശീലക്കുപിന്നിൽ മാത്രം നിർത്തി പത്രപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു എൻ ആർ എസ്. പത്രപ്രവർത്തന രംഗത്തെ അസാമാന്യമായ കഴിവ് മാത്രമായിരുന്നില്ല അദ്ദേഹത്തെ വേറിട്ടുനിർത്തിയത്. അഗാധമായി പല കാര്യങ്ങളിലും അറിവും കാഴ്ചപ്പാടുമുള്ള ധീഷണശാലിയായിരുന്നു. പക്ഷേ ഒരു പൊതു ധൈഷണികൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് അനുചിതമാകും. കാരണം തൻ്റെ പേര് പൊതുമണ്ഡലത്തിൽനിന്ന് സൂക്ഷ്മതയോടെ അദൃശ്യമായി നിർത്താൻ അദ്ദേഹം ജീവിതത്തിലുടനീളം വ്യഗ്രത പ്രകടിപ്പിച്ചുപോന്നു. ‘സ്വകാര്യ ധൈഷണികൻ’ എന്നൊരു പ്രയോഗം വേണ്ടിവരും അദ്ദേഹത്തെ വിശേഷിപ്പിക്കാൻ.

അദ്ദേഹം പത്രാധിപരും സഹപത്രാധിപരുമായിരുന്ന കാലഘട്ടത്തിൽ കലാകൗമുദി വാരികയിൽ എഴുതിയ പത്രാധിപ കുറിപ്പുകളിൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക ധൈഷണികതയും അറിവും കാഴ്ചപ്പാടും അങ്ങേയറ്റം വ്യക്തതയോടെ നിഴലിച്ചിരുന്നു. പക്ഷേ താൻ എഴുതുന്ന ഒന്നിനും സ്വന്തം പേര് വെക്കുന്ന പതിവ് എൻ.ആർ.എസിനുണ്ടായിരുന്നില്ല. ജീവിച്ചിരുന്ന കാലമത്രയും പൊതുവേദികളിൽ പ്രസംഗകനായോ പ്രഭാഷകനായോ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആളുകളെ കാണുന്നതിലോ വ്യാപകമായ സാമൂഹ്യസംഗമങ്ങളിലോ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. തനിക്ക് അങ്ങേയറ്റം ഇഷ്ടമുള്ള ഏതാനും ആളുകളൊഴികെ ആരുമായും നേരിൽ കാണാതിരിക്കാനും സംഭാഷണം നടത്താതിരിക്കാനും വിചിത്രമായ ശ്രദ്ധ പുലർത്തിയിരുന്ന ഒരാളായിരുന്നു അദ്ദേഹം.

ജീവിതത്തിലുടനീളം തന്നെ തിരശീലക്കുപിന്നിൽ മാത്രം നിർത്തി പത്രപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു എൻ ആർ എസ്.
ജീവിതത്തിലുടനീളം തന്നെ തിരശീലക്കുപിന്നിൽ മാത്രം നിർത്തി പത്രപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു എൻ ആർ എസ്.

എസ്‌. ജയചന്ദ്രൻനായരുടെ കീഴിൽ സഹപത്രാധിപരായും അതിനുശേഷം പത്രാധിപരായും കലാകൗമുദിയെ നയിച്ച നാളുകളിൽ, ആ വാരിക മലയാള ഭാഷയിലെ ഏറ്റവും ശ്രദ്ധയും ആദരവും ലഭിച്ചിരുന്ന പ്രസിദ്ധീകരണമായിരുന്നു. ഒരുപക്ഷേ മാതൃഭൂമി ആഴ്ചപ്പതിപ്പും കലാകൗമുദി വാരികയുമായിരുന്നു എത്രയോ കാലം മലയാളിയുടെ സാഹിതീയ- സാംസ്കാരിക- ധൈഷണിക ജീവിതത്തെ നയിക്കുകയും സ്വാധീനിക്കുകയും ചെയ്തത്. അതിനുപിന്നിൽ അദൃശ്യനായി എൻ.ആർ.എസ്. ബാബു നിലകൊണ്ടു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട എഴുത്തുകാരെ ധാരാളമായി പ്രോത്സാഹിപ്പിച്ചു. ഇഷ്ടമില്ലാത്ത എഴുത്തുകളെയും എഴുത്തുകാരെയും പലപ്പോഴും നിഷ്കരുണം തള്ളിക്കളയുകയും ചെയ്തു.

എൻ.ആർ.എസ് ആളുകളെ കാണുന്നതിൽ കാണിച്ചിരുന്ന മടി ഒരർത്ഥത്തിൽ മനസ്സിലാക്കാൻ പ്രയാസമുള്ള സംഗതിയാണ്. തിരുവനന്തപുരത്ത് ജീവിക്കുന്ന എന്റെ സുഹൃത്ത് കൂടിയായ ഒരു പണ്ഡിതൻ പലപ്പോഴും എൻ.ആർ.എസിനെക്കുറിച്ച് വാചാലമായി സംസാരിക്കുമായിരുന്നു. അദ്ദേഹവുമായി നല്ല അടുപ്പമുണ്ട് എന്നത് വളരെ അഭിമാനത്തോടെയാണ് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്. വർഷങ്ങളോളം ഞങ്ങൾ തമ്മിൽ നേരിട്ട് കാണുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴും ഒക്കെ എൻ.ആർ.എസ് പരാമർശവിധേയനായി. വർഷങ്ങൾക്കുശേഷമാണ് ഞാനറിഞ്ഞത്, അവർ തമ്മിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന്. ഓരോ തവണ എൻ.ആർ.എസിനെ കാണണമെന്ന് പറയുമ്പോഴും, നമ്മൾ രണ്ടുപേരും ഈ തിരുവനന്തപുരത്തുതന്നെയുണ്ടല്ലോ, നമുക്ക് കാണാം എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഈ സ്വഭാവം പൊതുവിൽ ജീവിതത്തിൽ എല്ലാ മേഖലകളിലും അദ്ദേഹം പുലർത്തിയിരുന്നു. പരമാവധി ജനശ്രദ്ധയിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി തന്റേതായ ഒരു ലോകത്ത് ജീവിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

ഞാൻ എൻ.ആർ.എസ്. ബാബുവിനെ പരിചയപ്പെടുന്നത് എഴുത്തുകാരനായ എൻ. പി. മുഹമ്മദ് വഴിയാണ്. എം. കൃഷ്ണൻ നായർ ‘സാഹിത്യവാരഫലം’ എന്ന പ്രസിദ്ധമായ പംക്തി കലാകൗമുദിയിൽനിന്ന് മലയാളം വാരികയിലേക്ക് മാറ്റിയപ്പോൾ കൃഷ്ണൻ നായർ കൈകാര്യം ചെയ്തിരുന്ന നാല് പുറങ്ങൾ എഴുതാൻ പറ്റിയ ഒരാളെ എൻ.ആർ.എസ് നോക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് എൻ.പിയും അദ്ദേഹവുമായി ഈ വിഷയം സംസാരിക്കാനിടയാകുന്നത്. എൻ പി ഉടനെ എന്റെ പേര് നിർദ്ദേശിച്ചു. ഞാൻ ആ സമയത്ത് ഒരു വരി പോലും മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടില്ല. എൻ. പിയുമായി അഗാധമായ വ്യക്തിബന്ധമാണ് എനിക്കുണ്ടായിരുന്നത്, എൻ.ആർ.എസിനും.

ഒരിക്കൽ എൻ.പി ദൽഹിയിൽ സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് യോഗത്തിന് വന്നപ്പോഴാണ് എന്നോട് എൻ.ആർ.എസ്. ബാബുവും അദ്ദേഹവും തമ്മിൽ സംസാരിച്ച കാര്യം പറയുന്നത്: "കൃഷ്ണൻ നായർ കൈകാര്യം ചെയ്തിരുന്ന നാല് പേജുകൾ ഇനി നീയാണ് എഴുതുന്നത്," എൻ.പി ആജ്ഞാസ്വരത്തിൽ പറഞ്ഞു. ഇതുകേട്ട് അമ്പരന്നുപോയ ഞാൻ അത് എന്നെക്കൊണ്ട് കഴിയില്ലെന്ന് പറഞ്ഞെങ്കിലും എൻ. പി സ്നേഹപൂർവ്വം ശാസിക്കുന്ന ഭാഷയിൽ, ‘അത് ഞാൻ ബാബുവിന് വാക്കു കൊടുത്തു, നീ അത് ചെയ്യണം’ എന്നു പറയുന്നു. ഒരാഴ്ച കഴിഞ്ഞ് എൻ.ആർ.എസിനെ ഞാൻ ഫോണിൽ ബന്ധപ്പെടുന്നു. അങ്ങനെയാണ് ‘അകം പുറം’ എന്ന പേരിൽ കലാകൗമുദിയുടെ അവസാനത്തെ നാല് പേജുകൾ നാലു വർഷത്തോളം ഞാൻ കൈകാര്യം ചെയ്യാനിടയായത്.

തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ എൻ.ആർ.എസ്. ബാബു ഒരു വൈകുന്നേരം എന്നോടൊപ്പം ചെലവഴിക്കാൻ എപ്പോഴും സന്നദ്ധനായിരുന്നു. കൂട്ടത്തിൽ മിക്ക സമയത്തും എഴുത്തുകാരൻ സക്കറിയ കൂടി ഉണ്ടാകും. ഞങ്ങൾ മൂന്നുപേരും രണ്ടോ മൂന്നോ മണിക്കൂർ ഇരുന്ന് ആകാശത്തിനുകീഴിലുള്ള സകല വിഷയങ്ങളെക്കുറിച്ചും ദീർഘമായി സംസാരിക്കുകയും തർക്കിക്കുകയും ചെയ്യും. ആഹ്ലാദകരമായ കൂടിക്കാഴ്ചകളായിരുന്നു അവ.

തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ എൻ.ആർ.എസ്. ബാബു ഒരു വൈകുന്നേരം എന്നോടൊപ്പം ചെലവഴിക്കാൻ എപ്പോഴും സന്നദ്ധനായിരുന്നു. കൂട്ടത്തിൽ മിക്ക സമയത്തും എഴുത്തുകാരൻ സക്കറിയ കൂടി ഉണ്ടാകും.
തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ എൻ.ആർ.എസ്. ബാബു ഒരു വൈകുന്നേരം എന്നോടൊപ്പം ചെലവഴിക്കാൻ എപ്പോഴും സന്നദ്ധനായിരുന്നു. കൂട്ടത്തിൽ മിക്ക സമയത്തും എഴുത്തുകാരൻ സക്കറിയ കൂടി ഉണ്ടാകും.

പംക്തിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങൾ അങ്ങേയറ്റം രസാവഹമായിരുന്നു. എഴുത്ത് നന്നായെന്ന് തോന്നിക്കഴിഞ്ഞാൽ കലവറയില്ലാതെ പ്രശംസിക്കും. ഏതെങ്കിലും ആഴ്ചയിൽ പോരെന്ന് തോന്നിയാൽ അതും കൃത്യമായി പറയും. ഫോണിലാണെങ്കിലും ഇ-മെയിൽ വഴിയാണെങ്കിലും, ‘കഴിഞ്ഞയാഴ്ച പംക്തി വേണ്ടത്ര നന്നായില്ല, കുറച്ചുകൂടി നന്നാക്കണം’ എന്നു പറയും.

പിന്നീട് കൂടിക്കാഴ്ചകൾ കുറഞ്ഞുവന്നു. അദ്ദേഹം മറവിരോഗത്തിന് പതുക്കെപ്പതുക്കെ കീഴ്പ്പെടുകയായിരുന്നു. എട്ടുകൊല്ലത്തോളമാണ് ആളുകളെ തിരിച്ചറിയാൻ കഴിയാതെ, ഒന്നിനെക്കുറിച്ചും ഓർമ്മിക്കാൻ കഴിയാതെ അദ്ദേഹം ജീവിച്ചത്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി അദ്ദേഹം പുലർത്തിയിരുന്നത് അന്യാദൃശ്യമായ വ്യക്തിബന്ധങ്ങളായിരുന്നു. ഇത് പല ഘട്ടങ്ങളിലും അനുഭവിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ അവിടെ തന്റെ സുഹൃത്ത് സണ്ണി വൈക്ലിഫ് ഉണ്ടെന്നും അദ്ദേഹത്തെ കാണണമെന്നും എന്നോട് പറഞ്ഞു. വാഷിംഗ്ടണിൽ സണ്ണി വൈക്ലിഫ് അങ്ങേയറ്റം സ്നേഹത്തോടെ എന്നെ സ്വാഗതം ചെയ്യുക മാത്രമല്ല, പാർത്ഥസാരഥി പിള്ള അടക്കം എൻ.ആർ.എസുമായി അടുത്ത ബന്ധമുണ്ടായിരുന്ന രണ്ടു മൂന്നു പേരോടൊത്ത് ഉച്ചഭക്ഷണത്തിന് ഏർപ്പാട് ചെയ്യുകയും ചെയ്തു. ഇങ്ങനെ അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്ന, ഒരുപക്ഷേ കേരളത്തിൽ അദ്ദേഹം ഏറ്റവും അടുത്ത് ഇടപഴകിയിരുന്ന ഒരാൾ എഴുത്തുകാരൻ സക്കറിയ ആയിരുന്നു. മാത്രവുമല്ല സക്കറിയയുടെ ഏറ്റവും നല്ല സൃഷ്ടികൾ പലതും അക്കാലത്ത് കലാകൗമുദിയിലാണ് വെളിച്ചം കണ്ടത്.

ഇംഗ്ലീഷും മലയാളവും അതിമനോഹരമായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം പരിഭാഷ നന്നായി ചെയ്യുമായിരുന്നു. ഹമീദ് ഖാൻ എന്ന എഴുത്തുകാരൻ (അങ്ങനെ ഒരാളെ നമുക്ക് ഗൂഗിളിൽ പരതിയാൽ കാണാൻ പ്രയാസമാണ്) അമേരിക്കയിൽ പോയപ്പോൾ അദ്ദേഹം പരിചയപ്പെട്ട ഹൈദരാബാദുകാരനായ ഒരു ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം, എൻ.ആർ.എസുമായുള്ള ബന്ധം കൊണ്ടുമാത്രം അതിമനോഹരമായ ശാസ്ത്രീയ ലേഖനങ്ങൾ കലാകൗമുദിയിൽ അക്കാലത്ത് നിരന്തരമായി എഴുതുമായിരുന്നു. അത് മറ്റാർക്കും കഴിയാത്തത്ര ഭംഗിയോടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നത് എൻ.ആർ.എസ്. ബാബു തന്നെയായിരുന്നു. പക്ഷേ എവിടെയും തൻറെ പേര് വെക്കുന്ന പതിവുണ്ടായിരുന്നില്ല. ഒരിക്കൽ ഞാൻ, ബാബു സാർ ആണോ ഇത് പരിഭാഷപ്പെടുത്തുന്നത് എന്നു ചോദിച്ചപ്പോൾ, നേർക്കുനേരെ ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.

എന്നെ എഴുത്തുകാരനാക്കിയത് എൻ.ആർ.എസാണ്. ഭാഷയിലെ സാഹസികതയും അന്യാദൃശത്വവുമാണ് നല്ല എഴുത്തിനെ ചീത്ത എഴുത്തിൽ നിന്ന് വേറിട്ടുനിർത്തുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അദ്ദേഹം പത്രപ്രവർത്തനം പഠിപ്പിച്ച വിദ്യാർത്ഥികളിൽ പലരും ഭാഷയുടെ കാര്യത്തിൽ അദ്ദേഹം പുലർത്തിയിരുന്ന നിഷ്കർഷ പ്രത്യേകം എടുത്തുപറയുന്നത് കേട്ടിട്ടുണ്ട്.
വിട, പ്രിയപ്പെട്ട എൻ.ആർ.എസ്…


Summary: Shajahan Madampat writes about late veteran journalist NRS Babu


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments