ഈ മൂന്നു ഘട്ടങ്ങളിലും മടുക്കാതെ കേട്ടു, പങ്കജ് ഉധാസിനെ. അങ്ങനെ ഓരോ പാട്ടും കാണാപ്പാഠമായി.
ഓരോ പാട്ടു കേൾക്കുമ്പോഴും അടുത്ത സുഹൃത്തിനെപ്പോലെ അദ്ദേഹം എന്റെ തോളിൽ കയ്യിടും. ഞാൻ അദ്ദേഹത്തെ ചുറ്റിപ്പിടിക്കും. ഞങ്ങൾ നടക്കാനിറങ്ങും. ഇടയ്ക്കിടെ അദ്ദേഹം മറുകൈ ഉയർത്തി ഗസലിന്റെ മേയ്ഖദകളിലും ആരാമങ്ങളിലും കയറിയിറങ്ങും. ഇടയിൽ, ഞാനറിയാതെ, മട്ടുപ്പാവിൽ ചന്ദ്രനെ നോക്കി നിൽക്കുന്ന എന്റെ കാമുകിയുടെ അടുത്ത് കൊണ്ടുപോകും. അവളേയും എന്നേയും അവിടെ വിട്ടിട്ട് പങ്കജ് നിലാവിൽ അപ്രത്യക്ഷനാവും. പുഴയ്ക്ക് അക്കരെയുള്ള മധുശാലയിലിരുന്ന് അദ്ദേഹം ഞങ്ങൾക്കുവേണ്ടി പാടും. ഒരു കുളിർ തെന്നലിനൊപ്പം ആ ഈരടികൾ ഒഴുകിവരും. അത് എനിക്കും അവൾക്കും ഇടയിലുള്ള മുല്ലവള്ളികളെ ഉലയ്ക്കും.
പങ്കജ്,
നമുക്കിന്ന് ഇതുവരെ കാണാത്തൊരു സ്ഥലത്തേക്ക് പോകാം, മറ്റൊരു ഗസലിന്റെ കാസറ്റ് വാക്മാനിലിട്ട് അടച്ചശേഷം ഞാൻ പറയും. നൂറുതവണ അനുഭൂതികളുടെ പല ലോകങ്ങൾ കാട്ടിത്തന്നൊരു ഗാനം വീണ്ടും പുതിയൊരു ലോകത്തേക്ക് പോകാനായി ശ്രുതിയിടും. പങ്കജും ഞാനും ആ പാട്ടിന്റെ പരവതാനിയിൽ കയറിനിൽക്കും. അത് ഞങ്ങളെയും കൊണ്ട് മലകൾക്കും മേഘങ്ങൾക്കും മീതെ പറക്കും. ദൈവത്തോടെന്നവണ്ണം പങ്കജ് കൈകളും കണ്ണുകളും ഉയർത്തും. ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടൊരു പ്രാർഥനപോലെ. അതുകേട്ട് മേഘങ്ങൾ പിച്ക്കാരിയുമായി വരും. ആകാശം മുഴുവൻ ഹോളിയുടെ വർണ്ണങ്ങൾ വിതറും. കടൽ അവയുടെ പ്രതിബിംബങ്ങൾ ഉണ്ടാക്കും. അസൂയക്കാരനായ സൂര്യൻ സാധകത്തിനായി കഴുത്തറ്റം മുങ്ങും. പറവകൾ സന്ധ്യയ്ക്കുമേൽ മാലകോർക്കും.
പങ്കജ്,
ഞാൻ ദുഃഖിച്ചിരുന്നപ്പോഴും പ്രണയിച്ചിരുന്നപ്പോഴും പ്രവാസിയായിരുന്നപ്പോഴുമെല്ലാം താങ്കളുടെ ശബ്ദം എന്നെ സ്നേഹിച്ചു. പ്രണയിച്ചിരുന്നപ്പോൾ ഞാനും നിങ്ങളും ഒരേ കടലിൽ ഒരേ തിരകളായി ഒരേ തീരത്ത് വന്നലച്ചുകൊണ്ടിരുന്നു. പ്രവാസിയായിരുന്നപ്പോൾ ഗൃഹാതുരതയുടെ കനം തൂങ്ങുന്ന ഭാണ്ഡക്കെട്ടുകളഴിച്ച് നമ്മൾ ഓർമകളും ദുഃഖങ്ങളും ഓരോന്നായെടുത്ത് തുടച്ചുവെച്ചു. ‘ആജാ.. ഉമ്ര് ബഹുത് ഹേ ഛോട്ടീ…’ മദ്യശാലയുടെ അരണ്ട വെളിച്ചത്തിരുന്ന് ഗസലുകളിലെ മധു കുറേശ്ശെയായി നുണഞ്ഞു; ധോടീ.. ധോടീ..
പങ്കജ്,
ഞാൻ കരുതിയിരുന്നത് ഹൃദയത്തിന് G spot ഇല്ലെന്നാണ്; എല്ലാവരും പറയുന്ന താങ്കളുടെ വെൽവെറ്റ് ശബ്ദം ഹൃദയത്തിന്റെ ആഴങ്ങളിൽ തൊടുന്നതുവരെ.
താങ്കളുടെ പാട്ടുകൾ ഞാൻ കേട്ടിരുന്നത് കർണ്ണപുടങ്ങളിലൂടെയായിരുന്നില്ല, ഹൃദയത്തിലെ ഏതൊക്കെയോ നേർത്ത പാളികളുടെ പ്രകമ്പനങ്ങളിലൂടെയായിരുന്നു. ഞാൻ അവയെ ഹൃദയപുടങ്ങൾ എന്നു വിളിക്കുന്നു. അവയ്ക്കു ചുറ്റുമാണ് ആസ്വാദന മുകുളങ്ങളുള്ളത്. താങ്കളുടെ സ്വരമാധുരി ഹൃദയപുടങ്ങളിൽ തട്ടുന്ന മാത്രയിൽ ആസ്വാദന മുകുളങ്ങൾ എഴുന്നുനിൽക്കുന്നു. പാട്ടിന്റെ പരിലാളനകളേറ്റ് അവ നിർവൃതി കൊള്ളുന്നു. ഹൃദയമുള്ളൊരാൾക്ക് താങ്കളുടെ പാട്ടുകൾ കേൾക്കാൻ കാതുകൾ ഒരുപക്ഷേ ആവശ്യമുണ്ടാവില്ല.
പങ്കജ്,
താങ്കൾ പാട്ടുപാടുമ്പോൾ ഞാൻ ഇടയ്ക്കെല്ലാം വാക്മാനിന്റെ ഫ്രണ്ട് കവറിലൂടെ അകത്തേക്ക് നോക്കും. അവിടെ, കാസറ്റിന്റെ രണ്ട് ചക്രങ്ങൾ തിരിയുന്നു. അതിൽ ഒന്ന് താങ്കളും മറ്റൊന്ന് ഞാനുമാണെന്ന് സങ്കൽപ്പിക്കൂ. നമ്മൾ രണ്ടുപേരും ഒരേ വേഗതയിലും താളത്തിലും ചലിക്കുന്നു. നമ്മൾ നടക്കാനിറങ്ങുന്നതുപോലെ. ഇടതുവശത്തെ ചക്രത്തിലിരുന്ന് താങ്കൾ പാട്ടുപാടുന്നു. വലതുവശത്ത് ഞാൻ അതെല്ലാം കേട്ടുകൊണ്ടിരിക്കുന്നു. നമുക്കിടയിൽ ഒരു ഇലക്ട്രോമാഗ്നറ്റിക് നാടയുടെ ബന്ധം! പാട്ടുപാടവേ താങ്കൾക്ക് ഭാരം കുറയുന്നു. എനിക്കാവട്ടെ, ഭാരമേറുന്നു.
പങ്കജ്,
താങ്കളുടെ ഒരു ലൈവ് കൺസെർട്ട് എങ്കിലും കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. ജീവിതത്തിന്റെ എല്ലാ ഋതുക്കളിലും കൂടെ നടന്നിരുന്ന ഗന്ധർവ്വനെ നേരിൽ കാണാനുള്ള ആഗ്രഹം. പലകാരണങ്ങളാൽ അത് സാധിച്ചില്ല. ഇനി അത് സാധിക്കുകയേയില്ല. അതോർക്കുമ്പോൾ ഹൃദയം വിങ്ങുന്നു. വരൂ പങ്കജ്, നമൊക്കൊന്ന് നടന്നിട്ടുവരാം.