മലയാള സിനിമയിലെ പരമ്പരാഗത നായക സങ്കൽപ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കണ്ണൂർ കൂത്തുപറമ്പിൽ നിന്നൊരു നടൻ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഇരച്ചുകയറിയ ഒരു കാലഘട്ടം. അര നൂറ്റാണ്ടിന്റെ നടനവൈഭവം, അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും ഞാനോ എനിക്കറിയുന്ന മറ്റൊരാളോ എന്ന തോന്നൽ മലയാളി പ്രേക്ഷകരിൽ ഉണ്ടാക്കിയെടുത്ത ഒരു നടൻ. നാരായണനായും, രമേശനായും, അഡ്വ. രാമകൃഷ്ണനായും തളത്തിൽ ദിനേശനായും, പ്രഭാകരനായുമൊക്കെ നമ്മോട് ചേർന്നുനിന്ന മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസൻ വിട വാങ്ങുമ്പോൾ അദ്ദേഹം പറഞ്ഞൊരു സ്റ്റേറ്റ്മെന്റ് ഇങ്ങനെ അലയടിക്കും... "ഞാൻ ചെയ്യാതെ പോയ അഞ്ഞൂറോളം സിനിമകളാണ് മലയാള സിനിമയ്ക്ക് ഞാൻ നൽകിയ സംഭാവന".
ആരായിരുന്നു മലയാളികൾക്ക് ശ്രീനിവാസൻ?
"നല്ലവനായ നായകൻ, ദുഷ്ടനായ വില്ലൻ"- മലയാളി പ്രേക്ഷകർക്ക് നടൻ എന്നാൽ ഈ രണ്ട് വിരുദ്ധ ധ്രുവങ്ങളായിരുന്നു. നല്ലതും ചീത്തയും എന്ന ലളിതമായ ഈ വിഭജനത്തിൽ ഒതുങ്ങാതെ ശ്രീനിവാസൻ കഥാപാത്രങ്ങൾ കുടുംബങ്ങളിൽ (സിനിമകളിൽ) നിറഞ്ഞുനിന്നു. അതിഭാവുകത്വം നിറഞ്ഞ സ്ഥിരം അഭിനയ ശൈലി ഒരുകാലത്തും ശ്രീനിവാസൻ എന്ന നടൻ സ്വീകരിച്ചിരുന്നില്ല. ചെറിയ നോട്ടങ്ങൾ, ചലനങ്ങൾ, നിശ്ശബ്ദതകൾ, കഥാപാത്രങ്ങളുടെ മാനസിക സങ്കീർണ്ണതകൾ- ഒക്കെ നമ്മുടെ ചുറ്റും കാണുന്ന ഓരോ മനുഷ്യരുടെ നേർപകർപ്പുകൾ എന്ന് തോന്നിപ്പോകും വണ്ണം ആയിരുന്നു ഓരോ കഥാപാത്രാവിഷ്‌കാരങ്ങളും.
സാധാരണക്കാരുടെ ജീവിതത്തെ സ്വഭാവികയോടെ പകർന്നാടുന്ന അദ്ദേഹത്തിന്റെ ശൈലി പ്രേക്ഷകരെ ആകർഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. സ്വഭാവികത തന്നെയാണ് ശ്രീനിവാസൻ എന്ന നടന്റെ അഭിനയത്തിലെ ആധാരം. അധികപ്രയത്നം ഇല്ലാതെ കഥാപാത്രത്തിന്റെ മനോഭാവം പ്രേക്ഷകർക്ക് അനുഭവപ്പെടും വിധം സ്‌ക്രീനിൽ അവതരിപ്പിക്കുന്ന നമ്മളിൽ ഒരാളായ നടൻ എന്ന നിലയിൽ പ്രേക്ഷകരുടെ കൂടെയായിരുന്നു എന്നും ശ്രീനിവാസൻ എന്ന നടൻ. അതോടൊപ്പം, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഹസ്യത്തിന്റെ അകമ്പടിയോടെ വെള്ളിത്തിരയിൽ എത്തിക്കുന്നത്ത് അദ്ദേഹത്തിന്റെ പ്രതേകത ആയിരുന്നു. കാരിക്കേച്ചർ സ്വഭാവരൂപങ്ങൾ സൃഷ്ടിച്ച് അപകർഷതാബോധത്തെയും കപടതകളെയും പരിഹസിച്ച് സ്വതസിദ്ധമായ മുഖഭാവങ്ങളിലൂടെയും അസാമാന്യ ടൈമിങ്ങിലൂടെയും ഹാസ്യം സൃഷ്ടിച്ച കലാകാരൻ.

ശ്രീനിവാസൻ എന്ന നടൻ മലയാള സിനിമയിലെ 'ആന്റി ഹീറോ' സങ്കല്പത്തിന് ശക്തമായ അടിത്തറയിട്ടു. വീരത്വമോ മഹത്വമോ ചാർത്തപ്പെടാത്ത, പിഴവുകളോടെ ജീവിക്കുന്ന മനുഷ്യനെ അദ്ദേഹം സ്‌ക്രീനിൽ പ്രതിഷ്ഠിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഒരു കാലഘട്ടത്തിന്റെ പ്രതിനിധികളായി, മധ്യവർഗ്ഗ മനസ്സുകളുടെ ആശങ്കകളായി.
നടനായ ശ്രീനിവാസൻ നിലനിൽക്കുമ്പോഴും ഒട്ടും അവഗണിക്കാൻ പാടില്ലാത്ത മറ്റൊരു ശ്രീനിവാസനുണ്ട്. തിരക്കഥകൃത്തായ, സംവിധായകനായ ശ്രീനിവാസൻ. 50- ഓളം സിനിമകളിൽ തിരക്കഥകൃത്തായും രണ്ട് സിനിമകളുടെ സംവിധായകനായും ശ്രീനിവാസൻ നിറഞ്ഞുനിന്നപ്പോൾ മലയാള സിനിമക്ക് ലഭിച്ചത് ബോയിങ് ബോയിങ് പോലെ, ഹലോ മൈ ഡിയർ റോങ്ങ് നമ്പർ പോലെ, ടി പി ബാലഗോപാലൻ പോലെ, പട്ടണപ്രവേശം പോലെ, വരവേൽപ്പ് പോലെ, സന്ദേശം പോലെയുള്ള സിനിമകൾ.
ശ്രീനിവാസൻ എഴുതിയിട്ട വരികൾ മലയാളികളുടെ നാവിൽ വരാത്ത ദിവസങ്ങൾ കുറവായിരിക്കും. "പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്" എന്ന് ഒരിക്കലെങ്കിലും പറയാത്തവരുണ്ടാകില്ല എന്നുവരെ സംശയിക്കാൻ പാകത്തിൽ സംഭാഷണങ്ങൾ എഴുതിയ, ആക്ഷേപഹാസ്യവും രാഷ്ട്രീയഹാസ്യവും ഇത്രമാത്രം തഴക്കത്തിലും വഴക്കത്തിലും എഴുതിയ മറ്റൊരാളുണ്ടോ എന്ന് സംശയമാണ്.
കഥ പറച്ചിലിനെ ആന്തരികമായി മാറ്റിയ സൃഷ്ടിപരമായ ശക്തി കൂടിയാണ് ശ്രീനിവാസൻ എന്ന തിരക്കഥാകൃത്ത് എഴുത്തിലൂടെ പ്രകടമാക്കിയത്. കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും ഒരുപോലെ സാമൂഹിക യഥാർഥ്യങ്ങളിൽ നിന്നുകൊണ്ട് സംസാരിക്കണം എന്ന ഉറച്ച നിലപാടെടുത്ത എഴുത്തുകാരനാണ് ശ്രീനിവാസൻ. വിനോദവും ചിന്തയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകൊണ്ടാണ് ശ്രീനിവാസൻ കഥയെഴുതിയിരുന്നത്. സാമൂഹിക വിമർശനങ്ങൾ നടത്തുമ്പോൾ തന്നെയും അതിലെ ജനകീയത നഷ്ടപ്പെടാതെ സൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

സാഹിത്യഭംഗിയുള്ള സംഭാഷണങ്ങളില്ലാതെ, നിത്യജീവിതത്തിലെ സംസാരഭാഷ സംഭാഷണങ്ങളായി മാറിയ എഴുത്തുകൾ, വിശ്വസനീയമായ കഥാപാത്രങ്ങൾ, അനാവശ്യ വിശദീകരണങ്ങളോ ഉപദേശസ്വരമോ ഇല്ലാത്ത, സാമൂഹിക- രാഷ്ട്രീയ ആക്ഷേപഹാസ്യം നിറഞ്ഞ തിരക്കഥകൾ. അധികാരം എങ്ങനെ മനുഷ്യനെ മാറ്റിമറിക്കുന്നു എന്ന ചോദ്യം എന്നും അദ്ദേഹം ഉയർത്തിയിരുന്നു.
മധ്യവർഗ്ഗ സമൂഹം തന്നെയായിരുന്നു എന്നും ശ്രീനിവാസന്റെ കഥകളിലെ ലോകം. കുടുംബം, കല്യാണം, മരണം, തൊഴിലിടങ്ങൾ, ചായക്കടകൾ- ശ്രീനിവാസൻ സിനിമകൾ കഥ പറയുന്ന ഇടങ്ങളത്രയും മലയാളികളുമായി ചേർന്നു നിൽക്കുന്ന ഇടങ്ങൾ കൂടിയായിരുന്നു.
പി. എ. ബക്കറിന്റെ മണിമുഴക്കത്തിലൂടെ നടനായി മാറിയ ശ്രീനിവാസൻ, പിന്നീട് ഓടരുതമ്മാവ ആളറിയാം എന്ന സിനിമയിലൂടെ തിരക്കഥകൃത്തിന്റെ കുപ്പായമണിഞ്ഞു. വടക്കുനോക്കിയന്ത്രത്തിലൂടെ സംവിധായകന്റെ വേഷവും തനിക്ക് ചേരും എന്ന് അടിവരയിട്ടു. മികച്ച സിനിമ, കഥ, രക്കഥ, നടൻ, നിർമ്മാതാവ് എന്നിങ്ങനെ ആറ് കാറ്റഗറികളിലും ശ്രീനിവാസൻ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.
ഹാസ്യം ആയുധമാക്കിയ, ഹാസ്യം അസ്വസ്ഥമാക്കാനും ചിന്തിപ്പിക്കാനും ഉള്ളതാണെന്ന ബോധ്യമുണ്ടാക്കിയ, സാമൂഹിക സത്യങ്ങളെ കൂടുതൽ മൂർച്ചയോടെ മുന്നോട്ട് വെച്ച, വ്യവസ്ഥകളെ ചോദ്യം ചെയ്ത ഒരു സിനിമാകാലമാണ് ശ്രീനിവാസനോടൊപ്പം ഓർമയാകുന്നത്.
‘സന്ദേശം’ പോലുള്ള സിനിമകളെ മുൻനിർത്തി അരാഷ്ട്രീയമാണ് ശ്രീനിവാസൻ സിനിമകൾ എന്ന വിമർശനമുയർന്നിട്ടുണ്ട്. എങ്കിലും ഇടതും വലതും രാഷ്ട്രീയപക്ഷങ്ങളെ ഒരേപോലെ പരിഹാസത്തിന് വിധേയമാക്കുന്നതായിരുന്നു ആ എഴുത്ത്. ശ്രീനിവാസന്റെ 'അരാഷ്ട്രീയത' ഒരു സുരക്ഷിത നിലപാടായിരുന്നില്ല, ആശയങ്ങളെ മുൻനിർത്തിയുള്ള അഹങ്കാരങ്ങളോടുള്ള അവിശ്വാസമായിരുന്നു.

ശ്രീനിവാസൻ എന്ന കലാകാരന്റെ സിനിമാഭാഷയെ ഒരൊറ്റ വാചകത്തിൽ ചുരുക്കിപ്പറയുകയാണെങ്കിൽ 'അത് ചോദ്യങ്ങളിലൂടെ മുന്നേറുന്ന സൃഷ്ടിബോധം' എന്ന് പറയാം. നടനായി അദ്ദേഹം മലയാള സിനിമയുടെ നായകസങ്കല്പത്തെ തകർത്തു. തിരക്കഥകൃത്തായി മലയാള സിനിമയ്ക്ക് പുതിയൊരു ഭാഷ നൽകി. സംവിധായകനായി പുതിയ ശൈലികൾ ഒരുക്കി. ശ്രീനിവാസൻ സിനിമകൾ ഉത്തരങ്ങൾ നൽകുന്ന കൃതികളല്ല, അവ തുടർച്ചയായി ചോദ്യങ്ങൾ ഉയർത്തുന്ന ഇടങ്ങളാണ്.
