സിദ്ധിഖ്

‘സ്വാമിക്ക് സാമ്പാറും എനിക്ക് ചിക്കൻ കറിയും’; മലയാളിയുടെ ദുരിതസൗഹൃദകഥ

മലയാളിയുടെ സൗഹൃദചരിത്രത്തിലെ തീക്ഷ്​ണമായ അധ്യായങ്ങൾ സിദ്ദിഖ്​ ലാൽ സിനിമകളുടെ ഏറ്റവും വലിയ സവിശേഷതയാണെന്ന്​ ഇന്ദു രമ വാസുദേവൻ.

തൊണ്ണൂറുകളിലെ മലയാളി പുരുഷന്റെ വൈകാരിക ലോകങ്ങളുടെ അകം സിദ്ധിഖ്, ലാൽ സിനിമകളിലെ സൗഹൃദങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. പ്രിയദർശൻ ചിത്രങ്ങളിലേതുപോലെ കൊമ്പു കോർക്കുന്ന മത്സരബുദ്ധിയല്ല ഇവിടെ സൗഹൃദം നിർണയിക്കുന്നത്. നഗരവാസികളായ ചെറുപ്പക്കാരുടെ ബാച്ച്ല​ർ കൂട്ടായ്‌മകൾ ഈ അവതരണങ്ങളിൽ തുടരുന്നു. കുടുംബത്തിനപ്പുറം ജീവിപ്പിക്കുന്ന പുതിയ ബന്ധവ്യവസ്ഥകൾ ഉണ്ടായി വരുന്ന ചരിത്രം ഈ ചിത്രങ്ങൾ പങ്കുവയ്ക്കുന്നു.

പരസ്പരം കേൾവി കൊടുക്കുകയും താങ്ങാവുകയും വിനിമയം കൊടുക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ കൂട്ടമാണത്. ദുരിതങ്ങളിൽനിന്ന് ഗൾഫിലേക്ക് നീന്തിക്കയറാൻ കൊതിച്ച മലയാളി യൗവനം നാടോടിക്കാറ്റിലുണ്ട്. സിദ്ധിഖ് ലാലിന്റേതായിരുന്നു കഥ. ദാസനും വിജയനും കരകാണാകടലല മേലെ ഒരു മോഹപൂന്തോണി സ്വപ്നം കാണുന്നുണ്ട്. കേരളത്തിൽ പല തൊഴിലുകളും ചെയ്ത് തോറ്റുപോയ രണ്ടു മനുഷ്യർ ജയിക്കാൻ ഓടുന്ന പ്രവാസദൂരങ്ങൾ നാടോടിക്കാറ്റിലുണ്ട്. സൗഹൃദത്തിൽ പുലരുന്ന മേലു കീഴുകൾ ദാസനും വിജയനും ദൃശ്യപ്പെടുത്തുന്നു. ബികോം ഫസ്റ്റ് ക്ലാസിൽ പാസായ മേൽകൈ തനിക്കുണ്ടെന്ന് ദാസൻ വൃഥാ വ്യാമോഹിക്കുന്നു. അടുക്കളപ്പണിയും അരിവെപ്പും പാത്രം കഴുകലും വിജയനാണ് വിധിക്കപ്പെടുന്നത്. ഉണ്ണുക മാത്രം ചെയ്യുന്ന ഒരു ദാസനും പണികൾ ചെയ്യാൻ വിധിക്കപ്പെട്ട ഒരു വിജയനും മലയാളിയുടെ സൗഹൃദ ചരിത്രത്തിലുണ്ട്. പന്തിഭോജനങ്ങളിൽ അടുക്കാത്ത വിടവുകൾ അവർക്കിടയിലുണ്ട്.

ലാലും സിദ്ധിഖും

എന്നാൽ, മാന്നാർ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ശ്രേണികൾ കുറഞ്ഞ സൗഹൃദമാണ് പങ്കിടുന്നത് എന്നു കാണാം. കേരളത്തിൽ തന്നെ തുടർന്ന തൊഴിൽരഹിതരായ യുവാക്കളുടെ ആഗ്രഹലോകം ഗോപാലകൃഷ്ണനും ബാലകൃഷ്ണനും പങ്കുവെയ്ക്കുന്നു. ഓടാത്ത ഒരു നാടകവണ്ടിയാണ് മാന്നാർ മത്തായിയുടെ യാഥാർത്ഥ്യം. ബാലകൃഷ്ണനും ഗോപാലകൃഷ്ണനും തൊഴിലില്ലായ്മയുടെ തിക്തഫലങ്ങൾ പേറുന്നവരാണ്. മാന്നാർ മത്തായി പ്രായം കൊണ്ട് മുതിർന്ന ഒരാളാണെങ്കിലും 'മത്തായിച്ചനായി' യുവാക്കളുടെ കൂടെ നടക്കുന്നു. അയാൾ അവരുടെ വല്യേട്ടൻ കളിക്കുന്നില്ല. പലപ്പോഴും അയാൾ ആ വീടിന്റെ അധികാരി പോലുമല്ല. വീട്ടിൽ ആരെ താമസിപ്പിക്കണം എന്നു തീരുമാനിക്കുന്നത് സൗഹൃദം നൽകുന്ന അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുറത്താണ്. വാടക നൽകാൻ പാങ്ങില്ലെങ്കിലും ഇല്ലായ്‌മകളിൽ അധിവസിക്കാൻ ഒരു ചേക്കയാണ് ഇവരുടെ സൗഹൃദം. മുങ്ങിപ്പോകാതെ ജീവിപ്പിക്കുന്ന ഒരു കൈത്താങ്ങ്. ജീവിക്കാൻ മനുഷ്യർ ചെയ്തു പോകുന്ന സാഹസങ്ങൾ പൊറുക്കുന്ന കൂട്ടുജീവിതം.

ആബേലച്ചന്റെ ആശീർവാദത്തിൽ പുലർന്ന കലാഭവനിലെ മിമിക്രി കൂട്ടായ്മയുടെ സൗഹൃദകാല ഓർമ്മകൾ ഈ ചിത്രത്തിൽ നിഴൽ വീശുന്നുണ്ട്.

മായൻ കുട്ടിയും രാമഭദ്രനും തോമസുകുട്ടിയും മഹാദേവനും ഗോവിന്ദൻകുട്ടിയും അപ്പുക്കുട്ടനും 90- കളിലെ മലയാളി ആൺജീവിതകാമനകൾ വെള്ളിത്തിരയിൽ സജീവമാക്കി. ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ എന്ന് ഈ രമണമദനൻമാർ മലയാളികളോട് ചോദിച്ചുകൊണ്ടിരുന്നു. മറ്റേ പാതിയോട് അടുക്കാനുള്ള വിനിമയ പ്രതിസന്ധികൾ ഈ പുരുഷലോകം പങ്കിട്ടു.

‘ഗോഡ്​ഫാദർ’ സെറ്റിൽ എൻ.എൻ. പിള്ള, ലാൽ, സിദ്ദിഖ്​ തുടങ്ങിയവർ

ആറ്റിറമ്പിൽ ആൽമരത്തിൽ, നീർപ്പളുങ്കുകൾ ചിതറി വീഴുമീ നിമിഷ സാഗരം, പാൽനിലാവിനും ഒരു നൊമ്പരം, ഒരായിരം കിനാക്കളാൽ, പാതിരാവായി നേരം… ഇങ്ങനെ അവരുടെ നിശാഗീതങ്ങൾ തുടർന്നു. അവയിൽ സ്വപ്‌നം കൊണ്ട് മുറിവേറ്റു വീഴുന്ന യാഥാർത്ഥ്യം ആവർത്തിക്കപ്പെടുന്നതു കാണാം.

സൗഹൃദത്തിന്റെ അനവധി നിറഭേദങ്ങൾ സിദ്ധിഖ്, ലാൽ എന്നീ ചങ്ങാതിമാർ മലയാളിക്ക് നൽകുന്നുണ്ട്. 'തോമസ് കുട്ടീ വിട്ടോടാ' എന്നു പറഞ്ഞ്​ ഓടിപ്പോരാവുന്ന അമളികൾ അവിടെയുണ്ട്. ഗോഡ് ഫാദറിൽ രാമഭദ്രന്റെ ക്രിയകൾക്ക് പലപ്പോഴും പ്രേരണ മായൻ കുട്ടിയാണ്. വിയറ്റ്നാം കോളനിയിൽ സ്വാമിയുടെ ജീവിതം പുലരാൻ ഒരു കാരണം കെ.കെ. ജോസഫിന്റെ ചങ്ങാത്തമാണ്. 'അയാൾ കഥ എഴുതുകയാണ് ' എന്ന സിദ്ധിഖ് കഥ എഴുതിയ സിനിമയിൽ സാഗർ കോട്ടപ്പുറത്തിന്റെ ജീവിതം സങ്കീർണ്ണമാകുന്നത് സൗഹൃദത്തിന്റെ പുറത്താണ്.

റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിൽ ഒരു രംഗമുണ്ട്. ഗോപാലകൃഷ്ണന്റെ തനിനിറം വെളിപ്പെടുത്തി പെറ്റമ്മയെ പോലും പറ്റിക്കുന്ന ഒരുവനെ ബാലകൃഷ്ണൻ ചോദ്യം ചെയ്യുന്നു. ഒരുപാട് ദ്രോഹങ്ങൾ താൻ ചെയ്തിട്ടും പെറ്റമ്മക്കു മുന്നിൽ തന്റെ നുണ പൊളിക്കാതെ കൂടെ നിന്ന കൂട്ടുകാരനോട് ഗോപാലകൃഷ്ണൻ നന്ദി പറയുന്നു. ബാലകൃഷ്ണൻ കനിഞ്ഞില്ലായിരുന്നെങ്കിൽ ആ രാത്രി തനിക്ക് തന്റെ അമ്മയെ നഷ്ടപ്പെടുമായിരുന്നു എന്ന് അയാൾ കരഞ്ഞു പറയുന്നു. സൗഹൃദം തേങ്ങയല്ലെന്നും ചിലപ്പോൾ നുണകൾക്കുപോലും കൂടെ നിൽക്കുന്ന സത്യമാണെന്നും പറയുന്ന, ജീവിതത്തിലെ അത്ര രാഷ്‌ട്രീയശരി അല്ലാത്ത ഒരു രംഗം.

സിദ്ദിഖ്​, ലാൽ

കന്നാസും കടലാസും കാബൂളിവാലയിൽ പറയുന്നതുപോലെ സൗഹൃദം ഒരു തെരുവാണ്. ഗൂർഖയും മതിലും ഗേറ്റും ഒന്നുമില്ലാത്ത എപ്പോൾ വേണമെങ്കിലും കാണാൻ വരാവുന്ന ഒരു തെരുവ്. വീണുടഞ്ഞു പോകുന്ന മോഹങ്ങൾ കൂട്ടി വയ്ക്കുന്ന ആറ്റിറമ്പിലെ ആൽമരചില്ല അതല്ലാതെ മറ്റെന്താണ് സൗഹൃദം. മരണത്തിലും ഉന്മാദത്തിലും അപമാനങ്ങളിലും വേദനകളിലും ഇറങ്ങിപ്പോകാൻ ഒരു വഴിയുണ്ട് എന്ന ജീവിപ്പിക്കുന്ന ഒരു ഓർമ്മ. ഒന്നുമില്ലായ്മകളിലും പുലരാൻ ചില ഇടങ്ങൾ അവശേഷിക്കുന്നുണ്ട് എന്ന പ്രതീക്ഷ. സൗഹൃദങ്ങളിലും കേൾവികളിലും കൂടിയാണ് മലയാളി മനുഷ്യനായത് എന്ന് സിദ്ധിഖ്, ലാൽ എന്ന ഈ ചങ്ങാതിമാർ ഓർമ്മപ്പെടുത്തി. വിയറ്റ്‌നാം കോളനിയിലെ സഹമുറിയൻ കെ.കെ. ജോസഫ് തനിക്ക് ചിക്കൻ കറിയും സ്വാമിക്ക് സാമ്പാറും കഴിക്കാൻ പറ്റുന്ന ലോകം പ്രതീക്ഷിക്കുന്നു. കേശവൻ നായർ ചായയും സാറാമ്മ കാപ്പിയും കുടിക്കുന്നത് കൂടിയായിരുന്നു മലയാളത്തിന്റെ നവോത്ഥാന ചരിത്രം. വൈവിധ്യങ്ങൾ നിഷേധിക്കുന്ന ഒരു ആർഷൻ സ്വാമിയെ സൗഹൃദം കൊണ്ട് മലയാളി അതിജീവിച്ച ചരിത്രം കൂടിയാണ് സിദ്ധിഖ്, ലാൽ ചിത്രങ്ങൾ ഓർമിപ്പിക്കുന്നത്.

Comments