റാബിയ.

കെ.വി. റാബിയയുടെ
(ജീവിത) ചലനനിയമങ്ങൾ

“ഇതിഹാസസമാനമായ ഒരു ജീവിതത്തിന്റെയും സ്ത്രീ സഹനത്തിന്റെയും ചുരുക്കപ്പേരാണ്, കെ.വി. റാബിയ,” ഡോ. ഉമർ തറമേൽ എഴുതുന്നു.

ലനം എന്ന പദമായിരിക്കാം ഒരുപക്ഷേ കെ.വി. റാബിയക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഷാപദം. ശരീരം കൊണ്ട് നടക്കാൻ കഴിയില്ലെങ്കിലും ആത്മവിശ്വാസവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ മനസ്സും ശരീരവും കൊണ്ട് അത് സാധിക്കും എന്ന് തെളിയിച്ച ഒരസാധാരണ സ്ത്രീയാണ് കെ.വി. റാബിയ. സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് എന്നാണ് അവരുടെ ആത്മകഥയുടെ ശീർഷകം. മനസ്സിൽ താൻ കൊണ്ടുനടക്കുന്ന അനുഭവശരീരത്തെ ലോകത്തിന്റെ പൊതു സാമൂഹിക-സാംസ്‌കാരിക മണ്ഡലത്തിലേക്ക് പറത്തിവിട്ട് ഒരു പക്ഷിയുടേതെന്നപോലെ ഉള്ള വിശാലമായ പ്രവർത്തന മണ്ഡലം ഇവർ രൂപപ്പെടുത്തുകയുണ്ടായി. ‘ചലനം’ എന്നാണ് അവരുടെ മുൻകൈയിൽ തുടങ്ങിയ സന്നദ്ധ സംഘടനയുടെ പേരുതന്നെ. അത് ഇന്ന് വലിയൊരു സ്ത്രീ കൂട്ടായ്മയാണ്.

അവരെക്കുറിച്ച് അലി അക്ബർ സംവിധാനം ചെയ്ത് ഡോക്യു ഫിക്ഷന്റെ പേര് ‘റാബിയ ചലിക്കുന്നു’ എന്നാണ്. ശരീരം തളർന്ന നിലയിൽ സാക്ഷരതാ പ്രവർത്തനരംഗത്തും സാമൂഹിക പ്രവർത്തനരംഗത്തും ഒരു അധിഷ്ഠാനമുണ്ടാക്കിയെടുത്ത ഒരു സ്ത്രീ എന്ന നിലയ്ക്കാണ് കേരളീയ പൊതുസമൂഹത്തിൽ റാബിയയ്ക്കുള്ള സ്ഥാനം. തുടർന്ന് സ്ത്രീ കൂട്ടായ്‌മകളിലും ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനരംഗങ്ങളിലുമൊക്കെ അവർ വ്യാപൃതയായി. പ്രകൃതി അവർക്കൊരു പാഠപുസ്തകമായിരുന്നു. ചുറ്റും കാണുന്ന തുറന്ന ലോകത്തിലേക്ക് നോക്കി പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും ചലനമാതൃകകളെ പഠിച്ച് തന്റെ ജീവിതത്തിലേക്കാവാഹിച്ചിട്ടാണ് റാബിയ സ്വന്തം ചലനനിയമം ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ആത്മകഥയിൽ അവർ ഇങ്ങനെ പറയുന്നു:

‘കുട്ടിക്കാലം മുതൽക്കേ മനസ്സു നിറയെ ചോദ്യങ്ങളും സംശയങ്ങളുമുണ്ടായിരുന്നു’- ഒരുപക്ഷേ ഈ ചോദ്യവും സംശയങ്ങളുമായിരുന്നു, ആത്മാവിനെ പ്രകാശിപ്പിക്കാനുള്ള സ്ഥൂലപേടകം മാത്രമാണ് ശരീരമെന്ന് അവരെക്കൊണ്ട് വിശ്വസിപ്പിച്ചിട്ടുണ്ടാവുക. ജീവനില്ലാത്ത / ആവതില്ലാത്ത ആത്മാവും മനസ്സും പേറി നടക്കുന്ന ബലിഷ്‌ഠകായങ്ങൾ കൊണ്ടെന്തു പ്രയോജനം എന്നൊരു മറുചോദ്യം കൂടി റാബിയയുടെ കാഴ്ചപ്പാടിൽ നിന്നും വായിച്ചെടുക്കേണ്ടതുണ്ട്.

ശരീരത്തികവില്ലാത്ത, എന്നാൽ സർഗപരമായ ഇച്ഛാശക്തിയുള്ള ലോകം അടക്കിവാണ പലരംഗത്തുമുള്ള മഹാരഥരാണ് റാബിയയുടെ അധ്യാപകർ. ആത്മകഥയിലവർ പരാമർശിക്കുന്ന ഈ പേരുകൾ അതിന് ഉദാഹരണമാണ്. സ്റ്റീഫൻ ഹോക്കിങ്, ഹെലൻ കെല്ലർ, ത്വാഹാ ഹുസൈൻ, ജോൺ മിൽട്ടൺ, അസീസിബിനു ഷബാസ്, ബിഥോവൻ... എന്നിങ്ങനെ. ശാസ്ത്രം, സാഹിത്യം, കവിത, സംഗീതം, ഭൗമശാസ്ത്രം, മതതത്ത്വചിന്ത എന്നീ രംഗങ്ങളിലെല്ലാം വാണരുളിയ മനുഷ്യരാണിവരൊക്കെ. തന്റെ പ്രകൃതിനിരീക്ഷണം കൊണ്ടും പരന്ന വായന കൊണ്ടും അകത്തെ മത-ശാസ്ത്ര-സൗന്ദര്യ-താളങ്ങളെ ഉണർത്തിക്കൊണ്ടുവരുന്നതിൽ ഈ മഹാന്മാർക്കുള്ള പങ്ക് ചെറുതല്ല.

അക്ഷരമുറ്റത്ത് എന്ന പേരിൽ താൻ ആരംഭിച്ച സാക്ഷരസദസ്സ് 1990 ജൂൺ 17-ന് ആരംഭിച്ചതായി ആത്മകഥയിൽ പറയുന്നു. ആ ക്ലാസുകളുടെ പാഠ്യപദ്ധതിയും രീതിയും ശ്രദ്ധിച്ചാൽ അറിയാം ക്ലാസിൽ തങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടുത്താനും സ്വയം തിരിച്ചറിയാനും പാകത്തിലായിരുന്നു അവയൊക്കെ. റാബിയ ആർജിച്ചെടുത്ത വേറിട്ട മനസ്സിന്റെ, വ്യക്തിത്വത്തിന്റെ സർഗ വിശേഷങ്ങൾ ഇവയിലൊക്കെ അന്തർലീനമാണ്. തന്റെ അക്ഷരമുറ്റത്ത് പഠിച്ച രണ്ടു സ്ത്രീകൾ ഗൾഫിലുള്ള ഭർത്താക്കന്മാർക്ക് കത്തെഴുതിയ കാര്യം ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ‘ജീവിതത്തിലാദ്യമായി തങ്ങളുടെ ഭർത്താക്കന്മാർക്ക് അവർ കത്തെഴുതി. അക്ഷരം സ്വായത്തമാക്കിയശേഷം പുതുതായെഴുതിയ എഴുത്താണിതെന്ന് തോന്നുമായിരുന്നില്ല ഇത് കണ്ടാൽ. കൈയക്ഷരം നല്ല വൃത്തിയുണ്ടായിരുന്നു.'

ചുറ്റുമുള്ള മഹദ് വ്യക്തികളുമായിട്ടുള്ള സംസർഗ്ഗം തന്റെ സാക്ഷരതാ സാമൂഹ്യ പ്രവർത്തനമണ്ഡലങ്ങളിലൂടെ റാബിയ നേടിയെടുത്തു. ‘വയ്യാത്ത ശരീരത്തിനുള്ളിലെ ചിറകുവെച്ച വറ്റാത്ത സ്വപ്നവസന്തങ്ങൾ നമുക്കുചുറ്റും പറന്നുകൊണ്ടിരിക്കുന്നു’- എന്നാണ് സമാനമായ ഒരുമഹദ്ജീവിതം കൊണ്ട് കേരളീയ പൊതുമണ്ഡലത്തെ പൂരിപ്പിച്ച സൈമൺ ബ്രിട്ടോ റാബിയയുടെ ആത്മകഥയ്ക്കുള്ള ആമുഖത്തിലെഴുതിയത്.

ഉള്ളിൽ നിറയെ സർഗാത്മക ചലനത്തിന്റെ ധിഷണയും നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചവും റാബിയയുടെ ചിന്തകളിൽ കൂടെപ്പിറപ്പായിരുന്നു.
ഉള്ളിൽ നിറയെ സർഗാത്മക ചലനത്തിന്റെ ധിഷണയും നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചവും റാബിയയുടെ ചിന്തകളിൽ കൂടെപ്പിറപ്പായിരുന്നു.

“കാലുകൾ മണൽക്കിഴിയിട്ട് വലിക്കുമ്പോഴും ശരീരം വേദനിക്കുമ്പോഴും വയ്യായ്കകൾ ഏറുമ്പോഴും അവൾ മറ്റുള്ളവർക്ക് മുമ്പേ പറന്നു കൊണ്ടിരുന്നു… പിന്നാലെ അംഗീകാരങ്ങളുടെ നീണ്ട ഘോയാത്ര. കേവലം ഒരു സാക്ഷര പ്രവർത്തകയായി മാത്രം അവൾ ഒതുങ്ങിയില്ല. വർത്തമാന പാഠ്യപദ്ധതിയിൽ ക്രിട്ടിക്കൽ പെഡഗോജി എന്ന് ഇന്ന് പ്രയോഗിക്കുമ്പോൾ, ടി.ടി.സിയും ഡിഗ്രിയും ബി.എഡുമില്ലാത്ത റാബിയ തന്റെ സാക്ഷരതാ ക്ലാസ്സുകളിൽ വർഷങ്ങൾക്കുമുമ്പേ അത് പരീക്ഷിച്ചു വിജയിച്ചു,” സൈമൺ ബ്രിട്ടോ കൂട്ടിച്ചേർക്കുന്നു.

ഉള്ളിൽ നിറയെ സർഗാത്മക ചലനത്തിന്റെ ധിഷണയും നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചവും അവരുടെ ചിന്തകളിൽ കൂടെപ്പിറപ്പായിരുന്നു.

“പുനർജന്മത്തിൽ വെള്ളിലക്കാട്ടിലെ റാബിയയാകാനാണ് എനിക്കിഷ്ടം” എന്ന് നിത്യചൈതന്യയതി ഊട്ടിയിലെ ഫേൺ ഹില്ലിൽ റാബിയയെ സ്വീകരിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ മനോഹരമായ ഒരു തമാശയായി റാബിയ എന്നും മനസ്സിൽ സൂക്ഷിച്ചു. നിത്യയെപ്പോലെയുള്ള നിരവധി ധിഷണശാലികളുടെ വ്യാവഹാരികവും വാത്സല്യപൂർണ്ണവുമായ അടുപ്പവും പങ്കുവെക്കലുകളും അവരുടെ തുടർ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജത്തിന്റെ ഉലയായി മാറുകയുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള നിരവധിയാളുകളെക്കുറിച്ച് ആത്മകഥയിൽ വിവരിക്കന്നുണ്ട്. കുരുവിള ജോൺ ഐ എ എസ് അതിലൊരാളാണ്. ‘അക്ഷരമുറ്റത്തെ ഗുരുവിള’ എന്നാണ് റാബിയ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

റാബിയ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത് ചുറ്റുമുള്ള ആൺകോയ്മാസമൂഹത്തിൽ അചഞ്ചലമായ മതവിശ്വാസത്തോടു കൂടിത്തന്നെ വേറിട്ടൊരു സ്ത്രീജീവിതത്തെ പുനഃപ്രകാശിപ്പിച്ച ഒരു വ്യക്തി എന്ന നിലയ്ക്കു കൂടിയാണ്. ശാസ്ത്രീയവും കാവ്യാത്മകവുമായ ലോകനിരീക്ഷണം കൊണ്ട് നേടിയെടുത്ത സർഗസാന്നിധ്യം അചഞ്ചലമായ ദൈവവിശ്വാസവുമായി കൂടിക്കലർന്നപ്പോൾ തന്നെപ്പോലെ നിരാലംബരായവർക്കു വേണ്ടി പ്രകാശിച്ച തേജസ്സായി അവർ മാറി. സ്വമതത്തിൽ നിന്നും പുറത്തുനിന്നും തനിക്കെതിരെ പാഞ്ഞുവന്ന ആണധികാര വിമർശനങ്ങളെയെല്ലാം മുനയുള്ള തന്റെ ഭാഷകൊണ്ട് അവർ നേരിട്ടു. കുറേ നേരം റാബിയയോട് സംവദിക്കുന്ന ആർക്കും പ്രതിരോധത്തിന്റെ ഇത്തരത്തിലുള്ള കഥകൾ കിട്ടും. ശരീരത്തിന്റെ അശക്തിയെയും വിക്കുകളെയും ഭാഷയുടെ ഓജസ്സും മാധുര്യവും കൊണ്ട് തിരിച്ചുപിടിച്ചതിന്റെ ഉദാഹരണം കൂടിയാണ് സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്, എന്ന തന്റെ ആത്മകഥ. തിരൂരങ്ങാടിയിൽ നിന്നും മലയാളത്തിന് ലഭിച്ച കവയിത്രി സി.എച്ച് കുഞ്ഞയിഷയേയും കേരള നവോത്ഥാന മണ്ഡലത്തിൽ മൂർച്ചയുള്ള പത്രാധിപത്യം കൊണ്ട് വീര്യം പകർന്ന എം. ഹലീമ ബീവിയെയും ഒരുമിച്ചോർമ്മിപ്പിക്കും റാബിയയുടെ സാമൂഹ്യ പ്രവർത്തനം.

തിരൂരങ്ങാടിയിൽ നിന്നും മലയാളത്തിന് ലഭിച്ച കവയിത്രി സി.എച്ച് കുഞ്ഞയിഷയേയും കേരള നവോത്ഥാന മണ്ഡലത്തിൽ മൂർച്ചയുള്ള പത്രാധിപത്യം കൊണ്ട് വീര്യം പകർന്ന എം. ഹലീമ ബീവിയെയും ഒരുമിച്ചോർമ്മിപ്പിക്കും റാബിയയുടെ സാമൂഹ്യ പ്രവർത്തനം.
തിരൂരങ്ങാടിയിൽ നിന്നും മലയാളത്തിന് ലഭിച്ച കവയിത്രി സി.എച്ച് കുഞ്ഞയിഷയേയും കേരള നവോത്ഥാന മണ്ഡലത്തിൽ മൂർച്ചയുള്ള പത്രാധിപത്യം കൊണ്ട് വീര്യം പകർന്ന എം. ഹലീമ ബീവിയെയും ഒരുമിച്ചോർമ്മിപ്പിക്കും റാബിയയുടെ സാമൂഹ്യ പ്രവർത്തനം.

സ്വന്തമൊരു ഭാഷ ആർജിച്ചെടുത്തുകൊണ്ട് മാത്രമേ പ്രപഞ്ചത്തെയും മനുഷ്യരെയും ദൈവത്തെപ്പോലും അറിയാൻ പറ്റുകയുള്ളൂ എന്നും സ്വന്തം വഴി വെട്ടിത്തുറക്കാൻ കഴിയൂ എന്നും മുൻപറഞ്ഞവരെപ്പോലെ അവരും തെളിയിച്ചു. ദേശീയമായ ഉള്ളുണർവുകൾ റാബിയയുടെ ജീവിതസമരത്തിന്റെ മുഖ്യ പ്രചോദനമാണ്. എല്ലാ മനുഷ്യരെയും ജീവികളെയും സ്നേഹിക്കാനും സാകല്യബോധത്തോടെ തിരിച്ചറിയാനും കഴിയുന്ന മട്ടിൽ ലോക ഭൂപടത്തിന്റെ മുകളിൽത്തന്നെ സ്ഥാനം വേണമെന്ന് റാബിയ ശഠിച്ചു. അധികാരസ്ഥർ വ്യക്തികളായാലും പൗരോഹിത്യാധികാരമായാലും ഭരണകൂട മെഷിണറിയായാലും മാനവകുലത്തിന് ദുഃഖമുണ്ടാക്കുന്നതും മനുഷ്യവിരുദ്ധവുമായ അവരുടെ നിലപാടുകളോട് കർക്കശമായി വിയോജിച്ചു.

ആത്മകഥയുടെ രംഗം വൈചിത്ര്യമേറിയ ഒരു വ്യവഹാരമേഖലയാണിന്ന്. സ്ത്രീയാത്മകഥയുടെ ഒരു ബഹുലലോകം തന്നെ നമുക്ക് ചുറ്റുമുണ്ട്. ആർക്കും ആത്മകഥകളെഴുതാവുന്ന കാലമാണിത്. അവയിൽ മിക്കതും വായിച്ച് രസിക്കാവുന്നവയുമായിരിക്കാം. എന്നാൽ, റാബിയയുടെ കഥ രസിച്ചു വായിക്കാമെങ്കിലും ‘വായിച്ചുരസിക്കാ’ൻ പറ്റാത്ത ഒന്നാണ്. ഒരു സ്ത്രീയുടെ വെറും ജീവിത കഥ മാത്രമല്ല അത്. താനിടപെട്ട ആത്മീയവും ഭൗതികവുമായ എല്ലാ തുറമുഖങ്ങളിലും സഞ്ചരിച്ചെത്തുന്ന ഒരാത്മശക്തിയായിട്ടാണ് ഈ അധ്യായങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. കൊടുങ്കാറ്റും സാഗരവും അവയുടെ അലർച്ചയുമെന്നതിനേക്കാൾ ശാന്തമായി പടവുകൾ കയറിയിറങ്ങി കരുത്തോടെ സഞ്ചരിക്കുന്ന ഒരു കാട്ടുചോലയെയാണ് അത് ഓർമിപ്പിക്കുക. തണലും വെയിലും മാറിവരുന്ന നദിയിലെ ഓളങ്ങളുടെ തുടർച്ചപോലെ അത് വായിക്കുന്നവരെ ചിന്തിപ്പിക്കും.

നിരവധി അംഗീകാരങ്ങളാണ്, ലോകത്തിന്റെ നാലുഭാഗത്തു നിന്നും റാബിയയെ തേടിയെത്തിയത്. 2024-ൽ രാജ്യം പത്മശ്രീ നൽകി അവരെ ആദരിച്ചു. റാബിയയുടെ വൈവിധ്യമാർന്ന പ്രവർത്തന മേഖല അടുത്തറിയുമ്പോൾ ഒരുകാര്യം വ്യക്തമാവും- ഇതിഹാസ സമാനമായ ഒരു ജീവിതത്തിന്റെയും സ്ത്രീ സഹനത്തിന്റെയും ചുരുക്കപ്പേരാണ്, പത്മശ്രീ കെ.വി. റാബിയ.

പ്രധാനമന്ത്രി നരസിംഹറാവുവിൽ നിന്ന് നാഷണൽ യൂത്ത്  അവാർഡ്  ഏറ്റുവാങ്ങുന്ന റാബിയ (ഫോട്ടോകൾ ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന പുസ്തകത്തിൽനിന്ന്).
പ്രധാനമന്ത്രി നരസിംഹറാവുവിൽ നിന്ന് നാഷണൽ യൂത്ത് അവാർഡ് ഏറ്റുവാങ്ങുന്ന റാബിയ (ഫോട്ടോകൾ ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന പുസ്തകത്തിൽനിന്ന്).
നാഷണൽ പുരസ്കാരജേതാക്കൾക്കും സോണിയാഗാന്ധിയ്ക്കുമൊപ്പം റാബിയ
നാഷണൽ പുരസ്കാരജേതാക്കൾക്കും സോണിയാഗാന്ധിയ്ക്കുമൊപ്പം റാബിയ
ജീവിതപങ്കാളി മുഹമ്മദ് എന്ന ബാപ്പുവിനോടൊപ്പം.
ജീവിതപങ്കാളി മുഹമ്മദ് എന്ന ബാപ്പുവിനോടൊപ്പം.
ഉമ്മയോടൊപ്പം റാബിയ
ഉമ്മയോടൊപ്പം റാബിയ
ആത്മസുഹൃത്ത് ലക്ഷ്മിയോടൊപ്പം
ആത്മസുഹൃത്ത് ലക്ഷ്മിയോടൊപ്പം
ഗുരു നിത്യചൈതന്യയതിയോടൊപ്പം റാബിയ
ഗുരു നിത്യചൈതന്യയതിയോടൊപ്പം റാബിയ

Summary: Social worker KV Rabiya's life is a role model, Dr Umer Tharammel writes about Rabiya's contributions to Kerala's literacy campaigns and other areas.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ, ഒരു മാപ്പിള ചെക്കന്റെ സിൽമാകൊട്ടകകൾ, ഒളിനോട്ടക്കാരന്റെ ചിത്രജാലകം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments