ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിനെതിരെ ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങൾ നടക്കുന്ന കാലത്ത് എഴുത്തിലൂടെ, അതിനൊരു സമാന്തര സമരമുന്നേറ്റം കുറിച്ച് ഒരു നാടകക്കാരൻ മുന്നോട്ട് വന്നു. 92-ാം വയസ്സിൽ ഈ ലോകത്തോട് വിട പറയുമ്പോൾ, അഥോൾ ഫുഗാർഡ് (Athol Fugard) എന്ന അതുല്യനായ 'നാടക പോരാളി' ബാക്കിയാക്കുന്നത്, എഴുത്തിന്റെയും തിയേറ്ററിന്റെയും ആ രാഷ്രടീയ സമരചരിത്രമാണ്. വിദ്വേഷത്തിനെതിരെ സ്നേഹം കൊണ്ട് ദക്ഷിണാഫ്രിക്കൻ തിയേറ്ററിന്റെ അതിജീവനം സാധ്യമാക്കിയ പ്രതിഭ.
വർണവിവേചനത്തിന്റെ കൊടും ചൂഷണം അനുഭവിച്ചിരുന്ന ഒരു ജനതയെ ചേർത്തുപിടിക്കാനാണ് ഫുഗാർഡ് ജീവിതത്തിലുടനീളം തൂലിക ചലിപ്പിച്ചത്. 70 വർഷത്തിലധികം നീണ്ടുനിന്ന നാടകജീവിതത്തിൽ മുപ്പതിലധികം നാടകങ്ങളാണ് ലോക നാടകവേദിക്ക് ഫുഗാർഡ് സംഭാവന ചെയ്തത്. പാസ്പോർട്ട് ഉൾപ്പെടെ സകല രേഖകളും കണ്ടുകെട്ടുക മാത്രമല്ല, ഭരണകൂടം നിരന്തര പീഡനങ്ങൾക്കിരയാക്കുമ്പോഴും താൻ ഉൾപ്പെടുന്ന ജനതയ്ക്ക് വേണ്ടി നിർഭയം അദ്ദേഹം ശബ്‌ദിച്ചുകൊണ്ടിരുന്നു. കറുത്ത വർഗ്ഗക്കാരുടെ കൂട്ടമായ സെർപ്പന്റ് പ്ലെയേഴ്‌സിനൊപ്പം അദ്ദേഹം നിരന്തരം പ്രവർത്തിക്കുകയും കറുത്ത വർഗ്ഗക്കാരുടെ പട്ടണങ്ങളിൽ അവർക്ക് വേണ്ടി പ്രകടനങ്ങൾ നടത്തുകയും ചെയ്തു.
ആരായിരുന്നു
അഥോൾ ഫുഗാർഡ്?
ദക്ഷിണാഫ്രിക്കൻ നാടകകൃത്തും നോവലിസ്റ്റും സംവിധായകനുമായ അഥോൾ ഫുഗാർഡ് ലോക സാഹിത്യത്തിലും ലോക നാടകവേദിയിലും ഓർമിക്കപ്പെടുക, എഴുത്തിന്റെ രാഷ്ട്രീയ പക്ഷത്താലാണ്. 1932 ജൂൺ 11 ന് ദക്ഷിണാഫ്രിക്ക കേപ് പ്രവിശ്യയിലെ മിഡിൽബർഗിൽ ജനിച്ച അദ്ദേഹം കേപ് ടൗൺ സർവകലാശാലയിൽ തത്വശാസ്ത്രവും സാമൂഹിക നരവംശശാസ്ത്രവും പഠിച്ചുകൊണ്ടിരിക്കെ, പരീക്ഷകൾക്ക് തൊട്ട് മുന്നേ 1953- ൽ കോളേജിൽ നിന്ന് പുറത്തേക്ക് വരുന്നു. 1956 മുതൽ രാഷ്ട്രീയ നിലപാടുകൾ നാടകങ്ങളിലൂടെയും മറ്റ് എഴുത്തുകളിലൂടെയും തുറന്ന് പ്രഖ്യാപിച്ചു. ‘ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച സജീവ നാടകകൃത്ത്’ എന്നായിരുന്നു ടൈം മാഗസിൻ ഫുഗാർഡിനെ പറ്റി അന്ന് എഴുതിയത്. പിന്നീട് നിരന്തരം നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത് ഫുഗാർഡ് ദക്ഷിണാഫ്രിക്കൻ പ്രവിശ്യകളിലെ ഏറ്റവും പ്രധാന നാടകപ്രവർത്തകരിൽ ഒരാളായി മാറി.

1962-ൽ അഥോൾ ഫുഗാർഡ് ഒരു കടുത്ത ചോദ്യം അഭിമുഖീകരിച്ചു: തിയേറ്റർ അവതരണത്തിൽ പ്രേക്ഷകരായി വെള്ളക്കാരല്ലാത്തവരെ ഒഴിവാക്കണോ അതോ അവർക്കുവേണ്ടിമാത്രമുള്ള പ്രത്യേക അവതരണങ്ങൾ നടത്തണോ?
തിയേറ്ററുകൾ കറുത്തവരും വെളുത്തവരും പ്രേക്ഷകരായുള്ള സമ്മിശ്ര പ്രേക്ഷകരെ അനുവദിച്ചില്ലെങ്കിൽ ബ്രിട്ടീഷ് കലാകാരരെ ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നതിൽ നിന്ന് തടയാൻ വർണവിവേചനത്തിനെതിരെ പോരാടുന്ന ബ്രിട്ടീഷ് ഇക്വിറ്റി തീരുമാനിച്ചപ്പോൾ ഈ പ്രശ്നം കൂടുതൽ ഗുരുതരമായി. മാറ്റം കൊണ്ടുവരാനുള്ള കലയുടെ ശക്തിയിൽ വിശ്വസിച്ച ഫുഗാർഡ് വേർതിരിവ് പരിഹാരമല്ലെന്ന് തീരുമാനിച്ചു. "വെള്ളക്കാർ മാത്രമുള്ള" പ്രേക്ഷകർക്കുവേണ്ടി നാടകം അവതരിപ്പിക്കാൻ വിസമ്മതിക്കുകയും എല്ലാവർക്കും തുല്യമായി പങ്കെടുക്കാൻ പറ്റുന്ന നാടകവേദികൾ രൂപീകരിക്കുകയും ചെയ്തു. വംശീയമായി വേർതിരിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ തിയേറ്ററുകളെ അന്താരാഷ്ട്രതലത്തിൽ ബഹിഷ്‌കരിക്കണമെന്ന ബ്രിട്ടനിലെ വർണ്ണവിവേചന വിരുദ്ധ പ്രസ്ഥാനത്തിന്റെ ആഹ്വാനത്തെ ഫുഗാർഡ് പരസ്യമായി പിന്തുണച്ചു. അധിക നിയന്ത്രണങ്ങളും നിരീക്ഷണവുമായിരുന്നു അതിന്റെ ഫലം. പിന്നീട് അദ്ദേഹം തന്റെ നാടകങ്ങൾ ദക്ഷിണാഫ്രിക്കയ്ക്ക് പുറത്ത് പ്രസിദ്ധീകരിക്കാനും നിർമ്മിക്കാനും അവതരിപ്പിക്കാനും തുടങ്ങി. തന്റെ കരിയറിലെ എക്കാലത്തെയും മികച്ച നാടകമായ ദി ബ്ലഡ് നോട്ടിന്റെ അവതരണത്തിലൂടെ അമേരിക്കൻ നാടകപ്രേമികൾക്കിടയിൽ ഫുഗാർഡ് തന്റെ കരിയറിന് മറ്റൊരു തുടക്കം കുറിച്ചു.
കറുത്ത വർഗക്കാരായ അഭിനേതാക്കളുമായും എഴുത്തുകാരുമായും സഹകരിച്ച് അദ്ദേഹം വർണ്ണവിവേചന സർക്കാരിന്റെ വിഭജന നിയമങ്ങളെ വെല്ലുവിളിച്ചു. വെളുത്ത നിറമുള്ള സഹോദരനായി അദ്ദേഹം അഭിനയിച്ച ‘ദി ബ്ലഡ് നോട്ട്’, ബഹുവംശീയ അഭിനേതാക്കളെ അവതരിപ്പിച്ച ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ പ്രധാന നാടകമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു.
ഫുഗാർഡിന്റെ കഥാപാത്രങ്ങൾ മാനുഷിക മൂല്യങ്ങളെ ഏറ്റവുമാഴത്തിൽ ഉൾക്കൊള്ളുന്നവരായിരുന്നു. സ്നേഹം, നഷ്ടം, വീണ്ടെടുക്കൽ എന്നിവയുടെ സാർവത്രിക പ്രമേയങ്ങളുമായി ഫുഗാർഡിന്റെ കഥാപാത്രങ്ങൾ ഇന്നും നിലനിൽക്കുന്നു. മാസ്റ്റർ ഹരോൾഡിലെ സ്വർണ്ണമത്സ്യം പോലെ തന്റെ വിവരണങ്ങളുടെ വൈകാരികവും ബൗദ്ധികവുമായ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് പ്രതീകാത്മക സാധ്യതകളെ നാടകങ്ങളിൽ അദ്ദേഹം ഉപയോഗിച്ചു.
‘‘വർണ്ണവിവേചനമാണ് എന്നെ നിർവചിച്ചത്, അത് ശരിയാണ്... എന്നാൽ എന്റെ പേര് വഹിക്കുകയും അതിൽ നിന്ന് പുറത്തുവരികയും ചെയ്ത കൃതികളിൽ ഞാൻ അഭിമാനിക്കുന്നു’’ എന്ന് അഥോൾ ഫുഗാർഡ് AFP വാർത്താ ഏജൻസിയോട് ഒരിക്കൽ പറഞ്ഞു.
1994-ൽ വർണ്ണവിവേചനം അവസാനിച്ചശേഷം, തനിക്ക് കാര്യമായ സംഭാവനയൊന്നും അവശേഷിക്കുന്നില്ലെന്ന് ഫുഗാർഡ് ഭയപ്പെട്ടു. എന്നിരുന്നാലും, എഴുതാനാവശ്യമായ വിവരങ്ങൾ ഇപ്പോഴും തനിക്ക് ലഭ്യമാണെന്ന് അദ്ദേഹം കണ്ടെത്തി. 2010- ൽ BBC ക്ക് നൽകിയ അഭിമുഖത്തിൽ, അന്തരിച്ച ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ കാഴ്ചപ്പാടിനോട് യോജിച്ചുകൊണ്ട്, ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ വഴിതെറ്റിപ്പോയിരിക്കുന്നു എന്ന് അദ്ദേഹം ഏറ്റു പറഞ്ഞു. ഇന്നത്തെ ദക്ഷിണാഫ്രിക്കൻ സമൂഹത്തിന് പഴയ സമൂഹം ചെയ്തതുപോലെ ജാഗ്രതയുള്ള എഴുത്തുകാരെ ആവശ്യമാണെന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. താൻ ഉൾപ്പെടെയുള്ള പല എഴുത്തുകാരും ചെയ്തതുപോലെ യുവ എഴുത്തുകാരെയും നാടകപ്രവർത്തകരെയും അവരുടെ ആശയങ്ങളെയും ശരിക്കും മനസിലാക്കുകയും ഉൾക്കൊള്ളുകയും വേണം എന്ന് നാടക സാഹിത്യ വേദികളോട് നിരന്തരം അദ്ദേഹം കലഹിച്ചുകൊണ്ടിരുന്നു.

കലയിലൂടെ നിരന്തര പ്രതിരോധം തീർക്കുകയായിരുന്ന ഫുഗാർഡ്. വർണ്ണവിവേചന നിയമങ്ങളെ മറികടന്ന് ദി സർക്കിൾ പ്ലേയേഴ്സ്, സർപ്പന്റ് പ്ലേയേഴ്സ് തുടങ്ങിയ ബഹുവംശീയ നാടക ഗ്രൂപ്പുകൾ രൂപീകരിച്ചു. ഈ ഗ്രൂപ്പുകൾ ചെറുത്തുനിൽപ്പിനുള്ള വേദികളായി മാറി, തൽസ്ഥിതിയെ വെല്ലുവിളിക്കാൻ കല ഉപയോഗിച്ചു. ‘സിജ്വെ ബൻസി ഈസ് ഡെഡ്", ‘ദി ഐലൻഡ്’ തുടങ്ങിയ നാടകങ്ങൾ വഴി കറുത്ത ദക്ഷിണാഫ്രിക്കക്കാരുടെ പോരാട്ടങ്ങളെ ഉയർത്തിക്കാട്ടി. ഐലന്റിലൂടെ, ബ്ലഡ് നോട്ടിലൂടെ വാലി സോങിലൂടെ പീപ്പിൾ ആർ ലിവിംഗ് ദേർ- ലൂടെ നിരന്തരം കലഹിച്ചു. ദക്ഷിണാഫ്രിക്കക്കാരുടെ ദുരവസ്ഥയിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുകയും നീതിയുടെയും സമത്വത്തിന്റെയും സാംസ്കാരിക 'അംബാസഡറായി' സ്വയമറിയാതെ, അദ്ദേഹം മാറുകയും ചെയ്തു.
ഫുഗാർഡിന്റെ കഥാപാത്രങ്ങൾ മാനുഷിക മൂല്യങ്ങളെ ഏറ്റവുമാഴത്തിൽ ഉൾക്കൊള്ളുന്നവരായിരുന്നു. സ്നേഹം, നഷ്ടം, വീണ്ടെടുക്കൽ എന്നിവയുടെ സാർവത്രിക പ്രമേയങ്ങളുമായി ഫുഗാർഡിന്റെ കഥാപാത്രങ്ങൾ ഇന്നും നിലനിൽക്കുന്നു. മാസ്റ്റർ ഹരോൾഡിലെ സ്വർണ്ണമത്സ്യം പോലെ തന്റെ വിവരണങ്ങളുടെ വൈകാരികവും ബൗദ്ധികവുമായ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് പ്രതീകാത്മക സാധ്യതകളെ നാടകങ്ങളിൽ അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ കൃതികൾ കേവലം രാഷ്ട്രീയ പ്രസ്താവനകൾ മാത്രമായിരുന്നില്ല, അവ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അഗാധമായ പര്യവേക്ഷണങ്ങളായിരുന്നു. വിശാലമായ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലത്തിൽ വ്യക്തിഗത കഥകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഫുഗാർഡ് വ്യക്തിപരവും സാർവത്രികവും തമ്മിലുള്ള ശക്തമായ ബന്ധത്തെ പുനർനിർമ്മിച്ചു. കലയെ അതിന്റെ സൗന്ദര്യാത്മകമായ സമഗ്രത നിലനിർത്തി, സാമൂഹിക മാറ്റത്തിനുള്ള ഉപകരണമായി ഉപയോഗിക്കാം എന്ന ഫുഗാർഡിന്റെ ആശയം ഇന്ന് ലോകം മുഴുവൻ ഏറ്റെടുക്കുന്നു.
ജനറൽ ജാൻ സ്മാറ്റ്സ് എന്ന കഥാപാത്രമായി ഗാന്ധി എന്ന സിനിമയിലൂടെയും അദ്ദേഹം അറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ നാടകങ്ങളിൽ ചിലത് ശക്തമായ സിനിമാ ആഖ്യാനങ്ങളായി മാറി. "ദി ട്രെയിൻ ഡ്രൈവർ" (2010), "ദി ബേർഡ് വാച്ചേഴ്‌സ്" (2011) എന്നിവയാണ് ഫുഗാർഡിന്റെ പുതിയ നാടകങ്ങൾ. ഇവ രണ്ടും കേപ് ടൗണിലെ അദ്ദേഹത്തിന്റെ പേരിലുള്ള ഫുഗാർഡ് തിയേറ്ററിൽ പ്രദർശിപ്പിച്ചു. 2014-ൽ, കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലുള്ള ലോംഗ് വാർഫിൽ 15 വർഷത്തിനിടെ ആദ്യമായി ഫുഗാർഡ് തന്റെ സ്വന്തം നാടകമായ "ഷാഡോ ഓഫ് ദി ഹമ്മിംഗ്ബേർഡ്" എന്ന നാടകത്തിലൂടെ ഒരു നടനായി വേദിയിലേക്ക് തിരിച്ചെത്തി.
നീണ്ട ഏഴ് പതിറ്റാണ്ടിന്റെ നാടക സമര പോരാട്ടങ്ങൾക്കൊടുവിലാണ് അഥോൾ ഫുഗാർഡ് വിട വാങ്ങുന്നത്.