‘നോട്ട് മി ബട്ട് യു’ എന്നതാണ് എൻഎസ്എസിന്റെ (നാഷണൽ സർവീസ് സ്കീം) ആപ്തവാക്യം അതിനോട് നൂറ് ശതമാനം നീതിപുലർത്തിയ ഒരു മനുഷ്യനായിരുന്നു അൻസാർ സാർ. ജീവിച്ചിരുന്ന കാലമത്രയും നാഷണൽ സർവീസ് ടീമിനുവേണ്ടി സമർപ്പിക്കുകയും അതിൻറെ സമസ്ത മേഖലയിലും പുതിയ കാൽവെപ്പുകൾ നടത്തുകയും പാതി വഴിയിൽ വിട പറയുകയും ചെയ്ത പ്രിയപ്പെട്ട മാഷിൻ്റെ വിയോഗം വലിയ നഷ്ടമാണ് എൻ.എസ്.എസ് എന്ന പ്രസ്ഥാനത്തിന്. 47-ന്റെ ചെറുപ്പത്തിൽ ആൾക്കൂട്ടത്തിൽ നിന്ന് ആകസ്മികമായി മറഞ്ഞു പോയിരിക്കുന്നു അദ്ദേഹം..
അദ്ദേഹത്തിൻറെ മരണവാർത്ത ഇത്ര നേരത്തെ ഒരിക്കലും ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. വാർത്ത കേട്ടതും പലരോടും വിളിച്ചു ചോദിച്ച് അതിനുശേഷം ആണ് അത് സ്ഥിരീകരിക്കാൻ നിർബന്ധിക്കപ്പെട്ടത്. ഒരു മനുഷ്യൻ എങ്ങനെയാണ് സഹജീവികളോട് ഇത്രമേൽ കാരുണ്യത്തോടെ, സഹപ്രവർത്തകർക്ക് ഊർജ്ജം നൽകി പ്രോജക്ടുകൾ യാഥാർത്ഥ്യമാക്കുകയും വിജയിപ്പിക്കുകയും ചെയ്തെടുക്കുക എന്നുള്ളത് അപൂർവ്വം ആളുകൾക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന കാര്യമാണ്. അത് അതിൻറെ പൂർണ്ണാർത്ഥത്തിൽ വിജയിപ്പിച്ചെടുത്ത ആളായിരുന്നു ഡോ. ആർ.എൽ. അൻസാർ.

അദ്ദേഹത്തിൻറെ അടുത്ത് വലിപ്പച്ചെറുപ്പം ഉണ്ടായിരുന്നില്ല. തീർത്തും ജനാധിപത്യപരമായി സഹപ്രവർത്തകരോട് സംസാരിക്കുകയും ഇടപെടുകയും ചെയ്ത അസാമാന്യ സംഘടനാ പാടവമുള്ള സംഘാടകനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു. ഏത് സമയത്തും ഒരു പ്രോഗ്രാം ഓഫീസർക്ക് അദ്ദേഹത്തോട് സംസാരിക്കാനും അതുപോലെതന്നെ അവർക്കുള്ള സംശയങ്ങൾ എല്ലാ തരത്തിലും ക്ലിയർ ആക്കി കൊടുക്കുകയും ചെയ്യുന്ന എൻഎസ്എസിന്റെ ഒരു മേലാധികാരി. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ആകസ്മിക വിയോഗം വല്ലാത്തൊരു ഷോക്ക് ആണ് ഞാൻ അടക്കമുള്ള സഹപ്രവർത്തകരിൽ ഉണ്ടാക്കിയത്.
സംസ്ഥാന എൻഎസ്എസ് ഓഫീസർ എന്ന അധികാര പദവിയെ ഇതുപോലെ ജനകീയമാക്കിയ ഒരാൾ വേറെ ഉണ്ടാവില്ല എന്നുള്ളത് തന്നെയാണ് സത്യം. താനിരിക്കുന്ന കസേരയുടെ വലിപ്പം അറിഞ്ഞുകൊണ്ട് അതിനെ എല്ലാതരത്തിലും എൻഎസ്എസിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്തി ജനാധിപത്യപരമായി പ്രവർത്തിച്ച ഒരു മനുഷ്യൻ എന്നായിരിക്കും കേരളത്തിൻ്റെ എൻഎസ്എസ് ചരിത്രത്തിൽ അദ്ദേഹത്തിൻറെ പേര് രേഖപ്പെടുത്തുക. കേരളത്തിൽ ആയിരക്കണക്കിന് എൻഎസ്എസ് വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും ക്ലസ്റ്റർ കോഡിനേറ്റർമാരും ഉണ്ട്. ഇവരുടെയൊക്കെ നെഞ്ചിനുള്ളിലേക്ക് കടക്കുന്ന വിധമുള്ള പ്രോജക്ടുകളും പ്രവർത്തന പദ്ധതികളുമാണ് അദ്ദേഹത്തിൻറെ മുതൽക്കൂട്ട്.

ഞാൻ പ്രോഗ്രാം ഓഫീസർ ആയിരുന്ന നാല് വർഷക്കാലം അദ്ദേഹത്തിൻറെ കൂടെ ഇടപെടാനും പ്രവർത്തിക്കാനുമുള്ള ഒരു സാഹചര്യം കിട്ടിയത് വലിയ ഭാഗ്യമായി കരുതുന്നു. ഒരിക്കലും മറക്കാത്ത അനുഭവങ്ങളാണ് അദ്ദേഹം തന്നത്. പേഴ്സണലായി കാര്യങ്ങൾ സംസാരിക്കാനും സംശയങ്ങൾ ചോദിക്കാനും ഒക്കെയുള്ള ഒരു സ്വാതന്ത്ര്യം അദ്ദേഹം തന്നിട്ടുണ്ടായിരുന്നു. അത് ഒരു പക്ഷേ എനിക്ക് മാത്രമായിരിക്കില്ല, അദ്ദേഹത്തിന്റെ കീഴിലുള്ള എല്ലാ പ്രോഗ്രാം ഓഫീസർമാർക്കും ആ സ്വാതന്ത്ര്യം വകവച്ചു കൊടുത്തിട്ടുണ്ടായിരുന്നു. അതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ ക്വാളിറ്റി. ഞങ്ങളുടെ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് മൂന്നുതവണ വരികയും സ്കൂളിലെ വളണ്ടിയർമാരോട് ഏറ്റവും ആത്മാർത്ഥമായി സംസാരിക്കുകയും പുതിയ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു അദ്ദേഹം.
നിറപുഞ്ചിരിയോടെ അല്ലാതെ അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല. എല്ലാ സദസ്സിലും അതുപോലെതന്നെ വളണ്ടിയർമാരുടെ ആൾക്കൂട്ടങ്ങളിലും അദ്ദേഹം നിറപുഞ്ചിരിയോടുകൂടി ഉണ്ടായിരുന്നു. ഒരു എൻഎസ്എസ് വളണ്ടിയർ എങ്ങനെയാകണം എന്നുള്ളതിന്റെ ഏറ്റവും മാതൃകാപരമായ ജീവിതമായിരുന്നു അദ്ദേഹത്തിൻറെത്. തനത് പദ്ധതികളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ‘സ്നേഹാരാമം’ അത്തരത്തിലുള്ള ഒരു പദ്ധതിയായിരുന്നു. മാലിന്യം മൂടിക്കിടക്കുന്ന പ്രദേശത്ത് പൂന്തോട്ടങ്ങൾ ഉണ്ടാക്കുകയും അത് ജനകീയമായ സംരക്ഷണത്തിലൂടെ നിലനിർത്തുകയും ചെയ്തു. പ്രാദേശിക അങ്ങാടികൾക്ക് സൗന്ദര്യവൽക്കരണം നടത്തിയ ആ ഒരു പ്രോജക്ട് പൊതുസമൂഹത്തിന്റെ കയ്യടി നേടിയ ഒന്നായിരുന്നു. കേരളത്തിൻറെ പല അങ്ങാടികളിലും പൊതുസ്ഥലങ്ങളിലും ഇത്തരത്തിലുള്ള സ്നേഹാരാമങ്ങൾ ഇപ്പോഴും നമുക്ക് കാണാൻ കഴിയും. ലഹരിക്കെതിരെയുള്ള ക്യാമ്പസുകളിലെ തനത് പ്രവർത്തനങ്ങൾ, രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ യുവത്വത്തെ ഉപയോഗപ്പെടുത്തുന്ന ഒട്ടനവധി വേറിട്ട പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ചുക്കാൻ പിടിച്ച ഒരാളായിരുന്നു അദ്ദേഹം.
കഠിനാധ്വാനിയായ, പദ്ധതികളിൽ സർഗാത്മകത പുലർത്തിയ ഒരു സംഘാടകൻ പെട്ടെന്ന് നഷ്ടപ്പെട്ടുപോകുമ്പോൾ ഉണ്ടാകുന്ന ദുഃഖം കേരളം മൊത്തം ഏറ്റെടുക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ. ആർ. ബിന്ദു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു...

"സ്റ്റേറ്റ് എൻ.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസർ അൻസാർ നമ്മെ വിട്ടു പോയിരിക്കുന്നു... ദിശാബോധത്തോടെ സാമൂഹ്യപ്രതിബദ്ധതയോടെ കർമ്മനിരതനായ് കഠിനാദ്ധ്വാനിയായി എൻ.എസ്.എസ്സിനെ നയിച്ച പ്രിയപ്പെട്ട അൻസാർ... സ്നേഹപൂർണ്ണമായ വാക്കുകൾ, പെരുമാറ്റം… പ്രിയ അനുജാ, വിട! അശ്രുപുഷ്പങ്ങളാൽ സ്നേഹാഞ്ജലി...... "
അതെ അദ്ദേഹം ജീവിച്ചിരുന്നത് മുഴുവൻ എൻഎസ്എസിന് വേണ്ടിയായിരുന്നു ജീവിതത്തിൻറെ നല്ലകാലം മുഴുവൻ അദ്ദേഹം എൻഎസ്എസ്സിന്റെ പരിപാടികൾക്കായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇടവേളകളില്ലാതെ ഓടിനടക്കുകയും പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുകയും ക്രിയാത്മകമായ നേതൃത്വം കൊടുക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച്ച നടന്ന ഓൺലൈൻ മീറ്റിംഗിൽ അപ്രതീക്ഷിതമായി ബോധരഹിതനായി വീണതിനെത്തുടർന്നായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ അദ്ദേഹം ഈ ലോകത്തോട് വിടപറയുകയും ചെയ്തു.
പരിചയപ്പെടുന്നവർക്ക് ഏറ്റവും മനോഹരമായ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് മടങ്ങിപ്പോവുക എന്നതായിരിക്കും മനുഷ്യരെ സംബന്ധിച്ചിടത്തോളം ജീവിതത്തിൻറെ ഏറ്റവും സാർത്ഥകമായ നിമിഷങ്ങൾ. അത്തരം നിമിഷങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ സമ്പന്നനായ ഒരാളാണ് ഈ ലോകത്തോട് ആകസ്മികമായി വിട പറഞ്ഞത്. അത്രമേൽ പൊതുസമൂഹത്തിൽ നിറഞ്ഞു നിന്ന് കർമ്മമണ്ഡലങ്ങളിൽ സജീവസാന്നിധ്യമായി സൗഹൃദങ്ങളെ അത്രമേൽ ആഘോഷിക്കുകയും എൻഎസ്എസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന് ഏറ്റവും സർഗാത്മകമായ ഒട്ടനവധി പദ്ധതികൾ സംഭാവനയും ചെയ്ത മനുഷ്യൻറെ വേർപാട് ദുഃഖഭരിതമാണ്.
ഒരില വീഴുന്നതുപോലെ താങ്കൾ പോയി... ഒരിക്കലും മറക്കില്ല താങ്കളെ... അത്രമേൽ സ്നേഹം പങ്കുവെച്ച് പ്രിയപ്പെട്ട അൻസാർ സാർ...
