ഡേവിഡ് ഹോക്ക്നി

തുടിച്ചുനിൽക്കും തിര

കഴിഞ്ഞ ദിവസം അന്തരിച്ച ബ്രിട്ടീഷ് ആർട്ടിസ്റ്റ് ഡേവിഡ് ഹോക്ക്നിയെ ഓർക്കുന്നു, സുധീഷ് കോട്ടേമ്പ്രം.

ഴുക്കിനെതിരെ നീന്തുക എന്നത് എക്കാലത്തും കലയിലെ തീവ്രമായ അഭിലാഷങ്ങൾക്ക് അടിയൊപ്പ് ചാർത്തുന്ന പ്രയോഗമാണ്. രണ്ടുസെക്കന്റ് മാത്രം ആയുസ്സുള്ള വെള്ളത്തിന്റെ കുതറലിനെ തന്റെ ക്യാൻവാസിൽ പിടിച്ചുവെച്ച് ഡേവിഡ് ഹോക്ക്നി എന്ന ചിത്രകാരൻ സമയത്തിന്റെ ശിൽപമാണ് തന്റെ കല എന്ന് പറയാതെ പറയുകയായിരുന്നോ? ലോകചിത്രകലയുടെ വസന്തഋതുവായിരുന്ന ഡേവിഡ് ഹോക്ക്നി വസന്തകാലത്തിന്റെ വരവറിയിക്കുന്നതിനു തൊട്ടുമുൻപ് വിടവാങ്ങുമ്പോൾ ബ്രിട്ടീഷ് കലയുടെ മാത്രമല്ല, ആധുനിക- ആധുനികാനന്തര ഗോളാന്തരകലയുടെ ചരിത്രത്തിൽ തന്റെ കലാജീവിതത്തിന്റെ നിലയ്ക്കാത്ത ഓളങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് മടങ്ങുന്നത്.

കലയുടെയും കലാവിദ്യാഭാസത്തിന്റെയും ചരിത്രത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഭാഷയ്ക്ക് മുൻതൂക്കം ലഭിച്ച ഇന്ത്യ പോലൊരു രാജ്യത്തുനിന്നും സാമ്രാജ്യത്വതാൽപര്യങ്ങൾക്കെതിരെയും അപകോളനീകൃത മാതൃകകൾക്കുവേണ്ടിയും പ്രതിരോധങ്ങൾ തീർക്കുന്ന സമകാലിക സന്ദർഭത്തിലും ഹോക്ക്നി അത്തരം രാഷ്ട്രീയബോധ്യങ്ങൾക്കുമപ്പുറം നമ്മെ ആഹ്ലാദിപ്പിക്കുകയും കലയിലൂടെതന്നെ നിരന്തരം പുതുക്കുകയും ചെയ്തുകൊണ്ട് കലാചരിത്രത്തെ ഒരു സംവാദസ്ഥലമാക്കി മാറ്റുകയും ചെയ്തു.

യാഥാർത്ഥ്യമെന്ന് ഉറപ്പിച്ചുകഴിഞ്ഞ ക്യാമറയുടെ ഒറ്റക്കണ്ണിലൂടെയുള്ള നോട്ടത്തെ ഹോക്ക്നി തന്റെ ജീവിതകാലം മുഴുവൻ വെല്ലുവിളിച്ചുകൊണ്ടിരുന്നു. ലണ്ടനിലെ ചാരനിറമുള്ള ആകാശങ്ങളിൽനിന്ന് കാലിഫോർണിയയിലെ പ്രകാശപൂരിതമായ അന്തരീക്ഷത്തിലേക്ക് മാറിയതോടെയാണ് ഹോക്ക്നിയുടെ ചിത്രങ്ങളിൽ 'ആനന്ദം', 'നോട്ടം' എന്നീ ആശയങ്ങൾ കൂടുതൽ തീവ്രമാകുന്നത്. തിളങ്ങുന്ന അക്രിലിക് നിറങ്ങൾ ഉപയോഗിച്ച് അദ്ദേഹം വരച്ച നീന്തൽക്കുളങ്ങളും ഈന്തപ്പനകളും ഉപരിപ്ലവമായ ദൃശ്യങ്ങൾക്കപ്പുറം, നവോത്ഥാനകാലം മുതൽ പാശ്ചാത്യകല പിന്തുടർന്ന രേഖീയപരിപ്രേക്ഷ്യത്തെ തകിടം മറിക്കുന്നവയായിരുന്നു. മനുഷ്യന്റെ നോട്ടം ഒരൊറ്റ നിമിഷത്തിൽ ഒതുങ്ങുന്നതല്ലെന്നും അത് ബഹുതലങ്ങളുള്ളതാണെന്നും അദ്ദേഹം വാദിച്ചു. ക്യൂബിസത്തിന്റെ തുടർച്ചയെന്നോണം അദ്ദേഹം നിർമ്മിച്ച 'ഫോട്ടോ കൊളാഷുകൾ' ഒരേ വസ്തുവിനെ പല കോണുകളിൽ നിന്നും പല സമയങ്ങളിൽ നോക്കിക്കാണുന്ന മനുഷ്യന്റെ സ്വാഭാവിക കാഴ്ചാരീതിയെയാണ് പ്രതിഫലിപ്പിച്ചത്. ആധുനിക മനുഷ്യൻ ലോകത്തെ 'കാണുന്ന' രീതിയെ അദ്ദേഹം പൂർണമായും തിരുത്തിക്കുറിച്ചു.

ഒരു സ്വവർഗാനുരാഗി ആയിരിക്കുക എന്നത് ഹോക്ക്നിയെ സംബന്ധിച്ച് മറച്ചുപിടിക്കേണ്ട സ്വത്വമായിരുന്നില്ല. അത് കലയിലേയും ജീവിതത്തിലേയും ആഘോഷമായി അദ്ദേഹം കണ്ടു. ആ ആഘോഷത്തിന്റെ പ്രാഥമിക ഉത്തേജകശക്തി അദ്ദേഹത്തിന് ലഭിച്ചത് കവിതകളിൽ നിന്നായിരുന്നു. 1960-ൽ സുഹൃത്ത് ആഡ്രിയൻ ബെർഗ് പരിചയപ്പെടുത്തിയ വാൾട്ട് വിറ്റ്മാനും സി.പി. കവാഫിയും. അവർ തനിക്ക് വലിയ സ്വാതന്ത്ര്യബോധം നൽകി എന്ന് ഹോക്ക്നി പിന്നീട് പറയുന്നുണ്ട്. കവാഫിയുടെ കവിതകൾക്ക് 1966-ൽ അദ്ദേഹം ചെയ്ത എച്ചിംഗ്സ് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

ഹോക്ക്നിയുടെ 'മൈ പാരന്റ്സ് ‘ എന്ന ഛായാചിത്രം
ഹോക്ക്നിയുടെ 'മൈ പാരന്റ്സ് ‘ എന്ന ഛായാചിത്രം

'ഇൻ ഡെസ്പെയർ' എന്ന ചിത്രത്തിൽ പ്രണയശേഷം കിടക്കയിൽ ഒരുമിച്ചു കിടക്കുന്ന രണ്ടു യുവാക്കൾ. അവരിൽ ഒരാൾ പുറത്തേക്ക് നോക്കുന്നു, മറ്റേയാൾ മുഖം തിരിച്ചു കിടക്കുന്നു. കവാഫിയുടെ വരികൾ പറയുന്നു:

“ആ അനാരോഗ്യകരമായ ആനന്ദത്തിന്റെ കളങ്കത്തിൽനിന്ന് മുക്തി നേടാൻ ഞാൻ ആഗ്രഹിച്ചു”.

അനാരോഗ്യകരമായ ആനന്ദം സ്വവർഗാനുരാഗം തന്നെയാണോ? അതോ, ഒരാളിലൂടെ മറ്റൊരാളെ തേടുന്ന അന്വേഷണമോ? ഈ ഇരട്ടാർത്ഥമാണ് ഹോക്ക്നിയുടെ കലയുടെ ശക്തി. ഈ ചിത്രങ്ങളിലൂടെ സ്വവർഗ്ഗസ്നേഹത്തെ ഭൂരിപക്ഷാനുരാഗത്തിന് തുല്യമായി ഹോക്ക്നി അവതരിപ്പിക്കുകയാണ്. ഒരു ന്യൂനപക്ഷത്തിന്റെ അനുഭവത്തെ സാർവത്രികമാക്കുകയാണ്. ഹോമോസെക്ഷ്വാലിറ്റി നിയമവിരുദ്ധമായിരുന്നപ്പോൾ അദ്ദേഹം തന്റെ ചിത്രങ്ങളിൽ രഹസ്യസംഖ്യകൾ ഉപയോഗിച്ചു തുടങ്ങി. ഈ കോഡുകളുടെ ഉറവിടവും വാൾട്ട് വിറ്റ്മാൻ തന്നെ. വിറ്റ്മാൻ തന്റെ പ്രണയികൾക്ക് എഴുതിയ കത്തുകളിൽ പേരുകൾ മറയ്ക്കാൻ ഉപയോഗിച്ച രഹസ്യകോഡുകളുടെ ഭാഷ അദ്ദേഹം തന്റെ കലാകൃതികലിലും പിന്തുടർന്നു.

കാലിഫോർണിയയിലേക്ക് മാറിയതിൽപിന്നെയാണ് ഹോക്ക്നിയുടെ കലയിൽ പ്രശാന്തഭരിതമായ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ‘പീറ്റർ ഗെറ്റിംഗ് ഔട്ട് ഓഫ് നിക്സ് പൂൾ’, ‘പോർട്രെയ്റ്റ് ഓഫ് നിക്ക് വൈൽഡർ’, ‘കൊളോൺ’ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം യാഥാർത്ഥ്യവും ആശയപരമായ ചാതുര്യവും സമന്വയിപ്പിച്ചു. കാലിഫോർണിയയെക്കുറിച്ചുള്ള ഹോക്നിയുടെ ഈ ഏദൻ ദർശനത്തെ പല കലാനിരൂപകരും പോൾ ഗോഗിന്റെ താഹിതിയോട് ഉപമിക്കുന്നു. രണ്ട് കലാകൃത്തുക്കളും അവരവരുടെ പറുദീസകളെ ഒരു അപരസ്ഥലഭാവനയോടെ സ്വപ്നം കണ്ടു, ആദർശവത്കരിച്ചു.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഛായാചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഹോക്ക്നിയുടെ 1972-ലെ ‘ഒരു കലാകാരന്റെ ഛായാചിത്രം’ അഥവാ ‘രണ്ടുമനുഷ്യരും നീന്തൽക്കുളവും’ എന്ന ചിത്രത്തിനുപുറകിലും തന്റെ വൈകാരികജീവിതത്തിന്റെ അനുരണനങ്ങളുണ്ടെന്ന് പിന്നീട് നാം അറിയുന്നു. (തന്റെ മുൻകാമുകനും അയാളുടെ പുതിയ കാമുകനുമാണ് ആ ചിത്രത്തിന്റെ ഉള്ളടക്കമെന്ന് ഹോക്ക്നി വെളിപ്പെടുത്തുന്നുണ്ട് ) കലാനിരൂപകനായ ക്രിസ്റ്റഫർ നൈറ്റ് ഈ കുളത്തെ ബാഹ്യലോകത്തിന്റെ ദുരിതങ്ങളിൽനിന്ന് സംരക്ഷിക്കപ്പെട്ട സൗന്ദര്യത്തിന്റെ ഇടമായ ‘അർക്കേഡിയ’ യുമായി ഉപമിക്കുന്നു. എന്നാൽ ഹോക്ക്നിയുടെ ഈ അർക്കേഡിയയിൽ, ആർട്ടിസ്റ്റ് ആ കാഴ്ചയുടെ ഭാഗമല്ല; അയാൾ ചിത്രത്തിനുപുറത്തെ നിരീക്ഷകൻ മാത്രമാണ്. ആധുനികകലയിലെ സമുന്നതനായ പാബ്ലോ പിക്കാസോവിന്റെ ഓർമ്മയിൽ ചെയ്ത ‘ആർട്ടിസ്റ്റ് ആൻഡ് മോഡൽ’ (1973) എന്ന ചിത്രത്തിൽ ഹോക്ക്നി സ്വയം ഒരു നഗ്നമോഡൽ ആയി പിക്കാസോവിന്റെ മുന്നിലിരിക്കുന്നതായി സങ്കൽപിച്ചിരിക്കുന്നതും ഈ ചിത്രവുമായി സാമ്യത പുലർത്തുന്നു. കാണിയായ കലാകൃത്ത് എന്ന നിലയെ ഹോക്ക്നി മറ്റൊരു തരത്തിൽ തന്റെ കലയിൽ ഉള്ളടക്കം ചെയ്യുകയായിരുന്നു ഇവയിലൂടെ.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഛായാചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഹോക്ക്നിയുടെ 1972-ലെ ‘ഒരു കലാകാരന്റെ ഛായാചിത്രം’ അഥവാ ‘രണ്ടുമനുഷ്യരും നീന്തൽക്കുളവും’ .
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഛായാചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഹോക്ക്നിയുടെ 1972-ലെ ‘ഒരു കലാകാരന്റെ ഛായാചിത്രം’ അഥവാ ‘രണ്ടുമനുഷ്യരും നീന്തൽക്കുളവും’ .

സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഹോക്ക്നിയുടെ കാഴ്ചപ്പാട് അദ്ദേഹത്തിന്റെ തലമുറയിലെ മറ്റ് ആർട്ടിസ്റ്റുകളിൽനിന്നും വിഭിന്നമായിരുന്നു, കലാപ്രവർത്തനമെന്നത് നിരന്തരപഠനമാണെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതസായാഹ്നത്തിലെ ഇടപെടലുകളും. ‘ബ്രഷ് ഒരു സാങ്കേതികവിദ്യ തന്നെയാണ്’ എന്നായിരുന്നു ഹോക്ക്നി പറഞ്ഞിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഒരു കരിയിലയിൽനിന്ന് കമ്പുകൊണ്ട് ചായം തേച്ച ആദിമ മനുഷ്യനും, ഐപാഡും സ്റ്റൈലസും ഉപയോഗിക്കുന്ന ആധുനിക കലാകാരനും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമില്ല. രണ്ടും ലോകത്തെ കാണാനും പകർത്താനുമുള്ള ഉപാധികൾ മാത്രമാണ്. ഈ തത്ത്വചിന്തയോടെയാണ് അദ്ദേഹം പരമ്പരാഗത കലയുടെ അതിരുകൾ ഭേദിച്ചുകൊണ്ട്, ഡിജിറ്റൽ ഉപകരണങ്ങളിലൂടെ പുതിയ ആവിഷ്കാരരൂപങ്ങളിലേക്ക് തിരിഞ്ഞത്. 2010-ൽ, തന്റെ എഴുപത്തിമൂന്നാം വയസ്സിൽ, ഹോക്ക്നി ആദ്യമായി ഐപാഡ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ഡിജിറ്റൽ പാലറ്റ് ഉപയോഗിച്ച്, വെളിച്ചവും നിറങ്ങളും കൊണ്ട് സമൃദ്ധമായ ഇലക്ട്രോണിക് ടാബ്ലെറ്റുകളിൽ നിർമ്മിച്ച കലാകൃതികൾ ആധുനിക സാങ്കേതികവിദ്യയെ തന്റെ ദർശനത്തിന് അനുസൃതമായി പൊരുത്തപ്പെടുത്താനുള്ള ചോദനയുടെ ഫലങ്ങളായിരുന്നു. ഫോട്ടോഗ്രഫിയും വീഡിയോയും പോലുള്ള മറ്റ് സാങ്കേതിക മാധ്യമങ്ങളും അദ്ദേഹം പരീക്ഷിച്ചു. ബ്രഷും ക്യാൻവാസും പെയിന്റും ഒക്കെ ഒരു കാലത്തെ അത്യാധുനിക സാങ്കേതികവിദ്യകളായിരുന്നു എന്നും ഡിജിറ്റൽ ടാബ്ലെറ്റുപോലുള്ള വരയുപകരണങ്ങളെ ‘അപകടമായി’ കാണേണ്ടതില്ല എന്നും അത് മറ്റൊരു ഉപാധി മാത്രമെന്നും ഹോക്ക്നി തെളിയിച്ചു.

ആധുനികകലയിലെ സമുന്നതനായ പാബ്ലോ പിക്കാസോവിന്റെ ഓർമ്മയിൽ ചെയ്ത ‘ആർട്ടിസ്റ്റ് ആൻഡ് മോഡൽ’ (1973) എന്ന ചിത്രത്തിൽ ഹോക്ക്നി സ്വയം ഒരു നഗ്നമോഡൽ ആയി പിക്കാസോവിന്റെ മുന്നിലിരിക്കുന്നതായി സങ്കൽപിച്ചിരിക്കുന്നതും ഈ ചിത്രവുമായി സാമ്യത പുലർത്തുന്നു
ആധുനികകലയിലെ സമുന്നതനായ പാബ്ലോ പിക്കാസോവിന്റെ ഓർമ്മയിൽ ചെയ്ത ‘ആർട്ടിസ്റ്റ് ആൻഡ് മോഡൽ’ (1973) എന്ന ചിത്രത്തിൽ ഹോക്ക്നി സ്വയം ഒരു നഗ്നമോഡൽ ആയി പിക്കാസോവിന്റെ മുന്നിലിരിക്കുന്നതായി സങ്കൽപിച്ചിരിക്കുന്നതും ഈ ചിത്രവുമായി സാമ്യത പുലർത്തുന്നു

അതിവിപ്ലവത്തിന്റെയോ അനാർക്കിസത്തിന്റെയോ വഴിയിലൂടെയായിരുന്നില്ല, അധികവരയുടേയും നിരന്തരസർഗാത്മകതയുടെയും വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടാണ് കലാവിദ്യാർത്ഥികളുടെയും കലാകുതുകികളുടെയും എക്കാലത്തെയും ഇഷ്ടതോഴനായി ഡേവിഡ് ഹോക്ക്നി മാറിയത്. സമയത്തിന്റെയും നിറത്തിന്റെയും സുതാര്യമായ വെളിച്ചത്തിന്റെയും സാന്ദ്രതയേറിയ ഏകാന്തതകളുടെയും സൗന്ദര്യവിഷാദങ്ങളുടെയും തീരെ ചെറിയ കാര്യങ്ങളുടെ ഒടേതമ്പുരാനായത്. വൈവിദ്ധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ മനുഷ്യചേതനയുടെതന്നെ നിലയ്ക്കാത്ത ദൃശ്യഭൂഖണ്ഡങ്ങളിലേക്ക് ഹോക്ക്നി ഇനിയും ഒരു കാലം നമ്മെ നടത്തിയേക്കും, വസന്തഋതുവിന്റെ ആയാസരഹിതമായ ഇലയനക്കങ്ങൾ പോലെ.

ഹോക്ക്നിയുടെ മറ്റ് ഛായാചിത്രങ്ങൾ

David Hockney, A bigger splash
David Hockney, A bigger splash
David Hockney, Domestic scene
David Hockney, Domestic scene
David Hockney, Beverly Hills housewife
David Hockney, Beverly Hills housewife
David Hockney, Play Within a Play Within a Play and Me with a Cigarette (2025).
David Hockney, Play Within a Play Within a Play and Me with a Cigarette (2025).
David Hockney, Winter Timber, 2009 
David Hockney, Winter Timber, 2009 
David Hockney, 27th March 2020, No. 1  
David Hockney, 27th March 2020, No. 1  

Summary: Sudheesh Kottembram remembers the late British artist David Hockney.


സുധീഷ് കോട്ടേമ്പ്രം

ചിത്രകാരൻ, കവി, കലാവിമർശകൻ, ക്യുറേറ്റർ. ശരീരസമേതം മറൈൻഡ്രൈവിൽ, ചിലന്തിനൃത്തം (കവിത), നഷ്​ടദേശങ്ങളുടെ കല, ക്വാറൻറയിൻ നോട്ട്​സ്​: തടങ്കൽദിനങ്ങളിലെ കലാചിന്തകൾ, കലാവസ്തുവിൻ്റെ വർത്തമാനം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments