‘യുആർ ലുക്കിംഗ് ഗുഡ്, കോമ്രേഡ്’
‘യെസ്, ഐ ആം, ബിക്കോസ് ഔവർ സ്ട്രഗിൾസ് ആർ ഗോയിംഗ് ഗുഡ്
ദിവസങ്ങൾ മാത്രം മുൻപ്, അവസാനത്തെ കൂടിക്കാഴ്ചയ്ക്കിടയിൽ സഖാവ് സുനീത് ചോപ്രയുമായുള്ള സംസാരം ഇങ്ങനെയാണ് തുടങ്ങിയത്. സമരങ്ങളിൽ, സഖാക്കൾക്കിടയിൽ, പുതിയൊരു ലോകം പുലരുക തന്നെ ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിൽ തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു സഖാവ് സുനീത്. ഡൽഹിയിൽ നടക്കുന്ന മഹാപ്രക്ഷോഭത്തിൽ അണിനിരക്കാനെത്തിയ കർഷക - തൊഴിലാളി സഖാക്കളെ കാണാനുള്ള യാത്രയ്ക്കിടയിൽ കുഴഞ്ഞുവീണ് ആ സഖാവ് യാത്രയാകുന്നു. സമരഭൂമിയിലേക്കുള്ള യാത്രയിൽ. സുനീതിന്റെ ജീവിതം പോലെ തന്നെ ആശ്ചര്യപ്പെടുത്തുന്നൊരുമരണവും.
ഒരു പതിറ്റാണ്ടിലേറെ പ്രായമാകുന്ന ഡൽഹി ജീവിതത്തിലെ ഏറ്റവും ഊഷ്മളമായ ബന്ധങ്ങളിൽ ഒന്നാണ് സഖാവ് സുനീത് ചോപ്ര. ഒരു തവണയെങ്കിലും കണ്ടൊരാൾക്ക് സുനീതിനെ മറക്കാനാകില്ല. അയാളുടെ സ്നേഹം അനുഭവിക്കാതെ ചുറ്റിലുമുള്ളവരാരും മടങ്ങിയിട്ടുമുണ്ടാകില്ല.
എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റിയുടെയും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്റെയും ആസ്ഥാനം ഒരേ കെട്ടിടത്തിലാണ്. ഇവിടെയുള്ള ദിവസങ്ങളിൽ ഞങ്ങൾ ദിനേനയെന്നോണം കണ്ടുകൊണ്ടേയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വല്ലാതെ അലട്ടാൻ തുടങ്ങിയിട്ടില്ലാതിരുന്ന അടുത്ത കാലം വരെ മിക്കവാറും ദിവസങ്ങളിൽ ഓട്ടോയിലാണ് സുനീത് ചൊപ്ര ഓഫീസിൽ വന്നിരുന്നത്. ഓട്ടോക്കാരനെയും വിളിച്ച് അദ്ദേഹം ഓഫീസിലേക്ക് കയറും. ഒന്നുകിൽ എസ്.എഫ്.ഐയുടെ ഹിന്ദി മാഗസിൻ, അല്ലെങ്കിൽ പാർട്ടിയുടെ ഹിന്ദി വാരിക ലോക്‌ലഹർ, അതുമല്ലെങ്കിൽ കിസാൻ സഭയുടെ മാസിക അങ്ങനെ ഏതെങ്കിലും ഒന്ന്, അല്ലെങ്കിൽ മൂന്നും ഓരോ കോപ്പി വീതം ആ ഡ്രൈവറുടെ കയ്യിൽ കൊടുക്കും. എന്നിട്ട് അത് വായിച്ച് പഠിക്കണം എന്നുപറയും. ഇതൊരു സ്ഥിരം കാഴ്ചയായിരുന്നു. രാജ്യതലസ്ഥാനത്തെ ഒരുപാട് ഓട്ടോക്കാർക്ക് സഖാവ് സുനീതിനെ അറിയാമായിരുന്നു. യാത്രയിലുടനീളം അവരോട് ഇത്രമാത്രം സംസാരിച്ച, അവരെ തന്റെ സഖാവായി പരിഗണിച്ച, ഇനിയൊരിക്കൽ കാണും എന്ന് ഉറപ്പില്ലാതിരുന്നിട്ട് കൂടി അവരെ തന്റെ രാഷ്ട്രീയത്തിലേക്ക് സ്വാധീനിക്കാൻ ശ്രമിച്ച മറ്റൊരാളെ അവർ കണ്ടിട്ടുണ്ടാകില്ല. ആ തൊഴിലാളികൾ സുനീതിനെ മറക്കില്ല എന്നുറപ്പാണ്. എന്നാൽ തങ്ങളുടെ ഓട്ടോയിലേക്ക് ഒരു കൂട്ടുകാരനെ പോലെ വർത്തമാനം പറഞ്ഞ് കയറുന്ന താടിക്കാരനായ ആ മനുഷ്യൻ ഇനിയില്ല എന്ന് അവരിൽ പലരും അറിഞ്ഞിട്ടുണ്ടാകില്ല, അറിയാൻ സാധ്യതയുമില്ല. തങ്ങളുടെ ഓട്ടോയിൽ സഞ്ചരിച്ച ഏറ്റവും നല്ല മനുഷ്യരിൽ ഒരാളെ അവർ ഇനിയും പ്രതീക്ഷിക്കട്ടെ.
സഖാവ് നൂറുൾ ഹുദ മരിച്ച ദിവസം കണ്ണീർ വാർത്ത് മുദ്രാവാക്യം വിളിച്ച സുനീത് ചൊപ്രയെ ഓർമയുണ്ട്. സ്റ്റുഡൻറ് സ്ട്രഗിളിലേക്ക് ലേഖനം എഴുതിത്തരാൻ എപ്പോഴും തയ്യാറായിരുന്ന, കയ്യിൽ മുറുകെ പിടിക്കുന്ന, ഇടക്ക് കെട്ടിപ്പിടിക്കുന്ന, ചിരിച്ചുകൊണ്ട് മാത്രം കാണുന്ന, അഭിമന്യു കൊല്ലപ്പെട്ടതിന്റെ
തൊട്ടടുത്ത ദിവസം സഖാവ് സൈമൺ ബ്രിട്ടോയുടെ വീട്ടിൽ വച്ച് അവനെ കണ്ടതിനെക്കുറിച്ച് വികാരഭരിതനായി സംസാരിച്ച, അവശത വകവെക്കാതെ ഓഫീസിലേക്ക് വന്നുകൊണ്ടിരുന്ന, കലയെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും രക്തസാക്ഷികളെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരുന്ന സുനീത് ചോപ്ര. ഉത്തര കൊറിയയുടെയും പലസ്തീന്റെയും ക്യൂബയുടെയും ചങ്ങാതിയായിരുന്ന സാർവദേശീയ കമ്യൂണിസ്റ്റ് സുനീത് ചോപ്ര. ഉത്തര കൊറിയൻ എംബസിയിലെ സഖാക്കളൊക്കെ അദ്ദേഹത്തെ കാണാൻ വരുമായിരുന്നു. ക്യൂബൻ എംബസിയിൽ പോയാൽ അവർ പറയുന്ന പേരുകളിൽ ഒന്ന് സുനീതിന്റേതായിരുന്നു. തങ്ങളുടെ സഖാക്കളിൽ ഒരാളായി അവരെല്ലാം ആ ഇന്ത്യൻ കമ്യൂണിസ്റ്റിനെ കണ്ടിരുന്നു. ജീവിതത്തിലെ വലിയ അഭിമാനങ്ങളിൽ ഒന്നാണ് ആ മനുഷ്യനൊപ്പം ചേർന്ന് നിൽക്കാനായത്.
നാട്ടിൽ നിന്ന് മുതിർന്ന സഖാക്കൾ ഡൽഹിയിൽ എത്തിയാൽ അവർ സുനീതിനെ കാണുന്നത് തന്നെ ഒരു രസമുള്ളൊരു കാഴ്ചയായിരുന്നു. പെരിംങ്ങോത്തെ സഖാക്കൾ ശശിയേട്ടനും ഗോപാലേട്ടനും ഉൾപ്പടെയുള്ളവർ ഒരിക്കൽ ഓഫീസിൽ വന്ന് അപ്രതീക്ഷിതമായി സുനീതിനെ കണ്ടു. ഗോപാലേട്ടൻ ഓടിച്ചെന്ന് സുനീതിനെ കെട്ടിപ്പിടിച്ചു. ഒരു നിമിഷം കൊണ്ടവർ പഴയ ഡി വൈ എഫ് ഐക്കാരായി, എൺപതുകളിലെ കാൽനട ജാഥയിലെ അംഗങ്ങളായി.
“സ്വന്തം ജീവിതകാലത്ത് തന്നെ സോഷ്യലിസം പുലരുമെന്ന് തീർച്ചയുണ്ടായിരുന്ന തലമുറയായിരുന്നു ഞങ്ങളുടേത്” സുനീത് പറയുമായിരുന്നു. അറുപതുകളിലും എഴുപതുകളുടെ തുടക്കത്തിലുമെല്ലാം ലണ്ടനിലെയും പലസ്തീനിലെയുമുൾപ്പടെ വിമോചന പോരാട്ടങ്ങളിൽ പടർന്ന മനുഷ്യനായിരുന്നു അത്. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളിലെല്ലാം കലാവിമർശനവും രാഷ്ട്രീയവും ചർച്ച ചെയ്തിരുന്നൊരാൾ. അക്കാദമിക് ജേർണലുകളിലും തെരുവു പ്രസംഗങ്ങളിലും ഒരുപോലെ മികവു കാട്ടിയൊരാൾ. ആരോടും സംസാരിക്കാൻ ഒരു പ്രയാസവും ഇല്ലാതിരുന്നൊരാൾ. അടിമുടി സാർവദേശീയ സ്വഭാവമുണ്ടായിരുന്ന ഒരു കമ്യൂണിസ്റ്റ്, ഇന്ത്യയിലെ ഏത് ഗ്രാമത്തിലേക്കും ആവേശത്തോടെ കടന്നുപോകാൻ തയ്യാറായിരുന്നൊരു സംഘാടകൻ. എന്തൊരു സമ്പന്നമായ ജീവിതത്തിനാണ് ഇന്ന് തിരശീല വീണിരിക്കുന്നത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള നേപ്പാളിലേക്കുള്ള യാത്രയിൽ സഖാവ് സുനീത് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
സഖാവ് സുനീത് ചോപ്ര ഇനിയില്ല. ഇവിടെ ഓർമിക്കാനും പഠിക്കാനും ഒരുപാട് ബാക്കി വെച്ച് അദ്ദേഹം യാത്രയാകുന്നു. ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ
പ്രിയപ്പെട്ട സഖാവിന് സ്നേഹാദരങ്ങളോടെ വിട.