Photo: SPCS

ഓംചേരി പറഞ്ഞു,
‘ആ എൻ.എൻ. പിള്ള ഞാനല്ല’

"ആ എൻ.എൻ. പിള്ള പ്രശസ്തനായ മറ്റൊരു നാടകകൃത്താണ്. സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഗോഡ്ഫാദറിൽ കണ്ടിട്ടില്ലേ? നടൻ വിജയരാഘവന്റെ അച്ഛനാണ്. കൂടുതൽ വായിക്കണം. തേടിപ്പിടിച്ച് വായിക്കണം’’- ഞാൻ ഒരു ജാള്യച്ചിരിയോടെ റൂമിലേക്ക് നടന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ഓംചേരി എൻ.എൻ. പിള്ളയെ ഓർക്കുന്നു, തുഫൈൽ പി.ടി.

ൽഹി കൊണാട്ട്പ്ളേസിലെ കേരള ക്ലബിൽ വെള്ളിയാഴ്ച സാഹിതീസഖ്യം കഴിഞ്ഞ് രാത്രി ഓംചേരി എൻ.എൻ. പിള്ള സാറിന്റെ ഹോണ്ട കാറിൽ സർവകലാശാലാ കാമ്പസിലേക്കിറക്കി തരുമ്പോൾ വഴിയിൽ ഞാൻ ആ ആഴ്ച വായിച്ച അദ്ദേഹത്തിന്റെ ഒരു നാടകത്തെ കുറിച്ചുള്ള വർത്തമാനത്തിന് തുടക്കമിട്ടു. മരം കോച്ചുന്ന ദൽഹി തണുപ്പിൽ നീണ്ട ട്രാഫിക്കിലൂടെ ഇഴഞ്ഞുനീങ്ങിയ വണ്ടിയിൽ നാടകത്തിന്റെ കഥയും കഥാപാത്രങ്ങളും ചർച്ചയായി. എനിക്കിഷ്ടപ്പെട്ട രംഗങ്ങളും സംഭാഷണങ്ങളും ഞാൻ പങ്കുവെച്ചു. അദ്ദേഹം അവയുടെ ആഴങ്ങളിലേക്കിറങ്ങി എനിക്കത് വിശദീകരിച്ചു തന്നു. ചില സന്ദർഭങ്ങളോടുള്ള ഏന്റെ കാഴ്ചപ്പാടുകൾക്ക് പുതിയ ഭാവുകത്വം നൽകി.

ഒരിക്കൽ മലയാള ഭാഷയെ സമ്പുഷ്ടമാക്കി നിർത്തിയത് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന എഴുത്തുകാരായ എം. മുകുന്ദൻ, ഒ.വി. വിജയൻ, ആനന്ദ്, സച്ചിദാനന്ദൻ തുടങ്ങിയവരൊക്കെയായിരുന്നു എന്നത് ചെറിയ പ്രചോദനമായിരുന്നില്ല. മുകുന്ദന്റ 'ഡൽഹി'യിലെ അരവിന്ദനാണ് ഞാൻ എന്നായിരുന്നു ദൽഹിയിലെ ആദ്യകാലങ്ങളിൽ ഞാൻ സ്വയം സങ്കൽപിച്ചു വെച്ചിരുന്നത്. ഇന്ദ്രപ്രസ്ഥനഗരിയുടെ കിഴക്കേ അറ്റത്തെ ഒരു പ്രാന്തപ്രദേശത്ത് ദൽഹി സർവകലാശാലയുടെ കീഴിലുള്ള ഒരു കോളേജിൽ ബിരുദ പഠനത്തിന് ചേരുമ്പോൾ ഇന്നത്തെ പോലെ മലയാളി വിദ്യാർത്ഥികൾ സംഘടിതമായി തലസ്ഥാനത്തേക്ക് ചേക്കേറിത്തുടങ്ങിയിരുന്നില്ല. സ്കൂൾ കാലത്തേ തുടങ്ങിയ പരന്ന സാഹിത്യ വായനയായിരുന്നു പന്ത്രണ്ടാം ക്ലാസിലെ ശാസ്ത്ര പഠനം കഴിഞ്ഞ പാടേ ദൽഹിയിലേക്ക് വണ്ടി കയറാൻ പ്രേരിപ്പിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാടിനെ പോലെ ഒരു കവിയാകണം, തീക്ഷ്ണമായ ഭാഷയിൽ കവിതകൾ എഴുതണം എന്നതായിരുന്നു ആഗ്രഹം.

ഓംചേരി എൻ.എൻ. പിള്ള
ഓംചേരി എൻ.എൻ. പിള്ള

ബിരുദം ആംഗലേയ സാഹിത്യത്തിലായിരുന്നെങ്കിലും മലയാളം ഒരു വികാരമായി തുടർന്നു. മണ്ടി ഹൗസിലെ സാഹിത്യ അക്കാദമിയുടെ ലൈബ്രറിയിലെ മലയാള പുസ്തകശേഖരം വലിയ ആശ്വാസമായി. ഡൽഹിയിലെ സർക്കാർ ബസിൽ വിദ്യാർത്ഥി പാസ് ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ സമയം കിട്ടുമ്പോഴൊക്കെ അങ്ങോട്ട് വെച്ച് പിടിച്ചു. മെമ്പർഷിപ്പ് ഇല്ലാത്തതിനാൽ പുസ്തകങ്ങൾ വീട്ടിലേക്കെടുക്കാതെ അവിടെ ഇരുന്നുതന്നെ വായിച്ചു.

കൊണാട്ട് പ്ളേസിലെ കേരള ക്ലബ് അതിന്റെ പ്രതാപ കാലത്തെന്ന പോലെ സാഹിതീ സഖ്യവുമായി മലയാളികളെ ചേർത്തുനിർത്തി. ക്ലബിന്റെ ചുമതലക്കാരനായിക്കൊണ്ട് തലസ്ഥാനത്തെ മലയാളികളുടെ കാരണവരായും പിതാവായും ഗുരുനാഥനായും ആശ്രയമായും ഓംചേരി നിറഞ്ഞു നിന്നു. കേരള ക്ലബിനോടടുത്തുതന്നെ അദ്ദേഹം പ്രിൻസിപ്പലായി സേവനമനുഷ്ടിച്ചിരുന്ന ഭാരതീയ വിദ്യാഭവനിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറി ഒരു ആശ്വാസകേന്ദ്രമായി. അതിന്റെ ചുമരിൽ അദ്ദേഹം സ്ഥാപിച്ച നാട്ടിൻപുറത്തെ ഏതോ ഒരു ഷാപ്പിന്റെ ഛായാചിത്രം ഗൃഹാതുരത്വത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു.

ക്ലബിലെ സാഹിത്യചർച്ച കഴിഞ്ഞ് രാത്രി വൈകുമ്പോൾ അദ്ദേഹത്തിന്റെ കാറിൽ സ്നേഹപൂർവം താമസസ്ഥലത്തേക്ക് ഇറക്കിത്തരും. തലസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളെ തലമുറകളായി അടുത്തുകണ്ട ആ അതികായന്റെ അനുഭവങ്ങളുടെ ഏടുകൾ കേൾക്കാനുള്ള സുവർണ അവസരമായിരുന്നു അത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ‘ഗരീബി ഹഠാവോ’ എന്ന വിഖ്യാത മുദ്രാവാക്യം സമ്മാനിച്ചത് ഓംചേരിയാണെന്ന് കേട്ടിട്ടുണ്ട്.

പങ്കാളി ലീലയോടൊപ്പം
പങ്കാളി ലീലയോടൊപ്പം

യാതൊരു തലക്കനവുമില്ലാതെ ഏതൊരാളോടും അടുത്തിടപഴകുന്ന ഓംചേരി അന്ന് സർവകലാശാലയിൽ, ഞങ്ങൾ മലയാളി വിദ്യാർത്ഥികളുടെ കൊച്ചു കൂട്ടായ്മക്കു വേണ്ടിയും ഏറെ മാർഗനിർദേശങ്ങൾ നൽകി. ഞാൻ ആ കൂട്ടായ്മയുടെ അദ്ധ്യക്ഷനായ സമയത്ത് പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന, അന്നത്തെ ഏറ്റവും പവർഫുൾ ഉദ്യോഗസ്ഥനായിരുന്ന ടി.കെ.എ. നായർ മുതൽ ദൽഹിയിലെ പല മേഖലകളിലെയും മലയാളികളെ അദ്ദേഹം എനിക്ക് പരിചയപ്പെടുത്തി.

ദൽഹി നടുവിൽ കുഴിയുള്ള ഒരു പിഞ്ഞാണം പോലെയാണെന്നും കനമുള്ളത് അതിൽ അടിയുന്നുവെന്നും കനമില്ലാത്തവ അതിൽനിന്ന് പുറന്തള്ളപ്പെടുന്നുവെന്നും മാധവിക്കുട്ടി എഴുതിയത് വലിയ സ്വാധീനമായിരുന്നു.

ജീവിതാനുഭവങ്ങളുടെ തീക്ഷ്ണത മുകുന്ദന്റെ അരവിന്ദനേക്കാളും ചുള്ളിക്കാടിന്റെ കവിതകളേക്കാളും തീവ്രമാണെന്നറിഞ്ഞപ്പോഴും ദൽഹിയിൽ കനത്തോടെ നിൽക്കാൻ ഓംചേരി നിത്യപ്രചോദനമായി. എനിക്ക് മാത്രമല്ല. അദ്ദേഹത്തിന്റെ തണൽ ലഭിച്ച ഡൽഹിയിലെ ഓരോ മലയാളിക്കും അത് അങ്ങനെ തന്നെയായിരിക്കും.

ദൽഹി കേന്ദ്രീകരിച്ചുള്ള മിക്ക പ്രമുഖ എഴുത്തുകാരെയും വായിച്ചിരുന്നെങ്കിലും ഓംചേരിയെ കണ്ട ആദ്യ നാളുകളിൽ അദ്ദേഹത്തിന്റെ പുസ്തകമൊന്നും വായിച്ചിരുന്നില്ലെന്നത് ഒരു ജാള്യതയായി ഉള്ളിൽ അവശേഷിച്ചു. ആയിടക്കാണ് സർവകലാശാലയിൽ പണ്ട് മുടങ്ങിപ്പോയ മലയാള വിഭാഗത്തിന്റെ പുസ്തകങ്ങൾ ആർട്സ് ഫാക്കൽട്ടിയിലെ വലിയ ലൈബ്രറി കെട്ടിടത്തിലെ ഒന്നാമത്തെ നിലയിൽ മൂലയിലെ ഒരു സെക്ഷനിൽ പൊടിപിടിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. എം.എക്കാരുടേതായതിനാൽ ഡിഗ്രി കുട്ടികൾക്ക് അവിടെ മെമ്പർഷിപ്പിപ്പ് കിട്ടില്ല. അതിനാൽ പൊടി പിടിച്ച അലമാരകളിൽനിന്ന് പുസ്തകങ്ങൾ തപ്പിയെടുത്ത് അവിടെയിരുന്ന് തന്നെ വായിക്കും. അങ്ങനെയിരിക്കെ ഒരു ദിവസമാണ് ഏതോ ഒരു നാടക സമാഹാരത്തിൽ എൻ.എൻ പിള്ളയുടെ ഒരു നാടകം കണ്ണിലുടക്കിയത്. ഒറ്റ ഇരിപ്പിൽ അവിടെയിരുന്ന് മുഴുവൻ ആർത്തിയോടെ വായിച്ചു. അടുത്ത വെള്ളിയാഴ്ച ഓംചേരിയോട് അതേക്കുറിച്ച് പറയണം. അദ്ദേഹത്തിന്റെ പുസ്തകം വായിച്ചില്ലെന്ന ജാള്യത തീർക്കണം.

ഓംചേരിയുടെ തണൽ ലഭിച്ച ഡൽഹിയിലെ ഓരോ മലയാളിക്കും അത് അങ്ങനെ തന്നെയായിരിക്കും.
ഓംചേരിയുടെ തണൽ ലഭിച്ച ഡൽഹിയിലെ ഓരോ മലയാളിക്കും അത് അങ്ങനെ തന്നെയായിരിക്കും.

അന്നാണ് അദ്ദേഹം ആദ്യമായി കാറിൽ എനിക്ക് താമസസ്ഥലത്തേക്ക് ലിഫ്റ്റ് തന്നത്. ആസാദ്പൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴിയിൽ തന്നെയാണ് എന്റെ താമസസ്ഥലം. ഡ്രൈവർ വണ്ടിയോടിക്കുമ്പോൾ ഞങ്ങൾ പിറകിലിരുന്ന് സംസാരത്തിൽ മുഴുകി. ഞാൻ ആ നാടകത്തെ കുറിച്ച് സംസാരിച്ചു. അദ്ദേഹം അതിന്റെ വ്യത്യസ്ത മാനങ്ങൾ എനിക്ക് വിശദീകരിച്ചു തന്നു. നോർത്ത് കാമ്പസിനടുത്തുള്ള താമസസ്ഥലത്തിനടുത്തെത്തിയപ്പോൾ ഞാൻ വണ്ടിയിൽ നിന്നിറങ്ങി.
ഗ്ലാസ് താഴ്ത്തി അദ്ദേഹം എനിക്ക് കൈ തന്നു. കൃതാർത്ഥനായി ഞാൻ ‘അടുത്ത വെള്ളിയാഴ്ച കാണാം സാർ’ എന്ന് പറഞ്ഞു.
‘കാണാം’ എന്ന് പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു.

ഹസ്തദാനം വിട്ട് പോകാനൊരുങ്ങവെ അദ്ദേഹം എന്റെ കൈയിൽ ഒന്നു കൂടി മുറുകെപ്പിടിച്ചു. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി.
അദ്ദേഹം പറഞ്ഞു: ‘തുഫൈൽ, ആ പിള്ള ഞാനല്ല കേട്ടോ…’
ഞാൻ സ്തബ്ധനായി.
അദ്ദേഹം വീണ്ടും പുഞ്ചിരിച്ചു.
"ആ എൻ.എൻ. പിള്ള പ്രശസ്തനായ മറ്റൊരു നാടകകൃത്താണ്. സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഗോഡ്ഫാദറിൽ കണ്ടിട്ടില്ലേ? നടൻ വിജയരാഘവന്റെ അച്ഛനാണ്. കൂടുതൽ വായിക്കണം. തേടിപ്പിടിച്ച് വായിക്കണം. അടുത്ത വെള്ളിയാഴ്ച കാണാം’’.

ഓംചേരിയുടെ പഴയ ചിത്രം
ഓംചേരിയുടെ പഴയ ചിത്രം

അതു പറഞ്ഞ് സാർ കൈയഴച്ചു. ഗ്ളാസ് പൊക്കി. കാർ മുന്നോട്ടേക്ക് നീങ്ങി. ഞാൻ ഒരു ജാള്യച്ചിരിയോടെ റൂമിലേക്ക് നടന്നു.

ഓംചേരിയുടെ വിയോഗം ഞാനുൾപ്പെടെയുള്ള ദൽഹിയിലെ പല മേഖലകളിലെ അനവധിയായ മലയാളികൾക്ക് നികത്താനാകാത്ത നഷ്ടമാണ്. ഇനിയാ തണലും ആശ്രയവും ഇല്ല. ആ എഴുത്തും മൊഴികളും സ്നേഹവും ലെഗസിയും എന്നും നിലനിൽക്കട്ടെ.

Comments