ജീവിതത്തിന്റെ ഉസ്താദ്

വടക്കേ മലബാറിൽ നിന്നും യു.എ.ഇ ലക്ഷ്യം വെച്ചു നീങ്ങിയ അനേകായിരം മനുഷ്യരുടെ, അവിദഗ്ധ തൊഴിലാളികളായ സാധാരണക്കാരുടെ അസാധാരണമായ ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും കഥയിലെ ഒരേടാണ് അമ്മദ്ക്ക. ഗൾഫ് പ്രവാസത്തിനിടെ തനിക്കൊപ്പമുണ്ടായിരുന്ന നാട്ടുകാരന്റെ, റൂം മേറ്റിന്റെ ഓർമ്മകളിലൂടെ ഉമ്പാച്ചി എഴുതുന്നു

ഡിസംബർ ഇരുപത്തിയെട്ടിന് വടകര, വില്യാപ്പള്ളിയിലെ പിള്ളേരി അമ്മദ്ക്ക മരിച്ചു. നാട്ടുകാരുടെ വാട്ട്‌സാപ്പ് ഫോർവാഡുകളായി മാറിയ ചരമ അറിയിപ്പിലും പിറ്റേന്നുള്ള ഒന്നു രണ്ടു പത്രങ്ങളിലെ പെട്ടിക്കോളം ചരമവാർത്തയിലും അമ്മദ്ക്കയുടെ ജീവിതം നാലഞ്ചുവരികളിൽ പര്യവസാനിച്ചു. രണ്ടായിരത്തിയെട്ടിൽ ഏതാനും മാസങ്ങൾ ദുബായിൽ ഒരൊറ്റമുറിയിൽ ഒരുമിച്ചു പാർത്തതുകൊണ്ടു മാത്രം അമ്മദ്ക്കയുടെ ജീവിതത്തിൽ നിന്നൽപം അറിയാനായി. ഏതാനും വരികളിൽ ഒതുങ്ങുന്നതല്ല ആ ജീവിതം.

1972ൽ യു. എ. ഇ രൂപീകൃതമായതിനു തൊട്ടുപിന്നാലെ പിള്ളേരി അമ്മദ് എന്ന ചെറുപ്പക്കാരൻ ദുബായിലെത്തി. വടക്കേ മലബാറിൽ നിന്നും യു. എ. ഇ ലക്ഷ്യം വെച്ചു നീങ്ങിയ അനേകായിരം മനുഷ്യരുടെ, അവിദഗ്ധ തൊഴിലാളികളായ സാധാരണക്കാരുടെ അസാധാരണമായ ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും കഥയിലെ ഒരേടാണ് അമ്മദ്ക്ക. പുറവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഉടനെയുണ്ടായ ഒരാപത്തിൽപെട്ട് അമ്മദ്ക്ക പതിനാലു വർഷം കിടപ്പിലായിരുന്നു. ചലനത്തിന്റെയും നിശ്ചലതയുടേയും രണ്ടുലോകങ്ങളെ ആഴത്തിൽ അനുഭവിച്ച് ആ മനുഷ്യൻ മറ്റൊരു ലോകത്തേക്കുപോയി. അമ്മദ്ക്ക പറഞ്ഞ കഥകളിൽ പ്രവാസമുണ്ട്, ജീവിതമുണ്ട്, കേൾക്കാൻ ഒരാളെ കിട്ടിയാൽ ആ നിമിഷം കഥാപാത്രങ്ങളായി പരിണമിക്കുന്ന പ്രവാസികളായ മനുഷ്യരുടെ ജീവിതത്തിന്റെ സാരവും രസവുമുണ്ട്, അവരുടെയൊന്നാകെ പ്രതിബിംബമായിരുന്നു അടുത്തറിഞ്ഞവർക്കെല്ലാം പിള്ളേരി അമ്മദ്.

ജീവിതത്തെ അടുപ്പിലെ ചകിരിയുമായി ഉപമിച്ചാണ് പിള്ളേരി അമ്മദ്ക്ക ഇടക്കിടെ വിസ്തരിക്കാറുള്ള സ്വന്തം ജീവിതകഥ ഒരിക്കൽ ഉപസംഹരിച്ചത്. നൊന്തു തീരുന്നതോടെ വേദനകൾ ഓർമ്മയായി മാറുന്നത് അരിവെന്തു, തീ ചാരമായി മാറി എന്ന പോലെയാണെന്ന്. വിറകു പോലെ കത്തിയെരിഞ്ഞൊരു ജീവിതം ഓർത്തെടുക്കാനുള്ള പഴയ ഗൾഫുകാരിലാരും സ്വന്തം ജീവിതത്തിലേക്കിങ്ങനെ തിരിഞ്ഞു നോക്കിയേക്കും. നിർമമതയോടെയുള്ള പിന്തിരിഞ്ഞു നോട്ടങ്ങളിൽ സഹിച്ചു തീർത്ത വ്യസനങ്ങളെ നല്ല സ്മരണകളായ് വീണ്ടും കാണാം. ഓർമ്മകൾ കഥകളാകുന്നതോടെ അതിലെ നോവുകളാറി, അതു രസച്ചരടിൽ കോർക്കപ്പെട്ട ജീവചരിത്രമായിത്തീരുന്നു. ഗൾഫുകാരെപ്പറ്റി പലരും പലതും പറയുന്നേരം ഞാനെന്റെയീ സഹമുറിയനെ ഓർമ്മിക്കും, നാട്ടിൽ പോയപ്പോഴെല്ലാം ചെന്നുകണ്ടു, ഇക്കുറി കാണാൻ ചെന്നില്ല, ഇപ്പോൾ ജീവനോടെയില്ലാത്ത അദ്ദേഹത്തിന്റെ ജീവനുള്ള കഥക്കെട്ട് പുനപരിശോധിക്കുന്നു. അനേകം ഗൾഫുകാരെപോലെ അമ്മദ്ക്കയും കഥകൗശല വിദ്യ കൊണ്ട് സ്വന്തം മറുനാടൻ ജീവിതത്തെ കേട്ടിരിക്കാനിമ്പമുള്ള വിഭവമാക്കി മാറ്റി. നിത്യേന അമ്മദ്ക്ക പാകംചെയ്തു തന്ന തീൻപണ്ടങ്ങളേക്കാൾ സ്വാദുണ്ടായിരുന്നു ആ കഥകൾക്ക്. അതിൽ ഇന്നലത്തെ കേരളം ഞെക്കിത്തെറുപ്പിച്ച ജീവിതംതേടികളുടെ കയ്പ്പുമെരിവും പുളിയും മധുരവും നിറഞ്ഞു. നുണയാൻ പാകത്തിൽ പറഞ്ഞ നുണകൾ കൂടി ചേരുന്നതോടെ അമ്മദ്ക്കയുടെ ജീവിതംപറച്ചിൽ എഴുതി ഫലിപ്പിക്കാനാവാത്ത ഇതിവൃത്തങ്ങളായി. ആ നുണകളൊന്നും നുണകളായിരുന്നില്ല, മറ്റു പലർ ജീവിച്ച ജീവിതമായിരുന്നു. ഗൾഫ് കഥകൾ നുണകളാകുന്നതാണ് നല്ലത്. അല്ലെങ്കിൽ അതിനു പിറകിലെ ജീവിതത്തിന്റെ ഉടമ പിടിക്കപ്പെടാം. അമ്മദ്ക്ക കുറെക്കാലം എന്റെ തൊട്ടരികെ കിടന്നു പഴങ്കഥകൾ പൊഴിക്കുന്ന കഥാകൃത്തായിരുന്നു. ദുബായിലെ ദേരയിലെ നായിഫിൽ ആയിരുന്നു ഞങ്ങളുടെ ഒറ്റമുറി.

1973ൽ മദ്രാസിൽ റീജ്യണൽ പാസ്പോർട്ട് ആന്റ് എമിഗ്രേഷൻ ഓഫീസ് നൽകിയ പാസ്‌പോർട്ട്

1973ലാണ് പിള്ളേരി അമ്മദ് എന്ന കൗമാരക്കാരൻ തനിക്കു വലിയ തിരിപാടില്ലാത്ത ഇന്ത്യൻ പാസ്പോർട്ടെടുക്കുന്നത്. പാസ്പോർട്ടു കൊണ്ടുള്ള പ്രയോജനം കടലു കടക്കാമെന്നതാണ്. കുടലിലെ വിശപ്പ് കടലിനപ്പുറമുള്ള അന്നം കാണിച്ചു തന്നു എന്ന് അമ്മദ്ക്ക പറയും. ചില നാട്ടുകാർ മുബൈയിലേക്കും അവിടന്നു ദുബൈയിലേക്കും കടന്നതിന്റെ അറിവുണ്ടായിരുന്നു. കടലു കടന്നാൽ ജീവിതമരം കായ്ക്കുമെന്ന് പതുക്കെ പരസ്യപ്പെട്ടു തുടങ്ങിയിരുന്നു. അന്ന് പാസ്‌പോർട്ട് ഓഫീസുകളില്ല. മദ്രാസിൽ റീജ്യണൽ പാസ്പോർട്ട് ആന്റ് എമിഗ്രേഷൻ ഓഫീസ് ആണുള്ളത്. അവിടെ നിന്നാണ് പാസ്പോർട്ടു ലഭിക്കുക. കടലു കടക്കാനുള്ള കപ്പലുകിട്ടാൻ ബോംബെയിലേക്കാണ് ആദ്യം പോയത്. അവിടെ നിന്ന് രണ്ടും കൽപ്പിച്ചുള്ള യാത്ര. ദുബായിലാണ് കപ്പൽ യാത്രക്കാരെ കൊണ്ടുവിട്ടത്. 1973 നവംബറിലായിരുന്നു അത്. അന്ന് എണ്ണയുണ്ട് ഈ മണ്ണിലെന്ന അറിവു പരക്കുകയോ പെട്രോഡോളറിന്റെ പ്രതീക്ഷകൾ ഉദിക്കുകയോ ചെയ്തിരുന്നില്ല. ബ്രിട്ടീഷ് ഭരണം കാരണം ഇന്ത്യൻ രൂപയായിരുന്നു ഇവിടെയും കറൻസി. ഒന്നിനു പത്തിലേറെയെന്ന ഇന്നത്തെ വിനിമയ മൂല്യമൊന്നുമില്ലാതിരുന്നിട്ടും എന്തിനാകും ഇന്ത്യക്കാരായ, രൂപയുടെ നാട്ടുകാരായ നമ്മൾ ദുബായിലേക്കു കടലുകടക്കാൻ തുടങ്ങിയത്. കഥക്കിടയിലേക്കു ഞാൻ ചോദ്യവുമായി നുഴഞ്ഞു കയറും.

അമ്മദ്ക്ക പറയും, നാട്ടിലെ ഇല്ലായ്മകളും പുറപ്പെട്ടു പോയാൽ രക്ഷപ്പെടുമെന്ന വിശ്വാസവുമായിരുന്നു ഒന്നാമത്തെ കാരണം. വീടുവിടുന്നവൻ ലോകത്തെ നേടുന്നു എന്ന വിശ്വാസമൊന്നുമായിരുന്നില്ല അത്. എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടുക എന്ന ഒരു നിയ്യത്തായിരുന്നു ആകെയുള്ളത്. അപ്പോഴും ഒരു ചോദ്യം ബാക്കിയാകും - എന്തിന് ഈ മരുഭൂമി തെരെഞ്ഞടുത്തൂ അതിന്? ഗൾഫിനേക്കാൾ മുന്തിയ ചില ദേശങ്ങൾ അന്നു പേരുകേട്ട നിലയിൽ കേരളീയരെ ആകർഷിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ദുബായിലേക്ക് കുറേ പേർ പുറപ്പെട്ടു. അമ്മദ്ക്ക പറയും, വിധിയായിരിക്കണം അങ്ങനെ ഒരു തീരുമാനമെടുപ്പിച്ചത്. മരുഭൂമിയുടെ പുറന്തോടിനുള്ളിൽ എണ്ണ ഒളിപ്പിച്ചുവച്ചവൻ തന്നെയാണ് മലബാരികളെ ദുബായിലേക്ക് പുറപ്പെടുവിച്ചത്. എടോ അരി പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ട്ന്നും വരും എന്നല്ലേ, അത് എലികളുടെ തത്വമല്ല, നമ്മളുടെ തത്വമാണ്, അമ്മദ്ക്ക പറയും. വരാനിരിക്കുന്ന വസന്തത്തിന്റെ മണംപിടിച്ചാണെന്ന് തോന്നുന്നു നിങ്ങൾ വന്നത്, ഞാനത് മാറ്റിപ്പറയും. കയ്യിൽ ഊരും പേരും തെളിയിക്കാനുള്ള രേഖ പോലുമില്ലാതെ പുറപ്പെട്ട ഭാഗ്യാന്വേഷികൾ ഉണ്ട്. ദേരയിൽ ഇന്ത്യൻ അധികൃതർ ആളുകളെക്കൊണ്ട് പാസ്‌പോർട്ട് എടുപ്പിക്കാൻ വരും ആ കാലത്ത്. പാസ്‌പോർട്ട് എടുത്താൽ കണക്കിൽ പെട്ടുപോകും എന്നു പേടിച്ചിട്ട് ആളുകൾ മാറിക്കളയും. നിജസ്ഥിതി നാട്ടിൽ അറിയരുതെന്ന കാര്യത്തിൽ ആദ്യകാല ഗൾഫുകാർക്കെല്ലാം വേണ്ടാത്ത പിടിവാശിയായിരുന്നു. അവർ രേഖകളുണ്ടാവുന്നതും അവരുടെ പ്രയാസങ്ങൾ നാട്ടിലറിയുന്നതും ഇഷ്ടപ്പെട്ടില്ല, അങ്ങനെ എല്ലാം ഒളിച്ചുവെച്ചു സഹിച്ചുജീവിച്ചു. ഈ അറിവില്ലായ്മ കാരണം നാട്ടിലെ ബന്ധുജനം ധാരാളികളായി പരിണമിച്ചു, പണം വീട്ടിലേക്കു വരുന്നതിനു പിന്നിലെ സഹനത്തിന്റെ കഥ അവരറിയുകയുണ്ടായില്ല.

ദുബായിലാണ് വന്നെത്തിയതെങ്കിലും അബുദബിയാണ് അമ്മദ്ക്കാക്ക് ആദ്യം ജോലി നൽകിയത്. ദുബായിലന്ന് ചില പേരുകേട്ട നല്ല മനുഷ്യരുണ്ടായിരുന്നു. പുതുതായി വരുന്നവരെ സ്വീകരിച്ചും അവരുടെ ആവശ്യങ്ങൾ നിവൃത്തിച്ചും പോന്നവർ. ലാഭേച്ഛയില്ലാതെ, സ്വന്തം ജീവിതം മറ്റുള്ളവർക്കു കൂടി അവകാശപ്പെട്ടതാണെന്ന പാഠം ജീവിച്ചുകാട്ടിയവർ. പുതുതായെത്തിയ ആർക്കും ഒരു വഴിയാകുന്നതു വരേ തീനുംകുടിയും കുടികിടപ്പും ഫ്രീ. ഇങ്ങനെ ജീവിതം ദാനം ചെയ്തവരാരും വലിയ കച്ചവടക്കാരോ, പിടിപാടുള്ളവരോ ആയിരുന്നില്ല. പെട്രോഡോളർ എന്നു വിളിക്കപ്പെട്ട സൗഭാഗ്യം വന്നു ചേരുന്നതിനു മുന്നേ വന്നവരും മടങ്ങിയവരുമുണ്ടായിരുന്നു അവരിൽ. അവരാണ് മനുഷ്യസ്നേഹത്തിന്റെ മഹാഗാഥ മണലാരണ്യത്തിലെഴുതിയത്. അവരുടെ മനുഷ്യപ്പറ്റാണ് അന്നത്തേയും ഇന്നത്തേയും ഗൾഫിന്റെ സംസ്‌കാരത്തിന്റെ വേരും വേരിലെ ജൈവ ഔഷധവുമായത്. ഇന്നും മരുപ്പച്ച പോലെ പ്രത്യാശയേകുന്ന, ഗൾഫിലെ വരൾച്ച ബാധിച്ചിട്ടില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ തണൽമാതൃക അവരാണു നട്ടുപിടിപ്പിച്ചത്. ദേരയിലെ ഖാദർഹോട്ടലും സബ്ഖ റസ്‌റ്റോറന്റും നാദാപുരത്തെ പൊന്നാണ്ടിയുടെ ഹോട്ടലും പോലുള്ള പൊതുവായി നിലകൊണ്ട സ്വകാര്യഇടങ്ങൾ, അവയേകിയ തണൽ. അമ്മദ്ക്ക കഥപറയുമ്പോൾ കാലത്തെയും വിശകലനം ചെയ്യുന്നു.

അബുദബിയിൽ ഒരറബി വീട്ടിലാണ് അമ്മദ്ക്ക ആദ്യം തൊഴിൽ തേടുന്നത്. അറബികളും ഒത്തൊപ്പിച്ച് കഴിയുകയാണ്. പണമോ അതിനൊത്തുള്ള മാറ്റങ്ങളോ വന്നിട്ടില്ല. ദുബായിൽ നിന്ന് അബുദബിയിലേക്കുള്ള റോഡ് തന്നെയും ഇടക്കിടെ മണലുകൊണ്ട് കളിക്കുന്ന കാറ്റ് മായ്ച്ചുകളയുന്ന കാലമാണ്. ദുബായിലേക്ക് അബുദബിയിൽ നിന്ന് യാത്രയയാവർ അവിടെ എത്തിയോ എന്ന് വേണ്ടപ്പെട്ടവർ ആധി കൊള്ളുന്ന കാലം. അറബിക്ക് ഒന്നിലധികം ഭാര്യമാരുണ്ട്. അതിനൊപ്പിച്ച് സന്തതികളുമുണ്ട്. കുട്ടികളെ നോക്കുക, വീട് പരിപാലനം ഒക്കെയാണ് ജോലികളെന്ന് ഏതാണ്ട് അറിയാമായിരുന്നു. ഭാഷയാണ് അന്നത്തെ ഒന്നാമത്തെ പ്രശ്നം. അറബിയുടെ വീട്ടിലുള്ളവർക്ക് അറബിയല്ലാത്ത വല്ലഭാഷയും അറിയുമായിരുന്നോ എന്നറിയില്ല, അതറിയാൻ വേറെ ഏതെങ്കിലും ഒരു ഭാഷ അമ്മദ്ക്ക മുമ്പൊന്ന് കേട്ടിട്ടു വേണ്ടേ. ഭാഷയുടെ കാര്യം കൈവിട്ടുപോയെങ്കിലും കുട്ടികളെ കയ്യിലെടുത്താൽ പിന്നെ വലിയ ബുദ്ധിമുട്ടൊന്നും വരില്ല എന്നുള്ളിൽ തോന്നി. നാട്ടിൽ നിന്നു കൊണ്ടു വന്ന ഹലുവയുടെ അവസാനത്തെ കഷണവും പൊതിഞ്ഞാണ് അറബിക്കൊപ്പം വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയ ഉടനെ ആദ്യം കണ്ട രണ്ടുകുട്ടികളേയും വാരിയെടുത്ത് ഇരു ചുമലുകളിലിരുത്തി. അവർക്ക് ഹലുവ കൊടുത്തു. കുട്ടികൾ അതോടെ പാട്ടിലായി. അറബി മാന്യനും സ്നേഹസമ്പന്നനുമായിരുന്നു. വീട്ടുകാരികളാകട്ടെ, പുതിയ പണിക്കാരനെ ഓരോ പണിയും പഠിപ്പിച്ചു, ആംഗ്യഭാഷ അവർക്കിടയിലെ ഭാഷയായി. ജീവിതത്തിലന്നേ വരെ അടുക്കളയിൽ തിന്നാനല്ലാതെ കേറിയിട്ടില്ലാത്ത അമ്മദ്ക്കയെ അറബിപ്പെണ്ണുങ്ങൾ നല്ല അടുക്കളക്കാരനാക്കി മാറ്റി. അവരുടെ കൃപയും സ്നേഹവും അറബ് രുചികളുടെ അമ്മദ്ക്കാക്കുള്ള പാചകപുസ്തകമായി.

കുട്ടികളെ നോക്കുന്ന കാര്യത്തിലാണ് കുഴങ്ങിയത്. കൊച്ചു കുഞ്ഞുങ്ങളോട് അടുക്കാൻ ഭാഷയുടെ ആവശ്യമില്ല. മുതിർന്ന കുട്ടികളുടെ കാര്യമങ്ങനെയല്ല. കുട്ടികൾ സ്‌കൂളിൽ പോകുന്ന പതിവൊന്നും വന്നിട്ടുമില്ല. കുട്ടികളെ നോക്കിനടക്കുക വലിയ ചൊറയായി മാറിയെന്നു ചുരുക്കം. അപ്പോഴാണ് നാട്ടിലെ രാഷ്ട്രീയ ജാഥയുടെ ഓർമ്മ വന്നത്. അറബിക്കുട്ടികളെ ജാഥയിലെന്ന പോലെ വരിക്കുനിർത്തി വീട്ടിനു ചുറ്റും നടത്തിക്കൽ തുടങ്ങി. ആദ്യമാദ്യം മൗനജാഥയായിരുന്നു. പിന്നെ ജാഥക്ക് കൊഴുപ്പു കൂട്ടാൻ നാട്ടിലെ ജാഥയിൽ നിന്നു തന്നെ ഒരു മുദ്രാവാക്യം കടമെടുത്തു. അറബിക്കുട്ടികൾ ആർത്തു വിളിച്ചു-ഇന്ദിരാ ഗാന്ധി സിന്ദാബാദ്..!

അമ്മദ്ക്കയുടെ ജീവിതകഥയല്ല, അതിൽ നിന്ന് കൗതുകം കൊണ്ട് ഉള്ളുതരിപ്പിച്ച ഒരേട് പകർത്താനാണ് ഇതെഴുതിത്തുടങ്ങിയത്. വില്യാപ്പള്ളിയിലെ കുന്നോത്ത് ഇബ്രായിയുടെ പലചരക്കു കടയിലെ സഹായിയുടെ ജോലി ചെയ്തുവരുമ്പോഴാണ് അമ്മദ്ക്ക ദുബായിലേക്കുള്ള വിസ തരപ്പെടുത്തുന്നത്. പിള്ളേരി മൂസ-കദീശ ദമ്പതികളും മകൻ അമ്മദ് ദുബായിലേക്ക് പോകുന്ന കാര്യം അല്ലാഹുവിൽ തവക്കുലാക്കി. യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പാസ്പോർട്ട്, വിസ എന്നിവ സൂക്ഷിക്കുന്നതിനുള്ള കൈബാഗ്, തോർത്തുകൾ, ലുങ്കികളൊക്കെയാണ് അന്നു പ്രധാനമായും യാത്രക്ക് വേണ്ടവ. പെട്ടികെട്ടിത്തുടങ്ങി. അപ്പോഴാണ് ഉപ്പ അന്നു ചെത്തി മിനുക്കിയ മുസാക്ക് ഒരെണ്ണം മകനെ അരികിൽ വിളിച്ചേൽപ്പിച്ചത്. മുസാക്ക് കയ്യിൽ കൊടുത്തിട്ട്, അതു പെട്ടിയിൽ വെക്കാൻ പറഞ്ഞ ഉപ്പ, ശേഷം ഒന്നുപദേശിച്ചു- ഏതു നാട്ടിലായാലും വൈകുന്നേരം പണി കഴിഞ്ഞാൽ ദിവസവും കൈകാലുകൾ മിസ്വാക്കിട്ടുരച്ചു കഴുകി വൃത്തിയാക്കണം. അഞ്ചു നേരവും ഖളാആകാതെ നിസ്‌കരിക്കണം. കിട്ടുന്നതിൽ നിന്ന് പൂതിയുള്ള ഭക്ഷണം കഴിക്കണം. എന്നിട്ടെന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ അതു വീട്ടിലേക്കയക്കണം.

മുസാക്ക്: നല്ല വണ്ണമൊത്ത പച്ചേത്തേങ്ങയുടെ ചകിരിമടൽ ചെത്തിമിനുക്കി കാലും കയ്യും ഉരച്ചു തേച്ചു കഴുകാനായി ഉണ്ടാക്കുന്ന ബ്രഷ്, പല്ലു തേക്കുന്നതിനും ചെറുങ്ങനെ ചെത്തി ഈ മടൽ ബ്രഷ് ഉണ്ടാക്കും. മിസ്‌വാക്ക് എന്ന അറബി വാക്കിൽ നിന്നും മുസാക്കുണ്ടാക്കിയതാവണം വടക്കേ മലബാർ! ചിത്രത്തിലുള്ളത് എന്റെ ഉപ്പ ചെത്തിയുണ്ടാക്കി അബുദാബിയിലേക്ക് അയച്ച മുസാക്ക്.

വീട്ടിലേക്കും നാട്ടിലേക്കും അമ്മദ്ക്ക ബാക്കി വന്നതൊരുപാട് അയച്ചു. കുടുംബം കരകയറി. അമ്മദ്ക്ക ഗൾഫിൽ നിന്നെത്തിയതിന്റെ മണം കുട്ടിക്കാലത്ത് ദൂരെയുള്ള ഞങ്ങളുടെ വീടു വരെയെത്തി. ഒരു മൂത്തുമ്മാന്റെ മൂത്തമകളായിരുന്നു അമ്മദ്ക്കാന്റെ സഹോദരപത്നി. മൂത്തുമ്മാന്റെ വീട്ടിലേക്കു വന്ന ചൈനാസിൽക്ക് തുണികളുടെ മിനുസവും സ്പ്രേകളുടെ മണവും തൊട്ടരികിലെ വീടുകളിലുമെത്തി. ആ പഴയ ഗൾഫുകേസരിക്കൊപ്പം ദുബായിൽ ഞാനും ഒന്നിച്ചതറിഞ്ഞ് എന്റെ വീട്ടുകാരുമതിശയപ്പെട്ടു. അമ്മദ്ക്കക്കൊപ്പം ഒരേ മുറിയിലെ താമസക്കാരനും ആ പാചകകലയുടെ ആസ്വാദകനുമായി മാറിയ കാര്യം വീട്ടുകാർക്ക് ദുബായിലുള്ള മകന്റെ അഭിമാനകരമായ അസ്തിത്വമായി മാറി. അമ്മദ്ക്ക പഴയ ജനുസ്സിലെ ഗൾഫുകാരനായിരുന്നു. അവരാണ് ഓരോ തവണയും ഗൾഫിലെത്തിയതിന്റെ പിറ്റേന്ന് മുതൽ നാട്ടിലേക്ക് പെട്ടി കെട്ടിക്കൊണ്ടിരുന്നവർ. അവർ നാട്ടിലേക്ക് ഗൾഫിൽ നിന്നോരോന്ന് കൊണ്ടു വരികയും കൊടുത്തയക്കുകയും ചെയ്തു. പറ്റിയാൽ ഗൽഫിനെയാകെ നാട്ടിലേക്കയക്കാനായിരുന്നു അവർക്കു പൂതി. അവരാണ് പുത്തനത്തറുകൾ നാട്ടുകാർക്ക് പുരട്ടിക്കൊടുത്തത്. പുതിയ മണങ്ങളും കൊതികളും നാട്ടിൽ പരത്തിയത്. അവരു സമ്മാനിച്ച അത്തറുകൾ പുരട്ടിത്തുടങ്ങിയതിൽ പിന്നേയാണ് നാട്ടുകാർ തങ്ങളുടെ ശരീരത്തിനൊരു മണമുണ്ടെന്നും ആ മണം പോരെന്നുമുള്ള മണത്തറിവുകൾ നേടിയത്. അതിൽ പിന്നെയാണല്ലോ ഊദും ഊദിന്റെ അത്തറും നാടാകെ ചില്ലുപീടികകൾ തുറന്നത്.

അമ്മദ്ക്ക അറബി വീട്ടിൽ നിന്ന് മറ്റു തൊഴിലിടങ്ങളിലേക്കും ജീവിതങ്ങളിലേക്കും പോയി. ഒടുവിൽ യു.എ.ഇയുടെ രാഷ്ട്ര പിതാവും ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് രൂപീകരിച്ച പ്രസിഡണ്ടിന്റെ സ്പെഷൽ ഓഫീസിലെ ജോലിക്കാരനായി. ശൈഖ് സായിദ് എന്നെന്നും ഉണ്ടാകുമെന്ന് വിചാരിച്ചു പോയതുകൊണ്ട് ആ നല്ലകാലത്ത് പിൽക്കാലത്തേക്കു വേണ്ടി വല്ല ഏർപ്പാടും തുടങ്ങിവെക്കാൻ തോന്നിയില്ല എന്നാണമ്മദ്ക്ക പറയുക. ശൈഖ് സായിദിന്റെ മരണത്തോടെ അടച്ചു പൂട്ടിപ്പോയി അമ്മദ്ക്കയുടെ ഓഫീസ്. തുടർന്ന് ചെറിയ ഇനം ചില ഏർപ്പാടുകളിലേക്ക് മാറി അമ്മദ്ക്ക. കീശ ഇറുക്കിപ്പിടിക്കാനറിയാത്ത അദ്ദേഹത്തിന്റെ കൈകളിലൂടെ ദിർഹമുകൾ ലക്ഷോപലക്ഷം കൈമറിഞ്ഞു പോയി. ഒരു പാടുപേരെ ഗൾഫിലേക്ക് കൂട്ടുകയും കരകയറ്റുകയും ചെയ്ത പുണ്യം ചെയ്ത ജീവിതമായി അദ്ദേഹത്തിന്റേത്. വടകര താലൂക്കിലെ, വില്യാപ്പള്ളി, ചെമ്മരത്തൂർ, ആയഞ്ചേരി പ്രദേശങ്ങളിൽ നിന്ന് എത്രയേ പേർ അമ്മദ്ക്ക വഴി ഗൾഫുകാരായി. ജീവിതത്തിൽ കരകയറ്റം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒട്ടേറെ ആളുകൾ പിള്ളേരി എന്നു പ്രിയപ്പെട്ടവർ വിളിക്കുന്ന അദ്ദേഹം വഴി പുത്തൻ പണക്കാരും പുതിയ പ്രതാപികളുമായിമാറി.

അമ്മദ്ക്ക

അപ്പോഴൊക്കെയും തന്റെ ചെറിയ ബ്രീഫ് കെയ്സിൽ ഉള്ളിലൊരറയിൽഅമ്മദ്ക്ക ഉപ്പ കൊടുത്ത ആ മുസാക്ക് സൂക്ഷിച്ചു വച്ചു. വൃത്തിയും വെടിപ്പുമുള്ള ഒരു ജീവിതത്തെ കുറിച്ച് നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ട് ആ ചകിരിത്തുണ്ട്, ഉപ്പയുടെ സമ്മാനം അദ്ദേഹം കൊണ്ടുനടന്നു. ഞങ്ങൾ ഒരുമിച്ച സമയത്ത് ആ മുസാക്ക് അദ്ദേഹമെനിക്കു കാട്ടിത്തന്നു. ജീവിതവൃത്തി എന്ന വാക്കിന് അലങ്കാരമിട്ടുകൊണ്ട് ആ ചകിരിത്തുണ്ട് ഇരുമ്പുപെട്ടിയിൽ സൂക്ഷിക്കപ്പെട്ടു. ഞാനതിനെ മുസാക്കിന്റെ ഇതിഹാസം എന്നു കളിയാക്കി. ഇങ്ങനെയൊരുത്തൻ ഒരിക്കൽ തന്റെ ജീവിതം കേൾക്കാൻ കൂടെ വരുമെന്നോ അത് എഴുതപ്പെടുമെന്നോ കരുതിയിട്ടില്ലാത്ത ഒരു മനുഷ്യൻ എന്തിനാകും മുപ്പത്താറു കൊല്ലങ്ങൾ ആ മിസ്വാക്ക് സൂക്ഷിച്ചു വച്ചത്. അതിനുള്ള ഉത്തരം തേടിയാണ് ഈ എഴുത്തു പോലും. അമ്മദ്ക്ക തുടരാൻ വേണ്ടിയാണ് ഓരോ തവണയും കഥ നിർത്തിക്കൊണ്ടിരുന്നത്, പ്രിയപ്പെട്ടവരെ കഥയത്തു നിർത്തി ആദ്യയാത്രയുടെ അമ്പതാമാണ്ടിൽ അ്മ്മദ്ക്ക കഴിഞ്ഞയാഴ്ച അടുത്ത യാത്ര തുടങ്ങി.


ഉമ്പാച്ചി

കവി, ഗാനരചയിതാവ്, അബൂദബിയിൽ പ്രവാസി. ഉമ്പാച്ചി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ. തിരുവള്ളൂര്, ഉപ്പിലിട്ടത്, ഉറുദി, വലിയ അശുദ്ധികളെ നാമുയർത്തുന്നു എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments