ദൈവം വിരസതയുടെ കൊടുമുടിയിലായിരിക്കണം.
തന്റെ സദിരിന് സാക്കിർ ഹുസൈനെ വേണമെന്ന് തോന്നിക്കാണും. നമ്മൾ സാധാരണ മനുഷ്യർക്ക് ഇപ്പോൾ ദൈവത്തോട് പൊറുക്കാൻ മാത്രമേ കഴിയൂ- ഉസ്താദ് സാക്കിർ ഹുസൈന്റെ വിയോഗ വാർത്തയറിഞ്ഞപ്പോൾ ദൈവത്തോട് വീണ്ടും അസൂയ തോന്നി. ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തിരിച്ചുവിളിച്ച് ഭൂമിയെ കൂടുതൽ കൂടുതൽ അനാഥമാക്കാൻ, ദരിദ്രമാക്കാൻ ദൈവത്തിന് കഴിയും. അത് ഒരിക്കൽ കൂടി സംഭവിച്ചിരിക്കുന്നു.
ഉസ്താദിനെ ആദ്യം കാണുന്നത് ചെറുതുരുത്തി കലാമണ്ഡലത്തിൽ വെച്ചാണ്. പിതാവ് അള്ളാ രാഖക്കൊപ്പം. അന്ന് അള്ളാ രാഖയാണ് ഉസ്താദ്. വയലിനിൽ ജോഗും ആ കച്ചേരിയിലുണ്ട്. ഇടത്തും വലത്തും വാപ്പയും മകനും. (80-കളുടെ മധ്യമാണ് കാലം). കലാമണ്ഡലത്തിലെ ഗോൾഡൻ ജൂബിലി ആഘോഷവേദിയിലാണ് ഈ കച്ചേരി. അന്ന് എന്നെ അവിടെ കൊണ്ടുപോകുന്നത് കെ.വി.എസ് എന്ന സുഹൃത്താണ്. (അദ്ദേഹവും ഇന്നില്ല). അള്ളാ രാഖ കൊച്ചു കുഞ്ഞുങ്ങളെ കളിപ്പിക്കും പോലെയാണ് തബലയും ഡക്കയും പരിചരിക്കുക എന്ന് കേട്ടിട്ടുണ്ട്. അത് സത്യമായിരുന്നു. തന്റെ വാദക ഉപകരണത്തെ അദ്ദേഹം വെള്ളാരങ്കല്ല് പോലെ ഉരച്ചുരച്ച് തിളക്കമുള്ളതാക്കുകയാണെന്ന് പിന്നീട് തോന്നി. ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ കുളിച്ചുകയറുമ്പോൾ കണ്ട വെള്ളാരങ്കല്ലുകളായിരിക്കം ആ ഉപമ സംഭാവന ചെയ്തത്.
അള്ളാ രാഖ ഒരിക്കൽ മകനോട് പറഞ്ഞു: ഒരു വലിയ സംഗീതജ്ഞനാവുക, ഗുരു ആവുക എന്ന ബേജാറായി ജീവിക്കരുത്. എപ്പോഴും ഉൽസാഹിയും ഉൽക്കണ്ഠാകുലനുമായ വിദ്യാർഥിയുമായി ജീവിക്കുക.
പുഴയിൽ നിന്ന് കയറിവരുമ്പോൾ മുന്നിൽ രണ്ടു പേർ ബീഡി വലിച്ചൂതി മുഴക്കമുള്ള ശബ്ദത്തിൽ ഉറക്കെ സംസാരിച്ച് നടക്കുന്നുണ്ട്. അൽപ്പം പിറകിൽ നടക്കുന്ന എനിക്ക് അവരുടെ പറയുന്നത് കേൾക്കാം. ആ ശബ്ദം ഇങ്ങിനെ പറഞ്ഞു: തബല വാദനത്തിന് ശ്രോതാക്കൾ കയ്യടിക്കുക പെരുക്കുമ്പോഴാണ്, തബലയുടെ പതികാലം ആരും ശ്രദ്ധിക്കില്ല. അതിന്റെ പിറുപിറുക്കലും ഞരക്കങ്ങളും ആരും കേൾക്കുന്നില്ല. അതിന്റെ മൗനവും പതിയെ വിമോചിക്കപ്പെടുന്ന ദീർഘനിശ്വാസങ്ങളും, അവക്ക് കയ്യടികൾ കിട്ടാറില്ല.
ആ വാക്കുകൾ ഓരോ തബലക്കച്ചേരിക്ക് പോകുമ്പോഴും ഇന്നും ഓർക്കാറുണ്ട്. പക്ഷെ ബീഡിപ്പുക നനഞ്ഞ് വന്ന ആ അഭിപ്രായം പറഞ്ഞ മനുഷ്യൻ ആരായിരുന്നു? അന്നും ഇന്നും അതിന് ഉത്തരമില്ല. കച്ചേരികളുടെ മുഖ്യധാര പുറത്താക്കുന്ന ഒരു യഥാർഥ സംഗീതപ്രേമി ആയിരിക്കുമത്.
താജ്മഹൽ ചായയുടെ പരസ്യത്തിൽ സാക്കിർ ഹുസൈൻ ‘വാ താജ്’ എന്ന് പറയുന്നത് തബലയുടെ പെരുക്കത്തിനു ശേഷമാണെന്ന് ടി.വിയിൽ പിൽക്കാലത്ത് കാണുമ്പോൾ ഞാൻ, ഭാരതപ്പുഴയുടെ ഓരത്ത് നടന്ന ആ കലാവിമർശനം ഓർക്കും. (തബലയിൽ ആയിരം ദേശാടകപ്പക്ഷികളുടെ ചിറകടിയെന്ന് കവി).
ഉസ്താദിന്റെ വിയോഗം അറിയുമ്പോഴും ഞാൻ അജ്ഞാതനായ ആ മനുഷ്യന്റെ വാക്കുകളാണ് ആദ്യം ഓർത്തത്. പതികാലത്തിൽ ‘വാ താജ്’ എന്നു പറയുന്ന സാക്കിർ ഹുസൈനെ ആരും ഇഷ്ടപ്പെട്ടെന്നിരിക്കില്ല. ഉസ്താദ് അള്ളാ രാഖ പലപ്പോഴായി ഇങ്ങനെ പറഞ്ഞു: അവൻ (സാക്കിർ ഹുസൈൻ) എനിക്കൊപ്പം കച്ചേരിയിൽ അകമ്പടി വായിക്കുന്നതാണ് ജീവിതത്തിന്റെ നിറവായി, അർഥമായി ഞാൻ കാണുന്നത്, മനസ്സിലാക്കുന്നത്.
തന്നെപ്പോലും മറികടന്നുപോകുന്ന സാക്കിർ ഹുസൈനുള്ള ഏറ്റവും വലിയ അംഗീകാരമായിരുന്നു ആ വാക്കുകൾ. അത് പിതാക്കൾ മക്കളോട് കാണിക്കുന്ന വിഭാഗീയതയല്ല. ഒരു സംഗീതജ്ഞൻ മറ്റൊരു സംഗീതജ്ഞനെ തിരിച്ചറിയുമ്പോൾ സംഭവിക്കുന്നതാണ്. ഇരുവരും തമ്മിലുള്ള ജുഗൽ ബന്ദികളിൽ മൽസരത്തിന്റെ തിരമാലകൾ പതഞ്ഞ് കയറും. പക്ഷെ, ധൃതിക്കിടെ നിനക്ക് പിഴക്കുന്നില്ല എന്നുറപ്പിക്കണമെന്ന ഒരു കൺകാട്ടൽ അള്ളാ രാഖയിൽ നിന്നുമുയരും. ആ കച്ചേരികളിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളും അതു തന്നെയായിരുന്നു. രണ്ടു തവണ അത് നേരിൽ കണ്ടാസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്.
1991-ൽ രണ്ടു മാസം പൂനയിൽ താമസിച്ചപ്പോഴാണ് അള്ളാ രാഖയുടേയും സാക്കിർ ഹുസൈന്റേയും തബല റിപ്പയർ ചെയ്യാൻ കൊണ്ടുവരുന്ന സ്ഥലം കണ്ടെത്തിയത്. ജോൺ എബ്രഹാമിന്റെ ‘സ്ട്രിങ്ങ്സ് ആന്റ് ടൈഡ്സ്’ എന്ന ഡിപ്ലോമ ഡോക്കുമെന്ററി സിനിമയിൽ ഈ തബല റിപ്പയറിംഗ് കേന്ദ്രം ചിത്രീകരിച്ചിട്ടുണ്ട്.
അള്ളാ രാഖ ഒരിക്കൽ മകനോട് പറഞ്ഞു: ഒരു വലിയ സംഗീതജ്ഞനാവുക, ഗുരു ആവുക എന്ന ബേജാറോടെ ജീവിക്കരുത്. എപ്പോഴും ഉൽസാഹിയും ഉൽക്കണ്ഠാകുലനുമായ വിദ്യാർഥിയായി ജീവിക്കുക. അങ്ങനെയാകുമ്പോൾ നിന്റെ അറിവെന്ന കിണർ ഒരിക്കലും വറ്റില്ല.
ജുഗൽ ബന്ദികളിൽ ഒപ്പമുള്ള സംഗീതജ്ഞൻ വായിക്കുന്നത് സാക്കിർ ഹുസൈൻ ഒരു വിദ്യാർഥിയുടെ അതീവ ശ്രദ്ധയോടെ കേട്ടിരിക്കുന്നത് ഓർക്കുമ്പോൾ അള്ളാ രാഖയുടെ ഉപദേശം ഓർമയിൽ വരും. വായ്പ്പാട്ടിന് അകമ്പടി വായിക്കുമ്പോഴും ഇതു തന്നെ കാണാം. സോളോ കച്ചേരികളിൽ സമ്പൂർണമായും ഈ വിദ്യാർഥി തന്നെ സദസ്സിനുവേണ്ടി ഉരച്ചു നോക്കിക്കൊണ്ടേയിരിക്കുന്നതും പലപ്പോഴായി കണ്ടിട്ടുണ്ട്.
1991-ൽ രണ്ടു മാസം പൂനയിൽ താമസിച്ചപ്പോഴാണ് അള്ളാ രാഖയുടേയും സാക്കിർ ഹുസൈന്റേയും തബല റിപ്പയർ ചെയ്യാൻ കൊണ്ടുവരുന്ന സ്ഥലം കണ്ടെത്തിയത്. ജോൺ എബ്രഹാമിന്റെ ‘സ്ട്രിങ്ങ്സ് ആന്റ് ടൈഡ്സ്’ എന്ന ഡിപ്ലോമ ഡോക്കുമെന്ററി സിനിമയിൽ ഈ തബല റിപ്പയറിംഗ് കേന്ദ്രം ചിത്രീകരിച്ചിട്ടുണ്ട്. അവിടെ ചിലപ്പോഴൊക്കെ സാക്കിർ ഹുസൈൻ മുംബൈയിൽ നിന്നും തബലകളുമായി കാറോടിച്ചുവരുമായിരുന്നു എന്നൊരു കഥ അക്കാലത്ത് കേട്ടു. തബലയുടെ കേട് നേരിൽ പറഞ്ഞ് ശരിയാക്കിയെടുത്തില്ലെങ്കിൽ പൂർണ തൃപ്തി സാക്കിർ ഹുസൈന് കിട്ടുമായിരുന്നില്ല. നേരത്തെ അള്ളാ രാഖയും ഇവിടെ ഇങ്ങനെ വരാറുണ്ടായിരുന്നു എന്നും കേട്ടിരുന്നു.
സാക്കിർ ഹുസൈന്റെ ഒരു പ്രയോഗമുണ്ട്; ഭായ് ജൈസെ, ദോസ്ത് ജൈസെ. തന്റെ കച്ചേരി കേൾക്കാൻ എത്തുന്നവരും താനുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഈ പ്രയോഗം. സഹോദരരെപ്പോലെ, സുഹൃത്തുക്കളെപ്പോലെ. സാക്കിർ ഹുസൈന്റെ ഏറ്റവും വലിയ പ്രത്യേകത, സദസ്സിനെ വേദിയിലേക്ക് ആനയിച്ച് ഓരോരുത്തരും തന്നെപ്പോലെയുള്ള സംഗീതജ്ഞർ തന്നെ എന്ന് ബോധ്യപ്പെടുത്തുന്നതിലായിരുന്നു. വേദിയും സദസ്സും തമ്മിലുള്ള അകലം ഏറ്റവും കുറച്ച്, ഒരു പക്ഷെ ഇല്ലാതാക്കിയ മാസ്റ്റർ സാക്കിർ ഹുസൈൻ മാത്രമായിരുന്നു എന്നു പോലും വേണമെങ്കിൽ പറയാം. അള്ളാ രാഖയിലോ ഭീംസെൻ ജോഷിയിലോ ചൗരസ്യയിലോ ഒക്കെ കച്ചേരിവേദിയും സദസ്സും തമ്മിൽ ഒരകലമുണ്ട്. (അതുണ്ടായിരിക്കണം എന്നവർക്ക് നിർബന്ധമായിരുന്നു. അതൊരു അക്കാദമിക്ക് അകലം പോലുമായിരുന്നു, അവരുടെ സ്കൂൾ അതാണ് പഠിച്ചത്, പ്രാക്ടീസ് ചെയ്തത്).
ഉസ്താദ് ബിസ്മില്ലാഖാൻ (ഹാ, എന്തൊരു സംഗീതം!), സദസ്സ് ഷഹ്നായിൽ മുഴുകി തന്നെപ്പോലെത്തന്നെയായോ എന്ന് പരിഭ്രമിച്ച് ചിലപ്പോൾ മുഷിപ്പിക്കും വരെ വായ്പ്പാട്ട് അവതരിപ്പിക്കാറുണ്ടായിരുന്നതും ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്.
ഉസ്താദ് അള്ളാ രാഖ പലപ്പോഴായി ഇങ്ങനെ പറഞ്ഞു: അവൻ (സാക്കിർ ഹുസൈൻ) എനിക്കൊപ്പം കച്ചേരിയിൽ അകമ്പടി വായിക്കുന്നതാണ് ജീവിതത്തിന്റെ നിറവായി, അർഥമായി ഞാൻ കാണുന്നത്, മനസ്സിലാക്കുന്നത്.
എന്നാൽ സാക്കിർ ഹുസൈന്റെ ഏറ്റവും വലിയ മാജിക്ക് വേദിയും സദസ്സും തമ്മിലുണ്ടായിരുന്ന അകലം ഇല്ലാതാക്കും വിധത്തിലുള്ള രണ്ട് ജൈവിക യൂണിറ്റുകളുടേയും സമ്പൂർണ്ണ ലയമായിരുന്നു. ജുഗൽ ബന്ദികളും ഫ്യൂഷൻ സംഗീതവുമാണ് ഇത് സാധ്യമാക്കിയത് എന്ന് വിശ്വസിക്കുകയും എഴുതുകയും ചെയ്ത സംഗീത നിരൂപകരുണ്ട്. എന്നാൽ അവർ പറയുന്ന ‘ശുദ്ധ സംഗീത’ കച്ചേരികളിലും സാക്കിർ ഹുസൈന്റെ പ്രാക്ടീസ് ഇപ്പറഞ്ഞ രീതിയിൽ തന്നെയായിരുന്നു. അതു കൊണ്ട് ശ്രോതാക്കൾ അദ്ദേഹത്തിന്റെ കച്ചേരികളെ, സംഗീതത്തെ തന്റേത്, തന്റേത് എന്നു പറഞ്ഞ് സ്വന്തമാക്കി. അത്തരമൊരു വിപ്ലവം ക്ലാസിക്കൽ ഹിന്ദുസ്ഥാനിയിൽ മറ്റ് അധികം പേർക്ക് സാധ്യമായിട്ടില്ല.
1995-ലാണെന്നാണ് ഓർമ, കോഴിക്കോട്ട് മലബാർ മഹോത്സവത്തിൽ സാക്കിർ ഹുസൈൻ അടക്കം നിരവധി മാസ്റ്റേഴ്സ് എത്തുന്നു. ഞാനന്ന് മാധ്യമം ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോയിൽ ട്രെയിനി ലേഖകനാണ്. (മാധ്യമത്തിലെ പത്രപ്രവർത്തകരെ എവിടെക്കണ്ടാലും ‘നിങ്ങൾ വികസന വിരോധികൾ’ എന്നു വിളിക്കുന്ന അമിതാഭ് കാന്താണ് അന്ന് കോഴിക്കോട് കലക്ടർ. കലക്ടറാണ് മഹോത്സവത്തിന് ചുക്കാൻ പിടിക്കുന്നത്. ട്രെയിനിയാണെങ്കിലും പരിപാടി കവർ ചെയ്യാനുള്ള പാസ് ബ്യൂറോ ചീഫ് തന്നത് എനിക്ക്. സംഗീതത്തിൽ വികസന വിരോധം പാടില്ലെന്ന് എന്നെ നോക്കി കലക്ടറുടെ പത്രസമ്മേളനത്തിലെ നസ്യം).
സാക്കിർ ഹുസൈന്റെ കച്ചേരി നടന്ന രാത്രിയിലെ കോഴിക്കോട് കടപ്പുറം ഒരിക്കലും മറക്കാൻ കഴിയില്ല. അവിടെ വെച്ചാണ് വേദിയും സദസ്സും ഒന്നാക്കുന്ന മാന്ത്രികത ശരിക്കും മനസ്സിലാക്കുന്നത്. കടൽക്കാറ്റിലെ ഉപ്പ് സംഗീതത്തിൽ പഞ്ചസാരയോ തേനോ ആക്കുന്ന മാന്ത്രികത. കാലം പലതും കടന്നുപോയി. പക്ഷെ ആ രാത്രിയിലെ സാക്കിർ ഹുസൈൻ എന്നിൽ ഒരിക്കലും മായില്ല. പെർഫോമർ എന്നാൽ അതായിരുന്നു. അർപ്പണവും അർച്ചനയുമല്ല, പെർഫോമർ ശരിക്കും രസിപ്പിക്കുന്നവനാണെന്ന്, അതിൽ കുറഞ്ഞ ഒന്നുമല്ലെന്ന് സാക്കിർ ഹുസൈൻ തെളിയിച്ച നിരവധി രാത്രികളിൽ ഒന്നായിരുന്നു അത്.
പിറ്റേന്ന് അദ്ദേഹത്തിന്റെ മീറ്റ് ദ പ്രസ്.
അദ്ദേഹം ഇങ്ങനെ പറഞ്ഞുതുടങ്ങി: ഞങ്ങൾ സംഗീതജ്ഞർ, അതിരില്ലാ ദേശത്തിനുടമകൾ.
മീറ്റ് ദ പ്രസിൽ അദ്ദേഹം കുസൃതിക്കാരനായ കുട്ടിയെപ്പോലെയായിരുന്നു. തമാശകൾ, പൊട്ടിച്ചിരികൾ, ചിലപ്പോൾ ചില കുറുമ്പുകൾ. സമ്പന്നരുടെ കണക്കെടുക്കുന്ന, വ്യക്തിഗുണങ്ങൾ അളന്ന് അവതരിപ്പിക്കുന്ന ഒരു മാഗസിൻ അദ്ദേഹത്തെ ‘അതി സുന്ദര പുരുഷൻ’ എന്ന് വിശേഷിപ്പിച്ച കാലമായിരുന്നു അത്. (മീറ്റ് ദ പ്രസിലുണ്ടായിരുന്ന നർത്തകിയായ നടി ആ സൗന്ദര്യം നോക്കിയിരുന്നതിൽ അന്നത്തെ യുവാക്കളായ ഞങ്ങൾക്ക് കൊടിയ അസൂയ മൂത്തു എന്ന ഓഫ് ദ റെക്കോർഡ് സത്യം ഇപ്പോഴെങ്കിലും പറയാം എന്നുതോന്നുന്നു).
അതിസുന്ദര പുരുഷനും ഒരു ചോദ്യമായി. ആ ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: “ഒന്നിച്ച് ലയിച്ചു ജീവിക്കുന്ന സമൂഹ സൗന്ദര്യത്തിനേ വിലയുള്ളൂ. വ്യക്തിസൗന്ദര്യങ്ങൾക്ക് എത്ര കാലത്തേക്കാണ് ആയുസ്സ്? വ്യക്തികൾ സമൂഹത്തിനാകമാനം സൗന്ദര്യം നൽകി എല്ലാവരേയും സുന്ദരികളും സുന്ദരൻമാരുമാക്കണം”: അതു തന്നെയായിരുന്നു ഈ സംഗീതജ്ഞന്റെ ജീവിതദർശനവും.
‘‘ഒരിക്കൽ നിങ്ങൾ അള്ളാ രാഖയെ ഉസ്താദാക്കി. പിന്നെ എന്നേയും. ഈ തരം തിരിവല്ല സംഗീതം, ആത്മാവിനുള്ള വറ്റാണത്, അതാണ് മനസ്സിലാക്കേണ്ടത്’’, അദ്ദേഹം മറ്റൊരിക്കൽ ഇക്കാര്യം കൂടുതൽ വിശദമാക്കി.
കലാകാരരെ റാങ്ക് ചെയ്യുന്ന രീതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും അദ്ദേഹത്തിന്റെ സൗന്ദര്യ ചർച്ചയുമായി കൂട്ടിവായിക്കണം. (ഇതിന്റെ ക്ലിപ്പ് യൂട്യൂബിലുണ്ട്).
സാക്കിർ ഹുസൈൻ അമേരിക്കയിൽ പോകുന്നു. തന്റെ പേര്, പാസ്പോർട്ട് എന്നിവ നോക്കിയ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ സാക്കിർ ഹുസൈനെ മാറ്റിനിർത്തുന്നു. പ്രശ്നം പേരു തന്നെ. പിന്നീട് യാത്രക്കാർ പോയിക്കഴിഞ്ഞ് സക്കീർ ഹുസൈനെ ഇമിഗ്രേഷൻ ബൂത്തിലേക്ക് വിളിക്കുന്നു. സ്വാഭാവികമായും എന്താണ് പരിപാടി എന്നു ചോദിക്കുന്നു. അടുത്ത ചോദ്യം ഇങ്ങനെ. രവിശങ്കർ ആണല്ലോ നിങ്ങളുടെ സംഗീതത്തിലെ ഒന്നാമൻ, രണ്ടാമൻ ആരാണ്? ഈ സന്ദർഭത്തിൽ സാക്കിർ ഹുസൈന്റെ ഭാര്യ ഇടപെടുന്നു. ഭർത്താവിന് നേരെ വിരൽ ചൂണ്ടുന്നു, ഈ ചങ്ങാതി തന്നെ. വിശ്വാസമില്ലെങ്കിൽ ഗൂഗ്ൾ ചെയ്ത് നോക്കൂ.
ഈ അനുഭവം പങ്കുവെച്ച ശേഷം സാക്കിർ ഹുസൈൻ ഇങ്ങനെ പറയുന്നു: “എന്റെ അതേ തബലക്കാലത്ത് എന്റെ അതേ നിലവാരത്തിൽ വായിക്കുന്ന പത്തോ പതിനഞ്ചോ തബലിസ്റ്റുകളുണ്ടായിരുന്നു. ഇവരാരും ഒരാൾക്കും പുറകിലല്ല. അതിനാൽ സംഗീതജ്ഞർക്ക് ഇമിഗ്രേഷൻ ഓഫീസർ റാങ്ക് നൽകിയ രീതി പിന്തുടരാതിരിക്കുക”:
അതായിരുന്നു സാക്കിർ ഹുസൈന്റെ കലാ / ജീവിത ദർശനം. ‘‘ഒരിക്കൽ നിങ്ങൾ അള്ളാ രാഖയെ ഉസ്താദാക്കി. പിന്നെ എന്നേയും. ഈ തരം തിരിവല്ല സംഗീതം, ആത്മാവിനുള്ള വറ്റാണത്, അതാണ് മനസ്സിലാക്കേണ്ടത്’’, അദ്ദേഹം മറ്റൊരിക്കൽ ഇക്കാര്യം കൂടുതൽ വിശദമാക്കി.
സാക്കിർ ഹുസൈൻ പ്രവർത്തിച്ച സംഗീതമേഖല ആ ജീവിതത്തിന്റെ വ്യാപ്തി മുഴുവനായും ഉൾക്കൊള്ളുന്നു. ക്ലാസിക്കൽ മുതൽ സിനിമാ സംഗീതം വരെ. ഫോക്ക് മുതൽ ഫ്യൂഷൻ വരെ. സംഗീതത്തിൽ വറ്റ് തിരയുന്ന രീതി. മനുഷ്യന് അടിസ്ഥാനമായും വേണ്ടത് വറ്റാണ്. അങ്ങനെയൊന്ന് സംഗീതത്തിലുണ്ട് എന്ന് മറ്റാർക്കും ഉറപ്പില്ലെങ്കിലും സാക്കിർ ഹുസൈനുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരിലേക്കും തന്റെ സംഗീതം കൊണ്ട് അദ്ദേഹത്തിന് എത്തിച്ചേരാൻ കഴിഞ്ഞു. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിൽ ഇത്തരമൊരു ‘അൾട്ടിമേറ്റ്’ സ്വന്തമാക്കി എന്നതാണ് സാക്കിർ ഹുസൈനെ മറ്റെല്ലാ സംഗീതജ്ഞരിലും നിന്നും വേറിട്ടുനിർത്തുന്നത്. ജനപ്രിയതയല്ല, ജനകീയത തന്നെ സ്വന്തമാക്കിയാണ് അദ്ദേഹം കടന്നു പോകുന്നത്.
2006-ൽ അദ്ദേഹത്തിന്റെ വിരലുകൾക്ക് അസഹനീയമായ വേദന വന്ന സമയമുണ്ടായിരുന്നു. തബല വാദനം നിർത്തണമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗം കുറച്ചുനാൾ അദ്ദേഹത്തെ കഷ്ടപ്പെടുത്തി. പക്ഷെ ആ മാന്ത്രിക വിരലുകൾ വീണ്ടും മനുഷ്യരാശിക്ക് തിരിച്ചുകിട്ടി. പക്ഷെ, ഇപ്പോഴത് നിശ്ചലമായിരിക്കുന്നു. ഇനി അക്കാര്യത്തിൽ ആർക്കും ഒന്നും ചെയ്യാനില്ല. നാം കൂടുതൽ ദരിദ്രരായി. ഇരുട്ട് കൂടുതൽ കനത്തിരിക്കുന്നു. മനുഷ്യ ജീവിതം അടിസ്ഥാനപരമായി ദുഃഖ ഭരിതമാണ്. കാരണം അതിൽ മരണമുണ്ട്. ആർക്കും അക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല, ദൈവത്തിനു പോലും.
പക്ഷെ അദ്ദേഹം സോളോയും അകമ്പടിക്കാരനായും വായിച്ച നിരവധി രാഗങ്ങൾ, നാടോടി പാരമ്പര്യത്തിൽ നിന്നുള്ള കാറ്റോട്ടങ്ങൾ, കിഴക്കും പടിഞ്ഞാറും ലയിച്ച ഫ്യൂഷനുകൾ- ആ സംഗീതാനുഭവത്തിന്റെ വിസ്തൃതി, ആഴം, സൗന്ദര്യം, കടലും കാടും മരുഭൂമിയും ആകാശവും എല്ലാം ഇവിടെ അവശേഷിക്കുക തന്നെ ചെയ്യും. അതില്ലാതാകണമെങ്കിൽ ഈ ലോകം സമ്പൂർണ്ണമായും ഇല്ലാതാകേണ്ടി വരും. അദ്ദേഹം വായിച്ച മാൽഖോംസ് ഇവിടെയുണ്ടല്ലോ, അത് മായില്ലല്ലോ!
സുതാര്യമായിരിക്കാൻ നാം സിനിമാഗാനങ്ങൾ (നാഴൂരിപ്പാലു കൊണ്ട് പോലെ) മൂളുന്നു. അബ്സ്ട്രാക്ഷൻ ആവശ്യമുള്ളപ്പോൾ ക്ലാസിക്കൽ സംഗീതവും. ഇതു രണ്ടും ഒരേ പോലെ വാഗ്ദാനം ചെയ്യുന്നു സാക്കിർ ഹുസൈന്റെ സംഗീതം.