മലയാളിയുടെ സാഹിത്യത്തിലും ആധുനിക ജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ ജീവിതത്തില്‍ ഗാന്ധിജിയും മാര്‍ക്സും അഗാധമായ സ്വാധീനം ചെലുത്തിയിരുന്നു. ഗാന്ധിജിയുടെ ധര്‍മ്മധീരതയും മാര്‍ക്സിന്റെ മര്‍ദ്ദിതര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതവും ആദര്‍ശപ്രചോദിതമായിരുന്നുവെന്ന് ബഷീര്‍ തന്നെ എഴുതിയിട്ടുണ്ട്.
1908-ല്‍ ജനിച്ച ബഷീറിന്റെ വ്യക്തിത്വം ഇരുപതാം നൂറ്റാണ്ടിന്റെ നവോത്ഥാന രാഷ്ട്രീയ അനുഭവങ്ങളിലൂടെ രൂപപ്പെട്ടതാണ്. അനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം. സാഹസികവും ത്യാഗപൂര്‍ണവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നുപറയാം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍പോയ ബഷീര്‍ ജീവിതത്തിന്റെ നീണ്ടകാലം രാജ്യമാകെ സഞ്ചരിച്ച ആളാണ്. സമരവും ജയില്‍വാസവും രാജ്യസഞ്ചാരവും ഉണ്ടാക്കിക്കൊടുത്ത തീഷ്ണമായ അനുഭവങ്ങളാണ് ബഷീറിന്റെ കഥകളുടെ അടിസ്ഥാനം. ജീവിതത്തെയും അതിന്റെതന്നെ സര്‍ഗാത്മകപ്രതിഫലനമായ സാഹിത്യത്തെയും അത്യന്തം നര്‍മ്മത്തോടെ സമീപിച്ച പ്രതിഭയാണ് ബഷീറെന്ന് പറയാം.

ബഷീറിയന്‍ തനിമയെന്നത് അണപൊട്ടിയൊഴുകുന്ന നര്‍മ്മമാണ്. കടുത്ത സാമൂഹ്യവിമര്‍ശനവും ആത്മീയാന്വേഷണങ്ങളുമെല്ലാം ബഷീര്‍ നടത്തിയത് അണപൊട്ടിയൊഴുകുന്ന നര്‍മ്മത്തിലൂടെയായിരുന്നു. അദ്ദേഹത്തിന്റേ കഥകളും ലേഖനങ്ങളുമെല്ലാം തത്വചിന്തയുടെയും ആത്മീയാന്വേഷണങ്ങളുടെയും അഗാധതയില്‍ നിന്നും രൂപപ്പെടുത്തിയതാണെന്നുപറയാം. പ്രപഞ്ചത്തെയും താന്‍ ഉള്‍ക്കൊള്ളുന്ന മനുഷ്യകുലത്തെയും ഒന്നായി കാണുകയും എല്ലാ ഭിന്നതകളെയും വ്യത്യാസങ്ങളെയും ആഘോഷപൂര്‍വ്വം ഉള്‍ക്കൊള്ളുകയും ചെയ്ത എഴുത്തും ജീവിതവുമായിരുന്നു ബഷീറിന്റേത്. ബഷീറിന്റെ ജീവിതവും സാഹിത്യവും വര്‍ത്തമാനകാലത്ത് വളരെ പ്രസക്തമാണ്. മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയുമൊക്കെ പേരില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുന്ന മതവര്‍ഗീയരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിന് ബഷീറിയന്‍ സാഹിത്യത്തിന് ഫലവത്തായ ഇടപെടല്‍ നടത്താന്‍ കഴിയും. മതത്തിനും ജാതിക്കും അപ്പുറത്തുള്ള മാനവികതയായിരുന്നു ബഷീറിന്റെ ജീവിതത്തിലെയും സാഹിത്യത്തിലെയും ദര്‍ശനം. ജനങ്ങള്‍ക്കിടയിലെ ബഹുത്വത്തെ മാത്രമല്ല വ്യക്തികളുടെ ബഹുസ്വഭാവത്തെയും മാനിക്കണമെന്നതായിരുന്നു ബഷീറിയന്‍ തത്വദര്‍ശനം. അദ്ദേഹത്തിന്റെ പ്രേമലേഖനം എന്ന കഥയിലെ സാറാമ്മയും കേശവന്‍നായരും തമ്മിലുള്ള സംഭാഷണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ നമുക്കത് മനസ്സിലാകും. വ്യത്യസ്ത വിശ്വാസങ്ങളും ബഹുസ്വഭാവങ്ങളുമുള്ള വ്യക്തികള്‍ക്ക് ഒന്നിച്ചുജീവിക്കാമെന്ന സന്ദേശമാണ് പകരുന്നത്.
വളരെ ലളിതവും നര്‍മ്മരസം തുളുമ്പുന്നതുമായ സവിശേഷമായ രചനാരീതിയാണ് ബഷീറിന്റെ കഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാമുള്ളത്. വായനക്കാരെ ശക്തമായ ആക്ഷേപഹാസ്യത്തിലൂടെ ആഴത്തിലുള്ള ലോകചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകുന്ന രീതിയാണ് ബഷീറിന്റേത്. അദ്ദേഹത്തിന്റെ ജീവിതവും അങ്ങനെതന്നെയായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള തലയോലപറമ്പില്‍ ഒരു മരക്കച്ചവടക്കാരന്റെ മൂത്തമകനായി ജനിച്ച ബഷീര്‍ നന്നെ ചെറുപ്പത്തില്‍ഗാന്ധിയന്‍ ചിന്തകളിലും ആദര്‍ശങ്ങളിലും ആകൃഷ്ടനായി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് കേരളത്തിലെത്തിയ ഗാന്ധിയെ കാണാന്‍ ഒളിച്ചോടിപ്പോയ ബഷീറെന്ന കൗമാരക്കാരന്‍ ഗാന്ധിജിയെ തൊട്ടത് വലിയ അഭിമാനമായി പറഞ്ഞുനടന്നിരുന്നു. ഗാന്ധിയന്‍ ചിന്തകളില്‍ നിന്ന് ബഷീര്‍ ഭഗത്സിംഗിലേക്ക് മാറുന്നുണ്ട്. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ ആര്‍മി മാതൃകയില്‍ തീവ്രവാദസംഘങ്ങളുണ്ടാക്കി ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാന്‍ ശ്രമിക്കുന്നുമുണ്ട്. ആ രീതിയില്‍ പ്രഭ എന്ന തൂലികാനാമത്തില്‍ വിപ്ലവലേഖനങ്ങള്‍ ബഷീര്‍ എഴുതുകയും ചെയ്തിരുന്നു.

മറ്റൊരു വൈക്കത്തുകാരനായ സഖാവ് പി. കൃഷ്ണപിള്ളയുമായുള്ള ബഷീറിന്റെ ബന്ധവും വിഖ്യാതമാണ്. 1930-കളില്‍ ആഞ്ഞടിച്ച ബ്രിട്ടീഷ് വിരുദ്ധ സമരമുഖങ്ങളിലേക്ക് ബഷീറിനെയും എത്തിച്ചത് ഈയൊരു ആദര്‍ശവും സൗഹൃദവുമാകാം. കോഴിക്കോട് നടന്ന ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അദ്ദേഹം ജയില്‍വാസമനുഭവിച്ചു. ഗാന്ധിജിയായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശപുരുഷന്‍. ഗാന്ധിജിയെ ഒരു ഇന്ത്യക്കാരന്‍ വെടിവെച്ചുവെന്ന് കേട്ടപ്പോള്‍ ഞാന്‍ ഭയന്ന് വെന്തുപോയി എന്ന് ബഷീര്‍ എഴുതിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ താന്‍ കേട്ട ഏറ്റവും ക്ഷോഭകരമായ വാര്‍ത്തയാണ് ഗാന്ധിജിയുടെ വധം. ഗാന്ധിജിയുടെ മരണത്തോട് ഉപമിക്കാന്‍ ചരിത്രത്തിലെത്രയോ മഹാന്മാരുടെ അന്ത്യമുണ്ടല്ലോ എന്ന് പറഞ്ഞ് ഗാന്ധിഘാതകരോട് രോഷവും സങ്കടവും കൊള്ളുന്നുണ്ട് ബഷീര്‍.
സോക്രട്ടീസിനെ വിഷം കൊടുത്ത് കൊന്നതും ക്രിസ്തുവിനെ കുരിശിലേറ്റി കൊന്നതും എബ്രഹാം ലിങ്കനെ വെടിവെച്ചുകൊന്നതും തുടങ്ങി എത്രയോ സംഭവങ്ങളുണ്ട്. പക്ഷെ അതിനോടൊന്നും ഗാന്ധിജിയുടെ ജീവിതത്തെയും മരണത്തെയും ഉപമിക്കാനാവില്ലെന്ന് ബഷീര്‍ എഴുതിയിട്ടുണ്ട്. ഗാന്ധി ഘാതകര്‍ ജനങ്ങളുടെ ഐക്യത്തെയും സമാധാനജീവിതത്തെയും തകര്‍ത്ത് ദേശീയാധികാരത്തിലിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ബഷീറിന്റെ ഗാന്ധിയന്‍ സ്മരണകള്‍ ഏറെ പ്രസക്തമാണ്.

ഗാന്ധിജിയെപോലെതന്നെ ബഷീറിന് ആരാധ്യനായിരുന്നു മാര്‍ക്സ്. കാറല്‍ മാര്‍ക്സ് എന്ന പേരില്‍ അദ്ദേഹം ഒരു ലേഖനമെഴുതി. ആ ലേഖനത്തില്‍ ലണ്ടന്‍ നഗരത്തിലെ തെരുവ് കുട്ടികളുമൊന്നിച്ചുള്ള മാര്‍ക്സിന്റെ ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്. മാര്‍ക്സിന്റെ മാനവികതയായിരുന്നു ബഷീറിനെ ആകര്‍ഷിച്ചത്. ഭൗതികവാദിയായ ഒരു നിരീശ്വരനായിരുന്നു കാൾ മാര്‍ക്സ് എന്ന് ബഷീർ എഴുതുന്നുണ്ട്. ‘‘അദ്ദേഹത്തിന്റെ ചിന്തകള്‍ ഈ ലോകത്തില്‍തന്നെ ഒതുങ്ങിനിന്നു. ജീവിതവുമായി ബന്ധപ്പെടാത്ത പ്രശ്നങ്ങളെപ്പറ്റിയോ ഗഹനങ്ങളായ ഇതരചിന്തകളെപ്പെറ്റിയോ ചര്‍ച്ചചെയ്യാന്‍ മാര്‍ക്സ് ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെയുള്ള മഹാചിന്തകന്മാരെ, തത്വചിന്തകന്മാരെ താത്വികചിന്തകന്മാരെന്ന് പറഞ്ഞ് അദ്ദേഹം പരിഹസിച്ചിരുന്നു.’’
അതേ, മാര്‍ക്സിന് മനുഷ്യര്‍ക്കന്യമായതൊന്നും വിഷയമായിരുന്നില്ലെന്നും മനുഷ്യന്റെതായ ഒന്നും അദ്ദേഹം അന്യമായിക്കണ്ടിരുന്നില്ലെന്നുമാണ് ബഷീര്‍ എഴുതുന്നത്. മനുഷ്യന്റെവിശപ്പും പ്രണയവും കാമവും വെറുപ്പും സ്നേഹവും എല്ലാമായിരുന്നല്ലോ ബഷീറിന്റെയും വിഷയങ്ങള്‍.
മതവും വിശ്വാസവുമൊക്കെ അവരവരുടെ സ്വകാര്യ കാര്യമാണെന്നും അത് മനുഷ്യര്‍ക്കിടയിലെ സൗഹൃദങ്ങളെയും കൂട്ടായ്മകളെയും ഇല്ലാതാക്കാന്‍ഉപയോഗിക്കരുത് എന്നും നിര്‍ബന്ധബുദ്ധി പുലര്‍ത്തിയ ചിന്തയും സാഹിത്യവുമായിരുന്നു ബഷീറിന്റേത്. മനുഷ്യര്‍ക്കിടയിലെ ഭിന്നതകളെയും വ്യത്യാസങ്ങളെയും മഹാവിടവുകളാക്കി പരസ്പരം തമ്മിലടിപ്പിക്കുന്ന വര്‍ഗീയതയുടെയും വംശീയതയുടേതുമായ നമ്മുടെ കാലത്തെ അത്തരം മനുഷ്യത്വരഹിത ചിന്താഗതികള്‍ക്കെതിരായ പ്രതിരോധത്തിന് ബഷീറിന്റെ കഥകളും ചിന്തകളും നമുക്ക് കരുത്ത് നല്‍കും.
