എസ്. ജാനകി

എസ്. ജാനകി: വികാരങ്ങളുടെ ശബ്‌ദമഹാസമുദ്രം

ശ്രോതാക്കളുടെ കാതിനു ആസ്വാദ്യകരമായി, ഒരു നനുത്ത തെന്നൽ പോലെ വിരുന്നെത്തുന്ന ആ ശബ്ദത്തിന്റെ പ്രത്യേകത തന്നെയാകും സ്‌നേഹത്തോടെ നമ്മെ താരാട്ടുന്ന, പെറ്റമ്മയുടെ സ്‌നേഹം കിനിയുന്ന ഓർമ്മകളായി ഓരോ ജാനകി പാട്ടുകളെയും മാറ്റിയത്. കരോൾ ത്രേസ്യാമ്മ അബ്രഹാം എഴുതുന്നു

ടും നിറങ്ങൾ ഒഴിവാക്കിയുള്ള വസ്ത്രധാരണം, കയ്യിലൊരു ചെറിയ പാട്ടു പുസ്തകവുമായി വേദിയിലേക്ക്...മൈക്കിനു മുൻപിലേക്ക് എത്തുന്നതോടെ ശ്രുതിമധുരമായ ശബ്ദത്തിൽ, ശ്രോതാക്കളുടെ കാതിനു തേനിമ്പമായി നീളുന്ന ആലാപനം.

ആ കാഴ്ച ഇനി ഓർമ്മ...

എസ്. ജാനകി എന്നതിനേക്കാൾ 'ജാനകിയമ്മ' എന്ന പേരല്ലേ നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്?

അത് കേവലം ആ പ്രതിഭയുടെ പ്രായത്തിനു നൽകിയ ബഹുമാനം ആയിരുന്നില്ല.

മറിച്ച്, നമ്മുടെ സന്തോഷങ്ങളിൽ,സന്താപങ്ങളിൽ ആർദ്രദയോടെ നമ്മെ ചേർത്ത് പിടിച്ച ആ മധുരമൊഴിയോട്, അമ്മത്താരാട്ടിനോട് ഉള്ള കരുതലായിരുന്നു…

അവർ നമുക്ക് അമ്മ തന്നെയായിരുന്നു.

ഓടക്കുഴലിന്റെ ശബ്ദത്തോടാണ് പ്രശസ്ത സംഗീത സംവിധായകൻ എം.എസ്‌.വി , എസ്. ജാനകിയുടെ ശബ്ദത്തെ ഒരിക്കൽ ഉപമിച്ചത്.

ശ്രോതാക്കളുടെ കാതിന് ആസ്വാദ്യകരമായി, ഒരു നനുത്ത തെന്നൽ പോലെ വിരുന്നെത്തുന്ന ആ ശബ്ദത്തിന്റെ പ്രത്യേകത തന്നെയാകും സ്നേഹത്തോടെ നമ്മെ താരാട്ടുന്ന, പെറ്റമ്മയുടെ സ്നേഹം കിനിയുന്ന ഓർമ്മകളായി ഓരോ ജാനകി പാട്ടുകളെയും മാറ്റിയത്.

ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യ. മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ നാല്പതിനായിരത്തിൽ ഏറെ ഗാനങ്ങളാണ് എസ്. ജാനകി ഇക്കാലം കൊണ്ട് പാടിത്തീർത്തത്.

സന്തോഷം, പ്രണയം, വിരഹം തുടങ്ങി എല്ലാ വികാരങ്ങളും അതിന്റെ തീവ്രതയിൽ സന്നിവേശിപ്പിച്ചായിരുന്നു ഓരോ പാട്ടും അവർ പാടിയിരുന്നത്. പക്ഷെ അവയിൽ പ്രിയം അൽപം കൂടുതൽ ജാനകിയമ്മ അവശേഷിപ്പിച്ചു പോയ താരാട്ടുപാട്ടുകളോടാണ്.

ആശാ ഭോസ്‌ലെ - ഒ.പി. നയ്യാർ, കിഷോർ കുമാർ - ആർ.ഡി. ബർമ്മൻ പോലെ തന്നെയായിരുന്നു എം.എസ്. ബാബുരാജ് - എസ്. ജാനകി ദ്വയം. ഉള്ളിൽ തൊടുന്ന ഒട്ടേറെ ഗാനങ്ങളാണ് ഈ കൂട്ടുകെട്ടിൽ പിറവി കൊണ്ടത്. അതിൽ ശ്രദ്ധേയമായ ഒന്നായിരുന്നു 1968 ൽ പുറത്തിറങ്ങിയ കാർത്തിക എന്ന ചിത്രത്തിലെ “കൺമണിയെ കരയാതുറങ്ങൂ നീ” എന്ന താരാട്ടു പാട്ട്. യൂസഫലി കേച്ചേരിയുടെ വരികൾക്ക് എസ്. ജാനകി ഊടും പാവും നെയ്തപ്പോൾ ഒരു അമ്മതലോടലായി ആ ഗാനം മാറി.

എസ്. ജാനകിയും എം.എസ്. ബാബുരാജും.
എസ്. ജാനകിയും എം.എസ്. ബാബുരാജും.

പിന്നണി ഗായകനാകാൻ മോഹിച്ച് അവസരങ്ങൾ തേടി നിരാശനായി മടങ്ങിയെത്തിയ തന്റെ പ്രിയപ്പെട്ടവനെ സാന്ത്വനിപ്പിക്കുന്ന കഥാനായിക (ശാരദ) യുടെ ശബ്ദമായാണ് 'വിലയ്ക്ക് വാങ്ങിയ വീണ' (1971) എന്ന ചിത്രത്തിലെ "ഇനിയുറങ്ങൂ" എന്ന ഗാനത്തിൽ ജാനകിയമ്മയുടേത്. കാമുകനുവേണ്ടി സർവവും ത്യജിക്കുന്ന, പുറംതള്ളലുകൾ കൊണ്ട് മുറിപ്പെട്ട അവന്റെ ഉയിരിനും ഉണർവിനും തന്റെ താരാട്ട്പാട്ടിലൂടെ ആശ്വാസം പകരുന്ന ശാരദ.

കെ.ജെ ജോയിയുടെ സംഗീതത്തിൽ ‘ആരാധന’ (1977) എന്ന ചിത്രത്തിൽ ജാനകിയമ്മ യേശുദാസിനൊപ്പം ആലപിച്ച "ആരാരോ ആരിരാരോ" എന്ന ഗാനത്തിന്റെ യുട്യൂബ് കമന്റ് സെക്ഷൻ ഒന്ന് നോക്കുക,

"എന്റെ കുഞ്ഞ് ഈ പാട്ടു കേട്ടാണ് ഉറങ്ങുന്നത്” എന്ന് സാക്ഷ്യപ്പെടുത്തുന്ന അനേകം പുതുതലമുറ മാതാപിതാക്കൾ നിങ്ങളെ കാത്ത് അവിടെ ഇരിപ്പുണ്ട്. ആ സിനിമ ഇറങ്ങിയപ്പോൾ ജനിച്ച കുട്ടികളുടെ പേരക്കിടാക്കൾക്ക് വരെ ഇന്നും താരാട്ട് പാടുന്നത് ജാനകിയമ്മയുടെ ശബ്ദമാണ്.

മലയാളത്തിലെ ആദ്യ 'എ' റേറ്റഡ് ചിത്രമായ 'അവളുടെ രാവുകളിൽ' (1978) ജാനകിയമ്മ പാടി വച്ചിരിക്കുന്ന ഒരു മനോഹര താരാട്ടുണ്ട്. ബിച്ചു തിരുമലയുടെ വരികളിൽ പിറന്ന "ഉണ്ണി ആരാരീരരോ...” എന്ന ഗാനം, പൊലീസ് മർദ്ദനത്തിന്റെ പരിക്കുകൾ പേറുന്ന അനിയൻ സുധാകരന് കൂട്ടിരിക്കുന്ന രാജി (സീമ) യിൽ മാത്രമല്ല ഏതു പ്രായക്കാരിലും അമ്മയോർമ്മകളെ തട്ടിയുണർത്തുന്നതാണ്.

മലയാളം ഉള്ള കാലത്തോളം താരാട്ടു പാട്ട് എന്നതിനിപ്പുറം നാം ചേർക്കുന്ന "ഓമനത്തിങ്കൾ കിടാവോ" ദേവരാജൻ മാഷിന്റെ സംഗീതത്തിൽ "ഇത്തിരിപ്പൂവേ ചുവന്നപൂവി”ലൂടെ (1987) പുനർജനിച്ചപ്പോൾ അതിലും അമ്മമൊഴിയായി എത്തിയത് എസ്. ജാനകിയായിരുന്നു.

 എസ്. ജാനകി
എസ്. ജാനകി

1973 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ 'ഹെമറേഡി മലമ്മ'യിലെ "ഒന്ത് മഗു ഇത്തു" അടക്കം മറ്റു ഭാഷകളിലും അമ്മത്താരാട്ടായി എസ്. ജാനകി എത്തിയിട്ടുണ്ട്.

"ആഴക്കടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടിൽ
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ…"

ചാന്തുപൊട്ടിൽ (2005) വിദ്യാസാഗറിന്റെ സംഗീതത്തിൽ എസ്‌. ജാനകി പാടിപ്പോയ വരികളാണ്. ജാനകിയമ്മ താരാട്ടു പാടിയുറക്കിയ എത്രയെത്ര രാത്രികളുടെ കടമാണ് നാം അവർക്ക് ഇനിയും വീട്ടാനുള്ളത്. അതിന് ഈ ആയുസ്സ് തന്നെ മതിയാകുമോ..?

അത്രയ്ക്ക് ആഴത്തിൽ അല്ലെ ആ താരാട്ടുപാട്ടുകൾ കൊണ്ട് ബന്ധിതമായി ജാനകിയമ്മയുടെ മാറിൽ ഓരോ മലയാളിയും ഒട്ടിക്കിടന്നു ഉറങ്ങുന്നത്?

അമ്മത്താരാട്ടിനു പ്രണാമം…

Comments