ദേവ

നാം മറന്നുപോയൊരു ദേവ

തന്റെ കരിയറിൽ ചെയ്തുതീർത്ത പാട്ടുകളുടെ പേരിൽ ഒരു സംഗീത സംവിധായകൻ അറിയപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ത്യൻ സിനിമയിലെ ‘ഒരേയൊരു സൂപ്പർ സ്റ്റാറി’നുവേണ്ടി ചെയ്ത ടൈറ്റിൽ കാർഡ് BGM-ന്റെ പേരിലാകും ഇന്ന് അന്തരിച്ച ദേവ കലാതിവർത്തിയായി നിലകൊള്ളുക. ഒരുതരത്തിൽ അതൊരു ക്രൂരതയുമാണ്: കരോൾ ത്രേസ്യാമ്മ അബ്രഹാം എഴുതുന്നു.

കന്നിപ്പണിയുടെ ഭാഗമായി തമിഴ് രാത്രികളിലൂടെ നെടുകെയും കുറുകെയും നടത്തിയ അസംഖ്യം ബസ് യാത്രകളെ ഇന്നും മധുരമുള്ള ഓർമ്മകളാക്കി അവശേഷിപ്പിക്കുന്നത് ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ നിന്നാഹരിച്ച ചൂടൻ വിഭവങ്ങളുടെ സ്വാദും, ശേഷം വിൻഡോസീറ്റിൽ കൂട്ടുവന്ന ദേവയുടെ സംഗീതവുമാണ്.

ആകുലതയുടെ, നെടുവീർപ്പുകളുടെ, ആശങ്കകളുടെ എത്രയെത്ര രാത്രികളിലാണ് ദേവ, നിങ്ങൾ എനിക്ക് കൂട്ടുവന്നിട്ടുള്ളത്…

തമിഴ്‌ബസുകളിൽ രാത്രിയാത്ര ചെയ്തിട്ടുണ്ടെങ്കിൽ ദേവയുടെ ഒരു പാട്ടെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടാകും…

‘ടൗൺ ബസ് ഹിറ്റ്‌സ്’ എന്ന പേരിൽ തന്നെ നിരവധി പ്ലേ ലിസ്റ്റുകളാണ് അദ്ദേഹത്തിന്റെ പേരിൽ അവിടെ ഇന്നും സജീവമായി ഉള്ളത്.

പകൽ ഇളയരാജയുടെ മൃദുലസംഗീതം പൊഴിക്കുന്ന ചന്ദനവും മഞ്ഞളും പൂശിയ ബസ് സ്റ്റീരിയോകൾ ഇരുൾ പരക്കുന്നതോടെ അതിവേഗ താളത്തിലുള്ള ദേവയുടെ "കുത്തു" പാട്ടുകൾ വീശിത്തുടങ്ങും. ജോലിയുടെ, പഠിപ്പിന്റെ, പകൽ മുഴുവൻ നീണ്ട അലച്ചിലിന്റെ അവസാനം വീടെത്താൻ വെമ്പുന്ന ഞാനടക്കമുള്ള യാത്രികർക്ക് അപ്പോൾ ആവശ്യം ഇളയരാജയുടെ സ്വാന്തനമായിരുന്നില്ല, മറിച്ച്, സിരകളിൽ ലഹരി പടർത്തുന്ന ദേവയുടെ തേനിസയ് തെൻട്രലുകൾ ആയിരുന്നു.

പകൽ ഇളയരാജയുടെ മൃദുലസംഗീതം പൊഴിക്കുന്ന ചന്ദനവും മഞ്ഞളും പൂശിയ  ബസ് സ്റ്റീരിയോകൾ ഇരുൾ പരക്കുന്നതോടെ അതിവേഗ താളത്തിലുള്ള ദേവയുടെ "കുത്തു" പാട്ടുകൾ വീശിത്തുടങ്ങും.
പകൽ ഇളയരാജയുടെ മൃദുലസംഗീതം പൊഴിക്കുന്ന ചന്ദനവും മഞ്ഞളും പൂശിയ ബസ് സ്റ്റീരിയോകൾ ഇരുൾ പരക്കുന്നതോടെ അതിവേഗ താളത്തിലുള്ള ദേവയുടെ "കുത്തു" പാട്ടുകൾ വീശിത്തുടങ്ങും.

പാടങ്ങൾക്ക് നടുവിലൂടെ, ആളൊഴിഞ്ഞ നിരത്തുകളിലൂടെ, മഞ്ഞവെളിച്ചം പുരണ്ട തെരുവുകളിലൂടെ വശം ചരിഞ്ഞു കിതച്ചുനീങ്ങുന്ന നൂറുകണക്കിന് ബസുകൾ ദേവയുടെ പാട്ടുകൾ ഓരോന്നായി വീതം വച്ച് പാടി. അതിനായി ഞങ്ങൾ ഓരോരുത്തരും കാത്തിരുന്നു.

തമിഴ് തായ്‌വേരുകളിൽ നിന്നും ജാസിലേക്കും, 1990- കളിൽ മദ്രാസ് തമിഴിൽ, നഗരമേഖലകളിൽ രൂപപ്പെട്ട ഗാനാ സംഗീതത്തിലേക്കും, പ്രണയ ഗാനങ്ങളിലേക്കും ഒക്കെ ദേവയുടെ സംഗീതം വഴിപിരിഞ്ഞൊഴുകി.

അടിമുടി വെള്ളയിൽ പൊതിഞ്ഞ്, ഭസ്മവും ചന്ദനവും പൂശി പ്രത്യക്ഷപ്പെട്ടിരുന്ന ആ മെലിഞ്ഞ മനുഷ്യൻ രണ്ടു പതിറ്റാണ്ടോളം വ്യത്യസ്ത പ്രായക്കാരുടെ സിരകളിൽ മദ്രാസ് ഗാനായുടെ സംഗീതലഹരി കുത്തിവച്ചുകൊണ്ടിരുന്നു.

അതുവരെയ്ക്കും തമിഴ് സിനിമാസംഗീതത്തിൽ കാര്യമായ പ്രാധാന്യം ലഭിക്കാതിരുന്ന ഉത്തര മദ്രാസിന്റെ ആ താളത്തുടിപ്പുകൾ അതോടെ ദേവയിലൂടെ അടയാളപ്പെട്ടുതുടങ്ങി. റിഥമിക് ഹുക്കുകൾ നിറഞ്ഞ ദേവയുടെ സംഗീതം സാധാരണക്കാർക്കുപോലും പാടാനും ഹൃദിസ്ഥമാക്കാനും കഴിഞ്ഞു. അതോടെ കല്യാണ വീടുകളിലും സമ്മേളനങ്ങളിലും അവയ്ക്കു മുന്നിലൂടെ ഒഴുകിനീങ്ങിയിരുന്ന ബസുകളിലുമെല്ലാം ദേവ പാടിത്തുടങ്ങി.

മീനാച്ചി മീനാച്ചി (പൊന്നിയിൻ സെൽവൻ), വെള്ളരിക്ക പിഞ്ചു വെള്ളരിക്ക (കാതൽ കോട്ടൈ) സലോമിയ, ലാലാക്കു ഡോൾ (സൂര്യൻ) തുടങ്ങി മദ്രാസ് ഗാനാശാഖയെ ദേവ നെഞ്ചോടുചേർത്ത പാട്ടുകൾ നിരവധിയാണ്.

‘തേനിസയ് തെൻട്രൽ’ എന്നാണ് തമിഴ് ഇസൈ ഉലകം, ദേവയെ വിളിച്ചത്. മധുരമൂറുന്ന സംഗീതത്തിന്റെ നനുത്ത കാറ്റ് എന്ന് പരിഭാഷ.

അടിമുടി വെള്ളയിൽ പൊതിഞ്ഞ്, ഭസ്മവും ചന്ദനവും പൂശി പ്രത്യക്ഷപ്പെട്ടിരുന്ന ആ മെലിഞ്ഞ മനുഷ്യൻ രണ്ടു പതിറ്റാണ്ടോളം വ്യത്യസ്ത പ്രായക്കാരുടെ സിരകളിൽ മദ്രാസ് ഗാനായുടെ സംഗീതലഹരി കുത്തിവച്ചുകൊണ്ടിരുന്നു.
അടിമുടി വെള്ളയിൽ പൊതിഞ്ഞ്, ഭസ്മവും ചന്ദനവും പൂശി പ്രത്യക്ഷപ്പെട്ടിരുന്ന ആ മെലിഞ്ഞ മനുഷ്യൻ രണ്ടു പതിറ്റാണ്ടോളം വ്യത്യസ്ത പ്രായക്കാരുടെ സിരകളിൽ മദ്രാസ് ഗാനായുടെ സംഗീതലഹരി കുത്തിവച്ചുകൊണ്ടിരുന്നു.

കരിയറിൽ കൂടുതലും ലഹരി പടർത്തുന്ന തട്ടുപൊളിപ്പൻ പാട്ടുകൾ ചെയ്ത ഒരു കലാകാരന്, പക്ഷെ മൃദുലസംഗീതത്തിന്റെ പേരിൽ ഒരു പട്ടം സമ്മാനിക്കണമെങ്കിൽ വികാരസാന്ദ്രമായ ഒട്ടേറെ മനോഹരഗാനങ്ങൾക്കും അയാൾ ജന്മം നൽകിയിട്ടുണ്ടാകണമല്ലോ.

അജിത്, വിജയ്, പ്രശാന്ത്, സൂര്യ എന്നിവരെയൊക്കെ തൊണ്ണൂറുകളിൽ റൊമാന്റിക് ഹീറോ ആക്കിയതിൽ ദേവയുടെ സംഗീതം വഹിച്ച പങ്ക് വലുതാണ്. ആസൈ, വിഷ്ണു, നേർക്കുനേർ തുടങ്ങി ഒട്ടേറെ സിനിമകളിൽ പ്രണയാർദ്രമായ ഗാനങ്ങൾ ദേവ ചിട്ടപ്പെടുത്തി.

തന്റെ കരിയറിൽ ചെയ്തു തീർത്ത പാട്ടുകളുടെ പേരിൽ ഒരു സംഗീത സംവിധായകനറിയപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ത്യൻ സിനിമയിലെ ഒരേയൊരു സൂപ്പർ സ്റ്റാറിനുവേണ്ടി ചെയ്ത ടൈറ്റിൽ കാർഡ് BGM-ന്റെ പേരിലാകും ഇന്ന് അന്തരിച്ച ദേവ കലാതിവർത്തിയായി നിലകൊള്ളുക. ഒരുതരത്തിൽ അതൊരു ക്രൂരതയുമാണ്.

ശ്രുതിമധുരമായ ഒട്ടനേകം ഗാനങ്ങൾ സമ്മാനിച്ച പ്രതിഭയെങ്കിലും സിനിമയിലെ വാണിജ്യ സമവാക്യങ്ങൾ പലപ്പോഴും കാര്യങ്ങൾ നിശ്ചയിക്കുക അങ്ങനെയാണല്ലോ.

കറുപ്പ് പശ്ചാത്തലത്തിൽ "S-U-P-E-R-S-T-A-R" എന്ന നീല ലേസറുകളുടെ തിളക്കം. തൊട്ടുപിന്നാലെ തീജ്വാലയുടെ നിറത്തിൽ "RAJNI" എന്ന പേര്.

1992- ൽ പുറത്തിറങ്ങിയ 'അണ്ണാമലൈ' മുതൽ ഏതാണ്ട് മൂന്നു പതിറ്റാണ്ടുകളായി ഓരോ രജനി പടം തുടങ്ങുമ്പോഴും ഈ കാർഡിനൊപ്പം തേനിസയ് തെൻട്രൽ -ദേവയുടെ ഐക്കോണിക് ബീറ്റുകൾ തിയേറ്ററുകളുടെ ഇരുട്ടിനെ കീറിമുറിച്ചു പരന്നൊഴുകി.

സംവിധായകൻ സുരേഷ്‌കൃഷ്ണയുടെ താല്പര്യപ്രകാരം ബോണ്ട് മൂസിക്കിൽനിന്ന് പ്രചോദനം സ്വീകരിച്ചായിരുന്നു ഇത്തരമൊരു ട്രാക്കിന് ദേവ രൂപംനൽകിയത്. പിന്നീട് അതിന്റെ താളങ്ങളിൽ പുതുതലമുറമാറ്റങ്ങൾ വരുത്തിയെങ്കിലും അന്നുമിന്നും അങ്ങനൊരു പരീക്ഷണം നടത്തിയതിന്റെ ക്രെഡിറ്റ് ദേവ എന്ന ദേവനേശൻ ചൊക്കലിംഗത്തിനു അവകാശപ്പെട്ടതാണ്. കാലം ദേവയെ ഓർക്കുക ചിലപ്പോൾ ഈ ടൈറ്റിൽ കാർഡ് ട്രാക്കിന്റെ പേരിലാവാം.

അപ്പോഴും പ്ലാറ്ഫോം പാട്ടുകൾ എന്ന പേരിൽ മാറ്റിനിർത്തപ്പെട്ട ഒരു ഗാനശാഖയ്ക്ക് സ്വന്തമായ മേൽവിലാസം സമ്മാനിച്ച കലാകാരൻ എന്ന വസ്തുത അവിടെ നില നിൽക്കും. പാട്ടുകളേക്കാൾ അവയ്ക്ക് സംഗീതം നൽകിയ ആൾ ജനപ്രിയമാകുന്നത് ജനങ്ങളോട് ചേർന്ന് നിൽക്കുന്ന, അവരുടെ താളലയങ്ങളെ പ്രതിഫലിപ്പിക്കുന്ന പാട്ടുകൾക്ക് ജന്മം നല്കാൻ അയാൾക്ക് കഴിയുമ്പോഴാണ്. അത്തരമൊരു പ്രതിഭയാണ് ഇന്ന് വിട പറഞ്ഞിരിക്കുന്നത്.

Comments