കലയിലൂടെ ജനങ്ങളോട്​ സംസാരിച്ച വിവാൻ സുന്ദരം

തൊണ്ണൂറുകൾക്കുശേഷം ഇന്ത്യ മാറിത്തീർന്ന സാമ്പത്തികവും സാമൂഹികവും ആഗോളവുമായ പരിതോവസ്ഥകളോട് പ്രതികരിക്കാനായി എന്നു മാത്രമല്ല, പുതുതലമുറയിൽപ്പെട്ട കലാകാരന്മാർക്ക് വഴികാട്ടിയാവുകയും ചെയ്തു വിവാൻ. ഇന്ന്​ അന്തരിച്ച പ്രമുഖ ചിത്രകാരൻ വിവാൻ സുന്ദരത്തെ ഓർക്കുന്നു.

‘With the older institutional structure built up during the nationalist and revolutionary phase in flux, with the not so hospitable economic realities of the postmodern age, and with growing disparities mocking the unity of the nation itself, a new battleground for cultural action opens up. If it seems that this avantgarde will be a postmodern affair it will not be so without a serious challenge to the terms of that phenomenon, precisely where these become badly global. '
... ‘‘If there is a sudden spate of installation art in India, we have to look first to appearance of an art market for an answer. Installation of an art of ‘presence' in the field of the object: it is a form of the deconstructed object where it invokes the dynamics of presence but in an unhomely, indeterminate setting.'’
- Geetha Kapur, Globalization: Navigating the void.

1993-ൽ ഡൽഹിയിൽ പ്രദർശിപ്പിച്ച വിവാൻ സുന്ദരത്തിന്റെ മെമ്മോറിയൽ എന്ന ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന, ഇന്ത്യൻ കലയുടെ ഉത്തരാധുനിക വകഭേദത്തിന്റെ ഏതാനും പ്രാതിനിധ്യങ്ങളെ വിലയിരുത്തി, പ്രസിദ്ധ കലാനിരൂപക ഗീതാ കപൂർ നടത്തുന്ന ആമുഖപ്രസ്താവമാണിത്. 1993ലെ ബോംബെ കലാപത്തിൽ മരിച്ച ഇരകളുടെ ശവമാടത്തെ മുൻനിർത്തി വിവാൻ സുന്ദരം ചെയ്ത ഒരു ഇൻസ്റ്റലേഷനെ പരാമർശിച്ചാണ് ഗീതാ കപൂർ പുതിയ ഇന്ത്യൻ സാഹചര്യങ്ങളിൽ അവാങ്ഗാർഡ് കലാപ്രസ്ഥാനങ്ങളെ രേഖപ്പെടുത്തുന്നത്. ഇന്ത്യൻ ശിൽപ- ദൃശ്യ കലയിലെ പുതിയ നൂറ്റാണ്ടിനു പ്രാതിനിധ്യം വഹിച്ച കലാകാരനായിരുന്നു വിവാൻ സുന്ദരം. തന്റെ പരിപ്രേക്ഷ്യത്തിലെ മാർക്‌സിസത്തിന്റെ വേരുകളെ മറച്ചുവയ്ക്കാതെ, മാറിയ സാഹചര്യങ്ങളോട് നൂതനമായ നിലയിൽ പ്രതികരിക്കാനായതു വഴിയാണ്, ഇന്ത്യൻ ഇൻസ്റ്റലേഷൻ കലയുടെ പിതൃസ്ഥാനം അദ്ദേഹത്തിനു കൈവരുന്നത്.

ഗീത കപൂർ / Photo: artmargins.com

രവിവർമ്മയ്ക്കുശേഷം പാശ്ചാത്യവും പൗരസ്ത്യവുമായ സംശ്ലേഷണ കലയുടെ പോസ്റ്റ് ഇംപ്രഷണലിസത്തെ നിലവിൽ വരുത്തിയ ഹംഗേറിയൻ വംശജയായ അമൃത ഷെർഗിളിന്റെ സഹോദരീ പുത്രനായ വിവാൻ വിടവാങ്ങുമ്പോൾ, ഇന്ത്യൻ കലയുടെ ആധുനികാനന്തര കലാനിർമ്മാണത്തിന്റെ മുമ്പേ പറന്ന പക്ഷിയാണ് കൂടൊഴിയുന്നത്. ഓരോ വിയോഗവും ഓരോ കാലമാറ്റത്തിന്റെ സൂക്ഷ്മഋതുക്കളെ അടയാളപ്പെടുത്തുന്നുണ്ട്. ഒരു പ്രതിഭയുടെ വിടവാങ്ങലാകട്ടെ വ്യക്തമായും കാലമാറ്റത്തിന്റെ സാക്ഷ്യം പറയുന്നു. തൊണ്ണൂറുകൾക്കുശേഷം ഇന്ത്യ മാറിത്തീർന്ന സാമ്പത്തികവും സാമൂഹികവും ആഗോളവുമായ പരിതോവസ്ഥകളോട് പ്രതികരിക്കാനായി എന്നു മാത്രമല്ല, പുതുതലമുറയിൽപ്പെട്ട കലാകാരന്മാർക്ക് വഴികാട്ടിയാവുകയും ചെയ്തു വിവാൻ.

കൊച്ചിൻ ബിനാലെയുടെ ആദ്യ എഡിഷനിൽ തന്റെ സഹധർമ്മിണി കൂടിയായ കലാനിരൂപ ഗീതാ കപൂറുമൊത്ത് വിവാൻ എത്തിയതോർക്കുന്നു. പട്ടണം മുസിരിസിലെ അംഫോറാ ശ്രേഡുകൾകൊണ്ട് വിവാൻ നിർമ്മിച്ച ഇൻസ്റ്റലേഷൻ, ശ്രദ്ധേയമാവിധം കൊച്ചിൻ ബിനാലെയുടെ സന്ദർഭത്തിന്റെയും പ്രമേയത്തിന്റെയും ശരിയായ അർത്ഥത്തിലുള്ള സമാരംഭമായിത്തീരുകയും ചെയ്തു.

മെമ്മോറിയൽ ആർട്ട് ഇൻസ്റ്റലേഷനിലെ ഒരു ഭാഗം / Photo: thewhitereview

ദൂരദർശനുവേണ്ടി കലാനിരൂപകൻ ആർ. നന്ദകുമാർ നിർമ്മിച്ച വിവാൻ സുന്ദരത്തെക്കു റിച്ചുള്ള ഡോക്യുമെന്ററിയിൽ, ആ കലാകാരന്റെ പൈതൃക സ്രോതസ്സുകളും സൗന്ദര്യശാസ്ത്രകാഴ്ചകളും രാഷ്ട്രീയപരിപ്രേക്ഷ്യങ്ങളും പങ്കുവെച്ചിരുന്നു. തുറന്നതും വളച്ചുകെട്ടില്ലാത്തതും പൊതുജനങ്ങളോട് സംവദിക്കാനുള്ള വ്യഗ്രത പുലർത്തുന്നതുമായ വിവാന്റെ കല, സൗന്ദര്യശാസ്ത്രപരമായ ഉൾപ്പിരിവുകളിലേക്ക് ഇറങ്ങി നിഗൂഢമാകുന്നതിനു പകരം, രാഷ്ട്രീയവും സാമൂഹികവുമായ ഒരു അടിയന്തര സ്വഭാവത്തെയാണ് സാക്ഷ്യപ്പെടുത്തിയത്.

രണ്ടാം ലോകമഹായുദ്ധ കാലത്തും നാസി വാഴ്ചക്കാലത്തും എക്​സ്​പ്രഷണിസ്​റ്റ്​ ആർട്ടിസ്റ്റുകൾ പ്രവർത്തിച്ച നിലയിലാണ്, സാമൂഹ്യ പ്രതിബദ്ധതയിലും നെഹ്‌റുവിയൻ സെക്യുലറിസത്തിലും തങ്ങളുടെ വീക്ഷണകോടികളെ കണ്ടെത്തിയ കലാകാരന്മാരുടെ നിർമിതികൾക്കുണ്ടായിരുന്നത്. വിവാൻ കുറച്ചുകൂടി മുന്നോട്ടുപോയി തന്റെ മാർക്‌സിയൻ ധൈഷണിക സമീപനം കൂടി പങ്കുവെച്ചു.

വിവാൻ സുന്ദരം / Photo: Chemould Prescott Road

ഇന്ത്യൻ കലാരംഗം മൂലധനത്തിന്റെയും ഗ്യാലറി സ്‌പേസിന്റെയും മൂല്യനിർണയത്തിനുള്ളിൽ, വിധ്വംസകമായ ഒരു ഭാഗധേയത്തിലൂടെ കടന്നുപോകുന്നതിനോടു പ്രതികരിച്ചുകൊണ്ടാണ് വിവാൻ സുന്ദരം തന്റെ കലയെ അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ കല കാലികവും രാഷ്ട്രീയോന്മുഖവുമായ ഒരു വാഗ്വോദത്തിലേക്കു പ്രവേശിക്കുന്നത്, ഒരുപക്ഷേ, വിവാന്റെ ഇടപെടലിലൂടെയാണ്. അദ്ദേഹത്തിന്റെ അടിയന്തരാവസ്ഥാ ഡ്രോയിങ്ങുകളും പോപ്പ് ആർട്ടിന്റെ സ്വാധീനത്തിലുള്ള കലാപരമായ ഇടപെടലും ശ്രദ്ധേയമാണ്. അറുപതുകളിൽ ബറോഡാ കലാലയം കേന്ദ്രീകരിച്ചുണ്ടായ കലാപ്രസ്ഥാനം ഒരർത്ഥത്തിൽ അക്കാലത്തെ ബ്രിട്ടീഷ് പോപ് ആർട്ട്​ കലയുടെ അനുരണനമായിരുന്നു.

ഈ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയോന്മുഖത്വവും വർത്തമാന യാഥാർത്ഥ്യത്തിൽ നിന്ന് ഭാഷയും പ്രമേയവും കണ്ടെടുക്കാനുള്ള ശ്രമവും പല നിലയിൽ വിവാൻ പങ്കുവെയ്ക്കുന്നതു കാണാം. കലാകാരനും ഗാലറിവ്യവസ്ഥയും സമൂഹവും തമ്മിലുള്ള പാരസ്പര്യമാണ് തന്റെ സൃഷ്ടികളിൽ പൊതുവായി പ്രശ്‌നവൽക്കരിക്കുന്നത് എന്ന് വിവാൻ പറയുന്നു. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യൻ വർത്തമാനത്തിന്റെ ഗതിവിഗതികളാണ് തന്റെ കലയ്ക്ക് പൊതുവെ വിവാൻ വിഷയമാക്കുന്നത്. വർത്തമാനത്തിന്റെ ഒരു പുരാവസ്തുവിജ്ഞാനീയത്തിലൂടെ ബൃഹദ്ചരിത്രത്തിന്റെ പ്രമേയകൽപനകളാണ് വിവാന്റെ സൃഷ്ടികൾ എന്ന് ആർ. നന്ദകുമാർ വിലയിരുത്തുന്നു.

Comments