കോമ്രേഡ് യെച്ചൂരി, ഇന്ത്യക്ക് തുടർന്നും വേണമായിരുന്നു ആ രാഷ്ട്രീയഭാവന

സാർവ്വദേശീയ കാഴ്ചപ്പാടും ലോകത്തെങ്ങും നടക്കുന്ന ജനാധിപത്യ മുന്നേറ്റങ്ങളോട് സഹഭാവവും യെച്ചൂരിയുടെ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഭാഗമാണ്. വിവിധ രാഷ്ട്രങ്ങളിലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ടിരുന്ന നേതാവാണദ്ദേഹം - വി.കെ.ബാബു എഴുതുന്നു

സീതാറാം യെച്ചൂരിയുടെ വിയോഗം സമകാലിക ഇന്ത്യനവസ്ഥയിൽ ആകുലതകൾ പേറുന്ന ഏതൊരു മനുഷ്യനേയും സങ്കടത്തിലാക്കുന്ന ഒന്നാണ്. സഖാവിന്റെ വിയോഗത്തിൽ ഒരോ മതേതരവാദിയും ജനാധിപത്യവാദിയും ദുഃഖിക്കുക മാത്രമല്ല, ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്. ഹിന്ദുത്വഫാസിസത്തിന്റെ തേരോട്ടത്തിനെതിരെ ഇന്ത്യയെന്ന ആശയത്തെ ചേർത്തുപിടിച്ചുകൊണ്ട് തുറന്ന മനസ്സോടെ നാനാവിഭാഗത്തിലുള്ള മനുഷ്യരെ ഐക്യപ്പെടുത്തി മുമ്പോട്ടുനയിക്കാൻ ശേഷിയുണ്ടെന്ന് മതേതരമനുഷ്യർ ശരിയായി കരുതിയ നേതാവും സഖാവുമായിരുന്നു സീതാറാം യെച്ചൂരി. അങ്ങനെ കരുതിയവരിൽ ഇടതുപക്ഷക്കാർ മാത്രമല്ല ഉണ്ടായിരുന്നത്. ജനാധിപത്യത്തോടും മതേതരത്വത്തോടും തരിമ്പെങ്കിലും ആഭിമുഖ്യം ഉള്ള സകലമാന മനുഷ്യരുമുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഇന്ത്യയിലെ എഴുത്തുകാരും കലാകാരരും ജനകീയ സാമൂഹ്യപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. യെച്ചൂരിയെ ഒരിക്കൽപോലും നേരിട്ട് കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്ത അനേകം നിസ്വരായ മനുഷ്യരുണ്ടായിരുന്നു.

ഇന്ത്യൻ ഇടതുപക്ഷം വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന കാലത്താണ് സീതാറാം യെച്ചൂരിയുടെ വിടവാങ്ങൽ സംഭവിച്ചിരിക്കുന്നത്. ഇന്ത്യൻ ഇടതുപക്ഷത്തെ ഹിന്ദുത്വ ഫാസിസ്റ്റ് കാലത്തോട് ഏറ്റവും സർഗ്ഗാത്മകമായും പ്രായോഗികമായും പ്രതികരിക്കാനും അതിനെ പ്രതിസന്ധികളെ തരണം ചെയ്യാൻ ശേഷിയുള്ള ഒരു വിശാല ബഹുജന പ്രസ്ഥാനമാക്കി മാറ്റാനും ഉള്ള ഭാവനാപൂർണ്ണമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കവേയാണ് സഖാവിന്റെ വിയോഗം സംഭവിച്ചിരിക്കുന്നത്.ഇത് മതേതര ജനാധിപത്യ മനസ്സുള്ളവരുടെ സങ്കടം വർദ്ധിപ്പിക്കുന്നു. താൻ ജനറൽ സിക്രട്ടറി ആയിരിക്കുന്ന പാർട്ടിയിൽ നിന്നും പുറത്തുനിന്നും ഉണ്ടാവുന്ന നിരവധി സങ്കീർണ്ണമായ തടസ്സങ്ങളെ സംബോധന ചെയ്തുകൊണ്ടു വേണമായിരുന്നു അദ്ദേഹത്തിന് തന്റെ ഫാസിസ്റ്റ് വിരുദ്ധ ദൗത്യത്തെ മുമ്പോട്ട് നയിക്കാൻ. അതിനുതകുന്ന തുറന്ന ജനാധിപത്യ സമീപനവും രാഷ്ട്രീയഭാവനയും ബൗദ്ധികശേഷിയും ഉള്ള നേതാവായിരുന്നു യെച്ചൂരി. മാർക്സിസ്റ്റ് ദർശനപദ്ധതിയെ സമകാലികമായി വായിച്ചും ഇതഃപര്യന്തമുള്ള പ്രക്ഷോഭജീവിതത്തിലൂടെ ആർജിച്ച അനുഭവത്തെ സൂക്ഷ്മതയോടെ പ്രയോഗികമായി വ്യാഖ്യാനിച്ചും ഉള്ളതായിരുന്നു യെച്ചൂരിയുടെ രാഷ്ട്രീയ ഇടപെടലുകൾ. അത് പൊരുതുന്ന ജനങ്ങളിൽ പ്രതീക്ഷ നിലനിർത്താൻ കാരണമായി ഭവിച്ച ഒരു സമയത്താണ് സഖാവിന്റെ വിടവാങ്ങൽ സംഭവിച്ചത്.സാന്നിദ്ധ്യം ഏറ്റവും അത്യാവശ്യമുള്ള ഒരു സമയത്തുള്ള വിടകൊള്ളലായിപ്പോയി അത്.

ഇന്ത്യയുടെ സമഗ്രാധികാരം സംഘപരിവാർ ശക്തികൾ കൈയാളുന്ന കാലഘട്ടത്തിലാണ് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ആധുനികനായ നേതാവ് എന്ന് വിശേഷിപ്പിക്കാവുന്ന സീതാറാമിന്റെ വിയോഗം.ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും കോർപ്പറേറ്റ് വിരുദ്ധതയും സമ്മേളിക്കുന്ന ഒരു രാഷ്ട്രീയവും രാഷ്ട്രവും വിഭാവനം ചെയ്യുന്ന പ്രതിപക്ഷമുന്നേറ്റങ്ങളുടെ ചെറുചലനങ്ങൾ ഇന്ത്യൻ സമൂഹത്തിൽ സംഭവിച്ച ഒരു ഘട്ടമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പോടനുബന്ധിച്ച് ഉണ്ടായത്. എന്നാൽ പ്രതീക്ഷിച്ച ഫലം അതിനുണ്ടാക്കാൻ കഴിഞ്ഞില്ലെന്നത് വാസ്തമാണ്. I.N.D.I.A മുന്നണിയുടെ രൂപീകരണം ഈ ദിശയിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പായി ശരിയായി കണ്ട നേതാവാണ് സീതാറാം യെച്ചൂരി. അതിന് ആശയദൃഢതയും ഇടതുപക്ഷ ദിശാബോധവും പ്രദാനം ചെയ്ത് അതിനെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാൻ ഇന്ത്യൻ ഇടതുപക്ഷത്തിന് മുന്നോട്ടുവെക്കാൻ കഴിയുന്ന ഏറ്റവും ഉചിതനായ നേതാവായിരുന്ന യെച്ചൂരി.

ഇന്ത്യയിൽ അധികാരത്തിലിരുന്ന കോൺഗ്രസ് ഭരണത്തിന്റെ ജനവിരുദ്ധ നിലപാടുകളെ ശാസ്ത്രീയമായി സമീപിക്കാനും ബദൽ നയങ്ങളാവിഷ്കരിച്ച് ജനങ്ങളെ അണിനിരത്തി എല്ലാ അർത്ഥത്തിലും പ്രതിപക്ഷമായി തീരാൻ അർഹമായിരുന്നത് ഇടതുപക്ഷ പ്രസ്ഥാനം ആയിരുന്നു. എന്നാൽ അത്തരമൊരു മുന്നേറ്റം നടത്താൻ ഇന്ത്യൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല എന്ന വാസ്തവം ഏതൊരു ഇടതുപക്ഷ അനുഭാവിയേയും അലോസരപ്പെടുത്തുന്ന ഒന്നാണ്. ‘ജവഹർലാൽ നെഹ്‍റുവിനു ശേഷം എ കെ ജി’ എന്ന് ഇന്ത്യൻ രാഷ്ട്രീയവൃത്തങ്ങളിൽ ഒരു കാലത്ത് സംസാരം ഉണ്ടായിരുന്നത് അവരുടെ ഓർമ്മയിൽ നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല. ഇന്ത്യൻ മതേതര ജനാധിപത്യ പ്രസ്ഥാനത്തെ ബലപ്പെടുത്തുന്ന അച്ചുതണ്ടാവാൻ ഇടതുപക്ഷത്തിന് കഴിയാതിരുന്നത് എന്തുകൊണ്ട് എന്നത് ഇന്നും ചോദ്യമായി അവശേഷിക്കുന്നു.

I.N.D.I.A എന്ന പേരിൽ രൂപീകൃതമായിട്ടുള്ള പ്രതിപക്ഷ മുന്നണിയെ ക്രിയാത്മകമായ ഒരു ബദലായി മാറ്റുന്ന വിധത്തിൽ മുമ്പോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം അനേകം പരിമിതികൾക്കകത്തുനിന്നുകൊണ്ടു തന്നെ  യെച്ചൂരി ഏറ്റെടുത്തു.
I.N.D.I.A എന്ന പേരിൽ രൂപീകൃതമായിട്ടുള്ള പ്രതിപക്ഷ മുന്നണിയെ ക്രിയാത്മകമായ ഒരു ബദലായി മാറ്റുന്ന വിധത്തിൽ മുമ്പോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം അനേകം പരിമിതികൾക്കകത്തുനിന്നുകൊണ്ടു തന്നെ യെച്ചൂരി ഏറ്റെടുത്തു.

അത്തരമൊരു സന്ദർഭത്തിലാണ് നിലവിലെ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഇന്ത്യൻ രാഷ്ട്രീയ സമരഭൂമികയിൽ ദൃശ്യത നേടി മുന്നേറുന്ന ജനാധിപത്യത്തിനായുള്ള മുന്നണിയിലെ ഇടതുസാന്നിദ്ധ്യം ശ്രദ്ധേയമായി തീർന്നത്. കക്ഷിരാഷ്ട്രീയത്തിനും അപ്പുറം വളരാൻ വെമ്പുന്ന ഇത്തരമൊരു പ്രതിപക്ഷവേദിക്ക് ആശയങ്ങളുടെ കാര്യത്തിൽ ആരുറപ്പ് നൽകുന്നതിൽ ഇടതുപക്ഷത്തിന് ഏറെ സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞ നേതാവായിരുന്നു യെച്ചൂരി. സി പി ഐ എം ജനറൽ സിക്രട്ടറി എന്ന നിലയിൽ അത്തരം ഉദ്യമങ്ങൾക്ക് വരാനിടയുള്ള തടസ്സങ്ങളെ അതിജീവിക്കാനുള്ള പദ്ധതികൾ മുമ്പോട്ട് കൊണ്ടുപോകുന്നതിൽ പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹം.

ജനാധിപത്യശക്തികളുടെ വിശാലവേദിയാണ് ഇന്നത്തെ ഇന്ത്യൻ ജനതയുടെ പ്രതീക്ഷയും ആവശ്യവും. അത്തരമൊരു വേദിയെ ചലനാത്മകമാക്കാനും അതിന് ശാസ്ത്രീയമായ ദിശാബോധം നൽകാനും ഇന്ത്യൻ ഇടതുപക്ഷത്തിന് കഴിയുമോ എന്നതാണ് ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞടുപ്പിൽ സംഘപരിവാർ ഭരണം അവസാനിച്ചുകാണാൻ ആഗ്രഹിക്കുന്ന ഇടതുപക്ഷ അനുയായികൾ ആകാംക്ഷയോടെ നോക്കിക്കൊണ്ടിരുന്നത്. ഇന്ത്യൻ ഇടതുപക്ഷനിരയിലെ ഏറ്റവും വലിയ പ്രസ്ഥാനം എന്ന നിലയിൽ സി പി ഐ- എം തങ്ങളുടെ ഇടപെടലുകൾ എത്രമാത്രം സമഗ്രമാക്കും എന്നതും ശ്രദ്ധാകേന്ദ്രമായിരുന്നു. ആ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ ജനാധിപത്യശക്തികൾ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ അവസരത്തിൽ ഉറ്റുനോക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് സാവധാനം നാമ്പിട്ടുവന്ന ജനാധിപത്യശക്തികളുടേയും മതേതര ശക്തികളുടെയും ഐക്യമുന്നണി സംവിധാനത്തിന്റെ ശാസ്ത്രവും കലയും ഉൾക്കൊള്ളാൻ ഏറ്റവും കഴിവുള്ള ഒരാൾ ഇന്ത്യൻ പ്രതിപക്ഷനിരയിൽ ഉണ്ടായിരുന്നത് സീതാറാം യെച്ചൂരിയായിരുന്നു. തുറന്ന സമീപനത്തോടെയുള്ള യെച്ചൂരിയൻ ഇടതാശയങ്ങളുടെ പ്രയോഗങ്ങൾ വലിയ തോതിൽ മതേതരശക്തികൾക്ക് സ്വീകാര്യമായിരുന്നു.

തുറന്ന സമീപനത്തോടെയുള്ള യെച്ചൂരിയൻ ഇടതാശയങ്ങളുടെ പ്രയോഗങ്ങൾ വലിയ തോതിൽ മതേതരശക്തികൾക്ക് സ്വീകാര്യമായിരുന്നു. / Photo: Prasanth Reghuvamsom 
തുറന്ന സമീപനത്തോടെയുള്ള യെച്ചൂരിയൻ ഇടതാശയങ്ങളുടെ പ്രയോഗങ്ങൾ വലിയ തോതിൽ മതേതരശക്തികൾക്ക് സ്വീകാര്യമായിരുന്നു. / Photo: Prasanth Reghuvamsom 

വരേണ്യതയുടെ കൂട്ടിൽ നിന്നിറങ്ങി അടിത്തട്ടുമനുഷ്യർക്കും അധ്വാന വർഗത്തിനുമായി ജീവിതം സമർപ്പിച്ച സീതാറാം യെച്ചൂരിയുടേത് സംശുദ്ധമായ രാഷ്ട്രീയ ജീവിതമായിരുന്നു. അടിയന്തരാവസ്ഥാ ദിനങ്ങളിൽ ഡൽഹിയിലെ പ്രശസ്തമായ ജവഹർലാൽ നെഹ്‍റു സർവ്വകലാശാലയിൽ എസ് എഫ് ഐ നേതാവെന്ന നിലയിൽ പ്രവർത്തിച്ച് ആ സമഗ്രാധിപത്യ ഭരണത്തെ അദ്ദേഹം ചെറുത്തിട്ടുണ്ട്. ഇന്നത്തെ ഇന്ത്യ അതിനേക്കാൾ അപകടകരമായ ഒരവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത് എന്ന ഭീതിദമായ യാഥാർത്ഥ്യത്തെ കൃത്യമായി മനസ്സിലാക്കിയ മാർക്സിസ്റ്റ് പ്രയോക്താവായിരുന്നു യെച്ചൂരി. I.N.D.I.A എന്ന പേരിൽ രൂപീകൃതമായിട്ടുള്ള പ്രതിപക്ഷ മുന്നണിയെ ക്രിയാത്മകമായ ഒരു ബദലായി മാറ്റുന്ന വിധത്തിൽ മുമ്പോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം അനേകം പരിമിതികൾക്കകത്തുനിന്നുകൊണ്ടു തന്നെ യെച്ചൂരി ഏറ്റെടുത്തു. ഈ പൊതുവേദിയുടെ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള സഖാവാണ് സീതാറാം എന്ന് നമുക്കറിയാം. അതിന്റെ നിർവഹണത്തിൽ വന്നുഭവിച്ച തടസ്സങ്ങൾ ഏറെ ജാഗ്രതയോടെ അദ്ദേഹം നേരിട്ടു. സ്വന്തം പാർട്ടിയിൽ നിന്നുൾപ്പെടെ അഭിപ്രായവ്യത്യാസങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു.

ഫാസിസ്റ്റ് വിരുദ്ധ മുന്നണി കെട്ടിപ്പെടുക്കേണ്ടതിന്റെ അത്യാവശ്യകത പാർട്ടിക്കുള്ളിലും ഇതര മതേതര ജനാധിപത്യ പാർട്ടികളുടെ ഇടയിലും താൻ ഇറങ്ങിച്ചെന്ന എല്ലാ സംവാദസൗഹൃദവേദികളിലും ബോധ്യപ്പെടുത്താൻ യെച്ചൂരി യത്നിച്ചു. ഇത്തരത്തിൽ എല്ലാവരേയും ഉൾച്ചേർത്തുള്ള ജനാധിപത്യ ഇടം യാഥാർത്ഥ്യമാക്കാൻ നടത്തിയ പോരാട്ടത്തിന്റെ പേരിലായിരിക്കും യെച്ചൂരി ഭാവിയിൽ ഓർമിക്കപ്പെടുക. അതിനായി യത്നിച്ച ഇന്ത്യൻ മാർക്സിസ്റ്റ് എന്ന രൂപത്തിലായിരിക്കും അദ്ദേഹത്തിന്റെ നാമം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക. അത്തരമൊരിടത്തെ വിശാലമാക്കുന്നതിൽ തന്റെ ധൈഷണികതയും സംഘടനാശേഷിയും സൈദ്ധാന്തിക വ്യക്തതയോടെ ഉപയോഗപ്പെടുത്താൻ തുടങ്ങവേയാണ് അദ്ദേഹത്തെ മരണം തട്ടിയെടുത്തത്. മതേതര ജനാധിപത്യ ചേരിയിൽ അതുണ്ടാക്കുന്ന ശൂന്യത വലുതാണ്.

ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങൾക്ക് ഏറ്റവും അടിത്തട്ടിൽ എത്തുമ്പോഴേ അതൊരു ഭൗതികശക്തിയായി മാറി ഹിന്ദുത്വഫാസിസ്റ്റ് ഭരണത്തെ ഇനി തിരിച്ചുവരാത്ത വിധം കടപുഴക്കാനാവുകയുള്ളൂ എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ നേതാവായിരുന്നു യെച്ചൂരി.
ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങൾക്ക് ഏറ്റവും അടിത്തട്ടിൽ എത്തുമ്പോഴേ അതൊരു ഭൗതികശക്തിയായി മാറി ഹിന്ദുത്വഫാസിസ്റ്റ് ഭരണത്തെ ഇനി തിരിച്ചുവരാത്ത വിധം കടപുഴക്കാനാവുകയുള്ളൂ എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ നേതാവായിരുന്നു യെച്ചൂരി.

കോൺഗ്രസ് ഉൾപ്പെടുന്ന ഒരു മുന്നണിയെ അകത്തുനിന്നും പുറത്തുനിന്നും നേരിടുന്ന ഭീഷണികൾക്കിടയിലൂടെ ശരിയായ പാതയിലേക്ക് തിരിച്ചുവിടുന്നതിനുള്ള ശ്രമകരമായ ഉദ്യമമാണ് യെച്ചൂരിക്ക് നിർവഹിക്കാനുണ്ടായിരുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്നത് ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട I.N.D.I.A സഖ്യം ജനകീയത കൈവരിക്കുന്നുണ്ട് എന്ന് തിരഞ്ഞെടുപ്പിന് മുമ്പ് പി ടി ഐ ക്ക് നൽകിയ ഒരു അഭിമുഖത്തിൽ യെച്ചൂരി ചൂണ്ടിക്കാട്ടുകയുണ്ടായി. ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങൾക്ക് ഏറ്റവും അടിത്തട്ടിൽ എത്തുമ്പോഴേ അതൊരു ഭൗതികശക്തിയായി മാറി ഹിന്ദുത്വഫാസിസ്റ്റ് ഭരണത്തെ ഇനി തിരിച്ചുവരാത്ത വിധം കടപുഴക്കാനാവുകയുള്ളൂ എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ നേതാവായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനു ശേഷവും അതിനാൽ ഈ ദൗത്യവുമായി അദ്ദേഹം മുമ്പോട്ടുപോകുന്നതിൽ ബദ്ധശ്രദ്ധനായി. അതിനായി തന്റെ പ്രതിഭയേയും കർമ്മശേഷിയേയും അദ്ദേഹം ഉപയോഗപ്പെടുത്തി. ഹിന്ദുത്വ ഫാസിസത്തിന് നേർക്ക് ഉദാസീനമാവുന്ന എല്ലാ ശക്തികളേയും അദ്ദേഹം തുറന്നുകാട്ടി.അതിനെതിരെ താക്കീത് നൽകി.ഇന്ത്യയെ ആഴത്തിൽ മനസ്സിലാക്കിയ നേതാവും ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനുമായിരുന്നു യെച്ചൂരി എന്ന രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശത്തിലെ പരാമർശം കൃത്യമാണ്.

ഫാസിസത്തോട് സന്ധി ചെയ്യാൻ മടിക്കാത്തവർ വ്യവസ്ഥാപിതമായ ഇടതുപക്ഷത്തുപോലും ഉള്ള കാലത്ത് യെച്ചൂരി ഹിന്ദുത്വ ഫാസിസത്തിന്റെ നവീനമായ തന്ത്രങ്ങൾ മനസ്സിലാക്കുകയും അതിനെതിരെ വിശാലമായ മുന്നണികൾക്കും സഖ്യങ്ങൾക്കും രൂപംകൊടുക്കുകയും ചെയ്തു. 1992 ൽ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗമായതിനുശേഷം ഇത്തരം ശ്രമങ്ങളിൽ ഫലപ്രദമായ പങ്ക് അദ്ദേഹം വഹിച്ചു. ഹർകിഷൻ സിംഗ് സുർജിത് സി പി ഐ- എം ജനറൽ സെക്രട്ടറിയായ കാലത്താണ് മുമ്പ് ഇടതുപക്ഷത്തിന് അത്തരം മുന്നണികളുടെ സ്റ്റിയറിംഗ് ഫോഴ്സ് ആയിത്തീരാൻ കഴിഞ്ഞത്. മുന്നണിയിലെ അംഗം എന്ന നിലയിലോ സർക്കാറിലെ പങ്കാളി എന്ന നിലയിലോ പദവി ഏറ്റെടുക്കാതെ തന്നെ സി പി ഐ- എമ്മിന് പുറത്തുനിന്ന് അത്തരം മുന്നണികളെ ആശയപരമായി മുമ്പോട്ടു നയിക്കാൻ കഴിഞ്ഞിരുന്നു. സീതാറാം യെച്ചൂരി പല സന്ദർഭങ്ങളിലും ഇത്തരം സഖ്യസമവായശ്രമങ്ങളിൽ സുർജിത്തിനെ അസിസ്റ്റ് ചെയ്ത പാർട്ടിനേതാവാണ്. അത്തരം അനുഭവങ്ങൾ നൽകിയ വിലയേറിയ പാഠങ്ങൾ സംഘപരിവാറിനെതിരെ മുന്നണി കെട്ടിപ്പെടുക്കുന്നതിൽ അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു. യു പി എ രൂപീകരണകാലഘട്ടത്തിൽ കോൺഗ്രസ് നേതാക്കളോടൊത്ത് മുന്നണിയുടെ പൊതു മിനിമം പരിപാടി തയ്യാറാക്കുന്നതിൽ യെച്ചൂരിക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിഞ്ഞു.1996ലെ ഐക്യമുന്നണി സർക്കാരിന്റെയും 2004ലെ ഒന്നാം യുപിഎ സർക്കാരിന്റെയും രൂപീകരണത്തിൽ നിർണായക പങ്ക് യെച്ചൂരിക്കുണ്ട്. യുപിഎ-ഇടതുപക്ഷ ഏകോപനസമിതി അംഗമായിരുന്നുകൊണ്ട് അദ്ദേഹം മതേതരസഖ്യത്തിന്റെ തുടർച്ചയ്ക്കുവേണ്ടി പ്രവർത്തിച്ചു.

യെച്ചൂരിക്കൊപ്പം സോണിയ ഗാന്ധി
യെച്ചൂരിക്കൊപ്പം സോണിയ ഗാന്ധി

I.N.D.I.A മുന്നണിയുടെ രൂപത്തിൽ ഇന്ത്യയിൽ രൂപപ്പെട്ടുവന്ന കൂട്ടായ്മയെ സംഘപരിവാർ ഭരണകൂടത്തിന്റെ ചെയ്തികൾക്കെതിരായുള്ള ഇന്ത്യൻ ജനതയുടെ ചെറുതും വലുതുമായ സമരങ്ങളുടെ ഉൽപ്പന്നമായാണ് വിലയിരുത്താൻ കഴിയുക. സാമ്രാജ്യവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന രാഷ്ട്രത്തെ തകർക്കുന്ന ഹിന്ദുത്വ പ്രൊജക്ടിനെതിരെ ഇന്ത്യയിലെ ജനങ്ങളെ അണിനിരത്താനുള്ള ഒരു വേദിയായി അതിന് വികസിക്കേണ്ടതുണ്ടായിരുന്നു. സാമൂഹ്യജീവിതത്തിന്റെ നാനാ കോണുകളിലും നിന്ന് ഉയർന്നുവരുന്ന ജനാധിപത്യത്തിനുവേണ്ടിയുള്ള സർഗ്ഗാത്മക പ്രതിരോധങ്ങളുടെ പ്രകാശനവേദി എന്ന നിലയിലാണ് ഈ പ്രതിപക്ഷസഖ്യം യാഥാർത്ഥ്യമായത്. ശൈശവാവസ്ഥയിലുള്ള അത്തരമൊരു വിശാല ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ കൂട്ടായ്മയെ പ്രബലമായ മതേതര ജനാധിപത്യ ജനപക്ഷ രാഷ്ട്രീയ സഖ്യമായി പരിവർത്തിപ്പിക്കാനുള്ള ഉത്തരവാദിത്തം വന്നുചേർന്ന പ്രധാന സ്തംഭങ്ങളിലൊന്ന് യെച്ചൂരിയൻ ഇടതുപക്ഷ ആശയങ്ങളായിരുന്നു.

അത്തരമൊരു മുന്നണിയെ കേവലം തിരഞ്ഞടുപ്പു സന്ദർഭത്തിലുള്ള രാഷ്ട്രീയപാർട്ടികൾ മാത്രമടങ്ങിയ ഒരു സഖ്യമായി വിഭാവനം ചെയ്യാതിരിക്കാനുള്ള ഇടതാരോഗ്യം യെച്ചൂരിക്ക് ഉണ്ടായിരുന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ നാനാവിധ കടന്നുകയറ്റങ്ങളോട് പ്രതിഷേധിക്കുന്ന കീഴാള സാമൂഹ്യപ്രസ്ഥാനങ്ങൾ, ന്യൂനപക്ഷാവകാശ പ്രസ്ഥാനങ്ങൾ, എഴുത്തുകാർ, കലാകാരർ, മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ, സ്ത്രീപ്രസ്ഥാനങ്ങൾ തുടങ്ങി വിശാലമായ ഒരു കൂട്ടായ്മയായി വളർന്ന് വികസിക്കേണ്ടുന്ന ഒന്നായി അതിനെ കാണാൻ കഴിയുന്ന മാർക്സിസ്റ്റ് പ്രായോഗികമതി ആയിരുന്നു യെച്ചൂരി.അതിനാൽ തന്നെ അത്തരമൊരു ദൗത്യത്തിന്റെ ചുക്കാൻ പിടിക്കാൻ ഒരു വ്യക്തിയെ ഇടതുപക്ഷത്തിന്റെ പ്രതിനിധി എന്ന നിലയിൽ ചൂണ്ടിക്കാണിക്കണമെങ്കിൽ പ്രാഥമികമായി പരിഗണനയിൽ വരുന്ന പേര് സീതാറാം യെച്ചൂരിയുടേതായിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘപരിവാർ വിരുദ്ധ രാഷ്ട്രീയകക്ഷികളിലെ പ്രവർത്തകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടതുനേതാവും യെച്ചൂരി തന്നെയായിരുന്നു. പരസ്പരം ഏറ്റുമുട്ടുന്ന കേരളീയ സന്ദർഭത്തിൽ യു എഡി എഫു കാർക്കുപോലും സി പി ഐ- എം കാരനായ യെച്ചൂരി സമ്മതനായിരുന്നല്ലോ. അതുകൊണ്ടാണ് യെച്ചൂരിയുടെ വിയോഗത്തിൽ അനേകം മതേതര പാർട്ടി പ്രവർത്തകർ ആത്മാർത്ഥമായും ഖേദിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നത്.

കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘപരിവാർ വിരുദ്ധ രാഷ്ട്രീയകക്ഷികളിലെ പ്രവർത്തകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടതുനേതാവും യെച്ചൂരി തന്നെയായിരുന്നു. / Photo: X, @gchinthan
കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘപരിവാർ വിരുദ്ധ രാഷ്ട്രീയകക്ഷികളിലെ പ്രവർത്തകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടതുനേതാവും യെച്ചൂരി തന്നെയായിരുന്നു. / Photo: X, @gchinthan

ലോകം ശ്രദ്ധിക്കുന്ന ഇന്ത്യൻ മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്നു സീതാറാം യെച്ചൂരി. വിവിധ രാജ്യങ്ങളിലെ ഇടതുപക്ഷ-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായും ജനാധിപത്യ കൂട്ടായ്മകളുമായും അടുത്ത ബന്ധവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന അന്താരാഷ്ട്രകാര്യ വിദഗ്ധൻ കൂടിയായ നേതാവായിരുന്നു സീതാറാം യെച്ചൂരി. സാർവ്വദേശീയ കാഴ്ചപ്പാടും ലോകത്തെങ്ങും നടക്കുന്ന ജനാധിപത്യ മുന്നേറ്റങ്ങളോട് സഹഭാവവും യെച്ചൂരിയുടെ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഭാഗമാണ്. വിവിധ രാഷ്ട്രങ്ങളിലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ടിരുന്ന നേതാവാണദ്ദേഹം. പൊരുതുന്ന ജനതകളോടുള്ള ഐക്യദാർഢ്യവും യുദ്ധവിരുദ്ധതയും വിശാലമായ ആഗോള മാനവിക കാഴ്ചപ്പാടിന്റെ ദൃഢതയും ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ യെച്ചൂരിയെ പ്രാപ്തനാക്കി. വംശീയതയും സാമ്രാജ്യതാത്പര്യങ്ങളും യുദ്ധോത്സുകമാക്കുന്ന അന്താരാഷ്ട്ര അന്തരീക്ഷത്തെ സമാധാനത്തിന്റെ പക്ഷത്തുനിന്ന് വിലയിരുത്തി നയങ്ങൾ രൂപപ്പെടുത്താൻ പാർട്ടി കേന്ദ്രകമ്മിറ്റി അന്താരാഷ്ട്രവിഭാഗത്തിന്റെ ചുമതല പലതവണ വഹിച്ചിട്ടുള്ള സീതാരാം യെച്ചൂരിക്ക് കഴിഞ്ഞിട്ടുണ്ട്. നേപ്പാളിൽ മാവോവാദികളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി മധ്യസ്ഥത വഹിച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് ആണ് യെച്ചൂരി.

സമീപകാലത്ത് യെച്ചൂരി തന്റെ ഊർജ്ജവും സമയവും നീക്കിവച്ചത് ദേശീയതലത്തിൽ മതേതര പാർട്ടികളുടെ വിശാല ഐക്യം കെട്ടിപ്പെടുക്കാനായിരുന്നു എന്ന് യെച്ചൂരിയടെ വിയോഗത്തിനു ശേഷം ചേർന്ന അവയിലബിൾ പി ബി അനുസ്മരണക്കുറിപ്പിൽ വ്യക്തമാക്കിയത് വളരെ കൃത്യമാണ്. ഈ ഐക്യമുന്നണിയെ ദിശാബോധത്തോടെ നയിക്കുന്നതിൽ പ്രസ്ഥാനം ഭാവിയിൽ ഏത്രമാത്രം വിജയിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സി പി ഐ എം ന്റെ തുടർ നിലനിൽപ്പ് എന്നു നിരീക്ഷിക്കുന്നതിൽ തെറ്റുണ്ടാവില്ല. ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തെ ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്താനുള്ള സംഘടനാപരമായ ഉത്തരവാദിത്തം ദാർശനിക വ്യക്തതയോടെ നിർവഹിച്ച യെച്ചൂരിയുടെ പിൻഗാമി ആരായിരിക്കും എന്നതും ഇന്നത്തെ അവസ്ഥയിൽ പ്രധാനമാണ്. 2025 ഏപ്രിലിൽ ചേരുന്ന പാർട്ടി കോൺഗ്രസ് അത്തരം കാര്യങ്ങൾക്ക് ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കാം.


Summary: Sitaram Yechury a strong voice of Left Politics who always fights for secularism and democracy. VK Babu writes.


വി.കെ. ബാബു

എഴുത്തുകാരൻ. ‘ഫാഷിസം ജനാധിപത്യം- രാഷ്ട്രീയവായനകളുടെ ആൽബം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments