പശ്ചിമ ബംഗാളിൽ സി.പി.എമ്മിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു കാലത്തിന്റെ നായകനും പ്രതിനായകനുമായിരുന്നു, ഇന്ന് അന്തരിച്ച പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ.
2000 മുതൽ 2011 വരെ, 11 വർഷമാണ് അദ്ദേഹം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നത്. 34 വർഷം നീണ്ട ഇടതുപക്ഷ ഭരണത്തിലെ രണ്ടാമത്തെയും അവസാനത്തെയും മുഖ്യമന്ത്രി. ബുദ്ധദേബിന്റെ ഒരു ദശാബ്ദത്തെ ഭരണത്തോടെ സംസ്ഥാനത്ത് സി.പി.എം എന്ന പാർട്ടി അക്ഷരാർഥത്തിൽ നാമാവശേഷമായി. ആ തകർച്ചയുടെ പ്രധാന ഉത്തരവാദി എന്ന നിലയിൽ കൂടിയായിരിക്കും, രാഷ്ട്രീയ ചരിത്രത്തിൽ ബുദ്ധദേബ് പ്രധാനമായും അടയാളപ്പെടുത്തപ്പെടുക.
1966-ലാണ് അദ്ദേഹം സി.പി.എം അംഗമാകുന്നത്. 1968-ൽ ഡി.വൈ.എഫ്.ഐ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി. 1971-ൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം. 1985-ൽ കേന്ദ്ര കമ്മിറ്റി അംഗം. 2000-ൽ പി.ബി അംഗം.
സി.പി.എം നേതൃത്വത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയ 1977-ല്‍ തന്നെയാണ് ബുദ്ധദേബും നിയമസഭയിലെത്തിയത്. ജ്യോതിബസു മന്ത്രിസഭയിൽ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രിയായി. 1996-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി അഞ്ചാം തവണയും സി.പി.എം വിജയിച്ചപ്പോൾ വീണ്ടും അദ്ദേഹത്തിന് വാർത്താവിനിമയ -സാംസ്കാരിക വകുപ്പിന്റെ ചുമതല നൽകി. ഒപ്പം, എന്നാൽ ആഭ്യന്തര വകുപ്പിന്റെ അധിക ചുമതലയും. 1999-ൽ ഉപമുഖ്യമന്ത്രി. ഗൂര്‍ഖാ ലാന്റ് പ്രക്ഷോഭത്തിന് രാഷ്ട്രീയപരിഹാരം കാണുന്നതില്‍ ബുദ്ധദേബിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
23 വർഷത്തെ ജ്യോതി ബസു ഭരണത്തിനുശേഷം ആരാണ് പാർട്ടിയെയും ഭരണത്തെയും നയിക്കുക എന്ന ചോദ്യത്തിന് ഒരൊറ്റ മറുപടിയായിരുന്നു ബുദ്ധദേബ്. അങ്ങനെയാണ് 2000-ൽ ആദ്യമായി അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തിയത്. 2001ലും 2006 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷത്തോടെ ബുദ്ധദേബ് പാർട്ടിയെ അധികാരത്തിലെത്തിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ ഭരണം, പാർട്ടിയുടെ ഏകകണ്ഠമായ തെരഞ്ഞെടുപ്പിനെ അടിമുടി സംഘർഷഭരിതമാക്കി.
തൊഴിലില്ലായ്മയിൽ വീർപ്പുമുട്ടിയ സംസ്ഥാനത്ത് വ്യവസായവൽക്കരണമാണ് ഏക പോംവഴിയെന്ന നിലപാട് തുടക്കം മുതൽ അദ്ദേഹം സ്വീകരിച്ചു. വികസന മുരടിപ്പിനും സ്വകാര്യ മൂലധനത്തിലൂന്നിയ വ്യവസായവൽക്കരണമെന്ന ഒറ്റമൂലിയാണ് അദ്ദേഹം അവതരിപ്പിച്ചത്.
അത്, അതുവരെയുള്ള സി.പി.എം നയങ്ങളുമായി ഏറ്റുമുട്ടുന്ന ഒന്നായിരുന്നു. നവ ലിബറൽ നയങ്ങളെ തള്ളിപ്പറഞ്ഞിരുന്ന പാർട്ടിയെ, അതേ നയങ്ങൾ ഒരു സംസ്ഥാനത്ത് പാർട്ടി ഭരണകൂടം തന്നെ സർവാത്മനാ സ്വീകരിക്കുന്നത് കടുത്ത പ്രതിസന്ധിയിലാക്കിയെങ്കിലും ബുദ്ധദേബ് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്തില്ല.
ഭരണത്തിന്റെ തുടക്കത്തിൽ നയപരമായ മാറ്റം പൊതുവെ സ്വീകരിക്കപ്പെട്ടു. ഐ.ടി മേഖലയിലും മറ്റുമുണ്ടാക്കിയ അനുകൂല നടപടികൾ ഈ സ്വീകാര്യതക്ക് കാരണമായി. അങ്ങനെയാണ് 2006-ൽ വൻ ഭൂരിപക്ഷത്തിൽ ബുദ്ധദേബിന് തുടർഭരണം ലഭിച്ചത്. കൂടുതൽ തീവ്രമായി തന്റെ നിലപാടുമായി മുന്നോട്ടുപോകാൻ ബുദ്ധദേബിന് ധൈര്യം നൽകിയതും തുടർഭരണമായിരുന്നു. ആ ധൈര്യത്തിലാണ്, സി.പി.എമ്മിന്റെ അടിത്തറയിളക്കിയ സിംഗൂരും നന്ദി ഗ്രാമും സംഭവിക്കുന്നത്.
ടാറ്റയുടെ നാനോ കാർ ഫാക്ടിക്കായി സിംഗൂരിൽ ഭൂമി ഏറ്റെടുത്തു നൽകിയത് വൻ പ്രതിഷേധമുണ്ടാക്കി. 13 കാരിയായ തപസി മാലിക് തീവെപ്പിൽ കൊല്ലപ്പെട്ടു. ഭൂമി ഏറ്റെടുക്കൽ വിരുദ്ധ സമരങ്ങളിൽ സജീവമായിരുന്ന തപസിയെ ലൈംഗികമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. ഇത് സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി.
നന്ദി ഗ്രാമിൽ ബഹുരാഷ്ട്ര കമ്പനിയായ സലിം അസോസിയേറ്റ്‌സിന്റെ കെമിക്കൽ ഹബ് നിർമിക്കാൻ 10,000 ഏക്കറാണ് ഏറ്റെടുക്കാൻ ശ്രമിച്ചത്. പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് ഏറ്റെടുക്കാൻ തീരുമാനിച്ച പ്രദേശം കൃഷിഭൂമിയായിരുന്നു. 2007 മാർച്ച് 14ന് നടന്ന പൊലീസ് വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭങ്ങളിൽ ആകെ കൊല്ലപ്പെട്ടത് 27 പേർ, ഇവരെല്ലാം ഗ്രാമവാസികളുമായിരുന്നു. പ്രതിഷേധത്തെതുടർന്ന് ഒരിഞ്ചു ഭൂമി പോലും ഏറ്റെടുക്കാനായില്ല. ടാറ്റയുടെ നാനോ ഫാക്ടറിയും ഗുജറാത്തിലേക്ക് പോയി.
പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ച മമത ബാനർജിയുടെ 25 ദിവസത്തെ നിരാഹാര സമരം സി.പി.എമ്മിന്റെ അടിത്തറയിളക്കി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 41% വോട്ടും 62 സീറ്റുമായി ഇടതുമുന്നണി പ്രതിപക്ഷത്തായി. സി.പി.എം 40 സീറ്റിലൊതുങ്ങി. ജാദവ്പുരിൽ 16,000 വോട്ടിന് ബുദ്ധദേബ് തോറ്റു. 2006-ലെ തെരഞ്ഞെടുപ്പിൽ 50.1% വോട്ടും 235 സീറ്റുമായിരുന്നു ഇടതുമുന്നണി നേടിയത്.
2011-ലെ തെരഞ്ഞെടുപ്പിൽ 26% വോട്ടും 32 സീറ്റുമായി ഇടതുമുന്നണി തകർച്ച തുടർന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോൾ തകർച്ച പൂർണമായി, 5.6% വോട്ടു മാത്രം, നിയമസഭയിൽ ഒരംഗം പോലുമില്ലാതെ. മത്സരിച്ച 177 സീറ്റിൽ 158 ലും സി.പി.എമ്മിന് കെട്ടിവെച്ച കാശ് നഷ്ടമായി. നിയമസഭയിൽ ഒരംഗം പോലുമില്ലാത്തവിധം സി.പി.എമ്മിന്റെ തകർച്ച പൂർത്തിയായത് ബുദ്ധദേബിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു. വ്യവസായ വളർച്ചയുടെ നല്ല ഫലം ജനങ്ങൾക്ക് തിരിച്ചറിയാനായില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്നാണ് ബുദ്ധദേവിനെ വിശേഷിപ്പിച്ചത്.
2018-ൽ സി.പി.എമ്മിന്റെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുനിന്നു. 2019-ലാണ് ബുദ്ധദേവ് അവസാനമായി പൊതുപരിപാടിയില്‍ പങ്കെടുത്തത്. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസും വാര്‍ധക്യസഹജമായ അസ്വസ്ഥതകളും അദ്ദേഹത്തെ അലട്ടിയിരുന്നു.
നയപരമായ വ്യതിയാനങ്ങളാൽ വിമർശിക്കപ്പെട്ടുവെങ്കിലും ജീവിതത്തിൽ കമ്യൂണിസ്റ്റ് മൂല്യങ്ങൾ അടിമുടി പാലിച്ച നേതൃത്വത്തിലെ ഒരു കണ്ണി കൂടിയായിരുന്നു ബുദ്ധദേബ്. അവസാന നിമിഷം വരെയും ലാളിത്യം നിറഞ്ഞ ജീവിതരീതി തുടർന്നു. ബാലിഗഞ്ച് ഏരിയയില്‍ രണ്ടു മുറികളുള്ള ചെറിയ സര്‍ക്കാര്‍ അപ്പാര്‍ട്ടുമെന്റിലായിരുന്നു അദ്ദേഹത്തിന്റെ താമസം.
രാഷ്ട്രീയജീവിതത്തിനൊപ്പം എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയിലെ സാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യം. ടി.എസ്. എലിയറ്റ്, നെരൂദ, ഗബ്രിയേൽ ഗാർസിയ മാർകേസ് തുടങ്ങിയവരുടെ പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. ചെനെ ഫുലർ ബന്ദോ എന്ന കവിതാസമാഹാരവും ദുഷ്മായ് എന്ന നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രബീന്ദ്ര സംഗീതത്തിന്റെ കടുത്ത ആരാധകൻ. ക്രിക്കറ്റിലും കടുത്ത കമ്പമുണ്ടായിരുന്നു.
2022-ൽ പത്മഭൂഷൻ ബഹുമതി നിരസിച്ചു: ''പത്മഭൂഷൺ അവാർഡിനെക്കുറിച്ച് എനിക്കറിയില്ല. ആരും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് ഈ അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഞാൻ നിരസിക്കുന്നു'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ബംഗാളിൽ സി.പി.എമ്മിന്റെ തകര്‍ച്ചയുടെ പ്രധാന ഉത്തരവാദിയായി വിശേഷിപ്പിക്കപ്പെട്ടിട്ടും, പാര്‍ട്ടി അദ്ദേഹത്തോടൊപ്പമായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് ബുദ്ധദേബിന്റേതായി ഒരു എ.ഐ ജനറേറ്റഡ് വീഡിയോ സി.പി.എം പുറത്തുവിട്ടിരുന്നു, ഇടതുപക്ഷത്തിന് വോട്ടു ചെയ്യാനഭ്യർഥിച്ച്. തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തെയും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെയും നിശിതമായി വിമർശിക്കുന്ന ആ വീഡിയോ, ബുദ്ധദേബിന് പശ്ചിമ ബംഗാളിലെ ഇടതുപക്ഷ പൊതുബോധത്തിലുള്ള സ്വാധീനത്തിന്റെ തെളിവുകൂടിയായിരുന്നു.