'കേരള സ്റ്റോറി'യുടെ തുടർച്ച തന്നെയാണ് ജയമോഹൻറെ വംശീയ നുണകൾ

'മഞ്ഞുമ്മൽ ബോയ്‌സ്; കുടികാര പൊറുക്കികളിൻ കൂത്താട്ടം' ('മഞ്ഞുമ്മൽ ബോയ്‌സ്- കുടിച്ചുകൂത്താടുന്ന പെറുക്കികൾ') എന്ന ടൈറ്റിലിൽ തമിഴ്- മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ സിനിമയെയും മലയാളികളെയും ആക്ഷേപിച്ച് ബ്ലോഗിൽ എഴുതിയ ലേഖനത്തെ വിമർശിച്ച് കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആർ. എഴുതുന്നു.

യമോഹൻ എഴുതിയ കുറിപ്പ് (പരിഭാഷ) വായിച്ചു. അത്ര നിഷ്ക്കളങ്കമല്ല ആ കുറിപ്പ്.

ജയമോഹന്റെ വാദങ്ങൾ ഇങ്ങനെയാണ്:

ഒന്ന്: വിനോദയാത്രയ്ക്ക് വരുന്ന കേരള തെമ്മാടികൾ മദ്യപിക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നു.
രണ്ട്: കേരളത്തിലെ ബീച്ചുകളിൽ സന്ധ്യ കഴിഞ്ഞാൽ ആണുങ്ങൾക്കോ പെണ്ണുങ്ങൾക്കോ പോകാൻ കഴിയില്ല.
മൂന്ന്: എറണാകുളം കേന്ദ്രമാക്കി യുവാക്കളുടെ ലഹരിസംഘം.
നാല്: വെടിവഴിപാട്, ജല്ലിക്കെട്ട്, ഒഴിവുദിവസത്തെ കളി എന്നീ സിനിമകൾ ലഹരിയെയും വ്യഭിചാരത്തെയും നോർമലൈസ് ചെയ്യുന്നു.

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയെക്കുറിച്ചുള്ള ജയമോഹന്റെ ബ്ലോഗ്‌

മദ്യപിക്കുന്നവരെല്ലാം മോശക്കാരാണന്നുള്ള പ്യൂരിറ്റൻ വാദം ബ്രാഹ്മണിക്കൽ ആണ്. മലയാളികൾക്കിടയിൽ ചെത്ത് തൊഴിലായി സ്വീകരിച്ചവരുണ്ട്. മദ്യം സ്ത്രീപുരുഷ ഭേദമെന്യേ കഴിക്കുന്നവരുണ്ട്. ജാതിശ്രേണിയിൽ മുകളിൽ നിൽക്കുന്നവർ ഇതിനെ അറപ്പോടെ കാണുന്നു. ബഹിഷ്കൃതരായവരുടെ പ്രാകൃത ആനന്ദമായിട്ടാണ് അവരിതിനെ കാണുന്നത്. ഈ ബ്രാഹ്മണിക്കൽ ബോധമാണ് ജയമോഹന്റെ വാദത്തിന്റെ പിൻബലമാവുന്നത്.

ഒഴിവ് ദിവസത്തെ കളി സിനിമയിൽ നിന്നും

മഞ്ഞുമ്മൽ ബോയ്സ് എന്ന കൂട്ടുകാരുടെ സംഘം കീഴ്നിലയിൽ ജീവിക്കുന്നവരാണ്. അവരെല്ലാം മദ്യപാനികളും തെമ്മാടിക്കൂട്ടങ്ങളുമാണന്ന് സമർത്ഥിക്കേണ്ടത് വരേണ്യതയെ മുറുകെപ്പിടിക്കുന്ന ഈ എഴുത്തുകാരന് ആവശ്യമാണ്. എന്നാൽ ഒരു ആപത്ഘട്ടത്തിൽ സ്വന്തം സുഹൃത്തിനെ രക്ഷിക്കുന്ന മാനുഷികതയെ ഇയാൾ കാണുന്നില്ല. ഇങ്ങനെയുള്ളവർ ചത്ത് തുലയുന്നതാണ് നല്ലതെന്ന് ഇയാൾ കരുതുന്നു. അതിനെ പ്രകൃതിയുടെ നീതിയായി കാണമത്രേ. പ്രകൃതിയുടെ നീതി പ്രളയമായി തകർത്താടിയപ്പോൾ മലയാളികളും തമിഴരും പരസ്പരം കൈകൾ നീട്ടിത്തൊട്ടു. അതിൽ മദ്യപരും വ്യഭിചാരികളുമുണ്ടായിരുന്നു.

ജയമോഹൻ

കേരളത്തിലെ ബീച്ചുകളിൽ സന്ധ്യയ്ക്ക് ശേഷം പോകാൻ ഭയമാകുമത്രേ. താങ്കൾ കോഴിക്കോട് കടപ്പുറത്തും വർക്കലയിലും ഫോർട്ടുകൊച്ചിയിലും പോയിട്ടുണ്ടോ?

എറണാകുളം കേന്ദ്രമാക്കി യുവാക്കളുടെ ലഹരിസംഘം ഉണ്ടത്രേ. താങ്കളുടെ ഉള്ളിലെ വൃദ്ധന് ചെറുപ്പക്കാരോട് എന്താണിത്ര അസഹിഷ്ണുത? മലയാളികളായ യുവാക്കൾ നിങ്ങളെപ്പോലെ അധമബോധത്തിന് അടിമയാവാതെ നിരന്തരം നവീകരിക്കുന്നത് കൊണ്ടാണോ? കേരളത്തിൽ സിനിമ എഴുതാൻ വന്നിട്ട് താങ്കൾക്ക് തിരക്കഥ എഴുതാൻ അറിയില്ലന്ന് മനസിലാക്കി അവർ ഒഴിവാക്കിയതായി കേട്ടിട്ടുണ്ട്. അതിന്റെ പ്രതികാരമാണോ ഈ പുലയാട്ട്?

താങ്കൾ പറഞ്ഞ ആ ഒഴിവുദിവസത്തെ കളി എഴുതിയ ആളാണ് ഞാൻ. അതിൽ ജാതി ലഹരിയിൽ ദലിതനെ (അതും സുഹൃത്തിനെ) കൊന്നുകളയുന്നത് താങ്കൾ കണ്ടില്ല അല്ലേ?താങ്കളിലെ സവർണബോധം അത് കാണില്ല.

ഉണ്ണി ആർ.

പിന്നെ തല്ലുന്ന പോലീസുകാരനെ നിങ്ങൾ ന്യായീകരിക്കുന്നു. തല്ലുകയും ഉരുട്ടിക്കൊല്ലുകയും ചെയ്ത പോലീസുകാരോട് അടങ്ങെന്ന് പറഞ്ഞ മുതിർന്ന എഴുത്തുകാർ ഞങ്ങൾക്കുണ്ടായിരുന്നു. 'പടിക്കലൊരു പട്ടി, ചീഞ്ഞളിഞ്ഞ പട്ടി' എന്ന് പോലീസ് ഉദ്യോഗസ്ഥനെതിരെ എഴുതിയ എൻ.എൻ. കക്കാട് ഞങ്ങൾക്കുണ്ടായിരുന്നു. നിങ്ങളെപ്പോലെ അധികാരഗർവ്വിനൊപ്പം നിൽക്കുന്നവർക്ക് അംബേദ്ക്കർ പറഞ്ഞ 'മൈത്രി' എന്തെന്ന് മനസിലാവില്ല. ഇ. വി.രാമസ്വാമി നായ്ക്കരെ മനസിലാവില്ല. നാളെ നിങ്ങൾ കേരള ഗവർണറായാൽ ഞങ്ങൾ അത്ഭുതപ്പെടില്ല.

കേരളത്തിനെ കുറിച്ചുണ്ടായ ഏറ്റവും വലിയ നുണയായിരുന്നു 'ദി കേരള സ്റ്റോറി’ എന്ന ചലച്ചിത്രം. ആ ചിത്രത്തിന്റെ തുടർച്ചയായി വേണം ജയമോഹന്റെ കുറിപ്പിനെ കാണേണ്ടത്. അല്ലെങ്കിൽ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോയ 'ആന ഡോക്ടർ' എന്ന് നുണ പറയും (ആടുജീവിതം മാത്രമാണ് ലക്ഷക്കണക്കിന് വിറ്റത്) പോലെ ഇയാൾ ഇനിയും നുണ പറഞ്ഞുകൊണ്ടിരിക്കും.


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Comments