അനുരാഗ് ഠാക്കൂറിന്റെ ആ മാധ്യമ കൂടിക്കാഴ്ചയിൽ എന്നെ ക്ഷണിക്കാത്തതിന് കാരണമുണ്ട്

അനുരാഗ് ഠാക്കൂർ കേരളത്തിലേക്ക് വരുന്നുണ്ടെന്നും കുറച്ച് സെലക്ടഡായിട്ടുള്ള മാധ്യമപ്രവർത്തകരെ കാണുന്നുണ്ടെന്നും താങ്കളും വരണമെന്നുമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്ന് വിളിച്ചയാൾ തന്നോട് പറഞ്ഞതെന്ന് ബ്രിട്ടാസ്

Think

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ മലയാള മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് തന്നെ ഒദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന് കൈരളി ടി.വി. എം.ഡി.യും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്ന് ഒരാൾ തന്നെ വിളിച്ച് കേന്ദ്ര മന്ത്രിയുടെ കൂടിക്കാഴ്ചയെപ്പറ്റി പറഞ്ഞിരുന്നെന്നും എന്നാൽ പിന്നീട് ക്ഷണം ലഭിച്ചില്ലെന്നും ജോൺ ബ്രിട്ടാസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

അനുരാഗ് ഠാക്കൂർ കേരളത്തിലേക്ക് വരുന്നുണ്ടെന്നും കുറച്ച് സെലക്ടഡായിട്ടുള്ള മാധ്യമപ്രവർത്തകരെ കാണുന്നുണ്ടെന്നും താങ്കളും വരണമെന്നുമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്ന് വിളിച്ചയാൾ തന്നോട് പറഞ്ഞതെന്ന് ബ്രിട്ടാസ് പറഞ്ഞു.

""താങ്കൾ എം.പി.യും കൂടിയാണല്ലോ അതുകൊണ്ട് പങ്കെടുത്താൽ കൂടുതൽ നല്ലതായിരിക്കുമെന്നും വിളിച്ചയാൾ പറഞ്ഞു. ഡേറ്റൊക്കെ നോക്കിയിട്ട് ഞാൻ വരാൻ പറ്റുമോയെന്ന് നോക്കാമെന്ന് പറഞ്ഞു. സാറിന്റെ നമ്പറും വിവരങ്ങളുമെല്ലാം ഞങ്ങളങ്ങോട്ട് കൊടുക്കുകയാണെന്നും കേന്ദ്രത്തിൽ നിന്ന് ഇൻവിറ്റേഷൻ അയക്കുമെന്നും വിളിച്ചയാൾ പറഞ്ഞപ്പോൾ ഞാൻ അത് സമ്മതിച്ചു. കൈരളി ടി.വി.യുടെ ന്യൂസ് ഡയറക്ടർ എൻ.പി. ചന്ദ്രശേഖരന്റെ വിവരങ്ങളും കൂടി എടുത്തുവെച്ചോളൂ. എന്തെങ്കിലും കാരണത്താൽ എനിക്ക് വരാൻ പറ്റിയില്ലെങ്കിൽ അദ്ദേഹം വരുമെന്നും ഞാൻ പറഞ്ഞു. ഇതെന്നെ ഇങ്ങോട്ട് വിളിച്ച് ചോദിച്ചതാണ്. അതുകഴിഞ്ഞ് എന്നെ പിന്നെയാരും ഈ പരിപാടിയുടെ പേരിൽ വിളിക്കുകയോ ഔദ്യോഗികമായി ക്ഷണിക്കുകയോ ചെയ്തിട്ടില്ല.'' -ബ്രിട്ടാസ് പറഞ്ഞു.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വാർത്താ മാധ്യമങ്ങളുടെ എഡിറ്റോറിയൽ മേധാവികളുമായി നടത്തിയ യോഗത്തിൽ നന്ന്.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വാർത്താ മാധ്യമങ്ങളുടെ എഡിറ്റോറിയൽ മേധാവികളുമായി നടത്തിയ യോഗത്തിൽ നന്ന്.

പാർലമെന്റംഗമായ ബ്രിട്ടാസ് അനുരാഗ് ഠാക്കൂറിന്റെ വകുപ്പായിട്ടുള്ള ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് ഉൾപ്പെടെയുള്ള ഐ.ടി. ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയാണ്. അങ്ങനെയൊരു കമ്മിറ്റിയിലെ അംഗം കൂടിയായിട്ടും തന്നെ ക്ഷണിച്ചില്ലെന്നും ഇവർക്ക് എത്രത്തോളം അസഹിഷ്ണുതയുണ്ടെന്നും അല്ലെങ്കിൽ വിമർശനങ്ങളെ എത്രത്തോളം അനുവദിക്കാതിരിക്കുന്നുവെന്നതിന്റെയും ഉദാഹരണമാണിതെന്നും ബ്രിട്ടാസ് പറയുന്നു.

താനവിടെ പോയിരുന്നെങ്കിൽ ഏതെങ്കിലും വിഷയത്തിൽ എന്തെങ്കിലും ചോദ്യങ്ങളുന്നയിച്ചേനെയെന്നും അത് ചിലപ്പോൾ അനുരാഗിനും അദ്ദേഹത്തിന്റെ സർക്കാരിനും അഭിമതമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷണം കിട്ടിയിരുന്നെങ്കിൽ, ഞാൻ തീർച്ചയായും പങ്കെടുക്കുമായിരുന്നു. കാരണം, ഞാൻ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ മന്ത്രിയും കൂടിയാണല്ലോ.
ഞാൻ ഒരു ചാനലിന്റെ എം.ഡി.യും പാർലമെന്റംഗവും സ്റ്റാൻഡിങ് കമ്മിറ്റി അംഗവും മാത്രമല്ല, ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷനിൽ (IBDF) അംഗവുമാണ്. സൗത്ത് ഇന്ത്യയിൽ നിന്നുതന്നെ ആകെ രണ്ടോ മൂന്നോ പേരേയുള്ളൂ. അതിൽ സ്റ്റാർ, ഡിസ്‌നി അങ്ങനെയുള്ളവരൊക്കെയാണ് പ്രധാനികൾ. അതിൽ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് ഞാൻ. -ബ്രിട്ടാസ് പറയുന്നു.

അനുരാഗ് ഠാക്കൂർ ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രം കണ്ടത് വിവാദമായിരുന്നു. ബി.ജെ.പി. അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയിൽ നിന്ന് ഒഴിവാക്കിതായും വിമർശനമുയർന്നിരുന്നു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കൊച്ചി ഓഫീസിൽ നിന്ന് മലയാളത്തിലെ മുഴുവൻ മാധ്യമസ്ഥാപനളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ പട്ടിക ഡൽഹിയിലേക്ക് അയച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഡൽഹിയിൽ നിന്ന് വന്ന പട്ടികയിൽ ചില പത്രങ്ങളും ചാനലുകളും ഉണ്ടായിരുന്നില്ല.

ജൂലൈ നാലിന് കോഴിക്കോട്ട് ജൻമഭൂമി പത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയപ്പോഴാണ് അനുരാഗ് ഠാക്കൂർ മാധ്യമ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, 24 ന്യൂസ്,ന്യൂസ് 18, ജനം ടി.വി., അമൃത ടി.വി., മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദീപിക, മംഗളം, ജൻമഭൂമി, മെട്രോ വാർത്ത തുടങ്ങിയ മാധ്യമങ്ങളുടെ പ്രതിനിധികളെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നത്.


Summary: അനുരാഗ് ഠാക്കൂർ കേരളത്തിലേക്ക് വരുന്നുണ്ടെന്നും കുറച്ച് സെലക്ടഡായിട്ടുള്ള മാധ്യമപ്രവർത്തകരെ കാണുന്നുണ്ടെന്നും താങ്കളും വരണമെന്നുമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്ന് വിളിച്ചയാൾ തന്നോട് പറഞ്ഞതെന്ന് ബ്രിട്ടാസ്


Comments