സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയമാണ് സെക്യുലറിസം. ഈ വിഷയം പറയാത്ത പാർട്ടികളില്ല. ഇവിടുത്തെ ഫാസിസ്റ്റ് പാർട്ടികളടക്കം സെക്യുലറിസത്തെക്കുറിച്ച് പറയാറുണ്ട്, തങ്ങളാണ് യഥാർഥ സെക്യുലറിസ്റ്റുകൾ എന്ന അർഥത്തിൽ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ, ഇങ്ങനെ സെക്യുലറിസത്തെക്കുറിച്ച് ധാരാളം സംഭാഷണങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, എത്രത്തോളം നമ്മുടെ രാഷ്ട്രീയ ആത്മാവിലേക്ക് സെക്യുലറിസം കടന്നുചെന്നിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ സെക്യുലറിസം ഇപ്പോഴും ഉപരിതലത്തിൽ നിൽക്കുന്ന ഒരു മുദ്രാവാക്യം മാത്രമാണെന്ന് കാണാൻ കഴിയും.
പ്രയോഗത്തിൽ ആരാണ് സെക്യുലറിസ്റ്റ്?
ഏത് തെരഞ്ഞെടുപ്പുവരുമ്പോഴും ഇടതുപക്ഷ പാർട്ടികളും ജനാധിപത്യ പാർട്ടികളും അടക്കം അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിനതീതമായി സെക്യുലറിസത്തിന്റെ സ്പിരിറ്റിനെ ഉയർത്തിപ്പിടിക്കാറില്ല. എല്ലാവരും സാമുദായികമായിട്ടാണ് സ്ഥാനാർഥികളെ നിർത്തുക. അവർ സാമുദായിക പ്രീണന മുദ്രാവാക്യങ്ങളുയർത്തും. 75 വർഷവും നാം ഇതല്ലേ കണ്ടുകൊണ്ടിരിക്കുന്നത്. വോട്ട്ബാങ്ക് രാഷ്ട്രീയം നിലനിൽക്കുന്ന ഒരു ലിബറൽ പൊളിറ്റിക്‌സിന്റെ പാശ്ചാത്തലത്തിൽ സെക്യുലറിസം എന്ന മുദ്രാവാക്യം പൊള്ളയായ ഒന്നായിത്തീരുന്നു, അത് പ്രയോഗത്തിൽ കൊണ്ടുവരാൻ ഭയമാണ് എല്ലാവർക്കും. കാരണം, വോട്ട് നഷ്ടമാകും.
സെക്യുലറിസം യാഥാർഥ്യമാക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന ആലോചന അടിയന്തരമായി നടത്തേണ്ടതുണ്ട്. അത്തരം ആലോചനകളില്ലാതെ പോയതിന്റെയും അത് പ്രയോഗതലത്തിൽ കൊണ്ടുവരുന്നതിനുള്ള സന്നദ്ധത രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് ഇല്ലാതെ പോയതിന്റെയും ദുരന്തമാണ് നമ്മൾ ഇന്നനുഭവിക്കുന്നത്. വർഗീയ ശക്തികളുടെ ഇന്നത്തെ വളർച്ചതും ഇതുമൂലമാണ് സംഭവിച്ചത്.
ഒരു അടിയന്തര രാഷ്ട്രീയപ്രശ്‌നം എന്ന നിലയിൽ, ഒരു പാരഡൈം ഷിഫ്റ്റ് എന്ന തരത്തിൽ തന്നെ ഈ വിഷയം ഏറ്റെടുക്കേണ്ടതുണ്ട്. പാശ്ചാത്യ ലിബറൽ ജനാധിപത്യത്തിന്റെ മാനദണ്ഡം വച്ചുകൊണ്ട്, പൊതുജീവിതം-സ്വകാര്യജീവിതം എന്ന തരത്തിലുള്ള വിഭജനം യാന്ത്രികമാണ്. പൊതുതലത്തിൽ, അതായത്, യുക്തിയുടെ തലത്തിൽ, സെക്യുലറിസം നിലനിർത്തുക എന്നത് ഒരു പരിധിവരെ, ഒറ്റ മതം പ്രധാനമായിട്ടുള്ള യൂറോപ്പിലും അമേരിക്കയിലും പ്രായോഗികമാണ്. എന്നാൽ, ഇന്ത്യയെ സംബന്ധിച്ച് പാശ്ചാത്യ മാതൃകയിലുള്ള സെക്യുലറിസം, അതായത്, പൊതുജീവിതത്തെയും സ്വകാര്യജീവിതത്തെയും രണ്ടായി തിരിച്ചുനിർത്തുക എന്ന രീതിയിലുള്ളത്, യാന്ത്രികമായിപ്പോകുകയേ ഉള്ളൂ. ഫെമിനിസ്റ്റ് മൂവ്‌മെന്റൊക്കെ വരുന്നതുതന്നെ, ഇത്തരം വേർതിരിവുകൾക്കെതിരെയായിട്ടാണ്. ഇത്തരമൊരു വേർതിരിവിലൂടെ യഥാർഥ പ്രശ്‌നങ്ങളെ സമീപിക്കാൻ പറ്റില്ല.
സെക്യുലർ ലിബറേഷൻ മൂവ്‌മെൻറ് എന്ന നിലയിലല്ല ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം നടന്നത്. ഓരോ സമുദായവും അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുകയായിരുന്നു. 1775ൽ, ആദ്യ സ്വാതന്ത്ര്യസമരത്തിനും ഒരു നൂറ്റാണ്ടുമുമ്പ്, ഗോത്രപരമായ ഐഡന്റിറ്റിക്കുവേണ്ടി ആദിവാസികൾ സമരം തുടങ്ങിയിരുന്നു. അത്തരം സ്വാതന്ത്ര്യസമരങ്ങൾ 1947 വരെ തുടർന്നു. സമുദായത്തിന്റെ പ്രാധാന്യം ഇതിനകത്തുണ്ട്. അതിനെ സ്വകാര്യജീവിതം എന്നു പറഞ്ഞ് തള്ളിക്കളയാൻ പറ്റില്ല. അതുകൊണ്ട്, സാമുദായിക ജീവിതത്തിന്റെ പ്രാധാന്യം നമ്മൾ അംഗീകരിക്കണം. എന്നാൽ, പുരോഗമനവാദികളും ലിബറലുകളും ചെയ്യുന്നത്, പാശ്ചാത്യ മാതൃകയിൽ സെക്യുലറിസത്തെ ഉയർത്തിപ്പിടിക്കുകയും ഇലക്ഷൻ വരുമ്പോൾ സാമുദായിക ജീവിതത്തിന്റെ സ്വകാര്യതയിലേക്ക് പിൻവാതിലിലൂടെ കടന്നുചെന്ന് അവരെ corrupt ചെയ്യുകയുമാണ്. മുൻവാതിലിലൂടെ സെക്യുലറിസ്റ്റുകൾക്ക് കടന്നുചെല്ലാനാകില്ലല്ലോ. കാരണം, ‘ഞങ്ങൾ ജാതിമത അതീതരാണ്’എന്നാണല്ലോ മുൻവാതിൽ പറയുന്നത്. അങ്ങനെ ജനങ്ങളെ corrupt ചെയ്യുന്നു, ചൂഷണം ചെയ്യുന്നു. വോട്ട്ബാങ്കുകൾ നിലനിർത്തുന്നു.
യഥാർഥത്തിൽ സാമുദായിക ജീവിതത്തെ ഇവിടുത്തെ രാഷ്ട്രീയപാർട്ടികൾക്ക് അറിയാം. അത് ഏറ്റവും കൂടുതൽ അറിയുന്നത് വർഗീയ ശക്തികൾക്കാണ് എന്നുമാത്രം. മറ്റുള്ളവർ പിൻവാതിലിലൂടെ കടന്നുചെല്ലുന്ന ഏരിയയിൽ, വർഗീയ ശക്തികൾ മുൻവാതിലിലൂടെ തന്നെ കടന്നുചെല്ലുന്നു. ‘ഞങ്ങളിതാ ജാതിയുടെ പേരിൽ, സമുദായത്തിന്റെ പേരിൽ ആഹ്വാനം ചെയ്യുന്നു, നിങ്ങളെ ഞങ്ങൾ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നു' എന്നാണ് വർഗീയശക്തികൾ പറയുന്നത്. അവർ മുൻവാതിലിലൂടെ തന്നെ സാമുദായിക ജീവിതത്തെ കൊണ്ടുവരുന്നു. അപ്പോൾ, മുൻവാതിലിലൂടെ വന്ന് സാമുദായിക ജീവിതത്തെ അംഗീകരിക്കുന്ന ബി.ജെ.പി നിലപാടാണോ ശരി എന്ന ചോദ്യം വരാം, സാമുദായിക ജീവിതത്തെ അംഗീകരിക്കേണ്ടിവരുമ്പോൾ. അവിടെയാണ് ഇതിന്റെ പ്രശ്‌നം.
ജനങ്ങളുടെ സാമുദായിക ജീവിതത്തെ, അതിന്റെ ഒരു affective worldനെ, അവഗണിക്കാൻ പറ്റില്ല. കാരണം, പൊളിറ്റിക്‌സ് യഥാർഥത്തിൽ വർക്ക് ചെയ്യുന്നത് affective തലത്തിലാണ്, ഭാവശക്തിയുടെ തലത്തിലാണ്. വൈകാരികതയെയും ഭാവനയെയും അവയോട് ബന്ധപ്പെട്ട പാരമ്പര്യത്തെയും ഒഴിവാക്കിയുള്ള ഒരു രാഷ്ട്രീയ ജീവിതം സാധ്യമല്ല. അത് സാധ്യമാണ് എന്നത് പാർലമെന്റിനെയും തെരഞ്ഞെടുപ്പിനെയുമൊക്കെ പറ്റിയുള്ള ഒരു ലിബറൽ നാട്യമാണ്.
എന്നാൽ, ഇവിടെ ബി.ജെ.പി എന്താണ് ചെയ്യുന്നത്? സാമുദായികതയെ ഇമോഷനലായി ചൂഷണം ചെയ്യുന്നു. ജനാധിപത്യവിരുദ്ധമായി ജനങ്ങളെ മാറ്റുന്നു. മറിച്ച്, ഇന്ത്യൻ ജനതയുടെ സാമുദായിക ജീവിതത്തെ പോസിറ്റീവായി അഡ്രസ് ചെയ്യണം. അങ്ങനെ മാത്രമേ ഒരു സെക്യുലറിസ്റ്റ് സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ കഴിയൂ. നവോത്ഥാനകാലത്ത് അതാണ് നടന്നത്. അന്നും, ഇന്ന് ബി.ജെ.പി ചെയ്യുന്നതുപോലെ മതപരമായും മറ്റും അതിനെ corrupt ചെയ്യാൻ ശ്രമം നടന്നിട്ടുണ്ട്. എങ്കിലും, നാരായണഗുരുവിനെപ്പോലുള്ളവർ സാമുദായിക ജീവിതത്തെയാണ് അഡ്രസ് ചെയ്തത്. ഈഴവ സമൂഹത്തെ അഡ്രസ് ചെയ്ത്, ഈഴവ സമുദായം എന്നത് മനുഷ്യസമുദായം തന്നെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മൾ വ്യത്യസ്തരല്ല എന്നായിരുന്നു അതിന്റെ അർഥം. സാമുദായികമായ അന്ധവിശ്വാസങ്ങൾക്കും സാമുദായികമായ ക്ലോസ്ഡ് ഐഡന്റിറ്റികൾക്കും ഒക്കെ എതിരായ മൂവ്‌മെന്റായിരുന്നു നമ്മുടെ കീഴാള നവോത്ഥാനം എന്നർഥം.
ജീവിതത്തിന്റെ അടിസ്ഥാനമായ, ഹെഗിമണി, അവരുടെ സാമുദായിക ജീവിതത്തിന്റെ സ്വകാര്യതയിലാണ് എന്നാണ് രണജിത് ഗുഹ പറയുന്നത്. ഈ ‘ഇന്നർ ഹെഗിമണി’യെയാണ് നമ്മൾ ഒരു പുതിയ നവോത്ഥാനത്തിലേക്ക് നയിക്കേണ്ടത്. അതിന് പഴയ നവോത്ഥാനത്തിന്റെ എല്ലാ പോസിറ്റീവ് ഘടകങ്ങളെയും പുതുതായി ഉയർത്തിക്കൊണ്ടുവരണം. വിഭാഗീയക്കെതിരായി, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി, വെറുപ്പിനെതിരായി, ഒരു പുതിയ നവോത്ഥാനത്തിലേക്ക് ഈ സാമുദായികതയെ വികസിപ്പിക്കണം. അങ്ങനെ വികസിപ്പിക്കുമ്പോൾ വിവിധ ജാതികളും മതങ്ങളും സമുദായങ്ങളും തമ്മിൽ പുതിയൊരു ഹാർമണിയുണ്ടാകും. അതിൽനിന്നാണ് ഇന്ത്യയുടെ യഥാർഥ സെക്യുലറിസം നിലവിൽ വരാൻ പോകുന്നത്. അപ്പോൾ, ബി.ജെ.പിക്ക് നിലനിൽക്കാനാകില്ല.
കാരണം, നമ്മൾ കൃത്യമായി ജനങ്ങളുടെ വൈകാരികതയെയും പാരമ്പര്യത്തെയുമെല്ലാം അഡ്രസ് ചെയ്യുകയാണ്. ലിബറൽ പാർട്ടികളും ഇടതുപക്ഷ പാർട്ടികളും ഈ പ്രശ്‌നത്തെ അഡ്രസ് ചെയ്യാത്തതുകൊണ്ടാണ് ബി.ജെ.പി ഇതിനെ ചൂഷണം ചെയ്യുന്നത്. ഇത്തരം പ്രശ്‌നങ്ങളെ ലോജിക്കലായി കൈകാര്യം ചെയ്തിട്ട് കാര്യമില്ല. അമേരിക്കൻ ഭരണകൂടത്തിനെതിരെ നോം ചോംസ്‌കി എത്ര പുസ്തകങ്ങൾ എഴുതി? ആളുകൾ അതെല്ലാം വായിച്ച് മനസ്സിലാക്കുകയാണെങ്കിൽ അമേരിക്കൻ ഭരണകൂടം തകരാനുള്ള കാലം കഴിഞ്ഞില്ലേ? അമേരിക്കൻ സർക്കാർ വൻകിട കുത്തക കമ്പനികൾക്ക് ഡാറ്റ ചോർത്തിക്കൊടുക്കുന്നുവെന്ന് ഈയിടെ തെളിയിക്കപ്പെട്ടു. ഇത് ജനം അറിഞ്ഞു. എന്നിട്ടും ആ ഭരണകൂടത്തിന് വല്ല കുഴപ്പവുമുണ്ടോ? ഇവിടെ, നരേന്ദ്രമോദി സർക്കാർ പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു. അത് വലിയ വിവാദമായിട്ടും മോദിക്ക് വല്ല കുലുക്കവുമുണ്ടോ? ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ കാര്യങ്ങൾ വാർത്തകളായി വന്നാൽ അതൊന്നും മോദി ഭരണകൂടത്തെ ബാധിക്കാൻ പോകുന്നില്ല, കാരണം, അതെല്ലാം ലോജിക്കിന്റെ തലത്തിലുള്ളതാണ്. ജനങ്ങളുടെ വികാരത്തിന്റെയും ഭാവനയുടെയും affectന്റെയും തലത്തിലേക്ക് രാഷ്ട്രീയം ഉയരണം. അങ്ങനെ രാഷ്ട്രീയത്തെ ഡെമോക്രാറ്റിക്കായി, ഡെവലപ്‌മെന്റലായി ട്രാൻസ്‌ഫോം ചെയ്യണം. അങ്ങനെ വന്നാൽ, വർഗീയശക്തികൾക്ക് നിലനിൽപ്പുണ്ടാകില്ല. അപ്പോൾ, വിഭാഗീയ മതപരതയിൽനിന്ന് ജനജീവിതം തന്നെ രാഷ്ട്രീയമാനത്തിലേക്കുയരും. ജനങ്ങളുടെ വൈകാരികലോകം തന്നെ രാഷ്ട്രീയമാനത്തിലേക്കുയരും. ഇതിനുവേണ്ടിയുള്ള ഒരു സ്ട്രഗിളാണ് ഇപ്പോൾ വേണ്ടത്. ഇത്തരത്തിൽ affective politicsനെ നമ്മൾ തുറന്നുവിടണം.