ജനിച്ചത് ഹിന്ദുരാഷ്ട്രത്തിലായിരുന്നില്ല, മരിക്കേണ്ടിവരിക ഒരു ഹിന്ദുരാഷ്ട്രത്തിലായിരിക്കുമോ?

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിലെത്തിനിൽക്കുന്ന ഇന്ത്യ, ബഹുസ്വരതയാർന്ന ഒരു രാഷ്ട്രമെന്ന നിലയ്ക്ക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സെക്യുലറിസവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തെയും പൗരജീവിതത്തെയും നിരന്തരം നവീകരിക്കാൻ പ്രാപ്തമായ ഈ മൂല്യം സംരക്ഷിക്കപ്പെടേണ്ടത്, നമ്മുടെ ഭാവി നിലനിൽപ്പിനും അനിവാര്യമാണ്. പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ ട്രൂ കോപ്പിയുമായി അവരുടെ അഭിപ്രായം പങ്കിടുന്നു. വർഗീയവിഷം നിറഞ്ഞ ഒരു അന്തരീക്ഷം ശ്വസിച്ചുകൊണ്ടാണ് നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആരംഭിക്കുന്നത് എന്നത് തന്നെപ്പോലെ, സ്വതന്ത്രമാകാൻ പോകുന്ന ഇന്ത്യയിൽ ജനിക്കുകയും സ്വതന്ത്ര ഇന്ത്യയിൽ വളരുകയും ചെയ്ത അനേകം ആളുകളെ ഹതാശരാക്കുന്നുണ്ട് എന്ന്​ സച്ചിദാനന്ദൻ.

ന്ത്യയെപ്പോലെ അനേകം മതങ്ങളുള്ള ഒരു രാഷ്ട്രത്തിൽ മതേതരത്വം എന്ന സങ്കൽപത്തിന് മൂന്ന് അർഥങ്ങളുണ്ട് എന്നെനിക്ക് തോന്നുന്നു.

ഒന്നാമത്തേത്, ഗാന്ധി പറഞ്ഞ സർവധർമ സഹഭാവം അഥവാ മതസാഹോദര്യം.
രണ്ടാമത്തേത്, വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സാഹോദര്യവും സംവാദവും. ഇതു രണ്ടും പൗരസമൂഹത്തെ സംബന്ധിച്ച് മതനിരപേക്ഷതയുടെ അർഥങ്ങളാണ്.
മൂന്നാമത്തെ അർഥം, ഭരണകൂടം എല്ലാ മതങ്ങൾക്കും അതീതമായിരിക്കുകയും നിയമങ്ങൾക്കുമുന്നിൽ മതവിശ്വാസികളും അല്ലാത്തവരും മറ്റു പ്രത്യയശാസ്ത്രങ്ങളിലുള്ളവരുമെല്ലാം ഒരുപോലെ പരിഗണിക്കപ്പെടുക എന്നതാണ്.

ഈ മൂന്ന് അർഥങ്ങളിലും മതേതരത്വം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നിർഭാഗ്യവശാൽ നാം ദേശത്തിന്റെ 75-ാമത് സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നത് എന്നെനിക്ക് തോന്നുന്നു. ഒരു ഭാഗത്ത് മതസാഹോദര്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അത് മതവിദ്വേഷത്തിന് വഴിമാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യ എന്നാൽ ഒരു ഹിന്ദുരാഷ്ട്രമാണ് എന്ന വാദം പുതിയതല്ല. ഹിന്ദു മഹാസഭയുടെ രൂപീകരണകാലം മുതൽ സവർക്കറിൽ നിന്നും ഗോൾവാൾക്കറിൽ നിന്നും ദീൻദയാൽ ഉപാധ്യായയിൽ നിന്നും മറ്റനേകം ഹൈന്ദവ നേതാക്കളിൽ നിന്നും നാമിത് കേട്ടുതുടങ്ങിയതാണ്. എന്നാൽ അതിനെ പ്രായോഗികമാക്കാനുള്ള കഠിനമായ ശ്രമങ്ങൾ ഒരുപക്ഷെ ആരംഭിച്ചത് സമീപകാലത്ത് മാത്രമാണ്. കഴിഞ്ഞ പത്ത് വർഷങ്ങളിലാണ് നമ്മുടെ പൊതുമണ്ഡലങ്ങളിൽ ഇത്രയും ശക്തമായ രീതിയിൽ ഹിന്ദുരാഷ്ട്ര വാദം ഉയരാൻ ആരംഭിച്ചത്. ഹിന്ദു മഹാസഭയുടെ രൂപീകരണവും ഗാന്ധിവധവുമടക്കവുമുള്ള ഒരു ചരിത്രം അതിന് മുമ്പേ തന്നെ ഉണ്ടെങ്കിൽ പോലും.

ഹിന്ദു മഹാസഭാ ഭവൻ, ഡെൽഹി

ഹിന്ദു എന്ന ഒരു മതമുണ്ടോ എന്നതുപോലുള്ള ചോദ്യങ്ങൾ ഒരുപാട് ചരിത്രകാരൻമാർ ചോദിക്കുകയും അതിനുത്തരം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പുറത്തുനിന്നുവന്ന ആളുകൾ ഇന്ത്യക്കാരെ മുഴുവൻ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പദം എന്ന നിലയിലാണ് ആദ്യമായി ‘ഹിന്ദു’ എന്ന വാക്കുണ്ടാകുന്നത്. അറബികൾ ‘ഹിന്ദുക്കളുടെ രാഷ്ട്രം’ എന്ന അർഥത്തിൽ ‘അൽ ഹിന്ദ്’ എന്ന് ഇന്ത്യയെ വിളിച്ചു. കാരണം, അവർക്കിവിടുത്തെ ജാതി വ്യവസ്ഥ, വർണ വ്യവസ്ഥ തുടങ്ങിയ വളരെ സങ്കീർണമായ സാമൂഹിക ശ്രേണീക്രമത്തെ മനസിലാക്കാൻ കഴിയാതിരുന്നതുകൊണ്ട് എളുപ്പത്തിന്​ അവരുണ്ടാക്കിയ ഒരു വാക്ക് മാത്രമായിരുന്നു ‘ഹിന്ദു’. എന്നാൽ ആ കാലത്തുതന്നെ വൈവിധ്യങ്ങളായ അനേകം ആരാധനാ സമ്പ്രദായങ്ങളുണ്ടായിരുന്നു. ആയിരക്കണക്കിന് ദൈവങ്ങളും ക്ഷേത്രങ്ങളുമുണ്ടായിരുന്നു. ആദിവാസികളുടെ അമ്മദൈവങ്ങൾ മുതൽ ശിവനും വിഷ്ണുവും അടക്കം ദേവതമാർ വരെയുള്ള ഒരു വലിയ വിഗ്രഹാവലി നമുക്ക് അക്കാലത്തുമുണ്ടായിരുന്നു.

ഇവയെയെല്ലാം കൂടി നിർവചിക്കുന്ന തരത്തിലാണ് ‘ഹിന്ദു’ എന്ന പേര് വിദേശികൾ ഇന്ത്യയിലെ ആളുകളെ വിശേഷിപ്പിക്കുന്നതിനുപയോഗിച്ചത്. എന്നാൽ സെമറ്റിക് മതങ്ങളുടെ മാതൃകയിലാണ് പിന്നീട് ഹിന്ദു മതം നിർവചിക്കപ്പെട്ടത്. കൃഷ്ണന് ക്രിസ്തുവിന്റെയോ അല്ലെങ്കിൽ പ്രവാചകനായ നബിയുടെയോ ഒക്കെ സ്ഥാനം നൽകുക, ഗീതയ്ക്ക് ഖുർആന്റെയോ ബൈബിളിന്റെയോ ഒക്കെ സ്ഥാനം നൽകുക, ആത്മാവ്, പരമാത്മാവ്, സംസ്‌കാരം മുതലായ അടിസ്ഥാനതത്വങ്ങളെ ഇന്ത്യയുടെ മുഴുവൻ തത്വങ്ങളായി കാണുക തുടങ്ങിയ രീതികളുണ്ടായി. ഇന്നത്തെ വിഭാവനകളിലെ ഹിന്ദുമതം ഹിന്ദു മഹാസഭയും തുടർന്നുവന്ന അനേകം ഹൈന്ദവ സംഘടനകളും ചേർന്നുണ്ടാക്കിയതാണ്. ഇപ്പോൾ പറയുന്നത് ആ മതമാണ് ഇന്ത്യയുടെ മതമെന്നും ആ മതത്തിൽപെട്ടയാളുകളാണ് ഇന്ത്യക്കാരെന്നും ആ മതത്തിൽപെടാത്ത ആളുകൾ പുറത്തുപോകണമെന്നുമാണ്. അതിനുവേണ്ടിയാണല്ലോ സമീപകാലത്ത് പൗരത്വ നിയമ ഭേദഗതി ഉണ്ടായത്.

ഇന്ത്യൻ പൗരൻമാരാകണമെങ്കിൽ ഒന്നുകിൽ ഹിന്ദുക്കളാകണം, അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ടവരായിരിക്കണം എന്ന, ഇന്ത്യയുടെ ബഹുസ്വരതയ്ക്കും വൈവിദ്ധ്യത്തിനും തീർത്തും വിരുദ്ധമായ ഒരു ആശയമാണ് അവർ മുന്നോട്ടുവെക്കുന്നത്. മതങ്ങൾ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. പ്രവാചകർ അത് പഠിപ്പിച്ചിട്ടില്ല. പക്ഷെ പിന്നീട് വന്ന മതസ്ഥാപനങ്ങൾ ക്രമേണ ക്രമേണ വെറുപ്പിന്റെ കേന്ദ്രങ്ങളായി മാറി. അവർ ഒരു മതത്തിൽപെട്ടവർക്ക് മാത്രമേ മോക്ഷം അഥവാ ഈശ്വര സാമീപ്യം ലഭിക്കുകയുള്ളൂ എന്ന് വാദിക്കാൻ തുടങ്ങി. മതങ്ങൾ അവയുടെ അടിസ്ഥാനമൂല്യങ്ങളിൽനിന്ന്, അടിസ്ഥാനപരമായ ആത്മീയതയിൽ നിന്ന് അകന്നുപോയി എന്നുഞാൻ വിചാരിക്കുന്നു. അങ്ങനെയാണ് വർഗീയതയുണ്ടാകുന്നത്. ആത്മീയത നഷ്ടപ്പെട്ട മതമാണ് വർഗീയത എന്ന് ഞാൻ പലപ്പോഴും നിർവചിച്ചിട്ടുണ്ട്. ആ വർഗീയതയാണ് പിന്നീട് വിദ്വേഷനിർഭരമായ ഒരു സമൂഹത്തിന്റെ നിർമിതിയിലേക്ക് നയിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ സമാധി മന്ദിരം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.

ഒരു ഹിന്ദുവായിരിക്കണമെങ്കിൽ ക്രിസ്ത്യൻ മതത്തിലോ ഇസ്​ലാം മതത്തിലോ അല്ലെങ്കിൽ പാഴ്സി, ബുദ്ധ, ജൈന മുതലായ മതങ്ങളിലോ പെട്ട ആരെയും വെറുക്കണമെന്ന് എവിടെയും എഴുതിവച്ചിട്ടില്ല. അതുപോലെ തന്നെയാണ് മറ്റു മതങ്ങളുടെ കാര്യവും. മറ്റുള്ളവരെ വെറുക്കണമെന്ന് പറഞ്ഞിട്ടില്ല. നിങ്ങൾക്ക് നിങ്ങളുടെ മതം പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്. നമ്മുടെ ഭരണഘടനയും ആ സ്വാതന്ത്ര്യം തരുന്നുണ്ട്. മതത്തെ പിന്തുടരാൻ, മതത്തെ അവിശ്വസിക്കാൻ, ഏതെങ്കിലും തരത്തിലുള്ള നിർബന്ധം ചെലുത്താതെ ഉപദേശങ്ങളിലൂടെയോ പ്രചാരണങ്ങളിലൂടെയോ ഉള്ള മതപരിവർത്തനം നടത്താനെല്ലാമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. ഭരണഘടനാവിരുദ്ധമായ ഏകമതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇന്ന് വളരെ ശക്തമായ രീതിയിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായാണ് ധാരാളം വിദ്വേഷം ഉത്പാദിപ്പിക്കപ്പെടുന്നത്. നമുക്കറിയാം, എങ്ങനെയാണ് അത് ആഹാരം മുതൽ ചിന്ത വരെയുള്ള പല കാര്യങ്ങളുടെയും പേരിലുള്ള അറസ്റ്റുകളിലേക്കും കൊലപാതകങ്ങളിലേക്കുമൊക്കെ നയിച്ചത് എന്ന്.

കേരളം പോലെ മതമൈത്രിക്ക് കേളികേട്ട നാടുകളിൽ പോലും നിർഭാഗ്യവശാൽ മതതീവ്രവാദികൾ കൂടുതൽ കൂടുതലായി മതവിദ്വേഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.

നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ ഇന്ത്യൻ സെക്യുലറിസം ഇന്ന് വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഭൂരിപക്ഷ മതസങ്കൽപങ്ങൾക്ക് വിരുദ്ധമായിരുന്നു നമ്മുടെ ഉന്നതരായ ആത്മീയ നേതാക്കളുടെ മതസങ്കൽപം. ശ്രീനാരായണ ഗുരു തന്നെയാണ് അതിന്റെ ഏറ്റവും നല്ല ഉദാഹരണം. ആദ്യം എല്ലാ മതങ്ങളും ഒന്നുതന്നെയാണെന്ന് പറയുകയും പിന്നീട് അവസാനകാലത്ത് നമുക്ക് മതമില്ല എന്ന് പ്രസ്താവിക്കുകയും ചെയ്തയാളായിരുന്നു ശ്രീനാരായണഗുരു. അത്തരത്തിലുള്ള മതാതീതമായ ആത്മീയത വളരെ അപൂർവം ചില ദാർശനികരിൽ മാത്രമേ ഇന്ന് കാണുന്നുള്ളൂ. മതനേതാക്കളധികവും വിദ്വേഷ പ്രചാരകരായി മാറിക്കൊണ്ടിരിക്കുന്നു. വർഗീയവിഷം നിറഞ്ഞ ഒരു അന്തരീക്ഷം ശ്വസിച്ചുകൊണ്ടാണ് നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആരംഭിക്കുന്നത് എന്നത് എന്നെപ്പോലെ, സ്വതന്ത്രമാകാൻ പോകുന്ന ഇന്ത്യയിൽ ജനിക്കുകയും സ്വതന്ത്ര ഇന്ത്യയിൽ വളരുകയും ചെയ്ത അനേകം ആളുകളെ ഹതാശരാക്കുന്നുണ്ട്.

കാരണം, ഞങ്ങളാരും ജനിച്ചത് ഒരു ഹിന്ദുരാഷ്ട്രത്തിലായിരുന്നില്ല. മരിക്കേണ്ടി വരിക ഒരു ഹിന്ദുരാഷ്ട്രത്തിലായിരിക്കുമോ എന്ന ഭയം ഞങ്ങളെ വളരെയധികം ഗ്രസിക്കുന്നുമുണ്ട്. അതുകൊണ്ട് ഈ ഹിന്ദുരാഷ്ട്രവാദത്തെ പൂർണമായും തിരസ്‌കരിച്ച്​ ഇന്ത്യയുടെ മതനാനാത്വത്തെയും വംശനാനാത്വത്തെയും ഭാഷാനാനാത്വത്തെയും സാംസ്‌കാരികമായ നാനാത്വത്തെയുമൊക്കെ അംഗീകരിച്ച്​ ഇന്ത്യയെ ഒരു ബഹുസ്വര രാഷ്ട്രമായി കണ്ടുകൊണ്ടു മാത്രമെ നമുക്ക് നമ്മുടെ സ്വപ്നങ്ങളിലുള്ള ഇന്ത്യയെ, നമ്മുടെ ചിന്തകളിലും ആശയങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയൂ എന്ന് ഞാൻ കരുതുന്നു. വിദ്വേഷ സംസ്‌കാരത്തിനെതിരായ പ്രചാരണത്തിലൂടെ മാത്രമെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതമൈത്രി നേടിയെടുക്കാനാവൂ.


കെ. സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments