വാക്കുകൾക്ക് വിലങ്ങ് വീഴുമ്പോൾ എന്നത് വർത്തമാനകാലത്ത് ഏറെ പ്രയോഗത്തിലുള്ള ഒരു വാചകമായി മാറിക്കഴിഞ്ഞു. ഈയിടെ ഇന്ത്യൻ പാർലമെന്റിൽ അഴിമതി, നാടകം എന്നിവയടക്കമുള്ള 65ഓളം വാക്കുകൾക്ക് വിലക്ക് കൽപ്പിച്ചപ്പോഴാണ് ഇക്കാര്യം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ അതിനൊക്കെ എത്രയോ മുമ്പുതന്നെ ഈ വാക്കുകൾ ഉൾപ്പെടെ ആവിഷ്‌കാരത്തിന്റെ ലോകത്തെ നിർവചിക്കുന്ന, നേതൃപരമായ പദവി വഹിക്കുന്ന പരികൽപനകൾക്ക് ഇന്ത്യയിൽ പരിക്കേറ്റിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്ന് മതനിരപേക്ഷതയാണ്.
മതനിരപേക്ഷത പല ഭാവപ്പകർച്ചകളോടെ, ഗുരുതരമായ വീഴ്ചകളോടെ, അപൂർവമായ ചില സാധ്യതകളോടെ എത്രയോ പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിന്നു പോരുകയാണ്. ഇന്നും ഇന്ത്യൻ ജനതയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം മതനിരപേക്ഷത പ്രകാശപൂർണമായ ഒരു സാന്നിധ്യമാണ്. അതേസമയം, 2014-നുശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയ പശ്ചാത്തലം മതനിരപേക്ഷതയ്ക്ക് വലിയ പരിക്കുകളേൽപ്പിച്ചുകൊണ്ടാണ് ഓരോ ദിവസവും മുന്നോട്ടുപോകുന്നത്. മതനിരപേക്ഷത തത്വത്തിൽ നിലനിൽക്കുന്നു എന്നുപോലും നമുക്ക് അഭിമാനിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് പതുക്കെ സാഹചര്യങ്ങൾ മാറുകയാണ്. ആ മാറ്റത്തിന്റെ തുടക്കം 2019-ലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ ഇനിയൊരു രാഷ്ട്രീയപാർട്ടി ഇന്ത്യയിൽ മതനിരപേക്ഷത എന്ന വാക്ക് ഉച്ചരിക്കാൻ ധൈര്യപ്പെടില്ല എന്ന് നരേന്ദ്ര മോദിയും ഇത് സംഘപരിവാർ ആശയങ്ങളുടെ വിജയമാണെന്ന് മോഹൻ ഭഗവതും സവർക്കർ യുഗം ആരംഭിച്ചുകഴിഞ്ഞു എന്ന് സംഘപരിവാർ ധൈഷണികരും ഒന്നിച്ച് അഭിപ്രായപ്പെട്ട സാഹചര്യങ്ങൾ പരിശോധിച്ചാൽ നമുക്ക് കൃത്യമായി മനസിലാകും.
യു.ആർ. അനന്തമൂർത്തിയുടെ "ഹിന്ദുത്വ ഓർ ഹിന്ദു സ്വരാജ്' എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്ന ഒരാശയമുണ്ട്. അദ്ദേഹം പറയുന്നത് The evil that homes India is the new demonology of the Indian state, ഇന്ത്യൻ ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തിലുള്ള പൈശാചികശാസ്ത്രമാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പരിമിതി എന്നാണ്. അത് മതനിരപേക്ഷതയ്ക്കേറ്റ പരിക്കുകളെ പരോക്ഷമായി അടയാളപ്പെടുത്തുന്ന ഒരു പരികൽപനയെന്ന അർഥത്തിലാണ്. അങ്ങനെ നോക്കുമ്പോൾ 17-ാം ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നാല് പ്രധാന കാര്യങ്ങൾ നാം പരിഗണിക്കേണ്ടിവരും. ഒന്ന്, 2019 ആഗസ്ത് 5-ന് കശ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കിയ സംഭവം. 29 സംസ്ഥാനങ്ങളുള്ള ഇന്ത്യൻ യൂണിയൻ പെട്ടെന്ന് 28 സംസ്ഥാനങ്ങളുള്ളതായി, ഒരു സംസ്ഥാനം അപ്രത്യക്ഷമായി. കശ്മീർ എന്ന വാക്ക് അപ്രത്യക്ഷമായി. അത് വെറും വാക്കല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കശ്മീരിനെ സംബന്ധിച്ച് ഇന്ത്യൻ യൂണിയനിൽ നിൽക്കാനും പാകിസ്ഥാനിൽ ചേരാനുമുള്ള അവസരമുണ്ടായിരുന്നു.
പക്ഷെ, മതനിരപേക്ഷത എന്ന ജനാധിപത്യ തത്വം പുലരുന്നത് ഇന്ത്യയിലാണ് എന്നുള്ളതുകൊണ്ടുമാത്രമാണ് കശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്നത്. ഷെയ്ഖ് അബ്ദുള്ള പറയുന്നുണ്ട്, ""ഇന്ത്യയുടെ ഭാഗമായി കശ്മീർ മാറുമ്പോൾ ഇന്ത്യൻ മതനിരപേക്ഷതയും ജനാധിപത്യവും ഞങ്ങൾക്ക് പകരുന്ന ഊർജം അസാധാരണമാണ്. അതേസമയം, ഏതെങ്കിലും കാലത്ത് ഇന്ത്യയിൽ ഫാസിസ്റ്റ് ശക്തികൾ അധികാരത്തിൽ വരികയാണെങ്കിൽ അന്ന് ഞങ്ങളുടെ ശവക്കുഴി തോണ്ടുമെന്ന് ഞാൻ ഭയപ്പെടുന്നു''. ഷെയ്ഖ് അബ്ദുള്ളയുടെ ഭയം പ്രസക്തമായിത്തീർന്ന ഒരു ഔപചാരിക തിയ്യതിയാണ് 2019 ആഗസ്റ്റ് 5. സത്യത്തിൽ അതിനുമുമ്പുതന്നെ പല സർക്കാരുകളും കശ്മീരിന്റെ പല പ്രധാന അവകാശങ്ങളും കവർന്നെടുത്തിരുന്നു. എന്നാൽ സംസ്ഥാന പദവി അപ്പോഴും അതിനുണ്ടായിരുന്നു. അത് നിർത്തലാക്കപ്പെട്ടു. അത് മതനിരപേക്ഷതയ്ക്കേറ്റ ഗുരുതരമായ പരിക്കാണ്. മാത്രമല്ല, ഒരു സംസ്ഥാനമാകെ തടങ്കൽപാളയമാക്കിയിരിക്കുകയാണെന്നുള്ള ഉത്കണ്ഠ രൂപപ്പെട്ടുവന്നു.
മാസങ്ങൾക്ക് ശേഷം ആനി രാജയുടെയും യെച്ചൂരിയുടെയും നേതൃത്വത്തിലുള്ള സന്ദർശകസംഘങ്ങൾ കശ്മീർ സന്ദർശിച്ച് അവരുടെ ഉത്കണ്ഠകൾ പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ആനി രാജ പങ്കുവെച്ച ഉത്കണ്ഠ നമ്മെ ആഴത്തിൽ അസ്വസ്ഥപ്പെടുത്തും. ഒരു വീട്ടിൽ സന്ധ്യാസമയത്ത് ചെന്നു. എട്ടുമണിയായപ്പോൾ ഒരു പട്ടി കുരയ്ക്കുന്ന ഒച്ച കേട്ടു. അപ്പോൾ നാലുവയസ്സുള്ള ഒരു കുട്ടി കൈ ചുണ്ടിൽ വച്ചിട്ട് അടുത്തുള്ളവരോട് സംസാരിക്കരുത് എന്ന് പറയുകയാണ്. അവർ പതുക്കെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. എട്ടുമണി കഴിഞ്ഞാൽ ലൈറ്റിടാൻ പാടില്ല, സംസാരിക്കാൻ പാടില്ല. ലൈറ്റ് തെളിഞ്ഞാൽ പട്ടാളം ഇടിച്ചുകയറും. അത് ജീവിതാനുഭവമായി മാറിയതുകൊണ്ടാണ് ആരും പ്രത്യേകിച്ച് പറഞ്ഞുകൊടുക്കാതെ നാലുവയസ്സുള്ള കുട്ടി, പട്ടി കുരച്ചത് കേട്ടപ്പോൾ ഇതൊരു അപകടത്തിന്റെ അടയാളമാണെന്ന് മനസിലാക്കി വീട്ടുകാരോട് സംഭാഷണം നിർത്താൻ പറയുന്നത്.
കശ്മീരി കവി ഗുലാം മെഹജൂർ പറയുന്നുണ്ട്, "എല്ലാ ഹൃദയങ്ങളും അസ്വസ്ഥമാണ്, പക്ഷെ ആർക്കും പുറത്തുപറയാൻ ധൈര്യം പോരാ... സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വതന്ത്രമായി സംസാരിച്ചാൽ സ്വാതന്ത്ര്യത്തിന് അതൊരു ശല്യമായി തോന്നാം...' ആദം ഷഹീദ് അലി, "വെട്ടിമാറ്റപ്പെട്ട കൈയിലെ രേഖ നോക്കി ഭാവി പ്രവചിക്കാനാകുമോ കൈനോട്ടക്കാരാ...' എന്ന് ചോദിക്കുന്നുണ്ട്. മറ്റൊരു കവി പറയുന്നുണ്ട്, "നിങ്ങൾ യാത്ര പോകുമ്പോൾ മേൽവിലാസം എഴുതി പോക്കറ്റിലിടണം, നിങ്ങളുടെ മൃതദേഹമെങ്കിലും കൃത്യം വിലാസത്തിൽ തിരിച്ചെത്തുമല്ലോ'.
ഇന്ത്യൻ മതനിരപേക്ഷതയ്ക്കേറ്റ രണ്ടാമത്തെ വലിയ പരിക്ക് 2019 ഡിസംബർ 12-ലെ പൗരത്വ ഭേദഗതി നിയമമാണ്. അതായത് ഇന്ത്യൻ പൗരത്വത്തെ മതാടിസ്ഥാനത്തിലേക്ക് മാറ്റാനുള്ള ഒരു ചുവടുവെപ്പ്. അതിനെതിരെ രാജ്യത്ത് വൻ പ്രക്ഷോഭം ഉയർന്നുവന്നു. 2020 ആഗസ്റ്റ് അഞ്ചിനാണ് മൂന്നാമത്തെ സംഭവം. തകർക്കപ്പെട്ട ബാബരി മസ്ജിദിന്റെ അവസാനത്തെ സ്മരണകൾക്ക് മുകളിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു എന്നു മാത്രമല്ല, അതിന് രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി നേതൃത്വം കൊടുത്തു. അതും കൂടാതെ, ഇത് രാമരാജ്യത്തിന്റെ ശിലാസ്ഥാപനമാണ് എന്ന് പ്രഖ്യാപിച്ചു. ശേഷം, കർഷകർക്കും തൊഴിലാളികൾക്കുമെല്ലാം എതിരായ നിയമങ്ങൾ നിർമിക്കപ്പെട്ടു. അവയ്‌ക്കെതിരെ കർഷക സമരം രൂപപ്പെട്ടുവന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മതനിരപേക്ഷത പലതരം പരിമിതികളും പ്രതിസന്ധികളുമൊക്കെയായി നിരവധി കാലം നിലനിന്നിട്ടുണ്ട്. പക്ഷെ, എല്ലാ പ്രതിസന്ധികൾക്കിടയിലും അത് ശിരസ്സുയർത്തി നിവർന്നുനിൽക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ 2014-നുശേഷമുള്ള ആൾക്കൂട്ടക്കൊലകളുടെയും വെറുപ്പുത്പാദന പ്രവർത്തനങ്ങളുടെയൊക്കെ പശ്ചാത്തലത്തിൽ മതനിരപേക്ഷത നേരിടുന്നത് ചരിത്രത്തിലില്ലാത്ത ആഘാതങ്ങളാണ്. 2021 ഡിസംബർ 17, 18, 19 തിയ്യതികളിൽ ഹരിദ്വാറിൽ നടന്ന മതസമ്മേളനത്തിലെ കൊലവിളി പ്രസംഗങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ലോകപ്രശസ്ത ധൈഷണികനും വശഹത്യാ ഗവേഷകനുമായ ഗ്രിഗറി സ്റ്റാന്റൻ ഇന്ത്യ ഒരു വംശഹത്യാ മുനമ്പിലാണ് എന്ന് അഭിപ്രായപ്പെട്ടത്. മനുഷ്യാവകാശ സംഘടനകൾ, ആംനസ്റ്റി ഇന്റർനാഷണൽ, ലോകത്തിലെ മറ്റു രാജ്യങ്ങൾ തുടങ്ങിയവർ ഇന്ത്യയിൽ നടന്ന, നടക്കാൻ പാടില്ലാത്ത പലതിനെക്കുറിച്ചും വിമർശനങ്ങൾ ഉയർത്തുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിപ്പെട്ടു.
എന്നാൽ ഈ ഘട്ടത്തിലും പ്രത്യാശയ്ക്ക് വകയുള്ളത് ഇന്ത്യൻ ജനത മൊത്തത്തിൽ മതനിരപേക്ഷതയെ കൈയൊഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. അതിന്റെ ആവേശകരമായ നിരവധി ഉദാഹരണങ്ങൾ 2014-നു ശേഷവും കാണാൻ കഴിയും. 2015-ൽ മുംബൈയിൽ നൂർജഹാൻ ഷെയ്ഖ് എന്ന ഒരു മുസ്ലിം ഗർഭിണി ആശുപത്രിയിലേക്ക് പോകുന്നവഴി പ്രസവിക്കുമെന്ന അവസ്ഥ വന്നപ്പോൾ തൊട്ടടുത്തുള്ള ഗണേശക്ഷേത്രത്തിലെ ഭക്തകളായ സ്ത്രീകൾ വന്ന് ക്ഷേത്രത്തിൽ അവർക്ക് പ്രസവിക്കാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തു. അവരവിടെ വെച്ച് പ്രസവിക്കുകയും ചെയ്തു. ആ കുഞ്ഞിന് നൂർജഹാൻ ഷെയ്ഖ് നൽകിയ പേര് ഗണേഷ് എന്നാണ്. 2018-ൽ അസൻസോളിൽ നടന്ന ഒരു കലാപത്തിൽ അവിടത്തെ നൂറാനി പള്ളിയിലെ ഇമാം ദാദുൽ റാഷിദിയുടെ മകൻ ഷെത്തുള്ള റാഷിദി കൊല്ലപ്പെട്ടു. രോഷാകുലരായ ജനങ്ങൾ പള്ളിയുടെ മുന്നിൽ പകരം ചോദിക്കാൻ നിൽക്കുന്ന സമയത്ത്, ഇമാം ഹൃദയസ്പർശിയായ ഒരു പ്രസംഗം നടത്തി. അദ്ദേഹം പറഞ്ഞു, ""30 കൊല്ലമായി ഞാൻ നിങ്ങളോട് സമാധാനത്തെക്കുറിച്ചാണ് പലവിധത്തിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് നമ്മുടെ ഗ്രാമത്തിന് നമ്മുടെ കുട്ടി നഷ്ടപ്പെട്ടു. എനിക്കെന്റെ മകൻ നഷ്ടപ്പെട്ടു. നികത്താനാവാത്ത വലിയൊരു വേദനയാണത്. പക്ഷെ അതിന്റെ പേരിൽ ഈ ഗ്രാമത്തിന്റെ സമാധാനം തകരരുത്. ഒരു തുള്ളി ചോര പോലും വീഴരുത്. നിങ്ങളൊരു കല്ലെടുത്താൽ ഞാൻ ഈ പള്ളിയിലെ ഇമാം പണി അവസാനിപ്പിച്ച് എന്റെ നാട്ടിലേക്ക് തിരിച്ചുപോകും. പിന്നെ ഞാൻ തിരിച്ചുവരില്ല.'' വിദ്വേഷം സ്നേഹത്തിന് വഴിമാറി. ആ പ്രദേശത്ത് കലാപമുണ്ടായില്ല. ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ ഇന്നത്തെ ഇന്ത്യയിൽ നമുക്ക് കണ്ടെടുക്കാൻ കഴിയും. അതായത് അപകടങ്ങളിൽ പരസ്പരം സഹായിച്ചും ആഘോഷങ്ങളിൽ പരസ്പരം പങ്കുവെച്ചും ഒന്നിച്ചു ജീവിക്കുന്ന ഒരു ജനത ഇന്ത്യയുടെ പല ഭാഗത്തുമുണ്ട്. എന്നാൽ സമീപകാലത്ത് രാമനവമി ആഘോഷങ്ങളെ മതനിരപേക്ഷതയ്ക്കെതിരാക്കിത്തീർക്കാനുള്ള സംഘടിതശ്രമം ഇന്ത്യൻ ഫാസിസ്റ്റുകൾ നടത്തി. പക്ഷെ ഇന്ത്യൻ ജനത തന്നെയാണ് അതിനെ ചെറുത്തു തോൽപ്പിച്ചത്. രാജസ്ഥാനിലെ കരൗലിയിൽ രണ്ട് മുറിപ്പീടികകളിൽ ഒന്ന് ഉസ്മാൻ, ഒന്ന് രവി. ഉസ്മാന്റെ പീടികയ്ക്ക് തീയിട്ടു. പക്ഷെ രവിയും ആ പ്രദേശത്തെ മറ്റു മനുഷ്യരുമെല്ലാം കൂടി ഉത്സാഹിച്ച് ഉസ്മാന്റെ പീടിക പുനർനിർമിച്ചു.
സർക്കാർ നേതൃത്വത്തിൽ മതനിരപേക്ഷതയ്ക്കെതിരായ നിയമനടപടികളും വെറുപ്പുത്പാദനവും നടക്കുമ്പോൾ തന്നെ ഇന്ത്യൻ ജനത അതിനെ പലതരത്തിൽ പ്രതിരോധിച്ച് മതനിരപേക്ഷതയുടെ കാവലായി തുടരുന്നുണ്ട്. അത് പ്രതീക്ഷയാണ്. അതേസമയം, സർക്കാർ ഇടപെടലുകൾ പ്രതീക്ഷയ്ക്ക് വക നൽകുന്നില്ല. കാരണം, ഉന്നതസ്ഥാനത്ത് നിൽക്കുന്ന ആളുകൾ വരെ ഉച്ചരിക്കുന്ന വാക്കുകളും അവരുടെ പ്രസ്താവനകളുമൊന്നും ഒരുതരത്തിലും പ്രകാശപൂർണമായ ജീവിതത്തെക്കുറിച്ച് പ്രത്യാശ നൽകുന്നില്ല. യോഗിയുടെ മോഡൽ കർണാടകയിൽ പ്രയോഗിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറയുമ്പോൾ തന്നെ അത് വ്യക്തമാണ്. കാരണം, യോഗി സ്വയം ബുൾഡോസർ മാമ എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നയാളാണ്. പൊതുവിൽ മതനിരപേക്ഷ വിരുദ്ധമായ ഒരു വൈറസ് ഇന്ത്യയിൽ പടർന്നുകൊണ്ടിരിക്കുകയാണ്.
ഗ്രിഗറി സ്റ്റാന്റൻ പറയുന്നുണ്ട്, വംശഹത്യയിലേക്ക് പത്ത് ചുവടുവെപ്പുകളുണ്ട് എന്ന്. അതിലദ്ദേഹം വർഗീകരണം, വിവേചനം, പ്രതീകവത്കരണം എന്ന ആദ്യ ഘട്ടങ്ങൾക്ക് ശേഷം നാലാമതായി പറയുന്നത് അപമാനവീകരണമാണ്. മതനിരപേക്ഷത തകരുകയും സമൂഹം അരക്ഷിതമാവുകയും ചെയ്യുമ്പോൾ വേട്ടക്കാർ മാത്രമല്ല ഇരകളും അപമാനവീകരിക്കപ്പെടും. അങ്ങനെ അപമാനവീകരിക്കപ്പെടുന്ന ഇരകളിൽ ഒരു വിഭാഗം വേട്ടക്കാരെ തന്നെ പകർത്തും. അവരും വേട്ടക്കാർ ചെയ്യുന്ന വൃത്തികേടുകളിൽ വ്യാപൃതരാകും. രാജസ്ഥാനിലെ ഉദയ്പുരിൽ ഒരു പാവം തയ്യൽക്കാരന്റെയടുത്തേക്ക് മുഹമ്മദ് കൗസൽ, മുഹമ്മദ് അത്താരി എന്നീ രണ്ടുപേർ ചെല്ലുന്നു. തയ്യൽക്കാരന്റെ അടുത്തേക്ക് വരുന്നയാളുകളെ പൊതുവിൽ തയ്യൽ ആവശ്യത്തിന് വരുന്നവരായിട്ടാണ് പരിഗണിക്കുക. എന്നാൽ ആ രണ്ടുപേർ തയ്യൽക്കാരന്റെ കഴുത്തിന് മൂർച്ഛയേറിയ ആയുധംകൊണ്ട് വെട്ടി. മനുഷ്യർക്കിടയിലുള്ള വിശ്വാസത്തിന്റെ പാരസ്പര്യത്തെയാണ് ഇത്തരം സംഭവങ്ങൾ തകർക്കുന്നത്. അടിത്തട്ടിൽ ഭയം വിതറുകയാണ്.
ഹോട്ടലിൽ വരുന്നവരെ ഭക്ഷണം കഴിക്കാൻ വരുന്നവരായാണ് നാം പരിഗണിക്കുക. തിയേറ്ററിൽ വരുന്നവരെ സിനിമ കാണാൻ വരുന്നവരായാണ് പരിഗണിക്കുക. ഇവിടെയൊക്കെ ഒരു പരസ്പര വിശ്വാസം നിലനിൽക്കുന്നുണ്ട്. നമുക്ക് പരിചയമില്ലാത്ത ഹോട്ടലിൽ നിന്ന് ഒരു വിഷമവും കൂടാതെ നമുക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നത് പരസ്പര വിശ്വാസമുള്ളതുകൊണ്ടാണ്. എന്നാൽ ഒരു സമൂഹം അപമാനവീകരിക്കപ്പെട്ടാൽ ആദ്യം തകരുന്നത് ഈ പരസ്പരമുള്ള വിശ്വാസമായിരിക്കും. പിന്നെ എന്തുതരത്തിലുള്ള കൊള്ളരുതായ്മകളും അരങ്ങേറും. ഇതെല്ലാം മതനിരപേക്ഷമൂല്യങ്ങൾക്ക് സംഭവിക്കുന്ന അപചയത്തിന്റെ അനന്തരഫലങ്ങളാണ്. ഒരു സമൂഹത്തിൽ അപമാനവീകരണം ആരംഭിച്ചാൽ അത് ആരംഭിച്ച സ്ഥലത്ത്, ആരംഭിച്ച ആളുകൾക്കിടയിൽ അവസാനിക്കില്ല. അത് സമൂഹത്തിലാകെ ഒരു വൈറസ് പോലെ പടരും. വേട്ടയ്ക്ക് വിധേയരാകുന്ന നിസഹായരായ മനുഷ്യരിൽ നിന്നും വേട്ടക്കാരെ അനുകരിക്കുന്ന ഭീകരർ ഉയർന്നുവരും. വേട്ടക്കാരെ തന്നെയായിരിക്കും അവർ പകർത്തുന്നത്. അവരെ തന്നെയായിരിക്കും അവർ പുനരുത്പാദിപ്പിക്കുന്നത്. മതനിരപേക്ഷതയുടെ വേലിയറിക്കക്കാലത്ത് ഒരു സമൂഹം അപമാനവീകരിക്കപ്പെടുമ്പോൾ ഇരകളാക്കപ്പെട്ടവരിൽ നിന്ന് ഭീകരർ ഉയർന്നുവരുന്നതിന്റെ ഒരു ഉദാഹരണമായാണ് ഉദയ്പൂർ സംഭവത്തെ പരിഗണിക്കേണ്ടത്.
മനുഷ്യരെ തമ്മിൽ പരസ്പരം ചേർത്തുനിർത്തുന്ന ഒരു വിശ്വാസമുണ്ടല്ലോ, ആ വിശ്വാസത്തിനാണ് വെട്ടേൽക്കുന്നത്. പരസ്പരമുള്ള വിശ്വാസം തകർന്നുകഴിഞ്ഞാൽ നമ്മൾ നമ്മളിൽ തന്നെ കെട്ടുപോകും. കാരണം, നമുക്കെവിടെനിന്നും ചായ കുടിക്കാൻ പറ്റില്ല, നമുക്കെവിടെയും യാത്ര ചെയ്യാൻ പറ്റില്ല. നമ്മുടെ യാത്രകളിൽ വഴിയിലൊരു സംശയം തോന്നിയാൽ തൊട്ടടുത്ത് നിൽക്കുന്നയാളോട് ചോദിക്കും. അയാളെ നമുക്ക് പരിചയമുണ്ടാകില്ല. എന്നാൽ അയാൾ ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെ നാം യാത്ര തുടരും. ദാഹിക്കുമ്പോൾ എവിടെ നിന്നും വെള്ളം കുടിക്കും. ഇതിലെല്ലാം മനുഷ്യവിചാരങ്ങൾ തമ്മിലുള്ള ഒരു വിശ്വാസമുണ്ട്. ആ വിശ്വാസത്തെയാണ് ഈ അപമാനവീകരണം ഇല്ലാതാക്കുന്നത്. അത് ഒരിടത്ത് തുടങ്ങി അവിടെ മാത്രം അവസാനിക്കില്ല. അവിടെയാണ് മതനിരപേക്ഷതയ്ക്ക് നിർവഹിക്കാനുള്ള വലിയ ജോലി. ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരാകുന്ന നിസ്സഹായരായ മനുഷ്യരെ മതനിരപേക്ഷതയുടെ സമരയോദ്ധാക്കളാക്കി മാറ്റണം. അത് പ്രയാസകരമായൊരു ജോലിയാണ്. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ജനാധിപത്യം നിലനിൽക്കുന്ന ഒരവസ്ഥയാണ് മതനിരപേക്ഷത.
അതായത് ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിശ്വാസം, അഭിരുചി ഇങ്ങനെയുള്ള ഒന്നിലും ഒരുതരത്തിലുമുള്ള മേൽക്കോയ്മയും ഉണ്ടാകാൻ പാടില്ല. അതായത് ഇന്നത് തിന്നാം, ഇന്നത് തിന്നരുത്, ഇന്ന വസ്ത്രം മാത്രം ധരിക്കണം, ഇങ്ങനെയൊക്കെയുള്ള കാഴ്ചപ്പാടിനപ്പുറം ഒരു ജനതയുടെ ജനാധിപത്യ ജീവിതം സാധ്യമാക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക പരിസരത്തെയാണ് മതനിരപേക്ഷത എന്നുള്ളതുകൊണ്ട് വിവക്ഷിക്കേണ്ടത്. മതനിരപേക്ഷത എന്ന സംജ്ഞയ്ക്ക് ഇന്ത്യനവസ്ഥയിൽ വലിയ പ്രതിസന്ധിയുണ്ട്. ഉദാഹരണത്തിന് ഭരണകൂടത്തിന് ഔദ്യോഗിക മതമുണ്ടാകരുത്. ഭരണകൂടം മതപരമായ ആചാരങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ഇന്ത്യയിലിപ്പോൾ ഭരണകൂടത്തിന് ഔദ്യോഗിക മതമില്ലെങ്കിലും ഇവിടെ ഭരണകൂടം പൂർണായും മതപരമായ ആചാരങ്ങളിൽ മുഴുകിനിൽക്കുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ വിവേചനം പാടില്ല. എന്നാൽ പല അർഥത്തിലുള്ള വിവേചനം സംഭവിച്ചുകൊണ്ടേയിരിക്കുന്നു.