സെക്യുലറിസത്തെ, നിലനിലക്കുന്ന ഒരു യാഥാർഥ്യമായല്ല കാണേണ്ടത്, ഉണ്ടാകേണ്ട ലക്ഷ്യമായിട്ടാണ്, ഒരു ‘ഐഡിയൽ' ആയി. നമുക്കൊരു സെക്യുലർ സമൂഹം കെട്ടിപ്പടുക്കണം. അതിലേക്കായിരിക്കണം നീങ്ങേണ്ടത്. അതിന് നയം വേണം. അത് പ്രഖ്യാപനങ്ങളിലും പ്രസ്താവനകളിലും ഒതുങ്ങരുത്. ദൈനംദിന പ്രയോഗത്തിൽ, സെക്യുലറിസം ഉപയോഗിക്കപ്പെടണം, ജീവിതത്തിന്റെ എല്ലാ മേഖലകളിലും. അതിന് ആദ്യമായി വേണ്ടത്, മൂന്ന് കാര്യങ്ങളാണ്.
ഒന്ന്; രാഷ്ട്രീയ വ്യവസ്ഥിതിയെ ജാതി- മത- സാമുദായിക ശക്തികളിൽനിന്നും പ്രസ്ഥാനങ്ങളിൽനിന്നും വേർപെടുത്തണം. അവർക്ക് രാഷ്ട്രീയകാര്യങ്ങൾ തീരുമാനിക്കാനും നയതീരുമാനങ്ങളിൽ ഇടപെടാനും അവസരമുണ്ടാകരുത്. ഇപ്പോൾ അവർക്ക് ആ അവസരമുണ്ട്. അത് രാഷ്ട്രീയപാർട്ടികളാണ് നൽകുന്നത്. അവരെ വോട്ടുബാങ്കുകളായി കണ്ട്, അവരെ സ്വാധീനിച്ചാൽ ജനങ്ങളിലേക്കെത്താൻ എളുപ്പമാണെന്ന വിശ്വാസത്തിലാണ് രാഷ്ട്രീയപാർട്ടികൾ അത് ചെയ്യുന്നത്. രാഷ്ട്രീയപാർട്ടികൾ ചെയ്യുന്ന അപകടം അവർ മനസ്സിലാക്കുന്നില്ല.
ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ഭാഗമായി ശക്തമായ വ്യക്തിവൽക്കരണം നടന്നില്ല. വ്യക്തിവൽക്കരണം നടക്കുമ്പോൾ മാത്രമേ സെക്യുലറിസം വളരുകയുള്ളൂ.
രണ്ട്; വിശ്വാസവും ശാസ്ത്രീയതയും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. പല ഫ്യൂഡൽ വിശ്വാസങ്ങളും തിരിച്ചുവരുന്നു. ഈ വിശ്വാസങ്ങൾ രാഷ്ട്രീയരംഗത്തും വ്യാപിക്കുന്നു. ഉദാഹരണത്തിന് അച്ചടക്കം, കഠിനാധ്വാനം, അധികൃതരെ ബഹുമാനിക്കൽ ഇങ്ങനെയുള്ള ഫ്യൂഡൽ മൂല്യങ്ങൾ മതത്തിലും രാഷ്ട്രീയത്തിലും ശക്തമാകുന്നു. ഇവിടെ, ദുർബലമാകുന്നത് ശാസ്ത്രീയതയാണ്. ശാസ്ത്രീയത വിജയിച്ചാലേ സെക്യുലറിസം വിജയിക്കുകയുള്ളൂ.
മൂന്നാമത്തേത്, നീതിയുമായി ബന്ധപ്പെട്ടതാണ്. സാമൂഹികനീതി മാത്രമല്ല, വ്യക്തിക്ക് കിട്ടുന്ന നീതിയും. നീതിയെക്കുറിച്ച് സംസാരിക്കുന്നത് സാമ്പത്തികമായ സമത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. സമത്വമാണ് നീതി. അതിന് സാമ്പത്തികരംഗത്ത് പൊളിച്ചെഴുത്ത് നടത്തണം. സമ്പത്തിന്റെ തുല്യമായ വിതരണം നടക്കുക, അങ്ങനെ വ്യക്തികൾക്ക് പരമമായ സ്വാതന്ത്ര്യം ലഭിക്കുക. അങ്ങനെയൊരു സമൂഹത്തിൽ മാത്രമേ സെക്യുലറിസമുണ്ടാകുകയുള്ളൂ.
സെക്യൂലറിസം വളരുന്നതിന്, ഇത്തരത്തിൽ, സാമൂഹിക- സാമ്പത്തിക രംഗത്തെ മാറ്റിയെടുക്കലാണ് ഇപ്പോൾ നാം ചെയ്യേണ്ടത്.