രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യൻ മതേതരത്വം വളരെ അപകടകരമായ അവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നത്. ഹിന്ദുത്വവാദികളായ രാഷ്ട്രീയകക്ഷി അധികാരത്തിലിരിക്കുന്നതുകൊണ്ടുതന്നെയാണ് ഇത് സംഭവിക്കുന്നത്. എന്നാൽ, അതുമാത്രമല്ല ഈ അവസ്ഥക്കുകാരണം. എല്ലാ വർഗീയശക്തികളും അധികാരത്തിന്റെ പ്രലോഭനത്തിൽ പെട്ട്, അതിന്റെ താൽപര്യങ്ങൾക്കനുസൃതമായി മനുഷ്യരെ വലിയ തോതിൽ ധ്രുവീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യ ഇന്ന് വലിയ തോതിൽ വർഗീയമായി ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആചാരങ്ങളെയും വിശ്വാസങ്ങളെയും പരസ്പരബഹുമാനത്തോടെ കാണേണ്ടതിനുപകരം, പരിഹസിക്കാനും വെറുക്കാനും മനുഷ്യർ ശീലിച്ചുതുടങ്ങി. വെറുപ്പാണ് എളുപ്പം വിറ്റഴിക്കാൻ കഴിയുന്നത് എന്ന് തിരിച്ചറിയുന്ന അധികാരതാൽപര്യമുള്ളവർ അത് സമർഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇന്ന് നമ്മുടെ സമൂഹത്തിൽ മതേതര വിശ്വാസിയാണ് എന്നു പറയാൻ വളരെ മടിക്കേണ്ട സാഹചര്യമാണുള്ളത്. അതൊരു പരിഹസിക്കപ്പെടുന്ന കാര്യമായി മാറിയിരിക്കുന്നു.
ഒരാൾ മതേതര വിശ്വാസിയാകുന്നത്, വളരെ മോശം കാര്യമാണെന്ന രീതിയിൽ, പൊതു ഇടങ്ങളിൽ വലിയ തോതിൽ വിമർശിക്കപ്പെടുന്നത് നമുക്ക് കാണേണ്ടിവരുന്നു. മതേതരത്വത്തെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും വച്ചുപുലർത്താൻ കഴിയാത്ത ഒരു ചീത്ത കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.