തെരഞ്ഞെടുപ്പുകാലത്ത് ബഷീറിൻ്റെ 'നോട്ട് ഇരട്ടിപ്പ്"എന്ന കഥ വായിക്കുമ്പോൾ

‘‘തെരഞ്ഞെടുപ്പു പ്രചാരണത്തിന് പണത്തിൻ്റെ ഒഴുക്കുണ്ട്. എതിർ രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ പണത്തിൻ്റെ ഒഴുക്കുകൾ തടയപ്പെടുകയോ ഗണ്യമായ തോതിൽ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു. ‘സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ എല്ലാ മാറ്റങ്ങളും ഇനി ഞങ്ങളിലൂടെ’ എന്നാണ് ബി.ജെ.പി എല്ലാ മേഖലകളിലും പറയാൻ ശ്രമിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷ / ഇടത് / സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് ഘടനാപരമായ ക്രമീകരണങ്ങൾ സംഭവിക്കുന്നുമില്ല’’- വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നോട്ട് ഇരട്ടിപ്പ്’ എന്ന കഥയുടെ തെരഞ്ഞെടുപ്പുകാല വായന.

വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'നോട്ട് ഇരട്ടിപ്പ്' എന്ന കഥ ഈ തെരഞ്ഞെടുപ്പു കാലത്ത് വായിക്കുമ്പോൾ സന്നിഹിതമാകുന്ന ചില ആശയങ്ങളുണ്ട്.
വളരെ ലളിതമായ ആ കഥയുടെ തുടക്കം ഇങ്ങനെയാണ്:
ഒരു സന്തോഷ വാർത്ത. ഞാൻ സിദ്ധനായിരിക്കുന്നു. ഗുരു ബഷീറോ ബുധനാഴ്ച സിദ്ധനോ ഞായറാഴ്ച സിദ്ധനോ അല്ല. ആഴ്ചയിൽ ഏഴു ദിവസവും വർഷത്തിൽ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും ഈ സിദ്ധിയുണ്ട്. ലോകത്തിന് ഗംഭീരമായ നന്മ ചെയ്യാൻ എനിക്കു കഴിയും. മേലിൽ ലോകത്തിൽ ദരിദ്രവാസികൾ ഉണ്ടാവുകയില്ല. എല്ലാവരും ധനികരായിത്തീരും. ഈ വിപ്ലവം വരുത്താൻ ഞാൻ എങ്ങനെ ശക്തനായി? അതായത് ഈ അനുഗ്രഹ സിദ്ധി എനിക്കെങ്ങനെ കൈ വന്നു? ആ ചരിത്രമാണ് പറയാൻ പോകുന്നത്.

തുടക്കത്തിൽ തന്നെ ബഷീറിൻ്റെ ജീവിതത്തിൻ്റെയും ആശയങ്ങളുടെയും സംഗ്രഹമായ 'നന്മ' എന്ന വാക്ക് കടന്നുവരുന്നു. പിന്നെ ജീവിതത്തിൻ്റെ തുടർച്ചകൾ ചാക്രികമായി വരുന്ന 'ചരിത്രം' എന്ന വാക്കും. മനുഷ്യസ്വഭാവത്തിൻ്റെ അടിയിലുള്ള സ്വാർഥതാൽപര്യങ്ങൾ വളരെ രസകരമായി പറയുകയാണ് ബഷീർ.

വൈക്കം മുഹമ്മദ് ബഷീർ

എഴുത്തിനെ ‘വേല’യായി കാണുന്ന ബഷീർ ‘കൂലി’ എന്നൊരു ആവശ്യം മുന്നോട്ടുവെക്കുന്നു. ആ എഴുത്തുകാരൻ ഒരു കഥ എഴുതാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ആ ചോദ്യം മനസ്സിൽ വരുന്നത്.
എന്തിന് കഥ എഴുതുന്നു?
പ്രതിഫലം മോശം.

ബഷീർ കഥ എഴുതുന്നത്, പ്രതിഫലം ആഗ്രഹിച്ചിട്ടാണ്. ഒരു പൂ വിരിയുന്നതുപോലെയല്ല എഴുത്ത്. അത്തരം സവിശേഷമായി ചാർത്തപ്പെടുന്ന ആലങ്കാരികതകൾ ഒന്നും തന്നെ എഴുത്തിലില്ല. എഴുത്തുലോകത്ത് 'കൂലി ' എന്ന ആവശ്യത്തിലൂന്നിനിന്നുതന്നെയാണ് ബഷീർ പല സന്ദർഭങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. ബോധം ഭാവുകത്വപരമായി രൂപപ്പെടുത്തുന്ന കൈവേലയാണ് സാഹിത്യമെന്ന് ബഷീർ സാഹിത്യത്തിൻ്റെ ഉള്ളുകള്ളികളിലുണ്ട്. അതൊരു ജോലിയാണ് എന്ന തീർപ്പിലെത്തുന്നു, ബഷീർ.

എഴുത്തിനെ ഒരു ജീവനോപാധിയായിട്ടാണ് ബഷീർ പിൽക്കാലത്ത് കണ്ടിരുന്നത്. ആദ്യം ദേശസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശയങ്ങളാണ് ബഷീറിനെ പ്രചോദിപ്പിച്ചതെങ്കിൽ, മനുഷ്യർ സ്വതന്ത്രരാവുന്നത് 'സാമ്പത്തികമായി’ പ്രാപ്തരാവുമ്പോഴും അതിൽ അധികാരം കയ്യാളുമ്പോഴുമാണ് എന്ന് 'പാത്തുമ്മയുടെ ആട്' മുന്നോട്ടുവെക്കുന്ന പ്രധാന പ്രമേയമാണ്. എഴുത്ത് സ്വാതന്ത്ര്യത്തിൻ്റെ സാക്ഷാത്ക്കാരമാണ്. എന്നാൽ, ഒരു അനിവാര്യത എന്ന നിലയിൽ, സമ്പാദിക്കാതെ മനുഷ്യന് മുന്നോട്ടു പോകാൻ നിവൃത്തിയില്ല. സ്വാവശ്യങ്ങൾ നിറവേറ്റി ജീവിതത്തെ നിലനിർത്താനും ആശയങ്ങളെ പുനരുൽപാദിപ്പിക്കാനും സമ്പാദ്യം / ധനം കൂടിയേ തീരൂ. എഴുത്തിനെ തൊഴിലായി കാണുമ്പോഴാണ്, എഴുത്തുകാർക്കും പത്രാധിപർമാർക്കുമിടയിൽ, എഴുത്തിനെ സംബന്ധിക്കുന്ന അന്തസ്സും ബാർഗയിനിങ് കപ്പാസിറ്റിയും കൂടുക.

ഈ കഥയിലെ എഴുത്തുകാരൻ പത്രാധിപന്മാർക്ക് ഒരു സർക്കുലർ അയയ്ക്കാമെന്ന് തീരുമാനിക്കുന്നുണ്ട്. അതായത്, ഒരു ചെറു കഥയ്ക്ക് പ്രതിഫലം അരച്ചാക്ക് അരി.
അപ്പോൾ തന്നെ ആ എഴുത്തുകാരൻ്റെ ആത്മഗതം ഇങ്ങനെ:
പക്ഷേ, ഒരു പിശക്. ഇടങ്ങഴി അരിക്ക് കഥ എഴുതാൻ തയ്യാറുള്ള ദരിദ്രവാസികളായ എഴുത്തുതൊഴിലാളികളുണ്ടെങ്കിലോ? ചുണ്ട ഇടുക, കള്ളനോട്ടടിക്കുക, കള്ളക്കടത്ത് നടത്തുക - ഇങ്ങനെ പല തൊഴിലുമുണ്ട്. മിക്കതിനും മൂലധനം വേണം. തന്നെയുമല്ല പോലീസ് മൂരാച്ചികൾ പിടിച്ചിടിച്ച് തുറുങ്കിലാക്കും.അപ്പോൾ പിന്നെ ചൂണ്ട ഇടാൻ പോകുക. പക്ഷെ, വെയില് കൊള്ളാനും മഴ നനയാനും വലിയ ഇഷ്ടം തോന്നുന്നില്ല. ഉളുമ്പ് നാറ്റം പഥ്യവുമല്ല.പിന്നെ എന്തു ചെയ്യും? അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ പടി കടന്നു ഒരാൾ വന്നു. താടിയും മുടിയും വേണ്ടത്ര നീട്ടീട്ടിണ്ടു. വന്ന പാടെ തൊഴിതിട്ടു ചോദിക്കുന്നു: 'മാലിഖനെല്ലാം ശരിക്കു കിട്ടുന്നില്ലേ?
രാഷ്ടീയപ്പെൻഷൻ എന്ന പേരിൽ മാസം തോറും കുറേ രൂപാ കിട്ടുന്നുണ്ട്.

നോട്ടുകൾ ഇരട്ടിപ്പിച്ചു തരാം എന്ന വാഗ്ദാനവുമായിട്ടാണ് അയാൾ എഴുത്തുകാരനു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. നോട്ടിരട്ടിപ്പ് ശുദ്ധ കള്ളമാണെന്നും ലോകത്തിൽ ആർക്കും നോട്ടിരട്ടിപ്പിക്കാൻ സാധിക്കുകയില്ലെന്നും എഴുത്തുകാരൻ പറയുന്നു. എന്നാൽ, ഹിമാലയത്തിൻ്റെ ഉച്ചിയിൽ കഴിഞ്ഞ അയ്യായിരം കൊല്ലമായി ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്യുന്ന ശങ്കരരു ഗുരുവിൻ്റെ പ്രഥമ ശിഷ്യനായ രാമരുഗുരു എന്ന് സ്വയം പരിചയപ്പെടുത്തിയ ആഗതൻ ശിഷ്ടജനങ്ങൾക്ക് ഗുണം ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിച്ചതാണ് എന്ന് വ്യക്തമാക്കുന്നു.

വളരെ രസകരമായ അന്യാപദേശകഥയായി നോട്ട് ഇരട്ടിപ്പ് എന്ന കഥ മുന്നോട്ടു പോകുന്നു. നടക്കാത്ത വാഗ്ദാനങ്ങൾ നൽകിയ വ്യാജ സിദ്ധനെ പോലീസ് മൂരാച്ചികൾ പിടിച്ചു തുറുങ്കിലിടുന്നു. പിന്നീട് എഴുത്തുകാരൻ ‘ബഷീറരുഗുരു' വായി, പാവപ്പെട്ട സ്ത്രീജനങ്ങൾ- മുസ്‍ലിമും ഹിന്ദുവും ക്രിസ്ത്യാനിയും അഞ്ചു രൂപയുടെ നോട്ടുകൾ അയച്ചുകൊടുക്കാനും ഫ്രീയായിട്ട് ഇരട്ടിപ്പിച്ചു തരുമെന്നും പറഞ്ഞുകൊണ്ട് കഥ അവസാനിക്കുന്നു.

ഈ കഥ, കാപട്യത്തിൻ്റെ ഒരു തുരങ്കത്തിലൂടെ എങ്ങനെയാണ് മനുഷ്യർ കടന്നുപോകുന്നത് എന്ന് വ്യക്തമാക്കുന്നു. വ്യാജവും പാലിക്കപ്പെടാനാവാത്തതുമായ വാഗ്ദാനങ്ങളും പ്രതീതിനിർമ്മിതികളും കൊണ്ടുണ്ടാക്കിയ ഈ തുരങ്കത്തിലൂടെയാണ് ഇന്ത്യൻ ജനത കടന്നു പോകുന്നത്. ഒരു രക്ഷകബിംബമായിട്ടാണ് ദരിദ്രനായ എഴുത്തുകാരനു മുന്നിൽ രാമരരു ഗുരു പ്രത്യക്ഷപ്പെടുന്നത്. ഹിമാലയം, തപസ്സ്-ഇത്തരമൊരു പ്രതീതിനിർമിതി നാം കഥയ്ക്ക് പുറത്തും കാണുന്നുണ്ട്. അരച്ചാക്ക് അരി, ക്ഷേമ പെൻഷൻ - ഇതെല്ലാം തന്നെയാണ് ഇന്നും ഒരു തിരഞ്ഞെടുപ്പ് വിഷയമായി മുന്നിലുള്ളത്. പൗരരെ വമ്പിച്ച ആശ്രിതത്വത്തിലേക്കു നയിക്കുന്ന ഇന്ത്യൻ സന്ദർഭമാണുള്ളത്.

പൗരരെ 'ഉപഭോക്തൃ സമൂഹമായിട്ടാണ്'ചങ്ങാത്ത മുതലാളിത്തകാലം നിർവചിക്കുന്നത്. തിരഞ്ഞെടുക്കാവുന്ന സ്വാതന്ത്ര്യമല്ല, 'പരിമിതപ്പെട്ട രീതിയിൽ വിൽക്കപ്പെടുന്ന സ്വാതന്ത്ര്യമാണ് പുതിയ ഭരണകൂട കമ്പോളത്തിൽ

വോട്ടവാകാശമുള്ള ഉപഭോക്താവിന് കിട്ടുക. പൗരരുടെ സ്വതന്ത്ര തിരഞ്ഞെടുപ്പല്ല, രാഷ്ട്രീയക്കാരുടെ ദേശീയ / വംശീയ വൈകാരികതകൾക്ക് വിരലൊപ്പ് പതിപ്പിക്കാനുള്ള അധികാരത്തിൻ്റെ വിലപേശൽ തന്ത്രമായിട്ടാണ് തിരഞ്ഞെടുപ്പുകാലം മാറുന്നത്. വ്യവസ്ഥയാകെ പുരോഗമന മാനവിക മൂല്യങ്ങൾ കൊണ്ട് പരിവർത്തിപ്പിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾക്കു പകരം, വംശീയവും വർഗീയവുമായ ധ്രുവീകരണങ്ങൾക്ക് ഇന്ത്യയിൽ രാഷ്ട്രീയമായി ആധിപത്യമുറപ്പിക്കുന്നതിനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. പ്രചാരണത്തിന് പണത്തിൻ്റെ ഒഴുക്കുകളുണ്ട്. എതിർ രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ പണത്തിൻ്റെ ഒഴുക്കുകൾ തടയപ്പെടുകയോ ഗണ്യമായ തോതിൽ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു. ‘സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ എല്ലാ മാറ്റങ്ങളും ഇനി ഞങ്ങളിലൂടെ’ എന്നാണ് ബി.ജെ.പി എല്ലാ മേഖലകളിലും പറയാൻ ശ്രമിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷ / ഇടത് / സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് ഘടനാപരമായ ക്രമീകരണങ്ങൾ സംഭവിക്കുന്നുമില്ല. ‘കാലുമാറ്റം’ എന്ന പ്രതിഭാസം ആസന്നഭാവിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ജനാധിപത്യ അഭിലാഷങ്ങൾക്കു മീതെ കരിനിഴൽ വീഴ്ത്തുന്നു.

‘കൂടുവിട്ടു കൂടു മാറുന്ന സിദ്ധൻ’ എന്നാണ് ഇതിലെ അത്ഭുത സിദ്ധികളുമായി പ്രത്യക്ഷപ്പെടുന്ന സിദ്ധനെ ബഷീർ വിശേഷിപ്പിക്കുന്നത്. പ്രതീതി വൽക്കരണങ്ങൾക്കും നോട്ടിരട്ടിപ്പ് വാഗ്ദാനപ്പെരുമഴയ്ക്കുമിടയിൽ കുടുവിട്ട് കൂടു മാറുകയും ചെയ്യുന്ന അഭിനവ രാഷ്ട്രീയ സിദ്ധന്മാർക്കുമിടയിൽ സ്തംഭിച്ചുനിൽക്കുകയാണ് ഇന്ത്യൻ ജനത.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments